Monday, March 22, 2010

മോൾക്ക് 10, എനിയ്ക്ക് 16


ഫ്ലാഷ് ബാക്ക്


വളരെ ചെറുപ്പത്തിൽ എന്ന് വെച്ചാൽ ഈ മലയാളം ബ്ലോഗിംഗ് ജനിക്കുന്നതിനും വളാരെ മുമ്പ്, ഞാൻ സ്വന്തമായി കഠിനാദ്ധ്വാനം ചെയ്ത് പരസഹായം കൂടാതെ വളരെ ചിലവ് കുറഞ്ഞ രീതിയിൽ നിർമ്മിച്ച എന്റെ സ്വന്തം വീട്ടിൽ ഞാൻ ഒറ്റയ്ക്ക് താമസമാക്കിയിരുന്ന (അസൂയ പാടില്ല. അദ്ധ്വാനിക്കണം ! ) ഒരു അവധിക്കാല ദിവസം ..


ഏറെ നേരമായിട്ടും അന്നത്തെ വീട്ടുകാരി(വെറുതെ ഒരു ഭാര്യ)യെകാണാതെ അന്വേഷിച്ചിറങ്ങിയതായിരുന്നു ഞാൻ. സ്വന്തം ഇരു ചക്ര വാഹനത്തിൽ തന്നെ (അസൂയക്കാർ വീണ്ടും ക്ഷമിക്കുക !)യായിരുന്നു യാത്ര. കുറെ നേരമലഞ്ഞിട്ടും അന്ന് ഒരാളെ കിട്ടാത്തതിനാൽ അടുത്തുള്ള പറമ്പുകളിലെ പറങ്കിമാവിൻ കൊമ്പിൽ വരെ തിരക്കി തിരിച്ചെത്തിയ ഞാൻ ജീവിതത്തിൽ ആദ്യമായി ഇടിവെട്ടിയവനെ പാമ്പ് കടിച്ച സമയത്ത് തേങ്ങ തലയിൽ വീണാ‍ലുള്ള അവസ്ഥ മനസ്സിലാക്കി. !

എന്റെ വീടിന്റെ കഴുക്കോലുകൾ ഊരിപ്പിടിച്ച് കൊണ്ട് ഉമ്മയും എന്റെ സ്വന്തം പെങ്ങന്മാ‍രും നടന്നകലുന്നു. ‘നീ വീട്ടിലേക്ക് വാ’ എന്ന ഒരു ക്ഷണം (ഉമ്മാടെ ) അതിന്റെ ഭവിഷ്യത്ത് മനസ്സിലായതിനാൽ ഞാൻ നിരസിക്കുകയായിരുന്നു. ആട്ടിൻ കൂട്ടിൽ അവറ്റകൾക്ക് നിൽക്കാൻ/കിടക്കാനും വേണ്ടി ഇട്ടിരുന്ന കവുങ്ങിൻ പാളികൾ കൊണ്ട് മേൽ‌പ്പുര മേഞ്ഞ് വീടിന്റെ നിർമ്മാണം എങ്ങിനെ ചിലവ് ചുരുങ്ങിയ നിലയിൽ ആക്കാം എന്ന എന്റെ ഗവേഷണം പൊളിച്ചത് അന്നും എന്റെ പെങ്ങന്മാരായിരുന്നു (ഇതിനു മുന്നെയും എന്നിലെ കലാകാരനെ ഇവർ ഒറ്റു കൊടുത്തിരുന്നു !! )എന്ന സത്യം ഞാൻ മനസ്സിലാക്കി. എന്നും പെങ്ങന്മാർ ആങ്ങളമാർക്ക് പാരയാണല്ലോ..മുരളിയ്ക്ക് പദ്മജയെന്ന പോലെ !! അവർക്ക് വേണ്ടെങ്കിൽ എനിക്കും വേണ്ട..ആർക്ക് ചേതം ! ഞാൻ ആ ശ്രമം ഉപേക്ഷിച്ചു.
........

ആർക്ക് വേണ്ടിയും കാത്ത് നിൽക്കാതെ കാലം കടന്നു പോയി... ഒപ്പം ബാല്യവും കൌമാരവും കൈവിട്ട് പോയെങ്കിലും, എല്ലാം കാലമാവുന്ന നിത്യസത്യത്തിന്റെ യവനികക്കുള്ളിലേക്ക് പിൻ‌വലിഞ്ഞെങ്കിലും, കളിവീടുകൾ കാണാകാഴ്ചകളായിമാറിയെങ്കിലും , മധുരിക്കുന്ന ചിലപ്പോഴെങ്കിലും നൊമ്പരപ്പെടുത്തുന്നതുമായ ഓർമ്മകളിൽ ഇടയ്ക്കെങ്കിലും ലയിക്കാൻ മനസെന്നും കൊതിക്കുന്നു. .


മോൾക്ക് 10
ജീവിതയാനം തട്ടിയും മുട്ടിയും നീങ്ങുകയും ഇടയ്ക്ക് ചില തുരുത്തുകളിൽ അല്പം വിശ്രമിക്കയും ചെയ്ത് മുന്നോട്ട് പ്രയാണം തുടരുന്നതിനിടയിൽ വെറുതെയല്ലാതെ ഒരു ഭാര്യയും കൂടെ കൂടി 1996 നവംബർ 7 ന് ..പിന്നെ ഞങ്ങളുടെ അഥവാ ഞാൻ എന്ന സുന്ദരന്റെയും എന്റെ അത്രതന്നെ സൌന്ദര്യമില്ലാത്തെ (അവൾ ഈ ബ്ലോഗ് വായിക്കില്ലെന്ന ഉറപ്പിൽ)എന്റെ സ്വന്തം ബീവിയുടെയും ദാമ്പത്യ വല്ലരിയിൽ ആദ്യ പുഷ്പവും (2000 മാർച്ച് 22 ന് )വിരിഞ്ഞു. ഇന്ന് 2010 മാർച്ച് 22 സഫമോൾക്ക് 10 വയസ് തികയുന്നു.(ഹിജ്‌റ വർഷ പ്രകാരം കഴിഞ്ഞ ദുൽ-ഹജ്ജ്‌ 16 ന്‌ പത്ത്‌ വയസ്‌ തികഞ്ഞു) കളിവീടിനു പകരം എതൊരാളുടെയും സ്വപനമായ ഒരു വീടും ജഗന്നിയന്താവായ അല്ലാഹുവിന്റെ അനുഗ്രഹത്താൽ പണി പൂർത്തിയാക്കി കഴിഞ്ഞ തവണ നാട്ടിൽ പോയവപ്പോൾ ഗൃഹപ്രവേഷവും നടത്തുകയും ചെയ്തു.എനിയ്ക്ക് 16എന്തെങ്കിലും ജോലി കിട്ടുമെങ്കിൽ നാട്ടിൽ നിൽക്കുന്നതായിരിക്കും നല്ലതെന്ന എന്റെ ഉപ്പാടെ ( ഉപ്പാടെ അനുഭവത്തിൽ നിന്ന് ) ഉപദേശം ദഹിക്കാതെ ഞാനീ യു.എ.ഇ യിൽ എത്തിയിട്ട് 2010 മാർച്ച് 23 ന് 16 വർഷം തികയുന്നു. (ആദ്യയാത്ര സൌദിയിലേക്കായിരുന്നു. 1992 ൽ അവിടെ കേവലം 8 മാസമാണുണ്ടായിരുന്നത്. സൌദി ജീ‍വിതം ഒരു പാട് അനുഭവങ്ങൾ സമ്മാനിച്ചു. ഒരെണ്ണം ഈദുൽ ഫിത്വറിന്റെ കണ്ണുനീർ’ വായിക്കാം). ഇപ്പോൾ തിരിഞ്ഞും തിരിയാതെയും നോക്കുമ്പോൾ (ബാർബർഷോപ്പിലെ കസേരയിലിരിക്കുമ്പോൾ പ്രത്യേകിച്ചും ) ശ്യൂന്യതയാണ്.. അത് ശ്യൂന്യതയല്ല കഷണ്ടിയുടെ തിളക്കമാണെന്ന് ചിലർ (അസൂയക്കാർക്ക് ഗൾഫിലും !!). പഴയ ഫോട്ടോ പ്രൊഫൈലിൽ ഇട്ടിട്ടു കാര്യമില്ലാതായിരിക്കുന്നു. ഒരു അനോണി പ്രൊഫൈൽ പോലും ഇല്ലാത്ത ഏറെ പ്രവാസികൾക്കിടയിൽ സ്വന്തമായി സ്വന്തം പ്രൊഫൈൽ ഉണ്ടെന്ന ആശ്വാസമുണ്ട്..

സ്നേഹമയിയായ ജീവിതസഖിയും കുറുമ്പിന്റെ കൂമ്പാരമായ പൊന്നുമോളും ...പിന്നെ എന്നെ ഞാനാക്കിയ എന്റെ മാതാപിതാക്കളും.. ഇണക്കവും പിണക്കവുമായി സഹോദരങ്ങളും .. എല്ലാവരും കണ്ണെത്താ ദുരത്താണെങ്കിലും ഖൽബുകൾ കോർക്കപ്പെട്ടു കഴിയുന്നു. പ്രതീക്ഷകളോടെ തന്നെ മുന്നോട്ട് നീക്കുന്നു നാളുകൾ.. ! ശുഭ പ്രതീക്ഷകളിലാണല്ലോ ജീവിതം


പിന്നെ, ഞാൻ എന്നെ പറ്റി സുന്ദരൻ എന്ന് പറഞ്ഞത് സയം പുകഴ്ത്തിയതാ‍ണെന്ന് തോന്നുന്നുണ്ടോ ? എന്നാൽ ഇവിടെയിതാ ‘കിണ്ടാപ്പിപ്പശു‘വിന്റെ (ഒരു സാങ്കല്പിക നാമം) ചിത്രം വരച്ച് അതിനു താഴെ സഫ എന്നെഴുതി കൊടുത്തയച്ചതിന് മറുപടിയായി ‘ഉപ്പാടെ ചിത്രം വരച്ച് അയക്കുന്നു. എന്നോട് കളിക്കരുതെന്ന’ ഉപദേശത്തോടെ സഫമോൾ അയച്ച് തന്നെത് നോക്കൂ.


എന്നാലും ഇത്രയ്ക്ക് സുന്ദരനാണോ ഞാൻ !!
യു.എ.ഇയിൽ 16 വർഷം തികയുന്ന എനിക്ക് ഞാൻ തന്നെ നേരുന്നു.. അൽ-ആശംസകൾ (അറബിയിൽ അങ്ങിനെയാ..അൽ കൂട്ടണം ) എന്നെ 16 വർഷം സഹിച്ച യു.എ.ഇ യിലെ നിവാസികൾക്ക് ഏറെ നന്ദി.

സഫമോൾ(വലത്ത്) ,ഹാദിമോൻ &ഹിദമോൾ (അനുജന്റെ മക്കൾ) (കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ അനുജന്റെ ഭാര്യാവീട്ടിൽ വെച്ച് എടുത്തത് )


സഫമോൾക്ക് ഈ പൊന്നുപ്പാടെയും പൊന്നുമ്മാടെയും പൊന്നുമ്മകളോടെ ജന്മദിനാശംസകൾ.. നിങ്ങളും നേരുമല്ലോ !

Related Posts with Thumbnails