Tuesday, December 31, 2013

ഒരു ന്യൂ ഇയർ വരവേല്പ് ഓർമ്മ

ചി കാര്യങ്ങൾ   സംഭവത്തിന്റെ പ്രാധാന്യത്തേക്കാൾ അതുമായി ബന്ധപ്പെട്ട വ്യക്തിയുടേ സവിശേഷത കൊണ്ട് എന്നും ഒളിമങ്ങാതെ മായാതെ നമ്മെ ജിവിതാന്ത്യം വരെ വിടാതെ പിന്തുടരും..അത്തരത്തിലൊരു പഴയ ഒരു ഓർമ്മ  ഇവിടെ പങ്ക് വെക്കട്ടെ..
പത്തിരുപത്തിമൂന്ന് വർഷം മുന്നെയുള്ള  ഒരു ഡിസംബർ 31  .പുതുവർഷതലേന്ന് ഞങ്ങൾ കൂട്ടുകാരെല്ലാം കൂടി സൈദുക്കാടെ  പീടിക (പലചരക്ക് കട) പരിസരത്ത് സൈദുക്ക രാത്രി കട പൂട്ടിപോയതിനു ശേഷം ഒത്ത് കൂടാൻ ഐക്യ കണ്ഢേന ഒരു തീരുമാനമായി.

---------------------------------------------------------------------------------------------------------------
സൈദുക്കാടെ പീടികകോലായിലെ ബെഞ്ചിനും സൈഡിലെ തിണ്ണയ്ക്കുമെല്ലാം ഞങ്ങളുടെ അക്കാലത്തെ കൂട്ടുകൂടലിന്റെയും ബഹളങ്ങളുടെയും പാരവെപ്പിന്റെയും പല പദ്ധതി ആസൂത്രണങ്ങളുടെയും മാത്രമല്ല സംഘടനാ പ്രവർത്തനങ്ങളുടെ കൂടി നിരവധി കഥകൾ പറയാനുണ്ടാവും. ഇന്ന് കട പ്രവർത്തിക്കുന്നില്ലെങ്കിലും കെട്ടിടം അങ്ങിനെ തന്നെ നില നിൽക്കുന്നു. അധിക കാലം നില്പ് തുടരാൻ അതിനാവില്ലെങ്കിലും.
-------------------------------------------------------------------------------------------------------------

സൈദുക്ക
നാട്ടിൽ അറിയപ്പെട്ട ഒരു വ്യക്തിത്വമായിരുന്നു..മുന്നെ  ബസ് ഡ്രൈവർ ആയിരുന്നതിനാൽ ‘ഡ്രൈവർ സൈദുക്ക‘ എന്ന് പറഞ്ഞാൽ ആർക്കും പെട്ടെന്ന് മനസിലാവും...ഞങ്ങൾതൊഴിയൂരിലുള്ള മൂത്തുമ്മാടെ വീട്ടിലേക്ക് പോവുമ്പോൾ സൈദുക്ക ഓടിച്ചിരുന്ന ബസിൽ (white way എന്നായിരുന്നു ബസിന്റെ പേരു് ) പലവട്ടം യാത്ര ചെയ്തിട്ടുണ്ട്. ബസ് ഓടിക്കുന്ന ഡ്രൈവർ നമ്മളോട് സംസാരിക്കുക എന്നത് ഒരു അഭിമാനമല്ലേJ അതിനാൽ ഞാൻ മുൻ സീറ്റിൽ തന്നെ സ്ഥലം പിടിക്കും. എന്നോട്  അദ്ദേഹം വളയവും ഗീയറും ഹോണും എല്ലാം കൈകാര്യം ചെയ്യുന്നതിനിടയിൽ സംസാരിക്കും. ഞാൻ അത്ഭുതപൂർവ്വം നോക്കിയിരിക്കും.. പിന്നീട് ബസ് ഡ്രൈവർ ജോലി ഉപേക്ഷിച്ച് അദ്ദേഹം സ്വന്തം അമ്പാസഡർ കാറ് (ടാക്സി) ഓടിച്ചിരുന്നു. എനിക്ക് ഡ്രൈവിംഗ് ലൈസൻസ് കിട്ടി പ്രാക്ടീസിനു കയറിയത് സൈദുക്കാടെ കാറിലായിരുന്നു. കുറച്ച് മുൻശുണ്ടിക്കാരനായിരുന്നത് കൊണ്ട് ചീത്ത കുറച്ച് കേട്ടിട്ടുണ്ട്.. മൂപ്പർക്ക് എല്ലാ കുണ്ടിലും കുഴിയിലും ചാടിച്ച് ഓടിക്കാം.. എനിക്കൊരു കല്ല്ലിന്മേൽ കയറ്റാൻ പാടില്ല. ഒരിക്കൽ അതിരാവിലെയുള്ളപതിവ് പ്രാക്ടീസ് സവാരിക്കിടയിൽ റോഡിൽ കണ്ട ഒരു  പരന്ന കല്ലിനെ കവർ ചെയ്ത് ഞാൻ സ്റ്റിയറിംഗൊന്ന് കറക്കിയൊടിച്ചു... ഒരു ശബ്ദം വണ്ടിക്കടിയിൽ നിന്ന്  കേട്ടു.എന്റെ ധൈര്യം കൊണ്ടോ എന്തോ പിന്നെ വണ്ടി നീങ്ങുന്നില്ല അത് മിണ്ടാതായി . ഇന്ന് തല്ലുറപ്പായി എന്ന് ഞാൻ കരുതി പക്ഷേ അന്നദ്ധേഹം ഒന്നും പറഞ്ഞില്ല. വണ്ടിയിൽ നിന്നിറങ്ങി പരിശോധിച്ച് വന്ന് പടച്ചോൻ കാത്തു..ഇന്നിനി നീ വണ്ടി ഓടിക്കണ്ടാ എന്ന് മാത്രം പറഞ്ഞ് അവസാനിപ്പിച്ചു...റോഡിൽ ഞാൻ കണ്ടത് ഒരു  കല്ലായിരുന്നില്ല ഒരു നല്ല ഒരു പനംകുറ്റിയായിരുന്നു.. (ടാറിടാത്ത പഞ്ചായത്ത് റോഡ് സൈഡിൽ ഉണ്ടായിരുന്ന ഒരു പന മുറിച്ചതിന്റെ ബാക്കി പത്രം.അതെങ്ങിനെ റോഡിൽ എത്തി എന്ന് ഇന്നും ആലോചിച്ചിട്ട് മനാസിലായിട്ടില്ല.:( ) .. നാട്ടിൽ എല്ലാവർക്കും സുപരിചിതനായ സൈദുക്ക ഞങ്ങളുടെ സംഘടനാ പ്രവർത്തനങ്ങളോട് ആദ്യം എതിർചേരിയിൽ നിന്നിരുന്നുവെങ്കിലും കാര്യങ്ങൾ മനസിലാക്കി പിന്നീട് സഹകരിച്ചിരുന്നു.. ആരെയും കൂസാത്ത ഒരു വ്യക്തിത്വമായിരുന്നുവെങ്കിലും ഉള്ളിൽ സ്നേഹമുള്ള മനുഷ്യനായിരുന്നു സൈദുക്ക എന്ന് അടുത്തിടപഴകാൻ അവസരം കിട്ടിയപ്പോൾ മനസിലാക്കാൻ സാധിച്ചു.

-------------------------------------------------------------------------------------------------------------
കട പൂട്ടുന്നതിനു മുന്നെ തന്നെ ചിലരൊക്കെ പീടികതിണ്ണയിലും ബെഞ്ചിലുമായി ആസനമുറപ്പിച്ച് തുടങ്ങിയിരുന്നു. സൈദുക്കാക്ക് സന്നാഹങ്ങൾ കണ്ട് സംശയം തോന്നാതിരുന്നില്ല എന്ന് മാത്രമല്ലഇന്നെന്താടാഎല്ലാവരും കൂടെ വല്ല വിക്രസും ഒപ്പിക്കാനുള്ള പരിപാടിയുണ്ടോ ? എന്ന് ചോദിക്കയും ചെയ്തുഏയ് ഞങ്ങളാ ടൈപ്പല്ല എന്ന് മറുപടിയും കൊടുത്തു. സൈദുക്ക കട പൂട്ടി തൊട്ടടുത്തു തന്നെയുള്ള വീട്ടിലേക്ക് പോയതോടെ ചറുങ്ങും പിറുങ്ങും അടക്കം  നല്ല ഒരു ഓഡിയൻസ് ഞങ്ങളുടെ പരിപാടി വീക്ഷിക്കാൻ എത്തിയിട്ടുണ്ട്.. ന്യൂ ഇയർ വരവേല്പ് എന്നാൽ പ്രത്യേകം അജണ്ടയൊന്നുമില്ല. ഉറക്കം കളഞ്ഞ് ഒത്ത് കൂടുക ബഹളം വെച്ച് പരിസരവാസികളെ വെറുപ്പിക്കുക .ഇത്രേ ഉള്ളൂ. അന്ന് പീടികയുടെ തൊട്ടടുത്തുള്ളത് ചേക്കു മുസ്ലിയാരുടെ വീടും റസാഖ്ക്കാടെ വീടും ആയിരുന്നു. (ഇന്ന് വീടുകൾക്ക് പരിസരത്തായി എന്റെ പുതിയവീടടക്കം  നിരവധി വീടുകൾ ഉയർന്നു. )
ഞാനും
സൈദുക്കാടെ മകൻ കമറുവും ആണു പരിപാടി നിയന്ത്രിക്കുന്നത് (എന്ത് നിയന്ത്രണം !!) പിന്നെ ഖാദറും,ഷെരീഖും പിന്നെ കാരേങ്ങൽ റസാഖ് കൂടാതെ റഷീദ്റസാഖ്  തുടങ്ങി മിക്ക മഹാന്മാരും ഹാജർ.. പീടികകോലായിൽ കിടന്നിരുന്ന വലിയ തകര വീപ്പ മുറ്റത്തേക്ക് ഉരുട്ടി കൊണ്ട് വന്ന് തലകുത്തനെ നിർത്തി.. ചീമ കൊന്ന വടി വെട്ടി ഡ്രം അടി ചെറിയ തോതിൽ ആരംഭിച്ചു... പാട്ട് ,പ്രസംഗം ,മിമിക്രി, മോണോ ആക്ട് ,കഥാപ്രസംഗം. വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന തോതിൽ പരിപാടികൾ നടക്കുന്നു.. ചറുങ്ങും പിറുങ്ങുമെല്ലാം കുറച്ച് കഴിഞ്ഞപ്പോൾ സ്ഥലം കാലിയാക്കി, അവരുടെ ഉമ്മമാരും ഉപ്പമാരും വലിച്ച് കൊണ്ടു പോയി എന്ന് പറയാം.. പിന്നെ ഞങ്ങൾ കുറച്ച് പേർ ബാക്കിയായി. കടയുടെ അടുത്ത് തന്നെയാണ് ചേക്കു മുസ്ലിയാരുടെ വീട് അവിടെയുള്ളവർക്ക് പരിപാടിയുടെ കഠോരത ശരിക്കും അനുഭവിക്കാം. “ ചെക്കന്മാർക്ക്  വേറെ പണിയൊന്നുമില്ലെന്ന്ചോദിച്ച് കൊണ്ട് ഐസുകുട്ടിത്ത  വേലി വരെ വന്ന് നോക്കി.. പിന്നെ വീട്ടിലേക്ക്  വലിഞ്ഞു. പരിസരം വിജനമാണ്.. രാത്രിയുടെ ഇരുട്ട് കനത്തു. വഴിവിളക്കൊന്നും ഇല്ലാത്തതിലാൽ ഞങ്ങൾ നിൽക്കുന്ന പരിസരം ഒഴിച്ച് എങ്ങും ഇരുട്ട് മാത്രം  

അങ്ങിനെ
സമയം രാത്രി 12 മണിയാവുന്നു.. ഡ്രം താളം മുറുകുന്നു.. കർണ്ണ കഠോരമായ ഗാനങ്ങൾ തകർക്കുന്നുപെട്ടെന്ന്  വേലിക്കരുകിൽ നിന്ന് ഒരു അനക്കം ..വെളുത്ത  ഒരു രൂപം ഞങ്ങളെ തന്നെ വീക്ഷിച്ച് നിൽക്കുന്നു..  എല്ലാവരും താനേ സൈലന്റ് മോഡിലായി ..ഡ്രം അടി നിന്നു.. പാട്ടുകൾ നിലച്ചു..ആരാണീ പാതി രാത്രിയിൽ ? കള്ളന്മാർ കറുത്ത വസ്ത്രമല്ലേ ധരിക്കുക.. ഇനി വല്ല ജിന്നോ മറ്റോ ആവുമോ ? പല വിധ ചിന്തകൾ പലരിലൂടെയും കടന്ന് പോയി. എല്ലാവരും നില്പ് നിൽക്കയാണ്.. ഞങ്ങൾ ഒന്നും ഉരിയാടാതെ അനങ്ങാതെ നിൽക്കുന്നത് കണ്ടത് കൊണ്ടാവാം  രൂപത്തിനനക്കമുണ്ടായി.. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നീങ്ങി നിന്നു..  അപ്പോഴാണ് എല്ലാവരുടെയും ശ്വാസം നെരെയായത്. .ഞങ്ങളുടെ ബഹളം കാരണം ഉറങ്ങാൻ പറ്റാതെ തൊട്ടടുത്ത വീട്ടിൽ നിന്ന് ചേക്കു മുസ്ലിയാർ ഇറങ്ങി ഞങ്ങളോട് ഇതൊന്ന് നിർത്താൻ പറയാൻ വേണ്ടി വന്നതായിരുന്നു. എന്നിട്ട്. ആരൊക്കെ എന്തൊക്കെ ചെയ്യുന്നു എന്ന് സസൂക്ഷ്മം വീക്ഷിക്കയായിരുന്നു. ‘മനുഷ്യനെ കിടന്നുറങ്ങാൻ സമ്മതിക്കില്ലേ ..നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലഎന്നൊക്കെയുള്ള ശകാരം പ്രതീക്ഷിച്ച് അതേറ്റു വാങ്ങാൻ തയ്യാറായി നിന്ന ഞങ്ങളെ നോക്കി ചേക്കു മുസ്ലിയാർ ചോദിച്ചു..  "എന്തേ നിർത്തീത് ? നിർത്തണ്ട.. എനിക്കവിടെ കിടന്നിട്ട് ശരിക്ക് കേൾക്കാൻ പറ്റണില്ല. ഒന്നും അങ്ങട് ക്ലിയറാവുന്നില്ല.. അതോണ്ട് ഇവടെ വന്ന് നിന്നതാ..! .. ഒന്ന് മനസിലാവുന്ന രീതിയിൽ ആയ്ക്കോട്ടെ."  ഇതും പറഞ്ഞ് അദ്ദേഹം വീട്ടിലേക്ക് തന്നെ തിരിച്ച് പോയി..  പിന്നെ പാട്ടും ബഹളവും പുനരാരംഭിച്ചില്ല. എല്ലാവരും ചമ്മിയ മോന്തകൊണ്ട് പരസ്പരം നോക്കി.. പിന്നെ അവിടെ ചിരിയോ ചിരിയായിരുന്നു. ഒരു പക്ഷെ ഞങ്ങളോട്  ദേശ്യപ്പെട്ടിരുന്നെങ്കിൽ ഞങ്ങൾ പരിപാടി വീണ്ടും തുടരുമായിരുന്നേനേ.. പ്രായം അതാണല്ലോ. എന്നാൽ തന്റെ സ്വതസിന്തമായ ശൈലിയിൽ പുഞ്ചിരിച്ച് തന്റെ എല്ലാ നീരസവും ഉള്ളിലൊതുക്കി വളരെ കൂളായി ഞങ്ങളെ മൊത്തം ഒന്നുമല്ലാതെയാക്കി  പരിപാടി ശല്യം നിർത്തിച്ച സമീപന രീതി. ഇന്നും ഞാനോർക്കുന്നു. ആർക്കും അത് മറക്കാനാവുകയില്ല.

ജീവിതത്തിലെ
എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും പുഞ്ചിരിയോടെ നേരിട്ട് കൊണ്ട് എല്ലാവരെയും സ്നേഹിച്ച് ജീവിച്ച “ഒരു എളിയ വലിയ മനുഷ്യൻ“ അതായിരുന്നു ചേക്കു മുസ്ലിയാർ. സന്ദർഭത്തിനനുസരിച്ച് തമാശ പറയാനും തമാശയിലൂടെ കാര്യം അവതരിപ്പിക്കാനുമുള്ള കഴിവ് അതൊന്ന് വേറെതന്നെയായിരുന്നു. തൊഴിയൂർക്കാരായിരുന്ന ഞങ്ങൾ വെള്ളറക്കാടുകാരായി മാറാനുള്ള വഴി തുറന്നത് അദ്ദേഹത്തിലൂടെയായിരുന്നു. എന്റെ ഉപ്പാടെ അടുത്ത സുഹൃത്തായിരുന്ന പ്രിയ ചേക്കുമുസ്‌ലിയാരെ കുറിച്ച് വിശദമായി ഒരു കുറിപ്പ് എഴുതാം പിന്നീട്. ഇൻശാ അല്ലാഹ്..  



ഇന്ന് സൈദുക്കയും   ചേക്കു മുസ്ലിയാരും  ഓർമ്മകൾ മാത്രമായി അവശേഷിക്കപ്പെട്ട് ..വെള്ളറക്കാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ അന്ത്യ വിശ്രമം കൊള്ളുന്നു. ഇരുവരുടെയും ഖബറിടം  വെളിച്ചമേകി ,തെറ്റുകൾ പൊറുക്കപ്പെട്ട് സ്വർഗം  നൽകി അനുഗ്രഹിക്കണമേയെന്ന പ്രാർഥനയോടെ ഒരു  വർഷം കൂടി കാല യവനികക്കുള്ളിൽ മറയുന്ന വേളയിൽ, ജീവിതമെന്ന മരത്തിലെ ആയുസിന്റെ ഒരില പൊഴിച്ച് ,ഖബറിലേക്കുള്ള ദുരം കുറയുന്ന സത്യം മറക്കാതിരിക്കാം നമുക്ക്..   നന്മയുടെ സന്തോഷത്തിന്റെ സമാധാനത്തിൻ ഒരു വർഷം എല്ലാവർക്കും ആശംസിച്ച് ..സസ്നേഹം         

Related Posts with Thumbnails