Monday, November 2, 2020

ഗബ്ബർ സിംഗിന്റെ ഭീഷണി..!

പൊതു നിരത്തിൽ, കമ്പനി പരിസരങ്ങളിൽ എവിടെയായാലും മണലും പൊടിയും മാലിന്യങ്ങളും അടിച്ചുവാരി വൃത്തിയാക്കുന്ന തൊഴിലാളികളെ കണ്ടാൽ അറിയാതെ മനസ് ഏറെ പിറകിലേക്ക് സഞ്ചരിക്കും.
1992ൽ പ്രവാസജീവിതത്തിന്റെ ആദ്യഘട്ടത്തിൽ സൌദി അറേബ്യയിലെ അൽ കോബാറിലെ ഒരു ഓഫീസിൽ കേവലം ഒരു മാസത്തെ ഓഫീസ് അസിസ്റ്റന്റ് ജോലിക്ക് ശേഷം സ്പോൺസറുടെ തന്നെ ജേഷ്ടൻ ഗബ്ബർ സിംഗിന്റെ ( തൊഴിലാളികൾ അയാൾക്ക് നൽകിയ വിളിപ്പേര് അഥവാ സ്വാഭാവ സർട്ടിഫിക്കറ്റ് ) തുക്ബയിലുള്ള അറബി ഹോട്ടലിൽ ജോലിയെടുക്കുന്ന സമയം. ഒട്ടും പരിചയമില്ലാത്ത, പ്രയാസകരമായ ജോലിയെടുത്ത് ആറുമാസത്തോളം പിടിച്ചു നിന്ന ശേഷം, ഈ ജോലി തുടരാൻ ആവില്ലെന്നും നാട്ടിലേക്ക് തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ട് ജോലി നിർത്തിയതിന്റെ ദേശ്യം കൊണ്ട് വിറപൂണ്ട് ഗബ്ബർ സിംഗിന്റെ ഭീഷണി ‘നിന്നെ ഞാൻ റോഡിൽ ക്ലീനിംഗിന് വേണ്ടി നിയോഗിക്കും '!! .അയാളുടെ സ്വഭാവവും അധികാരസ്ഥാനങ്ങളിൽ ഉള്ള സ്വാധീനവും മറ്റും വെച്ച് ഭീഷണിയിൽ ഭയം തോന്നിയിരുന്നെങ്കിലും ഹോട്ടലിൽ ജോലി ചെയ്തിരുന്ന ഒരേ ഒരു മലയാളിയായ പ്രിയ സുഹൃത്ത് റ്റോണി എന്ന് വിളിച്ചിരുന്ന അന്റണി ലോറൻസിന്റെയും , മറ്റ് ഹിന്ദിക്കാരായ സഹ ജോലിക്കാരുടെയും അകമഴിഞ്ഞ പിന്തുണ കൊണ്ട് തീരുമാനത്തിൽ ഉറച്ച് നിന്ന് അവിടെ നിന്ന് രക്ഷപ്പെടുകയാണുണ്ടായത്.

28 വർഷങ്ങൾ കഴിഞ്ഞെങ്കിലും, ഇന്നും എല്ലാ കാലവാസ്ഥകളും സഹിച്ച് നാടും നഗരവും വൃത്തിയാക്കുന്ന കുറഞ്ഞ ശമ്പളക്കാരായ തൊഴിലാളികളെ കാണുമ്പോൾ, എട്ട് മാസത്തെ സൌദി ജീവിതവും ഗബ്ബാർ സിംഗും അവന്റെ ഭീഷണിയും മങ്ങാതെ മനസിൽ തെളിയും. പിന്നെ ഈ തെഴിലാളികളിൽ ഞാൻ എന്നെ കാണും.. അത് കൊണ്ട് തന്നെയാവാം റോഡിൽ അലക്ഷ്യമായി മാലിന്യങ്ങൾ എറിയുന്നവരെ കാണുമ്പോൾ, വേസ്റ്റ് നിക്ഷേപിക്കാൻ വെച്ചിരിക്കുന്ന ബോക്സുകളിൽ ഇടാതെ അതിന്റെ പരിസരത്ത് വിതറിയിടുന്നത് കാണുമ്പോൾ അമർഷവും ഒപ്പം സങ്കടവും തോന്നുന്നത്.



ജീവിത പാഠങ്ങൾ ഏറെ നൽകിയ ആ ചുരുങ്ങിയ കാലഘട്ടം ..മറക്കാനാവാത്ത സൌദി പ്രവാസ ജീവിതം.. ഏറെ അനുഭവങ്ങൾ ബാക്കി.!! 

Related Posts with Thumbnails