Sunday, June 16, 2013

അഞ്ചു പൈസയുടെ കപ്പലണ്ടി

ലോകത്തിന്റെ ഏത് കോണിലായിരുന്നാലും നമ്മെ വിടാതെ പിന്തുടരുന്ന  ചില ഓർമ്മളുണ്ട് അവയിൽ സ്കൂൾ ജീവിത കാലഘട്ടത്തിലെ കൊച്ചു കൊച്ചു  കാര്യങ്ങൾ പോലും എന്നും മിഴിവോടെ നമ്മുടെയൊക്കെ മനസിൽ മങ്ങാതെ മായാതെ നിലകൊള്ളുന്നു.. അന്നും ഇന്നും തമ്മിലുള്ള അന്തരങ്ങൾക്കിടയിലും നഷ്ടമാവാതെ സൂക്ഷിക്കുന്ന അത്തരം ഓർമകളാം വളപ്പൊട്ടുകളുടെ വർണരാജികൾ മനസിൽ മഴവില്ലു തീർക്കുമ്പോൾ അറിയാതെ ഒരു നഷ്ട  ബോധത്തിന്റെ ദീർഘ നിശ്വാസമുതിർക്കാത്തവരായി ആരാണുള്ളത്. !
വെള്ളറക്കാട് സ്കൂളിൽ ഞാനന്ന് അഞ്ചിലോ ആറിലോ പഠിക്കുകയാണ്. എന്റെ രണ്ടാമത്തെ പെങ്ങളെ  വർഷം ഒന്നാം ക്ലാസിൽ ചേർത്തിരിക്കുന്നു. അന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ പരിസരത്ത് മുളച്ച് പൊന്തിയിരുന്നില്ല. അതിനാൽ ഞങ്ങളുടെ എല്ലാവരുടെയും പഠനം ഏഴാം ക്ലാസ് വരെ  വെള്ളറക്കാട് വിവേകസാഗരം സ്കൂളിൽ തന്നെയായിരുന്നു.. ഇന്നത്തെ പ്പോലെ പ്രവേശനോത്സവമോ മറ്റോ ഇല്ലാതിരുന്നല്ലോ അന്ന്.. പക്ഷെ ഇന്നും അന്നും വിത്യാസമില്ല്ലാതെ പ്രവേശന കരച്ചിലും (മൂക്ക്) പിഴിച്ചലും  സ്കൂൾ തുറന്ന ആദ്യ ദിവസങ്ങളിൽ ഒന്നാം ക്ലാസിന്റെ ഭാഗത്ത് തകൃതിയായി നടക്കാറുണ്ട്..  എന്റെ ആദ്യത്തെ പെങ്ങളെപ്പോലെയല്ല ഇവൾ . മൂത്ത പെങ്ങളൾ കരച്ചിൽ തുടങ്ങിയാൽ ഉമ്മാടെ കയ്യിൽ നിന്ന് കാര്യമായി ഒന്ന് കിട്ടിയാൽ കരച്ചിൽ അതോടെ നിൽക്കും. ഇവൾ പക്ഷെ കരച്ചിൽ ആരംഭിച്ചാ ആരു വിചാരിച്ചാലും നിർത്താൻ പറ്റില്ല.. അതങ്ങനെ ഏറിയും കുറഞ്ഞും കാറിയും കീറിയും കുറേ നേരം തുടരും.. അതറിയുന്നതിനാൽ സ്കൂൾ തുറന്ന ആദ്യ ദിനങ്ങളിൽ ഞാൻ  ഒന്നാം ക്ലാസിന്റെ  ഭാഗത്തേക്കേ പോയില്ല. പക്ഷെ പ്രതീക്ഷിച്ച കുഴപ്പമൊന്നുമില്ലാതെ ദിനങ്ങൾ നീങ്ങി.

ഒരു ദിവസം പതിവുപോലെ സ്കൂളിലെത്തി, ഒരു പിരീയഡ് അവസാനിക്കാനായ സമയം   ബഷീർ .പി.ബി യോട് ഓഫീസ് റൂമിലേക്ക് വരാൻ പറഞ്ഞിരിക്കുന്നു എന്ന അറിയിപ്പുമായി പ്യൂൺ എത്തി... എന്തെങ്കിലും കാര്യമായ കാര്യമില്ലാതെ ആരെയും ഓഫീസിലേക്ക് വിളിപ്പിക്കാറില്ല..വിളിക്കപ്പെട്ടവരിൽ മിക്കവരും അമ്മാൾ ടീച്ചറുടെ ചൂരൽ കഷായം  കുടിച്ച് ബ്ലിങ്കസ്യാ മുഖവുമായാണ് തിരിച്ച് വരാറുള്ളത്. ക്ലാസിലെ കുട്ടികളെല്ലാം എന്നെ സഹതാപത്തോടെ നോക്കുന്നുണ്ട്.പെൺകുട്ടികളുടെ ഭാഗത്തേക്ക് നോക്കാനുള്ള കരുത്തില്ലാത്തതിനാൽ ആ ശ്രമം വേണ്ടെന്ന് വെച്ചു. അവർക്ക് വെറുതെ ചിരിക്കാനെന്തിനു ചാൻസ് കൊടുക്കുന്നു..  എന്റെ ഉള്ളിൽ  ചിങ്ങം കാവ് പൂരത്തിന്റെ തിരക്കുമായി ചിന്തകൾ മാറി മറിയുന്നു.ഹെഡ്മിസ്ട്രസ് അമ്മാളു ടീച്ചർ, അവരുടെ കണ്ണട കണ്ണട ഉയർത്തികൊണ്ടുള്ള നോട്ടം., അലമാരക്ക് മുകളിലുള്ള വണ്ണം കൂടിയ ചൂരൽ അങ്ങിനെ നിരവധി ചിത്രങ്ങൾ  നൊടിയിടയിൽ മിന്നിമറഞ്ഞു.. എന്ത് കുറ്റത്തിനായിരിക്കും വിളിപ്പിച്ചിരിക്കുക എന്ന  സങ്കോചത്തോടെ ഓഫീസ് റൂമിലെത്തിയ എന്നെ കാത്ത് അവിടെ ശ്രീദേവി ടീച്ചർ (എന്നാണെന്റെ ഓർമ്മ) നിൽക്കുന്നു. എടോ തന്റെ പെങ്ങൾ കരച്ചിൽ നിർത്തുന്നില്ല. എന്ത് ചോദിച്ചിട്ടും. ഒന്നും പറയുന്നില്ല.താനൊന്ന്  ക്ലാസിലേക്ക് വരൂ എന്റെ കണ്ടപാടെ ടീച്ചർ പറഞ്ഞു.  ഹാവൂ ഞാൻ ഒന്ന് സാമാധാനിയായി  ..ഇന്നലെ സ്കൂളിൽ വരുന്ന വഴിക്ക് ഞാനും യൂസുഫും കൂടി സ്കൂളിനടുത്തുകൂടി ഒഴുകുന്ന തോട്ടിൽ  നടത്തിയ മീൻ പിടുത്തമൊന്നും അറിഞ്ഞിട്ടില്ല. പെട്ടെന്ന് തന്നെ ഞാൻ അസമാധാനിയും ആയി..  പെങ്ങളുടെ നോൺസ്റ്റോപ് കരച്ചിൽ ഓർത്ത്.. ഇവൾ എന്റെ ഉള്ള ചീത്തപ്പേരു നാറ്റിക്കുമല്ലോ.. വാതാപി നിർത്താൻ  ഇന്നിനി അവളെയും കൂട്ടി വീട്ടിലേക്ക് മടങ്ങേണ്ടി വരും  എന്നെനിക്കുറപ്പായിരുന്നുടീച്ചർക്കൊപ്പം ഞാനും കൂടി എന്റെ പെങ്ങളുടെ ക്ലാസിലെത്തി..

 
നല്ല വോളിയത്തിൽ തന്നെയാണ്.. എന്നെ കണ്ടപ്പോൾ രീതി ഒന്ന് മാറ്റിയോന്ന് സംശയം. എന്തിനാ നീ കരയുന്നത് ? നിനക്കെന്താ വേണ്ടത്ഉത്തരമില്ല .കരച്ചിൽ മാത്രം..  അവസാനം കരച്ചിലിനിടയിലൂടെ ‘’എനിക്ക് കപ്പലണ്ടി വേണം  അഞ്ച് പൈസക്ക് കപ്പലണ്ടി വേണം‘..  എന്ന ആവശ്യം  അറിയിച്ചു.   കരയാതിരിക്ക്. ഞാൻ വാങ്ങിതരാം എന്നേറ്റ് ഞാൻ സ്കൂൾ മതിലിനോട് ചാരി നിർത്തിയ  അബൂബക്കർക്കാടെ ഉന്തുവണ്ടിയിൽ നിന്ന് കപ്പലണ്ടി വാങ്ങി  പെങ്ങളുടെ അടുത്തെത്തി.. കരച്ചിൽ നിന്നിട്ടില്ല.   കരച്ചിലിനിടക്ക്  തന്നെ എന്റെ കയ്യിൽ നിന്ന് കപ്പലണ്ടി വാങ്ങി. പൊതി കെട്ടഴിച്ച് ഒന്ന് രണ്ട് മണി വായിലിട്ട് ചവച്ചു  ..കരച്ചിലിന്റെ ട്യൂൺ വിത്യാസപ്പെട്ടു.. പിന്നെ ഒരു ചോദ്യം. ഇക്കാകാ  ഇതെത്ര പൈസക്കാ വാങ്ങീത് ?   5 പൈസക്കാണെന്ന സത്യം പറഞ്ഞ് ഒരു കുറവ് വരണ്ട എന്ന് കരുതി.ഞാൻ പറഞ്ഞു ഇത് 10 പൈസക്ക് വാങ്ങീതാണ്..  ഡിം.!! കരച്ചിൽ പൂർവ്വാധികം ഉച്ചത്തിൽ ആദി താളത്തിൽ ..ഈണത്തിൽ.. ‘എന്തിനാ 10 പൈസക്ക് വാങ്ങീത്. ഇ് ഇ്..ഇ്   പിന്നെ എത്ര പൈസക്കാ വേണ്ടത് നിനക്ക് ?   ഇക്ക്  5 പൈസക്ക്  വാങ്ങണം മ്‌ മ്‌ മ്‌ങീ ങീ..   ഇപ്പോൾ എന്റെയൊപ്പം ഞെട്ടാൻ ടീച്ചറും ഉണ്ടായിരുന്നു..      കരച്ചിൽ പിന്നെ വീടെത്തുന്നതുവരെ തുടർന്നു അതിനിടക്ക് കപ്പലണ്ടി മുഴുവൻ അകത്താക്കാനും മറന്നില്ല. !! (പകുതി ഞാനും )
ഇപ്പഴും ഒരുമിച്ച് കൂടുമ്പോൾ പഴയ അഞ്ച്പൈസ കപ്പലണ്ടി കഥ പറഞ്ഞ് ചിരിക്കാറുണ്ട്.. ബാക്കി കഥകൾ പിന്നെ എന്ന മുന്നറിയിപ്പോടെ..  വർഷം വിദ്യാലയമാം ഉദ്യാനത്തിൽ വിദ്യനുകരാനായി ചേർന്ന എല്ലാ കുരുന്നുകൾക്കും ആശംസകളോടേ

വാൽ
നുറുങ്ങ് :-

കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ കുന്ദംകുളത്തെ കൊട്ടയ്ക്കൽ ആര്യവൈദ്യ ശാലയിൽ വെച്ച് എന്റെ ക്ലാസ് ടീച്ചറായിരുന്ന മേരിടീച്ചറെ കണ്ടുറിട്ടേയർഡായി പക്ഷെ ടയേറ്ഡ് ആകാതെ സന്തോഷത്തൊടെ കൊച്ച് മക്കളെയൊക്കെ കളിപ്പിച്ച് ജീവിക്കുന്നു എന്ന് പറഞ്ഞു.   വിഷയകുമാർ, രവീന്ദ്രൻ,അമ്പിക, സുരേഷ്കുമാർ  തുടങ്ങിയ എല്ലാവരെയും കുറിച്ച് ചോദിച്ചു. മരുന്ന് വാങ്ങി ടീച്ചറുടെ ബില്ല് ഞാൻ കൊടുക്കാമെന്ന് കരുതി നിൽക്കുമ്പോൾ ടീച്ചർ ബാഗ് തുറന്ന് അടുക്കിവെച്ച  പുത്തൻ ചുവന്ന നോട്ടുകളിൽ നിന്ന് ഒരെണ്ണം പുറത്തെടുത്തത് കണ്ട് ഞാനെന്റെ പേഴ്സ് തപ്പി നോക്കി ..  ജോലി നഷ്ടമായി നാട്ടിൽ വരുമാനമില്ലാതെ മാസങ്ങളായി റേഞ്ചില്ലാതെ നടക്കുന്ന പ്രവാസിയുടെ പേഴ്സിന്റെ സ്ഥിതി പറഞ്ഞറിയിക്കേണ്ടല്ലോ.. അതിനാൽ ഞാൻ  ഒന്ന് സംശയിച്ചു.. ടീച്ചർ അപ്പോഴേക്കും ബിൽ അടച്ച് മരുന്ന് വാങ്ങാനായി അടുത്ത കൌണ്ടറിലേക്ക് നീങ്ങി..  കണ്ടതിൽ പരസ്പരം സന്തോഷം പ്രകടിപ്പിച്ച് പിരിഞ്ഞു നമ്മുടെ എല്ലാ നല്ലവരായ അഅദ്ധ്യാപകർക്കും സന്തോഷപ്രദമായ ജീവിതം ജഗന്നിയന്താവ് കനിഞ്ഞരുളട്ടെ ..  പ്രാർഥനയോടെ..Post a Comment
Related Posts with Thumbnails