Monday, April 13, 2009

പ്രതീകാത്മക എസ്‌.എം.എസ്‌. തട്ടിപ്പ് !

ഏതാണു നിങ്ങളുടെ മണ്ഡലം ?
ആരാണു നിങ്ങളുടെ സ്ഥാനാർത്ഥി ?


ഒരു തിരഞ്ഞെടുപ്പ്‌ മാമാങ്കത്തിലൂടെ ഇന്ത്യയിലെ ജനങ്ങൾ പോയികൊണ്ടിരിക്കയാണ്‌ അല്ലെങ്കിൽ അവരെ മാമാങ്കത്തിലേക്ക്‌ വലിച്ചഴച്ച്‌ കൊണ്ട്‌ പോയിക്കൊണ്ടിരിക്കയാണു നേതാക്കളും മാധ്യമങ്ങളും കൂടി. അന്നന്നത്തെ അഷ്ടിക്ക്‌ വകയുണ്ടാക്കാൻ നെട്ടോട്ടമോടുന്നവർ തൊട്ട്‌ അരമനയ്ക്കുള്ളിൽ സുഖശീതളിമായിൽ സുഷുപ്തിയിലാണ്ടവർക്ക്‌ വരെ തിരഞ്ഞെടുപ്പ്‌ കോലാഹല സംഭവ വികാസങ്ങൾ ചൂടോടെ എത്തിച്ച്‌ കൊണ്ടിരിക്കയാണ്‌ ബന്ധപ്പെട്ടവർ (നല്ല കാര്യം ..വേണ്ടത് തന്നെ)

നേതാക്കളൊക്കെ അലക്കിതേച്ച ചിരിയും ഫിറ്റ്‌ ചെയ്ത്‌ തെരുവായ തെരുവൊക്കെ തെണ്ടുകയാണിപ്പോൾ. എന്തൊരു എളിമ. എന്തൊരു വിനയം..! ചില്ലിട്ടു സൂക്ഷിക്കേണ്ട വാഗ്ദാനങ്ങൾ ..
തിരഞ്ഞെടുപ്പ്‌ കാലം ഉത്സവകാലം പോലെ ചൂഷണം ചെയ്ത്‌ കാശുണ്ടാക്കുന്നവരും നൂതന മാർഗങ്ങൾ കണ്ടെത്തുന്നു. മുദ്രാവാക്യം വിളിമുതൽ അപരന്മാർവരെ വിൽപനയ്ക്ക്‌ റെഡി. ആരോപണവും ആഹ്വാനവും പാർസലായി എത്തിച്ചു കൊടുക്കാൻ ഏജൻസികൾ.. അങ്ങിനെ തട്ടിപ്പുകളുടെയും വെട്ടിപ്പുകളുടെയും ഒരു പൂക്കാലം..

നാട്ടിൽ നടക്കുന്ന ഇലയനക്കങ്ങൾ വരെ ലൈവായി കാണുവാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക്‌ പക്ഷെ നാട്ടിലേക്ക്‌ ചവിട്ടാനല്ലാതെ ( പൈസ അയക്കുന്നതിനു പറയുന്ന മലബാറി പ്രയോഗം ) വോട്ട്‌ അയക്കാൻ മാർഗമില്ലത്തതിനാൽ നാട്ടിൽ നിന്ന് വരുന്ന സന്ദേശങ്ങൾ കൈമാറിയും ,മെസ്സിലും ബാർബർ ഷോപ്പിലും ,ഷോപ്പിംഗ്‌ മാളിലെ കൌണ്ടറിൽ വരെ ചൂടുള്ള ചർച്ച സംഘടിപ്പിച്ച്‌ തങ്ങളുടെ സജീവത അറിയിച്ച്‌ കൊണ്ടിരിക്കയാണിപ്പോൾ.


ഏതാണു നിങ്ങളുടെ മണ്ഡലം ?
ആരാണു നിങ്ങളുടെ സ്ഥാനാർത്ഥി ?

യു.എ.ഇ യിൽ നിന്ന് പ്രക്ഷേപണം ചെയ്യുന്ന ഒരു റേഡിയോ ഏപ്രിൽ 16 നു നടത്താനിരിക്കുന്ന പ്രതീകാത്മക (?) എസ്‌.എം.എസ്‌ വോട്ട്‌ (തട്ടിപ്പ്‌ ) പരിപാടിയുടെ പരസ്യത്തിലെ വാചകങ്ങളാണിത്‌. ഈ പരസ്യം കേൾക്കുമ്പോഴൊക്കെ ഞാൻ അറിയാതെ ചോദിക്കും (മനസ്സിൽ ) അല്ല എന്താ നിങ്ങടെ പരിപാടി ? ഉത്തരം കിട്ടിയറ്റ്‌ ഇങ്ങിനെ.
' തിരഞ്ഞെടുപ്പ്‌ മഹാശ്ചര്യം.. ഞങ്ങൾക്കും കിട്ടണം കുറച്ച്‌ പണം' (എസ്‌.എം.എസി ലൂടെ )

അതെ, പ്രതീകാത്മക എസ്‌.എം.എസ്‌. തട്ടിപ്പ് !!

പ്രസവം മുതൽ അടിയന്തിരം വരെ എസ്‌.എം.എസ്‌ അയച്ച്‌ അഭിപ്രായ വോട്ടെടുപ്പ്‌ നടത്തുന്ന ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ തിരഞ്ഞെടുപ്പും തങ്ങൾക്ക്‌ പോക്കറ്റ്‌ വീർപ്പിക്കാനുള്ള ഒരു അവസരമായി കാണുന്നതിൽ അവരെ കുറ്റം പറയാൻ കഴിയില്ല. കേട്ട പാതി കേൾക്കാത്ത പാതി സ്വന്തം മൊബൈൽ ഫോണിലെ ബാലൻസ്‌ തീർത്ത്‌ രോമാഞ്ചം കൊള്ളുന്ന ചിലരുണ്ട്‌ അവരെയാണു ബോധവത്കരിക്കേണ്ടത്‌.

നാട്ടിൽ പോയി വോട്ട്‌ രേഖപ്പെടുത്താൻ കഴിയാത്ത അതിനു അർഹതയില്ലാത്ത പ്രയാസമനുഭവിക്കുന്ന പ്രയാസികളെ ഉദ്ദേശിച്ച്‌ പ്രതീകാത്മക (പറ്റിക്കാത്മകമെന്ന് വിമർശകർ ) വോട്ടെടുപ്പ്‌ ഏപ്രിൽ 16 നു തന്നെ നടത്തുന്നു. ജി.സി.സി. യിൽ എല്ലായിടത്തും നിന്നും എസ്‌.എം.എസ്‌. അയച്ച്‌ കാശു കളയാനുള്ള അവസരമുണ്ട്‌. രണ്ട്‌ മൊബൈൽ കയ്യിൽ പിടിച്ച്‌ വോട്ട്‌ ചെയ്യാൻ മുട്ടി നിൽക്കുന്ന ഹാജ്യാരും (പരസ്യത്തിലെ കഥാപാത്രം) നാട്ടിൽ പോയി വോട്ടേഴ്സ്‌ ലിസ്റ്റിൽ പേരില്ലെന്ന് കണ്ട്‌ വിഷമിച്ച സുഹൃത്തിനെ ഗൾഫിലേക്ക്‌ മടക്കി വിളിക്കുന്ന (തിരികെ വന്നിട്ട്‌ എസ്‌.എം.എസ്‌ അയക്കാൻ ) കൂട്ടുകാരനുമൊക്കെ ഏപ്രിൽ 16 നു തങ്ങളുടെ പോക്കറ്റിലെ പൈസ ഈ വിധത്തിൽ കളയുമെന്ന് ഇവർക്ക്‌ ഉറപ്പുണ്ട്‌. (മുൻകാല അനുഭവം )

ഒരു എസ്‌.എം.എസ്‌ അയക്കാൻ 2 ദിർഹം (ഇന്നത്തെ റേറ്റ്‌ വെച്ച്‌ 28 രൂപയോളം ) ആണു ചാർജ്‌ അതിൽ ചെറിയ ഒരു ശതമാനം ഒഴിച്ച്‌ ബാക്കി തുക ഇവരുടെ പോക്കറ്റിൽ സുരക്ഷിതമായി എത്തുന്നു. കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പിന് നടത്തിയ എസ്.എം.എസ് വോട്ടിംഗിലൂടെ പതിനായിരക്കണക്കിന് എസ്‌.എം.സുകളാണു ( അതിലൂടെ ദിർഹമുകളാണ് ) ഇങ്ങിനെ കൈ നനയാതെ ഇവരുണ്ടാക്കിയത്‌. പരസ്യങ്ങൾ പ്രക്ഷേപണം / സംപ്രേഷണം ചെയ്ത് ലഭിക്കുന്നതിനേക്കാൾ എത്രയോ ഇരട്ടി തുക യാതൊരു റിസ്കുമില്ലാതെ പലവിധ പരിപാടികളിലൂടെയും എസ്.എം.എസ് വഴി റേഡിയോ -ടെലിവിഷൻ മുതലാളിമാർ ഉണ്ടാക്കുന്നു. ഐഡിയ സ്റ്റാർ (കാശുണ്ടാക്കാനുള്ള ഒരോ ഐഡിയ ) സിങ്ങറുകളും മറ്റും ഉദാഹരണം.


പ്രിയ പ്രവാസി വോട്ടർ (വോട്ടില്ലാത്ത ) മാരെ നിങ്ങളുടെ എതിർ കക്ഷി എസ്.എം.എസ്. വിജയം ആഘോഷിക്കുന്നത്‌ തടയണ്ടേ ?. അനുയായികളെ ബോധവത്കരിക്കൂ .. മൊബൈൽ എടുക്കൂ ..തയ്യാറാകൂ.. എസ്‌.എം.എസ്‌. അയച്ച്‌ സ്ഥാനാർത്ഥികളെ വിജയിപ്പിക്കൂ..നഷ്ടപ്പെടാൻ കേവലം ദിർഹം മാത്രം ! കിട്ടാനുള്ളതോ....അത് എസ്.എം.എസിൽ തങ്ങാതെ നോക്കുക

ഈ നുറുങ്ങിനെ അനുകൂലിക്കുന്നവർ ‘നുറുങ്ങ്‌ യെസ്‌’ എന്നും അനുകൂലിക്കാത്തവർ ‘നുറുങ്ങ്‌ നോ’ എന്നും ടൈപ്പ് ചെയ്ത് ,ഒന്നിലും താത്പര്യമില്ലാത്തവർ അഥവാ ആരാന്റെ കയ്യിലെ കാശു പോവുന്നത് കൊണ്ട് നമുക്കെന്ത് നഷ്ടം എന്ന് കരുതുന്നവർ ബ്ലാങ്ക് എസ്.എം.എസും ‌ ഏതെങ്കിലും ഒരു നമ്പറിലേക്ക്‌ മെസേജ്‌ അയക്കുക. വരാനിരിക്കുന്നത്‌ എസ്‌.എം.എസിൽ തങ്ങില്ല എന്നല്ലേ..

Post a Comment
Related Posts with Thumbnails