Tuesday, July 15, 2008

എ റ്റി എമ്മില്‍ നിന്ന് കിട്ടിയ പൈസ

ചില എ.റ്റി.എം. ‍ അതിനെ ഏല്‍പ്പിച്ച പണി ശരിയായ രീതിയില്‍ സമയത്ത്‌ ചെയ്യാറില്ല.
നമ്മള്‍ പൈസ എത്രയുണ്ട്‌ എന്നറിയാന്‍ ബാലന്‍സ്‌ ചെക്കില്‍ അമര്‍ത്തിയാല്‍.. ടിക്‌ ടിക്‌ ടിക്‌ എന്ന ശബ്ദമുണ്ടാക്കി ഞാന്‍ ഇപ്പൊ ചെക്ക്‌ ചെയ്ത്‌ തരാമെന്ന് നമ്മളെ അറിയിക്കുകയും പിന്നെ മിണ്ടാട്ടമില്ലാതെ നില്‍ക്കുകയും ചെയ്യും. വീണ്ടും ബട്ടണില്‍ നമ്മള്‍ വിരലമര്‍ത്തുന്നു.. അപ്പോള്‍ ഇനിയെന്തെങ്കിലും പണിയുണ്ടോ ?എന്ന ചോദ്യവുമായി വരും (മുന്നെ കൊടുത്ത പണി ചെയ്തിട്ടില്ല എന്നോര്‍ക്കുക ) ഇനിയൊന്നും വേണ്ട.. എന്റെ കാര്‍ഡിങ്ങു തന്നേരെ.. എന്ന് പറഞ്ഞ്‌ മണ്ടക്കൊന്ന് കൊടുത്താല്‍ അക്ഷണം കാര്‍ഡ്‌ അയാള്‍ ഒരറ്റ തുപ്പാണു.. അതില്‍ ഒരു അമാന്തവുമില്ല. ഒരിക്കല്‍ കൂടി ശ്രമിച്ചാല്‍ ..ഇവന്‍ പോകുന്ന മട്ടില്ല എന്ന് മനസ്സിലാക്കി ..നിന്റെ ബാലന്‍സ്‌ ഞാന്‍ ശരിയാക്കിത്തരാം എന്ന് പറഞ്ഞ്‌ ഉള്ള പസ കാണിക്കും അതല്ല പഴയ പോലെ ടിക്‌ ടിക്‌ ആവര്‍ത്തിക്കുകയും നമ്മള്‍ ക്ഷമകെട്ട്‌ ആകെ 600 ദിര്‍ഹം ബാലന്‍സുണ്ടെന്ന് നിശ്ചയമുണ്ടെങ്കിലും ഒരു ആയിരം വേണമെന്ന് പറഞ്ഞെന്നിരിക്കട്ടെ.. അപ്പോള്‍ തനി സ്വഭാവം പുറത്ത്‌ വരും .. ആകെ 600 ഉലുവയേ ഉള്ളൂ എന്ന് വെണ്ടക്ക അക്ഷരത്തില്‍ വിളിച്ചു പറയും അതാണെങ്കിലോ അകലെ നില്‍ക്കുന്നവനും കാണാവുന്ന വിധത്തില്‍ (ഉള്ള ചീത്തപ്പേരു പോയിക്കിട്ടും )

ഇനിയാണു പ്രശ്നം.. ആ ഉള്ളതെങ്കില്‍ ഉള്ളത്‌ ഒരു 500 കൊട്‌ എന്ന് ഒരു കൊട്ട്‌ കൊട്ടുന്നു. വീണ്ടും പഴയ പടി.. ടിക്‌ ടിക്‌ ടിക്‌.. മാത്രം ..പൈസയില്ല.. ഇത്‌ ഒരു രണ്ട്‌ മൂന്ന് തവണ ആവര്‍ത്തിക്കുമ്പോള്‍ പലരും ക്ഷമകെട്ടും ഇയാളുടെ വേല പരിചയമില്ലത്തതു കൊണ്ടും ശ്രമം ഉപേക്ഷിച്ച്‌, മെഷീനിനു സുഖമില്ലാത്തത്‌ കൊണ്ടായിരിക്കും എന്ന് കരുതി, അല്ലെങ്കില്‍ ഞാന്‍ എന്റര്‍ ചെയ്ത നമ്പര്‍ തെറ്റിയോ , കാര്‍ഡ്‌ വലിച്ചെടുക്കുമോ എന്നക്കെ പേടിച്ചും , കാര്‍ഡും എടുത്ത്‌ കൂട്ടില്‍ നിന്നറങ്ങുന്നു ... അടുത്ത ആള്‍ രംഗ പ്രവേഷം ചെയ്യുന്നു. ഈ സമയത്തായിരിക്കും ടിയാന്‍ വയറ്റില്‍ നിന്ന് നേരത്തെ ക്ഷമകെട്ട്‌ / പേടിച്ച്‌ വാക്കൗട്ട്‌ നടത്തിയവന്റെ പൈസ പുറത്തേക്ക്‌ തുപ്പുന്നത്‌. ആ പാവപ്പെട്ടവന്റെ പൈസ അങ്ങിനെ നഷ്ടപ്പെടുന്നു. ആരാന്റെ പൈസ എന്റെ പോക്കറ്റിലാവണമേ.. ജോലിയൊന്നുമില്ലെങ്കിലും ശമ്പളം കിട്ടണമേ എന്നൊക്കെ പ്രാര്‍ത്ഥിച്ച്‌ നടക്കുന്നവന്റെ കയ്യിലാണിത്‌ കിട്ടുന്നതെങ്കില്‍...അല്ലാത്തവരിലും പൈസ കാണുമ്പോള്‍ ആദര്‍ശം അങ്ങ്‌ പണയം വെക്കുകയും ചെയ്യും..അതിലൊന്നു പെടാത്ത ചിലര്‍ക്ക്‌ മാത്രം ഈ പൈസ എങ്ങിനെയിങ്കിലും അതിന്റെ അവകാശിക്ക്‌ എത്തിച്ചാലല്ലാതെ ഉറക്കംവരികയില്ല..

ഇന്നലെ ഏഷ്യാനെറ്റ്‌ റേഡിയോ യിലെ വൈകുന്നേരത്തെ ന്യൂസ്‌ അവറില്‍ ഇത്തരം ഒരു അനുഭവം ശ്രീ. ലിയൊ (ന്യൂസ്‌ റീഡര്‍ ) യുമായി മുസ്വഫയില്‍ ജൊലി ചെയ്യുന്ന അഷറഫ്‌ എന്നയാള്‍ പങ്ക്‌ വെക്കുകയുണ്ടായി. അദ്ധേഹത്തിനു ഇങ്ങിനെ എ.റ്റി.എമ്മില്‍ നിന്ന് കിട്ടിയ 3000 ദിര്‍ഹത്തിന്റെ അവകാശിയെ തേടി നടക്കുകായണു . സൗദിയില്‍ നിന്നു ഒരാള്‍ (രാജു എന്നാണു പേരു പറഞ്ഞതെന്ന് തോന്നുന്നു ) അദ്ധേഹത്തിനു ഇത്‌ പോലെ പൈസ കിട്ടിയതും അത്‌ ബാങ്കുമായി ബന്ദപ്പെട്ട്‌ അതിന്റെ അവകാശിയെ കണ്ടെത്തി കൊടുത്തതും ഇന്നലെ തന്നെ പറഞ്ഞിരുന്നു.

അഷറഫുമായി ഇപ്പോള്‍ സംസാരിച്ചവിവരം :- ഇന്നലെ റേഡിയോ ന്യൂസ്‌ കേട്ട ദുബായ്‌ ഇസ്ലാമിക്‌ ബാങ്കില്‍ നിന്നും അഷ്‌ റഫിനെ വിളിച്ച്‌ വിവരങ്ങള്‍ തിരക്കിയിരുന്നു. ഇങ്ങിനെ പൈസ നഷ്ടമായ വിവരം ( നഷ്ടപ്പെട്ട വിവരം പിന്നീട്‌ ബാലന്‍സ്‌ ചെക്ക്‌ ചെയ്തപ്പോള്‍ മനസ്സിലായതനുസരിച്ച്‌ ) ബേങ്കില്‍ പരാതിയായി ലഭിച്ചിരുന്നുവത്രെ.. ഒരു പാക്സ്ഥാനിയുടേതാണു പൈസ .അഷറഫ്‌ ഒരു പാക്സ്ഥാനി അവിടെ നിന്ന് മെഷിനിന്റെ മണ്ടയ്ക്ക്‌ കുത്തിയിരുന്നതായി ഓര്‍മ്മിക്കുന്നുവെന്ന് പറഞ്ഞിരുന്നു )

അശ്രദ്ധയും തിരക്കും കൊണ്ട്‌ അധ്വാനിച്ചുണ്ടാക്കിയ പൈസ നഷ്ടമാവാതിരിക്കട്ടെ..എല്ലാവരും അഷറഫുമാരല്ല.

Saturday, July 12, 2008

ലീഗ്‌ പിന്‍തുണ

കരുതിയത്‌ തന്നെ സംഭവിച്ചു.. ലീഗ്‌ പിന്‍-താങ്ങി.. അയ്യേ..!
മന്‍-മോഹന ദിവാ സ്വപനത്തിനു ലീഗുകാരുടെ പിന്‍ -തുണ..
നാണമില്ലാത്ത ലിഗിന്റെ ആസനത്തില്‍ ആണവ കരാര്‍ മുളച്ചപ്പോള്‍ അതും ഒരു തണലായി ..

എതിര്‍പ്പുണ്ട്‌.. പക്ഷെ കൂടെ കഴിയും.. എന്തൊരു നല്ല അനുസരണയുള്ള കെട്ടിയോള്‍ !
കെട്ടിയോന്‍ മദാമ്മയെ കൂടെ കൊണ്ട്‌ നടന്നാലും വേണ്ടില്ല ..
എന്നെ ഡൈവോള്‍സ്‌ ചെയ്യല്ലേ പ്ലീസ്‌..

ഈ ആണവകരാറല്ല ആവണക്കയെണ്ണ കരാറായാലും നമുക്കതൊരു വിഷയമല്ല...
അധികാരത്തിന്റെ അപ്പക്കഷണം മതി ..
ലീഗിന്റെ തുണ ഇല്ലാതായാല്‍ ബാജി പിന്നെ കടാപുറത്ത്‌ കിടന്ന് -
ചങ്കു പൊട്ടി പാടി പാടി മരിക്കുമെന്ന പേടി..

ഇന്ത്യയെ മൊത്തം കൊണ്ട്‌ പോയി മന്‍മോഹനും ആന്റണിയും അമേരിക്കക്കും ഇസ്രയേലിനും (രണ്ടും ഒന്ന് തന്നെ ) വിറ്റാലും ഞങ്ങള്‍ക്കതൊരു വിഷയമല്ല..കഷ്ടം..
നേരം വെളുത്തു കഴിഞ്ഞല്ലോ..
ഈ ലീഗുകാര്‍ക്ക്‌ ഇനിയെന്ന് ബുദ്ധിയുദിയ്ക്കും.. .. എന്നിട്ടും..?

അമേരിക്കന്‍ ദാസ്യവേലക്കാരുടെ അടുക്കള പണിയേക്കാള്‍ നല്ലത്‌ തെണ്ടി തിന്നലല്ലേ

Wednesday, July 2, 2008

ഗള്‍ഫ്‌ മലയാളികളേ സൂക്ഷിക്കുക

പ്രവാസികളെ പ്രത്യേകിച്ചും ഗള്‍ഫ്‌ മലയാളികളെ എല്ലാവരും എല്ലായ്പ്പോഴും ചൂഷണം ചെയ്ത്‌ കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്‌. ഇവിടെ എല്ലാവരും എന്നത്‌ കൊണ്ട്‌ ഉദ്ധേശിച്ചത്‌ ആപേക്ഷികം മാത്രം. പലപ്പോഴും പല തരത്തിലുമുള്ള വഞ്ചനയില്‍ അറിയാതെ അവന്‍ /ള്‍ അകപ്പെടുകയും ജീവിതം തന്നെ നഷ്ടമാവുകയും ചെയ്യുന്ന അവസ്ഥ വരാറുണ്ട്‌. അങ്ങിനെ വിശ്വസിച്ചവരാല്‍ ചതിക്കപ്പെട്ട്‌ അറേബ്യന്‍ / ഇന്ത്യന്‍ ജയിലുകളില്‍ അകപ്പെടുന്നവരുടെ വിവരങ്ങള്‍ നാം ഇടയ്ക്കിടയ്ക്ക്‌ അറിയുന്നു.

അടുത്തയിടെ സൗദി ജയിലില്‍ നിന്നും ഒരു മലയാളി യുവാവ്‌ ഏറെ കാലത്തെ തടവറജീവിതത്തിനും പീഢനത്തിനും ശേഷം മോചിതനായത്‌ നാം അറിഞ്ഞു. രാഷ്ടീയ വൈരാഗ്യം തീര്‍ക്കാന്‍ അദ്ധേഹത്തിന്റെ പക്കല്‍ കൊടുത്തയച്ച കത്തിന്റെ കവറില്‍ കഞ്ചാവ്‌ വിത്തുകള്‍ ഇട്ടു നല്‍കുകയായിരുന്നുവത്രെ. ഇതൊക്കെ അറിഞ്ഞിട്ടും വീണ്ടും വീണ്ടും ഇത്തരം നീചമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പലരും ഇരയായികൊണ്ടിരിക്കയാണെന്നതാണു വസ്തുത. ആര്‍ക്കും ആരെയും കണ്ണടച്ച്‌ വിശ്വസിക്കാന്‍ കഴിയാത്ത കാലമാണിന്ന് . അതിനാല്‍ സൂക്ഷിച്ചാല്‍ മാത്രം പോരാ.. വളരെ.. വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ദുഖിക്കാതിരിക്കാന്‍..

ഇവിടെ ഒരു വാര്‍ത്ത മെയിലില്‍ വന്നത്‌ മുകളിലെ വരികള്‍ക്ക അനുബന്ധമായി കൊടുക്കുന്നു.

Related Posts with Thumbnails