Tuesday, February 12, 2008

വാലും തലയുമില്ലാത്ത വാലന്റൈന്‍ ഡേ

കുടുംബ ബന്ധങ്ങള്‍ ശിഥിലമായികൊണ്ടിരിക്കുന്ന, സ്നേഹവും സൌഹ്യദവും കമ്പോളച്ചരക്കുകളായി തരം താഴുകയും ചെയ്ത സൈബര്‍ യുഗത്തില്‍ മാംസക്കച്ചവടത്തിനു മാന്യതയുടെ പരിവേഷം പുതപ്പിക്കുന്ന ആധുനികന്‍ മാനവ സമൂഹത്തിനു അന്യമായിരുന്ന പല ജാതി ആഭാസത്തരങ്ങളും പല പേരുകളിലായി ആഘോഷിപ്പിക്കാന്‍ വര്‍ഷത്തിന്റെ 365 ദിവസങ്ങളും കാര്‍ന്നെടുത്തിരിക്കുന്നു.

കൌമാര ചാപല്യങ്ങളെ മുതലെടുത്ത്‌ എല്ലാ അതിര്‍ വരമ്പുകളും ഭേതിച്ച്‌ അരങ്ങു തകര്‍ക്കുന്ന വാലന്റൈന്‍സ്‌ ഡേ ആഘോഷങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും വള്‍ഗറസ്‌ ഡേ ആയി മാറുകയാണ്‌. സമൂഹത്തില്‍ സ്വാധീനമുള്ള ദ്യശ്യ -ശ്രാവ്യ മാധ്യമങ്ങള്‍ എല്ലാ വ്യത്തികേടുകള്‍ക്കും കുടപിടിക്കുകയും കൂട്ടുകൂടി വളരുന്ന തലമുറയുടെ വഴിപിഴക്കലിനു വഴിയായി വര്‍ത്തിക്കുകയും ചെയ്യുന്നു.

ലോകത്തെങ്ങും അശാന്തിയുടെ കരിനിഴലില്‍ നിരപരാധികളുടെ നിണമൊഴുകുമ്പോള്‍ രണ്ടു തുള്ളി കണ്ണുനീര്‍ കാഴ്ച വെക്കാന്‍ , മര്‍ദ്ദിദരുടെയും പീഡിതരുടെയും വിലാപം കേള്‍ക്കാന്‍ ഒരു ദിനാചരണം ഉണ്ടായാല്‍ അത്‌ സ്പോണ്‍സര്‍ ചെയ്യാന്‍ ആരെങ്കിലുമുണ്ടാവുമോ ? തിന്നും കുടിച്ചും മദിച്ചു നടക്കുന്ന ഒരു ജനത അവര്‍ പടച്ചു വിടുന്ന ചില കാല്‍പനികതയ്ക്ക്‌ ചരിത്രാവിഷ്കാരം നല്‍കി അസാംസ്കാരികത വളര്‍ത്താന്‍ മാത്രം ഉപകരിക്കുന്ന ഇത്തരം ആചാരങ്ങള്‍ക്ക്‌ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നൊന്നും അന്വഷിക്കാന്‍ ആരും മിനക്കെടാറില്ല.

മലവെള്ളപ്പച്ചിലില്‍ ദിശ യറിയാതെ ഒഴുകുന്ന പൊങ്ങു തടിപോലെ യുവത്വം ഒഴുകുമ്പോള്‍ കയ്യും കെട്ടി നോക്കി നില്‍ക്കുയയാണ്‌ സാസ്കാരിക നായകന്മാര്‍ . ഏതൊരു ആഘോഷമാകട്ടെ ആചാരമാകട്ടെ അത്‌ ഒരു സന്ദേശം സമൂഹത്തിനു നല്‍കാനുതകുന്നതാകണം . വാലും തലയുമില്ലാത്ത വലന്റൈന്‍ ആഘോഷം സമൂഹത്തിനു നല്‍കുന്നത്‌ തെറ്റായ സന്ദേശമല്ലാതെയില്ല. ഇവിടെ പ്രവാസ ഭൂമിയില്‍ രക്തം വിയര്‍പ്പാക്കി അധ്വാനിച്ചുണ്ടാക്കിയ പൈസ കൊണ്ട്‌ എസ്‌.എം.എസ്‌ അയച്ചും മറ്റും ഇത്തരം അനാചാരങ്ങള്‍ക്ക്‌ ചൂട്ടു പിടിക്കുന്ന ദ്യശ്യ ശ്രാവ്യ മാധ്യമങ്ങളുടെ തട്ടിപ്പുകള്‍ക്ക്‌ വളവും വെള്ളവും നല്‍കുന്ന മലയാളികള്‍ ഒരു വിചിന്തനത്തിനു തയ്യാറാവണം. ഇവിടെ കൈമാറ്റം ചെയ്യപ്പെടുന്നത്‌ സ്നേഹവും സൌഹ്യദവുമല്ല മറിച്ച്‌ കാപട്യവും കാമവും ആണ്‌

`ഒരു മഹത്തായ പാരമ്പര്യം (?)അവകാശപ്പെട്ട്‌ അഭിമാനം കൊള്ളുന്ന നാം പാശ്ചാത്യന്റെ വൈക്യതങ്ങള്‍ക്ക്‌ സ്പോണ്‍സറായി വര്‍ത്തിക്കണോ ? നമുക്ക്‌ സ്നേഹിക്കന്‍ ഒരു ദിനം വേണോ ? അതോ ഒരു ദിനം മതിയോ നമുക്ക്‌ സ്നേഹിക്കാന്‍ ?

ഇനി നിങ്ങൾ ചെയ്യേണ്ടത്. എസ്.എം. എസ്. അയക്കുകയാണ്. വേഗമാകട്ടെ. യോജിച്ചും വിയോജിച്ചും ഇത് രണ്ടുമല്ലാതെയും ആവാം. .. ഞങ്ങൾക്ക് കിട്ടേണ്ടത് എസ്.എം.എസ്. മാത്രം.. ജീവിച്ചു പോയ്ക്കോട്ടേ.. !!Post a Comment
Related Posts with Thumbnails