Wednesday, September 15, 2010

കാവൽ നിൽക്കുന്നതിനേക്കാൾ നന്ന് കള്ളടിച്ച് ചാവുന്നത് !

അതിശൈത്യത്തിലും അത്യുഷ്ണത്തിലും , അരയും തലയും മുറുക്കി അതിർത്തി കാത്ത്
നാടിന്റെ മാനം കാത്ത് നാട്ടുകാരുടെ ജീവൻ കാത്ത് ,ശത്രുവിന്റെ വെടിയുണ്ട നെഞ്ചിൽ വാങ്ങി
മൃത്യവിന്റെ കരങ്ങളിലും മുഴങ്ങിയ ‘ജയ്ഹിന്ദ്‘ ! വിളികൾ...
പകരം നാം നൽകിയതോ !
ഞെട്ടലുകൾ ...പ്രസ്താവനകൾ, പിന്നെ മൂവർണ്ണക്കളറിലൊരു പെട്ടി
മാനത്തേക്കഞ്ചാറു വെടി !


മദ്യം മോന്തി പള്ളവീർത്ത് ,കുടലു ചീഞ്ഞ് കരള് വെന്ത്
വഴിയിലും വയലിലും ചത്തൊടുങ്ങുന്നവർ..അവർക്കായ്
നാടിന്റ രോദനം ,നാടുവാഴികളുടെ ആദരം പിന്നെ
നികുതിപ്പണം കൊണ്ട് തുലാഭാരം

മദ്യം കൊടുത്ത് മയക്കി, ജീവൻ വാങ്ങി ,സമ്പാദിച്ച കോടികൾക്കും കോടിപതികൾക്കും
കോട്ടമേതുമില്ലാതെ സുഖവാസവും..

കൊടുക്കാമിവർക്കുമൊരു ‘പട്ടം’ ,പ്രചോദനമാകട്ടെ മറ്റ് കുടിയ(യാ)ന്മാർക്കും

വൈകിട്ടെന്താ പരിപാടി ?
“കാവൽ നിൽക്കുന്നതിനേക്കാൾ നന്ന് ,കള്ളടിച്ച് ചാവുന്നതെന്ന് ” !

എത്ര കുടുംബങ്ങളനാധമാകിലും, എത്ര ബന്ധങ്ങളറുത്ത്മാറ്റപ്പെട്ടാലും, എത്ര ശവങ്ങൾ പുഴുവരിച്ചാലും, എത്ര സഹോദരിമാർ കണ്ണുനീരുകൊണ്ട് കലം കഴുകിയാലും,
കിട്ടുന്ന വരുമാനത്തിന്റെ സ്റ്റാറ്റിസ്റ്റിക്സിൽ പോകുന്ന ജീവനുകൾക്കെന്ത് വില കൂ‍ട്ടരെ !


കുടുംബങ്ങളുടെ തകർച്ചയ്ക്കും ,അക്രമങ്ങളുടെ അതിപ്രസരത്തിനും, സർവ്വ വിധ തിന്മകളുടെയും പ്രചോദനവുമായ മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും ഉപയോഗം കൊണ്ട് ജീവിതം നശിപ്പിക്കുന്നവർ നേടുന്നതെന്ത് ? രോഗവും അകാലമൃത്യുവുമല്ലാതെ !
നേടി കൊടുക്കുന്നതെന്ത് ? തീരാ നഷ്ടവും ദു:ഖവുമല്ലാതെ !

ഇനിയും കണ്ണുതുറക്കാത്ത ജനതയും കണ്ണടച്ച് പിടിച്ച അധികാരികളും വാഴുന്ന നാട്ടിൽ
ഇനിയുമേറേ വീഴാനിരിക്കുന്നു മർത്യൻ ,
മദ്യം മോന്തി മദോന്മത്തരായി മരണത്തിന്റെ വഴിയിൽ നിന്ദ്യനായി !

ഇനിയെന്താ പരിപാടി ?
വിദ്യാലയമാം ഉദ്യാനത്തിൽ മദ്യ ഷാപ്പ് തുറക്കാം..! ഉച്ചക്കഞ്ഞിക്ക് പകരം നൽകാൻ
ഉത്തമമായത് വേറെയുണ്ടോ ഈ ഉലകിൽ ?
കുടിച്ച് വളരട്ടെ ഭാവി വാഗ്ദാനങ്ങൾ, നുരകൊണ്ട് നിറയട്ടെ ഖജനാവുകൾ
ഒഴിവാക്കാം ഉപരിപഠനത്തിന്റെ ഉത്കണ്ഡകൾ.. പിറക്കട്ടെ ഉത്തമ സാഹിത്യ രചനകളും


വൈകിട്ടെന്താ പരിപാടി ?
“കാവൽ നിൽക്കുന്നതിനേക്കാൾ നന്ന് ,കള്ളടിച്ച് ചാവുന്നതെന്ന് ” !

Related Posts with Thumbnails