Friday, November 7, 2014

ഇന്ന് ഞങ്ങൾക്ക് 18 തികയുന്നു. ..!


പ്രവാസ വിരഹത്തിൻ ഉമിത്തീയിലുരുകിയാണെങ്കിലും
18 വത്സരങ്ങൾ 18 ദിനങ്ങളെന്നപോൽ
കാലചക്രത്തിൻ തിരിച്ചിലിൽ കടന്ന് പോയതറിഞ്ഞില്ല..!
നിറമേഴും ഓർമ്മകൾ നിനവുകളിൽ
കനവുകളേറെ ബാക്കിയാക്കിയെങ്കിലും
ജീവിതയാത്ര തുടരുന്നനുസ്യൂതം ..
സ്തുതിയോതുന്നു സർവ്വശക്തനിൽ
അൽ ഹംദുലില്ലാഹ്..

1996 നവംബർ 7 ന് തുടങ്ങിയ വിവാഹ ജീവിതയാത്ര 18 സംവത്സരങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ,  എന്നെ സഹിച്ച്  കൂട്ടായും  തണലായും കഴിഞ്ഞ  എന്റെ നല്ലപാതിയും പിന്നെ ഞങ്ങളുടെ മകളും, ഇന്നിപ്പോൾ ഈ പ്രവാസഭൂമിയിലിപ്പോഴെന്നോടൊപ്പമുണ്ടെന്നതിന്റെ സന്തോഷം..!

വിവാഹം കഴിഞ്ഞ് ആദ്യമായി വിസിറ്റിംഗ് വിസയിൽ വന്ന സമയത്ത് 3 മാസം ഇവിടെയും പിന്നെ ഒരുമിച്ച് നാട്ടിൽ പോയി മൂന്നുമാസത്തിലധികം  നാട്ടിലുമായി ആറുമാസത്തിൽ കൂടുതലായി മുന്നെ ഒരിക്കൽ മാത്രം ഒരുമിച്ച് ജീവിച്ചതിന്റെ കഴിഞ്ഞ കാല റെക്കൊറ്ഡ് കൂടി ഇപ്പോൾ തിരുത്തപ്പെട്ടിരിക്കുന്നു എന്ന മറ്റൊരു സന്തോഷം !!

നേരിൽ ഒരു തവണ പോലും കണ്ടിട്ടില്ലാത്ത, സ്വരം കേൾക്കാത്ത..  പക്ഷെ മനസാൽ സ്നേഹിക്കുന്ന നിരവധി സുഹൃത്തുക്കൾ ബ്ലോഗിലും മുഖപുസ്തകത്തിലുമായുണ്ടെന്നതിനാൽ അവരെല്ലാവരോടുമായി ഞങ്ങളുടെ സന്തോഷം അറിയിക്കാൻ കഴിയുന്നതും ഒരു സന്തോഷം..!!!

ചിലരുമായി ആശങ്ങളുടെയും അഭിപ്രായവിത്യാസങ്ങളുടെയും പേരിൽ പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്. (അതങ്ങിനെ തുടരും)   അതൊന്നും തന്നെ വ്യക്തിപരമല്ലെന്ന് കൂടി അറിയിക്കാൻ കൂടി ഈ അവസരം വിനിയോഗിക്കുന്നു എന്നതിലും സന്തോഷം..!!!!

എല്ലാവർക്കും സന്തോഷജീവിതം ജഗന്നിയന്താവ് കനിഞ്ഞരുളട്ടെ എന്ന പ്രാർത്ഥനയോടെ.. ..  നേരുവാൻ എന്നും നന്മകൾ മാത്രം.

Saturday, September 6, 2014

ഓർമ്മകളിലൂടെ വീണ്ടും..


വിശ്വാസങ്ങൾക്കും ആചാരാനുഷ്ടാനുങ്ങൾക്കുമപ്പുറത്ത് പ്രവാസി മലയാളികളുടെ മനസ് ഗൃഹാതുരതയുടെ നനുത്ത സ്പർശമേറ്റ്കൊണ്ട്, ഓർമ്മകളുടെ ഓളങ്ങളിലൂടെ പൊയ്പോയ നല്ലനാളുകളിലെ കൊള്ളകൊടുക്കലിന്റെ,  സ്നേഹത്തിന്റെയും സൌഹാർദ്ദത്തിന്റെയും ഒളിമങ്ങാത്ത ചിത്രങ്ങളിലേക്ക് ഒരിക്കൽ കൂടി കൊണ്ടു ചെന്നെത്തിക്കുകയാണ്  ഏതൊരു ആഘോഷത്തിന്റെയും ആണ്ടറുതികളുടെയും നാളുകൾ.

ഒരു ആഘോഷത്തിന്റെ ചരിത്ര പിന്നാമ്പുറങ്ങളോ, ശാസ്ത്രമോ യുക്തിയോ മറ്റോ , തന്റെ വിശ്വാസ അനുഷ്ടാന പ്രമാണങ്ങളിൽ അടിയുറച്ച് നിന്ന് കൊണ്ട്തന്നെ അയൽ വാസിയുടെ സന്തോഷങ്ങളിൽ പരസ്പരം ഭാഗവാക്കുന്നതിൽ നിന്ന് കേരളിയരാ‍യ ഒരാളെയും തടുത്ത് നിറുത്തിയിരുന്നില്ല.  എന്നാൽ അഭിനവ നവോത്ഥാനക്കാരുടെ വരവോടെ സ്വന്തം സമുദായത്തിന്റെ പ്രമാണബന്ധമായ ആചാരങ്ങളെയും ആരാധനകളെയും യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പുറം തള്ളുക മാത്രമല്ല അന്യ സമുദായത്തിലെ വിശ്വാസ ആചാരങ്ങളെ അവഹേളിക്കുന്നതാണു മതപ്രബോധനമെന്ന അവസ്ഥയിലേക്ക് ഒരു കൂട്ടരെ നയിക്കുകയും ചെയ്തു. ഇവരിൽ ചിലരിന്ന് മുന്നെ തള്ളിപറഞ്ഞ പലതും മാറ്റി പറഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന് മാത്രമല്ല അതിന്റെ വക്താക്കളായി മുന്നോട്ട് വരുന്നത് ശുഭസൂചകമാണെങ്കിലും ഉദ്ധേശ്യശുദ്ധിയിൽ സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ല.

ഓണം വീണ്ടുമെത്തുമ്പോൾ സ്മരണകളിൽ തെളിഞ്ഞ് വരുന്ന നിരവധി ഗൃഹാതുരമായ ഓർമ്മകളിൽ സഹപാ‍ഠിയായിരുന്ന രവിയുടെ ചങ്ങരംകുളത്തെ വീട്ടിൽ ഞങ്ങൾ ഓണത്തിനു ഒരുമിച്ച് കൂടിയിരുന്നത് ഒരിക്കലും മറക്കാനാവാത്തതാണ്. ഞാനും ഷാജുവും (ഫ്രാൻസിസ് )വെള്ളറക്കാടു നിന്നും ,ദേവദാസ് ഗുരുവായൂർ നെന്മിനിയിൽ നിന്നും, സുനിലും രമേഷും ചങ്ങരംകുളത്തു നിന്നും കൂടും.. രവിയുടെ അമ്മയുടെയും അമ്മമ്മയുടെയും സ്നേഹവാത്സല്യങ്ങളേറ്റു വാങ്ങി പരസ്പരം വിശേഷങ്ങൾ കൈമാറി നല്ല ഒരു ഓണസദ്യയുമുണ്ട് പിരിയും. എന്റെ വിവാഹത്തിനു ശേഷം കുടുംബത്തോടൊപ്പം ഒരിക്കൽ കൂടി ഓണത്തിനു രവിയുടെ വീട്ടിൽ കൂടിയിരുന്നു. പിന്നെ ഞാൻ നാട്ടിലുള്ളപ്പോൾ ഓണമുണ്ടാവില്ല അല്ലെങ്കിൽ ഓണം വരുമ്പോൾ ഞാൻ നാട്ടിലുണ്ടാവില്ല. അതല്ലെങ്കിൽ മറ്റു ജീവിത തിരക്കുകൾ.. അതിനിടയിൽ കൂടിച്ചേരലുകൾ പലപ്പോഴും നടക്കാറില്ല. പ്രവാസ ജീവിതത്തിൽ അപൂർവ്വമായേ അത്തരം കൂടിച്ചേരലുകൾ നടക്കാറുള്ളൂ.. കൂടിച്ചേരുന്നവരോട് തന്നെ അതെത്രമാത്രം ആത്മാർത്ഥമാണെന്ന്  ചോദിച്ചാൽ ഉത്തരം ലഭിച്ചില്ലെന്ന് വരാം.

ഏറെ കാലത്തിനു ശേഷം ഇത്തവണ ഓണത്തിനു സ്നേഹമയിയായ ഒരമ്മയുടെ ക്ഷണം സ്വീകരിച്ച് ഇന്നലെ അഡ്വാൻസായി തന്നെ ഞങ്ങൾ അമ്മയുടെ മകനും ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തോടൊപ്പം, ഞങ്ങൾ താമസിക്കുന്ന വില്ലയിലെ ഞങ്ങൾ അടക്കം ആറ് കുടുംബങ്ങൾ ആ അമ്മ വെച്ച് വിളമ്പി തന്ന ഓണസദ്യയുണ്ടു. അടുത്ത ആഴ്ച നാട്ടിലേക്ക് പോവുകയാണ് അമ്മ. അമ്മയെ കാത്ത് സഹോദരങ്ങൾ നാട്ടിൽ അക്ഷമരായികൊണ്ടിരിക്കുന്നുവത്രെ.. പിന്നെ അമ്മയുടെ കൃഷിയും മറ്റു കാര്യങ്ങളും.. എന്നാൽ ആ അമ്മയുടെ തിരിച്ച് വരവ് ആഗ്രഹിക്കുന്നത് അതിനായി പ്രാർത്ഥിക്കുന്നത് അമ്മയുടെ മകനേക്കാൾ മരുമകളും പേരമകളുമായിരിക്കും. കാരണം അമ്മയുടെ  അസാന്നിദ്ധ്യം അവർക്ക് വലിയ നഷ്ടവും ഒറ്റപെടലുമായിരിക്കും സമ്മാനിക്കുക. ഒപ്പം ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നതും ഒരു അമ്മയുടെ സാന്നിദ്ധ്യം തന്നെ.ഓണമെത്തുന്നതിനു മുന്നെ തന്നെ ഓണസദ്യ ഗൾഫിന്റെ അപൂർവ്വതകളിൽ ഒന്നായിരിക്കാം. ഇനി ചിങ്ങം കഴിഞ്ഞാലും ഓണാഘോഷം തുടരും.. ഓണസദ്യകളും.  ആത്മാർത്ഥതയേക്കൾ ,സ്നേഹ സൌഹാർദ്ദങ്ങളേക്കാൾ മുഴച്ച് നിൽക്കുന്നത് പക്ഷെ പ്രകടനപരതയും താൻപോരിമകളുമായിരിക്കുമെന്നത് ഒരു സത്യമാണെങ്കിലും, എല്ലാ ആഘോഷങ്ങളും ആണ്ടറുതികളും പരസ്പരം മനസിലാക്കാനും ,മനസു തുറക്കാനും ,നല്ല സന്ദേശങ്ങൾ പുതു തലമുറക്ക് കൈമാറാനുമുള്ളതായിരിക്കട്ടെ എന്ന് ആശിച്ച് കൊണ്ട് പ്രാർത്ഥനയോടെ എല്ലാവർക്കും ആശംസകൾ..

നാട്ടിൻ പുറത്തെ നല്ല നാളിന്റെ ഓർമ്മകളിലേക്ക് ‘പറന്നകന്ന തുമ്പികൾ‘ കൂടി ഇവിടെ ചേർത്ത് വെക്കട്ടെ..


സ്നേഹപൂർവ്വം.

Sunday, February 16, 2014

എക്സ്ടാ ബിൽ !


സുഹൃത്ത് ബാബുവിന്റെ  ഷോപ്പിൽ പതിവുള്ള  വിസിറ്റ് നടത്താമെന്ന് കരുതിയിറങ്ങിയതായിരുന്നു. ഷോപ്പിനടുത്തെത്തിയപ്പോൾ അവൻ ധൃതിയിൽ പുറത്തേക്ക് വരുന്നത് കണ്ടു.. വാ നമുക്ക് ADDC  (Abu Dhabi Distribution company )ഓഫീസ് വരെയൊന്ന് പോയിവരാം. ഇലക്ട്രിസിറ്റിയുടെ എക്സ്ട്രാ ബിൽ തെറ്റായി വന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഞാൻ കടയുടെ ലൈസൻസ് പുതുക്കുന്നതിനു മുന്നെ എല്ലാ ബാലൻസും ക്‌ളിയറാക്കിയതാ..എന്നിട്ടിപ്പോ എക്സ്ട്രാ ബില്ലടക്കാൻ മെസ്സേജ് വന്നിരിക്കുന്നു.  ഓഫീസിൽ നേരിട്ട് പോയി അന്വേഷിക്കാം. എന്നാൽ അതൊന്ന് അന്വേഷിച്ചിട്ടു തന്നെ ബാക്കി കാര്യം... മുമ്പൊരിക്കൽ കാറിന്റെ രജിസ്ട്രേഷൻ പുതുക്കുന്ന സമയത്ത് ,  ഓവർസ്പ്പിഡിനു 400 ദിർഹം  ഫൈൻ വന്നതും  ഫൈൻ രേഖപ്പെടുത്തിയ ദിവസം ഞാൻ നാട്ടിൽ പോയിരിക്കയായിരുന്നെന്നും മാത്രമല്ല ,കേമറ അടിച്ചതായി പറയുന്ന ‘റാസൽ ഖൈമ‘ യിലേക്ക്  പോവാനുള്ള വഴി തന്നെ എനിക്കറിയില്ലെന്നുമൊക്കെ  പറഞ്ഞ് അവസാനം നാലഞ്ച് ഓഫീസിൽ മാറി മാറി നടന്ന്  അത് കാമറകണ്ണിനു പറ്റിയ തെറ്റാണെന്ന് മനസിലാക്കി എന്റെ ഫൈൻ ഒഴിവാക്കിയതും മറ്റുമായ പൂർവ്വകാല ചരിത്രങ്ങൾ പങ്ക് വെച്ച് ഞങ്ങൾ ഓഫീസിലെത്തി ചേർന്നതറിഞ്ഞില്ല.

റിസപ്ഷനിൽ നിന്നുള്ള നിർദ്ദേശ പ്രകാരം ഒരു കൌണ്ടറിൽ ചെന്ന് വിവരം പറഞ്ഞു. അയാൾ കസ്റ്റമർ നമ്പർ വാങ്ങി സിസ്റ്റത്തിൽ ചെക്ക് ചെയ്ത്. നിങ്ങൾ ബില്ലെല്ലാം രണ്ടാഴ്ചമുന്നെ സെറ്റിൽ ചെയ്തതാ‍ണല്ലോ. എക്സ്ട്രാ ബിൽ ഉള്ളതായോ അങ്ങിനെ ഒരു ബിൽ മെസേജ് അയച്ചതായോ കാണുന്നില്ലല്ലോ ..ചിലപ്പോൾ കസ്റ്റമർ ടെലിഫോൺ നമ്പർ തെറ്റായി വന്നതായിരാക്കാം.  നിങ്ങൾക്ക് വന്ന മെസേജ് ഒന്ന് കാണിക്കാമോ എന്ന് ചോദിച്ചു. സുഹൃത്ത്  ഫോണിൽ മെസേജ്  വന്നത് ഓപ്പൺ ചെയ്ത് കൌണ്ടറിലിരിക്കുന്ന ആൾക്ക് ഫോൺ കൈമാറി അദ്ധേഹം അതൊന്ന് നോക്കി എന്നിട്ട് ഞങ്ങളെ നോക്കി.. എന്നിട്ട് ചിരിച്ച് കൊണ്ട് അടുത്തിരുന്ന ആൾക്ക് ഫോൺ കൈമാറി. ഇവർ ഈ ബില്ലടക്കാൻ വന്നതാണെന്ന് പറഞ്ഞ് വീണ്ടു ചിരിച്ചു.  അയാളും ആ മെസേജൊന്നു നോക്കി പിന്നെ ഞങ്ങളെയും ഫോൺ കൊടുത്ത മറ്റാളേയും നോക്കി. പരസ്പരം ചിരിച്ചു..അതിനിടക്ക് ഒരു അറബി പെണ്ണ് അവർക്കരികിലേക്ക് വന്നു  പിന്നെ അവൾക്കും ആ മെസേജ് കാണിച്ച് ബില്ലടക്കാൻ വന്ന വിവരം പറഞ്ഞു. അവളും അവരുടെകൂടെ  ഞങ്ങള നോക്കി ചിരി തുടങ്ങി. എന്നിട്ടവളുടെ വക ഒരു സർട്ടിഫിക്കറ്റും ‘മിസ്കീൻ’ (പാവങ്ങൾ). ഞങ്ങൾ ചിരിക്കണോ അതോ കരയണോ എന്ന അവസ്ഥയിൽ നിൽക്കുകയാണ്.

 ശെടാ‍ാ ഇവന്മാർക്ക് വട്ടായോ ..എക്സ്ട്രാ ബിൽ മെസേജ് വായിച്ചിട്ട്  ചിരിക്കുന്നവരെ ആദ്യമായി കാണുകയാണല്ലോ ! ഇനി ഇത് വല്ല  തരികിട പറ്റിക്കൽസ് പരിപാടിയുടെ ഭാഗവുമാണോ ? ഞങ്ങളിപ്പോൾ ഓൺ എയറിൽ സം‌പ്രേഷണം ചെയ്യപ്പെട്ടു കൊണ്ടിരിക്കയാണോ.. സംശയങ്ങൾ പലതും മിന്നി മറഞ്ഞു..  സംശയങ്ങൾക്ക് വിരാമമിട്ടു കൊണ്ട് കൌണ്ടറിലിരുന്ന അറബി പറഞ്ഞു..  പ്രിയ സുഹൃത്തുക്കളേ.. ഈ ബില്ലടക്കാനാണോ നിങ്ങളിപ്പോൾ വന്നത് ? ഹ..ഹ. അത് നന്നായി.. എന്തായാലും നിങ്ങളിതുവരെ വന്നതല്ലേ. പുതുവത്സാരാശംസകൾ ഞങ്ങൾ നേരിൽ നേർന്ന് കൊള്ളുന്നു.. നിങ്ങൾക്ക് പോകാം.. അപ്പോൾ ഈ ഈ ബില്ല്‌ തെറ്റായിരുന്നോ ?   ..അത്  ബില്ലടക്കാനുള്ള മെസേജല്ല. .. നിങ്ങൾ ആ മെസേജ് ശരിക്കും നോക്കിയില്ലെന്ന് തോന്നുന്നു എന്ന് പറഞ്ഞ് മൊബൈൽ ഞങ്ങാൾക്ക് തന്നെ തിരിച്ചു തന്ന്നു.

മെല്ലെ ഓഫീസിൽ നിന്ന് സ്കൂട്ടായി പുറത്ത് വന്നു ..പിന്നെ മെസേജ് തുറന്ന്  വിശദമായി നോക്കി..   .. ADDC എന്നും 1435  എന്നും കണ്ടപ്പോൾ ബാക്കി ഒന്നും നോക്കാൻ നിൽക്കാതെ ചാടിപുറപ്പെട്ട  ഞങ്ങൾ  ചാനൽ വാർത്ത കണ്ട് സ്റ്റാറ്റസിട്ടവരെപ്പോലെ ബ്‌ളിങ്കസ്യാ നിന്നു.. പക്ഷെ  ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. .. സൈക്കിളിൽ നിന്ന് വീണ ചിരിയായിരുന്നു എന്ന് മാത്രം .. 
J
  (  മുഹറം 1 , ഇസ്‌ലാമിക് ന്യൂ ഇയർ 1435  പിറന്നതിന്റെ ആശംസകൾ നേർന്ന് കൊണ്ട്  ADDC ഓഫീസിൽ നിന്നും അയച്ച സന്ദേശമായിരുന്നു അത്.. )

Related Posts with Thumbnails