Monday, November 28, 2011

ടെന്‍ഷന്‍ മാറിയ വഴി !

തോര്‍ത്ത് മുണ്ടില്‍, കൈകളില്‍, തലയിണകളില്‍.. എവിടെയൊക്കെ സ്പര്ശനമേല്‍ക്കുന്നുവോ അവിടെയെല്ലാം സുലഭമായി കണ്ടിരുന്നതാണ്‌.. കൂടുതല്‍ കാണുമ്പോള്‍ കൂടുതല്‍ ടെന്‍ഷന്‍... കാച്ചിയതും കാച്ചാത്തതുമായ വെളിച്ചെണ്ണകള്‍..ഒറ്റമൂലികള്‍ .. ... *ഗള്‍ഫ് ഗേറ്റ് വരെയെത്തിയതാണ്‌ ചിന്തകള്‍ . ആയിടക്കാണാ മരുന്നിന്റെ പരസ്യം ശ്രദ്ധയില്പെട്ടത്. ഒട്ടും പ്രതീക്ഷയില്ലായിരുന്നു.. എങ്കിലും ഭ്യാര്യയുടെ നിര്‍ബന്ധത്തിനു അയാള്‍ വഴങ്ങി..

ഇപ്പോള്‍ തോര്‍ത്തു മുണ്ടില്‍, കൈകളില്‍ ‍ ..എന്തിന്‌ ഉറങ്ങി ഉരുണ്ടാലും തലയിണയില്‍ പോലും പേരിനു ഒരെണ്ണം കാണാന്‍ കഴിയില്ല.. അയാള്‍ കുളിക്കുന്നു. .തോര്‍ത്തുന്നു. ഉറങ്ങിയെഴുന്നേല്‍ക്കുന്നു.. ഒട്ടുമില്ല ടെന്‍ഷന്‍ .. !

കൊഴിയാനായി ഒറ്റ മുടിയുമില്ല !!


*ഹെയര്‍ ഫിക്സിംഗ് സ്ഥാപനം

Friday, November 11, 2011

11-11-11 ന്റെ വിവാഹത്തിനു ആശംസകൾ

ഇന്ന് 11-11-11  ഈ ദിവസം നാട്ടിലുണ്ടാ‍വുമെന്ന് കരുതി  ഒരുപാട് ഒരു പാട്  ഇല്ലെങ്കിലും കുറച്ചൊക്കെ സ്വപനങ്ങൾ മനസിലെ ബിഗ് സ്ക്രീനിൽ കണ്ടിരുന്നതാണ്.. ഒരു വെടിക്ക് മൂന്ന് പക്ഷി എന്നതായിരുന്നു ലക്ഷ്യം...   അഥവാ ഒക്റ്റോബർ 25 നു നാട്ടിലെത്തി നവംബർ 13 നു തിരിച്ചു വരുന്ന അവധി ഷെഡ്യൂളിൽ ബലി പെരുന്നാളിനു കുടുംബത്തോടൊപ്പം ചേരുക..  നവംബർ 7 നു എന്റെയും എന്റെ ബീവിയുടെയും  സ്വന്തം പതിനഞ്ചാമത് വിവാഹ വാർഷികം ഒരുമിച്ച് ആഘോഷിക്കുക. അത് കഴിഞ്ഞ് 11-11-11 ന്റെ നിക്കാഹിലും സത്കാരത്തിലും പങ്ക് കൊണ്ട് വധൂ വരന്മാരെ അനുഗ്രഹിക്കുക ( കാര്യമായിട്ടാ) എന്നതൊക്കെയായിരുന്നു വെടിയേൽക്കാതെ  രക്ഷപ്പെട്ട ആ മൂന്ന് പക്ഷികൾ..   ആദ്യപടിയായി ലീവ് ഒ.കെ യായി വരുകയായിരുന്നു. അതിനിടയ്ക്ക് മറ്റൊരാൾ മുന്നെ കൊടുത്ത ലീവ് എന്റെ ലീവുമായി ഉടക്കി..എന്റെത് പിന്തള്ളപ്പെട്ടു മാത്രമല്ല മൂന്ന് പക്ഷിക്ക് പകരം  മൂന്ന് വെടിയാണ് തിരിച്ച് കിട്ടിയത്.. ഒന്ന് ലീവ് കാൻസൽ, രണ്ട് ലീവിനു പോകുന്ന സെക്രട്ടറിക്ക് പകരമായി ചൂടൻ ബോസുമായി ഒറ്റയ്ക്ക് ജോലിചെയ്യണം എന്ന ഓർഡർ, മൂന്നാമത്തേത് ഒരു ഭീഷണിയാണ്  ..  അത് തത്‌കാ‍ലം സീ‍ക്രട്ടായിരിക്കട്ടെ :)   അങ്ങിനെ ഒരു വെടിക്ക് മൂന്ന് പക്ഷി സ്വപ്നം കണ്ട എനീക്ക് കിട്ടിയ മൂന്ന് വെടിയുമേറ്റ് പ്രവാസിയുടെ സ്ഥിരം പ്രയാസവുമായി   ബലിപെരുന്നാൾ ബോറടിച്ച് കടന്ന് പോയി..വിവാഹ വാർഷികം.. ഓർമ്മകളേ..  വിരഹ ഗാനം പാടി നടന്നു പോയി.. ഇപ്പോഴിതാ 11-11-11 ന്റെ നിക്കാഹ്  ..പ്രിയ ജേഷ്ഠൻ മാലപ്പാടക്കം ബ്ലോഗർ    സിദ്ധീഖ് തൊഴിയൂരിന്റെ പ്രിയ മകൾ നസ്‌നി അഥവാ നമ്മുടെ (ചിപ്പീ) നേന മോളൂടെ താത്താടെ നിക്കാഹ് കടന്നു വന്നു..  അതിതാ ഇന്ന് നടക്കുന്നു.   സിദ്ധിഖാനെ വിളിച്ചു ശൈലാത്താനെ വിളിച്ചു എന്റെ ബീവിയെ വിളിച്ചു  എല്ലാരെയും വിളിച്ചു അവരെല്ലാം സന്തോഷത്തിലാണ് (ഒരു പിതാവിന്റെ ഉത്കണ്ഢയും മറ്റും സിദ്ധീഖിന്റെ സംസാരത്തിലുണ്ടെങ്കിലും )  ..

എന്നെപ്പോലെ തന്നെ വിവാഹ നാളിൽ നാട്ടിലെത്താൻ കരുതി സാധിക്കാതെ  സിദ്ധിഖിന്റെ സ്വന്തം ജേഷ്ഠൻ മോമ്മാലിക്ക (മുഹമ്മദലി) യും അബുദാബിയിലുണ്ട്..   മോമ്മാലിക്കാടെ മകളുടെ വിവാഹം കഴിഞ്ഞ മാസമായിരുന്നു. അതിൽ പങ്കെടുത്ത് തിരിച്ച് വന്നതായിരുന്നു.. വീണ്ടുമൊരുയാത്രയ്ക്ക് നിർവാഹമില്ലാതെയായി.... 

നസ്‌നിമോളെ നിക്കാഹ് ചെയ്യുന്നത് അലി മാണിക്കത്ത്  (തൊഴിയൂർ )അത്യാവശ്യം എഴുതുന്ന ആളാണ്..കൂടുതൽ പരിചയപ്പെടാൻ കഴിഞ്ഞിട്ടില്ല.  എന്നാലും വധുവിന്റെ  കുഞ്ഞുപ്പ എന്ന നിലയിൽ ചില ഉപദേശങ്ങാളൊക്ക് നൽകിയിട്ടുണ്ട്... ( ഭാഗ്യവാനായ വരൻ )  ബാക്കി പിന്നെ.. ഇൻശാ അല്ലാഹ്..


സാധാരണ നിലയിൽ അടുത്തകാലത്ത് വെള്ളിയാഴ്ചകളിൽ മുസ്‌ലിം വിവാഹം നടത്താറില്ല മുൻ‌കാലങ്ങളിൽ പതിവായിരുന്നെങ്കിലും..  എന്നാൽ വരൻ അലിയുടെ പ്രത്യേക താത്പര്യമാണ് നൂറ്റാണ്ടിലെ അപൂർവ്വ ദിനമായ 11-11-11 നു തന്നെ നിക്കാഹ് നടത്തണമെന്നത്..  അത് ഇതാ പൂവണിയുന്നു..    ഈ സുദിനത്തിൽ ഒരുമിച്ച് ചേരാൻ  കഴിയാത്തതിൽ ഏറെ ദു:ഖമുണ്ടെങ്കിലൂം എല്ലാം പതിവുപോലെ ഉള്ളീലൊതുക്കി ഈ ഊഷരഭൂവിൽ നിന്നും ഊഷ്മളമായ വിവാഹ മംഗളാശംസകൾ നേരുന്നു.. പ്രിയ മകൾ നസ്‌നിക്കും മരുമകൻ അലി മാണിക്കത്തിനും..    പ്രിയപ്പെട്ടവരേ.. നിങ്ങളും നേരുമല്ലോ ആശംസകൾഈ  പോസ്റ്റ് 11-11-11 നു 11-11 നു പോസ്റ്റ് ചെയ്യുന്നു..  :)

Monday, October 3, 2011

ബ്ലോഗില്‍ കമന്റ് ആവശ്യമുള്ളവരുടെ ശ്രദ്ധയ്ക്ക് !!

പ്രിയ ബ്ലോഗര്‍മാരെ ബ്ലോഗിണിമാരെ

എല്ലാവരുടെയും ശ്രദ്ധയിലേക്കായി ഒരു അറിയിപ്പ്. ഇനി മറ്റൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ വേറൊരു അറിയിപ്പും ഉണ്ടായിരിക്കുന്നതല്ല. അതിനാല്‍ ഇതൊരു അറിയിപ്പായി കണക്കാക്കാന്‍ അറിയിക്കുന്നു

പല ബ്ലോഗുകളിലും കമന്റ് ഫോം ബ്ലോഗ് പോസ്റ്റിനു താഴെ സെറ്റ് ചെയ്തതായി കാണാന്‍ കഴിയുന്നു. അതാണ്‌ ഭംഗി എന്നതിനാലാവാം.. എന്നാല്‍ അങ്ങിനെ സെറ്റ് ചെയ്തിട്ടുള്ള പല ബ്ലോഗിലും കമന്റ് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയുണ്ടെന്ന് ആരും അറിയുന്നില്ല എന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതിനാല്‍ അല്പം ഭംഗിയില്ലെങ്കിലും കമന്റ് ചെയ്യുന്നവരെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതുന്നവര്‍ ബ്ലോഗ് ഡാഷ് ബോഡിലെ സെറ്റിംഗില്‍ ക്ലികി അവിടെ കമന്റ് ഓപ്ഷനില്‍ പോയി എംബഡഡ് ബിലോ പോസ്റ്റ് എന്നതിനു പകരം ഫുള്‍ പേജ് എന്നതോ പോപ് അപ് വിന്‍ഡോയോ സെലകറ്റ് ചെയ്ത് സേവ് ചെയ്യാന്‍ ഇതിനാല്‍ അഭ്യര്‍ഥിക്കുന്നു.

NB :  എല്ലാ ബ്ലോഗിലും ഈ പ്രശ്നം ഉണ്ടോ എന്ന് അറിയില്ല. ചില പ്രത്യേക ടെമ്പ്ലേറ്റുകളും പോസ്റ്റിനു താഴെയുള്ള കമന്റു ഫോമും ചേരുമ്പോഴാണ് ഈ പ്രശ്നം എന്നാണ്‌ വിശദീകരണം.. അതിനാല്‍   എല്ലാ ടെംബ്ലേറ്റിമും ബാധകമാണെന്നല്ല എന്നാണ്‌ അതിനെ പറ്റി വിവരമുള്ളവരില്‍ നിന്ന് അറിയാന്‍ സാധിച്ചത്
പിന്നെ ഇതിനെ പറ്റി സാങ്കേതികമായി കൂടുതല്‍ ചോദിക്കരുത്.. (ഞാന്‍ ലീവെടുക്കും )എന്റെ അനുഭവം നിങ്ങളുമായി പങ്ക് വെച്ചു എന്ന് മാത്രം..

കൂടുതല്‍ അറിവുള്ളവര്‍ക്ക് അവരുടെ അറിവ് പങ്കു വെക്കാം..

ഹാപ്പി ബ്ലോഗിംഗ് :)


ഇപ്പോൾ കിട്ടിയത് :1

ബ്രൗസറിൽ ഇന്റെർനെറ്റ് ഓപ്ഷനിൽ പോയി ടെമ്പററി ഇന്റർനെറ്റ് ഫയലുകൾ / കുക്കിസ് ( see the above image )എല്ലാം ഡിലിറ്റ് ചെയ്ത് റിഫ്രഷ് ചെയ്താൽ ഒരു പരിധി വരെ ഇതിനൊരു പരിഹാരമാവുന്നതായി കാണുന്നു.

Monday, September 5, 2011

ഗള്‍ഫു‌കാരന്റെ സേ(ഷേ)വിംഗ്സ്

ഹലോ..
അസ്സലാമു അലൈക്കും


വ അലൈക്കുമുസ്സലാം
എന്താ ഇക്ക ഇന്നലെ വിളിച്ചില്ല..


അത് മോളെ, ഇന്നലെ ഞാൻ വിളിച്ച്.. പക്ഷെ ലൈൻ കിട്ടിയില്ല..


ഇക്കാക്ക് മാത്രം ഒരു ലൈൻ കിട്ടാത്ത പ്രശ്നം..
ഇന്റർ നെറ്റ് കോളിലും ഇങ്ങനെ പിശുക്കാൻ തുടങ്ങിയാൽ പിന്നെ...


അത് പോട്ടെ .. അടുത്ത വ്യാഴാഴ്ച റഫിഖ് നാട്ടിൽ വരുന്നുണ്ട്.അവൻ പാർസൽ അയക്കുന്നുണ്ടത്രെ.. നിനക്കും മോൾക്കും പിന്നെ വീട്ടിൽക്കും എന്താ കൊടുത്തയക്കേണ്ടത്..?


ഒന്നും വേണ്ടക്കാ ..ഇക്ക ഒന്ന് വരാൻ നോക്ക്..


വരുന്ന കാര്യം നമുക്കാലോചിക്കാം. ഇപ്പോ
എന്തെങ്കിലും കൊടുത്തയക്കാം.. നീ ലിസ്റ്റ് പറ


എന്നാൽ പിന്നെ ഒരു ടാങ്ക് കൊടുത്തയച്ചോ..ഓറഞ്ച് മതി..


ടാങ്കോ ? അതൊന്നും കലക്കി കുടിക്കണ്ട..എല്ലാം കെമിക്കലാ..
പിന്നെ ഇവിടെ നിന്ന് ടാങ്ക് വേടിച്ച് അത് പാർസൽ ചാർജ്ജും കൊടുത്ത് അയക്കുന്നതിനേക്കാൾ നല്ലത് ഈ വിലക്ക് ഇതേ ടാങ്ക് കുന്ദംകുളത്ത് കിട്ടും..പാർസൽ അയക്കുന്ന പൈസ സേവും ചെയ്യാം.


എന്നാൽ പിന്നെ ഒരു ടിൻ പാൽ പൊടി മതി


പാൽ പൊടി വേണോ ..നമ്മുടെ നാട്ടിലെ പാല്പൊടിയുടെ ഗുണമൊന്നും ഇപ്പോൾ ഇവിടുന്ന് വാങ്ങുന്ന പൊടിക്കില്ല. പിന്നെ വിലയും ഇപ്പോൾ കൂടി.. നീ വേറേ എന്തെങ്കിലും വേണമെങ്കിൽ പറയ്..എന്നാൽ പിന്നെ മോൾക്ക് ഒരു ജോഡി ഡ്രസ് കൊടുത്തയച്ചോ..മോമാലിക്കാടെം സിദ്ധിക്കാടേം മക്കൾടെ കല്ല്യാണമൊക്കെയല്ലേ വരുന്നത്..അവിടെ ലുലു വിൽ രണ്ട് എടുത്താൽ ഒന്ന് ഫ്രി ആണെന്നല്ലേ കേൾക്കുന്നത്..ഡ്രസ് നീ കുന്ദംകുളത്ത് നിന്ന് തന്നെ എടുത്തോ.. അതാവുമ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് എടുക്കാം. ഇവിടുന്ന് വാങ്ങുന്നതിനേക്കാൾ വില കുറവും ഉണ്ട്.. ഇവിടുത്തെ ഫ്രീയൊക്കെ കണക്കാ.!


എന്നാൽ പിന്നെ ഇക്കാടെ ഒരു ഫോട്ടോ കൊടുത്തയക്ക്..മോൾ ചോദിക്കുമ്പോൾ കാണിച്ച് കൊടുക്കാലോ..


അപ്പോൾ നിനക്കെന്റെ ഫോട്ടൊ വേണ്ടേ.. ഞാൻ നേരിട്ട് വന്ന് കാണാനായിരിക്കും അല്ലേ.. കൊച്ചു ഗള്ളീ..


എന്തിനാ ഇക്ക ടിക്കറ്റിനു കാശു മുടക്കി ലീവ് എടുത്ത് വരുന്നത്.. ആ സമയം ജോലി ചെയ്താൽ ആ കാശ് സേവ് ചെയ്യാലോ.. പിന്നെ ടാങ്കും ,പൊടിയും ,ഡ്രസ്സും മാത്രല്ല ... വേറേ എന്ത് വേണോന്ന് വെച്ചാലും ഇവിടെ തന്നെ കിട്ടും .. അതിനു കുന്ദംകുളത്തേക്ക് പോവുകയും വേണ്ട..അല്ലാ....അതേയ്.. കുന്ദം കുളത്തൊക്കെ ഡ്യൂപ്പാ... ഞാൻ നല്ല ഒറിജിനൽ ടാങ്കും പാല്പൊടിയും പിന്നെ നിനക്ക് ഫെയർ & ലൗലിയും കൊടുത്തയക്കുന്നുണ്ട്.. പോരേ..


അല്ല ഇക്ക.. ബുദ്ധിമുട്ടണ്ട.. ഞാൻ ഇവിടുള്ള ഡൂപ്പ് കൊണ്ട് അഡ്ജസ്റ്റ് ചെയ്തോളാം.. ആവശ്യത്തിനു കിട്ടാത്ത ഒറിജിനലിലേക്കാൾ നല്ലത് വേണ്ടപ്പോൾ കിട്ടുന്ന ഡൂപ്പാണെന്ന് ഇക്ക തന്നെ പറഞ്ഞത് ഓർക്കുന്നില്ലേ.. ഇക്ക അവിടെ ദിവസോം 'ഷേവ്' ചെയ്ത് ഇരുന്നോ.. ഞാൻ ഫോൺ വെക്കുന്നു..

ഹലോ.. ഹലോ..ഹലോ..==============================

ഗുണപാഠം..

പ്രവാസികൾ കണക്ക് പറയരുത്..പ്രത്യേകിച്ച് ഭാര്യയോട്.


സമര്‍പ്പണം :

തടസ്സങ്ങളൊന്നുമില്ലെങ്കിലും, വര്‍ഷങ്ങളായി നാട്ടില്‍ പോവാത്ത എല്ലാ പ്രവാസി മലയാളികള്‍ക്കും

Tuesday, March 8, 2011

രുചിനോക്കുന്ന സമയം

‘കാർന്നോരുടെ വാക്കുകൾ കാര്യമാക്കരുത്’ എന്നാണ് പുതിയ പ്രമാണെമെങ്കിലും ‘ പുതിയത് വല്ലതും പോസ്റ്റെടാ എന്ന ഈ കാർന്നോരുടെ വാക്ക് തള്ളിക്കളയാൻ എനിക്കാവില്ല. കാരണം. ..എഴുത്തിന്റെയും (കത്തെഴുത്ത് മുതൽ കത്തിയെഴുത്ത് വരെ ) വരയുടെയും (തലവര)ബാലപാഠം ഞാൻ സ്വായത്തമാക്കിയത് ഈ മാന്യദേഹത്തിൽ നിന്നാണല്ലോ..ഇദ്ദേഹത്തിന്റെ എഴുത്തിന്റെ രഹസ്യങ്ങൾ പിന്നീട് എഴുതാം (കുറച്ച് പൈസ കടം ചോദിച്ചിട്ടുണ്ട് അത് തരുമോ എന്ന് നോക്കട്ടെ )

കുറെ നാളായി എന്തെങ്കിലുമെഴുതാൻ കരുതി. നടക്കുന്നില്ല. എഴുതാനുള്ള വിഷയങ്ങൾ ഏറെ ഈ കഴിഞ്ഞ ഇടവേളകളിൽ ജീവിതത്തെ സ്പർശിച്ച് കടന്നു പോയി. അതിലൊന്ന് കുറിക്കാം. തത്കാല ശാന്തിയ്ക്ക്….

പതിവു പോലെ ഉച്ചയ്ക്ക് ഭക്ഷണത്തിനും വിശ്രമത്തിനുമായി കട പൂട്ടി റൂമിലെത്തിയതായിരുന്നു ഷമീർ. ജേഷ്ടനും മറ്റു സുഹൃത്തുക്കളും ഭക്ഷണം കഴിച്ചു കിടന്നിരിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിലെ പതിവ് പരിപാടി ടി.വി. കാണൽ അന്നും മുടക്കമില്ലാതെ ഭക്ഷണശേഷവും തുടർന്നു. ചാനലിൽ നിന്ന് ചാനലിലേക്ക്,.. മാറി മാറി സഞ്ചരിച്ച് കൊണ്ടേയിരുന്നു അയാൾ ....

ഉറക്കമെഴുന്നേറ്റ ഷമീറിന്റെ ജേഷടൻ ബക്കർക്ക ബാത് റൂമിലെ വാഷ് ബേസിൽ മുഖം കഴുകി ഒരു സുലൈമാനി (കട്ടൻ ചായ)ഉണ്ടാക്കാൻ അടുക്കളയിലെക്ക് നടക്കുമ്പോഴും ഷമീർ ഒറ്റയിരുപ്പാണ് റിമോട്ടും ഞെക്കിപ്പിടിച്ച് കൊണ്ട്… എടാ നീ ഇത് വരെ ഉറങ്ങിയില്ലേ. ടി.വി കാണൽ മാത്രമായിരിക്കുന്നു നിന്റെ പരിപാടി. ഏത് നേരവും.. നിസ്കരിക്കാൻ പോലും നിനക്ക് നേരമില്ലാണ്ടായിരിക്കുന്നു. കോപമടക്കി ഷമീറിന്റെ കയ്യിൽ നിന്ന് റിമോട്ട് പിടിച്ച് വാങ്ങി ജേഷടൻ .


കസേരയിൽ ഇരുന്ന ഇരുപ്പിൽ ഒരു ഭാഗത്തേക്ക് ചെരിഞ്ഞ് വീഴുകയായിരുന്ന ഷെമിറിനെ താങ്ങിയ ബക്കർക്കാടെ തൊണ്ടയിൽ കുരുങ്ങിയ നിലവിളി അധികം താമസിയാതെ മറ്റുള്ളവരിലേക്കും പടർന്നു. അപ്പോഴും ചാനലിൽ ആരോ ഡെഡിക്കേറ്റ് ചെയ്ത ഗാനം ആടി തിമിർക്കുന്നുണ്ടായിരുന്നു.

ഇത് കഥയല്ല. ഈയടുത്ത് മുസ്വഫയിൽ ഉണ്ടായ ഒരു മരണം( ..പേരുകൾ മാത്രം മാറ്റിയതാണ്.) ടി.വി റിമോട്ട് പിടിച്ച് , ആർക്കും ഡെഡിക്കേറ്റ് ചെയ്യാൻ സമയം കിട്ടുന്നതിനു മുന്ന് മരണത്തിന്റെ മാലാഖ അയാളെ തേടിയെത്തി..ടി.വി ഒന്ന് ഓഫാക്കാനുള്ള സെകന്റ് പോലും നീട്ടികിട്ടിയില്ല.. !!

ഈ അടുത്തായി നാട്ടുകാരും അയൽ വാസികളുമായ എറേ പേർ ,സുഹൃത്തിനെ പിതാവ്, പിഞ്ചു മകൻ .. എല്ലാവരും മരണമെന്ന യാഥാർത്ഥ്യം രുചിച്ച് കൊണ്ട് ഈ ലോകത്തോട് വിട പറഞ്ഞു.. ഏറെയും ആരും നിനച്ചിരിക്കാതെയുള്ള വിട വാങ്ങലുകൾ... അന്ത്യ നിമിഷങ്ങൾ അതെങ്ങിനെയായിരിക്കുമെന്ന് ആർക്ക് പ്രവചിക്കാൻ സാധിക്കും !

ഈ ബ്ലോഗ് എനിക്ക് പോസ്റ്റ് ചെയ്യാൻ കഴിയുമോ ? എന്നെനിക്ക് നിശ്ചയമില്ല. അതിനൊരു ഉറപ്പ് ആർക്കും തരാനാവില്ല. പക്ഷെ മനുഷ്യൻ കൂടുതൽ അഹങ്കാരിയായികൊണ്ടിരിക്കുന്നു. അവൻ അറിയാത്തതിന്റെ ശത്രുവായിതീരുന്നു. തന്റെ ഠാ വട്ട ബുദ്ധിയിലില്ല്ലാത്തതൊന്നുമില്ലെന്ന് വിമ്പു പറയുന്നു. മറ്റുള്ളവരെല്ലാം വിവരം കെട്ടവർ.. താൻ മാത്രം യോഗ്യൻ എല്ലാം തികഞ്ഞവൻ… നല്ലത് ഉപദേശിച്ചാൽ പരിഹാസം മാത്രം പ്രതിഫലം.. ആദരവ് എന്നത് അവന്റെ നിഘണ്ടുവിൽ ഇല്ല. സ്വന്തം മാതാപിതാക്കളും ഗുരുനാഥന്മാരും പണ്ഡിതരുമെല്ലാം വിവരം കെട്ടവർ.. അവർക്കൊന്നുമില്ലാത്ത പുതിയ അറിവുമായി ലോകത്തിന്റെ നെറുകയിൽ കയറി ഇരിക്കുന്നവൻ. പക്ഷെ അവൻ അറിയുന്നില്ല താൻ നഗനനാണെന്ന്. എല്ലാം തനിക്ക് ബോധ്യപ്പെടണം അല്ലാത്തതെല്ലാം അസത്യമെന്ന് പുലമ്പുന്നവൻ. ചെരുപ്പിനൊപ്പിച്ച് കാലു മുറിച്ച് ആ ചോര പാതയിൽ ഒലിപ്പിച്ച് നാട്ടിൽ നാക്കിട്ടിളക്കി നാ‍ലാളുകളുടെ മുന്നിൽ കേമനാവാൻ എന്തും പറയുന്നവൻ ..
ഒരു പക്ഷെ മറന്നു പൊയിക്കാണും തൊട്ടടുത്ത നിമിഷം നിഷേധിക്കാനാവത്ത മരണമെന്ന സത്യം തന്നെ പിടികൂടുമെന്ന്. അന്ന് താൻ ചെയ്ത അപരാധങ്ങൾക്ക് പശ്ചാത്തപിക്കാൻ ഒരു സെകന്റ് സമയം പോലും അനുവദിക്കപെടുകയില്ലെന്ന്

താൻ പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം ആരോപിക്കുന്നതുമെല്ലാം എന്തിനു വേണ്ടി യാണെന്ന് നെഞ്ചിൽ കൈ വെച്ച് ഒരു നിമിഷം ശാന്തമായി ആലോചിക്കാൻ നമ്മിൽ എത്ര പേർ സമയം കണ്ടെത്തുന്നു ?

പറഞ്ഞതും എഴുതിയതും പ്രവർത്തിച്ചതുമെല്ലാം വൻ അബദ്ധമാണെന്ന് ബോധ്യപ്പെട്ടാലും അവിടെ തന്നെ കടിച്ച് തൂങ്ങുന്നവർ.സമയമതിച്ചിരിക്കുന്നതായി മനസിലാക്കി ഒരു വീണ്ടു വിചാരത്തിനു തയ്യാറാവേണ്ടിയിരിക്കുന്നു.

മരണമെന്ന യാഥാർത്ഥ്യം രുചിക്കുന്നതിനു മുന്നെ..

എല്ലാവർക്കും നന്മകൾ നേർന്ന് കൊണ്ട്
വാലും തലയുമില്ലാത്ത ഈ നുറുങ്ങ് ഏവർക്കുമായി


മലയാളം.കോം ഈ കുറിപ്പ് പുനപ്രസിദ്ധീകരീച്ചത്
@ malayalm.com

Related Posts with Thumbnails