അതിശൈത്യത്തിലും അത്യുഷ്ണത്തിലും , അരയും തലയും മുറുക്കി അതിർത്തി കാത്ത്
നാടിന്റെ മാനം കാത്ത് നാട്ടുകാരുടെ ജീവൻ കാത്ത് ,ശത്രുവിന്റെ വെടിയുണ്ട നെഞ്ചിൽ വാങ്ങി
മൃത്യവിന്റെ കരങ്ങളിലും മുഴങ്ങിയ ‘ജയ്ഹിന്ദ്‘ ! വിളികൾ...
പകരം നാം നൽകിയതോ !
ഞെട്ടലുകൾ ...പ്രസ്താവനകൾ, പിന്നെ മൂവർണ്ണക്കളറിലൊരു പെട്ടി
മാനത്തേക്കഞ്ചാറു വെടി !
മദ്യം മോന്തി പള്ളവീർത്ത് ,കുടലു ചീഞ്ഞ് കരള് വെന്ത്
വഴിയിലും വയലിലും ചത്തൊടുങ്ങുന്നവർ..അവർക്കായ്
നാടിന്റ രോദനം ,നാടുവാഴികളുടെ ആദരം പിന്നെ
നികുതിപ്പണം കൊണ്ട് തുലാഭാരം
മദ്യം കൊടുത്ത് മയക്കി, ജീവൻ വാങ്ങി ,സമ്പാദിച്ച കോടികൾക്കും കോടിപതികൾക്കും
കോട്ടമേതുമില്ലാതെ സുഖവാസവും..
കൊടുക്കാമിവർക്കുമൊരു ‘പട്ടം’ ,പ്രചോദനമാകട്ടെ മറ്റ് കുടിയ(യാ)ന്മാർക്കും
വൈകിട്ടെന്താ പരിപാടി ?
“കാവൽ നിൽക്കുന്നതിനേക്കാൾ നന്ന് ,കള്ളടിച്ച് ചാവുന്നതെന്ന് ” !
എത്ര കുടുംബങ്ങളനാധമാകിലും, എത്ര ബന്ധങ്ങളറുത്ത്മാറ്റപ്പെട്ടാലും, എത്ര ശവങ്ങൾ പുഴുവരിച്ചാലും, എത്ര സഹോദരിമാർ കണ്ണുനീരുകൊണ്ട് കലം കഴുകിയാലും,
കിട്ടുന്ന വരുമാനത്തിന്റെ സ്റ്റാറ്റിസ്റ്റിക്സിൽ പോകുന്ന ജീവനുകൾക്കെന്ത് വില കൂട്ടരെ !
കുടുംബങ്ങളുടെ തകർച്ചയ്ക്കും ,അക്രമങ്ങളുടെ അതിപ്രസരത്തിനും, സർവ്വ വിധ തിന്മകളുടെയും പ്രചോദനവുമായ മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും ഉപയോഗം കൊണ്ട് ജീവിതം നശിപ്പിക്കുന്നവർ നേടുന്നതെന്ത് ? രോഗവും അകാലമൃത്യുവുമല്ലാതെ !
നേടി കൊടുക്കുന്നതെന്ത് ? തീരാ നഷ്ടവും ദു:ഖവുമല്ലാതെ !
ഇനിയും കണ്ണുതുറക്കാത്ത ജനതയും കണ്ണടച്ച് പിടിച്ച അധികാരികളും വാഴുന്ന നാട്ടിൽ
ഇനിയുമേറേ വീഴാനിരിക്കുന്നു മർത്യൻ ,
മദ്യം മോന്തി മദോന്മത്തരായി മരണത്തിന്റെ വഴിയിൽ നിന്ദ്യനായി !
ഇനിയെന്താ പരിപാടി ?
വിദ്യാലയമാം ഉദ്യാനത്തിൽ മദ്യ ഷാപ്പ് തുറക്കാം..! ഉച്ചക്കഞ്ഞിക്ക് പകരം നൽകാൻ
ഉത്തമമായത് വേറെയുണ്ടോ ഈ ഉലകിൽ ?
കുടിച്ച് വളരട്ടെ ഭാവി വാഗ്ദാനങ്ങൾ, നുരകൊണ്ട് നിറയട്ടെ ഖജനാവുകൾ
ഒഴിവാക്കാം ഉപരിപഠനത്തിന്റെ ഉത്കണ്ഡകൾ.. പിറക്കട്ടെ ഉത്തമ സാഹിത്യ രചനകളും
വൈകിട്ടെന്താ പരിപാടി ?
“കാവൽ നിൽക്കുന്നതിനേക്കാൾ നന്ന് ,കള്ളടിച്ച് ചാവുന്നതെന്ന് ” !
Wednesday, September 15, 2010
കാവൽ നിൽക്കുന്നതിനേക്കാൾ നന്ന് കള്ളടിച്ച് ചാവുന്നത് !
Monday, August 23, 2010
പറന്നകന്ന തുമ്പികൾ
ഞാൻ ജനിച്ചത് തൊഴിയൂർ എന്ന ഗ്രാമത്തിലാണെങ്കിലും ആറാം വയസിൽ ഒരു പറിച്ചുനടലിലൂടെ വെള്ളറക്കാട് ഗ്രാമവും എനിക്ക് പ്രിയപ്പെട്ടതായി മാറുകയായിരുന്നു. എല്ലാ മതവിശ്വാസികളും വളരെ സൌഹാർദ്ദത്തോടെ കഴിയുന്ന വെള്ളറക്കാട് എന്ന വിശാലമായ ഗ്രാമത്തിലെ ഞങ്ങൾ താമസിക്കുന്ന വെള്ളത്തേരി എന്ന ഏരിയയിൽ ഭൂരിഭാഗവും മുസ്ലിംകളാണുള്ളത്. സാധാരണക്കാരായ ഹൈന്ദവ സഹോദരങ്ങൾ മുസ്ലിം വീടുകൾക്കിടയിൽ ചേരിതിരിവില്ലാതെതന്നെ പരസ്പരം കൊണ്ടും കൊടുത്തും സ്നേഹത്തോടെ കഴിയുന്നതിൽ ഞങ്ങളുടെ അയൽവാസികളായും കുറച്ച് വീടുകൾ ഉണ്ട്. വെള്ളറക്കാട് നൂറുൽഹുദാ മദ്രസയുടെ അടുത്തായി ഒരു കൃസ്ത്യൻ കുടുംബം മാത്രവും. ഏവരും വളരെ സൌഹാർദ്ദപരമയിതന്നെ ഇന്നും കഴിയുന്നു എന്നത് സന്തോഷകരമാണ്. ഓണവും പെരുന്നാളും നബിദിനവും ക്രിസ്തുമസും മറ്റ് ആണ്ടറുതികളും ആഘോഷങ്ങളുമെല്ലാം വരുമ്പോൾ പരസ്പരം വിഭവങ്ങൾ കൈമാറിയും, സഹായ സഹകരണങ്ങൾ ചെയ്ത് സൌഹാർദ്ധം ഊട്ടിയുറപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളും മുൻപന്തിയിൽ തന്നെ ഉണ്ടാവാറുണ്ടെന്നത് ഏറെ സന്തോഷകരമായ ഓർമ്മയാണ്.
മദ്രസയിൽ നിന്ന് ഉസ്താദ് പഠിപ്പിച്ചു തന്ന പുണ്യ റസൂലിന്റെ തിരുമൊഴികൾ ‘ വലിയവരെ ബഹുമാനിക്കുക ,ചെറിയവരോട് കരുണ ചെയ്യുക‘ എന്നത് ചെറുപ്പം മുതൽ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഞങ്ങളെ പരിശീലിപ്പിച്ച പ്രിയപ്പെട്ട ഉമ്മ അവിടെ ഹിന്ദുവെന്നോ മുസൽമാനെന്നോ ക്രിസ്ത്യാനിയെന്നോ ഉള്ള വകഭേതം ഒട്ടും കൂട്ടിച്ചേർത്തിരുന്നില്ല. അത് കൊണ്ട് തന്നെ, ഞങ്ങളുടെ അയൽപകത്തുള്ള , ഞങ്ങളുടെ വീടുകളിൽ നിത്യവൃത്തിക്ക് വേണ്ടി പണിയെടുക്കാൻ വരുന്നവരെ മറ്റ് കുട്ടികൾ പേരെടുത്ത് വിളിക്കുമ്പോൾ എനിക്ക് അവരുടെ പേരിന്റെ കൂടെ ചേച്ചിയും ചേട്ടനും കൂട്ടി വിളിക്കാൻ കഴിഞ്ഞത്. പാടത്ത് നെൽകൃഷി ചെയ്തിരുന്ന സമയത്ത് നാട്ടിലെ കേമന്മാരായ കൃഷിക്കാർക്കിടയിൽ പിടിച്ച് നിൽക്കാൻ ചിലപ്പോഴൊക്കെ അവരെ മറി കടന്ന് ഞങ്ങളുടെ വീട്ടിലെ കൊയ്ത്തും മെതിയുമെല്ലാം ഒരു ദിവസം മുന്നെ കഴിപ്പിക്കാൻ ഉമ്മാക്ക് (ഉപ്പ ഗർഫിലായിരുന്നപ്പോൾ)സാധിച്ചിരുന്നത് അവരോടൊക്കെയുള്ള സമീപനം കൊണ്ടായിരുന്നിരിക്കാമെന്ന് ഇന്നെനിക്ക് ബോധ്യമാവുന്നു.
പാടത്ത് നെല്ല് വിളഞ്ഞ് കൊയ്ത്തിനു പാകമായാൽ കൊയ്ത്തുകാരികളുടെ നേതാവായി വാക്കിനെതിർവാക്കില്ലാതെ നിറഞ്ഞ് നിന്നിരുന്ന എല്ലാവരുടെയും ഏച്ചി (ചേച്ചി)യായ ചീരുകുട്ടി ചേച്ചി. പിന്നീട് താൻ പണിയെടുത്ത നിലം തന്റെതാക്കാൻ (നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ എന്നത് ഇവിടെ പ്രാവർത്തികമാവുന്ന കാഴ്ച)കാലത്തിന്റെ നിലക്കാത്ത കറക്കത്തിനിടയിൽ അവർക്ക് സാധിക്കുകയും ചെറിയ വീട്ടിൽ നിന്ന് രണ്ട് നിലകോൺക്രീറ്റ് സൌദത്തിലേക്ക് താമസം മാറ്റാനും അവർക്ക് കഴിഞ്ഞു അപ്പോഴും അധ്വാനത്തിന്റെ നാൾ വഴികൾ മറക്കാൻ അവർക്കായിരുന്നില്ല എന്നത് പ്രത്യേകം സ്മരണീയമാണ്.

കുറച്ച് ദിവസം മുന്നെ വീട്ടിലേക്ക് ഫോൺചെയ്തപ്പോൾ അറിഞ്ഞു ഇനി ഓണത്തിനു തുമ്പിയെ തുള്ളിക്കാൻ ചിരുകുട്ടി ചേച്ചി ഉണ്ടാവില്ല എന്നകാര്യം. അസുഖം കൂടി അവർ മരണപ്പെട്ടു. മരണപ്പെട്ടതിനോടനുബന്ധിച്ചുള്ള ചില ആചരിണങ്ങൾക്ക് (പുല /ചാവ് ) ശേഷം അമ്മിണ്യച്ചി ജോലിക്ക് പോയി തുടങ്ങിയോ എന്ന് ഉറപ്പില്ല . കഴിഞ്ഞ ദിവസം വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ ഉമ്മയിൽ പറഞ്ഞു. അവരും ചേച്ചിയുടെ പിന്നാലെ പോയ വിവരം. പ്രത്യേകിച്ച് അസുഖമൊന്നും ഉണ്ടായിരുന്നില്ല. ഒരു നെഞ്ച് വേദന.. ആശുപത്രിയിലെത്തും മുന്നെ ആ തുമ്പിയും പറന്ന്പോയി.
ഈ ഓണനാൾ അവരുടെ വീടുകളിൽ ആഘോഷങ്ങൾ ഉണ്ടായിരിക്കില്ല .ആ വീടുകളിലെ, ഗ്രാമത്തിലെ മൂകത ഈ പ്രവാസഭൂമിയിലിരുന്നും അനുഭവിക്കാനാവുന്നത് എല്ലാ വൈജാത്യങ്ങൾക്കുമപ്പുറം ഗ്രാമത്തിനോടും ഗ്രാമവാസികളോടും ഉള്ളിന്റെ ഉള്ളിൽ സൂക്ഷിച്ച അടുപ്പവും സ്നേഹവുമാണെന്നത് തന്നെ സത്യം
കൂട്ടി വായിക്കാൻ >ആഘോഷങ്ങൾ നടക്കട്ടെ ആർഭാടത്തോടെ
ബിലാത്തി മലയാളി യിൽ ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചത് ഇവിടെ കാണാം
ചിത്രത്തിനു കടപ്പാട് : ബിലാത്തി മലയാളി
Wednesday, August 11, 2010
റമദാനിൽ ഒരുങ്ങുന്നവർ !
റമദാൻ ആഗതമാവുന്നതിനു വളരെ മുന്നെ റമദാൻ വിപണിയൊരുങ്ങികഴിഞ്ഞിരുന്നു ഒന്ന് വെച്ചാൽ രണ്ട് ഓഫറുകളുമായി ബഹുവർണ്ണ പേപ്പറുകൾ വാതില്പടികൾ മറക്കപെടുന്നു. ഇന്നലെ വരെ ഇസ്ലാമോഫോബിയ പിടികൂടിയിരുന്ന ചാനലുകൾ വരെ റമദാൻ സ്പെഷ്യൽ പരിപാടികളോടെ സജീവമാവുകയായി. സീരിയൽ നടന്മാരും നടിമാരും വരെ ‘ചാനൽ മുഫിതിമാരും മുഫ്ത്തിച്ചികളു’മായി തലേക്കെട്ടും മക്കനയുമിട്ട് തകർത്താടാൻ, നിറഞ്ഞ് കവിയാൻ എന്നേ തയ്യാറെടുപ്പ് നടത്തിയിരിക്കുന്നു.
ഇനിയങ്ങോട്ട് റമദാൻ സ്പെഷ്യൽ സ്റ്റേജ് ഷോകളുടെ പൂരമാണ് (പ്രത്യേകിച്ച് ഗൾഫിൽ ) ..റമദാൻ മിമിക്രിയും റമദാൻ സിനിമാറ്റിക് ഡാൻസും വരെ അവതരിപ്പിക്കാൻ ഭക്തിയോടെ തയ്യാറെടുപ്പുകൾ അണിയറയിൽ നടക്കുന്നു. ചാനലായ ചാനലുകളെല്ലാം മാറ്റികുത്തി റമദാൻ ഗാനം ഡെഡിക്കേറ്റ് ചെയ്യാനും എസ്.എം.എസ്. അയച്ച് പുണ്യം നേടാനും വേണ്ടി മത്സരിക്കും നമ്മുടെ സഹോദരങ്ങൾ. ഒരു എസ്.എം.എസ്. അയച്ചാൽ എഴുപത് ഇരട്ടിയല്ലേ പ്രതിഫലം ! അതെന്തിനു നഷ്ടപ്പെടുത്തണം. മരിച്ച് പോയ ഉമ്മാക്കും വാപ്പാക്കും വരെ ഈ റമദാനിൽ നല്ലൊരു ഗാനം ഡെഡിക്കേറ്റ് ചെയ്യാനൊത്താൽ അതിലും വലിയ ഒരു ഇബദത്ത് (ആരാധന)ഈ ഉലകിലുണ്ടോന്ന് സംശയമാണ്.
മകളെകെട്ടിക്കാൻ 100 പവൻ തികയാതെ വിഷമിക്കുന്നവർ, വീടിന്റെ രണ്ടാം നിലയിൽ മാർബിൾ വിരിക്കാൻ കാശില്ല്ലാതെ നട്ടം തിരിയുന്നവർ, വീടിനു യോജിക്കുന്ന വലിപ്പത്തിൽ എൽ.സി.ഡി ടി.വി യില്ലാത്തവർ.. അങ്ങിനെ ദുരിതമനുഭവിക്കുന്ന നിരവധിപേർ ദയനിയതയുടെ മുഖാവരണവുമിട്ട് ഒരുങ്ങികഴിഞ്ഞിരിക്കുന്നു.
രണ്ട് മൂന്ന് നോമ്പ് കഴിഞ്ഞാൽ പിന്നെ ഇഫ്താർ സംഗമങ്ങൾ പൊടിപൊടിക്കും ..ധുർത്തിനെതിരെ ധാർമ്മിക വചക കസർത്തുകൾ നടത്തുന്ന മത സംഘടനകളടക്കം ഭക്ഷണം ധൂർത്തടിക്കുന്നതിൽ നിന്ന് ഒട്ടും പിന്നിലല്ലെന്നതിൽ അവർക്കും അഭിമാനിക്കാം (!). അത്തരം മാമാങ്കങ്ങളിലെക്ക് ക്ഷണിക്കപ്പെടുന്നവരുടെ മഹത്വം കണ്ട് പട്ടിണിപ്പാവങ്ങൾക്ക് വയറു നിറയും.. അതും നല്ല കാര്യം തന്നെ. രാഷ്ടീയ നോമ്പ് തുറകൾ സന്ദർശിച്ചാൽ നല്ല നടനെയൂം നടിമാരെയുമൊക്കെ കണ്ടെത്താൻ പറ്റും. അതും ചില്ലറകാര്യമല്ല.
ഇങ്ങിനെയൊക്കെ എല്ലാവരും ഉണരുമ്പോൾ നമ്മുടെയൊക്കെ അവസ്ഥയാണ് ചിന്തിക്കേണ്ടത്... നമ്മളിപ്പോഴും ഉറക്കത്തിലാണല്ലോ !
അഭിമാനം മുറിപ്പെടാതെ അരവയർ മുറുക്കിയുടുത്ത് അർദ്ധപ്പട്ടിണിയായി ,ജീവിതത്തിന്റെ ഒരറ്റം മുട്ടിക്കാൻ ശ്രമിയ്ക്കുമ്പോൾ മറ്റേ അറ്റം വേറിടുന്ന അവസ്ഥയിൽ നമുക്ക് ചുറ്റും ജീവിതം തള്ളിനീക്കുന്നവരെകുറിച്ചോർക്കാൻ അവർക്ക് വേണ്ടി എന്തെങ്കിലും ഡെഡിക്കേറ്റ് ചെയ്യാൻ ഈ പുണ്യമാസം ഉപയോഗപ്പെടുത്താനുള്ള സന്മനസ്സും സൌഭാഗ്യവും നമുക്കുണ്ടാവട്ടെ.
വിശുദ്ധറമദാൻ ഒരിക്കൽ കൂടി നമ്മുടെ ആയുസിനിടയ്ക്ക് ആഗതമായിരിക്കുന്ന ഈ വേളയിൽ, എല്ലാ മാലിന്യങ്ങളിൽ നിന്നും മനസിനെയും ശരീരത്തെയും കഴുകി സ്ഫുടം ചെയ്യാനുള്ള അവസരം പാഴാക്കികളയാതെ ഉപയുക്തമാക്കാൻ നമുക്കേവർക്കും അനുഗ്രഹമുണ്ടാവട്ടെ ..
അനാവശ്യ ചർച്ചകളിൽ നിന്നും ,റമദാനിന്റെ പരിശുദ്ധി നഷ്ടമാക്കുന്ന എല്ലാ വായനകളിൽ നിന്നും, അഭിപ്രായ പ്രകടനങ്ങളിൽ നിന്നും എല്ലാം മാറി നിൽക്കാനും ആ മാറിനിൽക്കൽ റമദാനിനു ശേഷം തുടർന്ന് ജീവിതത്തിൽ അനുവർത്തിക്കാനും തീരുമാനമെടുക്കാം..ഏവർക്കും റമദാൻ മുബാറക്
സസ്നേഹം
പി.ബി
വിശദമായ റമദാൻ ലേഖനങ്ങളും പ്രാർത്ഥനകളും ഇവിടെ വായിക്കാം
Monday, July 12, 2010
വഴിമാറിയ അപകടം
ചെറിയ ചില അബദ്ധങ്ങൾ വലിയ അപകടങ്ങളിലേക്ക് നയിച്ച അനുഭവ പാഠങ്ങൾ നമ്മിൽ പലർക്കും ഉണ്ടായിരിക്കാം. കല്ല്യാണത്തിനു മുന്നെ വേണ്ടവിധം ആലോചിക്കാമായിരുന്നില്ലേ എന്നാവും നിങ്ങളെന്നോട് ചോദിക്കാൻ പോകുന്നത് ? അത് എന്റെ ബീവിയോട് പലരും ചോദിച്ചതായി അവളെന്നോട് വെളിപ്പെടുത്തിക്കഴിഞ്ഞതിനാൽ ഇനി ആ ചോദ്യത്തിനു പ്രസക്തിയില്ലെന്നറിയിക്കട്ടെ.
ഇവിടെ ഞാൻ ചെയ്ത ഒരു കാര്യത്തെ (അബദ്ധമെന്ന് പ്രത്യേകം പറയുന്നില്ല :( ) പറ്റി പറഞ്ഞാണ് ഇന്ന് നിങ്ങളെ ബോറടിക്കാനുദ്ദേശിക്കുന്നത്. സംഗതി നിസാരം. ..സാരമായിരുന്നെങ്കിൽ ..
ഓരാളെ കൂടി കൂടെ കൂട്ടേണ്ടതുള്ളതിനാൽ ഓഫീസിലേക്ക് പോകുന്ന പതിവു റൂട്ടിൽ നിന്ന് വിത്യസ്തമായാണ് രണ്ട് ദിവസമായി യാത്ര. പുതിയ റൂട്ട് ദൈർഘ്യം കൂടുതലാണോ എന്നൊരു സംശയം .അതൊന്ന് തീർക്കാമെന്ന് കരുതി. അങ്ങിനെ കരുതിയതിൽ തെറ്റില്ലെന്ന് നിങ്ങളും സമ്മതിക്കും പക്ഷെ,
പാർക്കിംഗിൽ നിന്ന് കാർ റിവേൾസെടുത്ത് ഫസ്റ്റ് ഗിയറിലേക്ക് മാറി, സ്പീഡാക്കി സെകന്റിലേക്കും പിന്നെ ആക്സിലേറ്ററിൽ കാലമർത്തി.. പിന്നെ തേഡിലെക്കു മാറുന്നതിനിടയിലാണാ ചിന്ത വന്ന വന്നത്. ഒട്ടും അമാന്തിച്ചില്ല (അബദ്ധം വരുന്നിടത്ത് അമാന്തം പാടില്ല എന്നല്ലേ ). സ്റ്റിയറിംഗ് വളയത്തിനുള്ളിലൂടെ ഇടത് കൈ കടത്തി ട്രിപ് കൌണ്ടർ മീറ്റർ സെറ്റ് ചെയ്യുന്ന ബട്ടണിൽ അമർത്തി. പിന്നെ സംഭവിച്ചതും സംഭവിക്കാതിരുന്നതും ഓർക്കുമ്പോൾ .....! സ്റ്റിയറിംഗിനുള്ളിൽ ഇടത് കൈ ഒന്ന് ട്വിസ്റ്റ് ആയി.. ആ സമയം കൊണ്ട് വണ്ടി ഒരു വശത്തേക്കും പാളി.. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നിശ്ചയമില്ലാത്ത സെക്കന്റുകൾ .. മെയിൻ റോഡിലേക്ക് പ്രവേശിച്ചിട്ടില്ലാത്തതിനാൽ മറ്റ് വാഹനങ്ങൾ കുറവായിരുന്നു. അതിനാൽ പെട്ടെന്നുള്ള ഒരു കൂട്ടിയിടി ഒഴിവായി .പക്ഷെ കാറിന്റെ നിയന്ത്രണം എന്നിൽ നിന്ന് പോവുകയാണോ എന്ന് ഞെട്ടലോടെ മനസിലാക്കിയ നിമിഷം.അപ്പോഴാണ് ആക്സിലേറ്ററിലാണ് കാൽ എന്ന് ഒരു ബോധം വന്നത്..പെട്ടെന്ന് കാൽ ആക്സിലേറ്ററിൽ നിന്ന് പിൻവലിക്കുകയും ബ്രേക്ക് അമർത്തുകയും ചെയ്തു... എല്ലാം സെക്കന്റുകൾക്കിടയിൽ നടന്നു. ഒരു ചെറിയ സീൽക്കാരത്തോടെ കാർ നിന്നു .(അൽഹംദുലില്ലാഹ്.. ) വണ്ടി നിന്നതിനു ശേഷമാണെന്റെ കൈ സ്റ്റിയറിംഗിനുള്ളിൽ നിന്നെടുക്കാൻ കഴിഞ്ഞത്.
കൈ സ്റ്റിയറിംഗിനുള്ളിലായ അവസ്ഥയിൽ ഒരു തിരിച്ചൽ കൂടി തിരിഞ്ഞിരുന്നെങ്കിൽ പിന്നെ ...ആ വഴിമാറിയ അപകടം ഓർക്കുമ്പോൾ .ഒരു ഞെട്ടൽ. .
ചെയ്ത കാര്യം (അബദ്ധം ,പൊട്ടത്തരം, വിഡ്ഡിത്തം, പോഴത്തരം ..ഇഷ്ടമുള്ളത് നിങ്ങൾക്ക് കൂട്ടിച്ചേർക്കാം ) എന്റെ ബീവി അറിഞ്ഞാൽ , ‘സൂക്ഷിക്കണം .സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട, . .‘മണ്ടത്തരം കാണിക്കരുതെ’ന്നൊക്കെ അവളെ ഇടയ്ക്കിടയ്ക്ക് ഉപദേശിക്കുന്ന (ഇനിയെന്ത് സൂക്ഷിക്കാനാ ഇക്കാ എന്ന അവളുടെ മുഖഭാവം ഞാൻ ശ്രദ്ധിയ്ക്കാറില്ല ) എന്നെ ഉപദേശിക്കാൻ വെറുതെ ഞാനായിട്ട് അവസരം കൊടുത്തല്ലോ :(
പറഞ്ഞ് വന്നത്.. ദൂരം കൂടിയാലും കുറഞ്ഞാലും.. സ്റ്റിയറിംഗ് വളയത്തിനുള്ളിലൂടെ കൈയിട്ട് ആയുസിന്റെ ദൂരം കുറയ്ക്കരുതാരും.... സൂക്ഷ്മതക്കുറവ് കൊണ്ട് വരാവുന്ന അപകടങ്ങൾ വലുതാണ്. നമ്മെ പ്രതീക്ഷിച്ച്, നമ്മെ ആശ്രയിച്ച് ഒരു കുടുബത്തിന്റെ ഖൽബ് തുടിക്കുന്നുണ്ടെന്ന വിചാരം എപ്പോഴുമുണ്ടാവട്ടെ
അപകടങ്ങളിൽ നിന്നും അബദ്ധങ്ങളിൽ നിന്നും നമ്മെ എല്ലാവരെയും ലോകരക്ഷിതാവ് കാത്തുരക്ഷിയ്ക്കട്ടെ എന്ന പ്രാർത്ഥനയോടെ
യു.എ.ഇ ട്രാഫിക് ഫൈൻ ലിസ്റ്റ് ഇവിടെ കാണാം . അബദ്ധങ്ങൾക്കും ഫൈൻ ഉണ്ടോ എന്തോ !
Wednesday, May 5, 2010
കുറ്റവാളികളെ സ്വതന്ത്രരാക്കൂ..
കുറ്റങ്ങളും കുറവുകളും ഏറെ നിരത്തിയാലും ലോകത്ത് ഇന്ന് നിലവിലുള്ള ജനാധിപത്യ രാജ്യങ്ങളിൽ മഹത്തായ ജനാധിപത്യ രീതി നടപ്പിലാക്കുന്നതിൽ ശ്രദ്ധയുള്ള രാജ്യമെന്ന നിലയ്ക്ക് ഇന്ത്യാമഹാരാജ്യം മറ്റ് രാജ്യങ്ങൾക്ക് എന്നും മാതൃകയാണെന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനാർഹമാണ്. രാജ്യത്തിന്റെ യുവ രക്തത്തിന്റെ പ്രതീകമായിരുന്ന രാജീവ്ഗാന്ധിയുടെ അതിദാരുണമയ അന്ത്യത്തിനു കാരണമായ ചാവേർ ആക്രമണത്തിലെ ഒരു പ്രധാന കുറ്റവാളിയെ വെറുതെ വിടണമെന്ന് വാദിക്കാൻ കൊല്ലപ്പെട്ടവരുടെ ഉറ്റവർ തന്നെ മുന്നോട്ട് വന്ന പാരമ്പര്യമാണ് നമുക്കുള്ളത് (അത് ശരിയോ തെറ്റോ എന്നുള്ളത് കോടതിക്ക് വിടാം). നമ്മുടെ രാജ്യത്ത് ഇന്നും (പല ആരോപണങ്ങൾക്കിടയിലും) സാധാരണക്കാരായ ജനങ്ങൾ അവസാന അഭയമായി കാണുന്നത് ഇന്ത്യൻ നീതിപീഢത്തെതന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഉത്തരേന്ത്യയിലും മറ്റും ജനങ്ങൾ കുറ്റവാളികളെയും കുറ്റവളികളെന്ന് ആരോപിച്ച് നിരപരാധികളെയും നിയമ പാലകരുടെ മുന്നിൽ വെച്ച് പോലും ക്രൂരമായി പീഢിപ്പിച്ച് കൊലപ്പെടുത്തുന്ന സംഭവങ്ങൾ ഇടയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്നത് നാം കേരളിയർ ഞെട്ടലോടെ അറിയുകയും അത്തരം പ്രവണതകൾക്കെതിരെ നില കൊള്ളുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈയടുത്ത നാളുകളിൽ കേരളത്തിന്റെ മണ്ണിൽ അത്തരം ജനകീയ വിചാരണകൾ എന്ന പേരിൽ നടന്ന മനുഷ്യവകാശ ധ്വംസനങ്ങൾ പ്രത്യേകിച്ച സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടന്നതും നമ്മൾ മൂക്കത്ത് വിരൽ വെച്ചും തലയിൽ കൈവെച്ചും കണ്ടു. നിരാശാജനകമെന്ന് പറയട്ടെ അതിനെ അനുകൂലിച്ചുള്ള അഭിപ്രായങ്ങളും ഉയർന്നത്.
അടുത്ത നാളിൽ ഒരു വീട്ടമ്മയെ നിഷ്ഠൂരം കഴുത്തറുത്ത് കൊല ചെയ്ത ആളെ പോലീസ് അതിക്രൂരമായി തന്നെ പീഢിപ്പിച്ച് കൊലപ്പെടുത്തിയ സംഭവമുണ്ടായി. സ്വാഭാവികമായും ഒരു മനുഷ്യ ജീവനെ കോഴിയെ അറുക്കുന്ന ലാഘവത്തോടെ ഇല്ലാതാക്കിയ നരാധമന് സമൂഹത്തിൽ ജീവിക്കാൻ അർഹതയില്ല .അവന് ഇന്ത്യൻ ശിക്ഷാ നിയമം അനുശാസിക്കുന്ന പരാമവധി ശിക്ഷ തന്നെ നൽകണം. (കുറ്റവാളികൾ മുഴുവനും ശിക്ഷിക്കപ്പെടുന്നുണ്ടോ എന്നതും നിരപരാധികൾ ക്രൂശിക്കപ്പെടുന്നുണ്ടോ എന്നതും മറ്റൊരു വിഷയം) എന്നാൽ വിചാരണ കൂടാതെ തികച്ചും പ്രാകൃതമായി നടന്ന ശിക്ഷാവിധി ഒരു ജനാധിപത്യ വിശ്വാസിക്ക് അനുകൂലിക്കാൻ കഴിയില്ല. അതിനാൽ തന്നെയാണ് പോലീസിന്റെ ക്രൂരമായ നടപടിക്കെതിരെ ശബ്ദമുയർന്നത്.
ജനങ്ങളുടെ അഭിപ്രായങ്ങളിലും ആശയങ്ങളിലും ഉള്ള മാറ്റങ്ങൾക്ക് ചെറുതല്ലാത്ത ഒരു പങ്കാണ് ഇവിടെ ഫോർത്ത് എസ്റ്റേറ്റ് എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന മാധ്യമങ്ങൾ നിർവഹിക്കുന്നത്. അത് ചിലപ്പോൾ ഗുണപരമായും മറ്റ് ചിലപ്പോൾ വളരെ അപകടകരാമായ പ്രവണതയ്ക്കും വഴിവെക്കുന്നുണ്ട്. ഒരു നന്മയെ പരിഹാസ്യമായി ചിത്രീകരിക്കാനും തിന്മയെ വളരെ ലാഘവത്തോടെ ലഘൂകരിച്ച് സമൂഹത്തിന്റെ മനസിലേക്ക് കുത്തിവെക്കാനും പത്ര, റേഡോയോ, ടെലിവിഷൻ മാധ്യമങ്ങൾ സംഘടിതമായും (മാധ്യമ സിൻഡിക്കേറ്റ് എന്നത് ഒരു വസ്തുതയാണെന്ന് തോന്നുന്ന രീതിയിൽ) , അതിലെ അവതാരകരുടെ മനസിലെ ചില അപക്വമായ മനസ്ഥിതിയിലൂടെയും ശ്രമിയ്ക്കുന്നത് ഒരു നഗ്ന സത്യം തന്നെ
കുറ്റങ്ങൾ എത്ര ചെറുതായാലും വലുതായാലും അതിനുള്ള നടപടിക്രമങ്ങളിലൂടെ അർഹമായ ശിക്ഷ നടപ്പിലാക്കപ്പെടട്ടെ മാതൃകാപരമായി തന്നെ. അല്ലാതെ ജനങ്ങൾ കൈകാര്യം ചെയ്യുന്ന രീതി അരാജകത്വത്തിലേക്ക് രാജ്യത്തെ നയിക്കാനേ ഉപകരിക്കൂ. കുറ്റം ചെയ്തവനെ ജനങ്ങൾക്ക് വിട്ടു കൊടുക്കൂ ജനം ശിക്ഷ നടപ്പിലാക്കട്ടെ എന്ന രീതിയിലുള്ള തോന്നലുകൾ ചിലപ്പോൾ സ്വഭാവികമായും(അത് ഒരു പക്ഷെ അസംസ്കൃത മനസിന്റെ വികാരവിക്ഷോപം കൊണ്ടാവാം) നമുക്കുണ്ടാവാം. നമ്മുടെ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രാജ്യത്തെ മൂന്ന് നാൾ മുൾമുനയിൽ നിർത്തിയ ഭീകരരുടെ കാര്യത്തിലും (പിന്നണിയിൽ പ്രവർത്തിച്ചവരെ തിരിച്ചറിഞ്ഞിട്ടും നാവനക്കാൻ വയ്യാത്ത വിനീത വിധേയത്വം പേറുന്ന അടിമത്വത്തിലാണ് രാജ്യം ഭരിക്കുന്നവർ പക്ഷെ ) ഈ ഒരു തോന്നൽ ഉണ്ടാവുക സ്വാഭാവികം. അത് പക്ഷെ ഒരു ജനകീയ മാധ്യമത്തിലൂടെ ഒരു അവതാരകൻ വിളിച്ച് പറയുക എന്നത് മിതമായി പറഞാൽ ഖേദകരം
പുലർകാല വേളയിൽ വേദാന്തങ്ങളും ദർശനങ്ങളും ശ്രോതാക്കൾക്ക് പങ്ക് വെക്കുന്ന ഒരു മാന്യ റേഡിയോ അവതാരകന്റെ അഭിപ്രായ പ്രകടനമാണ് ഈ കുറിപ്പിന് ആധാരം. മുംബൈ ഭീകരാക്രമണത്തിലെ പ്രതി കസബിന്റെ ശിക്ഷ എന്തായിരിക്കണമെന്ന് സഹ അവതാരകയോടുള്ള ചർച്ചയിൽ ,അദ്ദേഹത്തിന്റെ അഭിപ്രായം. ‘കസബിനെ സ്വതന്ത്രനാക്കണം’ എന്നായിരുന്നു. കേട്ടിരിക്കുന്നവരെ പോലെ അവതാരകയും പകച്ചെന്ന് തോന്നുന്നു. ഉടനെ വന്നു വിശദീകരണം. ‘കസബിനെ മുംബെയിലേക്ക് സ്വതന്ത്രമാക്കി വിടണം’ബാക്കി ജനങ്ങൾ ചെയ്തു കൊള്ളുമെന്ന്.!!
ഈ അഭിപ്രായം വ്യക്തിപരമായി അദ്ദേഹത്തെപോലെ പലർക്കും ഉണ്ടായേക്കാം .കാരണം പൊറുക്കാനാവാത്ത പാതകമാണ് നമ്മുടെ രാജ്യത്തോടും ജനങ്ങളോടും ആ ഭീകരനും അവനെ ഭീകരനാക്കി വളർത്തിയവരും ചെയ്തത്. എന്നാൽ ഈ വക അഭിപ്രായ പ്രകടനങ്ങൾ ഒരു ജനകീയ മാധ്യമം വഴി വിളിച്ച് പറയുന്നത് എത്രമേൽ അഭികാമ്യമാണ് ? ജനങ്ങളെല്ലാം ഈ വഴി ചിന്തിച്ചാൽ ,(ഈ ഒരാളുടെ അപക്വമായ അഭിപ്രായം കേട്ട ഉടനെ എല്ലാവരും ആ വഴിക്ക് ചിന്തിക്കും അതിനു വേണ്ടി നിരാഹാര സമരം ആരംഭിയ്ക്കും എന്നൊന്നും ഉള്ള അഭിപ്രായം എനിക്കില്ല പക്ഷെ ഈ പ്രവണത മറ്റുള്ളവരും അനുധാവനം ചെയ്ത് തുടങ്ങിയാൽ !! ) ഇങ്ങിനെ ശിക്ഷ നടപ്പിലാക്കാൻ തുടങ്ങിയാൽ എന്തായിരിക്കും നമ്മുടെ രാജ്യത്തിന്റെ അവസ്ഥ ?!
പ്രിയ അവതാരകരേ, മാധ്യമ പ്രവർത്തകരേ നിങ്ങളുടെ ധർമ്മം നിങ്ങൾക്ക് ഏല്പിക്കപ്പെട്ട ജോലി അതൊക്കെ ആത്മാർത്ഥമായും കൃത്യമായും പക്ഷപാതമില്ലാതെയും നിർവഹിക്കാൻ ശ്രമിയ്ക്കുക. ഇത്തരം ഗിർവാണങ്ങൾ അനുചിതമാണെന്ന് മാത്രം ഉണർത്തട്ടെ. അതല്ല ഈ അഭിപ്രായത്തിൽ തന്നെ ഉറച്ച് നിൽക്കയാണെങ്കിൽ ഒരു കാര്യം ചെയ്യാം .അത് ഈ മാധ്യമങ്ങൾക്ക് അല്പം കാശുണ്ടാക്കാനുള്ള മാർഗവുമാണ്. അത് ഇങ്ങിനെ,
ഒരു കുറ്റവാളി പിടിക്കപ്പെടുന്നു. കുറ്റം തെളിയിക്കപ്പെടുകയോ തെളിയികപ്പെടാതിരിക്കയോ ചെയ്യുന്നു. പിന്നെ ജനങ്ങളുടെ ഊഴമാണ്. എസ്.എം. എസ്. അയക്കാൻ. ഫോമാറ്റ് ഇങ്ങിനെയാവാം ( പിടിക്കപ്പെട്ടവന്റെ പേര് -സ്പേസ്- കൊടുക്കേണ്ട ശിക്ഷ -സ്പേസ്-നടപ്പിലാക്കേണ്ട സ്ഥലം-സ്പേസ്- നിങ്ങളുടെ പേര് )
വേഗമാകട്ടെ സമയം കളയണ്ട !
===============================================
20/11/2010
ഈ പ്രതികരണം മലയാളം.കോമിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഇവിടെ വായിക്കാം.
നന്ദി
Monday, April 5, 2010
ഇന്നത്തെ ചർച്ച കഴിയട്ടെ !
കുറെ നാളുകളായി ഞാൻ ഒരു ഉറച്ച തീരുമാനമെടുക്കാൻ പാടു പെടുകയാണ്. എവിടെ നിൽക്കണം ആർക്ക് വേണ്ടി വാദിക്കണം എന്ന് ഒരു പിടിയും കിട്ടുന്നില്ല. ഒരു ചെറിയ പിടുത്തം കിട്ടിയാൽ തന്നെ അടുത്ത റേഡിയോ, ടെലിവിഷൻ ചർച്ചയോടെ കിട്ടിയ പിടിയും കൈവിടുന്നു.
നായിന്റെ മോൻ എന്ന നിർദ്ദോശമായ തമാശ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനെ എതിർക്കുന്ന അരസികരുടെയും, പ്രാക്റ്റിക്കൽ ലാബിൽ ഹൃദ്രോഗി(ഹി)യായ അധ്യാപക(ഹയ)ന്റെ ഇംഗിതത്തിനു വഴങ്ങാത്ത അനുസരണയില്ലാത്ത വിദ്യാർത്ഥിനികളുള്ള സമൂഹത്തിന്റെയും , ജനങ്ങൾ ചെയ്യുന്ന അപരാധങ്ങൾ ഇവിടെ ചോദ്യം ചെയ്യരുതെന്നും അത് നാളെ ദൈവത്തിന്റെ കോടതിയിൽ ദൈവം കൈകര്യം ചെയ്യുമെന്നും ദൈവമില്ലെന്ന് പകൽ വെളിച്ചത്തിൽ പറയുകയും തലയിൽ മുണ്ടിട്ടും അല്ലാതെയും വൈകുന്നേരത്തോടെ പൂജാരികളാവുകയും പുരോഹിതരാവുകയും ചെയ്യുന്ന അയുക്തിവാദികളുടേയും , തൊഴിലും വേതനവും നൽകിയ സ്ത്രീയെ നിഷ്കരുണം കഴുത്തറുത്ത് കൊന്ന ആരാന്റെ സമ്പത്ത് സ്വന്തം പോക്കറ്റിൽ എളുപ്പം വീഴാൻ ആഗ്രഹിച്ച നികൃഷടനെങ്കിലും, അയാളെ നിയമത്തിനു മുന്നിൽ കൊണ്ടു വരുന്നതിനു മുന്നേ ശിക്ഷ വിധിച്ച് തല്ലിച്ചതച്ച് കൊന്ന നിയമ പാലകർ(?) വാഴുന്ന നാട്ടിൽ ,ആർക്കൊപ്പം നിൽക്കണമെന്ന് ചിന്തിച്ച് അന്തം കിട്ടാതുഴലുകയാണു ഞാൻ
ഇരയുടെ പക്ഷത്ത് നിന്ന് നോക്കി. പിന്നെ മനസിലായി വേട്ടക്കാരാണിപ്പോൾ ഇരകളെന്ന്. അതിനാൽ ഞാൻ വേട്ടക്കാർക്ക് വേണ്ടി എഴുതാമെന്ന് വെച്ചു പേനയെടുത്തപ്പോൾ വീണ്ടും ചർച്ച അവർ രണ്ടുകൂട്ടരുമല്ല കണ്ടും കേട്ടുമിരിക്കുന്ന നമ്മളാണ് ഇരകൾ എന്ന്. എന്നൽ പിന്നെ നമുക്ക് വേണ്ടിയും തൂലിക ചലിപ്പിച്ചാലോ എന്ന ആലോചനയിൽ മുഴുകുന്നതിനിടയിൽ ആരോ പറഞ്ഞു കാഴ്ച്ചക്കാരും കേൾവിക്കാരും ഉരിയാടരുതെന്ന്. അനുസരിക്കാതെ നിവർത്തിയില്ല. കാരണം നമ്മൾ ആരാണെന്ന് എന്ത് പറയണമെന്നും തീരുമാനിക്കുന്നത് അവരെല്ലേ.. ഞാൻ കൂർക്കം വലിക്കാൻ ഉറച്ച തീരുമാനമെടുത്തു. ആ ശ്രമവും വൃഥാവിലായി കാരണം, കൂർക്കം വലിക്കൽ മൌലികാവകശമോ എന്ന വിഷയത്തിൽ ചർച്ച തുടങ്ങിയിരിക്കുന്നു !
തിലകൻ അമ്മയെ കാണുന്നതാണിന്നലത്തെ പ്രധാന വാർത്തയെങ്കിൽ ഇന്ന് സാനിയയും ഷൊയെബും കൂടിക്കാഴ്ച നടത്തിയതായി ഇവിടെ റേഡിയോക്കാർക്ക്! അതിനിടയ്ക്ക് ചില അപ്രധാന വാർത്തകൾ ഇന്ത്യ ഇറാനുമായി മിണ്ടരുതെന്ന് അമേരിക്ക താക്കിത് നൽകിയതും ഡേവിഡ് ഹെഡ്ലിയുടെ ഫോട്ടോ വേണമെങ്കിൽ അയച്ചു തരാമെന്ന് അവരെ കൊണ്ട് സമ്മതിപ്പിക്കാൻ കഴിഞ്ഞതിൽ നമ്മൾ അഭിമാനപൂരിതരായതും എന്തിനീ പത്രക്കാർ മുൻപേജുകളിൽ കൊടുക്കുന്നു എന്ന ചിന്തയ്ക്ക് ഭംഗം വരുത്തി വീണ്ടും ചർച്ച.. സുമുഖരും സുശീലരുമായ മാവോയിസ്റ്റുകൾക്ക് സമാധാനപരമായി അക്രമം നടത്താൻ ഇന്ത്യാ ഗവണ്മെന്റ് സഹായം ചെയ്യുന്നില്ലെന്ന് ! അവരുടെ കഷ്ടപ്പാടിനെ കുറിച്ച് എഴുതാമെന്ന് കരുതി പക്ഷെ ഇന്നത്തെ പത്രം പറയുന്നു. ഇന്നലെ അവർ 9 സൈനികരെ കുഴിബോംബ് പൊട്ടിച്ച് (ആരു പറഞ്ഞു ആ സൈനികരോട് അതിലേ പോകാൻ ?) കൊന്നെന്ന്. അത് കഷ്ടമല്ലേ എന്ന ചിന്ത വന്നു പക്ഷെ ഞാൻ ഇന്നത്തെ ചർച്ച കഴിഞ്ഞ് തീരുമാനമെടുക്കാമെന്ന് കരുതി . തിലകൻ ഇന്ന് അമ്മയെ കാണുമോ അതോ അമ്മയുടെ പിയൂണിനെ കണ്ട് പിണങ്ങിപ്പോകുമോ എന്ന ചർച്ചയിൽ രാജ്യത്തിനു വേണ്ടാത്ത ഈ സൈനികർ കൊല്ലപ്പെട്ട നിസാര സംഭവം ആരു ചർച്ചിക്കാൻ. ആരാണാവോ ഈ മാവോ ? അയാളിങ്ങനെ ആളെ കൊന്ന് പരിവർത്തനമുണ്ടാക്കനാണോ എഴുതിവെച്ചിട്ടുള്ളത് എന്തോ..!! എന്തോ ആവട്ടെ !
ഇന്നത്തെ ചർച്ച കഴിയട്ടെ. എന്നിട്ടൊരു തീരുമാനമെടുക്കാം ..എവിടെ നിൽക്കണമെന്ന്. !
Monday, March 22, 2010
മോൾക്ക് 10, എനിയ്ക്ക് 16
എന്റെ വീടിന്റെ കഴുക്കോലുകൾ ഊരിപ്പിടിച്ച് കൊണ്ട് ഉമ്മയും എന്റെ സ്വന്തം പെങ്ങന്മാരും നടന്നകലുന്നു. ‘നീ വീട്ടിലേക്ക് വാ’ എന്ന ഒരു ക്ഷണം (ഉമ്മാടെ ) അതിന്റെ ഭവിഷ്യത്ത് മനസ്സിലായതിനാൽ ഞാൻ നിരസിക്കുകയായിരുന്നു. ആട്ടിൻ കൂട്ടിൽ അവറ്റകൾക്ക് നിൽക്കാൻ/കിടക്കാനും വേണ്ടി ഇട്ടിരുന്ന കവുങ്ങിൻ പാളികൾ കൊണ്ട് മേൽപ്പുര മേഞ്ഞ് വീടിന്റെ നിർമ്മാണം എങ്ങിനെ ചിലവ് ചുരുങ്ങിയ നിലയിൽ ആക്കാം എന്ന എന്റെ ഗവേഷണം പൊളിച്ചത് അന്നും എന്റെ പെങ്ങന്മാരായിരുന്നു (ഇതിനു മുന്നെയും എന്നിലെ കലാകാരനെ ഇവർ ഒറ്റു കൊടുത്തിരുന്നു !! )എന്ന സത്യം ഞാൻ മനസ്സിലാക്കി. എന്നും പെങ്ങന്മാർ ആങ്ങളമാർക്ക് പാരയാണല്ലോ..മുരളിയ്ക്ക് പദ്മജയെന്ന പോലെ !! അവർക്ക് വേണ്ടെങ്കിൽ എനിക്കും വേണ്ട..ആർക്ക് ചേതം ! ഞാൻ ആ ശ്രമം ഉപേക്ഷിച്ചു.
സ്നേഹമയിയായ ജീവിതസഖിയും കുറുമ്പിന്റെ കൂമ്പാരമായ പൊന്നുമോളും ...പിന്നെ എന്നെ ഞാനാക്കിയ എന്റെ മാതാപിതാക്കളും.. ഇണക്കവും പിണക്കവുമായി സഹോദരങ്ങളും .. എല്ലാവരും കണ്ണെത്താ ദുരത്താണെങ്കിലും ഖൽബുകൾ കോർക്കപ്പെട്ടു കഴിയുന്നു. പ്രതീക്ഷകളോടെ തന്നെ മുന്നോട്ട് നീക്കുന്നു നാളുകൾ.. ! ശുഭ പ്രതീക്ഷകളിലാണല്ലോ ജീവിതം
പിന്നെ, ഞാൻ എന്നെ പറ്റി സുന്ദരൻ എന്ന് പറഞ്ഞത് സയം പുകഴ്ത്തിയതാണെന്ന് തോന്നുന്നുണ്ടോ ? എന്നാൽ ഇവിടെയിതാ ‘കിണ്ടാപ്പിപ്പശു‘വിന്റെ (ഒരു സാങ്കല്പിക നാമം) ചിത്രം വരച്ച് അതിനു താഴെ സഫ എന്നെഴുതി കൊടുത്തയച്ചതിന് മറുപടിയായി ‘ഉപ്പാടെ ചിത്രം വരച്ച് അയക്കുന്നു. എന്നോട് കളിക്കരുതെന്ന’ ഉപദേശത്തോടെ സഫമോൾ അയച്ച് തന്നെത് നോക്കൂ.
എന്നാലും ഇത്രയ്ക്ക് സുന്ദരനാണോ ഞാൻ !!
യു.എ.ഇയിൽ 16 വർഷം തികയുന്ന എനിക്ക് ഞാൻ തന്നെ നേരുന്നു.. അൽ-ആശംസകൾ (അറബിയിൽ അങ്ങിനെയാ..അൽ കൂട്ടണം ) എന്നെ 16 വർഷം സഹിച്ച യു.എ.ഇ യിലെ നിവാസികൾക്ക് ഏറെ നന്ദി.
സഫമോൾ(വലത്ത്) ,ഹാദിമോൻ &ഹിദമോൾ (അനുജന്റെ മക്കൾ) (കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ അനുജന്റെ ഭാര്യാവീട്ടിൽ വെച്ച് എടുത്തത് )
സഫമോൾക്ക് ഈ പൊന്നുപ്പാടെയും പൊന്നുമ്മാടെയും പൊന്നുമ്മകളോടെ ജന്മദിനാശംസകൾ.. നിങ്ങളും നേരുമല്ലോ !
Monday, February 1, 2010
സംശയ രോഗം !
കൂട്ടുകുടുംബങ്ങളിൽ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള പറിച്ച് നടലോടെ പല ബന്ധങ്ങളും ബന്ധനങ്ങളായി മാറി. പുറമെ വർണ്ണക്കടലാസുകളിൽ പൊതിഞ്ഞ പലഹാരപ്പൊതിപോലെ തോന്നിക്കുന്ന പല കുടുംബ ബന്ധങ്ങളും അകമെ സദാ എരിഞ്ഞ് കൊണ്ടിരിക്കുന്ന നെരിപ്പോടുകളാണെന്നതാണ് വസ്തുത. ഇവിടെ സാമ്പത്തികമായ ഏറ്റക്കുറച്ചിലുകൾ, തൊഴിലില്ലായ്മ, ഇൻഫെർട്ടിലിറ്റി, സ്ത്രീധനം, കുടുംബങ്ങലിലെ മറ്റ് അംഗങ്ങളുമായുള്ള സ്വരച്ചേർച്ചയില്ലായ്മ തുടങ്ങിയവയൊക്കെ പലപ്പോഴും പല ബന്ധങ്ങളുടെയും കടക്ക് കത്തിവെക്കുന്ന ഏതെങ്കിലും ജീവിതം അവസാനിക്കുന്ന /അവസാനിപ്പിക്കുന്ന അവസ്ഥയിലെക്ക് കാര്യങ്ങൾ എത്തിക്കുന്നു.
എന്നാൽ പലപ്പോഴും ഈ പറഞ്ഞ കാരണങ്ങൾക്കെല്ലാമുപരിയായി കുടുംബ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്ന മാരകമായ വിഷമാണ് സംശയരോഗം. ഭാര്യ ഭർതൃ ബന്ധത്തിന്റെ അടിത്തറയെന്നത് തന്നെ പരസ്പര വിശ്വാസമാണ്. അവിടെ വിള്ളൽ വീണാൽ പിന്നെ അന്ന് വരെ പടുത്തുയർത്തിയ ചുമരുകളെല്ലാം ഇടിഞ്ഞ് പൊളിഞ്ഞ് വീഴാനാരംഭിക്കും. ചിലപ്പോൾ വഴിപിരിയലുകൾക്കും മറ്റ് ചിലപ്പോൾ ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും സംശയ രോഗം എന്ന മഹാവിഷം മനുഷ്യനെ നയിക്കുന്നു.
എന്തൊക്കെ ന്യായാ ന്യായങ്ങൾ നിരത്തിയാലും വിവാഹ ജീവിതത്തിൽ ഏറെ സഹിക്കേണ്ടി വരുന്നത് അല്ലെങ്കിൽ സഹനശീലമുള്ളത് സഹോദരിമാർക്ക് തന്നെയെന്നെതിൽ സംശയമില്ല. മറിച്ച് വളരെ വിരളം. തന്റെ ഭർത്താവിന് എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും അതെല്ലാം മറ്റുള്ളവരിൽ നിന്ന് മറച്ച് വെച്ച് , ഭർത്താവിൽ നിന്നും ഭർതൃഗൃഹത്തിൽ നിന്നും ഏൽക്കേണ്ടി വരുന്ന മാനസികവും പലപ്പോഴും ശാരീരികവുമായ പീഢനങ്ങൾ വരെ സ്വന്തം മാതാവിനോടു പോലും പറയാതെ മറച്ച് വെച്ച് മറ്റുള്ളവരുടെ മുന്നിൽ സന്തോഷവതിയായി ചമയുകയാണവരിൽ ചിലരെങ്കിലും. ഭർത്താവ് എത്ര കൊള്ളരുതാത്തവനായാലും തന്റെ ബന്ധം ഒഴിവാക്കിയാൽ താൻ സമൂഹത്തിൽ ,ജീവിതത്തിൽ ,കുടുംബത്തിൽ ഒറ്റപ്പെടുമോ ! ശിഷ്ട കാലം എങ്ങിനെ കഴിയും എന്നൊക്കെയുള്ള ഭീതിയായിരിക്കാം അവരെ ഒരളവ് വരെ അതിന് പ്രേരിപ്പിക്കുന്നത്.
സംശയ രോഗത്തിനടിമയായ ഒരാൾ സ്വബോധത്താലായിരിക്കില്ല പലപ്പോഴും പ്രവർത്തിക്കുക. സംശയ രോഗികളിൽ പലരും താൻ തന്റെ ഇണയിൽ ആരോപിക്കുന്ന കുറ്റം സ്വജീവിതത്തിൽ ചെയ്തവരായി കാണുന്നു. തന്നെപ്പോലെ തന്നെ മറ്റുള്ളവരെയും കണക്കാക്കുന്നതിനാൽ തന്റെ ഇണയുടെ പ്രവൃത്തിയും പെരുമാറ്റവും മഞ്ഞക്കണ്ണാൽ നോക്കി കണ്ട് അതിനൊക്കെ മറ്റൊരു അർത്ഥം ഇവർ കണ്ടെത്തും. പലപ്പോഴും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളായിരിക്കാം തന്റെ ഭാര്യയിൽ , മകളിൽ ,മകനിൽ എല്ലം ഇവർ ആരോപിക്കുന്നത്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം (ഇന്നും ഒരു പരിധിവരെ ) അവൾക്ക് തന്റെ സ്വഭാവ ശുദ്ധി തന്നെയാണ് ഏറ്റവും വില മതിക്കുന്നത്. അതിൽ സംശയിക്കുകയും അത്തരം കാര്യങ്ങളിൽ അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിക്കുകയും ചെയ്താൽ അതും തന്റെ മക്കളുടെ കൂടി മുന്നിൽ വെച്ചായാൽ പിന്നെ പിന്നീടൊരു കാലത്ത് ഭർത്താവ് തന്റെ തെറ്റുകൾ മനസ്സിലാക്കി പശ്ചാത്തപിച്ചാൽ പോലും പഴയ പടി ഒരു സന്തോഷ ജിവിതം അയാൾക്കൊന്നിച്ച് സാധാരണ ഗതിയിൽ നയിക്കാൻ അവർക്കാവില്ലെന്ന് തന്നെയാണ് കരുതേണ്ടത്. മാതാപിതാക്കളുടെ സ്വരച്ചേർച്ചയില്ലായ്മയിൽ ഏറെ മാനസിക പീഢകളനുഭവിക്കുന്നത് അവരുടെ മക്കളാണ്. പ്രതികരണ ശേഷിയില്ലാത്ത സമയത്ത് അതൊക്കെ നിശബ്ദം സഹിക്കുന്ന അവർ നാളെ ഈ മാതാപിതാക്കൾക്കെതിരെ തിരിയുന്നതിൽ അത്ഭുതപ്പെടാനില്ല. മക്കളെ സ്നേഹിക്കുന്നവർ തീർച്ചയായും തന്റെ ഇണയെയും സ്നേഹിച്ചിരിക്കും. അത് പോലെ തന്റെ ഇണയുടെ മാതാപിതാക്കളെ ബഹുമാനിക്കാനും ആ സ്നേഹം കാരണമാവും. ഗർവ്വും താൻപോരിമയും മനസ്സിൽ കൊണ്ടുനടക്കുന്നവർക്ക് പക്ഷെ അഡ്ജസ്റ്റുമെന്റുകൾ സ്വീകാര്യമായിരിക്കില്ല അവിടെ പൊട്ടിത്തെറികൾ ഉണ്ടാവുക തന്നെ ചെയ്യും.
വിവാഹപ്രായമെത്തിയ പെൺകുട്ടികളുള്ള മാതാപിതാക്കൾക്ക് പ്രത്യേകിച്ച് മാതാവിന് തന്റെ മകളെ ഒരുത്തന്റെ കയ്യിലേൽപ്പിക്കുകയെന്ന കാര്യത്തിൽ ഉണ്ടാവുന്ന ആവശ്യത്തിലധികമുള്ള ഉത്കണ്ഡയാൽ പലപ്പോഴും വരുന്ന ആലോചനകൾ ശരിയായി അന്വേഷിക്കാതെ ഉറപ്പിക്കുന്നത് കൊണ്ട് പലപ്പോഴും അബദ്ധം പിണയുന്നത് സ്വാഭാവികം. അത്തരത്തിൽ ഒന്ന്; അടുത്ത പ്രദേശങ്ങളിലൊന്നും പെണ്ണുകിട്ടാത്തതിനാൽ കുറച്ച് അകലെ നിന്ന് പെണ്ണന്വേഷണം നടത്തുകയും ചെറുക്കന്റെ പിതാവിനെ കണ്ട് വിലയിരുത്തി കാര്യങ്ങൾ നടത്തിക്കൊടുക്കുകയും ചെയ്ത് പിന്നീട് ഭർത്താവിൽ നിന്ന് ശാരീരികവും മാനസികവുമായ പീഢനങ്ങൾ ഈ പാവം സ്ത്രീ ഏറ്റു വാങ്ങേണ്ടി വന്നു. നേരിൽ അറിയാവുന്ന ഈ കാര്യത്തിൽ ആ സ്ത്രീയുടെ ഭർത്താവ് പറയുന്നത് ഇവളെ ഇത്രയും അകലത്തേക്ക് വിവാഹം കഴിച്ച് തന്നത് ഇവളുടെ സ്വഭാവം ശരിയല്ലാത്തതിനാൽ ആരും കെട്ടിക്കൊണ്ട് പോവാത്തതിനാലായിരുന്നു എന്ന്. സംശയ രോഗിയായി മാറിയ ഇയാൾ സ്വന്തം മകളെ കുറിച്ച് വരെ അപവാദങ്ങൾ പറയാൻ മടിക്കുന്നില്ല. താൻ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നു എന്ന് ഇയാൾ ഭംഗിവാക്ക് പറയുകയും ചെയ്യുന്നു. അന്വേഷണത്തിൽ നിന്ന് മനസ്സിലായത് ഇയാൾ ചെറുപ്പം മുതലേ തന്നിഷ്ടക്കാരനും ആരെയും അനുസരിക്കാത്തവനും എല്ലാ വൃത്തികേടിലും ജീവിച്ചവനുമായിരുന്നു എന്ന്. ഇവിടെ ഒരു ബന്ധം വന്നപ്പോൾ കൂടുതൽ ഒന്നും അന്വാഷിക്കാൻ ആ കുടുംബം സാവകാശം കണ്ടെത്തിയില്ല എന്നാണ് മനസ്സിലായത്. വരുന്ന ആലോചനകൾ അകലത്തിന്റെ കാര്യം പറഞ്ഞ തള്ളിയാൽ പിന്നെ ആലോചനകൾ വരാതെ തന്റെ മകൾ കഷ്ടപ്പെടുമോ എന്ന അനാവശ്യമായ ആവലാതി കൊണ്ട് മകളുടെ ജീവിതത്തിന്റെ വെളിച്ചം കെടുത്തുകയല്ലേ ഇവിടെ ഉണ്ടായത്. ഇയാളുടെ തന്നെ കുടുംബത്തിൽ പെട്ടവർ തന്നെയാണ് ഈ സംശയ രോഗിയുടെ മനസ്സിൽ വിഷബീജം കുത്തിവെച്ചതെന്ന് കൂടി മനസിലാക്കാൻ കഴിഞ്ഞു. അങ്ങിനെ എത്രയെത്രെ ജീവിതങ്ങൾ നമുക്ക് ചുറ്റും. !!
നമ്മുടെ അറിവിൽ പെടുന്ന ഇത്തരം കേസുകളിൽ എങ്ങിനെ ഇവരെ സഹായിക്കാം ? കൌൺസിലിംഗ് സെന്ററുകൾ ഇത്തരം വിഷയങ്ങൾ എങ്ങിനെ കൈകാര്യം ചെയ്യുന്നു. നിയമ പരമായുള്ള നടപടികൾ എങ്ങിനെയൊക്കെ സ്വീകരിക്കാം എന്നുള്ളതിനെ കുറിച്ച് അറിവുള്ളവർ പങ്ക് വെക്കണമെന്ന് താത്പര്യപ്പെടുന്നു.
വിവാഹ ജീവിതത്തിൽ എല്ലാ പ്രശ്നങ്ങളും മൂടി വെച്ച് പുറമെ സന്തോഷം നടിച്ച് പുഞ്ചിരിച്ച് സംശയ രോഗിയായ ഭർത്താവിന്റെ പീഢനം സഹിക്കവയ്യാതെ അവസാനം ജീവിതം സ്വയം ഹോമിച്ച , അതോ !? (ജഗന്നിയന്താവിനറിയാം ) ....ഇന്നും ഒരു വേദനയായി ഓർമ്മകളിൽ ജീവിക്കുന്ന ഞങ്ങളുടെ കുടുംബത്തിലെ .......മോൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് .. ഒരു സഹോദരിക്കും അത്തരം ഗതിയുണ്ടാവരുതേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ട്.