Monday, October 14, 2013

ബലി പെരുന്നാൾ ചിന്തകൾ

"ലബ്ബയ്ക്കല്ലാഹുമ്മ ലബ്ബൈക്,
 ലബ്ബൈക്കലാ ശരീഖ ലക ലബ്ബൈക് ..

  “ ക‌അബത്തിൽ വന്ന് ഹജ്ജ് ചെയ്യാനുള്ള  വിളംബരത്തിനു പ്രത്യുത്തരം ചെയ്ത്  ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും വിശ്വാസികൾ ലോകരക്ഷിതാവിന്റെ കല്പന കൈകൊണ്ട് അവന്റെ ദൂതരുടെ വാക്കുകൾ ശിരസാ വഹിച്ച് മനസാലും തടീയായാലും ധനത്താലും പരിപൂർണ്ണനായി നിർവഹിക്കേണ്ട മഹത്തായ ആരാധനാ കർമ്മം  നിർവഹിച്ച് കൊണ്ടിരിക്കുന്നു. വിവിധ ഭാഷകളുടെ, ദേശങ്ങളുടെ ,സംസ്കാരങ്ങളുടെ ,ജീവിത രീതികളുടെയെല്ലാം ഏകോപനം..   മബ്‌റൂർ (സംശുദ്ധം ) ആയ, മഖ്‌ബൂൽ (സ്വീകാര്യമായ) ആയ ഹജ്ജിനു സ്വർഗമല്ലാതെ പ്രതിഫലമില്ല എന്ന് പ്രഖ്യാപിക്കപ്പെട്ട മഹനീയ കർമ്മത്തിനായി പുറപ്പെട്ട എല്ലാ ഹാജിമാർക്കും സ്വീകാര്യമായ,സംശുദ്ധമായ ഹജ്ജ് കർമ്മം നിർവഹിക്കാൻ കഴിയട്ടെ.  അതിലൂടെ സ്വയം ഉത്കൃഷ്ടനാവുകയും തന്റെ ശിഷ്ട ജീവിതത്തിൽ അതിന്റെ വിശുദ്ധി നഷ്ടപ്പെടാതെ  തന്റെ കുടുംബത്തിനും , സമൂഹത്തിനും മാതൃകയായി ജീവിക്കാനും അവർക്ക് കഴിയണം. സ്വീകാര്യമായ ഹജ്ജിന്റെ അനുരണനങ്ങൾ അപ്രകാരമായിരിക്കുമെന്ന് മഹാന്മാർ നമ്മെ പഠിപ്പിക്കുന്നു..

ഇന്ന് കേവലം ലോകമാന്യത്തിനു വേണ്ടി കർമ്മങ്ങൾ ചെയ്യുന്നവർ അധികരിച്ചിരിക്കുന്നു, അതിനാൽ തന്നെ ഓരോ ആരാധന കർമ്മങ്ങൾ കൊണ്ട് ഉദ്ദേശിക്കപ്പെട്ട ഫലം സ്വയമോ മറ്റുള്ളവർക്കോ ലഭിക്കാതെയും പോകുന്നു.      ഹജ്ജ് പെരുന്നാൽ അഥവാ ബലിപെരുന്നാൽ വിശ്വാസികളുടെ മനസിൽ ആഹ്‌ളാദം നിറച്ച് വീണ്ടും വന്നണയുന്നു. ഖലീലുള്ളാഹി ഇബ്‌റാഹിം നബി (അ) യുടെ ത്യാഗത്തിന്റെയും  സമർപ്പണത്തിന്റെയും ഓർമ്മകൾ നിറയട്ടെ നമ്മുടെ മനസിൽ.. ഹാജറ ബീവി(റ)യുടെ ആത്മ വിശ്വാസത്തിന്റെയും ,ധൈര്യത്തിന്റെയും ,ധീരഗാഥകളാൽ നിറയട്ടെ നമ്മുടെ ഹൃദയങ്ങൾ.     ഇസ്‌ലാമിന്റെ എല്ലാ ആഘോഷങ്ങൾക്കും ആരാധനയൂടെ രക്ഷാ കവചങ്ങളുണ്ട്.. അത് മറി കടന്ന്കൊണ്ടുള്ള ആർഭാടങ്ങളിലേക്കും അനാചാരങ്ങളിലേക്കും തിരിയുന്നത് വിശ്വാസത്തിനു മാത്രമല്ല സമൂഹത്തിനും നന്മയല്ല എന്ന് മനസിലാക്കാൻ കഴിയട്ടെ നമുക്കേവർക്കും.  

നാം സന്തോഷിക്കുന്ന വേളയിൽ നമ്മുടെ സഹോദരങ്ങളും അയൽ‌വാസികളും നമ്മുടെ സന്തോഷത്തിന്റെ ഭാഗമാവേണ്ടതുണ്ട്.. അത് ഉറപ്പ് വരുത്താനുള്ള ബാധ്യത നാം മറന്ന് കൂടാ.. ഒറ്റപ്പെടലുകളും വേർതിരിവുകളുമല്ല മറിച്ച് കൂട്ടായ്മയും സാഹോദര്യവുമാണ് ആഘോഷങ്ങളിലൂടെ ഉരുത്തിരിയേണ്ടത്.  പ്രിയപ്പെട്ടവരെ അകലങ്ങളിൽ വിട്ട് ഈ  ഊഷരഭൂമിയിൽ സമ്മേളിച്ചിരിക്കുന്ന സന്താപങ്ങളുടെ സങ്കലനങ്ങളിലും സ്നേഹതീരങ്ങൾ പണിയുന്ന നാം ആ സ്നേഹ പാശത്തിന്റെ ഒരറ്റം നമ്മുടെ ജന്മനാടിന്റെ മുക്കിലും മൂലയിലുമെത്തിക്കാൻ അതിലൂടെ അതിരുകളില്ലാത്ത ഒരു സ്നേഹ സാമ്രാജ്യം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നവരാണ്. അതാണു പ്രവാസിയുടെ ജീവിതവും ആഘോഷവും എല്ലാം..

 ‘സഹോദരന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നത് ധർമ്മമാണെന്ന് " പഠിപ്പിച്ച ലോക ഗുരു മുഹമ്മദ് നബി(സ.അ) യുടെ മൊഴിമുത്തുകൾ ഉൾകൊണ്ട് പകയുടെ പുകമറ നീക്കി സേഹത്തിന്റെ വെള്ളി വെളിച്ചം പരത്താൻ നമ്മുടെ മനസുകൾ വിശാലമാവട്ടെ..  ക്ഷണികമായ ജീവിത ചക്രത്തിന്റെ തിരിച്ചിലിനിടയിൽ മാറി മറിഞ്ഞ് വരുന്ന ഋതുക്കളുടെ രൂപ ഭാവ മാറ്റങ്ങൾ.. .. "മനുഷ്യൻ അവന്റെ കരങ്ങളാൽ പ്രവർത്തിച്ചതിന്റെ ഫലമായി" ഭൂമിയിൽ അവനു ദുരന്തങ്ങൾ സൂചനകളായി ഭവിക്കുന്നത് കണ്മുന്നിൽ ഗോചരമാവുമ്പോഴും ഉറക്കത്തിലാണധികമർത്യരും .. കാരുണ്യത്തിന്റെ കരവുമായി സമീപിക്കുന്നവർ തന്നെ അധികാരത്തിന്റെ അധീശത്വം സ്ഥാപിക്കാനായി അന്തകന്റെ വേഷവുമണിയുന്നു.  ദുരന്തഭൂമിയെ സ്വയം സൃഷ്ടിച്ച് കൊണ്ട് സമാധാനം എന്നത് മരീചീകയാക്കി മാറ്റി മനുഷ്യൻ ..

"കൊല്ലുന്നവനറിയുകയില്ല ഞാനെന്തിനു കൊല്ലുന്നു വെന്ന് കൊല്ലപ്പെട്ടവനറിയുന്നില്ല ഞാനെന്തിനു കൊല്ലപ്പെട്ടു വെന്ന്" , തിരുനബി(സ.അ) പ്രവചിച്ച കാലത്തിലൂടെ നാം കടന്ന് പോയികൊണ്ടിരിക്കുന്നു എന്ന യാഥാർഥ്യം തിരിച്ചറിയുന്നവർ എത്ര ?   ദിനരാത്രങ്ങളുടെ മാറ്റം മറിച്ചിലുകൾക്കിടയിൽ വന്ന് ചേരുന്ന ആഘോഷങ്ങളും ഇന്ന് വെറും കച്ചവടചരക്കാക്കി മാറ്റി നമ്മൾ എങ്കിലും പ്രതീക്ഷകൾ കൈ വിടാതെ നമുക്ക് ഒന്നായി ഒത്തു ചേർന്ന്  നാഥനെ പ്രകീർത്തിക്കാം..   സ്നേഹവും സഹിഷ്ണുതയും സാഹോദര്യവും ഊട്ടിയുറപ്പിക്കാനുതകുന്നതാക്കട്ടെ എല്ലാ ആഘോഷങ്ങളും  .!

പഴയ ഒരു പോസ്റ്റ് താഴെ  കോപ്പി ചെയ്യുന്നു (ബലി പെരുന്നാൾ സ്നേഹ സന്ദേശം)


ശറഫുറ്റ ദുല്‍-ഹജ്ജ്‌ മാസം പിറന്നു..
ലക്ഷോപലക്ഷങ്ങള്‍ ലബ്ബൈക്ക ചൊല്ലി.!
ഈദുല്‍ അദ്‌-ഹാ തന്‍ ശോഭ പരന്നു..
ഈണത്തില്‍ രാക്കിളി തക്‌ബീറു പാടി!


എല്ലാമറിയുന്ന ഏകന്‍ ഇലാഹി.
എല്ലാ സ്തുതിയും നിനക്കാണു നാഥാ
നിന്നെ മറന്നുള്ള ആഘോഷമില്ലാ..
നിന്നെ സ്തുതിക്കാതെ ആനന്ദമില്ലാ!

ആലംഭഹീനരെ ഓര്‍ക്കേണം നമ്മള്‍.
ആശ്രയമെത്തിച്ചു നേടേണം പുണ്യം
മുത്ത്‌ നബിയുടെ സന്മാര്‍ഗപാത
പിന്തുടര്‍ന്നവര്‍ക്കാണു വിജയം

ഈദുല്‍ അദ്‌ ഹാ തന്‍ സന്ദേശ ഗീതം
സത്യ സമാധാന തൗഹീദിന്‍ ഈണം
അല്ലാഹ്‌ അക്‌ബര്‍ അല്ലാഹ്‌ അക്‌ബര്‍
‍അല്ലാഹു അക്‌ബര്‍ വലില്ലാഹില്‍ ഹംദ്‌..


ശാന്തി നിറയട്ടെ കേരള നാട്ടില്‍
‍ശാന്തി നിറയട്ടെ ഭാരത ഭൂവില്‍
‍ശാന്തി നിറയട്ടെ അറബിപ്പൊന്‍ നാട്ടില്‍
‍ശാന്തി നിറയട്ടെ ഈ ലോകമെങ്ങും.

ഈദ്‌ മുബാറക്‌.. ഈദ്‌ മുബാറക്‌
ഈദ്‌ മുബാറക്‌ നേരുന്നിതേവം

..ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മകളുണര്‍ത്തി ഒരു ബലി പെരുന്നാള്‍ കൂടി..
ഏവര്‍ക്കും ശാന്തി നിറഞ്ഞ നന്മ നിറഞ്ഞ ഈദുല്‍-അദ്‌-ഹാ ആശംസകള്‍..

7 comments:

ajith said...

ശാന്തി നിറയട്ടെ ലോകമെങ്ങും

പെരുന്നാള്‍ ആശംസകള്‍

Pradeep Kumar said...

സ്നേഹത്തിന്റേയും,സാഹോദര്യത്തിന്റേയും ബലിപെരുന്നാൾ ആശംസകൾ.....

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

കാലോചിതമായ കുറിപ്പും സ്നേഹസന്ദേശവും..
ഹൃദ്യം..അവസാന വരികളില്‍ കുറിച്ചിട്ട, ലോകത്തില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ആ ശാന്തിയാണ് ഇന്ന് ഏതൊരു വിശ്വാസിയും കാംക്ഷിക്കുന്നത്.
എല്ലാവര്ക്കും പെരുന്നാള്‍ ആശംസകള്‍

OAB/ഒഎബി said...

ഈദാശംസകൾ you and your family and all friends.

ഇടയ്ക്കു(വലിയ കാര്യമൊന്നുമില്ലെങ്കിലും) ഇങ്ങനെ ഓരോര്മ്മപ്പെടുത്തലുകൾ നല്ലത് തന്നെ.
ഒരാൾ അഥവാ മനസ്സിലാക്കിയാൽ അതിന്റെ പ്രതിഫലം താങ്കൾക്കു കിട്ടുമല്ലോ.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

@Ajith,
അജിതേട്ടൻ, ആദ്യമായെത്തിയതിലും ആശംസകൾ നേർന്നതിലും വളരെ സന്തോഷം.. നന്ദി

@Pradeep Kumar,

തിരിച്ചും എല്ലാ ആശംസകളും നേരുന്നു.

@മുഹമ്മദ് ആറങ്ങോട്ട്കര

വായനക്കും നല്ല വാക്കുകൾക്കും വളരെ നന്ദി.. മൻസുകളിൽ ശാന്തിനിറയട്ടെ.. പെരുന്നാൾ ആശംസകൾ

@OAB/ഒഎബി

അതെ, സ്വയം ഒരു ഓർമ്മപ്പെടുത്തലുകളെങ്കിലുമാവട്ടെ , കുറെ കാലത്തിനു ശേഷം വീണ്ടും കണ്ടതിൽ വളരെ സന്തോഷം.. ഈദ് മുബാറക്

ബിലാത്തിപട്ടണം Muralee Mukundan said...

നാം സന്തോഷിക്കുന്ന
വേളയിൽ നമ്മുടെ സഹോദരങ്ങളും
അയൽ‌വാസികളും നമ്മുടെ സന്തോഷത്തിന്റെ
ഭാഗമാവേണ്ടതുണ്ട്..
അത് ഉറപ്പ് വരുത്താനുള്ള
ബാധ്യത നാം മറന്ന് കൂടാ..
ഒറ്റപ്പെടലുകളും വേർതിരിവുകളുമല്ല
മറിച്ച് കൂട്ടായ്മയും സാഹോദര്യവുമാണ് ആഘോഷങ്ങളിലൂടെ ഉരുത്തിരിയേണ്ടത്.
പ്രിയപ്പെട്ടവരെ അകലങ്ങളിൽ
വിട്ട് ഈ ഊഷരഭൂമിയിൽ സമ്മേളിച്ചിരിക്കുന്ന
സന്താപങ്ങളുടെ സങ്കലനങ്ങളിലും സ്നേഹതീരങ്ങൾ പണിയുന്ന നാം ആ
സ്നേഹ പാശത്തിന്റെ ഒരറ്റം നമ്മുടെ ജന്മനാടിന്റെ മുക്കിലും മൂലയിലുമെത്തിക്കാൻ
അതിലൂടെ അതിരുകളില്ലാത്ത ഒരു സ്നേഹ സാമ്രാജ്യം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നവരാണ്.


അതാണ് യഥാർത്ഥ പ്രവാസിയുടെ
ജീവിതവും ആഘോഷവും എല്ലാം..

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

@ ബിലാത്തിപട്ടണം Muralee Mukundan,

വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

വന്നവർക്കും വായിച്ചവർക്കും അഭിപ്രായമറിയിച്ചവർക്കും ഒരിക്കൽ കൂടി നന്ദി.. പുതിയ നുറുങ്ങ് ഇട്ടിട്ടുണ്ട് വായിക്കുമല്ലോ..!

Related Posts with Thumbnails