Tuesday, July 2, 2013

അവസാനിക്കാത്ത വിസ

കല്യാണം കഴിഞ്ഞ് പ്രിയതമയെ തനിച്ചാക്കി  ഗൾഫിലേക്ക് തിരിച്ചു  വന്നപ്പോൾ പിന്നെ എങ്ങിനെയെങ്കിലും തിരിച്ചു നാട്ടിലെത്തണമെന്നായി.കൂലിപ്പണിയെടുത്താലും വിരഹ വേദന സഹിക്കാൻ വയ്യ.. വിസ തന്ന ബന്ധുവിനോടുള്ള ബഹുമാനം‘ അണപ്പല്ലുകൾക്കിടയിൽ അമർന്നു ഞെരിഞ്ഞു..


തീരുമാനം പെട്ടെന്നായിരുന്നു.. ജോലി രാജി വെക്കുകഉടനെ നാട്ടിലെത്തുന്നതാണെന്ന് ഭാര്യയെ അറിയിച്ചു.. ആരോടും പറയരുതെന്ന് പ്രത്യേകം പറഞ്ഞു.. അവളും അത് തന്നെ എല്ലാവരോടും പറഞ്ഞു.. ‘ വിവരം ആരോടും പറയരുതെന്നാ ഇക്ക പറഞ്ഞിരിക്കുന്നത്.. അത് കൊണ്ട് നിങ്ങളാരോടും പറയണ്ട..” അവരും അങ്ങിനെ തന്നെ അനുസരിച്ചു.. അങ്ങിനെ സംഗതി  കുറച്ച് കുറച്ച് പിന്നെ മൊത്തം ‘.വിക്കി..ലീക്കായി

പ്രിയതമയൊഴിച്ച് മൊത്തം കുടുംബക്കാരും ഐക്യത്തോടെ പ്രതികരിച്ചു..’ എങ്ങിനെയെങ്കിലും കുറച്ച് കൂടി പിടിച്ച് നില്ക്ക് എടുത്തു ചാടി ഒന്നും ചെയ്യരുത്.. എല്ലാം ശരിയാവും..  അവരോടെല്ലാവരോടും തോന്നിയ ദേശ്യം മുഴുവനും കടിച്ച് പിടിച്ചു .. എല്ലാവർക്കും ഓരോ വിസയെടുത്ത് ഇവിടെ കൊണ്ട് വന്ന്  ഇവിടുത്തെ സുഖം അനുഭവിപ്പിച്ച് വിടണമെന്നുണ്ടായിരുന്നു.. പിന്നെ ക്ഷമിച്ചു..  അതിനൊക്കെ വല്യ ചിലവാകുമെന്നതിനാൽ
അമ്മോസൻ (പെണ്ണിന്റെ ഉപ്പ) ഗൾഫിലായിരുന്നു അദ്ദേഹം കുതിച്ചെത്തി റൂമിൽ ..നീണ്ട ചർച്ചകൾക്ക് ശേഷം തീരുമാനമായി .. അടുത്ത അവധി വരെ ജോലി തുടരുക.. അപ്പോഴേക്കും നാട്ടിൽ എന്തെങ്കിലും പരിപാടി ആസൂത്രണം ചെയ്യാം.. എന്നിട്ട് സന്തോഷായി രാജി വെച്ച് നാട്ടിൽ പോകാമല്ലോ.. ഏത്..!  അമ്മോസന്റെ ഉപദേശം തള്ളിക്കളയാൻ തോന്നിയില്ല..

നാട്ടിൽ പണിതീർത്ത ഇരു നില വീടിന്റെ അകവും പുറവും പകർത്തിയ ആൽബത്തിൽ  ദൃഷ്ടികളൂന്നി  കാദർക്ക  പറയുകയാണ്    ഇപ്പോൾ 30 വർഷങ്ങൾ കഴിഞ്ഞു.. ശമ്പളമൊക്കെ കുറവായിരുന്നെങ്കിലും എല്ലാ വർഷവും നാട്ടിൽ പോകാൻ പറ്റിയതിനാൽ 30 മാസത്തെ  ജീവിതം മിച്ചം.. രണ്ട് മക്കൾ ഒരു മകനും ഒരു മകളും.. മോളുടെ വിവാഹം കഴിഞ്ഞു.  ഇനി മോനെ ഇങ്ങണ്ട് കൊണ്ട് വന്ന് ഒരു ജോലി ശരിയായാൽ  അവസാനിപ്പിച്ച് പോണംഇനി വയ്യ..   കാദർക്ക  ബാക്കി നിൽക്കുന്ന ആഗ്രഹങ്ങൾ പങ്കുവെച്ചു..

അധികം വൈകാതെ കാദർക്കാടെ മകൻ ഷെമീറും  ഗൾഫ് മണലാരണ്യത്തിലെത്തി.. കാദർക്കാടെ കമ്പനി തന്നെ വിസ നൽകി.. ഓഫീസിൽ ക്ലറിക്കൽ ജോലി.. 

ജോലി സ്ഥലം മാറിയതിനാൽ കാദർക്കാടെ റൂമിൽ നിന്ന്  മാറേണ്ടി വന്നെങ്കിലും വാരാന്ത്യങ്ങളിൽ ഒത്തുകൂടാനും എന്നും  ഫോൺ ചെയ്ത് വിശേഷങ്ങൾ പരസ്പരം കൈമാറാനും ഞാൻ മറന്നാലും കാദർക്ക മറക്കാറില്ല.

വീട്ടിലിപ്പോൾ
ഭാര്യ ഒറ്റയായി..  കാദർക്ക മകനുമായി  തിരിച്ചു പോക്കിനെ പറ്റി ചർച്ച ചെയ്തു ..മകനും പിന്തുണ അറിയിച്ചു.. അങ്ങിനെ  കാദർക്ക നാട്ടിലേക്ക് മടങ്ങാൻ വീണ്ടും തീരുമാനിച്ചു. .. പ്രിയതമയ്ക്ക് ഫോൺ ചെയ്ത് പറഞ്ഞു.ഞാൻ കേൻസൽ ചെയ്ത് നാട്ടിൽ വരുകയാണ്.. വിവരം എല്ലാവരോടും പറയണം.. പക്ഷെ ഇത്തവണ അവർ ആരോടും വിവരങ്ങളൊന്നും കൈമാറിയില്ല  യൌവ്വനം ജീവിത വഴിയിലെവിടെയോ നഷ്ടമായെങ്കിലും  മണവാട്ടിയുടെ മനസുമായി പ്രിയതമ കാത്തിരുന്നു. ഒരു മണവാളന്റെ ചുറുചുറുക്കോടെ കാദർക്കയും അണിഞ്ഞൊരുങ്ങുകയാണ്. ഫോൺ ചെയ്ത് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് പ്രകാരം പർച്ചേസിംഗ് തകൃതിയായി നടക്കുന്നു...   നാട്ടിലേക്ക്  പോകാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി..കമ്പനി വക നല്ല ഒരു യാത്രയയപ്പുണ്ടായിരുന്നു. എല്ലാവരും കൂടി ഒരു ഉപഹാരവും നൽകി..  യാത്രക്കുള്ള ദിവസവും നിശ്ചയിക്കപ്പെട്ടു..  

വെള്ളിയാഴ്ച കാലത്ത്
 സുബഹി നിസ്കാരം കഴിഞ്ഞ് ഒരു പതിവുള്ള സുലൈമാനി (കട്ടൻ ചായ) കുടിക്കുന്നതിനിടയ്ക്ക് ഓർത്തു ഇന്നാണല്ലോ കാദർക്ക നാട്ടിൽ പോകുന്നത് ..ജുമുഅ നിസ്കാരം കഴിഞ്ഞ് കാദർക്കാടെ റൂമൊൽ പോകണമെന്ന് മനസിലുറപ്പിച്ചു.. പിറ്റെ ദിവസം ഉറങ്ങാൻ കിടക്കുമ്പോൾ റൂമിലെ അലിഖിത നിയമം അനുസരിച്ച് സൈലന്റ് മോഡിൽ വെച്ച മൊബൈൽ ഫോണിൽ ലൈറ്റ് തെളിയുന്നത് അപ്പോഴാണ് കണ്ടത്. .. ‘കാദർക്ക കോളിംഗ്‘ .. സ്ക്രീനിൽ തെളിയുന്നു. കാദർക്കാടെ കാര്യം ഓർത്തതേയുള്ളല്ലോ എന്ന് കരുതി ഫോണെടുത്തു.. അസ്സലാമു അലൈക്കും ..എന്താ കാദർക്കാ നേരത്ത്.. ? അലൈക്കുമുസ്സലാം..   ഇത് ഷെമീറാണ്  ഇക്കാ..     ഷെമീറാണോ.. ഞാൻ ജുമുഅ കഴിഞ്ഞ് അങ്ങോട്ട് വരാം.. ഇന്ന് ഉപ്പ പോവുകയാണല്ലോ.. 

ഒന്ന് രണ്ട് സെക്കന്റ് നേരത്തെ നിശബ്ദത.....
..   ഉപ്പ  നേരത്തെ പോയി ഇക്കാ.. ..

ഷെമീറിന്റെ പൊട്ടിക്കരച്ചിൽ തീർത്ത ആഘാതത്തിൽ തരിച്ച് പോയ എന്റെ ശരീരത്തിന്റെയും  മനസിന്റെയും തേങ്ങൽ  നെഞ്ചിൽ നിന്നും തൊണ്ടയിലെത്തി തടഞ്ഞു നിന്നു..  ഹുങ്കാരത്തോടെ ഒരു കടന്നൽ കൂട്ടം എന്റെ കർണ്ണപടം തുളച്ച് കടന്നു പോയി..    എന്നെന്നേക്കുമുള്ള വിസയുമായി പ്രിയപ്പെട്ട കാദർക്ക എല്ലാവരെയും വിട്ട് യാത്രയായിരിക്കുന്നു.


ജീവിതമാകുന്ന പ്രവാസത്തിന്റെ അന്ത്യം.  (നിന്നിൽ നിന്നാണ് തുടക്കം. തീർച്ചയായും നിന്നിലേക്ക് തന്നെ മടക്കവും )

Note:

(ചില വായനക്കാർ എന്റെ അനുഭവമായി തെറ്റിദ്ധരിച്ചുവെന്ന് തോന്നുന്നു.  ക്ഷമിക്കുക ..പറഞ്ഞ രീതിയിലുള്ള അപാകതയാവാം. എന്നാൽ ഇത് വെറും കഥയല്ലെന്ന് കൂടി ഉണർത്തട്ടെ. ചില അനുഭവങ്ങൾ തീർത്ത ആകുലതകൾ )

Post a Comment
Related Posts with Thumbnails