Wednesday, October 25, 2017

അവധിക്കാലം പറന്ന് പോയതറിയാതെ

നാട്ടിൽ പോയാൽ ബന്ധു മിത്രങ്ങളുടെ വീടുകളിൽ കുടുംബ സമേതം ഒരു സന്ദർശനം പതിവാണ് , എണ്ണപ്പെട്ട 'അവധി ദിനങ്ങൾ പറന്നു പോവുന്നതിനിടയ്ക്ക്' ( നോട്ട് ദി പോയന്റ് )  ഒരു ഓട്ട പ്രദക്ഷിണം .. ഉച്ച സമയത്ത് അഥവാ ഉച്ച ഭക്ഷണ സമയത്ത് സങ്കോചമില്ലാതെ കയറി ചെല്ലാവുന്ന ചുരുക്കം ചില വീടുകളിൽ ഒന്നാണ് പ്രിയ സുഹൃത്ത്   റഫീഖിന്റേത് , അവിടെ ഉള്ളതെല്ലാം  കപ്പാസിറ്റി അനുസരിച്ച് കഴിക്കും പക്ഷെ വിഭവങ്ങൾ ഏറെയുണ്ടായാലും അവന്റെ ഉമ്മാക്ക് ബേജാറാണ്..! ഇത്തവണയും ആ പതിവ് തെറ്റിയില്ല .  നാടൻ കോഴി കറിയും പത്തിരിയും ,പിന്നെ ചോറും ചാള കറിയും (എന്റെ ഫേവറേറ് ) ഉപ്പേരിയും എല്ലാം സ്നേഹം കൂട്ടി വിളമ്പി തന്നത് കഴിച്ചു ..  റഫീഖും അവധിയിൽ നാട്ടിൽ വന്നിരുന്നു ..പറഞ്ഞു വന്നത് അവധി ദിനങ്ങൾ കഴിഞ്ഞു ഞാൻ മുന്നേ തിരിച്ചു ..ഇന്ന് റഫീഖും അവധി കഴിഞ്ഞെത്തുമ്പോൾ  ഓർമ്മകളുടെ താളിൽ നിന്ന് ആ പഴയ ഒരു സംഭവം വീണ്ടും മുന്നിൽ  തെളിയുന്നു.

അന്ന് ഞങ്ങൾ ഒരേ കമ്പനിയിൽ (CCC )ആണ് ജോലി ചെയ്തിരുന്നത് താമസം കമ്പനി ക്യാമ്പിൽ ഒരേ റൂമിൽ തന്നെ കൂടെ മറ്റൊരു സുഹൃത്ത് നൗഷാദും .. ഞാനും നൗഷാദും അന്ന്  കന്യകന്മാരായിരുന്നു അഥവാ ഒറിജിനൽ ബാച്ചികൾ .. വിവാഹം കഴിഞ്ഞ് പ്രിയതമയെ വിട്ട് വിരഹ ദുഖവും പേറി വരുന്നവന്റെ മനസ് വായിക്കാൻ അന്ന് ഞങ്ങൾ ശീലിച്ചിട്ടില്ലായിരുന്നു (പിന്നെ ശീലമായി )  അങ്ങിനെ റഫീഖ് തിരിച്ചെത്തിയ സന്തോഷം ഞങ്ങൾക്ക് ( ബീഫ് വരട്ടിയതും പത്തിരിയും , ഉണ്ണിയപ്പവും എല്ലാം ഉള്ളത് കൊണ്ടാണീ  ആത്മാർത്ഥ സന്തോഷം എന്ന ആരോപണം നിഷേധിക്കുന്നില്ല ) നാട്ടിൽ പോയ റഫീഖിന്റെ ഊർജ്വസ്വലതയൊന്നും തിരിച്ചു വന്നപ്പോൾ കാണുന്നില്ല എന്നാൽ പിന്നെ ഒരു പാട്ടു കേട്ട് സന്തോഷം വരട്ടെ എന്ന് കരുതി ടേപ്പ് റെക്കോർഡറിൽ ഒരു കാസറ്റിട്ട്  ഓൺ ചെയ്തു.  ' യേശുദാസിന്റെ സുന്ദരമായ ശബ്ദത്തിൽ ഒരു മാപ്പിള പാട്ട് ..' അവധിക്കാലം , പറന്ന് പറന്ന് പോയതറിഞ്ഞില്ലാ ...'       അനു  പല്ലവി എത്തുന്നതിനു മുന്നേ റഫീഖ് അതിന്റെ മണ്ടക്ക് ഒരു കൊട്ട്  ..  പിന്നെ ഞങ്ങൾക്കൊരു താക്കീതും ഈ മാതിരി പാട്ടൊന്നും വേണ്ട എന്ന്..   വേണ്ടെങ്കി വേണ്ട  ഞങ്ങൾ പരസ്പരം നോക്കി കണ്ണിറുക്കി ഇവന് പെണ്ണ് കെട്ടി വട്ടായെന്നു തോന്നുന്നു  !!.. പിറ്റേ ദിവസം ജോലിക്ക് പോകേണ്ടത് കൊണ്ട് എല്ലാവരും നേരത്തെ തന്നെ കിടന്നു ..  റൂമിൽ ടേപ്പ് റെക്കോർഡർ ഇരിക്കുന്ന  ഉയരം കുറഞ്ഞ കബോർഡിന്റെ ഒരു സൈഡിൽ എന്റെയും  ഒരു സൈഡിൽ റഫീഖിന്റെയും  കട്ടിൽ ആണ് .   പ്രോട്ടോ കോൾ  അനുസരിച്ച്  കാലത്തു  അഞ്ചു മണിക്ക് എന്റെ കട്ടിലിന്റെ സൈഡിൽ ഉള്ള  അലറാം  അടിച്ചാൽ   ആദ്യം  റഫീഖ് ബെഡ് ലാമ്പ് ഓൺ ചെയ്യും .. പിന്നെ ഞാൻ അലറാം ഓഫ് ചെയ്യും   അന്നും പതിവ് പോലെ അലറാം മുഴങ്ങി ' ഗൾഫ് കണ്ടു പിടിച്ചവനെ  കയ്യിൽ കിട്ടിയിരുന്നെകിൽ എന്ന വിചാരവുമായി  റഫീഖ് ലൈറ്റിടട്ടെ എന്ന് കരുതി കിടന്ന ഞങ്ങൾ കേട്ടത് പിന്നെ 'യേശുദാസിന്റെ പാട്ടാണ്

അറബിക്കടലിൻ അക്കരെ  നിന്നുള്ള  വിളിയവൾ കേട്ടില്ല … '' 
കണ്ണട ച്ച്  തുറക്കും മുമ്പാ ജന്നത്ത്  മണ്ണായ് മാറി ..
പുന്നാര പുതുമാരൻ തനിയെ പെണ്ണിനെ വിട്ടിട്ടു പോയി

റഫീഖ് ചാടിയെണീറ്റു ടേപ്പ് റെക്കോർഡറിന്റെ സ്റ്റോപ്പ് ബട്ടൺ തിരഞ്ഞു ബേജാറായി അവസാനം ഞാൻ ലൈറ്റു തെളിയിച്ചു പാട്ട് നിറുത്തി ..  ലൈറ്റിന്റെ സ്വിച്ചിനു പകരം ടേപ്പ് റെക്കോർഡർ ആണ്  അവൻ ഓൺ ചെയ്തത് ..  ഞങ്ങൾക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല ..റഫീഖിന്റെ അവസ്ഥ പറയേണ്ടല്ലോ J.!   

അധികം വൈകാതെതന്നെ എനിക്കും നൗഷാദിനും അവന്റെ അന്നത്തെ മാനസികാവസ്ഥ മനസിലാക്കാൻ സാധിച്ചു ..അതെ വര്ഷം നവംബറിൽ ഞങ്ങളും വിവാഹിതരായി , ഏഴാം തിയ്യതി ഞാനും ഒമ്പതാം തിയ്യതി നൗഷാദും . ഈ വരുന്ന  നവംബറിൽ ൨൧ വർഷങ്ങൾ പിന്നിടുമ്പോഴും അന്നത്തെ ആ  സംഭവം ഓർമ്മയിൽ ഓടിയെത്തുന്നു ..  ഇന്ന് വൈകീട്ട് റഫീഖ് നാട്ടിൽ നിന്ന് എത്തുന്നു ..  ഞാൻ ഇപ്പോൾ വേറെ കമ്പനിയിൽ ആണ്  ജോലിയെങ്കിലും താമസം  ഒരുമിച്ചു തന്നെ  നൗഷാദ് അടുത്തു തന്നെയാണ് താമസം.. ഇന്ന് ഇന്റർനെറ്റും   മൊബൈലും വട്സാപ്പും സ്കൈപ്പും എല്ലാം വിരഹ ദുഖത്തിന് ഒരു പരിധി വരെ ആശ്വാസമേകുന്നു എങ്കിലും , ടേപ്പ് റെക്കോർഡറും റേഡിയോയും ടീവിയും പിന്നെ ലാപ് ടോപ്പിലേക്കും അത് പിന്നെ ടാബിലേക്കും മൊബൈലിലേക്കും സന്നിവേശിപ്പിച്ചപ്പോൾ ,മുഖാമുഖ ചർച്ചകളെ കൊണ്ടും  ,കളി തമാശകളെക്കൊണ്ടും മുഖരിതമായിരുന്ന ബാച്ചി റൂമുകൾ പോലും സ്വാർത്ഥതയുടെ സ്വന്തത്തിലേക്ക് ചുരുങ്ങി  മൂകത തളം കെട്ടുന്ന ജയിൽ മുറികളായി രൂപപ്പെട്ടിരിക്കുന്നു..

നഷ്ടമായ നല്ല നാളുകൾ എന്നും ശിഷ്ടമായി അവശേഷിപ്പിച്ച ഈ പ്രവാസ ജീവിത തോണി ഇനി എത്ര ദൂരം തുഴയണം ഒരു കരയടുക്കാൻ  ..! തീരത്തണയുമ്പോൾ ആരെങ്കിലും കാണുമോ കൈ ചേർത്ത്  പിടിക്കാൻ..! ആർക്കറിയാം ... തലയും വാലുമില്ലാത്ത ഈ നുറുങ്ങുകൾ പോലെയാണ് പ്രവാസ ജീവിതത്തിന്റെ ബാക്കി പത്രം അധികപേർക്കും !

മോഹങ്ങൾ എല്ലാം പൈത്യം  …

നഷ്ടങ്ങൾ എല്ലാം യാഥാർത്യം…

No comments:

Related Posts with Thumbnails