Monday, October 26, 2020

എന്റൂപ്പാക്കൊരു കടയുണ്ടായിരുന്നു

 അബുദാബിയിൽ ഹംദാൻ പോസ്റ്റ്‌ ഓഫീസിന് അടുത്തായി ഉപ്പാടെ ഗ്രോസറി കട ഉണ്ടായിരുന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം പോയപ്പോൾ..!



ഉപ്പ 25 വർഷത്തിലധികം ഇവിടെ ഉണ്ടായിരുന്നു 2000 ത്തിൽ ആണ് പ്രവാസം അവസാനിപ്പിച്ചത്. 94 മുതൽ 2000 വരെയുള്ള കാലത്ത് മുസഫയിൽ നിന്ന് ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഞാൻ ഇവിടെ എത്തുമായിരുന്നു. കമ്പനി വണ്ടിയിൽ സെൻട്രൽ മാർക്കറ്റ് വരെ പിന്നെ അവിടെ നിന്ന് ഖലീഫ പാർക്ക് വഴി നടത്തം. ഉപ്പയുമായി സംസാരിച്ചു കുറെ നേരം കടയിൽ ഇരിക്കും. ചിലപ്പോൾ മുൻവശത്തുള്ള ഒരു ചായക്കടയിൽ നിന്ന് ചായയും പഴം പൊരിയും കഴിക്കും. പിന്നെ തിരിച്ചു നടത്തം ഇടയ്ക്ക് ഖലീഫ പാർക്കിൽ അൽപനേരം ഒറ്റയ്ക്ക് ഇരിക്കും. സ്വപ്‌നങ്ങൾ കുറെ നെയ്തു കൂട്ടും. മാർക്കറ്റിലെത്തി മുസഫയിലേക്ക് പട്ടാണി ടാക്സിയിൽ പഷ്ത്തു ഭാഷയിൽ പാട്ടും, നഷ് വാറിന്റെ മണവും സഹിച്ചു യാത്ര. ചില തബ്ലീഗ് പട്ടാണികളുടെ സുവിശേഷവും.
വിവാഹം കഴിഞ്ഞു ബീവി ആദ്യമായി അബുദാബിയിൽ സന്ദർശന വിസയിൽ എത്തിയപ്പോൾ ഖാലിദിയയിൽ ആയിരുന്നു താമസം, ജൂൺ മാസത്തിലെ ചൂടും ഉഷ്ണവും സഹിച്ച് വൈകീട്ട് നടത്തം ബീവിയുമായി ഖാലിദിയയിൽ നിന്ന് കോർണീഷ് വഴി ഹംദാനിലെ ഉപ്പാടെ കട വരെ, ചായക്കൊപ്പം ബീവിക്ക് കിട്ടുന്ന ചോകളേറ്റ് മിക്കവാറും ഞാൻ തന്നെ കഴിക്കും (ഒരു കൈ സഹായം ). തിരിച്ചു റൂമിലെത്തുമ്പോൾ വിയർത്ത് കുളിച്ചിരിക്കും പക്ഷെ ഒട്ടും മടുപ്പും ക്ഷീണവും തോന്നിയിരുന്നില്ല ആ യാത്രകൾക്ക്.

കഴിഞ്ഞ വ്യാഴാഴ്ച സുഹൃത്തുമൊന്നിച്ചു ഉപ്പാടെ കട ഉണ്ടായിരുന്ന സ്ഥലത്ത് പോവേണ്ട ആവശ്യം വന്നു. അന്നത്തെ ഗ്രോസറി ഇന്ന് പ്രിന്റിംഗ് പ്രസ്സ് ആയി. അടുത്തുണ്ടായിരുന്ന ചായക്കട പിറക് വശത്ത് ചെറിയ ഒരു ഹോട്ടൽ ആയി ഇന്നും പ്രവർത്തിക്കുന്നു. ഉച്ച ഭക്ഷണം അവിടെ നിന്ന് കഴിച്ചു . ചുരുങ്ങിയ വിഭവങ്ങൾ, വിലയും കുറവ് (6 ദിർഹം ) കൂടുതൽ മസാല കൂട്ടില്ലാതെ.

അന്ന് കടയിലെ സ്റ്റോക്ക് അടുത്തുള്ള വേറെ ഒരു ഗ്രോസറിക്കാരന് കൊടുത്ത് (ഇന്നും ആ കട അവിടെ ഉണ്ട് അതേ പേരിൽ, ഉപ്പാക്ക് കൊടുക്കാൻ ഉണ്ടായിരുന്ന പൈസ ചോദിക്കാൻ നിരവധി തവണ ഞാൻ അവിടെ പോയിട്ടുണ്ട്, പിന്നെ ഏതാണ്ട് 18 വർഷം കഴിഞ്ഞു അയാൾ നാടും വീടും അന്വേഷിച്ചു കുടുംബ സമേതം വീട്ടിലെത്തി ഉപ്പാക്ക് കുറച്ചു പൈസ, കിട്ടേണ്ട തുകയുടെ പത്തിലൊന്ന് പൈസ കൊടുത്ത് പൊരുത്തപ്പെടണം എന്ന് പറഞ്ഞു അവസാനിപ്പിച്ചു പോയി. ) കിട്ടിയ (കിട്ടാത്ത) വിലക്ക് കട കൊടുത്ത് ഉപ്പ നാട്ടിൽ പോവേണ്ടി വന്നു. (ഞാൻ കൂടി നിർബന്ധിപ്പിച്ച് അയച്ചു എന്നും പറയാം) ചില ആരോഗ്യ പ്രശനങ്ങൾ കാരണം.

ജോലി വിട്ട് ഉപ്പാടെ കട ഏറ്റെടുത്ത് ബിസിനസിലേക്ക് തിരിഞ്ഞിരുന്നുവെങ്കിലെന്ന് ഇന്ന് വെറുതെ ആലോചിച്ചിട്ട്‌ കാര്യമില്ല, എങ്കിലും ആലോചനകളിൽ അറിയാതെ കയറി വരുന്നതിനെന്തു ചെയ്യാം.

Reality എന്നത് നാം അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ് എന്ന് ഓർമ്മിച്ചു പുതിയ കടയുടെ പേര്

4 comments:

ബഷീർ said...

Reality എന്നത് നാം അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ്

© Mubi said...

നാം അനുഭവിക്കുന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം. ചിലപ്പോൾ സത്യം ഉൾക്കൊള്ളാൻ പ്രയാസപ്പെടുമെങ്കിലും... ആശംസകൾ ബഷീർ 

ബഷീർ said...

തീർച്ചയായും, ചിലപ്പോൾ ആ സത്യം മനസിലാക്കാൻ ഏറെ വൈകും.. വന്നതിൽ ഏറെ സന്തോഷം

Muralee Mukundan , ബിലാത്തിപട്ടണം said...

വരാനുള്ളത് വഴിയിൽ തങ്ങില്ല ഭായ്
നമുക്ക് വിധിച്ചത് അനുഭവിച്ചേ മതിയാകൂ

Related Posts with Thumbnails