Tuesday, March 8, 2011

രുചിനോക്കുന്ന സമയം

‘കാർന്നോരുടെ വാക്കുകൾ കാര്യമാക്കരുത്’ എന്നാണ് പുതിയ പ്രമാണെമെങ്കിലും ‘ പുതിയത് വല്ലതും പോസ്റ്റെടാ എന്ന ഈ കാർന്നോരുടെ വാക്ക് തള്ളിക്കളയാൻ എനിക്കാവില്ല. കാരണം. ..എഴുത്തിന്റെയും (കത്തെഴുത്ത് മുതൽ കത്തിയെഴുത്ത് വരെ ) വരയുടെയും (തലവര)ബാലപാഠം ഞാൻ സ്വായത്തമാക്കിയത് ഈ മാന്യദേഹത്തിൽ നിന്നാണല്ലോ..ഇദ്ദേഹത്തിന്റെ എഴുത്തിന്റെ രഹസ്യങ്ങൾ പിന്നീട് എഴുതാം (കുറച്ച് പൈസ കടം ചോദിച്ചിട്ടുണ്ട് അത് തരുമോ എന്ന് നോക്കട്ടെ )

കുറെ നാളായി എന്തെങ്കിലുമെഴുതാൻ കരുതി. നടക്കുന്നില്ല. എഴുതാനുള്ള വിഷയങ്ങൾ ഏറെ ഈ കഴിഞ്ഞ ഇടവേളകളിൽ ജീവിതത്തെ സ്പർശിച്ച് കടന്നു പോയി. അതിലൊന്ന് കുറിക്കാം. തത്കാല ശാന്തിയ്ക്ക്….

പതിവു പോലെ ഉച്ചയ്ക്ക് ഭക്ഷണത്തിനും വിശ്രമത്തിനുമായി കട പൂട്ടി റൂമിലെത്തിയതായിരുന്നു ഷമീർ. ജേഷ്ടനും മറ്റു സുഹൃത്തുക്കളും ഭക്ഷണം കഴിച്ചു കിടന്നിരിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിലെ പതിവ് പരിപാടി ടി.വി. കാണൽ അന്നും മുടക്കമില്ലാതെ ഭക്ഷണശേഷവും തുടർന്നു. ചാനലിൽ നിന്ന് ചാനലിലേക്ക്,.. മാറി മാറി സഞ്ചരിച്ച് കൊണ്ടേയിരുന്നു അയാൾ ....

ഉറക്കമെഴുന്നേറ്റ ഷമീറിന്റെ ജേഷടൻ ബക്കർക്ക ബാത് റൂമിലെ വാഷ് ബേസിൽ മുഖം കഴുകി ഒരു സുലൈമാനി (കട്ടൻ ചായ)ഉണ്ടാക്കാൻ അടുക്കളയിലെക്ക് നടക്കുമ്പോഴും ഷമീർ ഒറ്റയിരുപ്പാണ് റിമോട്ടും ഞെക്കിപ്പിടിച്ച് കൊണ്ട്… എടാ നീ ഇത് വരെ ഉറങ്ങിയില്ലേ. ടി.വി കാണൽ മാത്രമായിരിക്കുന്നു നിന്റെ പരിപാടി. ഏത് നേരവും.. നിസ്കരിക്കാൻ പോലും നിനക്ക് നേരമില്ലാണ്ടായിരിക്കുന്നു. കോപമടക്കി ഷമീറിന്റെ കയ്യിൽ നിന്ന് റിമോട്ട് പിടിച്ച് വാങ്ങി ജേഷടൻ .


കസേരയിൽ ഇരുന്ന ഇരുപ്പിൽ ഒരു ഭാഗത്തേക്ക് ചെരിഞ്ഞ് വീഴുകയായിരുന്ന ഷെമിറിനെ താങ്ങിയ ബക്കർക്കാടെ തൊണ്ടയിൽ കുരുങ്ങിയ നിലവിളി അധികം താമസിയാതെ മറ്റുള്ളവരിലേക്കും പടർന്നു. അപ്പോഴും ചാനലിൽ ആരോ ഡെഡിക്കേറ്റ് ചെയ്ത ഗാനം ആടി തിമിർക്കുന്നുണ്ടായിരുന്നു.

ഇത് കഥയല്ല. ഈയടുത്ത് മുസ്വഫയിൽ ഉണ്ടായ ഒരു മരണം( ..പേരുകൾ മാത്രം മാറ്റിയതാണ്.) ടി.വി റിമോട്ട് പിടിച്ച് , ആർക്കും ഡെഡിക്കേറ്റ് ചെയ്യാൻ സമയം കിട്ടുന്നതിനു മുന്ന് മരണത്തിന്റെ മാലാഖ അയാളെ തേടിയെത്തി..ടി.വി ഒന്ന് ഓഫാക്കാനുള്ള സെകന്റ് പോലും നീട്ടികിട്ടിയില്ല.. !!

ഈ അടുത്തായി നാട്ടുകാരും അയൽ വാസികളുമായ എറേ പേർ ,സുഹൃത്തിനെ പിതാവ്, പിഞ്ചു മകൻ .. എല്ലാവരും മരണമെന്ന യാഥാർത്ഥ്യം രുചിച്ച് കൊണ്ട് ഈ ലോകത്തോട് വിട പറഞ്ഞു.. ഏറെയും ആരും നിനച്ചിരിക്കാതെയുള്ള വിട വാങ്ങലുകൾ... അന്ത്യ നിമിഷങ്ങൾ അതെങ്ങിനെയായിരിക്കുമെന്ന് ആർക്ക് പ്രവചിക്കാൻ സാധിക്കും !

ഈ ബ്ലോഗ് എനിക്ക് പോസ്റ്റ് ചെയ്യാൻ കഴിയുമോ ? എന്നെനിക്ക് നിശ്ചയമില്ല. അതിനൊരു ഉറപ്പ് ആർക്കും തരാനാവില്ല. പക്ഷെ മനുഷ്യൻ കൂടുതൽ അഹങ്കാരിയായികൊണ്ടിരിക്കുന്നു. അവൻ അറിയാത്തതിന്റെ ശത്രുവായിതീരുന്നു. തന്റെ ഠാ വട്ട ബുദ്ധിയിലില്ല്ലാത്തതൊന്നുമില്ലെന്ന് വിമ്പു പറയുന്നു. മറ്റുള്ളവരെല്ലാം വിവരം കെട്ടവർ.. താൻ മാത്രം യോഗ്യൻ എല്ലാം തികഞ്ഞവൻ… നല്ലത് ഉപദേശിച്ചാൽ പരിഹാസം മാത്രം പ്രതിഫലം.. ആദരവ് എന്നത് അവന്റെ നിഘണ്ടുവിൽ ഇല്ല. സ്വന്തം മാതാപിതാക്കളും ഗുരുനാഥന്മാരും പണ്ഡിതരുമെല്ലാം വിവരം കെട്ടവർ.. അവർക്കൊന്നുമില്ലാത്ത പുതിയ അറിവുമായി ലോകത്തിന്റെ നെറുകയിൽ കയറി ഇരിക്കുന്നവൻ. പക്ഷെ അവൻ അറിയുന്നില്ല താൻ നഗനനാണെന്ന്. എല്ലാം തനിക്ക് ബോധ്യപ്പെടണം അല്ലാത്തതെല്ലാം അസത്യമെന്ന് പുലമ്പുന്നവൻ. ചെരുപ്പിനൊപ്പിച്ച് കാലു മുറിച്ച് ആ ചോര പാതയിൽ ഒലിപ്പിച്ച് നാട്ടിൽ നാക്കിട്ടിളക്കി നാ‍ലാളുകളുടെ മുന്നിൽ കേമനാവാൻ എന്തും പറയുന്നവൻ ..
ഒരു പക്ഷെ മറന്നു പൊയിക്കാണും തൊട്ടടുത്ത നിമിഷം നിഷേധിക്കാനാവത്ത മരണമെന്ന സത്യം തന്നെ പിടികൂടുമെന്ന്. അന്ന് താൻ ചെയ്ത അപരാധങ്ങൾക്ക് പശ്ചാത്തപിക്കാൻ ഒരു സെകന്റ് സമയം പോലും അനുവദിക്കപെടുകയില്ലെന്ന്

താൻ പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം ആരോപിക്കുന്നതുമെല്ലാം എന്തിനു വേണ്ടി യാണെന്ന് നെഞ്ചിൽ കൈ വെച്ച് ഒരു നിമിഷം ശാന്തമായി ആലോചിക്കാൻ നമ്മിൽ എത്ര പേർ സമയം കണ്ടെത്തുന്നു ?

പറഞ്ഞതും എഴുതിയതും പ്രവർത്തിച്ചതുമെല്ലാം വൻ അബദ്ധമാണെന്ന് ബോധ്യപ്പെട്ടാലും അവിടെ തന്നെ കടിച്ച് തൂങ്ങുന്നവർ.സമയമതിച്ചിരിക്കുന്നതായി മനസിലാക്കി ഒരു വീണ്ടു വിചാരത്തിനു തയ്യാറാവേണ്ടിയിരിക്കുന്നു.

മരണമെന്ന യാഥാർത്ഥ്യം രുചിക്കുന്നതിനു മുന്നെ..

എല്ലാവർക്കും നന്മകൾ നേർന്ന് കൊണ്ട്
വാലും തലയുമില്ലാത്ത ഈ നുറുങ്ങ് ഏവർക്കുമായി


മലയാളം.കോം ഈ കുറിപ്പ് പുനപ്രസിദ്ധീകരീച്ചത്
@ malayalm.com

Related Posts with Thumbnails