Sunday, July 26, 2009

കാർഗിലിൽ നമുക്ക് വേണ്ടി പൊരുതി മരിച്ചവരുടെ ഓർമ്മയ്ക്ക് !




സ്നേഹത്തോടെ

ചരിത്രത്താളുകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ നമുക്ക്‌ കാണാം ഒട്ടുമിക്ക യുദ്ധങ്ങളും നേട്ടങ്ങളേക്കാൾ ഏറെ കോട്ടങ്ങളാണ്‌ സമ്മാനിച്ചതെന്ന വസ്ഥുത. മുട്ടനാടുകളെ തമ്മിലടിപ്പിച്ച്‌ ചോര കുടിയ്ക്കാൻ മോഹിച്ച ചെന്നായയുടെ കഥ നാം മുമ്പേ അറിഞ്ഞു. പക്ഷെ ഇന്ന് പക്ഷെ ചെന്നായ്ക്കൾ പലപ്പോഴും ലക്ഷ്യത്തിലെത്തുകയാണ്‌. അവ കുഞ്ഞാടുകളെ തമ്മിലടിപ്പിച്ച്‌ ചോരനുകർന്ന് ആനന്ദിക്കുന്നു. യുദ്ധ വിജയങ്ങൾ ആഘോഷിക്കുമ്പോൾ ഒരു പക്ഷത്തുണ്ടായ കോട്ടമോ മറുപക്ഷത്തുണ്ടായ നേട്ടമോ വിലയിരുത്തിയാൽ പ്രത്യക്ഷത്തിൽ കാണാത്ത നഷ്ടങ്ങൾ വിജയമാഘോഷിക്കുന്ന പക്ഷത്തും പരോക്ഷമായെങ്കിലും ചില നേട്ടങ്ങൾ മറുഭാഗത്തും കാണാൻ കഴിയും.

സഹോദരന്മാർ നഷ്ടപ്പെട്ട സഹോദരിമാരുടെയും, മക്കൾ നഷ്ടമായ മാതാപിതാക്കളുടെയും, മധുവിധുവിന്റെ നറുമണം മായും മുന്നേ പ്രിയതമനെ നഷ്ടമായ പ്രിയതമകളുടെയും കൺ കോണിലൂടെ ഊറിവരുന്ന ഹൃദയ രക്തച്ചാലുകൾ മായ്ച്ച്‌ കളയാൻ ആഘോഷങ്ങൾക്ക്‌ കഴിയുമോ !

ഇന്ന് ജൂലായ്‌ 26 നു നാം കാർഗിൽ വിജയദിനമായി ആഘോഷിക്കുന്ന വേളയിൽ ആകുലതകൾ സമ്മാനിച്ച്‌ തങ്ങളുടേ പ്രിയപ്പെട്ടവർ അനന്ത തയിലേക്ക്‌ മറഞ്ഞപ്പോൾ ഒരുമിച്ച്‌ കഴിഞ്ഞ നാളുകൾ മനസിൽ താലോലിച്ച്‌ ജീവിതം നയിക്കുന്ന എല്ലാ സഹോദരീ സഹോദരർക്കും മാതാപിതാക്കൾ ക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ നമുക്ക്‌. പിറന്ന നാടിൻ മാനം കാക്കാൻ വെടിയുണ്ടകൾ നെഞ്ചിലേറ്റ്‌ വാങ്ങി വീരമൃത്യു വഹിച്ച ധീരജവാന്മാരുടെ ഓർമ്മകൾക്ക്‌ മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച്‌ കൊണ്ട്‌

യുദ്ധഭീതിയില്ലാത്ത ഒരു ലോകം സ്വപനം മാത്രമായി മാറിയ ആകുലതകൾ ചിന്താ മണ്ഡലത്തെ നോവിക്കുന്നുണ്ടെങ്കിലും ശാന്തിയും സമാധാനവും പുലരുന്ന ഒരു നല്ല നാളെയുടെ പ്രതീക്ഷകൾ കൈവിടാതെ ആശം സകളോടെ,

(കാർഗിൽ ഒന്നാം വാർഷിക വേളയിൽ ഏഷ്യാനെറ്റ്‌ റേഡിയോ പരിപാടിക്ക്‌ വേണ്ടി എഴുതിയ ഒരു കുറിപ്പ്‌. )



കൂട്ടിവായിക്കാൻ :

527 ധീര ജവാന്മാരാണ്‌ നമുക്ക്‌ കാർഗിലിൽ നഷ്ടമായത്‌. അഭിനയമായിരുന്നില്ല അവർക്ക്‌ പദവിയും പിന്നെ ധീരരക്തസാക്ഷിത്വവും സമ്മാനിച്ചത്‌.അവരെ പറ്റി അവരുടെ ജീവിതത്തേ പറ്റി അവരുടെ ആശ്രിതരെ പറ്റി സചിത്ര ലേഖനങ്ങൾ നമുക്കധികം കാണാൻ കഴിഞ്ഞെന്ന് വരില്ല എങ്കിലും രാജ്യസ്നേഹമുള്ളവരുടെ ഉള്ളിൽ അവർ എന്നും ജീവിക്കുന്നു.

പത്ത്‌ സംവത്സരങ്ങൾ പത്ത്‌ മാസങ്ങളേപ്പോലെ ഓടി മറഞ്ഞത്‌ അറിഞ്ഞില്ല. നമ്മുടെ ആയുസ്സും... ആറടി മണ്ണിലേക്കുള്ള ദൂരത്തിൽ നിന്ന് പത്ത്‌ വർഷം കുറൻഞ്ഞു.. ഇനിയെത്ര ദൂരം ! അറിയില്ല.

ലോക രക്ഷിതാവിൽ എല്ലാം ഭരമേൽപിച്ച്‌ കൊണ്ട്‌ പ്രാർത്ഥനകളോടെ

Wednesday, July 22, 2009

ടീച്ചർക്കിഷ്ടമില്ലാത്ത പാട്ട്‌ !

സ്കൂൾ ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങൾപോലും എക്കാലവും നമ്മുടെ മനസ്സിന്റെ കോണിൽ മായാതെ മങ്ങാതെ നിലകൊള്ളുന്നുവെന്നത്‌ ആ കാലഘട്ടത്തിലൂടെ വിണ്ടും സഞ്ചരിക്കാനും പഴയ ക്ലാസ്‌ റുമുകളിൽ കയറിയിറങ്ങാനും, സ്കൂൾ കിണറ്റിൻ കരയിൽ വെള്ളം കോരിയെടുക്കാനുള്ള ഊഴം കാത്ത്‌ നിൽക്കാനും, നിന്ന നിൽപ്പിൽ ആകാശം തൊട്ട്‌ താഴെയെത്തിയ പ്രതീതിയുളവാക്കിയ ക്ലാസ്ടീച്ചറുടെ സ്നേഹപൂർണ്ണമായ തലോടലിന്റെ (ചൂരൽകഷായം) ഓർമ്മയിൽ ഓടിയെത്തി ഞെട്ടാനുമൊക്കെ അവസരമുണ്ടാക്കിത്തരുന്നു. ചില കുസൃതികളും വിദ്യ-അഭ്യാസങ്ങളുമൊക്കെയായി (അന്നത്‌ അക്രമമായാണ്‌ കണക്കാക്കിയിരുന്നത്‌ ടീച്ചർമാർ...കഷ്ടം ! )ക്ലാസിൽ ശ്രദ്ധാകേന്ദ്രമായിരിക്കാൻ ഞാനും സുഹൃത്തുക്കളും ശ്രദ്ധിയ്ക്കാറുണ്ടായിരുന്നുവെന്നതിനാൽ ടീച്ചർമാരുടെ ഒരു കണ്ണ്‌ അപ്പുറത്തെ ക്ലാസിലെ മാഷന്മാരുടെ അടുത്താണെങ്കിലും ( മുൻകൂർ ജാമ്യം : എല്ലാ ടീച്ചർമാരുടെയും കാര്യമല്ല ) ഒരു കണ്ണ്‌ ഞങ്ങളുടെ ബഞ്ചിലായിരിക്കും എപ്പോഴും.

ഇപ്പോൾ നമ്മൾ ഉള്ളത്‌ വെള്ളറക്കാട്‌ വിവേകസാഗരം അപ്പർ പ്രൈമറി സ്കൂളിലാണ്. ( മനസ്സിലായല്ലോ, എന്റെ വിവേകത്തിന്റെയും വിവരത്തിന്റെയുമൊക്കെ അടി-ത്തറ ഈ വിദ്യാലയമാം ഉദ്യാനത്തിലായിരുന്നു വെന്ന സത്യം .പ്രത്യേകിച്ചും ഹെഡ്മിസ്ട്രസ്സ്‌ അമ്മാൾ ടീച്ചറുടെ ഓഫീസിലാണ്‌ മിക്ക അടി-ത്തറയും പാകിയിരുന്നത്‌. അത്‌ പിന്നെ പറയാം ) പിന്നിട്‌ വളർന്ന് വലുതായപ്പോൾ ഞാൻ ഡീസന്റായി മാറിയതിലും ആ അടി-ത്തറകൾ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌ (സത്യായിട്ടും )

വി.എസ്‌.യു.പി (സ്കൂളിന്റെ ചുരുക്കപ്പേർ ) സ്കൂളിന്റെ ഒരു അറ്റത്ത്‌ ചെറിയ നടുമുറ്റം പോലുള്ള സ്ഥലത്ത്‌ വിശാലമായ കിണറുണ്ട്‌. ആ കിണറിന്റെ അടുത്തുള്ള ഞങ്ങളുടെ ക്ലാസ്‌ റൂമിൽ എല്ലാ ബുധനാഴ്ചകളിലും അവസാന പീരീയഡിൽ നടക്കുന്ന സമാജം എന്ന അതിമഹത്തായ കലാ പരിപാടികൾ അരങ്ങില്ലാത്തതിനാൽ ഉള്ള സ്ഥലം തകർത്ത്‌ മുന്നേറുകയാണ്‌. ഈ കിണറിന്റെ ഭാഗത്തുള്ള ക്ലാസ് റൂമിന്റെ അടുത്താണ് ഉപ്പ്മാവ് ഉണ്ടാക്കുന്ന റൂം എന്നതിനാലും ആ ഉപ്പ്മാവുണ്ടാക്കുന്ന റൂമിന്റെയും ക്ലാസ് റൂമിന്റെയും ഇടയിലൂടെയുള്ള ഇടുങ്ങിയ വഴിയിലൂടെ കടന്നാൽ സ്കൂളിന്റെ പിറക് വശത്തും അവിടെ നിന്ന് അടുത്ത പറമ്പിലേക്കും അവിടെ നിന്ന് പാടവരമ്പത്തേക്കും എളുപ്പത്തിൽ എത്താമെന്നും ഈ വഴിയാണ് ‘ചാടിപ്പോകുന്നവർ’ അധികവും ഉപയോഗിക്കുന്നതെന്നും ഞാൻ മനസ്സിലാക്കിയിരുന്നെങ്കിലും ഞാൻ അത് ഉപയോഗപ്പെടുത്തിയിരുന്നില്ല. (വേറെ നല്ല വഴി ഉണ്ടായിരുന്നു )...

അടുത്തത്‌ ലളിതഗാനം. പി.ബി.ബഷീർ !!

അന്ന് സമാജത്തിനു പ്രത്യേകമായെത്തി ഞങ്ങളെ മൊത്തം കണ്ണുരുട്ടി പേടിപ്പിച്ച്‌ കൊണ്ടിരുന്ന (ഞങ്ങളെ പേടിച്ച്‌ കണ്ണു തുറിച്ചിരുന്നതാണെന്ന് എനിക്ക്‌ വി.എസ്‌.യു.പി യിൽ എന്നും പാരയായ എന്റെ നേർപെങ്ങൾ ) ടീച്ചറുടെ അനൗൺസ്‌മന്റ്‌ കേട്ടതോടെ എല്ലാ കിളികളും സ്കൂളിന്റെ അടുത്തു തന്നെയുള്ള സുരേഷ്‌കുമാറിന്റെ വീട്ട്‌ വളപ്പിൽ നിന്നു കൂട്ടമായെത്തി ക്ലാസ്‌ റൂമിന്റ മുക്കാൽ ചുമരിൽ സ്ഥാനം പിടിച്ച്‌ സാകൂതം കാത്‌ കൂർപ്പിച്ച്‌ തല ചെരിച്ച്‌ നോക്കികൊണ്ടിരുന്നു. സുരേഷിന്റെ അമ്മ അവിടെ നിന്നും ഓടിച്ച്‌ വിട്ട കാക്കകൾ പറന്ന് പോകുന്ന പോക്കിൽ ഒന്ന് വിശ്രമിക്കാൻ ഇരുന്നതാണെന്ന് അസൂയക്കാർ ചിലർ അന്നേ പറഞ്ഞിരുന്നു. കാക്ക ദേശീയ പക്ഷിയാണെന്ന് അറിയാത്തവരെ പറ്റി കൂടുതൽ പറയുന്നില്ല.

‘ലളിത‘യായാലും ‘സമൂഹ‘ യായാലും ‘മാപ്പിള‘ യായാലും സിനിമാപാട്ട്‌ ഏതെങ്കിലും ഒന്ന് നോൺസ്റ്റോപ്പായി കീഞ്ചുകേയെന്ന സ്ഥിരം പരിപാടിയാണെനിക്കുള്ളതെന്ന് അറിയാവുന്ന സഹപാഠി /നികൾ സാകൂതം കാത്തിരിക്കുന്നു. അന്ന് പാടാനായി സാധകം ചെയ്ത്‌ വെച്ച ഒരു ഗാനത്തിന്റെ തുണ്ടു കടലാസുമെടുത്ത്‌ ഞാൻ പാട്ട് പറയാൻ റെഡിയായി ടീച്ചറുടെ ഒരു കൈയ്യകലത്തായി നിന്നു. (വെറുതെ എന്തിനു ടീച്ചർക്ക് ഒരു പണിയുണ്ടാക്കണം എന്ന നല്ല വിചാരത്താൽ മാത്രം ) കുട്ടികളെ ഒന്ന് നോക്കി ..പിന്നെ ടീച്ചറെയും.. .ടീച്ചർ തടിച്ച ശരീരം ഇളകാതെ തലമാത്രം ചരിച്ച്‌ എന്നെ നോക്കി സിഗ്നൽ തന്നു . ചെറിയ ഒരു ചിരിയോടെ.. അതോടെ എനിക്ക്‌ അൽപം ധൈര്യം വന്ന പോലെ. പക്ഷെ എന്നത്തെപ്പോലെയൂം ഒരു സ്ഥിരത കാലുകൾക്ക്‌ കിറ്റുന്നില്ല കൈകളും തഥൈവ. അങ്ങിനെ വിറയലിന്റെ പാരമ്യത്തിൽ ഞാൻ തുടങ്ങി..

ബിന്ദു‍ൂ‍ൂ.......ബിന്ദൂ‍ൂ‍ൂ..
ബിന്ദൂ‍ൂ നീ ആനന്ദ ബിന്ദുവോ .. ...


എന്നാത്മാവിൽ വിരിയും വർണ്ണപുഷ്പമോ..


..........

ഹി..ഹി. ഹി. . ഹ....ഹാ..ഹാ..

ക്ലാസ്‌ മൊത്തം ടോട്ടലായി ചിരിക്കുകയാണ്‌... ടീച്ചറുടെ മുഖം കൂടുതൽ ചുവന്നിട്ടുണ്ടോ ?ഏയ്..അത് പൌഡറിന്റെ കളറാവും ! നേരത്തെ എന്റെ കാലിനും കയ്യിനുമുണ്ടായിരുന്ന വിറയൽ ടീച്ചറുടെ മൂക്കിലേക്ക്‌ പകർന്നോ ? കൺഫ്യൂഷൻ.. മാറുന്നതിനുമുന്നേ ടീച്ചർ കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റ്‌ എന്റെ ചെവി പിടിച്ച്‌ ‘സ്നേഹത്തോടെ’ രണ്ട്‌ കറക്കം കറക്കി ആജ്ഞാപിച്ചു. മതി നിറുത്ത്‌ .! ഒരു പാട്ട് പാടാൻ സ്വാതന്ത്ര്യമില്ലാത്ത ഇന്ത്യയോ ? അവിടെ തീർന്നോ പ്രശനം .. തത്കാലം സമാജം കഴിയുന്നത്‌ വരെ ക്ലാസിനു വെളിയിൽ കാവൽക്കാരനായി നിർത്തിക്കുകയും ചെയ്തു. :( ..കഷ്ടം ടീച്ചറുമാരുടെ ഓരോ ബുദ്ധിമുട്ടുകൾ !

ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നുണ്ടാവും ടീച്ചർക്കെന്താ ഈ സുന്ദരഗാനത്തോട്‌ ഇത്ര അലർജി എന്ന്. അതും അന്നേ സുന്ദരനായിരുന്ന ഈ ഞാൻ പാടിയിട്ടും ? എന്തിനാണു കുട്ടികൾ ചിരിച്ചതെന്നും. ? സത്യായിട്ടും ഞാൻ പാട്ട്‌ പറഞ്ഞത്‌ കൊണ്ടോ ..ട്രൗസറിന്റെ ബട്ടൻ പൊട്ടിയതിനാലോ അല്ല ചിരിയുയരാൻ കാരണം. പാട്ടിലെ വരികളിൽ ബിന്ദു‍ൂ എന്ന് നീട്ടാൻ പറ്റുന്നത്ര നീട്ടുകയും അതിനിടയിൽ ടീച്ചർക്ക്‌ നേരെ ആഗ്യം കാണിക്കുകയും ചെയ്തത്‌ ഇത്ര വലിയ പാതകമാണെന്നോ ? അല്ലെങ്കിൽ കാസ്‌ മുഴുവൻ ചിരിക്കാനും അത്‌ ടീച്ചർക്ക്‌ ശുണ്ഢി പിടിക്കാനും കാരണമാവുമെന്നറിയാമായിരുന്നെങ്കിൽ ഞാൻ അങ്ങീനെ ചെയ്യുമായിരുന്നോ ? ഇല്ലല്ലോ.. പിന്നെ എന്തായിരിക്കും കാരണം ! മറ്റൊന്നുമല്ല.. സമാജത്തിനെത്തിയ ടീച്ചറുടെ സാക്ഷാൽ പേര്‌ ബിന്ദു എന്നായിരുന്നു ! അത്‌ എന്റെ കുറ്റമാണോ ? പക്ഷെ ഈ കാര്യങ്ങളൊന്നും എന്നെ ക്ലാസിനു വെളിയിൽ നിർത്തിയിരിക്കുന്നത്‌ അടുത്ത ക്ലാസിലിരുന്ന് കണ്ട് സന്തോഷിച്ച എന്റെ നേർപെങ്ങൾക്കും കൂട്ടുകാരികൾക്കും എത്ര പറഞ്ഞാലും മനസ്സിലാവുന്നില്ല. പെൺകുട്ടികൾക്ക്‌ കോമൺസെൻസ്‌ കുറവാണെന്ന് ആരോ പറഞ്ഞത്‌ എത്ര സത്യം :!

ഞാനുമ്മാട്‌ പറയും... ഇന്നനക്ക്‌ നല്ലപെട കിട്ടും !. അവൾ സന്തോഷത്തിലാണ്‌. രക്ഷയില്ല. കോമ്പ്രമൈസ്‌ തന്നെ ശരണം. പത്ത്‌ പൈസ ( അന്ന് പത്ത്‌ പൈസ ഉണ്ടായാൽ സ്കൂളിനടുത്തുള്ള നായരുടെ കടയിൽ നിന്ന് ഇന്നത്തെ പത്തിരിവട്ടത്തിൽ ഒരു പരിപ്പ്‌ വട കിട്ടും ) കൈകൂലിയും പിന്നെ സ്കൂൾ വിട്ട്‌ വീലെത്തുന്നത്‌ വരെ അവളുടെ പുസ്തകകെട്ട്‌ ചുമക്കുക എന്ന പണിയും ഏറ്റെടുത്ത്‌ പ്രശ്നം പരിഹരിക്കപ്പെട്ടു. പത്ത്‌ പൈസ അബൂബക്കർക്കാടെ കടല വണ്ടിയിൽ നിക്ഷേപിച്ച്‌ പൊട്ടുകടല വാങ്ങി സ്കൂളിൽ നിന്ന് വീട്ടിലെത്തുന്ന വഴിയിലെ തോട്ടുവക്കിലൂടെയുള്ള നടത്തത്തിനിടയിൽ അവൾ അകത്താക്കിയിരുന്നു. ഒന്ന് രണ്ട്‌ തവണ ഇരന്ന് നോക്കിയെങ്കിലും എന്നെപ്പോലെ അലിയുന്ന മനസ്സല്ല എന്ന് കണ്ട്‌ ആ ശ്രമം ഉപേക്ഷിച്ചു. കിട്ടിയില്ലെങ്കിൽ ഇരക്കുന്ന പണി സുഖമുള്ളതല്ല എന്ന് ഞാൻ അന്നേ പഠിച്ചു. എന്തായാലും വീട്ടിൽ നിന്നുള്ള അടി ഒഴിവായല്ലോ എന്നോർത്ത്‌ സമാധാനിച്ച്‌ നടന്നു. പക്ഷെ അന്നും വാഗ്ദാനം വീടെത്തിയതോടെ ലംഘിക്കപ്പെട്ടു. എന്റെ കയ്യിൽ നിന്ന് പുസ്തക സഞ്ചിയും കൈക്കലാക്കി അവൾ ഒറ്റ വിളിയാണ്‌.. ഇമ്മാ .. ഈ ഇക്കാകല്ലേ.... ഇക്കാകാനെ ....

അവൾ മുഴുമിപ്പിക്കുന്നതിനു മുന്നേ ഞാൻ എന്റെ പുസ്തകമൊക്കെ കോലായിൽ തന്നെ നിക്ഷേപിച്ച്‌ വീട്ടിനു പിറകിലെ പറമ്പിന്റെ ഏറ്റവും അറ്റത്തെത്തി ദീർഘശ്വാസമെടുത്തു. ഇനി ഇരുട്ടുന്നത്‌ വരെ ഇവിടെ ശരണം. രാത്രിയായാൽ പിന്നെ വീട്ടിലേക്ക്‌ തിരിച്ചു പോകലല്ലാതെ സ്കൂളിലേക്ക്‌ തന്നെ തിരിച്ച്‌ പോകാൻ പറ്റുമോ .. പിന്നെ എന്തുണ്ടാവും ..അത്‌ ഊഹിക്കുക..

Related Posts with Thumbnails