Saturday, December 6, 2008

മറക്കാനാവത്ത ഡിസംബര്‍ !

ഒരു ഡിസംബര്‍ 6 കൂടി . മറക്കാന്‍ ഏറെ ശ്രമിയ്ക്കുമ്പോഴും ..ഭീതിപ്പെടുത്തുന്ന ഓര്‍മ്മകള്‍ മനോമുകുരത്തില്‍ തെളിയുകയാണീ ദിനങ്ങളില്‍ .മതേതര ഭാരതത്തിന്റെ താഴികക്കുടങ്ങളില്‍ വര്‍ഗീയതയുടെ കറുത്ത കരങ്ങള്‍ പതിച്ചതിന്റെ നടുക്കവുമായി പുറത്ത്‌ വരാന്‍ മടിച്ച ആ പ്രഭാതത്തില്‍ ..അന്ന് 1992 ഡിസംബര്‍ 6 ഞായറാഴച ..തുടര്‍ന്നുള്ള 14 ദിനങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാവത്തതായി മാറുകയായിരുന്നു. ''ലോകാ സമസ്താ സുഖിനോ ഭവന്തു'' എന്ന വേദവാക്യം ഉരുവിട്ടു പഠിച്ച, ''സാരേ ജഹാംസെ അച്ഛാ... ഹിന്ദു സിതാന്‍ ഹമാരാ''.. നെഞ്ചിലേറ്റിയ, ''ഈശ്വര്‍-അല്ലാ തേരെ നാം'' പാടിയ ജനതതിയുടെ മനസ്സില്‍ മതിലുകള്‍ തീര്‍ക്കപ്പെട്ട ആ ദിവസങ്ങള്‍ .. ചേരി ചേരാ രാജ്യങ്ങളുടേ നായകത്വം വഹിച്ച, എല്ലാ പ്രത്യയശാസ്ത്രങ്ങളും, ദര്‍ശനങ്ങളും ഒരു പോലെ നെഞ്ചിലേറ്റിയ ഭാഷകളുടെയും, സംസ്കാരങ്ങളുടെയും സംഗമ ഭൂമിയായ, എല്ലാ വൈജാത്യങ്ങള്‍ക്കുമപ്പുറം ഭാരതീയന്‍ എന്ന പാശത്താല്‍ കൂട്ടിയിണക്കപ്പെട്ട ഏകത്വം പുലര്‍ന്ന ഭാരതാംഭയുടെ നെഞ്ചില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്നത്‌ ജഡതവം ബാധിച്ച മനസോടെ നോക്കിക്കണ്ടാ ഭരണാധികാരികള്‍ . ഇന്ത്യാ മഹാരാജ്യത്തിന്റെ വികലമാക്കപ്പെട്ട മുഖമായിരുന്നു പുറം ലോകത്ത്‌ ആഘോഷിക്കപ്പെട്ടത്‌. അതിന്നും പല രൂപത്തില്‍ തുടരുന്നതും നാം കാണുന്നു. അവസാനം മഹാ നഗരത്തില്‍ നടന്ന ഭീകരാക്രമണത്തിലൂടെ..!

ഒരു മസ്ജിദ്‌ ‍ എന്നതിലുപരി ചരിത്രമുറങ്ങുന്ന നാടിന്റെ ജീവനായുള്ള സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ നമുക്കായില്ല. ''ചിലര്‍ സംസ്കാരത്തെ രൂപപ്പെടുത്തുന്നു. ചിലര്‍ സംസകാരം സംരക്ഷിക്കുന്നു. മറ്റു ചിലര്‍ സംസ്കാരങ്ങളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിയ്ക്കുന്നു'' !. സാമ്രാജത്വ അധിനിവേശങ്ങള്‍ നടന്ന രാജ്യങ്ങളില്‍ അവര്‍ ചെയ്യുന്നത്‌ വിശകലനം ചെയ്താല്‍ നമുക്ക്‌ മനസ്സിലാവുന്ന ഒരു കാര്യമാണ് സംസകാരങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍.. അത്‌ നമ്മുടെ രാജ്യത്തും നടന്നു വെന്ന് വേണം കരുതാന്‍.. ബ്രിട്ടിഷ്‌ കൊളോണിയലിസത്തിന്റെ ബാക്കിപ്രത്രമായ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഹീന തന്ത്രത്തിന്റെ ഭാഗമായ വ്യഭിചരിക്കപ്പെട്ട ചരിത്ര താളുകളും അതിനു നമ്മുടെ തന്നെ സഹോദരങ്ങളെ സ്വാധീനിച്ചു എന്നത്‌ ഒരു വസ്തുതയാണ്. അങ്ങിനെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നീചതന്ത്രം ബ്രിട്ടീഷുകാരില്‍ നിന്ന് തീറെഴുതി വാങ്ങിയവര്‍ യുവതലമുറയെ മസ്തിഷ്ക പ്രക്ഷാളനം ചെയ്ത്‌ തങ്ങളുടെ അധികാര സ്ഥാനമുറപ്പിക്കാന്‍ ചരിത്ര സത്യങ്ങളെ കടന്നാക്രമിക്കുന്നത്‌ ജനാധിപത്യത്തിന്റെ കവല പ്രസംഗകര്‍ കണ്ടില്ലെന്ന് നടിക്കുന്നു. താന്‍ ആരാണെന്ന തിരിച്ചറിവില്ലായ്മയും ആദര്‍ശങ്ങളെ സംബന്ധിച്ച അന്ധവിശ്വാസവും മുതലെടുക്കാന്‍ കാത്തിരിക്കുന്ന രാഷ്ടീയക്കോമരങ്ങളുടെയും, വര്‍ഗീയതയുടെയും വിരലനക്കങ്ങള്‍ക്കൊത്ത്‌ ചലിക്കുന്ന പാവകളായി മാറുന്നവര്‍ ഒരു തിരിച്ചറിവിന്റെ വെളിച്ചത്തിലേക്ക്‌ മടങ്ങാാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. മനസ്സിന്റെ ഒരു കോണിലെങ്കിലും അല്‍പം കരുണയും ,സഹജീവി സ്നേഹവും ബാക്കിയുള്ളവര്‍, സ്വന്തം രാജ്യം അഭി വ്ര്യദ്ധിപ്രപിക്കണമെന്ന് ആശിക്കുന്നവര്‍, സ്വസ്ഥമായ ജനജീവിതം കാംക്ഷിക്കുന്നവര്‍ എല്ലാവരുടെയും വാക്കുകളും രചനകളും പ്രവര്‍ത്തനങ്ങളും വിചാരങ്ങളുമെല്ലാം , തെറ്റിദ്ധരിക്കപ്പെട്ട -തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വസവും സാഹോദര്യവും തിരിച്ചു കൊണ്ട്‌ വരുന്നതിനാവട്ടെ.

അന്ന് 1992 ഡിസംബര്‍ 6 ഞായറാഴചയും ..തുടര്‍ ന്നുള്ള 14 ദിനങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാവത്തതായി മാറുകയായിരുന്നു എന്ന് പറഞ്ഞുവല്ലോ.. അന്ന് ഞാന്‍ ബോംബെ (ഇന്ന് മുംബെ ) യില്‍ ആയിരുന്നു. എന്റ ആദ്യ ഗള്‍ഫ്‌ യാത്രയുടെ ഒരുക്കങ്ങള്‍ക്കായി (സൗദിയിലേക്ക്‌ ) ബോംബെയില്‍ നവംബര്‍ 22 നു എത്തിയതായിരുന്നു. ചില സാങ്കേതിക തടസ്സങ്ങള്‍ കൊണ്ട്‌ (രണ്ട്‌ ദിവസത്തിനുള്ളില്‍ പറക്കാമെന്ന് കരുതിയത്‌ നടന്നില്ല ) ഒരു മാസക്കാലം ബോബെയില്‍ കഴിയേണ്ടി വന്നു. ട്രാവല്‍സ്‌ ഉടമ ഉമ്മര്‍ഭായ്‌ അറേഞ്ച്‌ ചെയ്ത കണ്ണംവാര്‍ നഗറിലെ ഫ്ലാറ്റിലെ ഒരു റൂമില്‍ തൂക്കാന്‍ വിധിക്കപ്പെട്ട്‌ ദിനവും കാത്തു കഴിയുന്ന കഴിയുന്നവരെപ്പോലെ, വിസ എപ്പോള്‍ കിട്ടും എന്ന് ആവലാതിപ്പെട്ട്‌ കഴിയുന്നവരോടൊത്ത്‌ ഞാനും അവരില്‍ ഒരാളായി മാറി. ജീവിതം എന്തെന്ന് പഠിക്കാന്‍ ബോംബെയില്‍ താമസിക്കണം എന്ന് പറയുന്നത്‌ എത്ര ശരിയാണെന്ന് തെളിഞ്ഞ നാളുകള്‍.. അന്നന്നേക്ക്‌ മാത്രം അരിയും സാധനങ്ങളും വാങ്ങി രാത്രി ഉറങ്ങുന്നതിനു മുന്നെ കണക്ക്‌ അവതരിപ്പിച്ച്‌ അന്ന് എത്രപേരാണു റൂമില്‍ ഉണ്ടായിരുന്നത്‌ എങ്കില്‍ ഡിവൈഡ്‌ ചെയ്ത്‌ ഷെയര്‍ പിരിക്കലാണു പതിവ്‌. അതിനാല്‍ ഡിസംബര്‍ 6 ന്റെ ദുരന്തവും അതിനു ശേഷം നടന്ന അക്രമങ്ങളും ഞങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയിലാക്കി. പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയായിരുന്നു. (എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവരും അന്ന് റൂമില്‍ ഉണ്ടായിരുന്നുവെന്നും എല്ലാവരും ഒരുപോലെ ഭയത്തോടെ ഉറക്കമില്ലാതെ, ഭക്ഷണമില്ലാതെ കഴിഞ്ഞു വെന്നതും മറക്കാന്‍ കഴിയില്ല ) ഞങ്ങള്‍ താമസിച്ചിരുന്ന ഏരിയ പൊതുവെ വലിയ പ്രശ്നങ്ങള്‍ ഉണ്ടായില്ലെങ്കിലും ആരാധാനലയം കത്തിക്കലും, കൊലപാതകശ്രമവും മറ്റും അരങ്ങേറിയിരുന്നു. ഒരു ദിവസം ഞങ്ങളുടെ റൂമിന്റെ വാതിലില്‍ വാളുകൊണ്ട്‌ വെട്ടുകയും ചെയ്തു അക്രമികള്‍. അവര്‍ ഒരാളെ തിരഞ്ഞ്‌ വന്നതായിരുന്നുവെന്നും അയാള്‍ മുന്നെ ഞങ്ങളുടെ തൊട്ടടുത്ത ഫ്ലാറ്റില്‍ ഉണ്ടായിരുന്നതിനാല്‍ എന്ന് അറിയാന്‍ കഴിഞ്ഞു. രണ്ട്‌ ദിനങ്ങള്‍ കട്ടന്‍ ചായയും ബാക്കിയുണ്ടായിരുന്ന അല്‍പം അരികൊണ്ട്‌ കഞ്ഞി (അതില്‍ വറ്റ്‌ കാണണമെങ്കില്‍ സ്കാന്‍ ചെയ്യണം ) വെച്ച്‌ കുടിച്ചു. പിന്നെ കാലത്ത്‌ പാലും പത്രവും വന്നിരുന്നതും നിലച്ചു. ഇപ്പോള്‍ നല്ല ഒന്നാംതരം പട്ടിണിക്കൊപ്പം പച്ചവെള്ളം കുടിക്കേണ്ട അവസ്ഥയിലായി. വരാനുള്ളത്‌ വഴിയില്‍ തങ്ങില്ലല്ലോ. പിന്നെ ഇന്നത്തെ പോലെ ടെലിഫോണ്‍ ചെയ്യാന്‍ മൊബൈല്‍ പോയിട്ട്‌ എന്റെ വീടിന്റെ പരിസരത്ത്‌ പോലും ഒരു ഫോണുള്ള വീടില്ല. അതിനാല്‍ തന്നെ എന്റെ വീടുമായി ബന്ധപ്പെടാനും വഴിയില്ല. വിഷപ്പ്‌ ഭയത്തെ കീഴടക്കി. ചേലക്കര ഭാഗത്തുള്ള (പേരു ഓര്‍ക്കുന്നില്ല ) എന്നെപ്പോലെ തന്നെ വിശപ്പ് കൊണ്ട്‌ ഭയം ഒരു മരവിപ്പായി മാറിയ ഒരു സുഹൃത്തും കൂടി പുറത്തിറങ്ങി പകുതി നിരപ്പലക തുറന്ന് വെച്ച ഒരു ചെറിയ കടയില്‍ നിന്ന് കുറച്ച്‌ അരിയും സാധനങ്ങളും വാങ്ങി റൂമിലേക്ക്‌ തിരിക്കുമ്പോള്‍ തൊട്ടടുത്ത റോഡില്‍ അക്രമികള്‍ ഒരു സ്കൂട്ടര്‍ യാത്രക്കാരനെ തടഞ്ഞ്‌ നിര്‍ത്തി ആക്രമിക്കാനൊരുങ്ങുന്നത്‌ കണ്ട എന്റെയും കൂട്ടുകാരന്റെയും സ്ഥിതി ഞാനിവിടെ വിവരിക്കുന്നില്ല. :( പെട്ടെന്ന് ഒരു പോലീസ്‌ ജീപ്പ്‌ അവിടെ പാഞ്ഞെത്തുകയും സ്കൂട്ടര്‍ യാത്രക്കാരനെ വിട്ട്‌ അക്രമികള്‍ ഞങ്ങള്‍ നില്‍ക്കുന്ന ഭാഗത്തേക്ക്‌ ഓടി വരുകയും ചെയ്യുന്നത്‌ ഒരു നടുക്കത്തോടെ കണ്ടു. ഓടരുത്‌! എന്ന സുഹൃത്തിന്റെ നിര്‍ദ്ധേശം ഞാന്‍ അക്ഷ്രരം പ്രതി അനുസരിച്ചു. ഓടാന്‍ പോയിട്ട്‌ നടക്കാന്‍ വരെ കാലു ചലിക്കണ്ടെ.. എന്നിട്ടല്ലേ ഓടല്‍ ! അവര്‍ വന്ന വഴിയില്‍ തടസ്സമായി നിന്ന ഞങ്ങളെ തട്ടിമാറ്റി അവര്‍ എങ്ങോ ഓടി മറഞ്ഞു. പിന്നാലെ വന്ന പോലിസ്‌ ഞങ്ങളെ നോക്കി ആക്രോഷിച്ചു. മുഴുവന്‍ മനസ്സിലായില്ലെങ്കിലും വീട്ടില്‍ പോടാ ---- മക്കളെ എന്നത്‌ വ്യക്തമായതിനാലും പോയ ചലനശേഷി തിരിച്ച്‌ കിട്ടിയതിനാലും ഒരു മൗസ്‌ ക്ലിക്കിന്റെ വേഗത്തില്‍ റൂമിലെത്തി. അന്ന് അബുദാബിയില്‍ ഉണ്ടായിരുന്ന എന്റെ ഉപ്പയും മറ്റു ബന്ധുക്കളും നാട്ടില്‍ ഉമ്മയും മറ്റുള്ളവരും എല്ലാം ഏറെ വിഷമിച്ചു. ദിവസങ്ങള്‍ക്ക്‌ ശേഷം ഉമ്മര്‍ ഭായ്‌ വന്ന് വിക്രോളിയിലുള്ള ഓഫീസിലേക്ക്‌ കൊണ്ടു പോവുകയും അവിടെ നിന്ന് നാട്ടിലേക്കു (നാട്ടില്‍ അമ്മാവന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്കു) ഗള്‍ഫിലേക്കും ഫോണ്‍ ചെയ്ത്‌ ഞാന്‍ ജീവിച്ചിരിക്കുന്നതായും അടുത്ത ദിവസം തന്നെ സൗദിക്ക്‌ പറക്കുന്നതായും അറിയിച്ചു. ചുരുക്കി പറഞ്ഞാല്‍ ഡിസംബര്‍ 22 നു ആദ്യ കലാപത്തിന്റെ അലയൊടുങ്ങി രണ്ടാം കലാപത്തിനു മുന്നെ ഞാന്‍ ബോംബെയില്‍ നിന്ന് സൗദിയിലേക്ക്‌ പറന്നു. പിന്നെയുമൊരുപാട് സംഭവങ്ങള്‍ എന്റെ ആദ്യ ഗള്‍ഫ്‌ യാതയും ,ബോംബെ ജീവിതവും , സൗദിയിലെ കേവലം 8 മാസത്തെ പ്രവാസവും ഒക്കെയായി ബന്ധപ്പെട്ട്‌ പറയാനുണ്ട്‌. സമയം കിട്ടുമ്പോള്‍ അതെല്ലാം എഴുതി നിങ്ങളെ പരമാവധി ബോറടിപ്പിക്കാന്‍ ശ്രമിയ്ക്കുന്നതാണ് . ഒരു ചെറിയ പെരുന്നാള്‍ സ്മരണ ഈദുല്‍ഫിതറിന്റെ കണ്ണുനീര്‍ എഴുതിയത്‌ വായിക്കാത്തവര്‍ വായിക്കുക. വലിയ പെരുന്നാളിനു പിന്നെ അതൊരു ശീലമായതിനാല്‍ അത്ര സങ്കടം ഉണ്ടായില്ല എന്നത്‌ കൂടി ഓര്‍മ്മിപ്പിക്കട്ടെ.

എന്റെ പ്രിയ സഹോദരങ്ങളെ ..എന്തിനീ ചോരപ്പുഴകള്‍ .. എന്തിനീ പോര്‍ വിളികള്‍.. ? ഈ പടയൊരുക്കങ്ങള്‍ ഇനിയും വേണോ ? എന്ത്‌ നേടി ഇത്‌ കൊണ്ടെല്ലാം !!നിദ്രാവിഹീനമായ രാത്രികളും ഉത്കണ്ഡാകുലമായ ദിനങ്ങളുമല്ലാതെ..മറക്കാം നമുക്കെല്ലാം ..ഒരു നല്ലാ നാളെക്കു വേണ്ടി.. തുരത്താം നമുക്കൊന്നിച്ച്‌ നിന്ന് ഭീകരരെയും വര്‍ഗീയക്കോമരങ്ങളെയും രാഷ്ടീയപിശാചുക്കളെയും .. നമ്മുടെ മണ്ണില്‍ നിന്ന്

ജയ് ഹിന്ദ്‌

Post a Comment
Related Posts with Thumbnails