Monday, August 23, 2010

പറന്നകന്ന തുമ്പികൾ

ലോകത്തിന്റെ ഏത് കോണിലായാലും ഒട്ടുമിക്ക മലയാളികൾക്കും അവർ എത്ര ഒളിച്ചു വെക്കാൻ ശ്രമിച്ചാലും പുറമെക്ക് പതഞ്ഞ്‌വരുന്ന ഒരു വികാരമുണ്ട്. അത് അവരവർ ജനിച്ചു ജീവിച്ചു വളർന്ന ഗ്രാമത്തിനോടും ഗ്രാമവാസികളോടുമുള്ള ഒരു പ്രത്യേക അടുപ്പവും സ്നേഹവുമാണ്. അല്ലാത്തവർ വളരെ വിരളമായിരിക്കും. വീടും നാടും വിട്ടകന്ന് കണ്ണെത്താദൂരത്ത് ജീവിതം നയിക്കേണ്ടിവരുമ്പോൾ ആ സ്നേഹവും അടുപ്പവും വിരഹത്തിന്റെയും ,ഗൃഹാതുരതയുടെയും രൂപത്തിൽ നമ്മെ വിടാതെ പിന്തുടർന്ന് കൊണ്ടിരിക്കും, ഉറ്റവരെയും ഉടയവരെയും വിട്ടകന്ന് പ്രവാസജീവിതം നയിക്കുന്നവരെ സംബന്ധിച്ച് അതിന്റെ തീക്ഷണത ഏറെയായിരിക്കും പ്രത്യേകിച്ച് വിശേഷ ദിവസങ്ങൾ വന്നണയുമ്പോൾ..

ഞാൻ ജനിച്ചത് തൊഴിയൂർ എന്ന ഗ്രാമത്തിലാണെങ്കിലും ആറാം വയസിൽ ഒരു പറിച്ചുനടലിലൂടെ വെള്ളറക്കാട് ഗ്രാമവും എനിക്ക് പ്രിയപ്പെട്ടതായി മാറുകയായിരുന്നു. എല്ലാ മതവിശ്വാസികളും വളരെ സൌഹാർദ്ദത്തോടെ കഴിയുന്ന വെള്ളറക്കാട് എന്ന വിശാലമായ ഗ്രാമത്തിലെ ഞങ്ങൾ താമസിക്കുന്ന വെള്ളത്തേരി എന്ന ഏരിയയിൽ ഭൂരിഭാഗവും മുസ്‌ലിംകളാണുള്ളത്. സാധാരണക്കാരാ‍യ ഹൈന്ദവ സഹോദരങ്ങൾ മുസ്‌ലിം വീടുകൾക്കിടയിൽ ചേരിതിരിവില്ലാതെതന്നെ പരസ്പരം കൊണ്ടും കൊടുത്തും സ്നേഹത്തോടെ കഴിയുന്നതിൽ ഞങ്ങളുടെ അയൽ‌വാസികളായും കുറച്ച് വീടുകൾ ഉണ്ട്. വെള്ളറക്കാട് നൂറുൽഹുദാ മദ്രസയുടെ അടുത്തായി ഒരു കൃസ്ത്യൻ കുടുംബം മാത്രവും. ഏവരും വളരെ സൌഹാർദ്ദപരമയിതന്നെ ഇന്നും കഴിയുന്നു എന്നത് സന്തോഷകരമാണ്. ഓണവും പെരുന്നാളും നബിദിനവും ക്രിസ്തുമസും മറ്റ് ആണ്ടറുതികളും ആഘോഷങ്ങളുമെല്ലാം വരുമ്പോൾ പരസ്പരം വിഭവങ്ങൾ കൈമാറിയും, സഹായ സഹകരണങ്ങൾ ചെയ്ത് സൌഹാർദ്ധം ഊട്ടിയുറപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളും മുൻ‌പന്തിയിൽ തന്നെ ഉണ്ടാവാറുണ്ടെന്നത് ഏറെ സന്തോഷകരമായ ഓർമ്മയാണ്.

മദ്രസയിൽ നിന്ന് ഉസ്താദ് പഠിപ്പിച്ചു തന്ന പുണ്യ റസൂലിന്റെ തിരുമൊഴികൾ ‘ വലിയവരെ ബഹുമാനിക്കുക ,ചെറിയവരോട് കരുണ ചെയ്യുക‘ എന്നത് ചെറുപ്പം മുതൽ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഞങ്ങളെ പരിശീലിപ്പിച്ച പ്രിയപ്പെട്ട ഉമ്മ അവിടെ ഹിന്ദുവെന്നോ മുസൽ‌മാനെന്നോ ക്രിസ്ത്യാനിയെന്നോ ഉള്ള വകഭേതം ഒട്ടും കൂട്ടിച്ചേർത്തിരുന്നില്ല. അത് കൊണ്ട് തന്നെ, ഞങ്ങളുടെ അയൽപകത്തുള്ള , ഞങ്ങളുടെ വീടുകളിൽ നിത്യവൃത്തിക്ക് വേണ്ടി പണിയെടുക്കാൻ വരുന്നവരെ മറ്റ് കുട്ടികൾ പേരെടുത്ത് വിളിക്കുമ്പോൾ എനിക്ക് അവരുടെ പേരിന്റെ കൂടെ ചേച്ചിയും ചേട്ടനും കൂട്ടി വിളിക്കാൻ കഴിഞ്ഞത്. പാടത്ത് നെൽകൃഷി ചെയ്തിരുന്ന സമയത്ത് നാട്ടിലെ കേമന്മാരായ കൃഷിക്കാർക്കിടയിൽ പിടിച്ച് നിൽക്കാൻ ചിലപ്പോഴൊക്കെ അവരെ മറി കടന്ന് ഞങ്ങളുടെ വീട്ടിലെ കൊയ്ത്തും മെതിയുമെല്ലാം ഒരു ദിവസം മുന്നെ കഴിപ്പിക്കാൻ ഉമ്മാക്ക് (ഉപ്പ ഗർഫിലായിരുന്നപ്പോൾ)സാധിച്ചിരുന്നത് അവരോടൊക്കെയുള്ള സമീപനം കൊണ്ടായിരുന്നിരിക്കാമെന്ന് ഇന്നെനിക്ക് ബോധ്യമാവുന്നു.

പാടത്ത് നെല്ല് വിളഞ്ഞ് കൊയ്ത്തിനു പാകമായാൽ കൊയ്ത്തുകാരികളുടെ നേതാവായി വാക്കിനെതിർവാക്കില്ലാതെ നിറഞ്ഞ് നിന്നിരുന്ന എല്ലാവരുടെയും ഏച്ചി (ചേച്ചി)യായ ചീരുകുട്ടി ചേച്ചി. പിന്നീട് താൻ പണിയെടുത്ത നിലം തന്റെതാക്കാൻ (നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ എന്നത് ഇവിടെ പ്രാവർത്തികമാവുന്ന കാഴ്ച)കാലത്തിന്റെ നിലക്കാത്ത കറക്കത്തിനിടയിൽ അവർക്ക് സാധിക്കുകയും ചെറിയ വീട്ടിൽ നിന്ന് രണ്ട് നിലകോൺക്രീറ്റ് സൌദത്തിലേക്ക് താമസം മാറ്റാനും അവർക്ക് കഴിഞ്ഞു അപ്പോഴും അധ്വാനത്തിന്റെ നാൾ വഴികൾ മറക്കാൻ അവർക്കായിരുന്നില്ല എന്നത് പ്രത്യേകം സ്മരണീയമാണ്.

എന്റെ കുട്ടിക്കാലത്തൊക്കെ ഓണത്തിന്റെ ദിനങ്ങളിൽ അഥവാ അത്തം നാൾമുതൽ പൂക്കൂടകളുമായി കുട്ടികൾ ഞങ്ങളുടെയെല്ലാം പറമ്പുകളിലും മറ്റും പൂമ്പാറ്റകളെപ്പോലെ പാറി നടക്കുന്നത് കാണാ‍ാമായിരുന്നു. ഓണത്തിനു വിവിധ തരം കളികളും തുമ്പി തുള്ളലുമായി ചേച്ചിമാരുടെ വീടും കുടിയും ഉണരുമ്പോൾ അവിടെയൊക്കെ കാഴ്ചക്കാരായി ഞങ്ങളും ചെന്നെത്തും. ആദ്യമായി തുമ്പി തുള്ളൽ എന്ന ഓണക്കളി കണ്ടത് എന്റെ സഹപാഠിയും കൂട്ടുകാരനുമായ സുനിലിന്റെ വീട്ടുമുറ്റത്ത് നിന്നാണ്. അന്ന് തുമ്പിയായി അരങ്ങ് (മുറ്റം)തകർത്ത അമ്മിണ്യേച്ചിയുടെ ഭാവഭേതങ്ങൾ ഇന്നും മനസിൽ മായാതെ നിൽക്കുന്നു. ഒപ്പം ചീരുകുട്ട്യേച്ചിയും മറ്റ് പരിസരത്തുള്ള എല്ലാവരുമുണ്ട്. ‘കുറെ സ്ത്രീകളുടെ നടുവിലിരിക്കുന്ന തുമ്പിയെ നോക്കി പാടുന്നവർ പിന്നെ തുമ്പി തുള്ളാത്തതിന്റെ കാരണമെന്താണെന്ന് പാട്ടിലൂടെ തന്നെ ചോദിക്കുന്നു.. പൂവ് പോരാഞ്ഞാണോ എന്നൊക്കെ ... അതിന് തുമ്പിയുടെ നോട്ടവും മുടി ചുഴറ്റിയുള്ള മൂളലുകളും മറ്റും വളരെ ഉത്കണ്ഢയോടെയാണ് ഞാനന്ന് നോക്കിനിന്നത്. ഇന്നിപ്പോൾ അത്തരം ജീവനുള്ള കളികളെല്ലാം വേരറ്റുകൊണ്ടിരിക്കയാണ്. വിഡ്ഡിപ്പെട്ടിയിൽ കണ്ണും നട്ടിരുന്ന് ഗ്രാമങ്ങളിൽ പോലും കുട്ടികളുടെ കണ്ണടച്ചില്ലുകളുടെ കനം കൂടിയിരിക്കുന്നു. കഴിഞ്ഞകാലത്തിന്റെ നല്ല നാളുകൾ അയവിറക്കാൻ ഈ കുരുന്നുകൾക്ക് നാളെ ഒരു നല്ല ഒരു ഇന്നലെയുമില്ലാതെപോവുകയാണല്ലോ ! അന്ന് പറമ്പിലൂടെയും വീട്ടു മുറ്റങ്ങളിലൂടെയുമായിരുന്നു ഞങ്ങളുടെ യാത്ര. ചെറിയ മുൾവേലികൾ ഇടയ്ക്കൊക്കെ ഉണ്ടായിരുന്നെങ്കിലും അതൊന്നും ഞങ്ങളുടെ സഞ്ചാരത്തിനു തടസമായിരുന്നില്ല. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. പലയിടത്തും വലിയ മതിലുകൾ കാലഘട്ടത്തിന്റെ ആവശ്യമെന്നോണം വന്നിരിക്കുന്നു. എങ്കിലും മനസിൽ വേലിയോ മതിലോ കെട്ടാതെ കഴിയാൻ ഇനിയും സാധിക്കട്ടെ


കഴിഞ്ഞ തവണ നാട്ടിൽ അവധിക്ക് പോയപ്പോഴും എന്നത്തെയും പോലെ എല്ലാവരെയും കാണാൻ ശ്രമിച്ചിരുന്നു. ചീരുകുട്ട്യേച്ചിക്ക് വയ്യാതായിരിക്കുന്നു. അമ്മിണ്യേച്ചി നല്ല ആരോഗ്യവതിയായി ജോലിക്കെല്ലാം പോകുന്നുണ്ടായിരുരുന്നു. സുനിലിന്റെ അച്ചൻ ബാലേട്ടനെ മുഹമ്മദ്കുട്ടിക്കാടെ കടയിൽ വെച്ച് പലതവണ കണ്ടിരുന്നു. അവിടെ സ്ഥിരം ചില കമ്പനികളുണ്ട് സൊറ പറയാനായി. പിന്നെ കാളിയേച്ചി, തങ്കമോളേച്ചി (അവരെ പറ്റി പിന്നെ എഴുതാം) എല്ലാവരെയും കണ്ടു സംസരിച്ചു. അവരെല്ലാം പഴയപടി തന്നെ .ഒരു മാറ്റവുമില്ല. പക്ഷെ പുതു തലമുറ.. അവരിൽ എന്തൊക്കെയോ ചില മാറ്റങ്ങൾ ഉള്ളതായി തോന്നുന്നു. നാട്ടിൻ പുറത്തും ഇപ്പോൾ ആ പഴയ സഹകരണവും സ്നേഹവും പാരസ്പര്യവുമൊക്കെ ഇല്ലാതാവുകയാണോ എന്ന് ആശങ്കയുണ്ടെങ്കിലും എല്ലാം പഴയപടി നിലനിൽക്കട്ടെ എന്നാത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

കുറച്ച് ദിവസം മുന്നെ വീട്ടിലേക്ക് ഫോൺചെയ്തപ്പോൾ അറിഞ്ഞു ഇനി ഓണത്തിനു തുമ്പിയെ തുള്ളിക്കാൻ ചിരുകുട്ടി ചേച്ചി ഉണ്ടാവില്ല എന്നകാര്യം. അസുഖം കൂടി അവർ മരണപ്പെട്ടു. മരണപ്പെട്ടതിനോടനുബന്ധിച്ചുള്ള ചില ആചരിണങ്ങൾക്ക് (പുല /ചാവ് ) ശേഷം അമ്മിണ്യച്ചി ജോലിക്ക് പോയി തുടങ്ങിയോ എന്ന് ഉറപ്പില്ല . കഴിഞ്ഞ ദിവസം വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ ഉമ്മയിൽ പറഞ്ഞു. അവരും ചേച്ചിയുടെ പിന്നാലെ പോയ വിവരം. പ്രത്യേകിച്ച് അസുഖമൊന്നും ഉണ്ടായിരുന്നില്ല. ഒരു നെഞ്ച് വേദന.. ആശുപത്രിയിലെത്തും മുന്നെ ആ തുമ്പിയും പറന്ന്പോയി.

ഈ ഓണനാൾ അവരുടെ വീടുകളിൽ ആഘോഷങ്ങൾ ഉണ്ടായിരിക്കില്ല .ആ വീടുകളിലെ, ഗ്രാമത്തിലെ മൂകത ഈ പ്രവാസഭൂമിയിലിരുന്നും അനുഭവിക്കാനാവുന്നത് എല്ലാ വൈജാത്യങ്ങൾക്കുമപ്പുറം ഗ്രാമത്തിനോടും ഗ്രാമവാസികളോടും ഉള്ളിന്റെ ഉള്ളിൽ സൂക്ഷിച്ച അടുപ്പവും സ്നേഹവുമാണെന്നത് തന്നെ സത്യം


എല്ലാ ആഘോഷങ്ങളും ആചരണങ്ങളും ഇന്ന് കച്ചവടവത്കരിക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല ഓരോ ആഘോഷവേളയിലും വളരെ ഭീതിതമായ രീതിയിൽ സർവ്വ പാപങ്ങളുടെയും മാതാവ് എന്ന് തിരുനബി(സ.അ) അരുളിയ മദ്യത്തിന്റെ ഉപയോഗം കേരളീയ ഗ്രാമങ്ങളെ ദൈവത്തിന്റെ സ്വന്തം നാട് എന്നതിൽ നിന്ന് ചെകുത്താന്മാരുടെ നാടാക്കിമാറ്റികൊണ്ടിരിക്കുന്നു. പൂക്കളും പുഴകളും പൂതുമ്പിയും എല്ലാം ചുവർചിത്രങ്ങളായി മാറുകയാണിന്ന്. കുടുംബബന്ധങ്ങൾ വരെ ലാഭനഷ്ടക്കണക്ക് നോക്കി ഉറപ്പിക്കുന്ന നാളിൽ ജീവിക്കുന്നുവെങ്കിലും മനുഷ്യൻ എന്നും ശുഭാപ്തിവിശ്വാസിയായിരിക്കണമെന്ന മൂല്യത്തിൽ വിശ്വസിച്ച് നമുക്ക് പ്രതീക്ഷയോടെ നല്ല പ്രഭാതങ്ങൾക്കായി കാത്തിരിക്കാം. ഏത് നാട്ടിൽ കഴിഞ്ഞാലും അവിടെയെല്ലാം സ്വന്തം ഗ്രാമത്തിന്റെ വിശുദ്ധി ഹൃദയത്തിൽ ആവാഹിച്ച് മാതൃകയായി ജീവിക്കാൻ എല്ലാവർക്കും കഴിയട്ടെ .. നന്മകൾ നേർന്ന്കൊണ്ട് നിങ്ങളുടെ സ്വന്തം .പി.ബി


കൂട്ടി വായിക്കാൻ >ആഘോഷങ്ങൾ നടക്കട്ടെ ആർഭാടത്തോടെ
ബിലാത്തി മലയാളി യിൽ ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചത് ഇവിടെ കാണാം
ചിത്രത്തിനു കടപ്പാട് : ബിലാത്തി മലയാളി

41 comments:

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഈ ഓണനാൾ അവരുടെ വീടുകളിൽ ആഘോഷങ്ങൾ ഉണ്ടായിരിക്കില്ല .ആ മൂകത ഈ പ്രവാസഭൂമിയിലിരുന്നും അനുഭവിക്കാനാവുന്നത് എല്ലാ വൈജാത്യങ്ങൾക്കുമപ്പുറം ഗ്രാമത്തിനോടും ഗ്രാമവാസികളോടും ഉള്ളിന്റെ ഉള്ളിൽ സൂക്ഷിച്ച അടുപ്പവും സ്നേഹവുമാണെന്നത് തന്നെ സത്യം

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

ഈ നാട്ടിമ്പുറത്തുള്ള സ്നേഹക്കാഴ്ച്ച കളാണല്ലോ ഭായ് ഇത്തവണത്തെ ഓണ കൈനീട്ടമായി തന്നത്....നന്ദി.
ഒപ്പം ഓണം/റംസാൻ ആശംസകൾ കൂടി ദാ..പിടിച്ചോളു കേട്ടൊ

Jishad Cronic said...

ഓണം/റംസാൻ ആശംസകൾ

Sulthan | സുൽത്താൻ said...

ബഷീർക്കാ,

പുതുതലമുറക്കന്യമാവുന്നത്‌, ഓർമ്മകളിലെ ഒരു നല്ല ഇന്നലെ മാത്രമല്ല, നഷ്ടത്തോടെ നോക്കികാണുവാനുള്ള ഇന്നും നാളെയുമുണ്ട്‌.

എല്ലാവർക്കും ഓണം/റമദാൻ ആശംസകൾ

Sulthan | സുൽത്താൻ

ആയിരത്തിയൊന്നാംരാവ് said...

ഓടിമറയുന്ന നാളുകളുടെ പട്ടികയിലേക്ക് ഒരുഓണനാള്‍ കൂടിവന്നെത്തിയിരിക്കുന്നു .ഓണാശംസകള്‍.

കാന്താരിക്കുട്ടി said...

നാട്ടിൻപുറം എപ്പോഴും നന്മകളാൽ സംര്^ദ്ധമാണല്ലോ.പറന്നകന്ന തുമ്പികൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.ബഷീറിക്കായ്ക്കും കുടുംബത്തിനും സ്നേഹത്തോടെ ഓണാശംസകൾ നേരുന്നു

പട്ടേപ്പാടം റാംജി said...

പറന്നകന്ന തുമ്പികള്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി...
പഴയത് പലതം ഇന്നത്തെ തലമുറക്ക്‌ അന്യമാകുന്നുണ്ട്. ഓണത്തിന് നല്‍കിയ ഈ കാഴ്ചകള്‍ നന്നായി.

ഓണാശംസകള്‍.

ചെറുവാടി said...

സ്നേഹവും സന്തോഷവും നന്മയും നിലനില്‍ക്കട്ടെ .
ആശംസകള്‍

jayanEvoor said...

എല്ലാവർക്കും സ്നേഹവും നന്മയും നേരുന്നു.

ഓണമായാലും പെരുന്നാളായാലും ആളുകൾക്ക് സമാധാനമുണ്ടാവട്ടെ.

ആശംസകൾ!

പള്ളിക്കരയില്‍ said...

“ആശുപത്രിയിലെത്തും മുന്നെ ആ തുമ്പിയും പറന്ന്പോയി“. മനസ്സകം മനോഹരമാക്കി പറന്നകന്ന തുമ്പികൾ.. ഗ്രാമീണജീവിതത്തിന്റെ നിഷ്ക്കളങ്കഭാവം സ്വച്ചമായവതരിപ്പിച്ച പോസ്റ്റ് വളരെ ഹ്ര്‌ദ്യമായിരിക്കുന്നു. വൈരാ‍ഗ്യത്തിന്റെ കനലുകൾ സാമൂഹികജീവിത്തന്റെ സ്വസ്ഥതയെ പൊള്ളിക്കാൻ തുടങ്ങിയിരിക്കുന്ന അവസ്ഥയിൽ ഇന്നലെകളിലേക്ക് നോക്കി മനസ്സിനെ തണുപ്പിക്കുന്ന ഇത്തരം രചനകളുടെ മൂല്യം പറഞ്ഞറിയിക്കാനാവില്ല. നന്ദി ബ്ഷീർ..

മാണിക്യം said...

ബഷീര്‍ പറഞ്ഞത് വളരെ ശരി.
പ്രായത്തില്‍ മുതിര്‍ന്നവരെ ബഹുമാനിക്കുന്നത് ഈശ്വരാനുഗ്രഹം തരും.. ഇന്നലെ ഓണത്തിന് ഇവിടത്തെക്കാള്‍ നാട്ടിലേ ഓണത്തിന്റെ ഓര്‍മ്മകളാണ് മനസ്സില് മുന്നിട്ട് നിന്നത്.
ബഷീറിന്റെ ഈ പോസ്ടിലൂടെ ചീരുവും കാളിയും അമ്മിണിയും
ചിരപരിചിതരെ പോലെ തോന്നി.നല്ല അവതരണം..

ഓണത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കി കൊണ്ട് തന്നെ
സന്തോഷവും സമാധാനവും ഐശ്വര്യവും
സമൃദ്ധിയും സാഹോദര്യവും നിറഞ്ഞ
ഒരു നല്ലൊരു ഈദ്പെരുന്നാള്‍ ആശംസിക്കുന്നു!!

അനില്‍കുമാര്‍. സി.പി. said...

നല്ലൊരു ഓണക്കാഴ്ച.
ആശംസകള്‍.

Mohamedkutty മുഹമ്മദുകുട്ടി said...

നമുക്കൊക്കെ ഇങ്ങനെ ഓര്‍ക്കാനെങ്കിലുമുണ്ടൊരു പഴയ കാലം!.ഇപ്പോഴത്തെ കുട്ടികള്‍ക്കോ? വെറും SMS ഉം റിയാലിറ്റി ഷോകളും മാത്രം. ആ പറന്നകന്ന തുമ്പികള്‍ക്കായി ഒരിറ്റു കണ്ണു നീര്‍.

ശ്രീ said...

ഇത്തരം കാഴ്ചകള്‍ ഇപ്പോള്‍ വിരളമായിക്കൊണ്ടിരിയ്ക്കുകയല്ലേ ബഷീര്‍ക്കാ.

ഇത്തവണ ഓണത്തിന്റെ അന്ന് എല്ലാവ്രും കൂടി സംസാരിച്ചിരുന്നപ്പോള്‍ അച്ചനും അമ്മയുമെല്ലാം ഇതു പോലത്തെ കുറേ കാര്യങ്ങള്‍ പറഞ്ഞു...

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> ബിലാത്തിപട്ടണം / BILATTHIPATTANAM

ആദ്യമായി എത്തിയതിൽ ആദ്യം തന്നെ സന്തോഷം അറിയിക്കട്ടെ.
നാട്ടിൻപുറത്തെ നിഷ്കളങ്കമായ സ്നേഹവും സൌഹാർദ്ദവും നമുക്ക് അന്യമായികൊണ്ടിരിക്കയല്ലേ ഭായ് :(

ആശംസകൾ വരവ് വെച്ചിരിക്കുന്നു .നന്ദി


> Jishad Cronic

വന്നതിലും ആശംസകൾ നേർന്നതിലും സന്തോഷം


> Sulthan | സുൽത്താൻ

ശരിയാണ് സുൽത്താൻ, ഒട്ടേറെ അനുഭവങ്ങളിലൂടെ ജിവിതം കരുപ്പിടിപ്പിച്ചവരായിരുന്നു പഴയ തലമുറ..ഇന്ന് പച്ചയായ ജിവിതം അഭ്രപാളിയിൽ നിന്നുപോലും മാറ്റപ്പെട്ടിരിക്കയല്ലേ.

നന്ദി ആശംസകൾക്കും അഭിപ്രായത്തിനും


> ആയിരൊത്തൊന്നാം രാവ് ,

ഇവിടെ ആദ്യമായാണെന്ന് തോന്നുന്നു. സ്വാഗതം
ജീവിതം തന്നെ നമ്മിൽ നിന്ന് ഓടി മറയുകയല്ലേ അതോർക്കാൻ ആർക്ക് സമയം !
വന്നതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം

> കാന്താരിക്കുട്ടി

ഏറെ നാളുകൾക്ക് ശേഷം കാന്താരിക്കുട്ടി എത്തിയതിൽ വളരെ സന്തോഷം.

നാട്ടിൻപുറത്തെ നന്മകൾ പുതുതലമുറയ്ക്ക് പകർന്ന് നൽകാൻ നമുക്കാ‍വട്ടെ.

ആശംസകൾ വരവ് വെച്ചിരിക്കുന്നു.
നന്ദി

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> പട്ടേപ്പാടം റാംജി

അതെ, എല്ലാ നല്ല കാഴ്ചകളും ബന്ധങ്ങളും നഷ്ടപ്പെടുകയാണിന്ന്. അഭിപ്രായത്തിനും ആശംസകൾക്കും നന്ദി


> ചെറുവാടി

വായനയ്ക്കും നല്ല വാക്കുകൾക്കും നന്ദി


> jayanEvoor

തീർച്ചയായും.സന്മനസുള്ളവർക്ക് സമാധാനം എന്നല്ലേ..അങ്ങിനെ ഏവർക്കും സമാധാനവും സന്തോഷവും ഉണ്ടാവട്ടെ..നന്ദി


> പള്ളിക്കരയിൽ

എന്തിനെന്നറിയാതെ ആർക്കുവേണ്ടിയെന്നറിയാതെ വെറുതെ വൈരാഗ്യം പുലർത്തുന്നവർ .അവരുടെ മനസിലേക്ക് വീണ്ടും എണ്ണ പകരാൻ ചിലർ..നമ്മുടെ നാട്ടിൻപുറങ്ങൾ വരെ മലീമസമായികൊണ്ടിരിക്കുകയാണ്. നല്ല അയൽ ബന്ധങ്ങൾ വരെ ഇല്ലാതാവുന്ന അവസ്ഥയിൽ നമുക്ക് ആത്മാർഥമായി ശ്രമിയ്ക്കാം എല്ലാ തിരിച്ച് പിടിക്കാൻ. വിലയിരുത്തലിനും അഭിപ്രായത്തിനും വളരെ നന്ദി


> മാണിക്യം

പരസ്പരമുള്ള ബഹുമാനവും സ്നേഹവും നഷ്ടമായത് തന്നെയാണ് നമുക്ക് വലിയ നഷ്ടം. അതിലൂടെ നഷ്ടമായതാണ് ബാക്കിയെല്ലാം. ഓരോ പ്രവാസിയും കഴിഞ്ഞ കാലത്തിന്റെ ഓർമ്മകളിൽ വിശേഷദിവസങ്ങൾ ചിലവിടുന്നു. ചേച്ചിയുടെ അഡ്വാൻസ് ആശംസകളും സന്തോഷപൂർവ്വം വരവ് വെച്ചിരിക്കുന്നു.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> അനിൽകുമാർ.സി.പി

വായനയ്ക്കും നല്ല വാക്കുകൾക്കും വളരെ നന്ദി അനിൽജി

> Mohamedkutty മുഹമ്മദുകുട്ടി

അത്തരം ഓർമ്മകൾ പകർന്ന് നൽകാൻ മാതാപിതാക്കൾ പിശുക്കരാവുന്നതും കഷ്ടമാണ് മുഹമ്മദ്കുട്ടിക്കാ.

റിയാലിറ്റി ഷോയുടെ അൺ‌റിയാലിറ്റിയെ കുറിച്ചും അവരെ ബോധ്യപ്പെടുത്താം

അഭിപ്രായത്തിനു വളരെ നന്ദി> ശ്രീ

അതെ, എല്ലാം ഇല്ലാതായികൊണ്ടിരിക്കുന്നു.
അച്ചനുമമ്മയുമായി ഒരുമിച്ചിരുന്ന് സംസാരിക്കാൻ പോലും സമയമില്ലല്ലോ പലർക്കും അവർ അടുത്തുണ്ടായാലും..

ഓണത്തിനു അങ്ങിനെ അനുഭവങ്ങൾ കേൾക്കാൻ കഴിഞ്ഞുവെന്നറിയുന്നതിൽ സന്തോഷം

Anonymous said...

Dear Basheer, I saw your lines. I cant Imagine your nostalgic feelings, thoug I cannt express my feelings in lines as you wrote, the word which you have mentioned about Cheerukutty & Ammini is very true. My eyes are wet by reading your lines. I also knew about the sad demise of both Cheerukutty and Ammini as I was one of the boy who used to come to Vellathery for collecting Tumbapoo and Kakkapoo during Onam days. although they have passed away in out minds they will alive for ever.

ramchandran
vellarakad

Sent at 6:54 PM on Tuesday
(g-talk message)

Faizal Kondotty said...

Nice Post..!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> രാമചന്ദ്രൻ വെള്ളറക്കാട്

നിന്റെ സാന്നിദ്ധ്യവും അഭിപ്രായവും വീണ്ടും എന്നെ നൊസ്റ്റാൾജിക് ആക്കിയല്ലോ..
എന്റെ പ്രിയ സഹപാഠിയും കൂട്ടുകാരനുമായ രാമന്റെ അഭിപ്രായത്തിന് വളരെ നന്ദി


> ഫൈസൽ കൊണ്ടോട്ടി

നന്ദി

തെച്ചിക്കോടന്‍ said...

ആ പഴയ ഗ്രാമീണ സൌഹൃദങ്ങള്‍ എന്നും നിലനില്‍ക്കാട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
വൈകിയാണെങ്കിലും ഓണം-റമദാന്‍ ആശംസകള്‍.

ഗീത said...

ബഷീറിന്റെ ഗ്രാമത്തിലെ ജനങ്ങളെപ്പോലെ തന്നെയാണ് ബഹുഭൂരിപക്ഷവും. ജാതിമതഭേദമെന്യേ അന്യോന്യം സഹകരിച്ചും സ്നേഹിച്ചുമൊക്കെ. എന്നും അങ്ങനെ തന്നെയാവട്ടേ.
റംസാ‍നാശംസകള്‍. ഓണാശംസകള്‍.

സിദ്ധീക്ക് തൊഴിയൂര്‍ said...

ആ...തുമ്പികള്‍ പറന്നകലുന്നു ,ജന്മങ്ങള്‍ എരിഞ്ഞുതീരുന്നു...ഒടുവില്‍ ഒരു നെടുവീര്‍പ്പ് ബാക്കികിടക്കട്ടെ..

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഈ ഓണക്കാലം ഞാന്‍ ചെങ്കണ്ണുമൊത്ത് ആഘോഷിച്ചു. അതിനാല്‍ ബൂലോക വായന വായന വൈകി.

“എല്ലാ ആഘോഷങ്ങളും ആചരണങ്ങളും ഇന്ന് കച്ചവടവത്കരിക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല ഓരോ ആഘോഷവേളയിലും വളരെ ഭീതിതമായ രീതിയിൽ മദ്യത്തിന്റെ ഉപയോഗം കേരളീയ ഗ്രാമങ്ങളെ ദൈവത്തിന്റെ സ്വന്തം നാട് എന്നതിൽ നിന്ന് ചെകുത്താന്മാരുടെ നാടാക്കിമാറ്റികൊണ്ടിരിക്കുന്നു. പൂക്കളും പുഴകളും പൂതുമ്പിയും എല്ലാം ചുവർചിത്രങ്ങളായി മാറുകയാണിന്ന്. ബന്ധങ്ങൾ വരെ ലാഭനഷ്ടക്കണക്ക് നോക്കി ഉറപ്പിക്കുന്ന നാളിൽ ജീവിക്കുന്നു“.
വളരെ നല്ല ഒരു പോസ്റ്റ്.വിങ്ങുന്ന സത്യങ്ങള്‍.കൂടെ വിങ്ങാം നമുക്കും.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> തെച്ചിക്കോടൻ,

ഗ്രാമ്യനിഷ്കളങ്കതയും സ്നേഹ സൌഹൃദങ്ങളുമാണ് ജിവിതത്തെ ചലനാത്മകമാക്കുന്നത്.അത് നിലനിന്നേ മതിയാവൂ.. അതിനായി നിലകൊള്ളാം. നന്ദി അഭിപ്രായത്തിന്


> ഗീത

തീർച്ചയായും, അധിക മനുഷ്യരും സമാധാനപരമായ സൌഹൃദ ജീവിതം ആഗ്രഹിക്കുന്നവർ തന്നെ. അതിനിടയ്ക്ക് കണ്ടുവരുന്ന ചില പാഴ്മുളകളാണ് പ്രശനക്കാർ അവർക്കെതിരിൽ നിലകൊള്ളാ‍ാനും പഴയ കൂട്ടായ്മ നില നിർത്താനും യത്നിക്കാം. ഗിതേച്ചിയുടെ ആശംസകൾക്കും നന്ദി


> സിദ്ധീഖ് തൊഴിയൂർ

ബാക്കിയാവുന്ന നെടുവീർപ്പുകളിൽ ജീവിക്കാൻ പാകപ്പെടുക അല്ലേ ! നെടുവീർപ്പോടെ തന്നെ നന്ദിയും വായനക്കും നെടുവിർപ്പ് സമ്മാനിച്ച അഭിപ്രായത്തിനും


> ഉഷശ്രീ (കിലുക്കാംപെട്ടി)

ഇവിടെ കിലുക്കിയതിൽ സന്തോഷം ചേച്ചീ
കൂടെ വിങ്ങാനുള്ള മനസ് നഷ്ടപ്പെടാതിരിക്കട്ടെ

ഒ.ടോ:

അസുഖം ഭേതമായല്ലോ.. നാട്ടിൽ എല്ലായിടത്തും ചെങ്കണ്ണ് അസുഖം ഉണ്ടെന്ന് അറിഞ്ഞു.

നിയ ജിഷാദ് said...

vaayichu nannayittundu

റംസാൻ ആശംസകൾ

Gopakumar V S (ഗോപന്‍ ) said...

നല്ല നിരീക്ഷണം...
ആശംസകൾ

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> നിയ ജിഷാദ്

ഇവിടെ വന്നതിലും വായിച്ച് ആശംസയറിയിച്ചതിലും സന്തോഷം

> Gopakumar V S (ഗോപന്‍ )

നുറുങ്ങുകളിലേക്ക് സുസ്വാഗതം

അഭിപ്രായത്തിനു നന്ദി

അരുണ്‍ കായംകുളം said...

:)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> അരുൺ കായംകുളം

ഈ ചിരി എന്തിനാണെന്ന് മനസിലായില്ല !
ഇവിടെ വന്നതിൽ സന്തോഷം


======


പ്രിയ സുഹൃത്തുക്കൾക്ക് എല്ലാവർക്കും ഒരിക്കൽ കൂടി എന്റെ നന്ദിയും സന്തോഷവും അറിയിക്കുന്നു

മൊഴിമുത്തുകളിൽ പുതിയ പോസ്റ്റ് യാചന യെ പറ്റിയുള്ള മൊഴിമുത്ത് വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യുമല്ലോ

Sureshkumar Punjhayil said...

Basheerinu Pranamam.. Marikkatha ormmakalkku... Priyappettavarude athmakkalkku...! Prarthanakal...!!!

Manoharam, Ashamsakal..!!!!

Typist | എഴുത്തുകാരി said...

എല്ലാ ഗ്രാമങ്ങളും മാറിക്കൊണ്ടിരിക്കുന്നു, നന്മകൾ കുറഞ്ഞുകൊണ്ടും. എന്നാലും ബാക്കിയുണ്ട് ഒരുപാട് നന്മകളും സ്നേഹവും. അതൊരിക്കലും കുറയാതിരിക്കട്ടെ.

Rasheed Punnassery said...

ബഷീര്‍ ഇവിടെ സജീവമാനല്ലോ
സന്തോഷം

അനില്‍കുമാര്‍. സി.പി. said...

ഈദ് ആശംസകള്‍

ഹാരിസ് നെന്മേനി said...

രസായിട്ട് എഴുതി...അല്ലെകിലും ഗുരുത്വം പ്രധാനം തന്നെ . ആശംസകള്‍.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> Sureshkumar Punjhayil

മനോഹരമായ നന്ദിയും ആശംസകളും തിരിച്ച് സുരേഷിനും കുടുംബത്തിനും.

> Typist | എഴുത്തുകാരി


ചേച്ചിയുടെ നല്ല വാക്കുകൾക്ക് നന്ദി
ആ പ്രാർഥനകൾ നെഞ്ചിലേറ്റി ജീവിക്കാം നമുക്ക് നല്ല ബന്ധങ്ങൾ നില നിർത്തികൊണ്ട്


> Rasheed Punnassery

നുറുങ്ങുകളിലെക്ക് സുസ്വാ‍ഗതം

സന്തോഷം ഇവിടെ വന്ന് രേഖപ്പെടുത്തിയതിൽ എനിക്കും പെരുത്ത് സന്തോഷം :)
അഭിപ്രായങ്ങളും അറിയിക്കുമല്ലോ

> അനില്‍കുമാര്‍. സി.പി.

ആശംസകൾ ഹൃദയപൂർവ്വം സ്വീകരിക്കുന്നു നന്ദി.

> ഹാരിസ് നെന്മേനി

നുറുങ്ങുകളിലേക്ക് സുസ്വാഗതം
ഈ പ്രോത്സാഹനത്തിനു നന്ദി.
ഗുരുത്വം നിലനിർത്താൻ നമുക്കാവട്ടെ
വീണ്ടും വരുമല്ലോ

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...


പറന്നകന്ന തുമ്പികളെ വായിക്കാനെത്തിയവർക്കും അഭിപ്രായമറിയിച്ചവർക്കും ഹൃദയംഗമമായ നന്ദി..

വാലും തലയുമില്ലാത്ത ഒരു പുതിയ നുറുങ്ങ്
കാവൽ നിൽക്കുന്നതിനേക്കാൾ നന്ന് കള്ളടിച്ച് ചാവുന്നത് വായിക്കുമല്ലോ.. അഭിപ്രായങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു
സസ്നേഹം
പി.ബി

dreams said...

basheerkkaku ente ella aashamsakalum nerunnu

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> dreams,


ആശംസകൾക്ക് നന്ദി.വീണ്ടും വരുമല്ലോ

ഹാക്കര്‍ said...

നല്ലൊരു പോസ്റ്റ്..ഒഴിവു കിട്ടുമ്പോള്‍ ഇവിടേക്ക് ഒന്ന് വന്നു നോക്കുക http://www.computric.co.cc/

nalina kumari said...

ത്രിശൂരിലുള്ള വെള്ളര്‍ക്കാട് ആണോ. ഞാന്‍ കരുതി കൊയിലാണ്ടി കഴിഞ്ഞുള്ള വെള്ളര്‍ക്കാട് ആണെന്ന്.
നാട്ടിന്‍പുറം എവിടെത്തെ ആയാലും സ്നേഹത്താല്‍ സമൃദ്ധം ആണല്ലോ.
സ്നേഹാശംസകള്‍

Related Posts with Thumbnails