Showing posts with label സ്ത്രീകള്‍. Show all posts
Showing posts with label സ്ത്രീകള്‍. Show all posts

Sunday, December 14, 2008

തുണിയുരിഞ്ഞ അഭിമാനം !!

കേരളത്തിന്റെയും ഇന്ത്യയൂടെയും അഭിമാനമാണത്രെ പാര്‍വതി ഓമനക്കുട്ടന്‍ ഉയര്‍ത്തിയത്‌ (റേഡിയോയില്‍ കേട്ടത്‌; കാഴ്ചയും കേള്‍വിയും വായനയും അടക്കിവാഴുന്ന മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നത്‌ !)

സ്വന്തം തുണി പൊക്കി (പൊക്കാന്‍ എന്തെങ്കിലും വേണ്ടേ എന്ന് വിമര്‍ശകര്‍ ചോദിച്ചേക്കാം.. ! ) ഇന്ത്യയുടെ അഭിമാനം ഉയര്‍ത്താന്‍ ഇനിയും പെണ്ണുങ്ങള്‍ നിരത്തില്‍ വരേണ്ടതിന്റെ ആവശ്യകത യൂണിവേഴ്സിറ്റി തലത്തില്‍ തന്നെ പാഠ്യ വിഷയമാക്കേണ്ടതാണ്. സാമ്പത്തിക മാന്ദ്യം, തീവ്രവാദം, ഭീകരത , തൊഴിലില്ലായ്മ തുടങ്ങിയ നിസാര പ്രശ്നങ്ങളില്‍ ആകുലരായി ചിന്തിച്ച്‌ അന്തം വിട്ടിരിക്കുന്ന ഇന്ത്യക്കാര്‍ക്കെന്നല്ല ലോകത്തിനു തന്നെ ഒരു പ്രതീക്ഷയുമായാണു ജട്ടിയിട്ട പെണ്ണുങ്ങളുടെ മിന്നുന്ന പ്രകടനം എന്ന് അന്തരാഷ്ട മാധ്യമങ്ങളുടെ സ്പെഷല്‍ റിപ്പോര്‍ട്ടിംഗ്‌ സൂചിപ്പിക്കുന്നു.

ഒരു കാര്യം സമ്മതിക്കണം. പുരുഷന്മാരേ അപേക്ഷിച്ച്‌ നാടിന്റെ മിടിപ്പും തുടിപ്പും തൊട്ടറിഞ്ഞ്‌ രാജ്യ സ്നേഹമുള്ള യുവതികള്‍ തങ്ങളുടെ വസ്ത്രം വരെ ഉപേക്ഷിച്ച്‌ നാടിന്റെ അഭിമാനം ഉയര്‍ത്താന്‍ തയ്യാറാവുന്നത്‌ അംഗീകരിക്കേണ്ടതും ഒരു സംവരണവും ആവശ്യമില്ലാത്തവണ്ണം സ്വയം യോഗ്യത തെളിയിക്കുനന്നതിനാല്‍ അവിടെയൊരു തര്‍ക്കത്തിന്റെ കാര്യമേ ഉദിക്കുന്നില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്.

പക്ഷ നിരീക്ഷകരിപ്പോള്‍ 'കക്ഷ നിരീക്ഷണം' നടത്തി പാര്‍വതിമാര്‍ക്കൊപ്പം അഭിമാന രോമാഞ്ചകഞ്ചുകമണിഞ്ഞ്‌ ആഹ്ലാദിക്കുകയവും. തങ്ങളുടെ മക്കളെ അടുത്ത തുണിയൂരിയല്‍ മത്സരത്തിനു പാകപ്പെടുത്തിയെടുക്കാന്‍, അവരുടേ ഡെപ്തും വിഡ്തും അളക്കാന്‍ മറ്റുള്ളവര്‍ക്ക്‌ അളന്നു നോക്കാന്‍ പാകപ്പെടുത്തുന്ന തിരക്കിലായിരിക്കും. രോമം വടിച്ചും പിഴുതും കളഞ്ഞ പെണ്ണുങ്ങള്‍ ദു:ഖിക്കരുത്‌ .! നിങ്ങള്‍ക്ക്‌ രോമാഞ്ചമണിയാന്‍ പുതിയ ഉത്പന്നങ്ങല്‍ വിപണിയില്‍ റെഡിയായിരിക്കുന്നു. അതിന്റെ വിവരണവുമായി ജോക്കികള്‍ നിങ്ങള്‍ക്ക്‌ മുന്നിലെത്തും വരെ ക്ഷമിക്കൂ..

നാണവും മാനവും ഉള്ള സഹോദരിമാരേ.. ലജ്ജിക്കുക.. സ്വയം തിരിച്ചറിയുക !
മറ്റുള്ളവര്‍ക്ക്‌ പ്രദര്‍ശന വസ്തുവാകാന്‍ മാത്രമാണോ നിങ്ങളുടെ ജന്മം.?

സ്ത്രീ ജന്മം പുണ്യ ജന്മം!!. നാണമില്ലാണ്ടായാല്‍. പിന്നെ എന്തൊരു ജന്മം !
( ആഭാസങ്ങള്‍ മത്സരമെന്ന പേരില്‍ നടത്തുകയോ നടത്താതിരിക്കയോ അതില്‍ പാറു, സാനിയ, ഷക്കീലമാര്‍ പങ്കെടുക്കുകയോ പങ്കെടുക്കാതിരിക്കയോ ചെയ്യട്ടെ. ജയിക്കട്ടെ തോത്ക്കട്ടെ. നമുക്ക്‌ നമ്മുടെ കാര്യം നോക്കാം. ഈ വക കോപ്രാട്ടികളില്‍ നിന്ന് സ്വയം രക്ഷ നേടാനെങ്കിലും ശ്രമിയ്ക്കാം. എന്നാല്‍ എല്ലാ ആഭാസങ്ങളും കാട്ടി നേടുന്ന വിജയം(?) അത്‌ ഒരു നാടിന്റെ യശസ്സുയര്‍ത്തി, അഭിമാനമുയര്‍ത്തി, ജനകോടികളുടെ അഭിമാനം എന്ന് പാടി പുകള്‍ത്തുന്നതിനോട്‌ യോജിക്കാനാവില്ല. )

Monday, March 10, 2008

ഒരു സമൂഹത്തിന്റെ പുരോഗതി !!

ഒരു സമൂഹത്തിന്റെ പുരോഗതി ആസമൂഹം അവരുടെ സ്ത്രീകളോട്‌ ഏതുവിധത്തില്‍ പെരുമാറുന്നുവെതിനെ അടിസ്ഥാനപ്പെടുത്തിയാണു കണക്കാക്കേണ്ടതെന്ന മഹത്‌ നിര്‍വചനം ഇന്നിന്റെ പീഡന കാലഘട്ടവുമായി തുലനം ചെയ്താല്‍ ആധുനിക മാനവന്റെ സംസ്കാരികഅധപതനത്തിന്റെ ആഴം നമുക്കു വ്യക്തമായി വരച്ച്കാട്ടിത്തരുന്നു.
നമമുടെ നാട്ടില്‍ നിയമങ്ങള്‍ക്ക്‌ യാതൊരു പഞ്ഞവിമുി‍ല്ല, പക്ഷെ യഥാര്‍ത്ഥത്തിലുള്ള നിയമ പരിരക്ഷ സാധാരണക്കാരനു ലഭിക്കുന്നില്ല എന്നുള്ള നഗ്നയാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒട്ടേറേ പുരോഗമിച്ചു(?)കൊണ്ട്‌ ഇന്ന്‌ യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക്‌ അര്‍ഹമായ ശിക്ഷ വിധിക്കുന്നുണ്ടോ എന്ന കാര്യത്തിലും സംശയങ്ങള്‍ ജനിപ്പിക്കുന്ന ന്യായവിധികളാണ്‌ പുറത്തുവന്നു കൊണ്ടിരിക്കുന്നത്‌.സ്ത്രീകള്‍ക്ക്‌ നേരെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അരങ്ങേറുന്ന അതിക്രമങ്ങള്‍, പീഡനമെന്ന ഒറ്റവാക്കില്‍ ഒതുക്കിയ വ്യഭിചാരങ്ങള്‍, ബലാത്സംഗം.. എല്ലാം തന്നെ നാള്‍ക്കുനാള്‍ അധികരിച്ചുവരുന്ന കാഴ്ച്ച നമ്മുടെ ചിന്തകളില്‍ യാതൊരു അസ്വസ്ഥതയും സൃഷ്ടിക്കുന്നില്ലെങ്കില്‍ ഏതൊരു ആദര്‍ശത്തിന്റെ പേരിലാണോ നാം നിലകൊള്ളുന്നത്‌ ആ അദര്‍ശവും ആശയവും നമ്മുടെ ഹൃദയത്തില്‍നിന്നു അല്‍പാല്‍പമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍.!!

മുന്‍കാലത്തെ അപേക്ഷിച്ച്‌ സ്തീകള്‍ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്‌ ഒഴുകിയെത്തിയ, പൊതുരംഗങ്ങളില്‍ അവള്‍ അന്യപുരുഷന്മാരോടൊപ്പം അതിരുകളില്ലാതെ ഇടകലകലര്‍ന്നു പ്രവര്‍ത്തിക്കാനും തൊഴിലെടുക്കാനും തുടങ്ങിയ വര്‍ത്തമാന കാലത്തില്‍, ആധുനിക വസ്ത്ര ധാരണ ( അതോ വിവസ്ത്ര ധാരണ രീതിയോ ) രീതികളും, ചില നേരം കൊല്ലി വനിതാ സംഘടനകളുടെ അനാവശ്യമായ അതിലേറെ ദുരഭിമാനത്തിലധിഷ്ടിതമായ പുരുഷ വിരോധ പ്രവര്‍ത്തന രീതികളുമെല്ലാം, പരസ്പര പൂരകങ്ങളായി നിലകൊള്ളേണ്ട സ്ത്രീയും പുരുഷനും തമ്മില്‍ സ്നേഹവും ബഹുമാനവും വര്‍ദ്ധിപ്പിക്കേണ്ടതിനു പകരം വെറുപ്പും പകയും വളര്‍ത്താനാണ്‌ ഏറെയും നിലകൊണ്ടതെന്നത്‌ ഒരു വസ്ഥുതയാണ്‌. സ്ത്രീകളില്‍ ചിലര്‍ ,നാണവും മാനവും മറന്നവര്‍ സിനിമകളിലും, പരസ്യങ്ങളിലും എന്തിനേറെ പൊതുനിരത്തുകളില്‍ വരെ അര്‍ദ്ധനഗ്നകളായും സൌന്ദര്യ മത്സരങ്ങളെന്നപേരിലും സിനിമാറ്റിക്ഡാന്‍സിന്റെയുമൊക്കെപേരില്‍ നടക്കുന്ന പേക്കൂത്തുകളിലും, ഏതാണ്ട്‌ പൂര്‍ണ്ണ നഗ്നകളായും യാതൊരു ഉളുപ്പുമില്ലാതെ പ്രത്യക്ഷപ്പെടുന്നതുമൊക്കെ വളര്‍ന്നു വരുന്ന യുവതയില്‍ സ്തീയെ വെറും കാഴ്ചവസ്തുവായും, ഉപഭോഗ വസ്തുവായും മാത്രം നോക്കിക്കണുവാനുള്ള മനസ്സുണ്ടാക്കുവാന്‍ ഉത്തേജക ഘടകമായി ഭവിച്ചിട്ടൂണ്ടെന്നതിലും സംശയമില്ല.മൂല്യങ്ങളുടെ നിരാസവും, കുത്തഴിഞ്ഞ ജീവിതവും, കച്ചവടവത്കരിക്കപ്പെട്ട ബന്ധങ്ങളും, മറ്റുള്ളവരെ പിന്നിലാക്കാനുള്ള അടങ്ങാത്ത ത്വരയുമെല്ലാം മനുഷ്യനെ ഏത്‌ വിധേനയും പണമുണ്ടാക്കാനും എങ്ങിനെയും സുഖലോലുപരായി ജീവിതം ആസ്വദിക്കുവാനും അവനെയും അവളെയും ഒട്ടും മടിയില്ലാത്തവരാക്കി മാറ്റിയിരിക്കുന്നു. കൂട്ടുകുടുംബത്തിന്റെ സ്നേഹക്കുരുക്കുകളില്‍ നിന്ന്‌ അണുകുടുംബത്തിന്റെ അഴിയാകുരുക്കുകളിലേക്ക്‌ വലിച്ചടുപ്പിക്കപ്പെട്ടവരില്‍ ചിലരൊക്കെ സ്വയം ചിതയൊരുക്കി എരിഞ്ഞടങ്ങുതെല്ലാംതന്നെ ഈയൊരു മാറ്റത്തിന്റെ പ്രതിഫലനമത്രെ !

യുവതലമുറയെ അധാര്‍മ്മിക പാതയിലേക്കു വലിച്ചിഴക്കാനുതകുന്നരീതിയിലുള്ള പരിപാടികളാണ്‌ ദൃശ്യ--ശ്രാവ്യ മാധ്യമങ്ങള്‍ ഇന്ന്‌ രാപകല്‍ ഭേതമന്യേ വിളമ്പികൊണ്ടിരിക്കുത്‌. ലോകം ശാസ്ത്രീയ സാങ്കേതിക രംഗത്ത്‌ വിസ്ഫോടനകരമായ മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മനുഷ്യനെ വീണ്ടും അന്തവിശ്വാസത്തിന്റെയും, അനാചാരത്തിന്റെയും തടവറയിലേക്ക്‌ തിരികെവിളിക്കുന്ന സിനിമകളും, സീരിയലുകളും, വാലന്റൈന്‍ ദിനാഘോഷം പോലെയുള്ള അടിസ്ഥാന രഹിതമായ ആചരണങ്ങളിലൂടെയുള്ളാ തെറ്റായ സന്ദേശങ്ങളുമാണാമാണ്‌ ദൃശ്യ -ശ്രാവ്യ മാദ്ധ്യമങ്ങള്‍ യുവതക്ക്‌ നല്‍കുന്നത്‌.

നാം തലമുറകളിലൂടെ നേടിയെടുത്തു എന്ന്‌ അഹന്ത നടിക്കുന്ന സാമ്പത്തിക നേട്ടങ്ങളോ, സാംസ്കാരിക -വിദ്യഭ്യാസ ഉന്നമനമോ, ഭൌതിക പ്രത്യയശാസ്ത്രങ്ങളുടെ അതിപ്രസരമോ / അധിനിവേശമോ ഒന്നും തന്നെ മനുഷ്യനെ നേര്‍വഴിക്കു നയിക്കാനോ അവന്റെ നിഷ്ഠൂര കൃത്യങ്ങള്‍ക്ക്‌ കുറവ്‌ വരുത്തുവാനോ ഉപയുക്തമായില്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതാണ്‌ വര്‍ത്തമാനകാല മാനവചെയ്തികള്‍.ഇവിടെ ഹൈന്ദവനൂം, മുസല്‍മാനും, കൃസ്ത്യാനിയും, പാര്‍സിയും, സിക്കുകാരനും, മതമില്ലാത്തവനും എല്ലാം ഒരുപോലെ അവരുടെ ആദര്‍ശമനുസരിച്ച്‌ ജീവിക്കാന്‍ നമ്മുടെ ഭരണഘടന സ്വാതന്തൃം നല്‍കുന്നു. പക്ഷെ ലിഖിതമാക്കപ്പെട്ട ഭരണഘടന തിരസ്കരിച്ചുകൊണ്ട്‌ ചില മാഫിയസംഘങ്ങളുടെ അലിഖിത ഭരണഘടന സമൂഹത്തില്‍ അഴിഞ്ഞാടുകയാണിന്ന്‌.

എല്ലാ വൈജാത്യങ്ങളും മറന്ന്‌ മനുഷ്യസ്നേഹികള്‍ ഇത്തരം എല്ലാ പ്രവണതകള്‍ക്കെതിരെയും കൈകോര്‍ക്കേണ്ട കാലം അതിക്രമിച്ചിരിക്കയണ്‌. 'അവസാനകാലത്ത്‌ ഭൂമുഖത്ത്നിന്ന്‌ കരുണ എന്ന വികാരം എടുത്തുമാറ്റപ്പെടുമെന്ന് മഹത്‌ വചനം അക്ഷരാര്‍ത്ഥത്തില്‍ കണ്മുന്നില്‍ പുലരുന്നതുകാണുമ്പോഴും നിസ്സംഗരായിരിക്കാനുള്ള കരളുറപ്പുള്ളവരായി മാറിയിരിക്കുന്നു നാം
.അയല്‍വാസികള്‍ പരസ്പരം കൊലവിളിനടത്തുന്നു. പിതാവ്‌ മകനെയും മകന്‍ പിതാവിനെയും കൊല്ലുന്നു. മതൃത്വം മകളെ വിലക്കുകൊടുക്കുന്നു. സ്വന്തം ജനയിതാവിന്റെ ഭീജം പേറാന്‍ വിധിക്കപ്പെട്ട അബലകള്‍... ഇതെല്ലാം തെ‍ ഒരു പരിഷ്കൃത (?) സമൂഹത്തിലാണെ-ന്നോര്‍ക്കുമ്പൊള്‍ എവിടെയാണു പരിഷ്കര്‍ത്താക്കള്‍ക്ക്‌ തെറ്റുപറ്റിയെന്നത്‌ അന്വേഷണവിധേയമാക്കേണ്ടിയിരിക്കുന്നു.

ഇവിടെയാണു മൂല്യച്യുതിയുടെ ആഴവും മൂല്യനിരാസത്തിന്റെ പരപ്പും ഒരു സമൂഹത്തിനേല്‍പിച്ചിരിക്കുന്ന മുറിവു നാം കാണുന്നത്‌പരിഷ്കൃതരെന്ന്്‌ അഹന്ത നടിക്കുന്ന നമ്മള്‍ ഇരുണ്ട യുഗമെന്ന്്‌ ആക്ഷേപിക്കുന്ന കാലഘട്ടത്തിലെ ജീവിതരീതികളും അന്ന്‌ മനുഷ്യര്‍ കൈകൊണ്ടിരുന്ന നടപടികളുമെല്ലാം വര്‍ത്തമാനകാല സംഭവവികാസങ്ങളുമായി തുലനം ചെയ്താല്‍ ലഭിക്കുന്ന ഉത്തരം നമ്മെ അമ്പരപ്പിക്കുന്നില്ലെങ്കില്‍ നമ്മുടെ കണക്കുകൂടലുകള്‍ക്ക്‌ എവിടെയോ പിഴവ്‌ പറ്റിയിരിക്കുന്നു എന്ന്്‌ വേണം മനസിലാക്കാന്‍. തിന്മകളെ ലളിതവത്കരിച്ച്‌ അനുവദനീയവും പിന്നീടത്‌ ആവശ്യവുമാക്കിതീര്‍ക്കാന്‍ ചില കൈകളിവിടെ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം ശക്തികള്‍ക്ക്‌ ചങ്ങലയിടേണ്ടകാലം അതിക്രമിച്ചിരിക്കുകയാണ്‌.

ആധുനിക വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കുന്നതോടൊപ്പം തന്നെ നാം ആത്മീയ വിദ്യഭ്യാസത്തിനും പരിഗണന നല്‍കികൊണ്ടിരിക്കുന്നുവെത്‌ ആശാവഹം തന്നെ. പക്ഷെ ഇന്ന്‌ അക്രമത്തിന്റെയും അഴിഞ്ഞാട്ടങ്ങളുടെയും വാര്‍ത്തകളില്‍ ആത്മീയ ആചാര്യന്‍മാരും ഭരണചക്രം തിരിക്കുന്നവരും എല്ലാം മുന്‍നിരയില്‍ വരുന്നത്‌ എന്തുകൊണ്ടാണെ്‌ പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്‌. അവിടെയാണ്‌ മത-സാമൂഹ്യ-സാംസ്കാരിക സംഘടനകള്‍ക്ക്‌ ഏറെ പ്രവര്‍ത്തിക്കാനുള്ളത്‌. ഇവിടെ ഉദ്ധേശിക്കുത്‌ തീര്‍ച്ചയായും നിരന്തര ബോധവത്കരണത്തിന്റെ ആവശ്യകതയെപറ്റിയാണ്‌.
സമൂഹമെന്നാല്‍ വ്യക്തികളുടെ കൂട്ടമാണ്‌ അഥവാ കുടുംബങ്ങളുടെ കൂട്ടമാണ്‌. അപ്പോള്‍ നല്ല സമൂഹമൊല്‍ നല്ല കുടുംബങ്ങളുമാണ്‌. നല്ല വ്യക്തിത്വങ്ങളുടെ സൃഷ്ടിപ്പിന്‌ നല്ല കുടുംബാന്തരീക്ഷം ഉണ്ടാവണം. അവിടെയാണ്‌ ഒരു വ്യക്തിയുടെ പ്രഥമ വിദ്യാലയമായ മാതാവെന്ന സ്ത്രീയുടെ ഭാഗം, കടമ ശരിയായ രീതിയില്‍ നിര്‍വഹിക്കപ്പെടേണ്ടത്‌. കടമകള്‍ മറന്ന്‌ നാ(കാ)ടിളക്കി നടക്കുന്നതിലൂടെ സ്വന്തം വ്യക്തിത്വം തന്നെ നഷ്ടപ്പെടുത്തുന്ന ആധുനിക സൊസൈറ്റി ലേഡികള്‍ക്ക്‌ ഒരു സമൂഹത്തില്‍ നിന്ന്‌ അര്‍ഹിക്കുന്ന ബഹുമാനവും പരിഗണനയും ലഭിച്ചില്ലെങ്കില്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല .

പരസ്പരം ആദരിക്കാനും ബഹുമാനിക്കാനും സ്നേഹിക്കാനും പങ്കുവെക്കാനും മറക്കുന്നവരായി വര്‍ത്തമാന കാലമനുഷ്യന്‍ മാറികഴിഞ്ഞിരിക്കുന്നു. വെട്ടിപ്പിടിക്കാനും ആസ്വദിക്കാനുമുള്ള ത്വര ആണിനെയും പെണ്ണിനെയും ലിംഗവിത്യാസമില്ലാതെ കീഴ്പെടുത്തിയിരിക്കുന്നു. സ്ത്രീ സ്വയം പ്രദര്‍ശനവസ്തുവായും , പുരുഷന്‍ പൌരുഷമില്ലാത്ത പാതി സ്ത്രീയായും മാറുമ്പോള്‍ , സ്തീയുടെ സംരക്ഷകനായ പുരുഷനെയും, പുരുഷന്റെ തണലായ സ്ത്രീയെയും സമൂഹത്തിന്‌ നഷ്ട്മാകുന്നു. അതിലൂടെ ഒരു സമൂഹത്തിന്റെ പുരോഗതിയും !!



Wednesday, February 6, 2008

ടിപ്പു സുല്‍ത്താനും ചുരി/ടി ദാറും

പണ്ട്‌ ..എന്നാല്‍ വളര പണ്ടല്ലാത്ത ഒരു നാളില്‍ നമ്മുടെ സാംസ്കാരിക കേരളത്തില്‍ താഴ്ന്ന ജാതിയില്‍ പെട്ട സ്ത്രീകള്‍ക്ക്‌ മാറു മറക്കാന്‍ അവകാശമില്ലായിരുന്നു. തമ്പ്രാക്കന്മാര്‍ക്ക്‌ ആസ്വദിക്കാനുള്ള വകകളായി അങ്ങിനെ നടന്നോളണം.. കുഞ്ഞമ്പ്രാക്കളും വല്ല്യമ്പ്രാക്കളും ഭേഷായി ഈ വക്‌ ഭോഷ്ക്കുകളുമായി സുഭിക്ഷമായി കഴിഞ്ഞു കൂടിയതിനിടയക്കാണു നമ്മുടെ സാക്ഷാല്‍ ടിപ്പു സുല്‍ത്താന്റെ വാള്‍ തമ്പ്രാക്കന്മാര്‍ക്ക്‌ നേരെ വരുന്നത്‌.. മര്യാദയ്ക്ക്‌ കെട്ടിവെച്ച്‌ /മൂടിവെച്ച്‌ നടന്നോളണം . അതിനു അനുവദിക്കാത്ത തമ്പ്രാക്കന്മാര്‍ക്ക്‌ അത്താഴം നമ്മുടെ അന്തപ്പുരത്തില്‍ ..ഉത്തരവ്‌ മാനിക്കതെ തുറന്നിടുന്നവളുടെത്‌ അരിഞ്ഞു കളയുകയും ചെയ്യും.. സുല്‍ത്താന്‍ ഒരു ചടങ്ങു തന്നെ സംഘടിപ്പിച്ചു.. ഒരു ബോധ വത്കരണ സദസ്സ്‌ ..ഒപ്പം മാറു മറക്കാന്‍ കുപ്പായത്തുണിയും ( ചേല) വിതരണം ചെയ്തു.. തമ്പ്രക്കന്മാരുടെ കണി നഷ്ടം.. വല്ലപ്പോഴുമൊരിക്കല്‍ കുളിക്കുന്നവര്‍ക്ക്‌ വരുന്ന ഒരു തരം ചൊറിച്ചൊലൊക്കെ ഉണ്ടായത്രെ ആദ്യമായി ചേല ചുറ്റിയപ്പോള്‍ ..പിന്നെ അതൊരു ശീലമായി.. ടിപ്പു സുല്‍ത്താന്‍ ചേല വിതരണം ചെയ്ത ആ സ്ഥലത്തിനാണു ഇന്ന് ചേലക്കര ( ത്യശ്ശൂര്‍ ജില്ലയില്‍ ) എന്ന് അറിയപ്പെടുന്നത്‌ എന്ന് പറയുന്നു. പില്‍ക്കാലത്ത്‌ ആ ചൊറിച്ചില്‍ കൂടി കൂടി വന്ന് ചില നാരികളോക്കെ ചേലയുടെ നീളവും വീതിയും കുറച്ച കുറച്ച്‌ വെറും ചാലു പോലെയാക്കി ഒരു പരുവത്തിലാക്കി.. സാരി എന്ന ചേല നാരികള്‍ നാനൂറു വിധത്തില്‍ ചുറ്റുന്നു. ചിലര്‍ ശരീരം മറക്കുന്ന വിധത്തില്‍ ചിലര്‍ ..അത്യാവശ്യം പുറമ്പോക്ക്‌ സ്ഥലങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സാരിയെ ഉപയോഗിക്കുന്നു.. അങ്ങിനെ പുറമ്പോക്ക്‌ പ്രദര്‍ശിപ്പിക്കുന്ന വിഭാഗത്തില്‍ നമ്മുടെ ലേഡീ റ്റീച്ചറന്മാര്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നത്‌ പ്രദര്‍ശിക്കപ്പെടുന്നത്‌ പോലെ തന്നെ ഒരു "നഗ്ന"സത്യം .. !! മുതിര്‍ന്ന ക്ലാസുകളിലെ പിള്ളേരുടെ കമന്റുകളും അതു പോലെയുള്ള മറ്റ്‌ ചില കാര്യങ്ങളുമെല്ലാം ചില പ്രൈവറ്റ്‌‌ സ്കൂളുകളില്‍ റ്റീച്ചേഴ്സിനു ( മാഷന്മാര്‍ക്കും ) ഓവര്‍ക്കോട്ട്‌ നിര്‍ബന്ധമാക്കിയിരിക്കുന്നു ഇതിനു മുന്നെതന്നെ.. സാരിയേക്കാള്‍ കുറച്ച്‌ കൂടി നല്ലത്‌ (മാന്യമായ രീതിയിലാണെങ്കില്‍.. ) ചുരിദാര്‍ അല്ലെങ്കില്‍ ചുടിദാര്‍ ആണെന്ന് തോന്നിയത്‌
കൊണ്ടാണോ എന്നറിയില്ല.. ചുരിദാര്‍ ധരിച്ച്‌ പഠിപ്പിക്കാന്‍ വരാന്‍ അനുവാദം വേണ്ടപ്പെട്ടവര്‍ വിലക്കിയില്ല എന്നത്‌ നല്ല കാര്യം തന്നെ..

റ്റീച്ചറന്മാര്‍ക്ക്‌ ഈ ചുരിദാര്‍ പ്രേമം .. സാരിയേക്കാള്‍ കുറച്ച്‌ കൂടി നല്ല വസ്ത്രവും സൌകര്യവും ( ഇന്നത്തെ സാഹചര്യത്തില്‍ പീഢിപ്പിക്കാന്‍ വരുന്നവനിട്ട്‌ കാലു പൊക്കി കിക്കാനും അറ്റ്ലീസ്റ്റ്‌ ഓടാനെങ്കിലും സൌകര്യം ) ഇതാണെന്നു തോന്നിയിട്ടോ ?
( അതോ.. ഏത്‌ കോളേജിലാ പഠിക്കുന്നത്‌ എന്ന പരസ്യത്തിന്റെ വലയില്‍ അകപ്പെട്ടോ ? )

Wednesday, January 16, 2008

മടിയന്മാരും മടിച്ചികളും അറിയാന്‍..

ന്യൂയോര്‍ക്കില്‍ ഈയിടെയായി ലോക മടിയനെ / മടിച്ചിയെ കണ്ടെത്താന്‍ ഒരു മത്സരം നടന്നുവത്രെ...

ഒന്നാം സമ്മാനം കിട്ടിയ ലോക മടിയന്‍. തുടര്‍ച്ചയായി 29 മണിക്കൂര്‍ ടെലിവിഷന്‍ പ്രോഗ്രാം കണ്ടിട്ടാണത്രെ തന്റെ ഒന്നാം സ്ഥാനം ഉറപ്പിച്ചത്‌.. 29 മണിക്കൂറിനിടയില്‍ 8 മണിക്കൂറില്‍ ഒരിക്കല്‍ ടോയ്ലറ്റില്‍ പോകാനുള്ള അനുവാദമുണ്ടായിരുന്നു.. പിന്നെ ഇഷ്ടമുള്ളതെന്തും ഓര്‍ഡര്‍ ചെയ്ത്‌ ഫ്രീയായി ശാപ്പിടാം..

5000 ഡോളറും, വലിയ ഒരു ടെലിവിഷന്‍ സെറ്റും, അടിപൊളി ( അടിപൊളിയാത്ത) ഒരു സോഫയും പിന്നെ ഒരു പൊട്ടറ്റൊ മോഡല്‍ പിടിപ്പിച്ച ട്രോഫിയുമാണു ഇഷ്ടനു കിട്ടിയ സമ്മാനം .

ഈ വാര്‍ത്ത നമ്മുടെ ചില വീട്ടമ്മമാര്‍ കേട്ടാല്‍ 'ഇതാണോ ഇത്ര വലിയ കാര്യം ? എന്നു തിരിച്ചു ചോദിക്കാന്‍ ഇടയുണ്ട്‌..

ലോകാവസാനം വരെ നീളുന്ന സീരിയലുകളും , റിയാലിറ്റിയുമായി പുലബന്ധം പോലുമില്ലാത്ത റിയാലിറ്റി ഷോകളും 29 മണിക്കൂറല്ല 29 ദിവസം തന്നെ ഇവര്‍ ഇരുന്നു കണ്ടു കൊള്ളും.. ഇടക്ക്‌ ടോയ്ലറ്റില്‍ പോകേണ്ട ആവശ്യം പോലും വേണ്ടിവന്നാല്‍ ഒഴിവാക്കാവുന്നതേയുള്ളൂവെന്നാണു പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത നബീസാത്ത രഹസ്യമായി പറഞ്ഞത്‌..

സ്നേഹത്തോടെ
ഒരു മടിയന്‍

Related Posts with Thumbnails