Showing posts with label ഇന്ത്യ. Show all posts
Showing posts with label ഇന്ത്യ. Show all posts

Sunday, July 26, 2009

കാർഗിലിൽ നമുക്ക് വേണ്ടി പൊരുതി മരിച്ചവരുടെ ഓർമ്മയ്ക്ക് !




സ്നേഹത്തോടെ

ചരിത്രത്താളുകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ നമുക്ക്‌ കാണാം ഒട്ടുമിക്ക യുദ്ധങ്ങളും നേട്ടങ്ങളേക്കാൾ ഏറെ കോട്ടങ്ങളാണ്‌ സമ്മാനിച്ചതെന്ന വസ്ഥുത. മുട്ടനാടുകളെ തമ്മിലടിപ്പിച്ച്‌ ചോര കുടിയ്ക്കാൻ മോഹിച്ച ചെന്നായയുടെ കഥ നാം മുമ്പേ അറിഞ്ഞു. പക്ഷെ ഇന്ന് പക്ഷെ ചെന്നായ്ക്കൾ പലപ്പോഴും ലക്ഷ്യത്തിലെത്തുകയാണ്‌. അവ കുഞ്ഞാടുകളെ തമ്മിലടിപ്പിച്ച്‌ ചോരനുകർന്ന് ആനന്ദിക്കുന്നു. യുദ്ധ വിജയങ്ങൾ ആഘോഷിക്കുമ്പോൾ ഒരു പക്ഷത്തുണ്ടായ കോട്ടമോ മറുപക്ഷത്തുണ്ടായ നേട്ടമോ വിലയിരുത്തിയാൽ പ്രത്യക്ഷത്തിൽ കാണാത്ത നഷ്ടങ്ങൾ വിജയമാഘോഷിക്കുന്ന പക്ഷത്തും പരോക്ഷമായെങ്കിലും ചില നേട്ടങ്ങൾ മറുഭാഗത്തും കാണാൻ കഴിയും.

സഹോദരന്മാർ നഷ്ടപ്പെട്ട സഹോദരിമാരുടെയും, മക്കൾ നഷ്ടമായ മാതാപിതാക്കളുടെയും, മധുവിധുവിന്റെ നറുമണം മായും മുന്നേ പ്രിയതമനെ നഷ്ടമായ പ്രിയതമകളുടെയും കൺ കോണിലൂടെ ഊറിവരുന്ന ഹൃദയ രക്തച്ചാലുകൾ മായ്ച്ച്‌ കളയാൻ ആഘോഷങ്ങൾക്ക്‌ കഴിയുമോ !

ഇന്ന് ജൂലായ്‌ 26 നു നാം കാർഗിൽ വിജയദിനമായി ആഘോഷിക്കുന്ന വേളയിൽ ആകുലതകൾ സമ്മാനിച്ച്‌ തങ്ങളുടേ പ്രിയപ്പെട്ടവർ അനന്ത തയിലേക്ക്‌ മറഞ്ഞപ്പോൾ ഒരുമിച്ച്‌ കഴിഞ്ഞ നാളുകൾ മനസിൽ താലോലിച്ച്‌ ജീവിതം നയിക്കുന്ന എല്ലാ സഹോദരീ സഹോദരർക്കും മാതാപിതാക്കൾ ക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ നമുക്ക്‌. പിറന്ന നാടിൻ മാനം കാക്കാൻ വെടിയുണ്ടകൾ നെഞ്ചിലേറ്റ്‌ വാങ്ങി വീരമൃത്യു വഹിച്ച ധീരജവാന്മാരുടെ ഓർമ്മകൾക്ക്‌ മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച്‌ കൊണ്ട്‌

യുദ്ധഭീതിയില്ലാത്ത ഒരു ലോകം സ്വപനം മാത്രമായി മാറിയ ആകുലതകൾ ചിന്താ മണ്ഡലത്തെ നോവിക്കുന്നുണ്ടെങ്കിലും ശാന്തിയും സമാധാനവും പുലരുന്ന ഒരു നല്ല നാളെയുടെ പ്രതീക്ഷകൾ കൈവിടാതെ ആശം സകളോടെ,

(കാർഗിൽ ഒന്നാം വാർഷിക വേളയിൽ ഏഷ്യാനെറ്റ്‌ റേഡിയോ പരിപാടിക്ക്‌ വേണ്ടി എഴുതിയ ഒരു കുറിപ്പ്‌. )



കൂട്ടിവായിക്കാൻ :

527 ധീര ജവാന്മാരാണ്‌ നമുക്ക്‌ കാർഗിലിൽ നഷ്ടമായത്‌. അഭിനയമായിരുന്നില്ല അവർക്ക്‌ പദവിയും പിന്നെ ധീരരക്തസാക്ഷിത്വവും സമ്മാനിച്ചത്‌.അവരെ പറ്റി അവരുടെ ജീവിതത്തേ പറ്റി അവരുടെ ആശ്രിതരെ പറ്റി സചിത്ര ലേഖനങ്ങൾ നമുക്കധികം കാണാൻ കഴിഞ്ഞെന്ന് വരില്ല എങ്കിലും രാജ്യസ്നേഹമുള്ളവരുടെ ഉള്ളിൽ അവർ എന്നും ജീവിക്കുന്നു.

പത്ത്‌ സംവത്സരങ്ങൾ പത്ത്‌ മാസങ്ങളേപ്പോലെ ഓടി മറഞ്ഞത്‌ അറിഞ്ഞില്ല. നമ്മുടെ ആയുസ്സും... ആറടി മണ്ണിലേക്കുള്ള ദൂരത്തിൽ നിന്ന് പത്ത്‌ വർഷം കുറൻഞ്ഞു.. ഇനിയെത്ര ദൂരം ! അറിയില്ല.

ലോക രക്ഷിതാവിൽ എല്ലാം ഭരമേൽപിച്ച്‌ കൊണ്ട്‌ പ്രാർത്ഥനകളോടെ

Saturday, December 6, 2008

മറക്കാനാവത്ത ഡിസംബര്‍ !

ഒരു ഡിസംബര്‍ 6 കൂടി . മറക്കാന്‍ ഏറെ ശ്രമിയ്ക്കുമ്പോഴും ..ഭീതിപ്പെടുത്തുന്ന ഓര്‍മ്മകള്‍ മനോമുകുരത്തില്‍ തെളിയുകയാണീ ദിനങ്ങളില്‍ .മതേതര ഭാരതത്തിന്റെ താഴികക്കുടങ്ങളില്‍ വര്‍ഗീയതയുടെ കറുത്ത കരങ്ങള്‍ പതിച്ചതിന്റെ നടുക്കവുമായി പുറത്ത്‌ വരാന്‍ മടിച്ച ആ പ്രഭാതത്തില്‍ ..അന്ന് 1992 ഡിസംബര്‍ 6 ഞായറാഴച ..തുടര്‍ന്നുള്ള 14 ദിനങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാവത്തതായി മാറുകയായിരുന്നു. ''ലോകാ സമസ്താ സുഖിനോ ഭവന്തു'' എന്ന വേദവാക്യം ഉരുവിട്ടു പഠിച്ച, ''സാരേ ജഹാംസെ അച്ഛാ... ഹിന്ദു സിതാന്‍ ഹമാരാ''.. നെഞ്ചിലേറ്റിയ, ''ഈശ്വര്‍-അല്ലാ തേരെ നാം'' പാടിയ ജനതതിയുടെ മനസ്സില്‍ മതിലുകള്‍ തീര്‍ക്കപ്പെട്ട ആ ദിവസങ്ങള്‍ .. ചേരി ചേരാ രാജ്യങ്ങളുടേ നായകത്വം വഹിച്ച, എല്ലാ പ്രത്യയശാസ്ത്രങ്ങളും, ദര്‍ശനങ്ങളും ഒരു പോലെ നെഞ്ചിലേറ്റിയ ഭാഷകളുടെയും, സംസ്കാരങ്ങളുടെയും സംഗമ ഭൂമിയായ, എല്ലാ വൈജാത്യങ്ങള്‍ക്കുമപ്പുറം ഭാരതീയന്‍ എന്ന പാശത്താല്‍ കൂട്ടിയിണക്കപ്പെട്ട ഏകത്വം പുലര്‍ന്ന ഭാരതാംഭയുടെ നെഞ്ചില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്നത്‌ ജഡതവം ബാധിച്ച മനസോടെ നോക്കിക്കണ്ടാ ഭരണാധികാരികള്‍ . ഇന്ത്യാ മഹാരാജ്യത്തിന്റെ വികലമാക്കപ്പെട്ട മുഖമായിരുന്നു പുറം ലോകത്ത്‌ ആഘോഷിക്കപ്പെട്ടത്‌. അതിന്നും പല രൂപത്തില്‍ തുടരുന്നതും നാം കാണുന്നു. അവസാനം മഹാ നഗരത്തില്‍ നടന്ന ഭീകരാക്രമണത്തിലൂടെ..!

ഒരു മസ്ജിദ്‌ ‍ എന്നതിലുപരി ചരിത്രമുറങ്ങുന്ന നാടിന്റെ ജീവനായുള്ള സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ നമുക്കായില്ല. ''ചിലര്‍ സംസ്കാരത്തെ രൂപപ്പെടുത്തുന്നു. ചിലര്‍ സംസകാരം സംരക്ഷിക്കുന്നു. മറ്റു ചിലര്‍ സംസ്കാരങ്ങളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിയ്ക്കുന്നു'' !. സാമ്രാജത്വ അധിനിവേശങ്ങള്‍ നടന്ന രാജ്യങ്ങളില്‍ അവര്‍ ചെയ്യുന്നത്‌ വിശകലനം ചെയ്താല്‍ നമുക്ക്‌ മനസ്സിലാവുന്ന ഒരു കാര്യമാണ് സംസകാരങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍.. അത്‌ നമ്മുടെ രാജ്യത്തും നടന്നു വെന്ന് വേണം കരുതാന്‍.. ബ്രിട്ടിഷ്‌ കൊളോണിയലിസത്തിന്റെ ബാക്കിപ്രത്രമായ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഹീന തന്ത്രത്തിന്റെ ഭാഗമായ വ്യഭിചരിക്കപ്പെട്ട ചരിത്ര താളുകളും അതിനു നമ്മുടെ തന്നെ സഹോദരങ്ങളെ സ്വാധീനിച്ചു എന്നത്‌ ഒരു വസ്തുതയാണ്. അങ്ങിനെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നീചതന്ത്രം ബ്രിട്ടീഷുകാരില്‍ നിന്ന് തീറെഴുതി വാങ്ങിയവര്‍ യുവതലമുറയെ മസ്തിഷ്ക പ്രക്ഷാളനം ചെയ്ത്‌ തങ്ങളുടെ അധികാര സ്ഥാനമുറപ്പിക്കാന്‍ ചരിത്ര സത്യങ്ങളെ കടന്നാക്രമിക്കുന്നത്‌ ജനാധിപത്യത്തിന്റെ കവല പ്രസംഗകര്‍ കണ്ടില്ലെന്ന് നടിക്കുന്നു. താന്‍ ആരാണെന്ന തിരിച്ചറിവില്ലായ്മയും ആദര്‍ശങ്ങളെ സംബന്ധിച്ച അന്ധവിശ്വാസവും മുതലെടുക്കാന്‍ കാത്തിരിക്കുന്ന രാഷ്ടീയക്കോമരങ്ങളുടെയും, വര്‍ഗീയതയുടെയും വിരലനക്കങ്ങള്‍ക്കൊത്ത്‌ ചലിക്കുന്ന പാവകളായി മാറുന്നവര്‍ ഒരു തിരിച്ചറിവിന്റെ വെളിച്ചത്തിലേക്ക്‌ മടങ്ങാാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. മനസ്സിന്റെ ഒരു കോണിലെങ്കിലും അല്‍പം കരുണയും ,സഹജീവി സ്നേഹവും ബാക്കിയുള്ളവര്‍, സ്വന്തം രാജ്യം അഭി വ്ര്യദ്ധിപ്രപിക്കണമെന്ന് ആശിക്കുന്നവര്‍, സ്വസ്ഥമായ ജനജീവിതം കാംക്ഷിക്കുന്നവര്‍ എല്ലാവരുടെയും വാക്കുകളും രചനകളും പ്രവര്‍ത്തനങ്ങളും വിചാരങ്ങളുമെല്ലാം , തെറ്റിദ്ധരിക്കപ്പെട്ട -തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വസവും സാഹോദര്യവും തിരിച്ചു കൊണ്ട്‌ വരുന്നതിനാവട്ടെ.

അന്ന് 1992 ഡിസംബര്‍ 6 ഞായറാഴചയും ..തുടര്‍ ന്നുള്ള 14 ദിനങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാവത്തതായി മാറുകയായിരുന്നു എന്ന് പറഞ്ഞുവല്ലോ.. അന്ന് ഞാന്‍ ബോംബെ (ഇന്ന് മുംബെ ) യില്‍ ആയിരുന്നു. എന്റ ആദ്യ ഗള്‍ഫ്‌ യാത്രയുടെ ഒരുക്കങ്ങള്‍ക്കായി (സൗദിയിലേക്ക്‌ ) ബോംബെയില്‍ നവംബര്‍ 22 നു എത്തിയതായിരുന്നു. ചില സാങ്കേതിക തടസ്സങ്ങള്‍ കൊണ്ട്‌ (രണ്ട്‌ ദിവസത്തിനുള്ളില്‍ പറക്കാമെന്ന് കരുതിയത്‌ നടന്നില്ല ) ഒരു മാസക്കാലം ബോബെയില്‍ കഴിയേണ്ടി വന്നു. ട്രാവല്‍സ്‌ ഉടമ ഉമ്മര്‍ഭായ്‌ അറേഞ്ച്‌ ചെയ്ത കണ്ണംവാര്‍ നഗറിലെ ഫ്ലാറ്റിലെ ഒരു റൂമില്‍ തൂക്കാന്‍ വിധിക്കപ്പെട്ട്‌ ദിനവും കാത്തു കഴിയുന്ന കഴിയുന്നവരെപ്പോലെ, വിസ എപ്പോള്‍ കിട്ടും എന്ന് ആവലാതിപ്പെട്ട്‌ കഴിയുന്നവരോടൊത്ത്‌ ഞാനും അവരില്‍ ഒരാളായി മാറി. ജീവിതം എന്തെന്ന് പഠിക്കാന്‍ ബോംബെയില്‍ താമസിക്കണം എന്ന് പറയുന്നത്‌ എത്ര ശരിയാണെന്ന് തെളിഞ്ഞ നാളുകള്‍.. അന്നന്നേക്ക്‌ മാത്രം അരിയും സാധനങ്ങളും വാങ്ങി രാത്രി ഉറങ്ങുന്നതിനു മുന്നെ കണക്ക്‌ അവതരിപ്പിച്ച്‌ അന്ന് എത്രപേരാണു റൂമില്‍ ഉണ്ടായിരുന്നത്‌ എങ്കില്‍ ഡിവൈഡ്‌ ചെയ്ത്‌ ഷെയര്‍ പിരിക്കലാണു പതിവ്‌. അതിനാല്‍ ഡിസംബര്‍ 6 ന്റെ ദുരന്തവും അതിനു ശേഷം നടന്ന അക്രമങ്ങളും ഞങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയിലാക്കി. പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയായിരുന്നു. (എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവരും അന്ന് റൂമില്‍ ഉണ്ടായിരുന്നുവെന്നും എല്ലാവരും ഒരുപോലെ ഭയത്തോടെ ഉറക്കമില്ലാതെ, ഭക്ഷണമില്ലാതെ കഴിഞ്ഞു വെന്നതും മറക്കാന്‍ കഴിയില്ല ) ഞങ്ങള്‍ താമസിച്ചിരുന്ന ഏരിയ പൊതുവെ വലിയ പ്രശ്നങ്ങള്‍ ഉണ്ടായില്ലെങ്കിലും ആരാധാനലയം കത്തിക്കലും, കൊലപാതകശ്രമവും മറ്റും അരങ്ങേറിയിരുന്നു. ഒരു ദിവസം ഞങ്ങളുടെ റൂമിന്റെ വാതിലില്‍ വാളുകൊണ്ട്‌ വെട്ടുകയും ചെയ്തു അക്രമികള്‍. അവര്‍ ഒരാളെ തിരഞ്ഞ്‌ വന്നതായിരുന്നുവെന്നും അയാള്‍ മുന്നെ ഞങ്ങളുടെ തൊട്ടടുത്ത ഫ്ലാറ്റില്‍ ഉണ്ടായിരുന്നതിനാല്‍ എന്ന് അറിയാന്‍ കഴിഞ്ഞു. രണ്ട്‌ ദിനങ്ങള്‍ കട്ടന്‍ ചായയും ബാക്കിയുണ്ടായിരുന്ന അല്‍പം അരികൊണ്ട്‌ കഞ്ഞി (അതില്‍ വറ്റ്‌ കാണണമെങ്കില്‍ സ്കാന്‍ ചെയ്യണം ) വെച്ച്‌ കുടിച്ചു. പിന്നെ കാലത്ത്‌ പാലും പത്രവും വന്നിരുന്നതും നിലച്ചു. ഇപ്പോള്‍ നല്ല ഒന്നാംതരം പട്ടിണിക്കൊപ്പം പച്ചവെള്ളം കുടിക്കേണ്ട അവസ്ഥയിലായി. വരാനുള്ളത്‌ വഴിയില്‍ തങ്ങില്ലല്ലോ. പിന്നെ ഇന്നത്തെ പോലെ ടെലിഫോണ്‍ ചെയ്യാന്‍ മൊബൈല്‍ പോയിട്ട്‌ എന്റെ വീടിന്റെ പരിസരത്ത്‌ പോലും ഒരു ഫോണുള്ള വീടില്ല. അതിനാല്‍ തന്നെ എന്റെ വീടുമായി ബന്ധപ്പെടാനും വഴിയില്ല. വിഷപ്പ്‌ ഭയത്തെ കീഴടക്കി. ചേലക്കര ഭാഗത്തുള്ള (പേരു ഓര്‍ക്കുന്നില്ല ) എന്നെപ്പോലെ തന്നെ വിശപ്പ് കൊണ്ട്‌ ഭയം ഒരു മരവിപ്പായി മാറിയ ഒരു സുഹൃത്തും കൂടി പുറത്തിറങ്ങി പകുതി നിരപ്പലക തുറന്ന് വെച്ച ഒരു ചെറിയ കടയില്‍ നിന്ന് കുറച്ച്‌ അരിയും സാധനങ്ങളും വാങ്ങി റൂമിലേക്ക്‌ തിരിക്കുമ്പോള്‍ തൊട്ടടുത്ത റോഡില്‍ അക്രമികള്‍ ഒരു സ്കൂട്ടര്‍ യാത്രക്കാരനെ തടഞ്ഞ്‌ നിര്‍ത്തി ആക്രമിക്കാനൊരുങ്ങുന്നത്‌ കണ്ട എന്റെയും കൂട്ടുകാരന്റെയും സ്ഥിതി ഞാനിവിടെ വിവരിക്കുന്നില്ല. :( പെട്ടെന്ന് ഒരു പോലീസ്‌ ജീപ്പ്‌ അവിടെ പാഞ്ഞെത്തുകയും സ്കൂട്ടര്‍ യാത്രക്കാരനെ വിട്ട്‌ അക്രമികള്‍ ഞങ്ങള്‍ നില്‍ക്കുന്ന ഭാഗത്തേക്ക്‌ ഓടി വരുകയും ചെയ്യുന്നത്‌ ഒരു നടുക്കത്തോടെ കണ്ടു. ഓടരുത്‌! എന്ന സുഹൃത്തിന്റെ നിര്‍ദ്ധേശം ഞാന്‍ അക്ഷ്രരം പ്രതി അനുസരിച്ചു. ഓടാന്‍ പോയിട്ട്‌ നടക്കാന്‍ വരെ കാലു ചലിക്കണ്ടെ.. എന്നിട്ടല്ലേ ഓടല്‍ ! അവര്‍ വന്ന വഴിയില്‍ തടസ്സമായി നിന്ന ഞങ്ങളെ തട്ടിമാറ്റി അവര്‍ എങ്ങോ ഓടി മറഞ്ഞു. പിന്നാലെ വന്ന പോലിസ്‌ ഞങ്ങളെ നോക്കി ആക്രോഷിച്ചു. മുഴുവന്‍ മനസ്സിലായില്ലെങ്കിലും വീട്ടില്‍ പോടാ ---- മക്കളെ എന്നത്‌ വ്യക്തമായതിനാലും പോയ ചലനശേഷി തിരിച്ച്‌ കിട്ടിയതിനാലും ഒരു മൗസ്‌ ക്ലിക്കിന്റെ വേഗത്തില്‍ റൂമിലെത്തി. അന്ന് അബുദാബിയില്‍ ഉണ്ടായിരുന്ന എന്റെ ഉപ്പയും മറ്റു ബന്ധുക്കളും നാട്ടില്‍ ഉമ്മയും മറ്റുള്ളവരും എല്ലാം ഏറെ വിഷമിച്ചു. ദിവസങ്ങള്‍ക്ക്‌ ശേഷം ഉമ്മര്‍ ഭായ്‌ വന്ന് വിക്രോളിയിലുള്ള ഓഫീസിലേക്ക്‌ കൊണ്ടു പോവുകയും അവിടെ നിന്ന് നാട്ടിലേക്കു (നാട്ടില്‍ അമ്മാവന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്കു) ഗള്‍ഫിലേക്കും ഫോണ്‍ ചെയ്ത്‌ ഞാന്‍ ജീവിച്ചിരിക്കുന്നതായും അടുത്ത ദിവസം തന്നെ സൗദിക്ക്‌ പറക്കുന്നതായും അറിയിച്ചു. ചുരുക്കി പറഞ്ഞാല്‍ ഡിസംബര്‍ 22 നു ആദ്യ കലാപത്തിന്റെ അലയൊടുങ്ങി രണ്ടാം കലാപത്തിനു മുന്നെ ഞാന്‍ ബോംബെയില്‍ നിന്ന് സൗദിയിലേക്ക്‌ പറന്നു. പിന്നെയുമൊരുപാട് സംഭവങ്ങള്‍ എന്റെ ആദ്യ ഗള്‍ഫ്‌ യാതയും ,ബോംബെ ജീവിതവും , സൗദിയിലെ കേവലം 8 മാസത്തെ പ്രവാസവും ഒക്കെയായി ബന്ധപ്പെട്ട്‌ പറയാനുണ്ട്‌. സമയം കിട്ടുമ്പോള്‍ അതെല്ലാം എഴുതി നിങ്ങളെ പരമാവധി ബോറടിപ്പിക്കാന്‍ ശ്രമിയ്ക്കുന്നതാണ് . ഒരു ചെറിയ പെരുന്നാള്‍ സ്മരണ ഈദുല്‍ഫിതറിന്റെ കണ്ണുനീര്‍ എഴുതിയത്‌ വായിക്കാത്തവര്‍ വായിക്കുക. വലിയ പെരുന്നാളിനു പിന്നെ അതൊരു ശീലമായതിനാല്‍ അത്ര സങ്കടം ഉണ്ടായില്ല എന്നത്‌ കൂടി ഓര്‍മ്മിപ്പിക്കട്ടെ.

എന്റെ പ്രിയ സഹോദരങ്ങളെ ..എന്തിനീ ചോരപ്പുഴകള്‍ .. എന്തിനീ പോര്‍ വിളികള്‍.. ? ഈ പടയൊരുക്കങ്ങള്‍ ഇനിയും വേണോ ? എന്ത്‌ നേടി ഇത്‌ കൊണ്ടെല്ലാം !!നിദ്രാവിഹീനമായ രാത്രികളും ഉത്കണ്ഡാകുലമായ ദിനങ്ങളുമല്ലാതെ..മറക്കാം നമുക്കെല്ലാം ..ഒരു നല്ലാ നാളെക്കു വേണ്ടി.. തുരത്താം നമുക്കൊന്നിച്ച്‌ നിന്ന് ഭീകരരെയും വര്‍ഗീയക്കോമരങ്ങളെയും രാഷ്ടീയപിശാചുക്കളെയും .. നമ്മുടെ മണ്ണില്‍ നിന്ന്

ജയ് ഹിന്ദ്‌

Friday, August 15, 2008

സ്വാതന്ത്ര്യദിന ചിന്തകള്‍


'സ്വാതന്ത്ര്യം തന്നെയമൃതം

സ്വാതന്ത്ര്യം തന്നെ ജീവിതം

പാരതന്ത്ര്യം മാനികള്‍ക്ക്‌

മൃതിയേക്കാള്‍ ഭയാനകം'


ഭാരത ഭൂമി വൈദേശികാധിപത്യത്തിന്റെ നീരാളിക്കൈകളില്‍ നിന്ന് സ്വതന്ത്രയായി നീണ്ട 61 സംവത്സരങ്ങള്‍ കാലയവനികക്കുള്ളില്‍ മറയുന്നു.!

ജന്മനാടിന്റെ സ്വാതന്ത്ര്യം വിശ്വാസത്തിന്റെ ഭാഗമായി ഗണിച്ച്‌, സമ്പത്തും, ജീവനും ബലിയര്‍പ്പിച്ച ഒരു ജനതതിയിലെ വീരയോദ്ധാക്കളുടെ ചരിതം പക്ഷെ യുവതലമുറക്കന്യം.. അന്ന് ബ്രിട്ടീഷ്കാരനു ഓശാനപാടി സ്ഥാനമാനങ്ങള്‍ കരഗതമാക്കിയവരും, തലയില്‍ മുണ്ടിട്ട്‌ രാപ്രയാണം ചെയ്ത്‌ പുതിയ പേരുകള്‍ സ്വീകരിച്ച്‌ നേതാക്കളായി സ്വയം മേനിനടിച്ചവരും ഇന്നറിയപ്പെടുന്നത്‌ സ്വാതന്ത്ര്യ സമരനായകര്‍ എന്ന തലക്കെട്ടില്‍. 'ഭാരതമെന്നു പേരുകേട്ടാല്‍ അഭിമാന പൂരിതമാവണമന്തരംഗം' എന്ന് വാഴ്ത്തിപ്നാടിയ, നാനാത്വത്തില്‍ ഏകത്വം ഉത്ഘോഷിക്കപ്പെട്ട നമ്മുടെ നാടിന്റെ ഈ 61 വര്‍ഷങ്ങളുടെ ബാക്കി പ്രത്രമായ അവസ്ഥയില്‍ ഇന്ത്യക്കാര്‍ക്കുള്ളത്‌ അഭിമാനമോ അതോ ?

നമുക്ക്‌ പൂര്‍വ്വികര്‍ നേടിത സ്വാതന്ത്ര്യത്തിന്റെ മൂല്യം മറന്ന്, കൊള്ളക്കാരെയും, കൊലപാതകികളെയും , വര്‍ഗ്ഗീയകോമരങ്ങളെയും ഭരണചക്രം തിരിക്കാന്‍ ഏല്‍പിച്ചതിലൂടെ നഷ്ടമായത്‌ മനുഷ്യന്‌ മനുഷ്യനായി ജീവിക്കാനുള്ള സാഹചര്യമാണ്‌ശാസ്ത്രീയനേട്ടങ്ങളിലൂടെ, ഭൗതികപുരോഗതിയിലൂടെ ഒരു വിഭാഗത്തിന്റെ ജീവിതനിലവാരം ഉയര്‍ന്നപ്പോഴും അതിന്‌ ആനുപാതികമായി മനസ്‌ വളര്‍ന്നില്ലെന്ന് മാത്രമല്ല , കൂടുതല്‍ ഇടുങ്ങുകയും കുടിലത കുടിയേറുകയും ചെയ്തു എന്നത്‌ ദു:ഖിപ്പിക്കുന്ന യാഥാര്‍ത്ഥ്യം. നമ്മുടെ ജന്മഭൂവില്‍ ദിനംപ്രതി, അല്ല നിമിഷംപ്രതി അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമങ്ങളും അനീതികളും കണ്ണെത്താദൂരത്തിരുന്ന് അറിയുമ്പോള്‍ വേദനിക്കുന്ന ഹൃദയവുമായി പ്രാര്‍ത്ഥനാ നിരതരാവുകയല്ലാതെ എന്തുചെയ്യാന്‍ ?

രാഷ്ട്രത്തിന്‌ വേണ്ടി ജീവന്‍ ത്യജിച്ചവര്‍ പഴയകഥകളില്‍... ഇന്ന്‌ രാഷ്ട്രീയത്തിന്‌ വേണ്ടി ജീവനെടുക്കാന്‍ നടക്കുന്നവര്‍ മാത്രം!

ഇവിടെ ഈ പോറ്റമ്മനാട്ടില്‍ സാഹോദര്യത്തോടെ വര്‍ത്തിക്കുന്നവരുടെതന്നെ സഹോദരങ്ങള്‍ പക്ഷെ പെറ്റമ്മയുടെ മടിത്തട്ടില്‍ പരസ്പരം ആക്രമിക്കപ്പെടുന്നു. രാഷ്ട്രീയത്തിന്റെ പേരില്‍, മതത്തിന്റെ പേരില്‍ , വര്‍ണ്ണത്തിന്റെ പേരില്‍, ജാതിയുടെ പേരില്‍, പ്രദേശങ്ങളുടെപേരില്‍ !! എവിടെയും അശാന്തിയുടെ തീചുരുളുകള്‍ കണ്ടു കൊണ്ട്‌ കണ്‍തുറക്കേണ്ടിവരുമ്പോഴും പ്രതീക്ഷകള്‍ കൈവിടതെ സമാധാനത്തിന്റെ പുലരികള്‍ക്കായി പ്രാര്‍ത്ഥനയോടെ.

സ്വാതന്ത്ര്യ ദിനാശംസകളോടെ,

Saturday, August 9, 2008

കടന്നു പോകൂ

ഞങ്ങളുടെ നാട്ടില്‍ നിന്നും കടന്നു പോകൂ വെള്ളക്കാരാ..

അന്ന് .
.പാരതന്ത്ര്യത്തിന്റെ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടിട്ടും,
ആര്‍ജ്ജവത്തോടെ നമ്മുടെ പൂര്‍വ്വീകര്‍ ഗര്‍ജ്ജിച്ചു.

ഇന്ന്..
സ്വാതന്ത്ര്യത്തിന്റെ അതിപ്രസരം കൊണ്ട്‌ സ്വത്വത്തെ മറന്ന നാം,
സാംസ്കാരിക അധിനിവേശത്തെ നെഞ്ചിലേറ്റി സ്വാഗതം ചെയ്യുന്നു സാമ്രാജ്യത്വ കഴുകന്മാരെ.

ഒരു വശത്ത്‌,
ഓണംകേറാമൂലകളില്‍ മനുഷ്യ ജന്മങ്ങള്‍ മണ്ണുനിന്ന് പശിയടക്കുമ്പോള്‍,

മറുവശത്ത്‌,
തിന്നത്‌ ദഹിക്കാതെ തികട്ടിവരുന്ന കാമം ശമിപ്പിക്കാന്‍,
മഴയില്‍ ന്യത്തം ചെയ്യുന്ന യുവത.

ആണവകരാറും ആഗോള താപനവും ഞങ്ങള്‍ക്കറിയില്ല..
വിവാദ പാഠങ്ങള്‍ ഞങ്ങള്‍ പഠിക്കുന്നില്ല..
ഞങ്ങള്‍ക്ക്‌ വേണ്ടത്‌,
ഒരു നേരത്തെ ആഹാരവും ..‍ കിടന്നുറങ്ങാന്‍ ഒരു കൂരയും, നാണം മറക്കാന്‍ വേണ്ട‌ വസ്ത്രവും !.
അത്‌ തരാന്‍ നിങ്ങള്‍ക്കാവില്ലെങ്കില്‍ .. ഭരിക്കുന്നവരേ.. കടന്നു പോകൂ നിങ്ങളുടെ ലാപ്ടോപ്പും കൊണ്ട്‌..
വിസമ്മതത്തിന്റെ മതില്‍ കെട്ടുകള്‍ തകരട്ടെ.. കടന്നു വരട്ടെ സാമ്രാജ്യത്വ കഴുകന്‍.

‍തിന്നട്ടെ ഞങ്ങളെ മതി വരുവോളം..
ശമിക്കട്ടെ അവരുടെ പശി.. നിറവേറട്ടെ നിങ്ങളുടെ അതി മോഹങ്ങള്‍

Thursday, January 24, 2008

ആവര്‍ത്തിക്കപ്പെടുന്ന (റി)പബ്ലിക്‌ നുണകള്‍

ഇന്ത്യ എന്റെ രാജ്യമാണ്‌
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ്‌

Related Posts with Thumbnails