Thursday, January 31, 2008

ആരും നുണ പറയണ്ട ട്ടാഅവധിക്കു നാട്ടില്‍ പോകുമ്പോഴെല്ലാം നല്ലപാതിയും മോളുമൊത്ത്‌ എല്ലാ
കുടുംബങ്ങളിലും കൂട്ടുകാരുടെ വീട്ടിലും സന്ദര്‍ശനവും പിന്നെ ചെറിയ
തോതില്‍ ഒരു ഷോപ്പിംങ്ങും ( അധികവും വിന്റോ ഷോപ്പിംഗ്‌...)
മറ്റുമൊക്കെ നടത്താറുള്ളതാണ്‌. 2006 ലെ
അവധിയില്‍ ഒരു ദിവസം ത്യശ്ശൂര്‍ നഗരക്കാഴചകളും
, പൂരം പ്രദര്‍ശന നഗരിയിലെ സ്റ്റാളുകളുമൊക്കെ കാണുക എന്ന
ഉദ്ധേശ്യത്തോടെ ഞാനും എന്റെ ഒരേ ഒരു ഭാര്യയും ഒരേ ഒരു മകള്‍ സഫയും
അച്ചപ്പ്‌ മാമാടെ ( അഷറഫിനെ അങ്ങിനെയാണു സഫമോള്‍ വിളിക്കുന്നത്‌ ) പുതുതായി വാങ്ങിയ
ഓട്ടോറിക്ഷയില്‍ ( ഓട്ടോ അത്ര പുതിയതല്ല) കാലത്ത്‌ നേരത്തെ തന്നെ
ത്യശ്ശൂര്‍ക്ക്‌ തിരിച്ചു. അങ്ങിനെ വെള്ളറക്കാട്‌ നിന്ന് പന്നിത്തടം വഴി തിരിഞ്ഞ്‌
കേച്ചേരി വഴി വഴിയോര കാഴചകള്‍ കണ്ട്‌ ത്യശ്ശൂര്‍ റൌണ്ടില്‍ എത്തി.
റൌണ്ടില്‍ ഒരു പുതിയ സിഗ്നല്‍ സ്ഥാപിച്ചത്‌ അഷറഫിന്റെ ശ്രദ്ദയില്‍ പെട്ടിരുന്നില്ല.. എന്തായാലും
സിഗ്ന്‍ല്‍ മുറിച്ചു കടക്കുന്നതിനു മുന്നെതന്നെ ഓട്ടോ നിറുത്തി..
നിറുത്തിയല്ല.. പടാര്‍ .. എന്താണു സംഭവിച്ചതെന്ന്
മനസ്സില്ലായില്ല.. ഓട്ടോ ഒന്ന് ആടി ഉലഞ്ഞു.. ഞങ്ങളും .എല്ലാവരുടെയും
ഇരുന്നിരുന്ന സ്ഥാനം തെറ്റി..ഓട്ടോയും മൂന്നിലേക്ക്‌ അല്‍പം നീങ്ങി..
അപ്പോഴേക്കും ട്രാഫിക്‌ പോലീസും അവിടെ അടുത്ത്‌ പാര്‍ക്ക്‌ ചെയ്തിരുന്ന ഓട്ടോ
ഡ്രൈവര്‍മാരും ഓട്ടോ വളഞ്ഞു കഴിഞ്ഞിരുന്നു.. ഞങ്ങളുടെ
തൊട്ടു പിറകെ വന്നിരുന്ന ഒരു അണ്ണന്‍ ടൂറിസ്റ്റ്‌ ബസ്‌ ( തീര്‍ത്ഥാടകരാണു
അതിലുണ്ടായിരുന്നത്‌ ) സിഗ്നല്‍ ശ്രദ്ധിക്കാതെ വരികയും ഞങ്ങളുടെ
ഓട്ടോ ബ്രേക്ക്‌ ചെയ്തപ്പോള്‍ നിയന്ത്രണം കിട്ടാതെ പിന്നില്‍ വന്ന്
ചെറുതായൊന്ന് സ്നേഹിക്കുകയും ചെയ്തതായിരുന്നു സംഗതി..

ഞനും അഷറഫും ഓട്ടോയില്‍ നിന്നിറങ്ങി ,സഫ മോളും ബീവിയും വണ്ടിയില്‍
തന്നെ ഇരുന്നു. ഓട്ടോയുടെ പിന്‍ വശത്തെ ഒരു സിഗ്നല്‍ ലൈറ്റ്‌ പൊട്ടി..പിന്നെ
ബാകിലെ എഞ്ചിന്‍ കാബിന്‍ ഡോര്‍ അല്‍പം വളഞ്ഞു എന്നതൊഴിച്ചാല്‍ കൂടുതല്‍
ഒന്നും പറ്റിയിട്ടില്ല.. ബസ്‌ ഡ്രൈവറും ബസിലെ യാത്രക്കരായ ഒന്നു രണ്ട്‌
പേരും ഇറങ്ങി വന്നിട്ടുണ്ട്‌.. പ്രശ്നം ഓട്ടോറിക്ഷക്കാര്‍
ഏറ്റെടുത്തുകഴിഞ്ഞു.. " ഇവന്മാര്‍ക്ക്‌ കണ്ണും മൂക്കുമില്ല.. സിഗ്നല്‍ കണ്ടു
കൂടെ "', " 400 രൂപയെങ്കിലും വാങ്ങണം .
അവിടെ കിടക്കട്ടെ കുറച്ച്‌ നേരം
എന്നിങ്ങനെ പോകുന്നു അവരുടെ സംസാരം.. ഞാന്‍ ടാഫിക്‌
പോലീസ്കാരനോട്‌ പറഞ്ഞു സാര്‍ ഒന്ന് ഇടപ്പെട്ട്‌ സംഗതി
അവസാനിപ്പിക്കണം... ചെറുപ്പക്കാരനായ പോലീസ്‌ പറഞ്ഞു.. ഇവിടെ
അധിക നേരം നിര്‍ത്തിയിടാന്‍ കഴിയില്ല... ഒരു ഒത്തു തീര്‍പ്പായില്ലെങ്കില്‍
രണ്ടു വണ്ടിയും സ്റ്റേഷനിലേക്ക്‌ എടുത്തോ .. ഓട്ടോ അണ്ണന്മാര്‍ വഴങ്ങുന്ന
മട്ടില്ല.. ഞാന്‍ അഷറഫിനോട്‌ രഹസ്യമായി ചോദിച്ചു.. അഷ്രഫേ..
നിനക്കി പൊട്ടിയ ലൈറ്റ്‌ മാറ്റാനും ഡോര്‍ ശരിയാക്കനും കൂടി എത്ര
പൈസയാവും ? കൂടിയാല്‍ 150 രൂപയാവും..അവന്‍ പറഞ്ഞു.. ഞാന്‍ ഓട്ടോ
അണ്ണന്മാരോട്‌ പറഞ്ഞു.. ഞങ്ങള്‍ക്ക്‌ അല്‍പം തിരക്കുണ്ട്‌.. നിങ്ങള്‍ പറയുന്ന
കാശ്‌ തരാന്‍ ബസ്‌ ഡ്രവര്‍ ഒരുക്കമാണ്‌ . എന്നാലും അത്‌ കുറച്ച്‌
കൂടുതലല്ലേ.. ഒരു 150 രൂപ വാങ്ങി പ്രശനം അവസാനിപ്പിക്കൂ.. അവര്‍
വഴങ്ങുന്നില്ല.. സാര്‍ ഇതില്‍ ഇടപെടണ്ട.. ഇത്‌ ഞങ്ങള്‍ കൈകാര്യം
ചെയ്തോളാം.. ബസ്‌ ഡ്രൈവര്‍ കെഞ്ചുന്നുണ്ട്‌.. എന്നാ സാര്‍ ഇത്‌ കൊഞ്ചം
ജാസ്തി.. അവസാനം 200 രൂപ വാങ്ങി അഷറഫിന്റെ പോക്കറ്റില്‍ വെച്ച്‌
കൊടുത്ത്‌ ഓട്ടോക്കാര്‍ സംഗതി അവസാനിപ്പിച്ചു.. കൂടിയവരെല്ലാം
പിരിഞ്ഞു.. എല്ലാം വീക്ഷിച്ച്‌ സഫ മോള്‍ ഓട്ടോയില്‍ തന്നെ ഇരിപ്പുണ്ട്‌..
ഞങ്ങള്‍ വീണ്ടും ഓട്ടോ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ പോലീസ്കാരനും ഓട്ടോക്കാര്‍ക്കും റ്റാ റ്റാ പറഞ്ഞ്‌ നീങ്ങി..

അച്ചപ്പ്‌ മാമാടെ വണ്ടീമെ ബസ്‌ ഇടിച്ചൂല്ലെപ്പാ... സഫ മോളുടെ
ചോദ്യം.. ഞാനും ബീവിയും പരസ്പരം നോക്കി.. അഷ്രഫും മുന്നിലെ
കണ്ണാടിയിലൂടെ ഞങ്ങളെ നോക്കി..

ഇന്ന് ഓട്ടോറിക്ഷയില്‍ ത്യശ്ശൂര്‍ക്ക്‌ പോകുന്നത്‌ ഉപ്പാക്കും ഉമ്മാക്കും അത്ര
ത്യപ്തിയില്ലായിരുന്നു. ..ഇനി ഓട്ടോയില്‍ ബസ്‌ ഇടിച്ച കാര്യം സഫ മോള്‍
വീട്ടില്‍ ചെന്ന് പറയുകയും ചെയ്താല്‍ പൂര്‍ണ്ണമായി.. അതാണു ഞങ്ങള്‍
പരസ്പരം നോക്കിയതിന്റെ പൊരുള്‍.. ഞാന്‍ മോളോട്‌ പറഞ്ഞു..
അച്ചപ്പ്‌ മാമാടെ വണ്ടീമെ ബസ്‌ ഇടിച്ചതൊന്നും ഉമ്മമ്മാടും ഉപ്പപ്പാടും
പറയന്‍ണ്ട... അപ്പോ ബള്‍ബൊക്കെ പൊട്ടിയത്‌ ഉമ്മമ്മ കാണില്ലെ ? എന്നായി സഫ
മോള്‍.. അതൊ.. അത്‌.. വണ്ടി നിര്‍ത്തിയിട്ട നേരത്ത്‌ എങ്ങിനെയോ പറ്റിയതാണെന്ന്
പറഞ്ഞാല്‍ മതി. .എന്ന് ഞനും.. വീട്ടില്‍ മറ്റുള്ളവര്‍ അറിഞ്ഞു
വിഷമിക്കണ്ട എന്ന ഉദ്ധേശ്യത്തിലാണിതൊക്കെ ഞാന്‍ പറഞ്ഞത്‌.. പിന്നെ
സഫ കുറച്ച്‌ നേരത്തിനു ഒന്നു പറഞ്ഞില്ല.. ഞങ്ങള്‍ പ്രദര്‍ശനം
നടക്കുന്ന സ്ഥലത്തിനടുത്ത്‌ ഓട്ടോ പാര്‍ക്ക്‌ ചെയ്ത്‌ ഇറങ്ങി...
നടക്കുന്നതിനിടയില്‍ സഫമോളുടെ ഒരു ചോദ്യം .. .
നുണ പറയാന്‍ പറ്റോപ്പാ..? നുണ പറഞ്ഞാല്‍ അല്ലാഹു ശിക്ഷിക്കില്ലേ.. ?
ഇത്തവണ ഞങ്ങള്‍ പരസ്പരം നോക്കുന്നതിനു പകരം നോക്കാതിരിക്കാന്‍ ശ്രമിച്ചു....
സഫ്മോളെ..മോള്‌ നുണായൊന്നും പറയണ്ട.. അരെങ്കിലും ചോദിച്ചാല്‍ ഉണ്ടായത്‌
തന്നെ പറഞ്ഞോ... ഉപ്പപ്പയും ഉമ്മമയും വിഷമിക്കണ്ട എന്ന് വിചാരിച്ച്‌
അങ്ങിനെ പറയാന്‍ പറഞ്ഞതാണു .. എന്നൊക്കെ വിശദികരിച്ചപ്പോള്‍ അവള്‍ക്ക്‌
സമാദാനമായി.. ..പിന്നെ ഞങ്ങളോട്‌ ഒരു കമന്റും..
ആരും നുണ പറയണ്ട ട്ടാ.. അല്ലാഹു ശിക്ഷിക്കും...

Post a Comment
Related Posts with Thumbnails