Tuesday, July 2, 2013

അവസാനിക്കാത്ത വിസ

കല്യാണം കഴിഞ്ഞ് പ്രിയതമയെ തനിച്ചാക്കി  ഗൾഫിലേക്ക് തിരിച്ചു  വന്നപ്പോൾ പിന്നെ എങ്ങിനെയെങ്കിലും തിരിച്ചു നാട്ടിലെത്തണമെന്നായി….കൂലിപ്പണിയെടുത്താലും ഈ വിരഹ വേദന സഹിക്കാൻ വയ്യ.. വിസ തന്ന ബന്ധുവിനോടുള്ള ‘ബഹുമാനം‘ അണപ്പല്ലുകൾക്കിടയിൽ അമർന്നു ഞെരിഞ്ഞു..


തീരുമാനം പെട്ടെന്നായിരുന്നു.. ജോലി രാജി വെക്കുക.  ഉടനെ നാട്ടിലെത്തുന്നതാണെന്ന് ഭാര്യയെ അറിയിച്ചു.. ആരോടും പറയരുതെന്ന് പ്രത്യേകം പറഞ്ഞു.. അവളും അത് തന്നെ എല്ലാവരോടും പറഞ്ഞു.. ‘ഈ വിവരം ആരോടും പറയരുതെന്നാ ഇക്ക പറഞ്ഞിരിക്കുന്നത്.. അത് കൊണ്ട് നിങ്ങളാരോടും പറയണ്ട..” അവരും അങ്ങിനെ തന്നെ അനുസരിച്ചു.. അങ്ങിനെ സംഗതി  കുറച്ച് കുറച്ച് പിന്നെ മൊത്തം ‘.വിക്കി..ലീക്കായി’

പ്രിയതമയൊഴിച്ച് മൊത്തം കുടുംബക്കാരും ഐക്യത്തോടെ പ്രതികരിച്ചു..’ എങ്ങിനെയെങ്കിലും കുറച്ച് കൂടി പിടിച്ച് നില്ക്ക് “ എടുത്തു ചാടി ഒന്നും ചെയ്യരുത്.. എല്ലാം ശരിയാവും..  അവരോടെല്ലാവരോടും തോന്നിയ ദേശ്യം മുഴുവനും കടിച്ച് പിടിച്ചു .. എല്ലാവർക്കും ഓരോ വിസയെടുത്ത് ഇവിടെ കൊണ്ട് വന്ന്  ഇവിടുത്തെ ‘സുഖം’ അനുഭവിപ്പിച്ച് വിടണമെന്നുണ്ടായിരുന്നു.. പിന്നെ ക്ഷമിച്ചു..  അതിനൊക്കെ വല്യ ചിലവാകുമെന്നതിനാൽ
അമ്മോസൻ (പെണ്ണിന്റെ ഉപ്പ) ഗൾഫിലായിരുന്നു അദ്ദേഹം കുതിച്ചെത്തി റൂമിൽ ..നീണ്ട ചർച്ചകൾക്ക് ശേഷം തീരുമാനമായി .. അടുത്ത അവധി വരെ ജോലി തുടരുക.. അപ്പോഴേക്കും നാട്ടിൽ എന്തെങ്കിലും പരിപാടി ആസൂത്രണം ചെയ്യാം.. എന്നിട്ട് സന്തോഷായി രാജി വെച്ച് നാട്ടിൽ പോകാമല്ലോ.. ഏത്..!  അമ്മോസന്റെ ഉപദേശം തള്ളിക്കളയാൻ തോന്നിയില്ല..

നാ‍ട്ടിൽ പണിതീർത്ത ഇരു നില വീടിന്റെ അകവും പുറവും പകർത്തിയ ആൽബത്തിൽ  ദൃഷ്ടികളൂന്നി  കാദർക്ക  പറയുകയാണ്…    ഇപ്പോൾ 30 വർഷങ്ങൾ കഴിഞ്ഞു.. ശമ്പളമൊക്കെ കുറവായിരുന്നെങ്കിലും എല്ലാ വർഷവും നാട്ടിൽ പോകാൻ പറ്റിയതിനാൽ 30 മാസത്തെ  ജീവിതം മിച്ചം.. രണ്ട് മക്കൾ ഒരു മകനും ഒരു മകളും.. മോളുടെ വിവാഹം കഴിഞ്ഞു.  ഇനി മോനെ ഇങ്ങണ്ട് കൊണ്ട് വന്ന് ഒരു ജോലി ശരിയായാൽ  അവസാനിപ്പിച്ച് പോണം…ഇനി വയ്യ..   കാദർക്ക  ബാക്കി നിൽക്കുന്ന ആഗ്രഹങ്ങൾ പങ്കുവെച്ചു..

അധികം വൈകാതെ കാദർക്കാടെ മകൻ ഷെമീറും  ഗൾഫ് മണലാരണ്യത്തിലെത്തി.. കാദർക്കാടെ കമ്പനി തന്നെ വിസ നൽകി.. ഓഫീസിൽ ക്ലറിക്കൽ ജോലി.. 

ജോലി സ്ഥലം മാറിയതിനാൽ കാദർക്കാടെ റൂമിൽ നിന്ന്  മാറേണ്ടി വന്നെങ്കിലും വാരാന്ത്യങ്ങളിൽ ഒത്തുകൂടാനും എന്നും  ഫോൺ ചെയ്ത് വിശേഷങ്ങൾ പരസ്പരം കൈമാറാനും ഞാൻ മറന്നാലും കാദർക്ക മറക്കാറില്ല.

വീട്ടിലിപ്പോൾ
ഭാര്യ ഒറ്റയായി..  കാദർക്ക മകനുമായി  തിരിച്ചു പോക്കിനെ പറ്റി ചർച്ച ചെയ്തു ..മകനും പിന്തുണ അറിയിച്ചു.. അങ്ങിനെ  കാദർക്ക നാട്ടിലേക്ക് മടങ്ങാൻ വീണ്ടും തീരുമാനിച്ചു. .. പ്രിയതമയ്ക്ക് ഫോൺ ചെയ്ത് പറഞ്ഞു.ഞാൻ കേൻസൽ ചെയ്ത് നാട്ടിൽ വരുകയാണ്..ഈ വിവരം എല്ലാവരോടും പറയണം.. പക്ഷെ ഇത്തവണ അവർ ആരോടും വിവരങ്ങളൊന്നും കൈമാറിയില്ല…  യൌവ്വനം ജീവിത വഴിയിലെവിടെയോ നഷ്ടമായെങ്കിലും  മണവാട്ടിയുടെ മനസുമായി പ്രിയതമ കാത്തിരുന്നു. ഒരു മണവാളന്റെ ചുറുചുറുക്കോടെ കാദർക്കയും അണിഞ്ഞൊരുങ്ങുകയാണ്. ഫോൺ ചെയ്ത് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് പ്രകാരം പർച്ചേസിംഗ് തകൃതിയായി നടക്കുന്നു...   നാട്ടിലേക്ക്  പോകാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി..കമ്പനി വക നല്ല ഒരു യാത്രയയപ്പുണ്ടായിരുന്നു. എല്ലാവരും കൂടി ഒരു ഉപഹാരവും നൽകി..  യാത്രക്കുള്ള ദിവസവും നിശ്ചയിക്കപ്പെട്ടു..  

വെള്ളിയാഴ്ച കാലത്ത്
 സുബഹി നിസ്കാരം കഴിഞ്ഞ് ഒരു പതിവുള്ള സുലൈമാനി (കട്ടൻ ചായ) കുടിക്കുന്നതിനിടയ്ക്ക് ഓർത്തു ഇന്നാണല്ലോ കാദർക്ക നാട്ടിൽ പോകുന്നത് ..ജുമുഅ നിസ്കാരം കഴിഞ്ഞ് കാദർക്കാടെ റൂമൊൽ പോകണമെന്ന് മനസിലുറപ്പിച്ചു.. പിറ്റെ ദിവസം ഉറങ്ങാൻ കിടക്കുമ്പോൾ റൂമിലെ അലിഖിത നിയമം അനുസരിച്ച് സൈലന്റ് മോഡിൽ വെച്ച മൊബൈൽ ഫോണിൽ ലൈറ്റ് തെളിയുന്നത് അപ്പോഴാണ് കണ്ടത്. .. ‘കാദർക്ക കോളിംഗ്‘ .. സ്ക്രീനിൽ തെളിയുന്നു. കാദർക്കാടെ കാര്യം ഓർത്തതേയുള്ളല്ലോ എന്ന് കരുതി ഫോണെടുത്തു.. അസ്സലാമു അലൈക്കും ..എന്താ കാദർക്കാ ഈ നേരത്ത്.. ? വ അലൈക്കുമുസ്സലാം..   ഇത് ഷെമീറാണ്  ഇക്കാ..    ആ ഷെമീറാണോ.. ഞാൻ ജുമുഅ കഴിഞ്ഞ് അങ്ങോട്ട് വരാം.. ഇന്ന് ഉപ്പ പോവുകയാണല്ലോ.. 

ഒന്ന് രണ്ട് സെക്കന്റ് നേരത്തെ നിശബ്ദത.....
..   ഉപ്പ  നേരത്തെ പോയി ഇക്കാ.. ..

ഷെമീറിന്റെ പൊട്ടിക്കരച്ചിൽ തീർത്ത ആഘാതത്തിൽ തരിച്ച് പോയ എന്റെ ശരീരത്തിന്റെയും  മനസിന്റെയും തേങ്ങൽ  നെഞ്ചിൽ നിന്നും തൊണ്ടയിലെത്തി തടഞ്ഞു നിന്നു..  ഹുങ്കാരത്തോടെ ഒരു കടന്നൽ കൂട്ടം എന്റെ കർണ്ണപടം തുളച്ച് കടന്നു പോയി..    എന്നെന്നേക്കുമുള്ള വിസയുമായി പ്രിയപ്പെട്ട കാദർക്ക എല്ലാവരെയും വിട്ട് യാത്രയായിരിക്കുന്നു.


ജീവിതമാകുന്ന പ്രവാസത്തിന്റെ അന്ത്യം.  (നിന്നിൽ നിന്നാണ് തുടക്കം. തീർച്ചയായും നിന്നിലേക്ക് തന്നെ മടക്കവും )

Note:

(ചില വായനക്കാർ എന്റെ അനുഭവമായി തെറ്റിദ്ധരിച്ചുവെന്ന് തോന്നുന്നു.  ക്ഷമിക്കുക ..പറഞ്ഞ രീതിയിലുള്ള അപാകതയാവാം. എന്നാൽ ഇത് വെറും കഥയല്ലെന്ന് കൂടി ഉണർത്തട്ടെ. ചില അനുഭവങ്ങൾ തീർത്ത ആകുലതകൾ )

Sunday, June 16, 2013

അഞ്ചു പൈസയുടെ കപ്പലണ്ടി

ലോകത്തിന്റെ ഏത് കോണിലായിരുന്നാലും നമ്മെ വിടാതെ പിന്തുടരുന്ന  ചില ഓർമ്മളുണ്ട് അവയിൽ സ്കൂൾ ജീവിത കാലഘട്ടത്തിലെ കൊച്ചു കൊച്ചു  കാര്യങ്ങൾ പോലും എന്നും മിഴിവോടെ നമ്മുടെയൊക്കെ മനസിൽ മങ്ങാതെ മായാതെ നിലകൊള്ളുന്നു.. അന്നും ഇന്നും തമ്മിലുള്ള അന്തരങ്ങൾക്കിടയിലും നഷ്ടമാവാതെ സൂക്ഷിക്കുന്ന അത്തരം ഓർമകളാം വളപ്പൊട്ടുകളുടെ വർണരാജികൾ മനസിൽ മഴവില്ലു തീർക്കുമ്പോൾ അറിയാതെ ഒരു നഷ്ട  ബോധത്തിന്റെ ദീർഘ നിശ്വാസമുതിർക്കാത്തവരായി ആരാണുള്ളത്. !
വെള്ളറക്കാട് സ്കൂളിൽ ഞാനന്ന് അഞ്ചിലോ ആറിലോ പഠിക്കുകയാണ്. എന്റെ രണ്ടാമത്തെ പെങ്ങളെ  ആ വർഷം ഒന്നാം ക്ലാസിൽ ചേർത്തിരിക്കുന്നു. അന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ പരിസരത്ത് മുളച്ച് പൊന്തിയിരുന്നില്ല. അതിനാൽ ഞങ്ങളുടെ എല്ലാവരുടെയും പഠനം ഏഴാം ക്ലാസ് വരെ  വെള്ളറക്കാട് വിവേകസാഗരം സ്കൂളിൽ തന്നെയായിരുന്നു.. ഇന്നത്തെ പ്പോലെ പ്രവേശനോത്സവമോ മറ്റോ ഇല്ലാതിരുന്നല്ലോ അന്ന്.. പക്ഷെ ഇന്നും അന്നും വിത്യാസമില്ല്ലാതെ പ്രവേശന കരച്ചിലും (മൂക്ക്) പിഴിച്ചലും  സ്കൂൾ തുറന്ന ആദ്യ ദിവസങ്ങളിൽ ഒന്നാം ക്ലാസിന്റെ ഭാഗത്ത് തകൃതിയായി നടക്കാറുണ്ട്..  എന്റെ ആദ്യത്തെ പെങ്ങളെപ്പോലെയല്ല ഇവൾ . മൂത്ത പെങ്ങളൾ കരച്ചിൽ തുടങ്ങിയാൽ ഉമ്മാടെ കയ്യിൽ നിന്ന് കാര്യമായി ഒന്ന് കിട്ടിയാൽ കരച്ചിൽ അതോടെ നിൽക്കും. ഇവൾ പക്ഷെ കരച്ചിൽ ആരംഭിച്ചാ‍ൽ ആരു വിചാരിച്ചാലും നിർത്താൻ പറ്റില്ല.. അതങ്ങനെ ഏറിയും കുറഞ്ഞും കാറിയും കീറിയും കുറേ നേരം തുടരും.. അതറിയുന്നതിനാൽ സ്കൂൾ തുറന്ന ആദ്യ ദിനങ്ങളിൽ ഞാൻ  ഒന്നാം ക്ലാസിന്റെ  ഭാഗത്തേക്കേ പോയില്ല. പക്ഷെ പ്രതീക്ഷിച്ച കുഴപ്പമൊന്നുമില്ലാതെ ദിനങ്ങൾ നീങ്ങി.

ഒരു ദിവസം പതിവുപോലെ സ്കൂളിലെത്തി, ഒരു പിരീയഡ് അവസാനിക്കാനായ സമയം   ബഷീർ .പി.ബി യോട് ഓഫീസ് റൂമിലേക്ക് വരാൻ പറഞ്ഞിരിക്കുന്നു എന്ന അറിയിപ്പുമായി പ്യൂൺ എത്തി... എന്തെങ്കിലും കാര്യമായ കാര്യമില്ലാതെ ആരെയും ഓഫീസിലേക്ക് വിളിപ്പിക്കാറില്ല..വിളിക്കപ്പെട്ടവരിൽ മിക്കവരും അമ്മാൾ ടീച്ചറുടെ ചൂരൽ കഷായം  കുടിച്ച് ബ്ലിങ്കസ്യാ മുഖവുമായാണ് തിരിച്ച് വരാറുള്ളത്. ക്ലാസിലെ കുട്ടികളെല്ലാം എന്നെ സഹതാപത്തോടെ നോക്കുന്നുണ്ട്.പെൺകുട്ടികളുടെ ഭാഗത്തേക്ക് നോക്കാനുള്ള കരുത്തില്ലാത്തതിനാൽ ആ ശ്രമം വേണ്ടെന്ന് വെച്ചു. അവർക്ക് വെറുതെ ചിരിക്കാനെന്തിനു ചാൻസ് കൊടുക്കുന്നു..  എന്റെ ഉള്ളിൽ  ചിങ്ങം കാവ് പൂരത്തിന്റെ തിരക്കുമായി ചിന്തകൾ മാറി മറിയുന്നു.ഹെഡ്മിസ്‌ട്രസ് അമ്മാളു ടീച്ചർ, അവരുടെ കണ്ണട,  ആ കണ്ണട ഉയർത്തികൊണ്ടുള്ള നോട്ടം., അലമാരക്ക് മുകളിലുള്ള വണ്ണം കൂടിയ ചൂരൽ അങ്ങിനെ നിരവധി ചിത്രങ്ങൾ  നൊടിയിടയിൽ മിന്നിമറഞ്ഞു.. എന്ത് കുറ്റത്തിനായിരിക്കും വിളിപ്പിച്ചിരിക്കുക എന്ന  സങ്കോചത്തോടെ ഓഫീസ് റൂമിലെത്തിയ എന്നെ കാത്ത് അവിടെ ശ്രീദേവി ടീച്ചർ (എന്നാണെന്റെ ഓർമ്മ) നിൽക്കുന്നു. എടോ തന്റെ പെങ്ങൾ കരച്ചിൽ നിർത്തുന്നില്ല. എന്ത് ചോദിച്ചിട്ടും. ഒന്നും പറയുന്നില്ല.താനൊന്ന്  ക്ലാസിലേക്ക് വരൂ… എന്റെ കണ്ടപാടെ ടീച്ചർ പറഞ്ഞു.  ഹാവൂ ഞാൻ ഒന്ന് സാമാധാനിയായി  ..ഇന്നലെ സ്കൂളിൽ വരുന്ന വഴിക്ക് ഞാനും യൂസുഫും കൂടി സ്കൂളിനടുത്തുകൂടി ഒഴുകുന്ന തോട്ടിൽ  നടത്തിയ മീൻ പിടുത്തമൊന്നും അറിഞ്ഞിട്ടില്ല. പെട്ടെന്ന് തന്നെ ഞാൻ അസമാധാനിയും ആയി..  പെങ്ങളുടെ നോൺസ്റ്റോപ് കരച്ചിൽ ഓർത്ത്.. ഇവൾ എന്റെ ഉള്ള ചീത്തപ്പേരു നാറ്റിക്കുമല്ലോ..ഈ വാതാപി നിർത്താൻ  ഇന്നിനി അവളെയും കൂട്ടി വീട്ടിലേക്ക് മടങ്ങേണ്ടി വരും  എന്നെനിക്കുറപ്പായിരുന്നു.  ടീച്ചർക്കൊപ്പം ഞാനും കൂടി എന്റെ പെങ്ങളുടെ ക്ലാസിലെത്തി..

 
നല്ല വോളിയത്തിൽ തന്നെയാണ്.. എന്നെ കണ്ടപ്പോൾ രീതി ഒന്ന് മാറ്റിയോന്ന് സംശയം…. എന്തിനാ നീ കരയുന്നത് ? നിനക്കെന്താ വേണ്ടത് ?  ഉത്തരമില്ല .കരച്ചിൽ മാത്രം..  അവസാനം കരച്ചിലിനിടയിലൂടെ ‘’എനിക്ക് കപ്പലണ്ടി വേണം  അഞ്ച് പൈസക്ക് കപ്പലണ്ടി വേണം‘..  എന്ന ആവശ്യം  അറിയിച്ചു.   കരയാതിരിക്ക്. ഞാൻ വാങ്ങിതരാം എന്നേറ്റ് ഞാൻ സ്കൂൾ മതിലിനോട് ചാരി നിർത്തിയ  അബൂബക്കർക്കാടെ ഉന്തുവണ്ടിയിൽ നിന്ന് കപ്പലണ്ടി വാങ്ങി  പെങ്ങളുടെ അടുത്തെത്തി.. കരച്ചിൽ നിന്നിട്ടില്ല.   കരച്ചിലിനിടക്ക്  തന്നെ എന്റെ കയ്യിൽ നിന്ന് കപ്പലണ്ടി വാങ്ങി. പൊതി കെട്ടഴിച്ച് ഒന്ന് രണ്ട് മണി വായിലിട്ട് ചവച്ചു  ..കരച്ചിലിന്റെ ട്യൂൺ വിത്യാസപ്പെട്ടു.. പിന്നെ ഒരു ചോദ്യം. ഇക്കാകാ  ഇതെത്ര പൈസക്കാ വാങ്ങീത്… ?   5 പൈസക്കാണെന്ന സത്യം പറഞ്ഞ് ഒരു കുറവ് വരണ്ട എന്ന് കരുതി.ഞാൻ പറഞ്ഞു ഇത് 10 പൈസക്ക് വാങ്ങീതാണ്..  ഡിം.!! കരച്ചിൽ പൂർവ്വാധികം ഉച്ചത്തിൽ ആദി താളത്തിൽ ..ഈണത്തിൽ.. ‘എന്തിനാ 10 പൈസക്ക് വാങ്ങീത്. ഇ് ഇ്..ഇ്   ….  പിന്നെ എത്ര പൈസക്കാ വേണ്ടത് നിനക്ക് ?   ഇക്ക്  5 പൈസക്ക്  വാങ്ങണം മ്‌ മ്‌ മ്‌….  ങീ… ങീ..   ഇപ്പോൾ എന്റെയൊപ്പം ഞെട്ടാൻ ടീച്ചറും ഉണ്ടായിരുന്നു..     ആ കരച്ചിൽ പിന്നെ വീടെത്തുന്നതുവരെ തുടർന്നു അതിനിടക്ക് കപ്പലണ്ടി മുഴുവൻ അകത്താക്കാനും മറന്നില്ല. !! (പകുതി ഞാനും )
ഇപ്പഴും ഒരുമിച്ച് കൂടുമ്പോൾ പഴയ അഞ്ച്പൈസ കപ്പലണ്ടി കഥ പറഞ്ഞ് ചിരിക്കാറുണ്ട്.. ബാക്കി കഥകൾ പിന്നെ എന്ന മുന്നറിയിപ്പോടെ..  ഈ വർഷം വിദ്യാ‍ലയമാം ഉദ്യാനത്തിൽ വിദ്യനുകരാനായി ചേർന്ന എല്ലാ കുരുന്നുകൾക്കും ആശംസകളോടേ

വാൽ
നുറുങ്ങ് :-

കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ കുന്ദംകുളത്തെ കൊട്ടയ്ക്കൽ ആര്യവൈദ്യ ശാലയിൽ വെച്ച് എന്റെ ക്ലാസ് ടീച്ചറായിരുന്ന മേരിടീച്ചറെ കണ്ടു.  റിട്ടേയർഡായി പക്ഷെ ടയേറ്ഡ് ആകാതെ സന്തോഷത്തൊടെ കൊച്ച് മക്കളെയൊക്കെ കളിപ്പിച്ച് ജീവിക്കുന്നു എന്ന് പറഞ്ഞു.   വിഷയകുമാർ, രവീന്ദ്രൻ,അമ്പിക, സുരേഷ്കുമാർ  തുടങ്ങിയ എല്ലാവരെയും കുറിച്ച് ചോദിച്ചു. മരുന്ന് വാങ്ങി ടീച്ചറുടെ ബില്ല് ഞാൻ കൊടുക്കാമെന്ന് കരുതി നിൽക്കുമ്പോൾ ടീച്ചർ ബാഗ് തുറന്ന് അടുക്കിവെച്ച  പുത്തൻ ചുവന്ന നോട്ടുകളിൽ നിന്ന് ഒരെണ്ണം പുറത്തെടുത്തത് കണ്ട് ഞാനെന്റെ പേഴ്സ് തപ്പി നോക്കി ..  ജോലി നഷ്ടമായി നാട്ടിൽ വരുമാനമില്ലാതെ മാസങ്ങളായി റേഞ്ചില്ലാതെ നടക്കുന്ന പ്രവാസിയുടെ പേഴ്സിന്റെ സ്ഥിതി പറഞ്ഞറിയിക്കേണ്ടല്ലോ.. അതിനാൽ ഞാൻ  ഒന്ന് സംശയിച്ചു.. ടീച്ചർ അപ്പോഴേക്കും ബിൽ അടച്ച് മരുന്ന് വാങ്ങാനായി അടുത്ത കൌണ്ടറിലേക്ക് നീങ്ങി..  കണ്ടതിൽ പരസ്പരം സന്തോഷം പ്രകടിപ്പിച്ച് പിരിഞ്ഞു നമ്മുടെ എല്ലാ നല്ലവരായ അഅദ്ധ്യാപകർക്കും സന്തോഷപ്രദമായ ജീവിതം ജഗന്നിയന്താവ് കനിഞ്ഞരുളട്ടെ ..  പ്രാർഥനയോടെ..



Related Posts with Thumbnails