Tuesday, June 24, 2008

മകളേ ..ക്ഷമിക്കുക


ദാഹജലം ചോദിച്ചു... ജീവനെടുത്തു കഴുകന്‍..


ഈ വാര്‍ത്തകേട്ട്‌ , വായിച്ച്‌ ..വല്ലാത്ത ഒരു അവസ്ഥയില്‍ ആയി.. ഇതിനു മുന്നെയും ഇങ്ങിനെ കുരുന്നുകള്‍ നിഷ്കരുണം ക്രൂരമായി കൊല്ലപ്പെടുകയും അതിന്റെ യൊക്കെ സചിത്ര വിവരണങ്ങള്‍ പത്രങ്ങളിലൂടെയും മറ്റ്‌ മാധ്യമങ്ങളിലൂടെയും അറിയുന്ന സമയത്തൊക്കെ ബ്ലഡ്‌ പ്രഷര്‍ കൂടുകയും, പിന്നെ രണ്ട്‌ മൂന്ന് ദിവസത്തിനകം അല്ലെങ്കില്‍ കൂടിയാല്‍ ഒരാഴ്ചക്കകം എല്ലാം മറന്ന് വീണ്ടും സ്വഭാവികമായി മുന്നോട്ട്‌ നീങ്ങുന്നു..

ഇന്നല്ലെങ്കില്‍ നാളെ ആര്‍ക്കും മരണം എന്നത്‌ സംഭവിക്കും.. ചിലര്‍ പെട്ടെന്നും മറ്റ്‌ ചിലര്‍ രോഗാതുരരായി കിടന്നും മറ്റു ചിലര്‍ ദുരന്തങ്ങളില്‍ പെട്ടും മരണമടയുന്നു.. അവിടെ മനുഷ്യന്‍ തികച്ചും നിസ്സഹായനാണു താനും. എന്നാല്‍ ഈ മരണങ്ങള്‍.. അല്ല കൊലപാതകങ്ങള്‍.. ഇല്ലാതാക്കാന്‍ പോയിട്ട്‌ കുറയ്ക്കാനുള്ള വഴികള്‍ വരെ അടഞ്ഞു പോവുകയാണിന്ന്. വധ ശിക്ഷ തന്നെ ഇല്ലാതാക്കണമെന്ന് വാദിക്കുന്നവര്‍ക്ക്‌ അവരുടെ ന്യായവാദങ്ങള്‍ കാണും. എന്നാല്‍ ഈ നരാധന്മാര്‍ സമൂഹത്തില്‍ ഇനിയും ജീവിക്കാന്‍ അര്‍ഹതയുള്ളാവരാണോ ? ഇവര്‍ക്ക്‌ വധ ശിക്ഷയില്‍ കുറഞ്ഞ എന്ത്‌ ശിക്ഷയാണു കല്‍പ്പിക്കുക ഈ ലോകത്ത്‌.. ഒരു തവണയെങ്കിലും ഈ നരാധന്മാര്‍ ഇവിടെ ശിക്ഷിക്കപ്പെടുന്നില്ലെങ്കില്‍ പിന്നെ എന്തിനാണീ കോടതിയും മറ്റ്‌ സംവിധാനങ്ങളും ?

മ്യഗീയം എന്ന് വിളിച്ചിരുന്നു.. നാം ചില കുറ്റക്യത്യങ്ങളെ.. ഇതിനെയൊക്കെ അങ്ങിനെ വിളിച്ചാല്‍ മ്യഗങ്ങള്‍ സംഘടിച്ച്‌ മനുഷ്യനെ ആക്രമിച്ചേക്കും.. വധ ശിക്ഷ വേണോ , വേണ്ടയോ എന്നല്ല ഇവിടെ ഉന്നയിക്കുന്ന ചോദ്യം .. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്‌ ഇത്തരം ക്രിമിനലുകളെ എത്ര തവണ കൊല്ലാന്‍ കഴിയും എന്നതാണു.. ക്ഷമിക്കുക.. ഇത്രയും എഴുതിയില്ലെങ്കില്‍ ആ പാല്‍പുഞ്ചിരിക്ക്‌ പകരം നല്‍കാന്‍ എന്റെ പക്കല്‍ ഒന്നുമില്ല

ഒരു മനുഷ്യനു ഇങ്ങിനെ പ്രവ്യത്തിക്കാന്‍ കഴിയില്ല... അത്‌ കൊണ്ട്‌ തന്നെ ഇവരെ മനുഷ്യഗണത്തില്‍ പെടുത്താനും കഴിയില്ല.. മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും അത്‌ പോലെ ദ്യശ്യമാധ്യമങ്ങളിലെ അശ്ലീലതകളുടെ അതിപ്രസരവും തിന്മയെ ലഘൂകരിച്ച്‌ കാണുന്ന ഈ സമൂഹത്തില്‍ ഉണ്ടാക്കുന്ന തിക്ത ഫലങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവാത്ത വിധം വലുതായികൊണ്ടിരിക്കുന്നു. ധാര്‍മ്മിക മൂല്യങ്ങളുടെ നിരാസം എല്ലാ സമൂഹത്തിലും വേരൂന്നിയിരിക്കുന്നു. അതിനെതിരെ നില കൊള്ളേണ്ടവരും ഇന്ന് പലവിധ തിന്മകളില്‍ മുഴുകുമ്പോള്‍.. ഇനിയെന്ത്‌ എന്ന ചോദ്യം അവശേഷിക്കുന്നു.

ഇവിടെ സ്കൂള്‍ അധിക്യതര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ദാഹജലം കുടിയ്ക്കാനുള്ള സംവിധാനം പോലും ഉണ്ടാക്കിയിട്ടില്ലെന്ന് മനസ്സിലാവുന്നു. കുട്ടികളുടെ സുരക്ഷയില്‍ മാതാപിതാക്കള്‍ ഇന്ന് തീ തിന്നുകയാണ് .പുറത്തിറങ്ങിയാല്‍ തിരിച്ചെത്തുന്നത്‌ വരെ നെഞ്ചിടിപ്പ്‌ കൂടി, ടെന്‍ഷനായി കഴിയേണ്ട സ്ഥിതിയാണിപ്പോള്‍.. എല്ലാ സ്കൂളുകളിലും ബോധവത്കരണ ക്ലാസുകള്‍ തുടര്‍ച്ചയായി (രക്ഷിതാക്കള്‍ ക്കും, കുട്ടികള്‍ക്കും , അധ്യാപകര്‍ക്കും ) നടത്തണം. എന്നാല്‍ ഇത്തരം അപകടങ്ങളില്‍ നിന്ന് ഒരുപരിധി വരെ മുക്തമാവാം.


മകള്‍ നഷ്ടമായ മാതാപിതാക്കളുടെ അവസ്ഥ ഒന്നാലോചിക്കൂ.. ജീവിതകാലം മുഴുവന്‍ മറക്കാന്‍ കഴിയുമോ ഈ ദു:ഖം ? ഇവിടെ എങ്ങി നെ രക്ഷപ്പെട്ടാലും നാളെ ജഗന്നിയന്താവിന്റെ കോടതിയില്‍ ശാശ്വതമായ ശിക്ഷ കാത്തിരിക്കുന്നു ഇവരെ..


..മകളേ ..ക്ഷമിക്കുക.. ഞങ്ങള്‍ ഇരുണ്ട യുഗത്തിലേക്ക്‌ തിരിച്ച്‌ പോയിരിക്കുന്നു


Tuesday, June 10, 2008

കരിവാര നുറുങ്ങ്‌

സ്വതന്തമായി ആശയം പ്രകടിപ്പിക്കാനും ഓരോരുത്തരുടെയും വിത്യസ്തമായ അഭിരുചികള്‍ വികസിപ്പിക്കാനും അതെല്ലാം മറ്റുള്ളവരുമായി അധികം ചിലവില്ലാതെ പങ്കുവെക്കാനും കഴിയുന്ന ആധുനിക മീഡിയ ആയ ബ്ലോഗ്‌ ഇന്ന് കൂടുതല്‍ ആളുകളിലേക്ക്‌ പരന്ന് കൊണ്ട്‌ കൂടുതല്‍ ജനകീയമാവുന്ന അവസരത്തില്‍തന്നെ ചില കള്ളനാണയങ്ങള്‍ ബ്ലോഗിന്റെ സാധ്യതകള്‍ സാമ്പത്തിക നേട്ടങ്ങള്‍ക്കായി വളഞ്ഞ വഴിയില്‍ ഉപയോഗിക്കുകയും അതിനെ ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയും (ശാരീരികമായി തന്നെ ഉപദ്രവിക്കുമെന്ന് വരെ ) ചെയ്യുന്നത്‌ ഒരിയ്ക്കലും കണ്ടില്ലെന്ന് നടിയ്ക്കാന്‍ പാടില്ല. കുറ്റവാളികളെ സമൂഹത്തിനു മുന്നില്‍ തുറന്ന് കാണിക്കുക തന്നെ വേണം. മറ്റു (ദ്ര്യശ്യ -ശ്രാവ്യ - പത്ര ) മാധ്യമങ്ങളുമായി അടുത്ത്‌ പ്രവര്‍ത്തിക്കുന്ന ബ്ലോഗര്‍മാര്‍ ഈ വിഷയം അതിന്റെ ഗൗരവത്തോടെ തന്നെ വേണ്ട വിധത്തില്‍ പ്രോജക്റ്റ്‌ ചെയ്യുകയും ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ കൈകൊള്ളാന്‍ വേണ്ടത്‌ ചെയ്യുകയും വേണം..
ആരോ എഴുതിയപോലെ .. ഈ പ്രശ്നം എന്നെ ബാധിക്കുന്നില്ല ..കാരണം എന്റെ ത്‌ ആരും കോപ്പി ചെയ്തില്ല. അതിനു കോപ്പി ചെയ്യാന്‍ എന്തെങ്കിലും വേണ്ടേ ? എന്നു എനിയ്ക്കും കരുതാം.. പക്ഷെ അതല്ല ല്ലൊ കാര്യം ..
അനീതിക്കെതിരെ നില കൊള്ളാന്‍ ആശയ വൈരുദ്ധ്യങ്ങള്‍ / അഭിപ്രായ വിത്യാസങ്ങള്‍ നമുക്ക്‌ വിലങ്ങു തടിയാവാതിരിക്കട്ടെ..
=======================================
=========================================
വളരെ ചുരുങ്ങിയ സമയമേ ഈബൂലോകത്ത്‌ പരിചയമുള്ളൂ...ഈ ചുരുങ്ങിയ കാലത്തിനിടയ്ക്ക്‌ തന്നെ ഒരു പാടു വിത്യസ്തരായ എഴുത്തുകാരുടെ രചനകള്‍ വായിക്കുവാന്‍ സാധിച്ചു. പല വിധ ഉദ്ധേശ്യങ്ങളുമായി (സാമ്പത്തിക നേട്ടം ലക്ഷ്യം വെച്ചും ) ബ്ലോഗ്‌ എഴുതുന്നവര്‍ ..മറ്റുള്ളവരുടെ രചനകള്‍ അവരുടെ അനുവാദം കൂടാതെ കോപ്പിയടിക്കുക എന്നത്‌ ഒരു പുതിയ കാര്യമല്ല. പക്ഷെ ഇവിടെ പ്രശ്നം അതിനേക്കാള്‍ എത്രയോ അകലെയാണു.. ഇത്തരം ക്രിമിനലുകള്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം.. കരിവാരമോ കരിമാസമോ അല്ലെങ്കില്‍ കരിവര്‍ഷം തന്നെ ആചരിച്ചത്‌ കൊണ്ടൊന്ന്നും ഇതിനു പരിഹാരമാവുന്നില്ല. നിയമപരമായി തന്നെ ഇതിനെ നേരിടണം അതിനു ആശയ അഭിപ്രായ വിത്യാസം മറന്ന് എല്ലാ എഴുത്തുകാരും ഒറ്റക്കെട്ടായി തന്നെ കൈകോര്‍ക്കണം. നാളെ ഇത്‌ നമുക്കും വന്നാലോ എന്നതല്ല വിഷയം .. അനീതിക്കെതിരെ ശബ്ദിക്കുക എന്നതാണു.. അതിനു മറ്റ്‌ വൈജാത്യങ്ങള്‍ തടസ്സമാവരുത്‌ എന്നാണു എന്റെ അഭിപ്രായംഇഞ്ഞിയെ അഭിനന്ദിക്കുന്നതിനൊപ്പം എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നു..

Related Posts with Thumbnails