Saturday, September 6, 2014

ഓർമ്മകളിലൂടെ വീണ്ടും..


വിശ്വാസങ്ങൾക്കും ആചാരാനുഷ്ടാനുങ്ങൾക്കുമപ്പുറത്ത് പ്രവാസി മലയാളികളുടെ മനസ് ഗൃഹാതുരതയുടെ നനുത്ത സ്പർശമേറ്റ്കൊണ്ട്, ഓർമ്മകളുടെ ഓളങ്ങളിലൂടെ പൊയ്പോയ നല്ലനാളുകളിലെ കൊള്ളകൊടുക്കലിന്റെ,  സ്നേഹത്തിന്റെയും സൌഹാർദ്ദത്തിന്റെയും ഒളിമങ്ങാത്ത ചിത്രങ്ങളിലേക്ക് ഒരിക്കൽ കൂടി കൊണ്ടു ചെന്നെത്തിക്കുകയാണ്  ഏതൊരു ആഘോഷത്തിന്റെയും ആണ്ടറുതികളുടെയും നാളുകൾ.

ഒരു ആഘോഷത്തിന്റെ ചരിത്ര പിന്നാമ്പുറങ്ങളോ, ശാസ്ത്രമോ യുക്തിയോ മറ്റോ , തന്റെ വിശ്വാസ അനുഷ്ടാന പ്രമാണങ്ങളിൽ അടിയുറച്ച് നിന്ന് കൊണ്ട്തന്നെ അയൽ വാസിയുടെ സന്തോഷങ്ങളിൽ പരസ്പരം ഭാഗവാക്കുന്നതിൽ നിന്ന് കേരളിയരാ‍യ ഒരാളെയും തടുത്ത് നിറുത്തിയിരുന്നില്ല.  എന്നാൽ അഭിനവ നവോത്ഥാനക്കാരുടെ വരവോടെ സ്വന്തം സമുദായത്തിന്റെ പ്രമാണബന്ധമായ ആചാരങ്ങളെയും ആരാധനകളെയും യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പുറം തള്ളുക മാത്രമല്ല അന്യ സമുദായത്തിലെ വിശ്വാസ ആചാരങ്ങളെ അവഹേളിക്കുന്നതാണു മതപ്രബോധനമെന്ന അവസ്ഥയിലേക്ക് ഒരു കൂട്ടരെ നയിക്കുകയും ചെയ്തു. ഇവരിൽ ചിലരിന്ന് മുന്നെ തള്ളിപറഞ്ഞ പലതും മാറ്റി പറഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന് മാത്രമല്ല അതിന്റെ വക്താക്കളായി മുന്നോട്ട് വരുന്നത് ശുഭസൂചകമാണെങ്കിലും ഉദ്ധേശ്യശുദ്ധിയിൽ സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ല.

ഓണം വീണ്ടുമെത്തുമ്പോൾ സ്മരണകളിൽ തെളിഞ്ഞ് വരുന്ന നിരവധി ഗൃഹാതുരമായ ഓർമ്മകളിൽ സഹപാ‍ഠിയായിരുന്ന രവിയുടെ ചങ്ങരംകുളത്തെ വീട്ടിൽ ഞങ്ങൾ ഓണത്തിനു ഒരുമിച്ച് കൂടിയിരുന്നത് ഒരിക്കലും മറക്കാനാവാത്തതാണ്. ഞാനും ഷാജുവും (ഫ്രാൻസിസ് )വെള്ളറക്കാടു നിന്നും ,ദേവദാസ് ഗുരുവായൂർ നെന്മിനിയിൽ നിന്നും, സുനിലും രമേഷും ചങ്ങരംകുളത്തു നിന്നും കൂടും.. രവിയുടെ അമ്മയുടെയും അമ്മമ്മയുടെയും സ്നേഹവാത്സല്യങ്ങളേറ്റു വാങ്ങി പരസ്പരം വിശേഷങ്ങൾ കൈമാറി നല്ല ഒരു ഓണസദ്യയുമുണ്ട് പിരിയും. എന്റെ വിവാഹത്തിനു ശേഷം കുടുംബത്തോടൊപ്പം ഒരിക്കൽ കൂടി ഓണത്തിനു രവിയുടെ വീട്ടിൽ കൂടിയിരുന്നു. പിന്നെ ഞാൻ നാട്ടിലുള്ളപ്പോൾ ഓണമുണ്ടാവില്ല അല്ലെങ്കിൽ ഓണം വരുമ്പോൾ ഞാൻ നാട്ടിലുണ്ടാവില്ല. അതല്ലെങ്കിൽ മറ്റു ജീവിത തിരക്കുകൾ.. അതിനിടയിൽ കൂടിച്ചേരലുകൾ പലപ്പോഴും നടക്കാറില്ല. പ്രവാസ ജീവിതത്തിൽ അപൂർവ്വമായേ അത്തരം കൂടിച്ചേരലുകൾ നടക്കാറുള്ളൂ.. കൂടിച്ചേരുന്നവരോട് തന്നെ അതെത്രമാത്രം ആത്മാർത്ഥമാണെന്ന്  ചോദിച്ചാൽ ഉത്തരം ലഭിച്ചില്ലെന്ന് വരാം.

ഏറെ കാലത്തിനു ശേഷം ഇത്തവണ ഓണത്തിനു സ്നേഹമയിയായ ഒരമ്മയുടെ ക്ഷണം സ്വീകരിച്ച് ഇന്നലെ അഡ്വാൻസായി തന്നെ ഞങ്ങൾ അമ്മയുടെ മകനും ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തോടൊപ്പം, ഞങ്ങൾ താമസിക്കുന്ന വില്ലയിലെ ഞങ്ങൾ അടക്കം ആറ് കുടുംബങ്ങൾ ആ അമ്മ വെച്ച് വിളമ്പി തന്ന ഓണസദ്യയുണ്ടു. അടുത്ത ആഴ്ച നാട്ടിലേക്ക് പോവുകയാണ് അമ്മ. അമ്മയെ കാത്ത് സഹോദരങ്ങൾ നാട്ടിൽ അക്ഷമരായികൊണ്ടിരിക്കുന്നുവത്രെ.. പിന്നെ അമ്മയുടെ കൃഷിയും മറ്റു കാര്യങ്ങളും.. എന്നാൽ ആ അമ്മയുടെ തിരിച്ച് വരവ് ആഗ്രഹിക്കുന്നത് അതിനായി പ്രാർത്ഥിക്കുന്നത് അമ്മയുടെ മകനേക്കാൾ മരുമകളും പേരമകളുമായിരിക്കും. കാരണം അമ്മയുടെ  അസാന്നിദ്ധ്യം അവർക്ക് വലിയ നഷ്ടവും ഒറ്റപെടലുമായിരിക്കും സമ്മാനിക്കുക. ഒപ്പം ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നതും ഒരു അമ്മയുടെ സാന്നിദ്ധ്യം തന്നെ.



ഓണമെത്തുന്നതിനു മുന്നെ തന്നെ ഓണസദ്യ ഗൾഫിന്റെ അപൂർവ്വതകളിൽ ഒന്നായിരിക്കാം. ഇനി ചിങ്ങം കഴിഞ്ഞാലും ഓണാഘോഷം തുടരും.. ഓണസദ്യകളും.  ആത്മാർത്ഥതയേക്കൾ ,സ്നേഹ സൌഹാർദ്ദങ്ങളേക്കാൾ മുഴച്ച് നിൽക്കുന്നത് പക്ഷെ പ്രകടനപരതയും താൻപോരിമകളുമായിരിക്കുമെന്നത് ഒരു സത്യമാണെങ്കിലും, എല്ലാ ആഘോഷങ്ങളും ആണ്ടറുതികളും പരസ്പരം മനസിലാക്കാനും ,മനസു തുറക്കാനും ,നല്ല സന്ദേശങ്ങൾ പുതു തലമുറക്ക് കൈമാറാനുമുള്ളതായിരിക്കട്ടെ എന്ന് ആശിച്ച് കൊണ്ട് പ്രാർത്ഥനയോടെ എല്ലാവർക്കും ആശംസകൾ..

നാട്ടിൻ പുറത്തെ നല്ല നാളിന്റെ ഓർമ്മകളിലേക്ക് ‘പറന്നകന്ന തുമ്പികൾ‘ കൂടി ഇവിടെ ചേർത്ത് വെക്കട്ടെ..


സ്നേഹപൂർവ്വം.

Sunday, February 16, 2014

എക്സ്ടാ ബിൽ !


സുഹൃത്ത് ബാബുവിന്റെ  ഷോപ്പിൽ പതിവുള്ള  വിസിറ്റ് നടത്താമെന്ന് കരുതിയിറങ്ങിയതായിരുന്നു. ഷോപ്പിനടുത്തെത്തിയപ്പോൾ അവൻ ധൃതിയിൽ പുറത്തേക്ക് വരുന്നത് കണ്ടു.. വാ നമുക്ക് ADDC  (Abu Dhabi Distribution company )ഓഫീസ് വരെയൊന്ന് പോയിവരാം. ഇലക്ട്രിസിറ്റിയുടെ എക്സ്ട്രാ ബിൽ തെറ്റായി വന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഞാൻ കടയുടെ ലൈസൻസ് പുതുക്കുന്നതിനു മുന്നെ എല്ലാ ബാലൻസും ക്‌ളിയറാക്കിയതാ..എന്നിട്ടിപ്പോ എക്സ്ട്രാ ബില്ലടക്കാൻ മെസ്സേജ് വന്നിരിക്കുന്നു.  ഓഫീസിൽ നേരിട്ട് പോയി അന്വേഷിക്കാം. എന്നാൽ അതൊന്ന് അന്വേഷിച്ചിട്ടു തന്നെ ബാക്കി കാര്യം... മുമ്പൊരിക്കൽ കാറിന്റെ രജിസ്ട്രേഷൻ പുതുക്കുന്ന സമയത്ത് ,  ഓവർസ്പ്പിഡിനു 400 ദിർഹം  ഫൈൻ വന്നതും  ഫൈൻ രേഖപ്പെടുത്തിയ ദിവസം ഞാൻ നാട്ടിൽ പോയിരിക്കയായിരുന്നെന്നും മാത്രമല്ല ,കേമറ അടിച്ചതായി പറയുന്ന ‘റാസൽ ഖൈമ‘ യിലേക്ക്  പോവാനുള്ള വഴി തന്നെ എനിക്കറിയില്ലെന്നുമൊക്കെ  പറഞ്ഞ് അവസാനം നാലഞ്ച് ഓഫീസിൽ മാറി മാറി നടന്ന്  അത് കാമറകണ്ണിനു പറ്റിയ തെറ്റാണെന്ന് മനസിലാക്കി എന്റെ ഫൈൻ ഒഴിവാക്കിയതും മറ്റുമായ പൂർവ്വകാല ചരിത്രങ്ങൾ പങ്ക് വെച്ച് ഞങ്ങൾ ഓഫീസിലെത്തി ചേർന്നതറിഞ്ഞില്ല.

റിസപ്ഷനിൽ നിന്നുള്ള നിർദ്ദേശ പ്രകാരം ഒരു കൌണ്ടറിൽ ചെന്ന് വിവരം പറഞ്ഞു. അയാൾ കസ്റ്റമർ നമ്പർ വാങ്ങി സിസ്റ്റത്തിൽ ചെക്ക് ചെയ്ത്. നിങ്ങൾ ബില്ലെല്ലാം രണ്ടാഴ്ചമുന്നെ സെറ്റിൽ ചെയ്തതാ‍ണല്ലോ. എക്സ്ട്രാ ബിൽ ഉള്ളതായോ അങ്ങിനെ ഒരു ബിൽ മെസേജ് അയച്ചതായോ കാണുന്നില്ലല്ലോ ..ചിലപ്പോൾ കസ്റ്റമർ ടെലിഫോൺ നമ്പർ തെറ്റായി വന്നതായിരാക്കാം.  നിങ്ങൾക്ക് വന്ന മെസേജ് ഒന്ന് കാണിക്കാമോ എന്ന് ചോദിച്ചു. സുഹൃത്ത്  ഫോണിൽ മെസേജ്  വന്നത് ഓപ്പൺ ചെയ്ത് കൌണ്ടറിലിരിക്കുന്ന ആൾക്ക് ഫോൺ കൈമാറി അദ്ധേഹം അതൊന്ന് നോക്കി എന്നിട്ട് ഞങ്ങളെ നോക്കി.. എന്നിട്ട് ചിരിച്ച് കൊണ്ട് അടുത്തിരുന്ന ആൾക്ക് ഫോൺ കൈമാറി. ഇവർ ഈ ബില്ലടക്കാൻ വന്നതാണെന്ന് പറഞ്ഞ് വീണ്ടു ചിരിച്ചു.  അയാളും ആ മെസേജൊന്നു നോക്കി പിന്നെ ഞങ്ങളെയും ഫോൺ കൊടുത്ത മറ്റാളേയും നോക്കി. പരസ്പരം ചിരിച്ചു..അതിനിടക്ക് ഒരു അറബി പെണ്ണ് അവർക്കരികിലേക്ക് വന്നു  പിന്നെ അവൾക്കും ആ മെസേജ് കാണിച്ച് ബില്ലടക്കാൻ വന്ന വിവരം പറഞ്ഞു. അവളും അവരുടെകൂടെ  ഞങ്ങള നോക്കി ചിരി തുടങ്ങി. എന്നിട്ടവളുടെ വക ഒരു സർട്ടിഫിക്കറ്റും ‘മിസ്കീൻ’ (പാവങ്ങൾ). ഞങ്ങൾ ചിരിക്കണോ അതോ കരയണോ എന്ന അവസ്ഥയിൽ നിൽക്കുകയാണ്.

 ശെടാ‍ാ ഇവന്മാർക്ക് വട്ടായോ ..എക്സ്ട്രാ ബിൽ മെസേജ് വായിച്ചിട്ട്  ചിരിക്കുന്നവരെ ആദ്യമായി കാണുകയാണല്ലോ ! ഇനി ഇത് വല്ല  തരികിട പറ്റിക്കൽസ് പരിപാടിയുടെ ഭാഗവുമാണോ ? ഞങ്ങളിപ്പോൾ ഓൺ എയറിൽ സം‌പ്രേഷണം ചെയ്യപ്പെട്ടു കൊണ്ടിരിക്കയാണോ.. സംശയങ്ങൾ പലതും മിന്നി മറഞ്ഞു..  സംശയങ്ങൾക്ക് വിരാമമിട്ടു കൊണ്ട് കൌണ്ടറിലിരുന്ന അറബി പറഞ്ഞു..  പ്രിയ സുഹൃത്തുക്കളേ.. ഈ ബില്ലടക്കാനാണോ നിങ്ങളിപ്പോൾ വന്നത് ? ഹ..ഹ. അത് നന്നായി.. എന്തായാലും നിങ്ങളിതുവരെ വന്നതല്ലേ. പുതുവത്സാരാശംസകൾ ഞങ്ങൾ നേരിൽ നേർന്ന് കൊള്ളുന്നു.. നിങ്ങൾക്ക് പോകാം.. അപ്പോൾ ഈ ഈ ബില്ല്‌ തെറ്റായിരുന്നോ ?   ..അത്  ബില്ലടക്കാനുള്ള മെസേജല്ല. .. നിങ്ങൾ ആ മെസേജ് ശരിക്കും നോക്കിയില്ലെന്ന് തോന്നുന്നു എന്ന് പറഞ്ഞ് മൊബൈൽ ഞങ്ങാൾക്ക് തന്നെ തിരിച്ചു തന്ന്നു.

മെല്ലെ ഓഫീസിൽ നിന്ന് സ്കൂട്ടായി പുറത്ത് വന്നു ..പിന്നെ മെസേജ് തുറന്ന്  വിശദമായി നോക്കി..   .. ADDC എന്നും 1435  എന്നും കണ്ടപ്പോൾ ബാക്കി ഒന്നും നോക്കാൻ നിൽക്കാതെ ചാടിപുറപ്പെട്ട  ഞങ്ങൾ  ചാനൽ വാർത്ത കണ്ട് സ്റ്റാറ്റസിട്ടവരെപ്പോലെ ബ്‌ളിങ്കസ്യാ നിന്നു.. പക്ഷെ  ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. .. സൈക്കിളിൽ നിന്ന് വീണ ചിരിയായിരുന്നു എന്ന് മാത്രം .. 
J
  (  മുഹറം 1 , ഇസ്‌ലാമിക് ന്യൂ ഇയർ 1435  പിറന്നതിന്റെ ആശംസകൾ നേർന്ന് കൊണ്ട്  ADDC ഓഫീസിൽ നിന്നും അയച്ച സന്ദേശമായിരുന്നു അത്.. )

Tuesday, December 31, 2013

ഒരു ന്യൂ ഇയർ വരവേല്പ് ഓർമ്മ

ചില കാര്യങ്ങൾ  ആ സംഭവത്തിന്റെ പ്രാധാന്യത്തേക്കാൾ അതുമായി ബന്ധപ്പെട്ട വ്യക്തിയുടേ സവിശേഷത കൊണ്ട് എന്നും ഒളിമങ്ങാതെ മായാതെ നമ്മെ ജിവിതാന്ത്യം വരെ വിടാതെ പിന്തുടരും..അത്തരത്തിലൊരു പഴയ ഒരു ഓർമ്മ  ഇവിടെ പങ്ക് വെക്കട്ടെ..
പത്തിരുപത്തിമൂന്ന് വർഷം മുന്നെയുള്ള  ഒരു ഡിസംബർ 31  .പുതുവർഷതലേന്ന് ഞങ്ങൾ കൂട്ടുകാരെല്ലാം കൂടി സൈദുക്കാടെ  പീടിക (പലചരക്ക് കട) പരിസരത്ത് സൈദുക്ക രാത്രി കട പൂട്ടിപോയതിനു ശേഷം ഒത്ത് കൂടാൻ ഐക്യ കണ്ഢേന ഒരു തീരുമാനമായി.

---------------------------------------------------------------------------------------------------------------
സൈദുക്കാടെ പീടികകോലായിലെ ബെഞ്ചിനും സൈഡിലെ തിണ്ണയ്ക്കുമെല്ലാം ഞങ്ങളുടെ അക്കാലത്തെ കൂട്ടുകൂടലിന്റെയും ബഹളങ്ങളുടെയും പാരവെപ്പിന്റെയും പല പദ്ധതി ആസൂത്രണങ്ങളുടെയും മാത്രമല്ല സംഘടനാ പ്രവർത്തനങ്ങളുടെ കൂടി നിരവധി കഥകൾ പറയാനുണ്ടാവും. ഇന്ന് കട പ്രവർത്തിക്കുന്നില്ലെങ്കിലും കെട്ടിടം അങ്ങിനെ തന്നെ നില നിൽക്കുന്നു. അധിക കാ‍ലം ഈ നില്പ് തുടരാൻ അതിനാവില്ലെങ്കിലും.
-------------------------------------------------------------------------------------------------------------

സൈദുക്ക
നാട്ടിൽ അറിയപ്പെട്ട ഒരു വ്യക്തിത്വമായിരുന്നു..മുന്നെ  ബസ് ഡ്രൈവർ ആയിരുന്നതിനാൽ ‘ഡ്രൈവർ സൈദുക്ക‘ എന്ന് പറഞ്ഞാൽ ആർക്കും പെട്ടെന്ന് മനസിലാവും...ഞങ്ങൾ. തൊഴിയൂരിലുള്ള മൂത്തുമ്മാടെ വീട്ടിലേക്ക് പോവുമ്പോൾ സൈദുക്ക ഓടിച്ചിരുന്ന ബസിൽ (white way എന്നായിരുന്നു ബസിന്റെ പേരു് ) പലവട്ടം യാത്ര ചെയ്തിട്ടുണ്ട്. ബസ് ഓടിക്കുന്ന ഡ്രൈവർ നമ്മളോട് സംസാരിക്കുക എന്നത് ഒരു അഭിമാനമല്ലേJ അതിനാൽ ഞാൻ മുൻ സീറ്റിൽ തന്നെ സ്ഥലം പിടിക്കും. എന്നോട്  അദ്ദേഹം ആ വളയവും ഗീയറും ഹോണും എല്ലാം കൈകാര്യം ചെയ്യുന്നതിനിടയിൽ സംസാരിക്കും. ഞാൻ അത്ഭുതപൂർവ്വം നോക്കിയിരിക്കും.. പിന്നീട് ബസ് ഡ്രൈവർ ജോലി ഉപേക്ഷിച്ച് അദ്ദേഹം സ്വന്തം അമ്പാസഡർ കാറ് (ടാക്സി) ഓടിച്ചിരുന്നു. എനിക്ക് ഡ്രൈവിംഗ് ലൈസൻസ് കിട്ടി പ്രാക്ടീസിനു കയറിയത് സൈദുക്കാടെ കാറിലായിരുന്നു. കുറച്ച് മുൻശുണ്ടിക്കാരനായിരുന്നത് കൊണ്ട് ചീത്ത കുറച്ച് കേട്ടിട്ടുണ്ട്.. മൂപ്പർക്ക് എല്ലാ കുണ്ടിലും കുഴിയിലും ചാടിച്ച് ഓടിക്കാം.. എനിക്കൊരു കല്ല്ലിന്മേൽ കയറ്റാൻ പാടില്ല. ഒരിക്കൽ അതിരാവിലെയുള്ളപതിവ് പ്രാക്ടീസ് സവാരിക്കിടയിൽ റോഡിൽ കണ്ട ഒരു  പരന്ന കല്ലിനെ കവർ ചെയ്ത് ഞാൻ സ്റ്റിയറിംഗൊന്ന് കറക്കിയൊടിച്ചു... ഒരു ശബ്ദം വണ്ടിക്കടിയിൽ നിന്ന്  കേട്ടു.എന്റെ ധൈര്യം കൊണ്ടോ എന്തോ പിന്നെ വണ്ടി നീങ്ങുന്നില്ല അത് മിണ്ടാതായി . ഇന്ന് തല്ലുറപ്പായി എന്ന് ഞാൻ കരുതി പക്ഷേ അന്നദ്ധേഹം ഒന്നും പറഞ്ഞില്ല. വണ്ടിയിൽ നിന്നിറങ്ങി പരിശോധിച്ച് വന്ന് പടച്ചോൻ കാത്തു..ഇന്നിനി നീ വണ്ടി ഓടിക്കണ്ടാ എന്ന് മാത്രം പറഞ്ഞ് അവസാനിപ്പിച്ചു...റോഡിൽ ഞാൻ കണ്ടത് ഒരു  കല്ലായിരുന്നില്ല ഒരു നല്ല ഒരു പനംകുറ്റിയായിരുന്നു.. (ടാറിടാത്ത പഞ്ചായത്ത് റോഡ് സൈഡിൽ ഉണ്ടായിരുന്ന ഒരു പന മുറിച്ചതിന്റെ ബാക്കി പത്രം.അതെങ്ങിനെ റോഡിൽ എത്തി എന്ന് ഇന്നും ആലോചിച്ചിട്ട് മനാസിലായിട്ടില്ല.:( ) .. നാട്ടിൽ എല്ലാവർക്കും സുപരിചിതനായ സൈദുക്ക ഞങ്ങളുടെ സംഘടനാ പ്രവർത്തനങ്ങളോട് ആദ്യം എതിർചേരിയിൽ നിന്നിരുന്നുവെങ്കിലും കാര്യങ്ങൾ മനസിലാക്കി പിന്നീട് സഹകരിച്ചിരുന്നു.. ആരെയും കൂസാത്ത ഒരു വ്യക്തിത്വമായിരുന്നുവെങ്കിലും ഉള്ളിൽ സ്നേഹമുള്ള മനുഷ്യനായിരുന്നു സൈദുക്ക എന്ന് അടുത്തിടപഴകാൻ അവസരം കിട്ടിയപ്പോൾ മനസിലാക്കാൻ സാധിച്ചു.

-------------------------------------------------------------------------------------------------------------
കട പൂട്ടുന്നതിനു മുന്നെ തന്നെ ചിലരൊക്കെ പീടികതിണ്ണയിലും ബെഞ്ചിലുമായി ആസനമുറപ്പിച്ച് തുടങ്ങിയിരുന്നു. സൈദുക്കാക്ക് ഈ സന്നാഹങ്ങൾ കണ്ട് സംശയം തോന്നാതിരുന്നില്ല എന്ന് മാത്രമല്ല ‘ഇന്നെന്താടാ‍ എല്ലാവരും കൂടെ വല്ല വിക്രസും ഒപ്പിക്കാനുള്ള പരിപാടിയുണ്ടോ ? എന്ന് ചോദിക്കയും ചെയ്തു.  ഏയ് ഞങ്ങളാ ടൈപ്പല്ല എന്ന് മറുപടിയും കൊടുത്തു. സൈദുക്ക കട പൂട്ടി തൊട്ടടുത്തു തന്നെയുള്ള വീട്ടിലേക്ക് പോയതോടെ ചറുങ്ങും പിറുങ്ങും അടക്കം  നല്ല ഒരു ഓഡിയൻസ് ഞങ്ങളുടെ പരിപാടി വീക്ഷിക്കാൻ എത്തിയിട്ടുണ്ട്.. ന്യൂ ഇയർ വരവേല്പ് എന്നാൽ പ്രത്യേകം അജണ്ടയൊന്നുമില്ല. ഉറക്കം കളഞ്ഞ് ഒത്ത് കൂടുക ബഹളം വെച്ച് പരിസരവാസികളെ വെറുപ്പിക്കുക .ഇത്രേ ഉള്ളൂ. അന്ന് പീടികയുടെ തൊട്ടടുത്തുള്ളത് ചേക്കു മുസ്‌ലിയാരുടെ വീടും റസാഖ്ക്കാടെ വീടും ആയിരുന്നു. (ഇന്ന് ആ വീടുകൾക്ക് പരിസരത്തായി എന്റെ പുതിയവീടടക്കം  നിരവധി വീടുകൾ ഉയർന്നു. )
ഞാനും
സൈദുക്കാടെ മകൻ കമറുവും ആണു പരിപാടി നിയന്ത്രിക്കുന്നത് (എന്ത് നിയന്ത്രണം !!) പിന്നെ ഖാദറും,ഷെരീഖും പിന്നെ കാരേങ്ങൽ റസാഖ് കൂടാതെ റഷീദ് & റസാ‍ഖ്  തുടങ്ങി മിക്ക മഹാന്മാരും ഹാജർ.. പീടികകോലായിൽ കിടന്നിരുന്ന വലിയ തകര വീപ്പ മുറ്റത്തേക്ക് ഉരുട്ടി കൊണ്ട് വന്ന് തലകുത്തനെ നിർത്തി.. ചീമ കൊന്ന വടി വെട്ടി ഡ്രം അടി ചെറിയ തോതിൽ ആരംഭിച്ചു... പാട്ട് ,പ്രസംഗം ,മിമിക്രി, മോണോ ആക്ട് ,കഥാപ്രസംഗം. വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന തോതിൽ പരിപാടികൾ നടക്കുന്നു.. ചറുങ്ങും പിറുങ്ങുമെല്ലാം കുറച്ച് കഴിഞ്ഞപ്പോൾ സ്ഥലം കാലിയാക്കി, അവരുടെ ഉമ്മമാരും ഉപ്പമാരും വലിച്ച് കൊണ്ടു പോയി എന്ന് പറയാം.. പിന്നെ ഞങ്ങൾ കുറച്ച് പേർ ബാക്കിയായി. കടയുടെ അടുത്ത് തന്നെയാണ് ചേക്കു മുസ്‌ലിയാരുടെ വീട് അവിടെയുള്ളവർക്ക് ഈ പരിപാടിയുടെ കഠോരത ശരിക്കും അനുഭവിക്കാം. “ഈ ചെക്കന്മാർക്ക്  വേറെ പണിയൊന്നുമില്ലെന്ന്“ ചോദിച്ച് കൊണ്ട് ഐസുകുട്ടിത്ത  വേലി വരെ വന്ന് നോക്കി.. പിന്നെ വീട്ടിലേക്ക്  വലിഞ്ഞു. പരിസരം വിജനമാണ്.. രാത്രിയുടെ ഇരുട്ട് കനത്തു. വഴിവിളക്കൊന്നും ഇല്ലാത്തതിലാൽ ഞങ്ങൾ നിൽക്കുന്ന പരിസരം ഒഴിച്ച് എങ്ങും ഇരുട്ട് മാത്രം  

അങ്ങിനെ
സമയം രാത്രി 12 മണിയാവുന്നു.. ഡ്രം താളം മുറുകുന്നു.. കർണ്ണ കഠോരമായ ഗാനങ്ങൾ തകർക്കുന്നു.  പെട്ടെന്ന്  വേലിക്കരുകിൽ നിന്ന് ഒരു അനക്കം ..വെളുത്ത  ഒരു രൂപം ഞങ്ങളെ തന്നെ വീക്ഷിച്ച് നിൽക്കുന്നു..  എല്ലാവരും താനേ സൈലന്റ് മോഡിലായി ..ഡ്രം അടി നിന്നു.. പാട്ടുകൾ നിലച്ചു..ആരാണീ പാതി രാത്രിയിൽ ? കള്ളന്മാർ കറുത്ത വസ്ത്രമല്ലേ ധരിക്കുക.. ഇനി വല്ല ജിന്നോ മറ്റോ ആവുമോ ? പല വിധ ചിന്തകൾ പലരിലൂടെയും കടന്ന് പോയി. എല്ലാവരും ആ നില്പ് നിൽക്കയാണ്.. ഞങ്ങൾ ഒന്നും ഉരിയാടാതെ അനങ്ങാതെ നിൽക്കുന്നത് കണ്ടത് കൊണ്ടാവാം  ആ രൂപത്തിനനക്കമുണ്ടായി.. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നീങ്ങി നിന്നു..  അപ്പോഴാണ് എല്ലാവരുടെയും ശ്വാസം നെരെയായത്. .ഞങ്ങളുടെ ബഹളം കാരണം ഉറങ്ങാൻ പറ്റാതെ തൊട്ടടുത്ത വീട്ടിൽ നിന്ന് ചേക്കു മുസ്‌ലിയാർ ഇറങ്ങി ഞങ്ങളോട് ഇതൊന്ന് നിർത്താൻ പറയാൻ വേണ്ടി വന്നതായിരുന്നു. എന്നിട്ട്. ആരൊക്കെ എന്തൊക്കെ ചെയ്യുന്നു എന്ന് സസൂക്ഷ്മം വീക്ഷിക്കയായിരുന്നു. ‘മനുഷ്യനെ കിടന്നുറങ്ങാൻ സമ്മതിക്കില്ലേ ..നിങ്ങൾക്ക് വേറെ പണിയൊന്നുമില്ല.  എന്നൊക്കെയുള്ള ശകാരം പ്രതീക്ഷിച്ച് അതേറ്റു വാങ്ങാൻ തയ്യാറായി നിന്ന ഞങ്ങളെ നോക്കി ചേക്കു മുസ്‌ലിയാർ ചോദിച്ചു..  "എന്തേ നിർത്തീത് ? നിർത്തണ്ട.. എനിക്കവിടെ കിടന്നിട്ട് ശരിക്ക് കേൾക്കാൻ പറ്റണില്ല. ഒന്നും അങ്ങട് ക്ലിയറാവുന്നില്ല.. അതോണ്ട് ഇവടെ വന്ന് നിന്നതാ..! .. ഒന്ന് മനസിലാവുന്ന രീതിയിൽ ആയ്ക്കോട്ടെ."  ഇതും പറഞ്ഞ് അദ്ദേഹം വീട്ടിലേക്ക് തന്നെ തിരിച്ച് പോയി..  പിന്നെ പാട്ടും ബഹളവും പുനരാരംഭിച്ചില്ല. എല്ലാവരും ചമ്മിയ മോന്തകൊണ്ട് പരസ്പരം നോക്കി.. പിന്നെ അവിടെ ചിരിയോ ചിരിയായിരുന്നു. ഒരു പക്ഷെ ഞങ്ങളോട്  ദേശ്യപ്പെട്ടിരുന്നെങ്കിൽ ഞങ്ങൾ പരിപാടി വീണ്ടും തുടരുമായിരുന്നേനേ.. പ്രായം അതാണല്ലോ. എന്നാൽ തന്റെ സ്വതസിന്തമായ ശൈലിയിൽ പുഞ്ചിരിച്ച് തന്റെ എല്ലാ നീരസവും ഉള്ളിലൊതുക്കി വളരെ കൂളായി ഞങ്ങളെ മൊത്തം ഒന്നുമല്ലാതെയാക്കി  ആ പരിപാടി ശല്യം നിർത്തിച്ച ആ സമീപന രീതി. ഇന്നും ഞാനോർക്കുന്നു. ആർക്കും അത് മറക്കാനാവുകയില്ല.

ജീവിതത്തിലെ
എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും പുഞ്ചിരിയോടെ നേരിട്ട് കൊണ്ട് എല്ലാവരെയും സ്നേഹിച്ച് ജീവിച്ച “ഒരു എളിയ വലിയ മനുഷ്യൻ“ അതായിരുന്നു ചേക്കു മുസ്‌ലിയാർ. സന്ദർഭത്തിനനുസരിച്ച് തമാശ പറയാനും തമാശയിലൂടെ കാര്യം അവതരിപ്പിക്കാനുമുള്ള കഴിവ് അതൊന്ന് വേറെതന്നെയായിരുന്നു. തൊഴിയൂർക്കാരായിരുന്ന ഞങ്ങൾ വെള്ളറക്കാടുകാരായി മാറാനുള്ള വഴി തുറന്നത് അദ്ദേഹത്തിലൂടെയായിരുന്നു. എന്റെ ഉപ്പാടെ അടുത്ത സുഹൃത്തായിരുന്ന പ്രിയ ചേക്കുമുസ്‌ലിയാരെ കുറിച്ച് വിശദമായി ഒരു കുറിപ്പ് എഴുതാം പിന്നീട്. ഇൻശാ അല്ലാഹ്..  



ഇന്ന് സൈദുക്കയും   ചേക്കു മുസ്‌ലിയാരും  ഓർമ്മകൾ മാത്രമായി അവശേഷിക്കപ്പെട്ട് ..വെള്ളറക്കാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ അന്ത്യ വിശ്രമം കൊള്ളുന്നു. ഇരുവരുടെയും ഖബറിടം  വെളിച്ചമേകി ,തെറ്റുകൾ പൊറുക്കപ്പെട്ട് സ്വർഗം  നൽകി അനുഗ്രഹിക്കണമേയെന്ന പ്രാർഥനയോടെ ഒരു  വർഷം കൂടി കാല യവനികക്കുള്ളിൽ മറയുന്ന വേളയിൽ, ജീവിതമെന്ന മരത്തിലെ ആയുസിന്റെ ഒരില പൊഴിച്ച് ,ഖബറിലേക്കുള്ള ദുരം കുറയുന്ന സത്യം മറക്കാതിരിക്കാം നമുക്ക്..   നന്മയുടെ സന്തോഷത്തിന്റെ സമാധാനത്തിൻ ഒരു വർഷം എല്ലാവർക്കും ആശംസിച്ച് ..സസ്നേഹം         

Related Posts with Thumbnails