Monday, July 12, 2010

വഴിമാറിയ അപകടം

ചെറിയ ചില അബദ്ധങ്ങൾ വലിയ അപകടങ്ങളിലേക്ക് നയിച്ച അനുഭവ പാഠങ്ങൾ നമ്മിൽ പലർക്കും ഉണ്ടായിരിക്കാം. കല്ല്യാണത്തിനു മുന്നെ വേണ്ടവിധം ആലോചിക്കാമായിരുന്നില്ലേ എന്നാവും നിങ്ങളെന്നോട് ചോദിക്കാൻ പോകുന്നത് ? അത് എന്റെ ബീവിയോട് പലരും ചോദിച്ചതായി അവളെന്നോട് വെളിപ്പെടുത്തിക്കഴിഞ്ഞതിനാൽ ഇനി ആ ചോദ്യത്തിനു പ്രസക്തിയില്ലെന്നറിയിക്കട്ടെ.

ഇവിടെ ഞാൻ ചെയ്ത ഒരു കാര്യത്തെ (അബദ്ധമെന്ന് പ്രത്യേകം പറയുന്നില്ല :( ) പറ്റി പറഞ്ഞാണ് ഇന്ന് നിങ്ങളെ ബോറടിക്കാനുദ്ദേശിക്കുന്നത്. സംഗതി നിസാരം. ..സാരമായിരുന്നെങ്കിൽ ..

ഓരാളെ കൂടി കൂടെ കൂട്ടേണ്ടതുള്ളതിനാൽ ഓഫീസിലേക്ക് പോകുന്ന പതിവു റൂട്ടിൽ നിന്ന് വിത്യസ്തമായാണ് രണ്ട് ദിവസമായി യാത്ര. പുതിയ റൂട്ട് ദൈർഘ്യം കൂടുതലാണോ എന്നൊരു സംശയം .അതൊന്ന് തീർക്കാമെന്ന് കരുതി. അങ്ങിനെ കരുതിയതിൽ തെറ്റില്ലെന്ന് നിങ്ങളും സമ്മതിക്കും പക്ഷെ,


പാർക്കിംഗിൽ നിന്ന് കാർ റിവേൾസെടുത്ത് ഫസ്റ്റ് ഗിയറിലേക്ക് മാറി, സ്പീഡാക്കി സെകന്റിലേക്കും പിന്നെ ആക്സിലേറ്ററിൽ കാലമർത്തി.. പിന്നെ തേഡിലെക്കു മാറുന്നതിനിടയിലാ‍ണാ ചിന്ത വന്ന വന്നത്. ഒട്ടും അമാന്തിച്ചില്ല (അബദ്ധം വരുന്നിടത്ത് അമാന്തം പാടില്ല എന്നല്ലേ ). സ്റ്റിയറിംഗ് വളയത്തിനുള്ളിലൂടെ ഇടത് കൈ കടത്തി ട്രിപ് കൌണ്ടർ മീറ്റർ സെറ്റ് ചെയ്യുന്ന ബട്ടണിൽ അമർത്തി. പിന്നെ സംഭവിച്ചതും സംഭവിക്കാതിരുന്നതും ഓർക്കുമ്പോൾ .....! സ്റ്റിയറിംഗിനുള്ളിൽ ഇടത് കൈ ഒന്ന് ട്വിസ്റ്റ് ആയി.. ആ സമയം കൊണ്ട് വണ്ടി ഒരു വശത്തേക്കും പാളി.. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നിശ്ചയമില്ലാത്ത സെക്കന്റുകൾ .. മെയിൻ റോഡിലേക്ക് പ്രവേശിച്ചിട്ടില്ലാത്തതിനാൽ മറ്റ് വാഹനങ്ങൾ കുറവായിരുന്നു. അതിനാൽ പെട്ടെന്നുള്ള ഒരു കൂട്ടിയിടി ഒഴിവായി .പക്ഷെ കാറിന്റെ നിയന്ത്രണം എന്നിൽ നിന്ന് പോവുകയാണോ എന്ന് ഞെട്ടലോടെ മനസിലാക്കിയ നിമിഷം.അപ്പോഴാണ് ആക്സിലേറ്ററിലാ‍ണ് കാൽ എന്ന് ഒരു ബോധം വന്നത്..പെട്ടെന്ന് കാൽ ആക്സിലേറ്ററിൽ നിന്ന് പിൻ‌വലിക്കുകയും ബ്രേക്ക് അമർത്തുകയും ചെയ്തു... എല്ലാം സെക്കന്റുകൾക്കിടയിൽ നടന്നു. ഒരു ചെറിയ സീൽക്കാരത്തോടെ കാർ നിന്നു .(അൽഹംദുലില്ലാഹ്.. ) വണ്ടി നിന്നതിനു ശേഷമാണെന്റെ കൈ സ്റ്റിയറിംഗിനുള്ളിൽ നിന്നെടുക്കാൻ കഴിഞ്ഞത്.

കൈ സ്റ്റിയറിംഗിനുള്ളിലായ അവസ്ഥയിൽ ഒരു തിരിച്ചൽ കൂടി തിരിഞ്ഞിരുന്നെങ്കിൽ പിന്നെ ...ആ വഴിമാറിയ അപകടം ഓർക്കുമ്പോൾ .ഒരു ഞെട്ടൽ. .

ചെയ്ത കാര്യം (അബദ്ധം ,പൊട്ടത്തരം, വിഡ്ഡിത്തം, പോഴത്തരം ..ഇഷ്ടമുള്ളത് നിങ്ങൾക്ക് കൂട്ടിച്ചേർക്കാം ) എന്റെ ബീവി അറിഞ്ഞാൽ , ‘സൂക്ഷിക്കണം .സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട, . .‘മണ്ടത്തരം കാണിക്കരുതെ’ന്നൊക്കെ അവളെ ഇടയ്ക്കിടയ്ക്ക് ഉപദേശിക്കുന്ന (ഇനിയെന്ത് സൂക്ഷിക്കാനാ ഇക്കാ എന്ന അവളുടെ മുഖഭാവം ഞാൻ ശ്രദ്ധിയ്ക്കാറില്ല ) എന്നെ ഉപദേശിക്കാൻ വെറുതെ ഞാനായിട്ട് അവസരം കൊടുത്തല്ലോ :(

പറഞ്ഞ് വന്നത്.. ദൂരം കൂടിയാലും കുറഞ്ഞാലും.. സ്റ്റിയറിംഗ് വളയത്തിനുള്ളിലൂടെ കൈയിട്ട് ആയുസിന്റെ ദൂരം കുറയ്ക്കരുതാരും.... സൂക്ഷ്മതക്കുറവ് കൊണ്ട് വരാവുന്ന അപകടങ്ങൾ വലുതാണ്. നമ്മെ പ്രതീക്ഷിച്ച്, നമ്മെ ആശ്രയിച്ച് ഒരു കുടുബത്തിന്റെ ഖൽബ് തുടിക്കുന്നുണ്ടെന്ന വിചാരം എപ്പോഴുമുണ്ടാവട്ടെ

അപകടങ്ങളിൽ നിന്നും അബദ്ധങ്ങളിൽ നിന്നും നമ്മെ എല്ലാവരെയും ലോകരക്ഷിതാവ് കാത്തുരക്ഷിയ്ക്കട്ടെ എന്ന പ്രാർത്ഥനയോടെ


യു.എ.ഇ ട്രാഫിക് ഫൈൻ ലിസ്റ്റ് ഇവിടെ കാ‍ണാം . അബദ്ധങ്ങൾക്കും ഫൈൻ ഉണ്ടോ എന്തോ !

Related Posts with Thumbnails