
ഹലോ..
അസ്സലാമു അലൈക്കും
വ അലൈക്കുമുസ്സലാം
എന്താ ഇക്ക ഇന്നലെ വിളിച്ചില്ല..
അത് മോളെ, ഇന്നലെ ഞാൻ വിളിച്ച്.. പക്ഷെ ലൈൻ കിട്ടിയില്ല..
ഇക്കാക്ക് മാത്രം ഒരു ലൈൻ കിട്ടാത്ത പ്രശ്നം..
ഇന്റർ നെറ്റ് കോളിലും ഇങ്ങനെ പിശുക്കാൻ തുടങ്ങിയാൽ പിന്നെ...
അത് പോട്ടെ .. അടുത്ത വ്യാഴാഴ്ച റഫിഖ് നാട്ടിൽ വരുന്നുണ്ട്.അവൻ പാർസൽ അയക്കുന്നുണ്ടത്രെ.. നിനക്കും മോൾക്കും പിന്നെ വീട്ടിൽക്കും എന്താ കൊടുത്തയക്കേണ്ടത്..?
ഒന്നും വേണ്ടക്കാ ..ഇക്ക ഒന്ന് വരാൻ നോക്ക്..
വരുന്ന കാര്യം നമുക്കാലോചിക്കാം. ഇപ്പോ
എന്തെങ്കിലും കൊടുത്തയക്കാം.. നീ ലിസ്റ്റ് പറ
എന്നാൽ പിന്നെ ഒരു ടാങ്ക് കൊടുത്തയച്ചോ..ഓറഞ്ച് മതി..
ടാങ്കോ ? അതൊന്നും കലക്കി കുടിക്കണ്ട..എല്ലാം കെമിക്കലാ..
പിന്നെ ഇവിടെ നിന്ന് ടാങ്ക് വേടിച്ച് അത് പാർസൽ ചാർജ്ജും കൊടുത്ത് അയക്കുന്നതിനേക്കാൾ നല്ലത് ഈ വിലക്ക് ഇതേ ടാങ്ക് കുന്ദംകുളത്ത് കിട്ടും..പാർസൽ അയക്കുന്ന പൈസ സേവും ചെയ്യാം.
എന്നാൽ പിന്നെ ഒരു ടിൻ പാൽ പൊടി മതി
പാൽ പൊടി വേണോ ..നമ്മുടെ നാട്ടിലെ പാല്പൊടിയുടെ ഗുണമൊന്നും ഇപ്പോൾ ഇവിടുന്ന് വാങ്ങുന്ന പൊടിക്കില്ല. പിന്നെ വിലയും ഇപ്പോൾ കൂടി.. നീ വേറേ എന്തെങ്കിലും വേണമെങ്കിൽ പറയ്..
എന്നാൽ പിന്നെ മോൾക്ക് ഒരു ജോഡി ഡ്രസ് കൊടുത്തയച്ചോ..മോമാലിക്കാടെം സിദ്ധിക്കാടേം മക്കൾടെ കല്ല്യാണമൊക്കെയല്ലേ വരുന്നത്..അവിടെ ലുലു വിൽ രണ്ട് എടുത്താൽ ഒന്ന് ഫ്രി ആണെന്നല്ലേ കേൾക്കുന്നത്..
ഡ്രസ് നീ കുന്ദംകുളത്ത് നിന്ന് തന്നെ എടുത്തോ.. അതാവുമ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് എടുക്കാം. ഇവിടുന്ന് വാങ്ങുന്നതിനേക്കാൾ വില കുറവും ഉണ്ട്.. ഇവിടുത്തെ ഫ്രീയൊക്കെ കണക്കാ.!
എന്നാൽ പിന്നെ ഇക്കാടെ ഒരു ഫോട്ടോ കൊടുത്തയക്ക്..മോൾ ചോദിക്കുമ്പോൾ കാണിച്ച് കൊടുക്കാലോ..
അപ്പോൾ നിനക്കെന്റെ ഫോട്ടൊ വേണ്ടേ.. ഞാൻ നേരിട്ട് വന്ന് കാണാനായിരിക്കും അല്ലേ.. കൊച്ചു ഗള്ളീ..
എന്തിനാ ഇക്ക ടിക്കറ്റിനു കാശു മുടക്കി ലീവ് എടുത്ത് വരുന്നത്.. ആ സമയം ജോലി ചെയ്താൽ ആ കാശ് സേവ് ചെയ്യാലോ.. പിന്നെ ടാങ്കും ,പൊടിയും ,ഡ്രസ്സും മാത്രല്ല ... വേറേ എന്ത് വേണോന്ന് വെച്ചാലും ഇവിടെ തന്നെ കിട്ടും .. അതിനു കുന്ദംകുളത്തേക്ക് പോവുകയും വേണ്ട..
അല്ലാ....അതേയ്.. കുന്ദം കുളത്തൊക്കെ ഡ്യൂപ്പാ... ഞാൻ നല്ല ഒറിജിനൽ ടാങ്കും പാല്പൊടിയും പിന്നെ നിനക്ക് ഫെയർ & ലൗലിയും കൊടുത്തയക്കുന്നുണ്ട്.. പോരേ..
അല്ല ഇക്ക.. ബുദ്ധിമുട്ടണ്ട.. ഞാൻ ഇവിടുള്ള ഡൂപ്പ് കൊണ്ട് അഡ്ജസ്റ്റ് ചെയ്തോളാം.. ആവശ്യത്തിനു കിട്ടാത്ത ഒറിജിനലിലേക്കാൾ നല്ലത് വേണ്ടപ്പോൾ കിട്ടുന്ന ഡൂപ്പാണെന്ന് ഇക്ക തന്നെ പറഞ്ഞത് ഓർക്കുന്നില്ലേ.. ഇക്ക അവിടെ ദിവസോം 'ഷേവ്' ചെയ്ത് ഇരുന്നോ.. ഞാൻ ഫോൺ വെക്കുന്നു..
ഹലോ.. ഹലോ..ഹലോ..
==============================
ഗുണപാഠം..
പ്രവാസികൾ കണക്ക് പറയരുത്..പ്രത്യേകിച്ച് ഭാര്യയോട്.
സമര്‍പ്പണം :
തടസ്സങ്ങളൊന്നുമില്ലെങ്കിലും, വര്‍ഷങ്ങളായി നാട്ടില്‍ പോവാത്ത എല്ലാ പ്രവാസി മലയാളികള്‍ക്കും
Monday, September 5, 2011
ഗള്‍ഫുകാരന്റെ സേ(ഷേ)വിംഗ്സ്
Tuesday, March 8, 2011
രുചിനോക്കുന്ന സമയം
‘കാർന്നോരുടെ വാക്കുകൾ കാര്യമാക്കരുത്’ എന്നാണ് പുതിയ പ്രമാണെമെങ്കിലും ‘ പുതിയത് വല്ലതും പോസ്റ്റെടാ എന്ന ഈ കാർന്നോരുടെ വാക്ക് തള്ളിക്കളയാൻ എനിക്കാവില്ല. കാരണം. ..എഴുത്തിന്റെയും (കത്തെഴുത്ത് മുതൽ കത്തിയെഴുത്ത് വരെ ) വരയുടെയും (തലവര)ബാലപാഠം ഞാൻ സ്വായത്തമാക്കിയത് ഈ മാന്യദേഹത്തിൽ നിന്നാണല്ലോ..ഇദ്ദേഹത്തിന്റെ എഴുത്തിന്റെ രഹസ്യങ്ങൾ പിന്നീട് എഴുതാം (കുറച്ച് പൈസ കടം ചോദിച്ചിട്ടുണ്ട് അത് തരുമോ എന്ന് നോക്കട്ടെ )
കുറെ നാളായി എന്തെങ്കിലുമെഴുതാൻ കരുതി. നടക്കുന്നില്ല. എഴുതാനുള്ള വിഷയങ്ങൾ ഏറെ ഈ കഴിഞ്ഞ ഇടവേളകളിൽ ജീവിതത്തെ സ്പർശിച്ച് കടന്നു പോയി. അതിലൊന്ന് കുറിക്കാം. തത്കാല ശാന്തിയ്ക്ക്….
പതിവു പോലെ ഉച്ചയ്ക്ക് ഭക്ഷണത്തിനും വിശ്രമത്തിനുമായി കട പൂട്ടി റൂമിലെത്തിയതായിരുന്നു ഷമീർ. ജേഷ്ടനും മറ്റു സുഹൃത്തുക്കളും ഭക്ഷണം കഴിച്ചു കിടന്നിരിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിലെ പതിവ് പരിപാടി ടി.വി. കാണൽ അന്നും മുടക്കമില്ലാതെ ഭക്ഷണശേഷവും തുടർന്നു. ചാനലിൽ നിന്ന് ചാനലിലേക്ക്,.. മാറി മാറി സഞ്ചരിച്ച് കൊണ്ടേയിരുന്നു അയാൾ ....
ഉറക്കമെഴുന്നേറ്റ ഷമീറിന്റെ ജേഷടൻ ബക്കർക്ക ബാത് റൂമിലെ വാഷ് ബേസിൽ മുഖം കഴുകി ഒരു സുലൈമാനി (കട്ടൻ ചായ)ഉണ്ടാക്കാൻ അടുക്കളയിലെക്ക് നടക്കുമ്പോഴും ഷമീർ ഒറ്റയിരുപ്പാണ് റിമോട്ടും ഞെക്കിപ്പിടിച്ച് കൊണ്ട്… എടാ നീ ഇത് വരെ ഉറങ്ങിയില്ലേ. ടി.വി കാണൽ മാത്രമായിരിക്കുന്നു നിന്റെ പരിപാടി. ഏത് നേരവും.. നിസ്കരിക്കാൻ പോലും നിനക്ക് നേരമില്ലാണ്ടായിരിക്കുന്നു. കോപമടക്കി ഷമീറിന്റെ കയ്യിൽ നിന്ന് റിമോട്ട് പിടിച്ച് വാങ്ങി ജേഷടൻ .
കസേരയിൽ ഇരുന്ന ഇരുപ്പിൽ ഒരു ഭാഗത്തേക്ക് ചെരിഞ്ഞ് വീഴുകയായിരുന്ന ഷെമിറിനെ താങ്ങിയ ബക്കർക്കാടെ തൊണ്ടയിൽ കുരുങ്ങിയ നിലവിളി അധികം താമസിയാതെ മറ്റുള്ളവരിലേക്കും പടർന്നു. അപ്പോഴും ചാനലിൽ ആരോ ഡെഡിക്കേറ്റ് ചെയ്ത ഗാനം ആടി തിമിർക്കുന്നുണ്ടായിരുന്നു.
ഇത് കഥയല്ല. ഈയടുത്ത് മുസ്വഫയിൽ ഉണ്ടായ ഒരു മരണം( ..പേരുകൾ മാത്രം മാറ്റിയതാണ്.) ടി.വി റിമോട്ട് പിടിച്ച് , ആർക്കും ഡെഡിക്കേറ്റ് ചെയ്യാൻ സമയം കിട്ടുന്നതിനു മുന്ന് മരണത്തിന്റെ മാലാഖ അയാളെ തേടിയെത്തി..ടി.വി ഒന്ന് ഓഫാക്കാനുള്ള സെകന്റ് പോലും നീട്ടികിട്ടിയില്ല.. !!
ഈ അടുത്തായി നാട്ടുകാരും അയൽ വാസികളുമായ എറേ പേർ ,സുഹൃത്തിനെ പിതാവ്, പിഞ്ചു മകൻ .. എല്ലാവരും മരണമെന്ന യാഥാർത്ഥ്യം രുചിച്ച് കൊണ്ട് ഈ ലോകത്തോട് വിട പറഞ്ഞു.. ഏറെയും ആരും നിനച്ചിരിക്കാതെയുള്ള വിട വാങ്ങലുകൾ... അന്ത്യ നിമിഷങ്ങൾ അതെങ്ങിനെയായിരിക്കുമെന്ന് ആർക്ക് പ്രവചിക്കാൻ സാധിക്കും !
ഈ ബ്ലോഗ് എനിക്ക് പോസ്റ്റ് ചെയ്യാൻ കഴിയുമോ ? എന്നെനിക്ക് നിശ്ചയമില്ല. അതിനൊരു ഉറപ്പ് ആർക്കും തരാനാവില്ല. പക്ഷെ മനുഷ്യൻ കൂടുതൽ അഹങ്കാരിയായികൊണ്ടിരിക്കുന്നു. അവൻ അറിയാത്തതിന്റെ ശത്രുവായിതീരുന്നു. തന്റെ ഠാ വട്ട ബുദ്ധിയിലില്ല്ലാത്തതൊന്നുമില്ലെന്ന് വിമ്പു പറയുന്നു. മറ്റുള്ളവരെല്ലാം വിവരം കെട്ടവർ.. താൻ മാത്രം യോഗ്യൻ എല്ലാം തികഞ്ഞവൻ… നല്ലത് ഉപദേശിച്ചാൽ പരിഹാസം മാത്രം പ്രതിഫലം.. ആദരവ് എന്നത് അവന്റെ നിഘണ്ടുവിൽ ഇല്ല. സ്വന്തം മാതാപിതാക്കളും ഗുരുനാഥന്മാരും പണ്ഡിതരുമെല്ലാം വിവരം കെട്ടവർ.. അവർക്കൊന്നുമില്ലാത്ത പുതിയ അറിവുമായി ലോകത്തിന്റെ നെറുകയിൽ കയറി ഇരിക്കുന്നവൻ. പക്ഷെ അവൻ അറിയുന്നില്ല താൻ നഗനനാണെന്ന്. എല്ലാം തനിക്ക് ബോധ്യപ്പെടണം അല്ലാത്തതെല്ലാം അസത്യമെന്ന് പുലമ്പുന്നവൻ. ചെരുപ്പിനൊപ്പിച്ച് കാലു മുറിച്ച് ആ ചോര പാതയിൽ ഒലിപ്പിച്ച് നാട്ടിൽ നാക്കിട്ടിളക്കി നാലാളുകളുടെ മുന്നിൽ കേമനാവാൻ എന്തും പറയുന്നവൻ ..
ഒരു പക്ഷെ മറന്നു പൊയിക്കാണും തൊട്ടടുത്ത നിമിഷം നിഷേധിക്കാനാവത്ത മരണമെന്ന സത്യം തന്നെ പിടികൂടുമെന്ന്. അന്ന് താൻ ചെയ്ത അപരാധങ്ങൾക്ക് പശ്ചാത്തപിക്കാൻ ഒരു സെകന്റ് സമയം പോലും അനുവദിക്കപെടുകയില്ലെന്ന്
താൻ പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം ആരോപിക്കുന്നതുമെല്ലാം എന്തിനു വേണ്ടി യാണെന്ന് നെഞ്ചിൽ കൈ വെച്ച് ഒരു നിമിഷം ശാന്തമായി ആലോചിക്കാൻ നമ്മിൽ എത്ര പേർ സമയം കണ്ടെത്തുന്നു ?
പറഞ്ഞതും എഴുതിയതും പ്രവർത്തിച്ചതുമെല്ലാം വൻ അബദ്ധമാണെന്ന് ബോധ്യപ്പെട്ടാലും അവിടെ തന്നെ കടിച്ച് തൂങ്ങുന്നവർ.സമയമതിച്ചിരിക്കുന്നതായി മനസിലാക്കി ഒരു വീണ്ടു വിചാരത്തിനു തയ്യാറാവേണ്ടിയിരിക്കുന്നു.
മരണമെന്ന യാഥാർത്ഥ്യം രുചിക്കുന്നതിനു മുന്നെ..
എല്ലാവർക്കും നന്മകൾ നേർന്ന് കൊണ്ട്
വാലും തലയുമില്ലാത്ത ഈ നുറുങ്ങ് ഏവർക്കുമായി
മലയാളം.കോം ഈ കുറിപ്പ് പുനപ്രസിദ്ധീകരീച്ചത്
@ malayalm.com
Wednesday, September 15, 2010
കാവൽ നിൽക്കുന്നതിനേക്കാൾ നന്ന് കള്ളടിച്ച് ചാവുന്നത് !
അതിശൈത്യത്തിലും അത്യുഷ്ണത്തിലും , അരയും തലയും മുറുക്കി അതിർത്തി കാത്ത്
നാടിന്റെ മാനം കാത്ത് നാട്ടുകാരുടെ ജീവൻ കാത്ത് ,ശത്രുവിന്റെ വെടിയുണ്ട നെഞ്ചിൽ വാങ്ങി
മൃത്യവിന്റെ കരങ്ങളിലും മുഴങ്ങിയ ‘ജയ്ഹിന്ദ്‘ ! വിളികൾ...
പകരം നാം നൽകിയതോ !
ഞെട്ടലുകൾ ...പ്രസ്താവനകൾ, പിന്നെ മൂവർണ്ണക്കളറിലൊരു പെട്ടി
മാനത്തേക്കഞ്ചാറു വെടി !
മദ്യം മോന്തി പള്ളവീർത്ത് ,കുടലു ചീഞ്ഞ് കരള് വെന്ത്
വഴിയിലും വയലിലും ചത്തൊടുങ്ങുന്നവർ..അവർക്കായ്
നാടിന്റ രോദനം ,നാടുവാഴികളുടെ ആദരം പിന്നെ
നികുതിപ്പണം കൊണ്ട് തുലാഭാരം
മദ്യം കൊടുത്ത് മയക്കി, ജീവൻ വാങ്ങി ,സമ്പാദിച്ച കോടികൾക്കും കോടിപതികൾക്കും
കോട്ടമേതുമില്ലാതെ സുഖവാസവും..
കൊടുക്കാമിവർക്കുമൊരു ‘പട്ടം’ ,പ്രചോദനമാകട്ടെ മറ്റ് കുടിയ(യാ)ന്മാർക്കും
വൈകിട്ടെന്താ പരിപാടി ?
“കാവൽ നിൽക്കുന്നതിനേക്കാൾ നന്ന് ,കള്ളടിച്ച് ചാവുന്നതെന്ന് ” !
എത്ര കുടുംബങ്ങളനാധമാകിലും, എത്ര ബന്ധങ്ങളറുത്ത്മാറ്റപ്പെട്ടാലും, എത്ര ശവങ്ങൾ പുഴുവരിച്ചാലും, എത്ര സഹോദരിമാർ കണ്ണുനീരുകൊണ്ട് കലം കഴുകിയാലും,
കിട്ടുന്ന വരുമാനത്തിന്റെ സ്റ്റാറ്റിസ്റ്റിക്സിൽ പോകുന്ന ജീവനുകൾക്കെന്ത് വില കൂട്ടരെ !
കുടുംബങ്ങളുടെ തകർച്ചയ്ക്കും ,അക്രമങ്ങളുടെ അതിപ്രസരത്തിനും, സർവ്വ വിധ തിന്മകളുടെയും പ്രചോദനവുമായ മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും ഉപയോഗം കൊണ്ട് ജീവിതം നശിപ്പിക്കുന്നവർ നേടുന്നതെന്ത് ? രോഗവും അകാലമൃത്യുവുമല്ലാതെ !
നേടി കൊടുക്കുന്നതെന്ത് ? തീരാ നഷ്ടവും ദു:ഖവുമല്ലാതെ !
ഇനിയും കണ്ണുതുറക്കാത്ത ജനതയും കണ്ണടച്ച് പിടിച്ച അധികാരികളും വാഴുന്ന നാട്ടിൽ
ഇനിയുമേറേ വീഴാനിരിക്കുന്നു മർത്യൻ ,
മദ്യം മോന്തി മദോന്മത്തരായി മരണത്തിന്റെ വഴിയിൽ നിന്ദ്യനായി !
ഇനിയെന്താ പരിപാടി ?
വിദ്യാലയമാം ഉദ്യാനത്തിൽ മദ്യ ഷാപ്പ് തുറക്കാം..! ഉച്ചക്കഞ്ഞിക്ക് പകരം നൽകാൻ
ഉത്തമമായത് വേറെയുണ്ടോ ഈ ഉലകിൽ ?
കുടിച്ച് വളരട്ടെ ഭാവി വാഗ്ദാനങ്ങൾ, നുരകൊണ്ട് നിറയട്ടെ ഖജനാവുകൾ
ഒഴിവാക്കാം ഉപരിപഠനത്തിന്റെ ഉത്കണ്ഡകൾ.. പിറക്കട്ടെ ഉത്തമ സാഹിത്യ രചനകളും
വൈകിട്ടെന്താ പരിപാടി ?
“കാവൽ നിൽക്കുന്നതിനേക്കാൾ നന്ന് ,കള്ളടിച്ച് ചാവുന്നതെന്ന് ” !