Tuesday, July 15, 2008

എ റ്റി എമ്മില്‍ നിന്ന് കിട്ടിയ പൈസ

ചില എ.റ്റി.എം. ‍ അതിനെ ഏല്‍പ്പിച്ച പണി ശരിയായ രീതിയില്‍ സമയത്ത്‌ ചെയ്യാറില്ല.
നമ്മള്‍ പൈസ എത്രയുണ്ട്‌ എന്നറിയാന്‍ ബാലന്‍സ്‌ ചെക്കില്‍ അമര്‍ത്തിയാല്‍.. ടിക്‌ ടിക്‌ ടിക്‌ എന്ന ശബ്ദമുണ്ടാക്കി ഞാന്‍ ഇപ്പൊ ചെക്ക്‌ ചെയ്ത്‌ തരാമെന്ന് നമ്മളെ അറിയിക്കുകയും പിന്നെ മിണ്ടാട്ടമില്ലാതെ നില്‍ക്കുകയും ചെയ്യും. വീണ്ടും ബട്ടണില്‍ നമ്മള്‍ വിരലമര്‍ത്തുന്നു.. അപ്പോള്‍ ഇനിയെന്തെങ്കിലും പണിയുണ്ടോ ?എന്ന ചോദ്യവുമായി വരും (മുന്നെ കൊടുത്ത പണി ചെയ്തിട്ടില്ല എന്നോര്‍ക്കുക ) ഇനിയൊന്നും വേണ്ട.. എന്റെ കാര്‍ഡിങ്ങു തന്നേരെ.. എന്ന് പറഞ്ഞ്‌ മണ്ടക്കൊന്ന് കൊടുത്താല്‍ അക്ഷണം കാര്‍ഡ്‌ അയാള്‍ ഒരറ്റ തുപ്പാണു.. അതില്‍ ഒരു അമാന്തവുമില്ല. ഒരിക്കല്‍ കൂടി ശ്രമിച്ചാല്‍ ..ഇവന്‍ പോകുന്ന മട്ടില്ല എന്ന് മനസ്സിലാക്കി ..നിന്റെ ബാലന്‍സ്‌ ഞാന്‍ ശരിയാക്കിത്തരാം എന്ന് പറഞ്ഞ്‌ ഉള്ള പസ കാണിക്കും അതല്ല പഴയ പോലെ ടിക്‌ ടിക്‌ ആവര്‍ത്തിക്കുകയും നമ്മള്‍ ക്ഷമകെട്ട്‌ ആകെ 600 ദിര്‍ഹം ബാലന്‍സുണ്ടെന്ന് നിശ്ചയമുണ്ടെങ്കിലും ഒരു ആയിരം വേണമെന്ന് പറഞ്ഞെന്നിരിക്കട്ടെ.. അപ്പോള്‍ തനി സ്വഭാവം പുറത്ത്‌ വരും .. ആകെ 600 ഉലുവയേ ഉള്ളൂ എന്ന് വെണ്ടക്ക അക്ഷരത്തില്‍ വിളിച്ചു പറയും അതാണെങ്കിലോ അകലെ നില്‍ക്കുന്നവനും കാണാവുന്ന വിധത്തില്‍ (ഉള്ള ചീത്തപ്പേരു പോയിക്കിട്ടും )

ഇനിയാണു പ്രശ്നം.. ആ ഉള്ളതെങ്കില്‍ ഉള്ളത്‌ ഒരു 500 കൊട്‌ എന്ന് ഒരു കൊട്ട്‌ കൊട്ടുന്നു. വീണ്ടും പഴയ പടി.. ടിക്‌ ടിക്‌ ടിക്‌.. മാത്രം ..പൈസയില്ല.. ഇത്‌ ഒരു രണ്ട്‌ മൂന്ന് തവണ ആവര്‍ത്തിക്കുമ്പോള്‍ പലരും ക്ഷമകെട്ടും ഇയാളുടെ വേല പരിചയമില്ലത്തതു കൊണ്ടും ശ്രമം ഉപേക്ഷിച്ച്‌, മെഷീനിനു സുഖമില്ലാത്തത്‌ കൊണ്ടായിരിക്കും എന്ന് കരുതി, അല്ലെങ്കില്‍ ഞാന്‍ എന്റര്‍ ചെയ്ത നമ്പര്‍ തെറ്റിയോ , കാര്‍ഡ്‌ വലിച്ചെടുക്കുമോ എന്നക്കെ പേടിച്ചും , കാര്‍ഡും എടുത്ത്‌ കൂട്ടില്‍ നിന്നറങ്ങുന്നു ... അടുത്ത ആള്‍ രംഗ പ്രവേഷം ചെയ്യുന്നു. ഈ സമയത്തായിരിക്കും ടിയാന്‍ വയറ്റില്‍ നിന്ന് നേരത്തെ ക്ഷമകെട്ട്‌ / പേടിച്ച്‌ വാക്കൗട്ട്‌ നടത്തിയവന്റെ പൈസ പുറത്തേക്ക്‌ തുപ്പുന്നത്‌. ആ പാവപ്പെട്ടവന്റെ പൈസ അങ്ങിനെ നഷ്ടപ്പെടുന്നു. ആരാന്റെ പൈസ എന്റെ പോക്കറ്റിലാവണമേ.. ജോലിയൊന്നുമില്ലെങ്കിലും ശമ്പളം കിട്ടണമേ എന്നൊക്കെ പ്രാര്‍ത്ഥിച്ച്‌ നടക്കുന്നവന്റെ കയ്യിലാണിത്‌ കിട്ടുന്നതെങ്കില്‍...അല്ലാത്തവരിലും പൈസ കാണുമ്പോള്‍ ആദര്‍ശം അങ്ങ്‌ പണയം വെക്കുകയും ചെയ്യും..അതിലൊന്നു പെടാത്ത ചിലര്‍ക്ക്‌ മാത്രം ഈ പൈസ എങ്ങിനെയിങ്കിലും അതിന്റെ അവകാശിക്ക്‌ എത്തിച്ചാലല്ലാതെ ഉറക്കംവരികയില്ല..

ഇന്നലെ ഏഷ്യാനെറ്റ്‌ റേഡിയോ യിലെ വൈകുന്നേരത്തെ ന്യൂസ്‌ അവറില്‍ ഇത്തരം ഒരു അനുഭവം ശ്രീ. ലിയൊ (ന്യൂസ്‌ റീഡര്‍ ) യുമായി മുസ്വഫയില്‍ ജൊലി ചെയ്യുന്ന അഷറഫ്‌ എന്നയാള്‍ പങ്ക്‌ വെക്കുകയുണ്ടായി. അദ്ധേഹത്തിനു ഇങ്ങിനെ എ.റ്റി.എമ്മില്‍ നിന്ന് കിട്ടിയ 3000 ദിര്‍ഹത്തിന്റെ അവകാശിയെ തേടി നടക്കുകായണു . സൗദിയില്‍ നിന്നു ഒരാള്‍ (രാജു എന്നാണു പേരു പറഞ്ഞതെന്ന് തോന്നുന്നു ) അദ്ധേഹത്തിനു ഇത്‌ പോലെ പൈസ കിട്ടിയതും അത്‌ ബാങ്കുമായി ബന്ദപ്പെട്ട്‌ അതിന്റെ അവകാശിയെ കണ്ടെത്തി കൊടുത്തതും ഇന്നലെ തന്നെ പറഞ്ഞിരുന്നു.

അഷറഫുമായി ഇപ്പോള്‍ സംസാരിച്ചവിവരം :- ഇന്നലെ റേഡിയോ ന്യൂസ്‌ കേട്ട ദുബായ്‌ ഇസ്ലാമിക്‌ ബാങ്കില്‍ നിന്നും അഷ്‌ റഫിനെ വിളിച്ച്‌ വിവരങ്ങള്‍ തിരക്കിയിരുന്നു. ഇങ്ങിനെ പൈസ നഷ്ടമായ വിവരം ( നഷ്ടപ്പെട്ട വിവരം പിന്നീട്‌ ബാലന്‍സ്‌ ചെക്ക്‌ ചെയ്തപ്പോള്‍ മനസ്സിലായതനുസരിച്ച്‌ ) ബേങ്കില്‍ പരാതിയായി ലഭിച്ചിരുന്നുവത്രെ.. ഒരു പാക്സ്ഥാനിയുടേതാണു പൈസ .അഷറഫ്‌ ഒരു പാക്സ്ഥാനി അവിടെ നിന്ന് മെഷിനിന്റെ മണ്ടയ്ക്ക്‌ കുത്തിയിരുന്നതായി ഓര്‍മ്മിക്കുന്നുവെന്ന് പറഞ്ഞിരുന്നു )

അശ്രദ്ധയും തിരക്കും കൊണ്ട്‌ അധ്വാനിച്ചുണ്ടാക്കിയ പൈസ നഷ്ടമാവാതിരിക്കട്ടെ..എല്ലാവരും അഷറഫുമാരല്ല.

20 comments:

ബഷീര്‍ വെള്ളറക്കാട്‌ said...

അശ്രദ്ധയും തിരക്കും കൊണ്ട്‌ അധ്വാനിച്ചുണ്ടാക്കിയ പൈസ നഷ്ടമാവാതിരിക്കട്ടെ..എല്ലാവരും അഷറഫുമാരല്ല.

ഒരു “ദേശാഭിമാനി” said...

"അശ്രദ്ധയും തിരക്കും കൊണ്ട്‌ അധ്വാനിച്ചുണ്ടാക്കിയ പൈസ നഷ്ടമാവാതിരിക്കട്ടെ..എല്ലാവരും അഷറഫുമാരല്ല” :)

കാസിം തങ്ങള്‍ said...

എ ടി എം ഒരുക്കുന്ന ചതിക്കുഴിയെ അശ്രദ്ധയെന്നു പറയാന്‍ ഒരിക്കലും കഴിയില്ല. രണ്ടാഴ്ച മുമ്പ്‌ എന്റെ ഒരു സുഹൃത്തിന്‌ വലിയ സംഖ്യ നഷ്ടപ്പെട്ടു. പൈസക്ക്‌ വേണ്ടി ഒരു പാട്‌ സമയം കാത്ത്‌ നിന്നിട്ടും ഫലമില്ലെന്നു കണ്ടപ്പോള്‍ മെഷീന്റെ തകരറവുമെന്ന് കരുതി തിരിച്ച്‌ പോയി. പിറ്റേ ദിവസം ബാലന്‍സ്‌ പരിശോധിച്ചപ്പോള്‍ അത്രയും സംഖ്യ നഷ്ടപ്പെട്ടിരിക്കുന്നു. ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ അന്വേഷിക്കട്ടേ എന്നു പറഞ്ഞിട്ടുണ്ട്‌. കൗണ്ടറില്‍ ക്യാമറയുണ്ടായിരുന്നതിനാല്‍ നഷ്ടപ്പെട്ട സംഖ്യ തിരിച്ച്‌ കിട്ടുമെന്ന പ്രതീക്ഷയിലാണു അദ്ധേഹം.

ശ്രീ said...

അതു തന്നെ... എല്ലാവരും അഷ്‌റഫുമാരല്ല.

Shaf said...

"അശ്രദ്ധയും തിരക്കും കൊണ്ട്‌ അധ്വാനിച്ചുണ്ടാക്കിയ പൈസ നഷ്ടമാവാതിരിക്കട്ടെ..എല്ലാവരും അഷറഫുമാരല്ല” :)

കുറ്റ്യാടിക്കാരന്‍ said...

നേര്..

ഫസല്‍ said...

ഈ നേരുകള്‍ക്കിടയിലും വരികള്‍ക്കീടയിലെ തമാശ കുറച്ചാശ്വാസമായിരുന്നു...
എല്ലാവരും സ്വയം സൂക്ഷിക്കുക, കുറേയൊക്കെ.

smitha adharsh said...

അയ്യയ്യോ..ഇങ്ങനെയൊക്കെ ഉണ്ട് അല്ലെ..? നമ്മുടെ നാട്ടിലെ എ.ടി.എം. തട്ടിപ്പുകളെ പറ്റി ഒരുപാടു കേട്ടിരുന്നു...ഈ പോസ്റ്റ് ഉപകാരപ്രദം ആണ് ശരിക്കും.

Typist | എഴുത്തുകാരി said...

എല്ലാ ബാങ്കിന്റേയും എല്ലാ എ ടി എം കളും ഇങ്ങിനെയാവുമോ?

പാമരന്‍ said...

ഒത്തിരി അഷ്റഫുമാരുണ്ടാവട്ടെ..

Haree | ഹരീ said...

> പൈസ എടുക്കുവാന്‍ നോക്കി; എറര്‍ മെസേജ് ഒന്നും വന്നില്ല; മെഷീന് അനക്കമില്ല.
> കാര്‍ഡ് എങ്ങിനെയാണ് അപ്പോള്‍ പുറത്തെടുക്കുന്നത്? (ചില എ.ടി.എം.-കളില്‍ കാര്‍ഡ് ആദ്യം സ്വൈപ്പ് ചെയ്താല്‍ മതി. അത്തരം എ.ടി.എം-കളെയാണോ ഉദ്ദേശിച്ചത്?)
> അനക്കമൊന്നുമില്ല; ഉടനെ കാര്‍ഡ് എടുത്ത് സ്ഥലം വിടാതെ CANCEL ബട്ടണ്‍ ആവര്‍ത്തിച്ച് ഞെക്കുക. വീണ്ടും കാര്‍ഡ് ഇടുവാന്‍/സ്വൈപ്പ് ചെയ്യുവാന്‍ മെഷീനിനെ സജ്ജമാക്കുക. വീണ്ടും കാര്‍ഡ് ഇട്ട്/സ്വൈപ്പ് ചെയ്ത് ഒരു ബാലന്‍സ് സ്റ്റേറ്റ്മെന്റോ മറ്റോ റിക്വസ്റ്റ് ചെയ്യുക. വന്നില്ലെങ്കിലും വേണ്ട. ആദ്യത്തെ ട്രാന്‍സാക്ഷന്‍ ഇനിയും നടക്കുവാന്‍ സാധ്യത കുറവാണ്. ഇനി വന്നാലും റിസീപ്റ്റല്ലേ പിന്നീട് വരികയുള്ളൂ?

ഇവിടെ, കേരളത്തില്‍ ഇങ്ങിനെ പ്രശ്നമൊന്നും എനിക്കിതുവരെ ഉണ്ടായിട്ടില്ല കേട്ടോ...
--

കാന്താരിക്കുട്ടി said...

ഇങ്ങനെയും സംഭവങ്ങള്‍ ഉണ്ടല്ലേ

ബഷീര്‍ വെള്ളറക്കാട്‌ said...

>ഒരു ദേശാഭിമാനി,

വായനയ്ക്കു നന്ദി

>കാസിം തങ്ങള്‍,
ഇത്‌ തന്നെ യാണിവിടെയും സംഭവിച്ചത്‌. അധികം പരിചയമില്ലത്തവര്‍ക്കും ,പിന്നെ മെഷീന്‍ ചില സമയത്ത്‌ നടത്തുന്ന മെല്ലെപ്പോക്ക്‌ പരിപാടിയിലും അബദ്ധം പറ്റുന്നത്‌ പലരുടെയും പൈസ നഷ്ടമാവാന്‍ ഇടയാക്കുന്നു. അദ്ധേഹത്തിന്റെ പൈസ തിരിച്ചു കിട്ടട്ടെ..

>ശ്രീ

അതെ. ആ തിരിച്ചറിവും ഒപ്പം ശ്രദ്ധയും കാണിച്ചാല്‍ കുറെയൊക്കെ നഷ്ടങ്ങള്‍ ഒഴിവാക്കാം

>ശാഫ്‌,

വായനയ്ക്ക്‌ നന്ദി..

>കുറ്റ്‌ യാടിക്കാരന്‍

നേരുകള്‍ തിരിച്ചറിയാന്‍ കഴിയട്ടെ നമുക്ക്‌

>ഫസല്‍

അഭിപ്രയത്തിനു നന്ദി.. വരാനുള്ളത്‌ എ.റ്റി.എമ്മില്‍ തങ്ങില്ല എന്നല്ലേ.. എന്നാലും സൂക്ഷിക്കുക..നന്ദി

>സ്മിത ആദര്‍ശ്‌

ഇവിടെ നന്നായി പണിയെടുക്കുന്ന യഥാ സമയം മെയിന്റനന്‍സ്‌ നടത്തുന്ന മെഷീനുകള്‍ തന്നയാണു അധികവും.. എന്നാല്‍ ഇടയ്ക്ക്‌ ഇങ്ങിനെ ചില മടിയന്മാരായ്‌ മെഷീനുകള്‍ ഇല്ലാതില്ല. ഉപകാരപ്രദമാവട്ടെ ആര്‍ക്കെങ്കിലും ..നന്ദി

>എഴുത്തുകാരി

അല്ല.. എല്ലാ എ.റ്റി.എമ്മുകളും ഇങ്ങിനെയല്ല ..ചിലതെങ്കിലും ഇങ്ങിനെയാണെന്ന് ഓര്‍ക്കണം . കൂടുതല്‍ ട്രാന്‍സാക്ഷന്‍സ്‌ നടക്കുന്ന മെഷീനുകളാണിങ്ങനെ ക്ഷീണിക്കുന്നത്‌ എന്ന് തോന്നുന്നു.

>പാമരന്‍

അതെ. . നന്മകള്‍ വറ്റിപോകാതിരിക്കട്ടെ.. എന്നാലും നമ്മുടെ സൈഡില്‍ നിന്ന് ഒരു ശ്രദ്ധ..

ബഷീര്‍ വെള്ളറക്കാട്‌ said...

>ഹരി,

പൈസ നഷ്ടപ്പെട്ട വ്യക്തി , അദ്ധേഹം കാര്‍ഡ്‌ ഇട്ട്‌ സീക്രട്ട്‌ നമ്പര്‍ എന്റര്‍ ചെയ്ത്‌ , വിത്ഡ്രോ ചെയ്യേണ്ട എമൗണ്ട്‌ അടിച്ച്‌ കാത്ത്‌ നിന്ന് പൈസ വരാതായപ്പോള്‍ (കാര്‍ഡ്‌ പുറത്ത്‌ വരികയും ചെയ്തു ) പിന്നെ എടുക്കാം ( ചില സമയത്ത്‌ എ.റ്റി.എം പ്രവര്‍ത്തിക്കാത്ത സന്ദര്‍ഭവും ഉണ്ടായിട്ടുണ്ട്‌ ) എന്ന് കരുതി കാര്‍ഡുമെടുത്ത്‌ പോവുകയാണുണ്ടായത്‌.. പിന്നെ അടുത്ത ആള്‍ വരുന്ന സമയത്താണു മെല്ലെപ്പോക്ക്‌ നയം സ്വീകരിച്ച ടിയാന്‍ പൈസയും ബില്ലും പുറത്തേക്ക്‌ വിടുന്നത്‌.. ( ബില്ലില്‍ ഇപ്പോള്‍ എകൗണ്ട്‌ നമ്പര്‍ രേഖപ്പെടുത്തുന്നില്ല ) കൂടാതെ ഒരു ബാങ്കിന്റെ എ.റ്റി.എം മറ്റു നിരവധി ബാങ്കില്‍ നിന്നുള്ള ട്രാന്‍സാക്ഷന്‍ അനുവധിക്കുന്നുമുണ്ട്‌ ..

ചിലര്‍ക്ക്‌ പറ്റുന്നത്‌ തിരക്കു കാരണം . മെഷീനില്‍ നമ്മുടെ ട്രാസാക്ഷന്‍ ക്ലിയര്‍ ആയി അടുത്ത കസ്റ്റമര്‍ക്ക്‌ വേണ്ട്‌ റെഡിയാവുന്നത്‌ വരെ കാത്തു നില്‍ക്കാനുള്ള ക്ഷമ കാണിക്കാത്തതു കൊണ്ടു തന്നെയാണെന്ന് തോന്നുന്നു. താങ്കളുടെ നിര്‍ദ്ധേശങ്ങള്‍ക്ക്‌ നന്ദി..

>കാന്താരിക്കുട്ടി,

ഇങ്ങിനെയും സംഭവങ്ങള്‍ നടക്കുന്നുണ്ട്‌ .. അപ്പോള്‍ സൂക്ഷിക്കുക.. പറ്റിപ്പോയിട്ട്‌ പിന്നെ എരിയുന്നേ എന്ന് പറഞ്ഞിട്ട്‌ കാര്യമില്ല : )

കുഞ്ഞന്‍ said...

ബഷീര്‍ഭായി..

നേരതെ സൂചിപ്പിച്ചതുപോലെ, ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് ക്ഷമയില്ലായ്മയും, പിന്നെ മറ്റുള്ളവര്‍ എന്തു കരുതും എന്ന മനോഭാവവും.. അതായിത്.. കുറേ നേരം ആ കുന്ത്രാണ്ടത്തിന്റെ (അയ്യോ എന്റെ കണ്‍കണ്ട ദൈവം) വേദനിപ്പിച്ച് കാത്തുനിക്കുമ്പോള്‍ ചുമ്മാ തിരിഞ്ഞ് പുറകിലെ ക്യൂവിലേക്കു നോക്കും അപ്പോള്‍ മറ്റുള്ളവരുടെ അക്ഷമകൊണ്ടുള്ള ദേക്‍ഷ്യവും വെറുപ്പു കലര്‍ന്ന മുഖഭാവം കോങ്കണ്ണാല്‍ കാണും ദെന്‍ അറിയാതെ, കുന്ത്രാണ്ടത്തില്‍ നിന്നുള്ള ദയനീയമായ മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ സ്ഥലം കാലിയാക്കുന്നു...എന്നാലൊരു അറബിക്ക് ഈ വിധേയത്വം ഇല്ലതാനും..!

അനൂപ്‌ കോതനല്ലൂര്‍ said...

ഇതു പോലുള്ള അബദ്ധങ്ങള്‍ ആര്‍ക്കും പറ്റാതെയിരിക്കട്ടേ

ബഷീര്‍ വെള്ളറക്കാട്‌ said...

>കുഞ്ഞന്‍,

ശരിയാണത്‌.. പക്ഷെ എല്ലാവരും അത്തരക്കാരല്ല.. ഇവിടെ വന്ന് കൂടിയ ടൈപ്പുകളാണു അധികവും അങ്ങിനത്തെ സ്വഭാവം കാണിക്കുക പതിവ്‌.. നമുക്കിടയിലും ഉണ്ടല്ലോ ചിലര്‍.

>അനൂപ്‌ കോതനല്ലൂര്‍

അതെ അബദ്ധങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും ഏവരും രക്ഷനേടട്ടെ. കഴിഞ്ഞ ദിവസങ്ങളില്‍ എ.റ്റി.എമ്മില്‍ നിന്ന് പണമെടുത്തു മടങ്ങുന്ന യുവാവിനെ കാറിടിച്ച്‌ കൊന്ന് പണം തട്ടിയെടുത്ത വാര്‍ത്ത വായിച്ചിരിക്കുമല്ലോ

ഒരു സ്നേഹിതന്‍ said...

ഇങ്ങനെ ഒരനുഭവം എനിക്കുമുണ്ടായിരുന്നു, കുറെ വെയിറ്റ് ചെയ്തിട്ടും പൈസ വന്നില്ല, പുറകിലുള്ളവരുടെ തിരക്ക് കാരണം തിരിഞ്ഞിറങ്ങാന്‍ നേരത്ത് , ഒന്നിറങ്ങിപോടേന്നും പറഞ്ഞു ഒരൊറ്റ തുപ്പ്‌ ദേ കിടക്കണു ൧൦൦൦ റിയാല്‍...

ഉപകാരപ്രതമായ പോസ്റ്റ്...

ഗൗരിനാഥന്‍ said...

enkilum asharaf maar undennathu valiya kaaryam..itharam karyangal sraddayillekku kondu vannathinu nandi....

ബഷീര്‍ വെള്ളറക്കാട്‌ said...

>ഒരു സ്നേഹിതന്‍

ഇങ്ങിനെ പലയിടത്തും പലര്‍ക്കും അബദ്ധങ്ങള്‍ സംഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ക്യൂ നീണ്ടതാവുമ്പോള്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുക.. നന്ദി


>ഗൗരിനാഥന്‍

വായനയ്ക്കും അഭിപ്രായം അറിയിച്ചതിലും സന്തോഷം. അതെ അന്യന്റെ പണം ആഗ്രഹിക്കാത്തവര്‍ വളരെ വിരളമാണിക്കാലത്ത്‌.. ഇത്‌
ഇവിടെ ഇതാ അത്തരമൊരു ആള്‍

Related Posts with Thumbnails