Monday, February 1, 2010

സംശയ രോഗം !

ആത്മഹത്യയുടെയും കൊലപാതകങ്ങളുടെയും വാർത്തകൾ കേൾക്കാതെ ,വായിക്കാതെ ,കാണാതെ ഒരു ദിനം ഇന്ന് കടന്ന് പോകുന്നില്ല. അതിൽ സ്ത്രീകൾ ഇരകളാവുന്ന വാർത്തകൾ മുന്നിട്ട് നിൽക്കുകയും ചെയ്യുന്നു. ആദ്യമാദ്യം അതിശയോക്തിയോടെ, അമ്പരപ്പോടെ അതിലേറെ ദു:ഖത്തോടേ നാമൊക്കെ ഏറ്റുവാങ്ങിയിരുന്ന വാർത്തകൾ ഇന്ന് ഒരു നിസംഗതയോടെ വായിച്ച്, ചിലപ്പോൾ ഹെഡ്ഡിംഗ് മാത്രം നോക്കി മാറ്റി വെക്കുന്ന നിലയിലായിരിക്കുന്നു.

കൂട്ടുകുടുംബങ്ങളിൽ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള പറിച്ച് നടലോടെ പല ബന്ധങ്ങളും ബന്ധനങ്ങളായി മാ‍റി. പുറമെ വർണ്ണക്കടലാസുകളിൽ പൊതിഞ്ഞ പലഹാരപ്പൊതിപോലെ തോന്നിക്കുന്ന പല കുടുംബ ബന്ധങ്ങളും അകമെ സദാ എരിഞ്ഞ് കൊണ്ടിരിക്കുന്ന നെരിപ്പോടുകളാണെന്നതാണ് വസ്തുത. ഇവിടെ സാമ്പത്തികമായ ഏറ്റക്കുറച്ചിലുകൾ, തൊഴിലില്ലായ്മ, ഇൻഫെർട്ടിലിറ്റി, സ്ത്രീധനം, കുടുംബങ്ങലിലെ മറ്റ് അംഗങ്ങളുമായുള്ള സ്വരച്ചേർച്ചയില്ലായ്മ തുടങ്ങിയവയൊക്കെ പലപ്പോഴും പല ബന്ധങ്ങളുടെയും കടക്ക് കത്തിവെക്കുന്ന ഏതെങ്കിലും ജീവിതം അവസാനിക്കുന്ന /അവസാനിപ്പിക്കുന്ന അവസ്ഥയിലെക്ക് കാര്യങ്ങൾ എത്തിക്കുന്നു.

എന്നാൽ പലപ്പോഴും ഈ പറഞ്ഞ കാരണങ്ങൾക്കെല്ലാമുപരിയായി കുടുംബ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്ന മാരകമായ വിഷമാണ് സംശയരോഗം. ഭാര്യ ഭർതൃ ബന്ധത്തിന്റെ അടിത്തറയെന്നത് തന്നെ പരസ്പര വിശ്വാസമാണ്. അവിടെ വിള്ളൽ വീണാൽ പിന്നെ അന്ന് വരെ പടുത്തുയർത്തിയ ചുമരുകളെല്ലാം ഇടിഞ്ഞ് പൊളിഞ്ഞ് വീഴാനാരംഭിക്കും. ചിലപ്പോൾ വഴിപിരിയലുകൾക്കും മറ്റ് ചിലപ്പോൾ ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും സംശയ രോഗം എന്ന മഹാവിഷം മനുഷ്യനെ നയിക്കുന്നു.


ആത്മീയതയും ദൈവ ഭയവും പാടെ അവഗണിക്കപ്പെടുന്ന അവസ്ഥയിൽ ഇത്തരം അരുതായ്മകൾ ആവർത്തിക്കപ്പെടുന്നു . സ്വന്തം ഭാര്യയെ പീഢിപ്പിച്ച് കൊലപ്പെടുത്തി /ആത്മഹത്യയിലേക്ക് നയിച്ചതിനു ശേഷം രക്ഷപ്പെട്ട് (?) ഗൾഫിലെത്തിയ ഒരുവനെ സുഹൃത്തുക്കൾ തന്നെ തടഞ്ഞ് വെച്ച് പോലിസിലേല്പീച്ചത് അടുത്ത ദിവസം നാം അറിഞ്ഞു. ഇവരുടെ ജീവിതത്തിൽ വില്ലനായത് സംശയം എന്ന രോഗമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇങ്ങിനെയെത്ര നാം വായിച്ച്, കണ്ട്, കേട്ട് തള്ളുന്നു. നമ്മുടെ അയല്പക്കങ്ങളിൽ ,കുടുംബങ്ങളിൽ എല്ലാം ഇങ്ങിനെ പുറമെ ചിരിച്ച് അകമെ അണപ്പല്ലുകൾകൂട്ടിക്കടിച്ച് ജീവിതം തള്ളിനീക്കുന്ന എത്ര ഹത ഭാഗ്യ ജീവിതങ്ങളുണ്ടായിരിക്കും എന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ?

എന്തൊക്കെ ന്യായാ ന്യായങ്ങൾ നിരത്തിയാലും വിവാഹ ജീവിതത്തിൽ ഏറെ സഹിക്കേണ്ടി വരുന്നത് അല്ലെങ്കിൽ സഹനശീലമുള്ളത് സഹോദരിമാർക്ക് തന്നെയെന്നെതിൽ സംശയമില്ല. മറിച്ച് വളരെ വിരളം. തന്റെ ഭർത്താവിന് എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും അതെല്ലാം മറ്റുള്ളവരിൽ നിന്ന് മറച്ച് വെച്ച് , ഭർത്താവിൽ നിന്നും ഭർതൃഗൃഹത്തിൽ നിന്നും ഏൽക്കേണ്ടി വരുന്ന മാനസികവും പലപ്പോഴും ശാരീരികവുമായ പീഢനങ്ങൾ വരെ സ്വന്തം മാതാവിനോടു പോലും പറയാ‍തെ മറച്ച് വെച്ച് മറ്റുള്ളവരുടെ മുന്നിൽ സന്തോഷവതിയായി ചമയുകയാണവരിൽ ചിലരെങ്കിലും. ഭർത്താവ് എത്ര കൊള്ളരുതാത്തവനായാലും തന്റെ ബന്ധം ഒഴിവാക്കിയാൽ താൻ സമൂഹത്തിൽ ,ജീവിതത്തിൽ ,കുടുംബത്തിൽ ഒറ്റപ്പെടുമോ ! ശിഷ്ട കാലം എങ്ങിനെ കഴിയും എന്നൊക്കെയുള്ള ഭീതിയായിരിക്കാം അവരെ ഒരളവ് വരെ അതിന് പ്രേരിപ്പിക്കുന്നത്.

ഒരു നല്ല സമൂഹത്തിന്റെ സൃഷ്ടിപ്പിന് നല്ല കുടുംബങ്ങൾ ഉണ്ടാവണം. നല്ല കുടുംബങ്ങൾ ഉണ്ടാ‍വാൻ അവിടെ നല്ല ബന്ധങ്ങൾ ഉണ്ടാവേണ്ടിയിരിക്കുന്നു. ഒരു സമൂഹത്തിന്റെ പുരോഗതി ആ സമൂഹം അവിടുത്തെ സ്ത്രീകളോട് എങ്ങിനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പരസ്പരം യോജിപ്പില്ലാത്ത, സംശയാലുക്കളായ മാതാപിതാക്കൾക്കിടയിൽ വളരുന്ന (?)മക്കളുടെ അവസ്ഥ പരമദയനീയമാണ്. അവരിൽ ചിലരെങ്കിലും സമൂഹത്തിനെതിരായ പ്രവർത്തനങ്ങളിലേർപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. തന്റെ ചോരത്തിളപ്പും ഹുങ്കും അവസാനിക്കുന്ന സമയത്ത് താൻ സ്നേഹിച്ച് വളർത്തിയെന്നവകാശപ്പെടുന്ന മക്കൾ തനിക്കെതിരെ വിരൽ ചൂണ്ടുന്ന ഒരു അവസ്ഥ ആലോചിക്കുക.

സംശയ രോഗത്തിനടിമയായ ഒരാൾ സ്വബോധത്താലായിരിക്കില്ല പലപ്പോഴും പ്രവർത്തിക്കുക. സംശയ രോഗികളിൽ പലരും താൻ തന്റെ ഇണയിൽ ആരോപിക്കുന്ന കുറ്റം സ്വജീവിതത്തിൽ ചെയ്തവരായി കാണുന്നു. തന്നെപ്പോലെ തന്നെ മറ്റുള്ളവരെയും കണക്കാക്കുന്നതിനാൽ തന്റെ ഇണയുടെ പ്രവൃത്തിയും പെരുമാറ്റവും മഞ്ഞക്കണ്ണാൽ നോക്കി കണ്ട് അതിനൊക്കെ മറ്റൊരു അർത്ഥം ഇവർ കണ്ടെത്തും. പലപ്പോഴും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളായിരിക്കാം തന്റെ ഭാര്യയിൽ , മകളിൽ ,മകനിൽ എല്ലം ഇവർ ആരോപിക്കുന്നത്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം (ഇന്നും ഒരു പരിധിവരെ ) അവൾക്ക് തന്റെ സ്വഭാവ ശുദ്ധി തന്നെയാണ് ഏറ്റവും വില മതിക്കുന്നത്. അതിൽ സംശയിക്കുകയും അത്തരം കാര്യങ്ങളിൽ അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിക്കുകയും ചെയ്താൽ അതും തന്റെ മക്കളുടെ കൂടി മുന്നിൽ വെച്ചായാൽ പിന്നെ പിന്നീടൊരു കാലത്ത് ഭർത്താവ് തന്റെ തെറ്റുകൾ മനസ്സിലാക്കി പശ്ചാത്തപിച്ചാൽ പോലും പഴയ പടി ഒരു സന്തോഷ ജിവിതം അയാൾക്കൊന്നിച്ച് സാധാരണ ഗതിയിൽ നയിക്കാൻ അവർക്കാവില്ലെന്ന് തന്നെയാണ് കരുതേണ്ടത്. മാതാപിതാക്കളുടെ സ്വരച്ചേർച്ചയില്ലായ്മയിൽ ഏറെ മാനസിക പീഢകളനുഭവിക്കുന്നത് അവരുടെ മക്കളാണ്. പ്രതികരണ ശേഷിയില്ലാത്ത സമയത്ത് അതൊക്കെ നിശബ്ദം സഹിക്കുന്ന അവർ നാളെ ഈ മാതാപിതാക്കൾക്കെതിരെ തിരിയുന്നതിൽ അത്ഭുതപ്പെടാനില്ല. മക്കളെ സ്നേഹിക്കുന്നവർ തീർച്ചയായും തന്റെ ഇണയെയും സ്നേഹിച്ചിരിക്കും. അത് പോലെ തന്റെ ഇണയുടെ മാതാപിതാക്കളെ ബഹുമാനിക്കാനും ആ സ്നേഹം കാരണമാവും. ഗർവ്വും താൻപോരിമയും മനസ്സിൽ കൊണ്ടുനടക്കുന്നവർക്ക് പക്ഷെ അഡ്ജസ്റ്റുമെന്റുകൾ സ്വീകാര്യമായിരിക്കില്ല അവിടെ പൊട്ടിത്തെറികൾ ഉണ്ടാവുക തന്നെ ചെയ്യും.

വിവാഹപ്രായമെത്തിയ പെൺകുട്ടികളുള്ള മാതാപിതാക്കൾക്ക് പ്രത്യേകിച്ച് മാതാവിന് തന്റെ മകളെ ഒരുത്തന്റെ കയ്യിലേൽ‌പ്പിക്കുകയെന്ന കാര്യത്തിൽ ഉണ്ടാവുന്ന ആവശ്യത്തിലധികമുള്ള ഉത്കണ്ഡയാൽ പലപ്പോഴും വരുന്ന ആലോചനകൾ ശരിയായി അന്വേഷിക്കാതെ ഉറപ്പിക്കുന്നത് കൊണ്ട് പലപ്പോഴും അബദ്ധം പിണയുന്നത് സ്വാഭാവികം. അത്തരത്തിൽ ഒന്ന്; അടുത്ത പ്രദേശങ്ങളിലൊന്നും പെണ്ണുകിട്ടാത്തതിനാൽ കുറച്ച് അകലെ നിന്ന് പെണ്ണന്വേഷണം നടത്തുകയും ചെറുക്കന്റെ പിതാവിനെ കണ്ട് വിലയിരുത്തി കാര്യങ്ങൾ നടത്തിക്കൊടുക്കുകയും ചെയ്ത് പിന്നീട് ഭർത്താവിൽ നിന്ന് ശാരീരികവും മാനസികവുമായ പീഢനങ്ങൾ ഈ പാവം സ്ത്രീ ഏറ്റു വാങ്ങേണ്ടി വന്നു. നേരിൽ അറിയാവുന്ന ഈ കാര്യത്തിൽ ആ സ്ത്രീയുടെ ഭർത്താവ് പറയുന്നത് ഇവളെ ഇത്രയും അകലത്തേക്ക് വിവാഹം കഴിച്ച് തന്നത് ഇവളുടെ സ്വഭാ‍വം ശരിയല്ലാത്തതിനാൽ ആരും കെട്ടിക്കൊണ്ട് പോവാത്തതിനാലായിരുന്നു എന്ന്. സംശയ രോഗിയായി മാറിയ ഇയാൾ സ്വന്തം മകളെ കുറിച്ച് വരെ അപവാദങ്ങൾ പറയാൻ മടിക്കുന്നില്ല. താൻ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നു എന്ന് ഇയാൾ ഭംഗിവാക്ക് പറയുകയും ചെയ്യുന്നു. അന്വേഷണത്തിൽ നിന്ന് മനസ്സിലായത് ഇയാൾ ചെറുപ്പം മുതലേ തന്നിഷ്ടക്കാരനും ആരെയും അനുസരിക്കാത്തവനും എല്ലാ വൃത്തികേടിലും ജീവിച്ചവനുമായിരുന്നു എന്ന്. ഇവിടെ ഒരു ബന്ധം വന്നപ്പോൾ കൂടുതൽ ഒന്നും അന്വാഷിക്കാൻ ആ കുടുംബം സാവകാശം കണ്ടെത്തിയില്ല എന്നാണ് മനസ്സിലായത്. വരുന്ന ആലോചനകൾ അകലത്തിന്റെ കാര്യം പറഞ്ഞ തള്ളിയാൽ പിന്നെ ആലോചനകൾ വരാതെ തന്റെ മകൾ കഷ്ടപ്പെടുമോ എന്ന അനാവശ്യമായ ആവലാതി കൊണ്ട് മകളുടെ ജീവിതത്തിന്റെ വെളിച്ചം കെടുത്തുകയല്ലേ ഇവിടെ ഉണ്ടായത്. ഇയാളുടെ തന്നെ കുടുംബത്തിൽ പെട്ടവർ തന്നെയാണ് ഈ സംശയ രോഗിയുടെ മനസ്സിൽ വിഷബീജം കുത്തിവെച്ചതെന്ന് കൂടി മനസിലാക്കാൻ കഴിഞ്ഞു. അങ്ങിനെ എത്രയെത്രെ ജീവിതങ്ങൾ നമുക്ക് ചുറ്റും. !!

പലപ്പോഴും ഇത്തരം കാര്യങ്ങൽ മൂടിവെച്ച് ജീ‍വിച്ച് തീ‍ർക്കുന്നു പലരും എന്നാൽ പല കാരണങ്ങൾ കൊണ്ടും അത് പുറത്ത് വന്നാൽ സ്ത്രീകളുടെ ശക്തീകരണത്തിനെന്നും സമത്വത്തിനെന്നുമൊക്കെ പറഞ്ഞ് നടക്കുന്നവർ പക്ഷെ പ്രശ്ന പരിഹാരത്തിനു ശ്രമിയ്ക്കാതെ കൂടുതൽ വഷളാക്കാനാണ് ശ്രമിക്കാറുള്ളത് പലപ്പോഴും. എത്ര വലിയ പ്രശ്‌നമാണെങ്കിലും ര‌മ്യമായി പരിഹരിക്കാൻ ശ്രമിക്കാതെ നിസാര പ്രശ്നങ്ങൾ വലുതാക്കി വേർപിരിയലിന്റെ പാതയിലേക്ക് നയിക്കുന്നതായിട്ടാണ് അത്തരക്കാരുടെ ഇടപെടലുകൾ പലപ്പോഴും കാരണമാകുന്നത്. വിവഹത്തിനു മുന്നെ അന്വേഷണങ്ങൾ നമ്മുടെ നാട്ടിൽ സാധാരണയായി നടക്കുന്നുവെങ്കിലും മിക്കവാറും വിവാഹത്തിനു ശേഷം ആ ദമ്പതിമാരുടെ പൊരുത്തവും പൊരുത്തക്കേടുകളും അന്വേഷിക്കാൻ ആരും തയ്യാറാവാറില്ല. ഇനി അവരായി എന്ന നിലപാടാണ് മാതാ പിതാക്കൾക്കടക്കം. ഒരു ഭാരം ഇറക്കി വെച്ചു ഇനി അതിനെ പറ്റി എന്താലോചിക്കാൻ എന്ന രീതി മാറേണ്ടിയിരിക്കുന്നു. വിവാഹത്തിലൂടെ രണ്ട് കുടുംബങ്ങൾ തമ്മിലാണ് യഥാർത്ഥത്തിൽ സമ്മേളിക്കുന്നത്. തീർച്ചയായും വിവാഹ ശേഷം പ്രത്യേകിച്ച് വിവാഹ ജീവിതത്തിന്റെ ആദ്യ കാലങ്ങളിൽ ദമ്പതികൾ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് തുറന്ന് പറയാൻ അവർക്കു അവസരമുണ്ടാവണം. അത് പരിഹരിച്ച് മുന്നോട്ട് പോവാനുള്ള വഴികൾ ഉപദേശിക്കാൻ കുടുംബങ്ങളും തയ്യാറാവണം. അല്ലാതെ എല്ലാം മൂടി വെക്കുന്നതിൽ അർത്ഥമില്ല. അങ്ങിനെ മൂടി വെക്കുന്ന കാര്യങ്ങൾ പലപ്പോഴും ഭാവിയിൽ വലിയ കീറമുട്ടികളായി അവസാനം ജീവിതം തന്നെ വഴിമുട്ടുന്ന അവസ്ഥ പല കുടുംബങ്ങളിലും ഉണ്ടാവുന്നു.

ദാമ്പത്യ ജീവിതത്തിൽ സ്വാഭാവികമായുണ്ടാകുന്ന ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം മറ്റുള്ളവരുടെ മുന്നിൽ വിളമ്പി വലുതക്കണം എന്നല്ല അത് തികച്ചും അനഭിലഷണീയവുമാണ്. ദമ്പതികൾക്ക് തന്നെ അത് വിപരീത ഫലം ഉണ്ടാക്കുകയും ചെയ്യും. എന്നാൽ സ്വഭാവ ദൂശ്യം ആരോപിക്കുന്ന രീതിയിലുള്ള സംശയങ്ങൾ, മർദ്ദനങ്ങൾ അതൊക്കെ തുടക്കത്തിൽ തന്നെ അഥവാ മുളയിൽ തന്നെ നുള്ളിക്കളയണം.

നമ്മുടെ അറിവിൽ പെടുന്ന ഇത്തരം കേസുകളിൽ എങ്ങിനെ ഇവരെ സഹായിക്കാം ? കൌൺസിലിംഗ് സെന്ററുകൾ ഇത്തരം വിഷയങ്ങൾ എങ്ങിനെ കൈകാര്യം ചെയ്യുന്നു. നിയമ പരമായുള്ള നടപടികൾ എങ്ങിനെയൊക്കെ സ്വീ‍കരിക്കാം എന്നുള്ളതിനെ കുറിച്ച് അറിവുള്ളവർ പങ്ക് വെക്കണമെന്ന് താത്പര്യപ്പെടുന്നു.


വിവാഹ ജീവിതത്തിൽ എല്ലാ പ്രശ്നങ്ങളും മൂടി വെച്ച് പുറമെ സന്തോഷം നടിച്ച് പുഞ്ചിരിച്ച് സംശയ രോഗിയായ ഭർത്താവിന്റെ പീഢനം സഹിക്കവയ്യാതെ അവസാനം ജീവിതം സ്വയം ഹോമിച്ച , അതോ !? (ജഗന്നിയന്താവിനറിയാം ) ....ഇന്നും ഒരു വേദനയായി ഓർമ്മകളിൽ ജീവിക്കുന്ന ഞങ്ങളുടെ കുടുംബത്തിലെ .......മോൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് .. ഒരു സഹോദരിക്കും അത്തരം ഗതിയുണ്ടാവരുതേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ട്
.

Post a Comment
Related Posts with Thumbnails