Wednesday, May 5, 2010

കുറ്റവാളികളെ സ്വതന്ത്രരാക്കൂ..

കുറ്റങ്ങളും കുറവുകളും ഏറെ നിരത്തിയാലും ലോകത്ത് ഇന്ന് നിലവിലുള്ള ജനാധിപത്യ രാജ്യങ്ങളിൽ മഹത്തായ ജനാധിപത്യ രീതി നടപ്പിലാക്കുന്നതിൽ ശ്രദ്ധയുള്ള രാജ്യമെന്ന നിലയ്ക്ക് ഇന്ത്യാമഹാരാജ്യം മറ്റ് രാജ്യങ്ങൾക്ക് എന്നും മാതൃകയാണെന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനാർഹമാണ്. രാജ്യത്തിന്റെ യുവ രക്തത്തിന്റെ പ്രതീകമായിരുന്ന രാജീവ്ഗാന്ധിയുടെ അതിദാരുണമയ അന്ത്യത്തിനു കാരണമായ ചാവേർ ആക്രമണത്തിലെ ഒരു പ്രധാന കുറ്റവാളിയെ വെറുതെ വിടണമെന്ന് വാദിക്കാൻ കൊല്ലപ്പെട്ടവരുടെ ഉറ്റവർ തന്നെ മുന്നോട്ട് വന്ന പാരമ്പര്യമാണ് നമുക്കുള്ളത് (അത് ശരിയോ തെറ്റോ എന്നുള്ളത് കോടതിക്ക് വിടാം). നമ്മുടെ രാജ്യത്ത് ഇന്നും (പല ആരോപണങ്ങൾക്കിടയിലും) സാധാരണക്കാരായ ജനങ്ങൾ അവസാന അഭയമായി കാണുന്നത് ഇന്ത്യൻ നീതിപീഢത്തെതന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഉത്തരേന്ത്യയിലും മറ്റും ജനങ്ങൾ കുറ്റവാളികളെയും കുറ്റവളികളെന്ന് ആരോപിച്ച് നിരപരാധികളെയും നിയമ പാലകരുടെ മുന്നിൽ വെച്ച് പോലും ക്രൂരമായി പീഢിപ്പിച്ച് കൊലപ്പെടുത്തുന്ന സംഭവങ്ങൾ ഇടയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്നത് നാം കേരളിയർ ഞെട്ടലോടെ അറിയുകയും അത്തരം പ്രവണതകൾക്കെതിരെ നില കൊള്ളുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈയടുത്ത നാളുകളിൽ കേരളത്തിന്റെ മണ്ണിൽ അത്തരം ജനകീയ വിചാരണകൾ എന്ന പേരിൽ നടന്ന മനുഷ്യവകാശ ധ്വംസനങ്ങൾ പ്രത്യേകിച്ച സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടന്നതും നമ്മൾ മൂക്കത്ത് വിരൽ വെച്ചും തലയിൽ കൈവെച്ചും കണ്ടു. നിരാശാജനകമെന്ന് പറയട്ടെ അതിനെ അനുകൂലിച്ചുള്ള അഭിപ്രായങ്ങളും ഉയർന്നത്.

അടുത്ത നാളിൽ ഒരു വീട്ടമ്മയെ നിഷ്ഠൂരം കഴുത്തറുത്ത് കൊല ചെയ്ത ആളെ പോലീസ് അതിക്രൂരമായി തന്നെ പീഢിപ്പിച്ച് കൊലപ്പെടുത്തിയ സംഭവമുണ്ടായി. സ്വാഭാവികമായും ഒരു മനുഷ്യ ജീവനെ കോഴിയെ അറുക്കുന്ന ലാഘവത്തോടെ ഇല്ലാതാക്കിയ നരാധമന് സമൂഹത്തിൽ ജീവിക്കാൻ അർഹതയില്ല .അവന് ഇന്ത്യൻ ശിക്ഷാ നിയമം അനുശാസിക്കുന്ന പരാമവധി ശിക്ഷ തന്നെ നൽ‌കണം. (കുറ്റവാളികൾ മുഴുവനും ശിക്ഷിക്കപ്പെടുന്നുണ്ടോ എന്നതും നിരപരാധികൾ ക്രൂശിക്കപ്പെടുന്നുണ്ടോ എന്നതും മറ്റൊരു വിഷയം) എന്നാൽ വിചാരണ കൂടാതെ തികച്ചും പ്രാകൃതമായി നടന്ന ശിക്ഷാവിധി ഒരു ജനാധിപത്യ വിശ്വാസിക്ക് അനുകൂലിക്കാൻ കഴിയില്ല. അതിനാൽ തന്നെയാണ് പോലീസിന്റെ ക്രൂരമായ നടപടിക്കെതിരെ ശബ്ദമുയർന്നത്.

ജനങ്ങളുടെ അഭിപ്രായങ്ങളിലും ആശയങ്ങളിലും ഉള്ള മാറ്റങ്ങൾക്ക് ചെറുതല്ലാത്ത ഒരു പങ്കാണ് ഇവിടെ ഫോർത്ത് എസ്റ്റേറ്റ് എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന മാധ്യമങ്ങൾ നിർവഹിക്കുന്നത്. അത് ചിലപ്പോൾ ഗുണപരമായും മറ്റ് ചിലപ്പോൾ വളരെ അപകടകരാമായ പ്രവണതയ്ക്കും വഴിവെക്കുന്നുണ്ട്. ഒരു നന്മയെ പരിഹാസ്യമായി ചിത്രീകരിക്കാനും തിന്മയെ വളരെ ലാഘവത്തോടെ ലഘൂകരിച്ച് സമൂഹത്തിന്റെ മനസിലേക്ക് കുത്തിവെക്കാനും പത്ര, റേഡോയോ, ടെലിവിഷൻ മാധ്യമങ്ങൾ സംഘടിതമാ‍യും (മാധ്യമ സിൻഡിക്കേറ്റ് എന്നത് ഒരു വസ്തുതയാണെന്ന് തോന്നുന്ന രീതിയിൽ) , അതിലെ അവതാരകരുടെ മനസിലെ ചില അപക്വമായ മനസ്ഥിതിയിലൂടെയും ശ്രമിയ്ക്കുന്നത് ഒരു നഗ്ന സത്യം തന്നെ


കുറ്റങ്ങൾ എത്ര ചെറുതായാലും വലുതായാലും അതിനുള്ള നടപടിക്രമങ്ങളിലൂടെ അർഹമായ ശിക്ഷ നടപ്പിലാക്കപ്പെടട്ടെ മാതൃകാപരമായി തന്നെ. അല്ലാതെ ജനങ്ങൾ കൈകാര്യം ചെയ്യുന്ന രീതി അരാജകത്വത്തിലേക്ക് രാജ്യത്തെ നയിക്കാനേ ഉപകരിക്കൂ. കുറ്റം ചെയ്തവനെ ജനങ്ങൾക്ക് വിട്ടു കൊടുക്കൂ ജനം ശിക്ഷ നടപ്പിലാക്കട്ടെ എന്ന രീതിയിലുള്ള തോന്നലുകൾ ചിലപ്പോൾ സ്വഭാവികമായും(അത് ഒരു പക്ഷെ അസംസ്കൃത മനസിന്റെ വികാരവിക്ഷോപം കൊണ്ടാവാം) നമുക്കുണ്ടാവാം. നമ്മുടെ രാജ്യത്ത് ഭീ‍കരാന്തരീക്ഷം സൃഷ്ടിച്ച് രാജ്യത്തെ മൂന്ന് നാൾ മുൾമുനയിൽ നിർത്തിയ ഭീകരരുടെ കാര്യത്തിലും (പിന്നണിയിൽ പ്രവർത്തിച്ചവരെ തിരിച്ചറിഞ്ഞിട്ടും നാവനക്കാൻ വയ്യാത്ത വിനീത വിധേയത്വം പേറുന്ന അടിമത്വത്തിലാണ് രാജ്യം ഭരിക്കുന്നവർ പക്ഷെ ) ഈ ഒരു തോന്നൽ ഉണ്ടാവുക സ്വാഭാവികം. അത് പക്ഷെ ഒരു ജനകീയ മാ‍ധ്യമത്തിലൂടെ ഒരു അവതാരകൻ വിളിച്ച് പറയുക എന്നത് മിതമായി പറഞാൽ ഖേദകരം

പുലർകാല വേളയിൽ വേദാന്തങ്ങളും ദർശനങ്ങളും ശ്രോതാക്കൾക്ക് പങ്ക് വെക്കുന്ന ഒരു മാന്യ റേഡിയോ അവതാരകന്റെ അഭിപ്രായ പ്രകടനമാണ് ഈ കുറിപ്പിന് ആധാരം. മുംബൈ ഭീകരാക്രമണത്തിലെ പ്രതി കസബിന്റെ ശിക്ഷ എന്തായിരിക്കണമെന്ന് സഹ അവതാ‍രകയോടുള്ള ചർച്ചയിൽ ,അദ്ദേഹത്തിന്റെ അഭിപ്രായം. ‘കസബിനെ സ്വതന്ത്രനാക്കണം’ എന്നായിരുന്നു. കേട്ടിരിക്കുന്നവരെ പോലെ അവതാരകയും പകച്ചെന്ന് തോന്നുന്നു. ഉടനെ വന്നു വിശദീകരണം. ‘കസബിനെ മുംബെയിലേക്ക് സ്വതന്ത്രമാക്കി വിടണം’ബാക്കി ജനങ്ങൾ ചെയ്തു കൊള്ളുമെന്ന്.!!

ഈ അഭിപ്രായം വ്യക്തിപരമായി അദ്ദേഹത്തെപോലെ പലർക്കും ഉണ്ടായേക്കാം .കാരണം പൊറുക്കാനാവാ‍ത്ത പാതകമാണ് നമ്മുടെ രാജ്യത്തോടും ജനങ്ങളോടും ആ ഭീകരനും അവനെ ഭീകരനാക്കി വളർത്തിയവരും ചെയ്തത്. എന്നാൽ ഈ വക അഭിപ്രായ പ്രകടനങ്ങൾ ഒരു ജനകീയ മാധ്യമം വഴി വിളിച്ച് പറയുന്നത് എത്രമേൽ അഭികാമ്യമാണ് ? ജനങ്ങളെല്ലാം ഈ വഴി ചിന്തിച്ചാൽ ,(ഈ ഒരാ‍ളുടെ അപക്വമായ അഭിപ്രായം കേട്ട ഉടനെ എല്ലാവരും ആ വഴിക്ക് ചിന്തിക്കും അതിനു വേണ്ടി നിരാഹാര സമരം ആരംഭിയ്ക്കും എന്നൊന്നും ഉള്ള അഭിപ്രായം എനിക്കില്ല പക്ഷെ ഈ പ്രവണത മറ്റുള്ളവരും അനുധാവനം ചെയ്ത് തുടങ്ങിയാൽ !! ) ഇങ്ങിനെ ശിക്ഷ നടപ്പിലാക്കാൻ തുടങ്ങിയാൽ എന്തായിരിക്കും നമ്മുടെ രാജ്യത്തിന്റെ അവസ്ഥ ?!


പ്രിയ അവതാരകരേ, മാധ്യമ പ്രവർത്തകരേ നിങ്ങളുടെ ധർമ്മം നിങ്ങൾക്ക് ഏല്പിക്കപ്പെട്ട ജോലി അതൊക്കെ ആത്മാർത്ഥമായും കൃത്യമായും പക്ഷപാതമില്ലാതെയും നിർവഹിക്കാൻ ശ്രമിയ്ക്കുക. ഇത്തരം ഗിർവാണങ്ങൾ അനുചിതമാണെന്ന് മാ‍ത്രം ഉണർത്തട്ടെ. അതല്ല ഈ അഭിപ്രായത്തിൽ തന്നെ ഉറച്ച് നിൽക്കയാണെങ്കിൽ ഒരു കാര്യം ചെയ്യാം .അത് ഈ മാധ്യമങ്ങൾക്ക് അല്പം കാശുണ്ടാക്കാനുള്ള മാർഗവുമാണ്. അത് ഇങ്ങിനെ,

ഒരു കുറ്റവാളി പിടിക്കപ്പെടുന്നു. കുറ്റം തെളിയിക്കപ്പെടുകയോ തെളിയികപ്പെടാതിരിക്കയോ ചെയ്യുന്നു. പിന്നെ ജനങ്ങളുടെ ഊഴമാണ്. എസ്.എം. എസ്. അയക്കാൻ. ഫോമാറ്റ് ഇങ്ങിനെയാവാം ( പിടിക്കപ്പെട്ടവന്റെ പേര് -സ്പേസ്- കൊടുക്കേണ്ട ശിക്ഷ -സ്പേസ്-നടപ്പിലാക്കേണ്ട സ്ഥലം-സ്പേസ്- നിങ്ങളുടെ പേര് )

വേഗമാകട്ടെ സമയം കളയണ്ട !

===============================================
20/11/2010

ഈ പ്രതികരണം മലയാളം.കോമിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഇവിടെ വായിക്കാം.

നന്ദി

Post a Comment
Related Posts with Thumbnails