Sunday, October 11, 2020

മറക്കാനാവാത്ത കത്തുകൾ


 മൂന്ന് വർഷത്തിനു ശേഷം വഴിയൊക്കെ ചോദിച്ച് അറിഞ്ഞ് ബ്ലോഗ് മുറ്റത്തെത്തി ,വീണ്ടും ഇവിടെ എന്തെങ്കിലും ഒന്ന് നട്ടു പിടിപ്പിക്കാം എന്ന് കരുതി..ആരും വരുമെന്ന പ്രതീക്ഷയിൽ അല്ല. പക്ഷെ ഒരു സൂക്ഷിപ്പ് പോലെ ഇവിടെ കിടക്കട്ടെ എന്ന് മാത്രം കരുതി.

ഈ പോസ്റ്റ് ഒക്റ്റോബർ 9 ന് പോസ്റ്റ് ചെയ്യാൻ ഉദ്ദേശിച്ചത് ആണെങ്കിലും 2 ദിവസം വീണ്ടും വൈകി

മറക്കാനാവാത്ത കത്തുകൾ


വിവാഹം കഴിഞ്ഞു ചുരുങ്ങിയ നാളുകൾ ഒരുമിച്ചു കഴിഞ്ഞശേഷം തിരികെ പ്രവാസ ഭൂമിയിൽ എത്തി വിരഹത്തിന്റെ വിങ്ങലുമായി നാളുകൾ കഴിയുമ്പോൾ പ്രിയതമയുടെ ആദ്യ കത്ത് നാട്ടിൽ നിന്ന് വന്ന ഒരാൾ കൊണ്ട് വന്ന് അബുദാബിയിൽ ഉപ്പയുടെ കടയിൽ എത്തിച്ച വിവരം അറിഞ്ഞു. മുസഫയിൽ നിന്ന് ജോലി കഴിഞ്ഞു നേരെ അബുദാബിയിൽ പോയി കത്ത് വാങ്ങി. കടയിലെ ഒരു സൈഡിൽ ഇരുന്ന് കത്ത് പൊട്ടിച്ചു വായിക്കുമ്പോൾ കൈകളും മനസും വിറക്കുന്നുണ്ടായിരുന്നു. പറഞ്ഞറിയിക്കാനാവാത്ത ഒരു നൊമ്പരത്തിന്റെ ചൂട് ഹൃദയത്തിൽ അതങ്ങിനെ കണ്ണുകളിലൂടെ ചാലിട്ട് പുറത്ത് വന്നത് തടുക്കാൻ ആയില്ല. രണ്ട് വ്യാഴവട്ടങ്ങൾ പിന്നിടുകയാണ് എന്നാലും ഇപ്പോഴും ആ രംഗം മനസ്സിൽ ജീവസുറ്റതായി തന്നെ നിൽക്കുന്നു..

ആഴ്ചയിൽ ചുരുങ്ങിയത് നാല് കത്തെങ്കിലും ഞാൻ അങ്ങോട്ട്‌ അയക്കും, അതിൻപ്രകാരം മറുപടികൾ ഇങ്ങോട്ടും. കൂടാതെ
ഉമ്മ
ാക്കും സഹോദരിമാർക്കും കൂട്ടുകാർക്കും, റേഡിയോ, പത്രം അങ്ങിനെ എഴുത്തോടെഴുത്ത്.. ജോലി കഴിഞ്ഞ് റൂമിൽ എത്തി കുളിയും നിസ്കാരം ഭക്ഷണം കഴിഞ്ഞാൽ പിന്നെ എല്ലാവരുടെയും കയ്യിൽ ലെറ്റർ പാഡും പേനയും ഇടം പിടിക്കും..(അന്ന് ഗൾഫ് പെട്ടിയിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നായിരുന്നു ലറ്റർ പാഡും കവറും.) എഴുത്ത് വരാൻ ഒരു ദിവസം വൈകിയാൽ മുന്നേ വന്ന എഴുത്തുകൾ വീണ്ടും വായിക്കും..കത്ത് വായിച്ചു കിട്ടുന്ന അനുഭൂതി അത് അനുഭവിച്ചറിഞ്ഞവർക്കേ മനസിലാവൂ

പണ്ട് ഒരു എഴുത്ത് നാട്ടിൽ നിന്ന് അയച്ചു ഇവിടെ ഗൾഫിൽ വിലാസക്കാരന് കിട്ടാൻ ഏറെ ദിവസങ്ങൾ എടുത്തിരുന്നു. ഒരാളുടെ മാതാവ് മരണപ്പെട്ട വിവരം അറിയുമ്പോൾ 40 ദിവസം കഴിഞ്ഞിരുന്നതായി പറഞ്ഞത് ഓർക്കുന്നു. അയാൾക്കുള്ള എഴുത്ത് കമ്പനി ഓഫീസിൽ ദിവസങ്ങൾക്കു ശേഷം കിട്ടി പക്ഷെ അദ്ദേഹം വർക്ക് സൈറ്റിൽ നിന്ന് ആഴ്ചകൾ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ആണ് കത്ത് കയ്യിൽ കിട്ടിയതത്രെ.. ഫോൺ ചെയ്തു ആരോടോ വിവരം പറഞ്ഞെങ്കിലും ആരും അറിയിച്ചില്ല കത്ത് വായിച്ചു കരയാൻ ആവാതെ വിറങ്ങലിച്ച് പോയ കാര്യം പറഞ്ഞു അദ്ദേഹം കണ്ണീർ വാർത്തു.

കാലം കടന്നു പോയി.. മൊബൈൽ ഫോൺ വന്നു. എഴുത്തിന്റെ എണ്ണം ചുരുങ്ങി, ഹുണ്ടി (അനധികൃത) കാൾ വന്നു.. വീണ്ടും കത്തുകൾ ചുരുങ്ങി ഇന്റർനെറ്റ് വന്നതോടെ വിളി മാത്രമായി. കത്തുകൾ കാലയവനികൾക്കുള്ളിൽ മറഞ്ഞു. അന്നത്തെ ശേഖരത്തിൽ നിന്ന് കുറെ കത്തുകൾ ഇപ്പോഴും ഓർമ്മയ്ക്കായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്

ഇപ്പോൾ താമസ സ്ഥലം മാറുന്നതിന്റെ അരിച്ചു പെറുക്കലിനിടയിൽ . അയച്ച ആളുടെ പേരില്ലാത്ത ഒരു ആശംസ കാർഡ് കിട്ടി. പ്രവാസ ഭൂമികയിൽ ആ കാലത്ത് കുറെ നല്ല സുഹൃത്തുക്കൾ കത്തും കാർഡും അയക്കാറുണ്ടായിരുന്നു. ഇത് അയച്ചത് ആരാണെന്ന് ഒരു പിടിയുമില്ല.




ഒക്ടോബർ 09 തപാൽ ദിനത്തിൽ അജ്ഞാതനായ ആ കൂട്ടുകാരന് ഈ കുറിപ്പ് സമർപ്പിച്ചു കൊണ്ട്..
എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു. ഇവിടെ ഞങ്ങൾക്കെല്ലാവർക്കും വളരെ സുഖം

എന്ന് സ്വന്തം 😍.
പീബി

4 comments:

ബഷീർ said...

3 വർഷത്തിനു ശേഷം വഴിയൊക്കെ ചോദിച്ച് അറിഞ്ഞ് ബ്ലോഗ് മുറ്റത്തെത്തി ,വീണ്ടും ഇവിടെ എന്തെങ്കിലും ഒന്ന് നട്ടു പിടിപ്പിക്കാം എന്ന് കരുതി..ആരും വരുമെന്ന പ്രതീക്ഷയിൽ അല്ല. പക്ഷെ ഒരു സൂക്ഷിപ്പ് പോലെ ഇവിടെ കിടക്കട്ടെ എന്ന് മാത്രം കരുതി.


മറക്കാനാവാത്ത കത്തുകൾ

© Mubi said...

വഴി ചോദിച്ചറിഞ്ഞെത്തിയത് ഇനി മറക്കണ്ട :) :) തപാൽദിന കുറിപ്പ് നന്നായി. 

ബഷീർ said...

ഒരിക്കലും പ്രതീക്ഷിച്ചില്ല ഇത് വഴി ആരെങ്കിലും വരുമെന്ന്..വളരെ വളരെ സന്തോഷം ട്ടാ.. ബ്ലോഗിൽ ഇപ്പോഴും ഉണ്ടോ.. ഞാൻ നോക്കട്ടെ ..

Muralee Mukundan , ബിലാത്തിപട്ടണം said...

ബഷീർ ഭായ് ഇവിടെ വീണ്ടും കത്തുവിശേഷവുമായി ഞാൻ അറിഞ്ഞിരുന്നില്ല കേട്ടോ

Related Posts with Thumbnails