Tuesday, June 8, 2021

ഒരു മൊട്ട പുരാണം

ശീ മൊട്ട.. പള പള മൊട്ട.. ഡും ഡും മൊട്ട…!


പുലർകാലെ ഒരു മണിക്കൂർ മദ്രസ്സ പഠനം കഴിഞ്ഞ് വീട്ടിൽ വന്നതിനു ശേഷമാണു സ്കൂളിലേക്കുള്ള യാത്ര , മദ്രസ കഴിഞ്ഞ് വന്ന ഉടനെ തന്നെ സ്കൂളിലേക്ക് ഉടനെ പാട വരമ്പിലൂടെയുള്ള നടത്തം ആയത് കൊണ്ട് മദ്രസ വിട്ട് വീട്ടിലേക്ക് വരുമ്പോൾ ഞാവൽ പഴം വീണത് പെറുക്കാനോ അല്ലെങ്കിൽ ഞാവലിനു കല്ലെറിയാനോ കൂട്ടുകാരൊത്ത് സൊറ പറഞ്ഞ് നടക്കാനോ ഉള്ള സമയം ഉണ്ടാവില്ല. പക്ഷെ സ്കൂൾ അവധിയായ ശനി, ഞായർ ദിവസങ്ങളിൽ മദ്രസ ഉച്ച വരെ ഉണ്ടാവും. ആ ദിനങ്ങളിൽ മദ്രസ വിട്ട് വീട്ടിലെത്താൻ ഏറെ സമയമെടുക്കും.
ഞങ്ങളുടെ വീടുകൾ ഒരേ വഴിയിലും അടുത്തടുത്തും ആയത് കൊണ്ട് ഞാനും മുഹമ്മദ്ക്കാടെ മകൻ യൂസുഫും, പിന്നെ മാമുദുക്കാടെ മകൻ ഉസ്മാനും കൂടി ഒരുമിച്ചാണു മദ്രസ വിട്ട് നടന്ന് വരിക. യൂസഫിനേയും എന്നെയും അപേക്ഷിച്ച് അത്യാവശ്യം തടിമിടുക്ക് ഉള്ള ഉസ്മാൻ മിക്കവാറും തല മൊട്ടയടിച്ചാണു അന്നൊക്കെ നടന്നിരുന്നത്. അതിനാൽ തന്നെ ഞാനും യൂസുഫും അവനോട് കയ്യകലം പാലിച്ചാണു നടക്കൽ അല്ലെങ്കിൽ അവന്റെ കൈ വിരൽ മടക്കികൊണ്ടുള്ള മേട്ടം ഞങ്ങളുടെ മണ്ടയ്ക്ക് കിട്ടും അത് ഞങ്ങളുടെ കയ്യിലിരിപ്പിന്റെ ഫലമാണെന്നത് ഒരു വാസ്തവമാണെങ്കിലും ഞങ്ങൾ കൂട്ടുകാരായി തന്നെ തുടർന്നു.
പക്ഷെ ഇടയ്ക്ക് ഞങ്ങൾ അവനെ മുൻ കൂട്ടി തയ്യാറാക്കിയ പ്ലാൻ അനുസരിച്ചു പറ്റിക്കും , മദ്രസ വിട്ടു വരുന്ന വഴിയിൽ ഉസ്മാനുമായി വല്യ ചങ്ങാത്തം ഭാവിച്ച് ഇല്ലാ കഥയും പറഞ്ഞ് യൂസ്ഫിന്റെ അമ്മായി പാത്തുമോൾത്താടെ വീടെത്തുന്നവരെ നടക്കും .അമ്മായിയുടെ വീടിന്റെ ഭാഗത്ത് നിന്ന് വലത്തോട്ട് തിരിഞാൽ എന്റെ വീടും ഇടത്തോട്ട് തിരിഞ്ഞാൽ യൂസുഫിന്റെയും ഉസ്മാന്റെയും വീടാണെങ്കിലും പാത്തുമോൾത്താടെ പടി കടന്നാൽ അവരുടെ പറമ്പിലൂടെ എന്റെയും യൂസുഫിന്റെയും വീട്ടിലേക്ക് എളുപ്പമാണ്. അങ്ങിനെ ഉസ്മാനുമായുള്ള താത്കാലിക അധിക ചങ്ങാത്തം അമ്മായിയുടെ വീട്ടു പടിക്കലെട്ടുന്നതോടെ അവസാനിക്കും അവിടെയെത്തിയാൽ ഞങ്ങൾ കോറസായി ഉസ്മാനെ നോക്കി.. ഒരു മുദ്രാവാക്യമാണ് ..
ശീ മൊട്ട.. പള പള മൊട്ട.. ഡും ഡും മൊട്ട…
വിളിയുടെ മുന്നോടിയായി ഞങ്ങൾ സുരക്ഷിത മേഖലയായ അമ്മായിയുടെ പറമ്പിലേക്ക് കടക്കും .. ഉസ്മാൻ ഞങ്ങളെ തല്ലാൻ ഓടിയെത്തുമ്പോഴേക്കും രക്ഷകയായി അമ്മായി പ്രത്യക്ഷപ്പെടും. ഞങ്ങൾ അവനെ കളിയാക്കിയതൊന്നും രേഖയിൽ ഉണ്ടാവില്ല. അതിനാൽ തന്നെ ‘നാളെ ഞാൻ എടുത്തോളാം‘ എന്ന് ആംഗ്യം കാട്ടി ഉസ്മാൻ നടന്നു നീങ്ങും പിന്നെ അടുത്ത ഒരാഴ്ച അവന്റെ കയ്യിൽ പെടാതെ നോക്കും. വീണ്ടും ഞങ്ങൾ ചങ്ങാതികളായി മാറും…രണ്ട് ദിനം കഴിഞ്ഞാൽ മൊട്ടയെ കളിയാക്കി ഓടൽ ആവർത്തിക്കും.. പിന്നെയും ഒരാഴ്ച ജാഗ്രത.. ഇന്ന് യൂസുഫും ഉസ്മാനും ആ കഥകൾ ഓർക്കുന്നുണ്ടോ എന്തോ..!
കാൽ നൂറ്റാണ്ട് കാലത്തെ പ്രവസത്തിനു ശേഷവും എന്റെ തിരുമണ്ടയിൽ ബാക്കിയായ ഒറ്റപ്പെട്ട ചില തുരുത്തുകൾ വെട്ടിയൊരുക്കാനായി , ബാർബർ ഷോപ്പ്കാർക്ക് ഒരു പണിയായിക്കോട്ടെ എന്ന് കരുതി ഇടയ്ക്ക് സന്ദർശനം നടത്താറുള്ളത് ലോക് ഡൌൺ കാരണം മുടങ്ങിയതിന്റെ പറ്റിൽ സ്വന്തമായി തന്നെ ആ മംഗള കർമ്മം നിർവഹിക്കാൻ തീരുമാനിക്കുകയും , സ്വന്തം ഭാര്യയുടെ സഹായത്തോടെ perfect ok ആയില്ലെങ്കിലും ഒരുവിധം ഭംഗിയായി നിർവഹിക്കുകയും ചെയ്തപ്പോൾ ഒരു താത്കാലിക ആശ്വാസം..ഒപ്പം ഉസ്മാന്റെ ശീ മൊട്ട വീണ്ടും ഓർമ്മയിൽ എത്തി..
മദ്രസയിലേക്കും സ്കൂളിലേക്കുമുള്ള നടത്തവും ചങ്ങാത്തവും പിണക്കങ്ങളും , കുഞ്ഞി തോട്ടിലെ മീൻ പിടുത്തവും, കളികളും .. എല്ലാം എന്നേക്കുമായി പോയ് മറഞ്ഞുവെങ്കിലും വീണ്ടും വീണ്ടും ആ കാലത്തിലെക്ക് മനസ് പറന്ന് പോവുകയാണ്.. ജീവിതം ഓൺലൈൻ ആയപ്പോൾ നഷ്ടപ്പെടുന്നവയുടെ കണക്കുകളിൽ കുരുന്നുകളുടെ ബാല്യകാല മദ്രസ /സ്കൂൾ ജീവിത സന്തോഷങ്ങൾ.. കൂടിചേരലുകൾ കൂട്ടുകൾ ,..തിരിച്ച് നൽകാനാവുമോ ..! ആകുലതകൾ ബാക്കി..

2 comments:

ബഷീർ said...

ശീ മൊട്ട.. പള പള മൊട്ട.. ഡും ഡും മൊട്ട…!

Muralee Mukundan , ബിലാത്തിപട്ടണം said...

കോവിഡ് കാലത്തുണ്ടായ നഷ്ട്ടങ്ങൾ ,പ്രതേകിച്ചും നവ ബാല്യങ്ങൾക്ക് ...

Related Posts with Thumbnails