Wednesday, April 23, 2008

സായ്പ്പ്‌, അറബി & മലയാളി

എല്ലാവരും ഉറങ്ങിയിരിക്കുന്നു.. എനിയ്ക്ക്‌ ഉറക്കം വരുന്നില്ല.. കട്ടിലില്‍ നിന്നെഴുന്നേറ്റ്‌ മേശപ്പുറത്ത്‌ വെച്ചിരുന്ന വെള്ളത്തിന്റെ ബോട്ടില്‍ നോക്കി.. അത്‌ അവിടെ തന്നെയുണ്ട്‌.. പക്ഷെ ഒരു തുള്ളി വെള്ളമില്ല.. ബോട്ടിലുമെടുത്ത്‌ ഉറങ്ങുന്നവരെ ഉണര്‍ത്താതെ മെല്ലെ അടുക്കളയില്‍ ചെന്ന് വെള്ളത്തിന്റെ ബോട്ടിലില്‍ നിന്ന് വെള്ള മെടുത്ത്‌ കുടിച്ചു.. ബാല്‍ക്കണിയില്‍ പോയി ഒന്നു പുറം കാഴ്ച കാണാമെന്ന് ഒരു ഉള്‍വിളി.. പുറത്തേക്ക്‌ നോക്കിയപ്പോള്‍ കണ്ട കാഴ്ച..

ഞാന്‍ ഉറങ്ങാന്‍ കിടക്കുന്നത്‌ വരെ വാഹനങ്ങള്‍ ചീറിപ്പാഞ്ഞു പോയിരുന്ന റോഡ്‌ കാണുന്നില്ല.. സര്‍വ്വത്ര വെള്ളം.. നെഞ്ചില്‍ ഒരു ഇടിമിന്നല്‍.. എല്ലാം ഇവിടെ അവസാനിക്കുകയാണോ ? എന്താണു സംഭവിച്ചതെന്ന് അറിയാനുള്ള ആകാംക്ഷയില്‍ സൂക്ഷിച്ച്‌ നോക്കി.. തെളിഞ്ഞു കത്തുന്ന സ്റ്റ്രീറ്റ്‌ ലൈറ്റിന്റെ വെളിച്ചത്തില്‍ ഒരു ചെറിയ വഞ്ചി ഞങ്ങളുടെ ബില്‍ഡിംഗിന്റെ അരികിലായി നിറുത്തിയിട്ടിരിക്കുന്നത്‌ കണ്ടു.. ആരുടെയൊക്കെയൊ സംസാരം കേള്‍ക്കാനുണ്ട്‌.. ഞാന്‍ ബാല്‍ക്കണിയുടെ അറ്റത്ത്‌ നിന്ന് ശ്രദ്ധിച്ചു.. വഞ്ചിയില്‍ മൂന്ന് പേരുണ്ട്‌.. ഒരാള്‍ സൂട്ടും കോട്ടും ടൈയുമൊക്കെ ധരിച്ച്‌ ഒരു ജോര്‍ജ്‌ ബുഷ്‌ സ്റ്റൈല്‍, മറ്റൊരാള്‍ ഒരു ലുങ്കിയും ഷര്‍ട്ടും അണിഞ്ഞ മല്ലു സ്റ്റൈല്‍, മൂന്നാമത്തെയാള്‍ അറബി വേഷത്തിലുമാണ്‌. എന്തോ കാര്യമായ ചര്‍ച്ചയാണെന്ന് തോന്നിയത്‌ കൊണ്ട്‌ എന്താണിവര്‍ പറയുന്നതെന്ന് കേള്‍ക്കാന്‍ കാത്‌ കൂര്‍പ്പിച്ചു.

തങ്ങളുടെ നാട്ടിന്റെ കേമത്തരങ്ങളാണു എല്ലാവരും പറയുന്നത്‌.. ആനയുണ്ട്‌ , മയിലുണ്ട്‌, ഒട്ടകമുണ്ട്‌.. ആനമയിലൊട്ടകണ്ട്‌.. എന്നിങ്ങനെ ഒോരോരുത്തരും കത്തിച്ചു വിടുന്നുണ്ട്‌.. പെട്ടെന്ന് നമ്മുടെ സായ്പ്പ്‌ തന്റെ ബാഗ്‌ തുറന്ന് ഒരു ലാപ്റ്റോപ്‌ കമ്പ്യൂട്ടര്‍ എടുത്ത്‌ വെള്ളത്തിലേക്കിട്ടു.. മറ്റുള്ളവര്‍ അത്ഭുതത്തോടെ നോക്കിയിരുന്നു.. സായ്പ്പ്‌ പറയുകയാണു... ഡോണ്ട്‌ വറി.. ഞങ്ങള്‍ ഒരു ആഴ്ചയേ ഇത്‌ ഉപയോഗിക്കാറുള്ളൂ .. പിന്നെ പുതിയത്‌ വാങ്ങാറാണു പതിവ്‌... ഉടനെ തന്നെ ലുങ്കി മല്ലു തന്റെ ബാഗില്‍ നിന്ന് നാലഞ്ചു തേങ്ങ യെടുത്ത്‌ ആ വെള്ളത്തിലെക്ക്‌ ബ്ലും ബ്ലും ... എന്നിട്ട്‌ സായ്പ്പിനോടും അറബിയോടുമായി പറഞ്ഞു.. ഇത്‌ ഞങ്ങളുടെ നാട്ടില്‍ കുറേയധികമുണ്ട്‌.. ഞങ്ങള്‍ക്കിതിനു യാതൊരു വിലയുമില്ല.. വിലയും കിട്ടുന്നുമില്ല അത്‌ കൊണ്ട്‌ കുറച്ച്‌ ഈ വെള്ളത്തില്‍ കിടന്ന് മുളച്ച്‌ വളരട്ടെ ...ഉപകാരമാവും..അറബി എന്തു ചെയ്യുമെന്ന് കാണാന്‍ ആകാംക്ഷയായി.. ഈത്തപ്പഴമോ , ഒട്ടകപ്പാലോ എടുത്ത്‌ കളയുമെന്ന് കരുതി ഇരുന്ന ഞാന്‍ കണ്ട കാഴ്ച.. അറബി നമ്മുടെ മലയാളിയെ പൊക്കിയെടുത്ത്‌ വെള്ളത്തിലെക്ക്‌ ഇടുന്നതാണു.. അന്തം വിട്ട സായ്പ്പിനോട്‌ .. മാഫി മുഷ്കില്‍ .. ഇത്‌ പോലുള്ളത്‌ ഞങ്ങടെ നാട്ടില്‍ ഒരുപാടുണ്ട്‌.. തേരാ പാര (അറബിയില്‍ അല്‍ തേരാ വല്‍ പാരാ എന്നു പറയും ) എന്ന് പറഞ്ഞ്‌ അറബി ഒന്നും സംഭവിക്കാത്ത മട്ടില്‍ സുലൈമാനി കുടിയ്ക്കാന്‍ ആരംഭിച്ചു.

ഞെട്ടി പുറകോട്ട്‌ മാറിയ എന്റെ തല കട്ടിലിലിന്റെ അടുത്ത്‌ ഇട്ടിട്ടുള്ള മേശയില്‍ ഇടിച്ചു.. എന്റുമ്മാ.. അറിയാതെ വിളിച്ചുപോയി.. ഹെന്താണ്ടാ.. പറ്റീത്‌ ? ഹമീദ്ക്കയാണു ..അടുത്ത കട്ടിലില്‍ നിന്ന്.. ഹേയ്‌.. ഒന്നൂല്ല്യ.. ഞാന്‍ പതുക്കെ പുതപ്പിനുള്ളിലേക്ക്‌ വലിഞ്ഞു.... പാവം മലയാളിയുടെ കാര്യമായിരുന്നു എന്റ്‌ തല വേദനിച്ചതിനെക്കാള്‍ എന്റെ ചിന്തയില്‍ തേങ്ങാക്കുലപോലെ തൂങ്ങി നിന്നത്‌..

ഇത്രയും സഹിച്ചതിനു നന്ദി..കട /കഥപ്പാട്‌ : കെ.കെ.എം.എസ്

Post a Comment
Related Posts with Thumbnails