Saturday, September 6, 2014

ഓർമ്മകളിലൂടെ വീണ്ടും..


വിശ്വാസങ്ങൾക്കും ആചാരാനുഷ്ടാനുങ്ങൾക്കുമപ്പുറത്ത് പ്രവാസി മലയാളികളുടെ മനസ് ഗൃഹാതുരതയുടെ നനുത്ത സ്പർശമേറ്റ്കൊണ്ട്, ഓർമ്മകളുടെ ഓളങ്ങളിലൂടെ പൊയ്പോയ നല്ലനാളുകളിലെ കൊള്ളകൊടുക്കലിന്റെ,  സ്നേഹത്തിന്റെയും സൌഹാർദ്ദത്തിന്റെയും ഒളിമങ്ങാത്ത ചിത്രങ്ങളിലേക്ക് ഒരിക്കൽ കൂടി കൊണ്ടു ചെന്നെത്തിക്കുകയാണ്  ഏതൊരു ആഘോഷത്തിന്റെയും ആണ്ടറുതികളുടെയും നാളുകൾ.

ഒരു ആഘോഷത്തിന്റെ ചരിത്ര പിന്നാമ്പുറങ്ങളോ, ശാസ്ത്രമോ യുക്തിയോ മറ്റോ , തന്റെ വിശ്വാസ അനുഷ്ടാന പ്രമാണങ്ങളിൽ അടിയുറച്ച് നിന്ന് കൊണ്ട്തന്നെ അയൽ വാസിയുടെ സന്തോഷങ്ങളിൽ പരസ്പരം ഭാഗവാക്കുന്നതിൽ നിന്ന് കേരളിയരാ‍യ ഒരാളെയും തടുത്ത് നിറുത്തിയിരുന്നില്ല.  എന്നാൽ അഭിനവ നവോത്ഥാനക്കാരുടെ വരവോടെ സ്വന്തം സമുദായത്തിന്റെ പ്രമാണബന്ധമായ ആചാരങ്ങളെയും ആരാധനകളെയും യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പുറം തള്ളുക മാത്രമല്ല അന്യ സമുദായത്തിലെ വിശ്വാസ ആചാരങ്ങളെ അവഹേളിക്കുന്നതാണു മതപ്രബോധനമെന്ന അവസ്ഥയിലേക്ക് ഒരു കൂട്ടരെ നയിക്കുകയും ചെയ്തു. ഇവരിൽ ചിലരിന്ന് മുന്നെ തള്ളിപറഞ്ഞ പലതും മാറ്റി പറഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന് മാത്രമല്ല അതിന്റെ വക്താക്കളായി മുന്നോട്ട് വരുന്നത് ശുഭസൂചകമാണെങ്കിലും ഉദ്ധേശ്യശുദ്ധിയിൽ സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ല.

ഓണം വീണ്ടുമെത്തുമ്പോൾ സ്മരണകളിൽ തെളിഞ്ഞ് വരുന്ന നിരവധി ഗൃഹാതുരമായ ഓർമ്മകളിൽ സഹപാ‍ഠിയായിരുന്ന രവിയുടെ ചങ്ങരംകുളത്തെ വീട്ടിൽ ഞങ്ങൾ ഓണത്തിനു ഒരുമിച്ച് കൂടിയിരുന്നത് ഒരിക്കലും മറക്കാനാവാത്തതാണ്. ഞാനും ഷാജുവും (ഫ്രാൻസിസ് )വെള്ളറക്കാടു നിന്നും ,ദേവദാസ് ഗുരുവായൂർ നെന്മിനിയിൽ നിന്നും, സുനിലും രമേഷും ചങ്ങരംകുളത്തു നിന്നും കൂടും.. രവിയുടെ അമ്മയുടെയും അമ്മമ്മയുടെയും സ്നേഹവാത്സല്യങ്ങളേറ്റു വാങ്ങി പരസ്പരം വിശേഷങ്ങൾ കൈമാറി നല്ല ഒരു ഓണസദ്യയുമുണ്ട് പിരിയും. എന്റെ വിവാഹത്തിനു ശേഷം കുടുംബത്തോടൊപ്പം ഒരിക്കൽ കൂടി ഓണത്തിനു രവിയുടെ വീട്ടിൽ കൂടിയിരുന്നു. പിന്നെ ഞാൻ നാട്ടിലുള്ളപ്പോൾ ഓണമുണ്ടാവില്ല അല്ലെങ്കിൽ ഓണം വരുമ്പോൾ ഞാൻ നാട്ടിലുണ്ടാവില്ല. അതല്ലെങ്കിൽ മറ്റു ജീവിത തിരക്കുകൾ.. അതിനിടയിൽ കൂടിച്ചേരലുകൾ പലപ്പോഴും നടക്കാറില്ല. പ്രവാസ ജീവിതത്തിൽ അപൂർവ്വമായേ അത്തരം കൂടിച്ചേരലുകൾ നടക്കാറുള്ളൂ.. കൂടിച്ചേരുന്നവരോട് തന്നെ അതെത്രമാത്രം ആത്മാർത്ഥമാണെന്ന്  ചോദിച്ചാൽ ഉത്തരം ലഭിച്ചില്ലെന്ന് വരാം.

ഏറെ കാലത്തിനു ശേഷം ഇത്തവണ ഓണത്തിനു സ്നേഹമയിയായ ഒരമ്മയുടെ ക്ഷണം സ്വീകരിച്ച് ഇന്നലെ അഡ്വാൻസായി തന്നെ ഞങ്ങൾ അമ്മയുടെ മകനും ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തോടൊപ്പം, ഞങ്ങൾ താമസിക്കുന്ന വില്ലയിലെ ഞങ്ങൾ അടക്കം ആറ് കുടുംബങ്ങൾ ആ അമ്മ വെച്ച് വിളമ്പി തന്ന ഓണസദ്യയുണ്ടു. അടുത്ത ആഴ്ച നാട്ടിലേക്ക് പോവുകയാണ് അമ്മ. അമ്മയെ കാത്ത് സഹോദരങ്ങൾ നാട്ടിൽ അക്ഷമരായികൊണ്ടിരിക്കുന്നുവത്രെ.. പിന്നെ അമ്മയുടെ കൃഷിയും മറ്റു കാര്യങ്ങളും.. എന്നാൽ ആ അമ്മയുടെ തിരിച്ച് വരവ് ആഗ്രഹിക്കുന്നത് അതിനായി പ്രാർത്ഥിക്കുന്നത് അമ്മയുടെ മകനേക്കാൾ മരുമകളും പേരമകളുമായിരിക്കും. കാരണം അമ്മയുടെ  അസാന്നിദ്ധ്യം അവർക്ക് വലിയ നഷ്ടവും ഒറ്റപെടലുമായിരിക്കും സമ്മാനിക്കുക. ഒപ്പം ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നതും ഒരു അമ്മയുടെ സാന്നിദ്ധ്യം തന്നെ.ഓണമെത്തുന്നതിനു മുന്നെ തന്നെ ഓണസദ്യ ഗൾഫിന്റെ അപൂർവ്വതകളിൽ ഒന്നായിരിക്കാം. ഇനി ചിങ്ങം കഴിഞ്ഞാലും ഓണാഘോഷം തുടരും.. ഓണസദ്യകളും.  ആത്മാർത്ഥതയേക്കൾ ,സ്നേഹ സൌഹാർദ്ദങ്ങളേക്കാൾ മുഴച്ച് നിൽക്കുന്നത് പക്ഷെ പ്രകടനപരതയും താൻപോരിമകളുമായിരിക്കുമെന്നത് ഒരു സത്യമാണെങ്കിലും, എല്ലാ ആഘോഷങ്ങളും ആണ്ടറുതികളും പരസ്പരം മനസിലാക്കാനും ,മനസു തുറക്കാനും ,നല്ല സന്ദേശങ്ങൾ പുതു തലമുറക്ക് കൈമാറാനുമുള്ളതായിരിക്കട്ടെ എന്ന് ആശിച്ച് കൊണ്ട് പ്രാർത്ഥനയോടെ എല്ലാവർക്കും ആശംസകൾ..

നാട്ടിൻ പുറത്തെ നല്ല നാളിന്റെ ഓർമ്മകളിലേക്ക് ‘പറന്നകന്ന തുമ്പികൾ‘ കൂടി ഇവിടെ ചേർത്ത് വെക്കട്ടെ..


സ്നേഹപൂർവ്വം.

Post a Comment
Related Posts with Thumbnails