Monday, September 29, 2008

ഈദുല്‍ ഫിത്‌റിന്റെ കണ്ണുനീര്‍ !

വിശേഷ ദിനങ്ങളില്‍ വിശേഷിച്ചൊന്നും ചെയ്യാനില്ലതെ പതിവില്‍ കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്ന, ഒരു അവധിയുടെ സുഖം പോലും ആസ്വദിയ്ക്കാന്‍ കഴിയാത്ത, തങ്ങളുടെ ദു:ഖങ്ങള്‍ ഉള്ളിന്റെ ഉള്ളിലൊതുക്കി പുറമെ ചിരിയ്ക്കാന്‍ ശ്രമിച്ച പരാജയപ്പെടുന്ന, പ്രവാസി സഹോദരി സഹോദരന്മാരെ ഓര്‍ക്കാനും, നമ്മുടേ സന്തോഷത്തിലും ആഹ്ലാദത്തിലും ജഗന്നിയന്താവായ അല്ലാഹുവിനോട്‌ നന്ദിയുള്ളവരായിരിക്കാനും ഓര്‍മ്മപ്പെടുത്തി എന്റെ സൗദി അറേബ്യന്‍ ജീവിതത്തില്‍ നിന്ന് ഒരു പേജ്‌ ''ഈദുല്‍ ഫിത്‌റിന്റെ കണ്ണുനീര്‍'' ..

ഏഴുവര്‍ഷം മുന്നെ മാത്യഭൂമി ഗള്‍ഫ്‌ ഫീച്ചറില്‍ പ്രസിദ്ധീകരിച്ചതാണ്. അന്ന് പല ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നും നിരവധിപേര്‍ തങ്ങളുടെ ദു:ഖങ്ങള്‍ പകര്‍ത്തി എനിക്കെഴുതിയിരുന്നു. അബുദാബി ലാമെരിഡിയന്‍ ഹോട്ടലിലെ ഒരു മാനേജര്‍ മുതല്‍ ഒമാനില്‍ നിന്നുള്ള മോഹന്‍ വരെ. രാത്രി രണ്ട്‌ മണിക്ക്‌ ജോലി കഴിഞ്ഞ്‌ വന്ന് പത്രം വായിച്ച്‌ അപ്പോള്‍ തന്നെ എനിക്കെഴുതിയ ഉസ്മാന്‍ പെരുമ്പടപ്പ്‌ ( ഇന്ന് അദ്ധേഹം നല്ല ഒരു ജോലിയിലേക്ക്‌ മാറി ) അദ്ധേഹം നാട്ടില്‍ വന്നപ്പോള്‍ എന്റെ വീട്ടില്‍ കുടുംബത്തോടൊപ്പം വരികയും ഒരിക്കല്‍ ഞാനും കുടുംബവും അദ്ധേഹത്തിന്റെ വീട്ടിലും പോവുകയും ചെയ്തിരുന്നു. അങ്ങിനെ കുറെ നല്ല ബന്ധങ്ങള്‍ ഈ ചെറു കുറിപ്പിലൂടെ കിട്ടിയെന്നതില്‍ സന്തോഷമുണ്ട്‌.

അയല്‍ പക്കങ്ങളില്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍, അരവയറുമായി നിറകണ്ണുകളുമായി കഴിയുന്ന സഹോദരങ്ങളെ ഓര്‍ക്കണം നാം. അവരെ കൂടി സന്തോഷിപ്പിച്ചാവട്ടെ നമ്മുടെ ആഘോഷങ്ങള്‍.

എല്ലാവര്‍ക്കും ഈദുല്‍ ഫിത്‌ര്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട്‌ ,
സസ്നേഹം

പി.ബി




ഇമേജില്‍ ക്ലിക്‌ ചെയ്ത്‌ വായിച്ച്‌ നിങ്ങളുടെ അഭിപ്രായവും പങ്കുവെക്കുമല്ലോ.

Monday, September 15, 2008

ആഘോഷങ്ങള്‍ നടക്കട്ടെ, ആര്‍ഭാടത്തോടെ..


ആഘോഷങ്ങള്‍ നടക്കട്ടെ, ആര്‍ഭാടത്തോടെ..


കാണം വിറ്റും ഓണം ഉണ്ണണമെന്ന്‌, പഴമൊഴി.

വില്‍ക്കാന്‍ കാണമില്ലാത്തവന്‍ ഉണ്ണാനേ പാടില്ലെന്നു, പുതുമൊഴി !


കള്ളവുമില്ല ചതിയുമില്ല..എള്ളോളമില്ല പൊളിവചനം, പഴയ സങ്കല്‍പം.

കള്ളമില്ലാത്ത ചതിയില്ല്ലാത്ത എള്ളുപോലും ഇന്ന്‌ കിട്ടാനില്ല., പുതിയ വാസ്‌തവം..!


പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ കേരളമുണ്ടായെന്ന്‌, ഐതിഹ്യം.

മഴു കൈക്കലാക്കി മുഴുക്കുടിയന്മാര്‍ മനുഷ്യനെ വെട്ടിക്കൊല്ലുന്നത്‌, യാഥാര്‍ത്ഥ്യം..!


ദാനം നല്‍കി ദരിദ്രനായപ്പോള്‍ സ്വന്തം ശിരസ്‌ കുനിച്ച്‌ കൊടുത്തു മാവേലി, ഐതിഹ്യം.

ദാനം ചോദിക്കുന്ന ദരിദ്രന്റെ ശിരസില്‍ ചവിട്ടുന്നു മാനവന്‍, യാഥാര്‍ത്ഥ്യം.!


തൃക്കാക്കരയപ്പന്‌ നേദിക്കാന്‍ മണ്ണപ്പം -പഴയ നടുമുറ്റങ്ങളില്‍

‍മണ്ണ്‌ തിന്ന്‌ മരിക്കുന്നു മണ്ണിന്റെ മക്കള്‍., അയല്‍ വീടുകളിലെ അകത്തളത്തില്‍

‍മനുഷ്യന്‌ തിന്നാനുള്ള മണ്ണും വാരി വില്‍ക്കുന്ന മേലാളര്


‍ആഘോഷങ്ങള്‍ നടക്കട്ടെ.. .ആര്‍ഭാടത്തോടെ



തത്കാലം നമുക്ക്‌ ഉടുതുണിക്ക്‌ മറുതുണിയില്ലാത്ത കോലങ്ങളെ മറക്കാം..

എന്നിട്ട്‌ സിനിമാറ്റിക്‌ ( തുണിമാറ്റിക്‌ ) ഡാന്‍സ്‌ കൊഴുപ്പിക്കാം.


മഴ നൃത്തങ്ങളില്‍ ( മറയില്ലാ നൃത്തങ്ങളില്‍ ) മഴയുടെ ഗ്ര്യഹാദുരത്വം ദര്‍ശിക്കാം..


ഓണം വന്നാലും കുമ്പിളില്‍ കഞ്ഞികുടിക്കുന്ന കോരന്മാര്‍ക്ക്‌

എക്കാലവും സൂക്ഷിക്കാവുന്ന (പ്ലാസ്റ്റിക്‌ ) കുമ്പിളുകള്‍ വിതരണം ചെയ്യാം..


ആഘോഷങ്ങള്‍ നടക്കട്ടെ.. .ആര്‍ഭാടത്തോടെ


അതിനിടക്ക്‌ വരുന്ന സുനാമിയും കത്രീനയും .!

അതും ആഘോഷിക്കാന്‍ വഴിയൊരുക്കുന്നതല്ലേ !?.

ആര്‍ത്തി മൂത്ത മനുഷ്യന്‌ സുനാമിയും കത്രീനയുമെല്ലാം ആഘോഷം തന്നെ..

ഏത്‌ വിധത്തിലായാലും നാല്‌ കാശുണ്ടാക്കണം...!



കഥ കഥയായി നില്‍ക്കട്ടെ..കച്ചവടം നടക്കട്ടെ....

ആഘോഷങ്ങള്‍ നടക്കട്ടെ.. .ആര്‍ഭാടത്തോടെ


Monday, September 1, 2008

റമദാനിലെ വ്യാജ പിരിവുകാരെ തിരിച്ചറിയുക

വിശ്വാസികള്‍ രണ്ട്‌ മാസം മുന്നെ തന്നെ റമളാനിനെ വരവേല്‍ക്കാന്‍ മുന്നൊരുക്കം നടത്തിവരുന്നു. അഥവാ റമദാന്‍ മാസത്തിനു മുന്നെ വരുന്ന റജബ്‌ , ശഅബാന്‍ മാസങ്ങളില്‍, അല്ലാഹുവേ റജബിലും ശഅബാനിലും ഞങ്ങള്‍ക്ക്‌ ബര്‍ക്കത്ത്‌ ചെയ്യണമേ.. തുടങ്ങിയ വചനങ്ങള്‍ ഉരുവിട്ട്‌ പ്രാര്‍ത്ഥന നിരതായ മനസ്സോടെ ചെയ്ത്‌ പോയ തെറ്റുകുറ്റങ്ങളില്‍ പശ്ചാത്തപിച്ച്‌ ഒരു വിചിന്തനത്തിനു വഴിതെളിയുന്ന നല്ല നാളുകളുടെ പ്രതീക്ഷയില്‍ കാക്കുമ്പോള്‍ മറുവശത്ത്‌ വിശ്വാസത്തിന്റെ മറപിടിച്ച്‌ കപടന്മാരും കള്ളന്മാരും പരമാവധി മുതലെടുപ്പ്‌ നടത്താനും ഈ അവസരം ഉപയോഗപ്പെടുത്തുന്നത്‌ പുതുമയുള്ള കാര്യമല്ല.

പ്രത്യേകിച്ച്‌ ഗള്‍ഫ്‌ നാടുകളില്‍ റമദാന്‍ ആഗതമവുന്നതോടെ ഒരു ആഘോഷത്തിന്റെ അതിലുപരി കൂട്ടായ്മയുടെ സാഹോദര്യത്തിന്റെയൊക്കെ നല്ല കാഴ്ചകള്‍ ആസ്വദിക്കാനാവുന്നു. അത്‌ പോലെ തന്നെ ഗള്‍ഫ്‌ മലയാളികളുടെ മനസ്സിലെ അലിവ്‌ മുതലെടുക്കാന്‍ ഒരു കൂട്ടര്‍ ഈ സമയത്ത്‌ തങ്ങളുടെ പൊയ്മുഖങ്ങളുമണിഞ്ഞ്‌ ആരാധനാലയങ്ങളിലും , സംഘടനാ വേദികളിലുമൊക്കെ ഇവര്‍ സൗഹ്ര്യദം അഭിനയിച്ച്‌ ദിനതകളുടെ കഥകള്‍ മെനഞ്ഞ്‌ പ്രത്യക്ഷപ്പെടും. രാപ്പകലില്ലാതെ കത്തുന്ന സൂര്യന്റെ ചുവട്ടില്‍ രക്തം വിയര്‍പ്പാക്കി ഉണ്ടാക്കി കിട്ടുന്ന ചെറിയ ശമ്പളത്തില്‍ നിന്ന് നാട്ടില്‍ നിന്നെത്തുന്ന ഇത്തരം ആളൂകള്‍ക്ക്‌ യാതൊരു മടിയും കൂടത്‌ വാരിക്കോരി കൊടുക്കുന്ന പാവപ്പെട്ട തൊഴിലാളികള്‍ പക്ഷെ തങ്ങള്‍ കൊടുക്കുന്ന പൈസ അര്‍ഹതപ്പെട്ടവനു തന്നെയാണോ കൊടുക്കുന്നതെന്ന് ഉറപ്പു വരുത്തണം. കാരണം ഈ പൊയ്മുഖങ്ങളുടെ തിരതള്ളലില്‍ അര്‍ഹതപ്പെട്ടവര്‍ മുങ്ങിപ്പോവുന്നത്‌ സ്വാഭാവികം. വാചകമടിയും കള്ളക്കണ്ണീരും പിടിപാടുകളും കൊണ്ട്‌ ഈ കള്ളന്മാര്‍ ചുരുങ്ങിയ സമയം കൊണ്ട്‌ കൈ നനയാതെ മീന്‍ പിടിച്ച്‌ മറ്റുള്ളവരെ പറ്റിച്ച സന്തോഷത്തോടെ അടുത്ത ഇരയെ തേടി അടുത്ത സീസന്‍ കാത്ത്‌ സ്ഥലം വിടുമ്പോള്‍ അഭിമാനത്താല്‍ സ്വന്തം ദയനീയത മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ മടിക്കുന്നവര്‍ അല്ലെങ്കില്‍ വാചകക്കസര്‍ത്തില്ലാത്തവര്‍ തങ്ങള്‍ക്ക്‌ ലഭിക്കേണ്ട അവകാശം അര്‍ഹതയില്ലാത്തവര്‍ കൊണ്ട്‌ പോകുന്നത്‌ നോക്കി നില്‍ക്കേണ്ടിവരുന്ന അവസ്ഥ ഉണ്ടായിക്കൂടാ.

റമദാന്‍ മാസത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ യു.എ.ഇ ഗവണ്‍മന്റ്‌ വ്യാജ പിരിവുകാരെ‍ നിരീക്ഷിക്കാന്‍ വേണ്ട നടപടികള്‍ കൈകൊള്ളുന്നുണ്ട്‌. എങ്കിലും നാട്ടില്‍ 20 ലക്ഷത്തിന്റെ മണിമാളിക പണിത്‌ കടം വന്നവര്‍, മകളെ കെട്ടിക്കാന്‍ 101 പവന്‍ തികയ്ക്കാനാവത്‌ ഉഴലുന്നവര്‍, +2വിനു പഠിക്കുന്ന മകന്റെ ആവശ്യാര്‍ത്ഥം വാങ്ങിയ പുതിയ വണ്ടിയുടെ ഇന്‍സ്റ്റാള്‍മന്റ്‌ അടക്കാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ തുടങ്ങീ നിരവധി നീറുന്ന..കരളലിയിക്കുന്ന കഥന കഥകളുമായി ആത്മീയതയുടെ പരിവേഷവുമണിഞ്ഞ്‌ വരുന്ന ചിലര്‍ നടത്തുന്ന വന്‍ പിരിവുകളില്‍ ഇരകളാവുന്നവര്‍ പക്ഷെ ഇരുപതിലധികം വര്‍ഷമായി പ്രവാസഭൂമിയില്‍ അധ്വാനിച്ചിട്ടും 10 സെന്റ്‌ സ്ഥലം സ്വന്താമാക്കാന്‍ കഴിയാത്ത, സ്വന്തമായി ഒരു ചെറു വീട്‌ പണിയിപ്പിക്കാന്‍ കഴിയാത്ത , വീട്ടിലെ ചിലവും ഇവിടത്തെ ചിലവും കഴിഞ്ഞാല്‍ ഫോണ്‍ കാര്‍ഡ്‌ കടം വാങ്ങുന്നവര്‍ തുടങ്ങി പാവപ്പെട്ടവരാണെന്നത്‌ ദു:ഖകരമാണ്

2‌ മാസം മുന്നെ ഒരു ആത്മീയ സദസ്സില്‍ നിന്ന് (അവിടെയും ചില്ലറ നാണയങ്ങള്‍ സംഭാവന നല്‍കുന്നത്‌ സാധാരണക്കാരില്‍ സാധാരണക്കാരായവരാണെന്ന് ഓര്‍ക്കുക. )നാട്ടില്‍ നിന്നു വന്ന മകളെ കെട്ടിക്കാന്‍ പ്രയാസപ്പെടുന്ന , കരഞ്ഞ്‌ കണ്ണീരൊലിപ്പിക്കുന്ന ഒരു പിതാവിനു ഒരു തുക സംഭാവനയായി അയാള്‍ക്ക്‌ നല്‍കി. അവിടുത്തെ പള്ളി ഇമാമിന്റെയും സംഘടനാ പ്രവര്‍ത്തകരുടെയും പേരു പറഞ്ഞ്‌ പല പ്രമുഖ വ്യക്തികളില്‍ നിന്നു നല്ല ഒരു തുക സമാഹരിച്ച്‌ (പറ്റിച്ച്‌ ) അയാള്‍ യു.എ..ഇ യില്‍ കറങ്ങുന്നതിനിടയില്‍ അയാളെ പറ്റി നാട്ടില്‍ അറിയാവുന്ന ചിലരില്‍ നിന്ന് (ഇയാള്‍ക്ക്‌ ഇനി ഒരു മകളെ കെട്ടിക്കാനില്ലെന്നും, നാട്ടില്‍ റെന്റിനു കാര്‍ എടുത്ത്‌ വിലസുന്ന ഇയാള്‍ക്ക്‌ , മണിമാളിക സ്വന്തമായുണ്ടെന്നും , ) വ്യക്തമായി വിവരം ലഭിച്ചെങ്കിലും ആ വിരുതന്‍ സ്ഥലം വിട്ടിരുന്നു.

ഇങ്ങിനെ എത്രയോ തട്ടിപ്പുകള്‍ .. ഇവിടെ തന്നെ ജോലിയില്ലാതെ, റൂമിന്റെ വാടക കൊടുക്കാന്‍ കാശില്ലാതെ, ഭക്ഷണത്തിനു ഷെയര്‍ കൊടുക്കാന്‍ പറ്റാതെ കടം കൊണ്ട്‌ വലയുന്നവര്‍ അനവധിയാണ്. പക്ഷെ നാം അത്തരക്കാരെ പലപ്പോഴും കാണാറില്ല. എല്ലം ഗള്‍ഫുകാരല്ലേ.. അവനെന്തു വിഷമം എന്ന മനസ്ഥിതിയാണു പലര്‍ക്കും. സംഘടനാ പ്രവര്‍ത്തകരും ജീവകാരുണ്യ പ്രവര്‍ത്തകരും മറ്റു സുമനസ്സുകളും തങ്ങള്‍ പിരിവ്‌ നടത്തിയു അല്ലാതെയും കൊടുക്കുന്നത്‌ അതിനു അര്‍ഹതപ്പെട്ട കരങ്ങളില്‍ തന്നെയാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്‌. അനര്‍ഹരുടെ പ്രളയത്തില്‍ അര്‍ഹതപ്പെട്ടവര്‍ മുങ്ങിപ്പോകുന്നത്‌ തടയേണ്ട ബാധ്യത തിരിച്ചറിയണം.

ഈ റമാദാനില്‍ തന്നെയാവട്ടെ അതിന്റെ തുടക്കം.
ആശംസകള്‍

Related Posts with Thumbnails