റമദാൻ ആഗതമാവുന്നതിനു വളരെ മുന്നെ റമദാൻ വിപണിയൊരുങ്ങികഴിഞ്ഞിരുന്നു ഒന്ന് വെച്ചാൽ രണ്ട് ഓഫറുകളുമായി ബഹുവർണ്ണ പേപ്പറുകൾ വാതില്പടികൾ മറക്കപെടുന്നു. ഇന്നലെ വരെ ഇസ്‌ലാമോഫോബിയ പിടികൂടിയിരുന്ന ചാനലുകൾ വരെ റമദാൻ സ്പെഷ്യൽ പരിപാടികളോടെ സജീവമാവുകയായി. സീരിയൽ നടന്മാരും നടിമാരും വരെ ‘ചാനൽ മുഫിതിമാരും മുഫ്ത്തിച്ചികളു’മായി തലേക്കെട്ടും മക്കനയുമിട്ട് തകർത്താടാൻ, നിറഞ്ഞ് കവിയാൻ എന്നേ തയ്യാറെടുപ്പ് നടത്തിയിരിക്കുന്നു.
ഇനിയങ്ങോട്ട് റമദാൻ സ്പെഷ്യൽ സ്റ്റേജ് ഷോകളുടെ പൂരമാണ് (പ്രത്യേകിച്ച് ഗൾഫിൽ ) ..റമദാൻ മിമിക്രിയും റമദാൻ സിനിമാറ്റിക് ഡാൻസും വരെ അവതരിപ്പിക്കാൻ ഭക്തിയോടെ തയ്യാറെടുപ്പുകൾ അണിയറയിൽ നടക്കുന്നു. ചാനലായ ചാനലുകളെല്ലാം മാറ്റികുത്തി റമദാൻ ഗാനം ഡെഡിക്കേറ്റ് ചെയ്യാനും എസ്.എം.എസ്. അയച്ച് പുണ്യം നേടാനും വേണ്ടി മത്സരിക്കും നമ്മുടെ സഹോദരങ്ങൾ. ഒരു എസ്.എം.എസ്. അയച്ചാൽ എഴുപത് ഇരട്ടിയല്ലേ പ്രതിഫലം ! അതെന്തിനു നഷ്ടപ്പെടുത്തണം. മരിച്ച് പോയ ഉമ്മാക്കും വാപ്പാക്കും വരെ ഈ റമദാനിൽ നല്ലൊരു ഗാനം ഡെഡിക്കേറ്റ് ചെയ്യാനൊത്താൽ അതിലും വലിയ ഒരു ഇബദത്ത് (ആരാധന)ഈ ഉലകിലുണ്ടോന്ന് സംശയമാണ്.
മകളെകെട്ടിക്കാൻ 100 പവൻ തികയാതെ വിഷമിക്കുന്നവർ, വീടിന്റെ രണ്ടാം നിലയിൽ മാർബിൾ വിരിക്കാൻ കാശില്ല്ലാതെ നട്ടം തിരിയുന്നവർ, വീടിനു യോജിക്കുന്ന വലിപ്പത്തിൽ എൽ.സി.ഡി ടി.വി യില്ലാത്തവർ.. അങ്ങിനെ ദുരിതമനുഭവിക്കുന്ന നിരവധിപേർ ദയനിയതയുടെ മുഖാവരണവുമിട്ട് ഒരുങ്ങികഴിഞ്ഞിരിക്കുന്നു.
രണ്ട് മൂന്ന് നോമ്പ് കഴിഞ്ഞാൽ പിന്നെ ഇഫ്‌താർ സംഗമങ്ങൾ പൊടിപൊടിക്കും ..ധുർത്തിനെതിരെ ധാർമ്മിക വചക കസർത്തുകൾ നടത്തുന്ന മത സംഘടനകളടക്കം ഭക്ഷണം ധൂർത്തടിക്കുന്നതിൽ നിന്ന് ഒട്ടും പിന്നിലല്ലെന്നതിൽ അവർക്കും അഭിമാനിക്കാം (!). അത്തരം മാമാങ്കങ്ങളിലെക്ക് ക്ഷണിക്കപ്പെടുന്നവരുടെ മഹത്വം കണ്ട് പട്ടിണിപ്പാവങ്ങൾക്ക് വയറു നിറയും.. അതും നല്ല കാര്യം തന്നെ. രാഷ്ടീയ നോമ്പ് തുറകൾ സന്ദർശിച്ചാൽ നല്ല നടനെയൂം നടിമാരെയുമൊക്കെ കണ്ടെത്താൻ പറ്റും. അതും ചില്ലറകാര്യമല്ല.
ഇങ്ങിനെയൊക്കെ എല്ലാവരും ഉണരുമ്പോൾ നമ്മുടെയൊക്കെ അവസ്ഥയാണ് ചിന്തിക്കേണ്ടത്... നമ്മളിപ്പോഴും ഉറക്കത്തിലാണല്ലോ !
അഭിമാനം മുറിപ്പെടാതെ അരവയർ മുറുക്കിയുടുത്ത് അർദ്ധപ്പട്ടിണിയായി ,ജീവിതത്തിന്റെ ഒരറ്റം മുട്ടിക്കാൻ ശ്രമിയ്ക്കുമ്പോൾ മറ്റേ അറ്റം വേറിടുന്ന അവസ്ഥയിൽ നമുക്ക് ചുറ്റും ജീവിതം തള്ളിനീക്കുന്നവരെകുറിച്ചോർക്കാൻ അവർക്ക് വേണ്ടി എന്തെങ്കിലും ഡെഡിക്കേറ്റ് ചെയ്യാൻ ഈ പുണ്യമാസം ഉപയോഗപ്പെടുത്താനുള്ള സന്മനസ്സും സൌഭാഗ്യവും നമുക്കുണ്ടാവട്ടെ.
വിശുദ്ധറമദാൻ ഒരിക്കൽ കൂടി നമ്മുടെ ആയുസിനിടയ്ക്ക് ആഗതമായിരിക്കുന്ന ഈ വേളയിൽ, എല്ലാ മാലിന്യങ്ങളിൽ നിന്നും മനസിനെയും ശരീരത്തെയും കഴുകി സ്ഫുടം ചെയ്യാനുള്ള അവസരം പാഴാക്കികളയാതെ ഉപയുക്തമാക്കാൻ നമുക്കേവർക്കും അനുഗ്രഹമുണ്ടാവട്ടെ ..
അനാവശ്യ ചർച്ചകളിൽ നിന്നും ,റമദാനിന്റെ പരിശുദ്ധി നഷ്ടമാക്കുന്ന എല്ലാ വായനകളിൽ നിന്നും, അഭിപ്രായ പ്രകടനങ്ങളിൽ നിന്നും എല്ലാം മാറി നിൽക്കാനും ആ മാറിനിൽക്കൽ റമദാനിനു ശേഷം തുടർന്ന് ജീവിതത്തിൽ അനുവർത്തിക്കാനും തീരുമാനമെടുക്കാം..
ഏവർക്കും റമദാൻ മുബാറക്
സസ്നേഹം
പി.ബി
വിശദമായ റമദാൻ ലേഖനങ്ങളും പ്രാർത്ഥനകളും ഇവിടെ വായിക്കാം
Wednesday, August 11, 2010
റമദാനിൽ ഒരുങ്ങുന്നവർ !
Monday, July 12, 2010
വഴിമാറിയ അപകടം
ചെറിയ ചില അബദ്ധങ്ങൾ വലിയ അപകടങ്ങളിലേക്ക് നയിച്ച അനുഭവ പാഠങ്ങൾ നമ്മിൽ പലർക്കും ഉണ്ടായിരിക്കാം. കല്ല്യാണത്തിനു മുന്നെ വേണ്ടവിധം ആലോചിക്കാമായിരുന്നില്ലേ എന്നാവും നിങ്ങളെന്നോട് ചോദിക്കാൻ പോകുന്നത് ? അത് എന്റെ ബീവിയോട് പലരും ചോദിച്ചതായി അവളെന്നോട് വെളിപ്പെടുത്തിക്കഴിഞ്ഞതിനാൽ ഇനി ആ ചോദ്യത്തിനു പ്രസക്തിയില്ലെന്നറിയിക്കട്ടെ.
ഇവിടെ ഞാൻ ചെയ്ത ഒരു കാര്യത്തെ (അബദ്ധമെന്ന് പ്രത്യേകം പറയുന്നില്ല :( ) പറ്റി പറഞ്ഞാണ് ഇന്ന് നിങ്ങളെ ബോറടിക്കാനുദ്ദേശിക്കുന്നത്. സംഗതി നിസാരം. ..സാരമായിരുന്നെങ്കിൽ ..
ഓരാളെ കൂടി കൂടെ കൂട്ടേണ്ടതുള്ളതിനാൽ ഓഫീസിലേക്ക് പോകുന്ന പതിവു റൂട്ടിൽ നിന്ന് വിത്യസ്തമായാണ് രണ്ട് ദിവസമായി യാത്ര. പുതിയ റൂട്ട് ദൈർഘ്യം കൂടുതലാണോ എന്നൊരു സംശയം .അതൊന്ന് തീർക്കാമെന്ന് കരുതി. അങ്ങിനെ കരുതിയതിൽ തെറ്റില്ലെന്ന് നിങ്ങളും സമ്മതിക്കും പക്ഷെ,
പാർക്കിംഗിൽ നിന്ന് കാർ റിവേൾസെടുത്ത് ഫസ്റ്റ് ഗിയറിലേക്ക് മാറി, സ്പീഡാക്കി സെകന്റിലേക്കും പിന്നെ ആക്സിലേറ്ററിൽ കാലമർത്തി.. പിന്നെ തേഡിലെക്കു മാറുന്നതിനിടയിലാണാ ചിന്ത വന്ന വന്നത്. ഒട്ടും അമാന്തിച്ചില്ല (അബദ്ധം വരുന്നിടത്ത് അമാന്തം പാടില്ല എന്നല്ലേ ). സ്റ്റിയറിംഗ് വളയത്തിനുള്ളിലൂടെ ഇടത് കൈ കടത്തി ട്രിപ് കൌണ്ടർ മീറ്റർ സെറ്റ് ചെയ്യുന്ന ബട്ടണിൽ അമർത്തി. പിന്നെ സംഭവിച്ചതും സംഭവിക്കാതിരുന്നതും ഓർക്കുമ്പോൾ .....! സ്റ്റിയറിംഗിനുള്ളിൽ ഇടത് കൈ ഒന്ന് ട്വിസ്റ്റ് ആയി.. ആ സമയം കൊണ്ട് വണ്ടി ഒരു വശത്തേക്കും പാളി.. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നിശ്ചയമില്ലാത്ത സെക്കന്റുകൾ .. മെയിൻ റോഡിലേക്ക് പ്രവേശിച്ചിട്ടില്ലാത്തതിനാൽ മറ്റ് വാഹനങ്ങൾ കുറവായിരുന്നു. അതിനാൽ പെട്ടെന്നുള്ള ഒരു കൂട്ടിയിടി ഒഴിവായി .പക്ഷെ കാറിന്റെ നിയന്ത്രണം എന്നിൽ നിന്ന് പോവുകയാണോ എന്ന് ഞെട്ടലോടെ മനസിലാക്കിയ നിമിഷം.അപ്പോഴാണ് ആക്സിലേറ്ററിലാണ് കാൽ എന്ന് ഒരു ബോധം വന്നത്..പെട്ടെന്ന് കാൽ ആക്സിലേറ്ററിൽ നിന്ന് പിൻവലിക്കുകയും ബ്രേക്ക് അമർത്തുകയും ചെയ്തു... എല്ലാം സെക്കന്റുകൾക്കിടയിൽ നടന്നു. ഒരു ചെറിയ സീൽക്കാരത്തോടെ കാർ നിന്നു .(അൽഹംദുലില്ലാഹ്.. ) വണ്ടി നിന്നതിനു ശേഷമാണെന്റെ കൈ സ്റ്റിയറിംഗിനുള്ളിൽ നിന്നെടുക്കാൻ കഴിഞ്ഞത്.
കൈ സ്റ്റിയറിംഗിനുള്ളിലായ അവസ്ഥയിൽ ഒരു തിരിച്ചൽ കൂടി തിരിഞ്ഞിരുന്നെങ്കിൽ പിന്നെ ...ആ വഴിമാറിയ അപകടം ഓർക്കുമ്പോൾ .ഒരു ഞെട്ടൽ. .
ചെയ്ത കാര്യം (അബദ്ധം ,പൊട്ടത്തരം, വിഡ്ഡിത്തം, പോഴത്തരം ..ഇഷ്ടമുള്ളത് നിങ്ങൾക്ക് കൂട്ടിച്ചേർക്കാം ) എന്റെ ബീവി അറിഞ്ഞാൽ , ‘സൂക്ഷിക്കണം .സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട, . .‘മണ്ടത്തരം കാണിക്കരുതെ’ന്നൊക്കെ അവളെ ഇടയ്ക്കിടയ്ക്ക് ഉപദേശിക്കുന്ന (ഇനിയെന്ത് സൂക്ഷിക്കാനാ ഇക്കാ എന്ന അവളുടെ മുഖഭാവം ഞാൻ ശ്രദ്ധിയ്ക്കാറില്ല ) എന്നെ ഉപദേശിക്കാൻ വെറുതെ ഞാനായിട്ട് അവസരം കൊടുത്തല്ലോ :(
പറഞ്ഞ് വന്നത്.. ദൂരം കൂടിയാലും കുറഞ്ഞാലും.. സ്റ്റിയറിംഗ് വളയത്തിനുള്ളിലൂടെ കൈയിട്ട് ആയുസിന്റെ ദൂരം കുറയ്ക്കരുതാരും.... സൂക്ഷ്മതക്കുറവ് കൊണ്ട് വരാവുന്ന അപകടങ്ങൾ വലുതാണ്. നമ്മെ പ്രതീക്ഷിച്ച്, നമ്മെ ആശ്രയിച്ച് ഒരു കുടുബത്തിന്റെ ഖൽബ് തുടിക്കുന്നുണ്ടെന്ന വിചാരം എപ്പോഴുമുണ്ടാവട്ടെ
അപകടങ്ങളിൽ നിന്നും അബദ്ധങ്ങളിൽ നിന്നും നമ്മെ എല്ലാവരെയും ലോകരക്ഷിതാവ് കാത്തുരക്ഷിയ്ക്കട്ടെ എന്ന പ്രാർത്ഥനയോടെ
യു.എ.ഇ ട്രാഫിക് ഫൈൻ ലിസ്റ്റ് ഇവിടെ കാണാം . അബദ്ധങ്ങൾക്കും ഫൈൻ ഉണ്ടോ എന്തോ !
Wednesday, May 5, 2010
കുറ്റവാളികളെ സ്വതന്ത്രരാക്കൂ..
കുറ്റങ്ങളും കുറവുകളും ഏറെ നിരത്തിയാലും ലോകത്ത് ഇന്ന് നിലവിലുള്ള ജനാധിപത്യ രാജ്യങ്ങളിൽ മഹത്തായ ജനാധിപത്യ രീതി നടപ്പിലാക്കുന്നതിൽ ശ്രദ്ധയുള്ള രാജ്യമെന്ന നിലയ്ക്ക് ഇന്ത്യാമഹാരാജ്യം മറ്റ് രാജ്യങ്ങൾക്ക് എന്നും മാതൃകയാണെന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനാർഹമാണ്. രാജ്യത്തിന്റെ യുവ രക്തത്തിന്റെ പ്രതീകമായിരുന്ന രാജീവ്ഗാന്ധിയുടെ അതിദാരുണമയ അന്ത്യത്തിനു കാരണമായ ചാവേർ ആക്രമണത്തിലെ ഒരു പ്രധാന കുറ്റവാളിയെ വെറുതെ വിടണമെന്ന് വാദിക്കാൻ കൊല്ലപ്പെട്ടവരുടെ ഉറ്റവർ തന്നെ മുന്നോട്ട് വന്ന പാരമ്പര്യമാണ് നമുക്കുള്ളത് (അത് ശരിയോ തെറ്റോ എന്നുള്ളത് കോടതിക്ക് വിടാം). നമ്മുടെ രാജ്യത്ത് ഇന്നും (പല ആരോപണങ്ങൾക്കിടയിലും) സാധാരണക്കാരായ ജനങ്ങൾ അവസാന അഭയമായി കാണുന്നത് ഇന്ത്യൻ നീതിപീഢത്തെതന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഉത്തരേന്ത്യയിലും മറ്റും ജനങ്ങൾ കുറ്റവാളികളെയും കുറ്റവളികളെന്ന് ആരോപിച്ച് നിരപരാധികളെയും നിയമ പാലകരുടെ മുന്നിൽ വെച്ച് പോലും ക്രൂരമായി പീഢിപ്പിച്ച് കൊലപ്പെടുത്തുന്ന സംഭവങ്ങൾ ഇടയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്നത് നാം കേരളിയർ ഞെട്ടലോടെ അറിയുകയും അത്തരം പ്രവണതകൾക്കെതിരെ നില കൊള്ളുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈയടുത്ത നാളുകളിൽ കേരളത്തിന്റെ മണ്ണിൽ അത്തരം ജനകീയ വിചാരണകൾ എന്ന പേരിൽ നടന്ന മനുഷ്യവകാശ ധ്വംസനങ്ങൾ പ്രത്യേകിച്ച സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടന്നതും നമ്മൾ മൂക്കത്ത് വിരൽ വെച്ചും തലയിൽ കൈവെച്ചും കണ്ടു. നിരാശാജനകമെന്ന് പറയട്ടെ അതിനെ അനുകൂലിച്ചുള്ള അഭിപ്രായങ്ങളും ഉയർന്നത്.
അടുത്ത നാളിൽ ഒരു വീട്ടമ്മയെ നിഷ്ഠൂരം കഴുത്തറുത്ത് കൊല ചെയ്ത ആളെ പോലീസ് അതിക്രൂരമായി തന്നെ പീഢിപ്പിച്ച് കൊലപ്പെടുത്തിയ സംഭവമുണ്ടായി. സ്വാഭാവികമായും ഒരു മനുഷ്യ ജീവനെ കോഴിയെ അറുക്കുന്ന ലാഘവത്തോടെ ഇല്ലാതാക്കിയ നരാധമന് സമൂഹത്തിൽ ജീവിക്കാൻ അർഹതയില്ല .അവന് ഇന്ത്യൻ ശിക്ഷാ നിയമം അനുശാസിക്കുന്ന പരാമവധി ശിക്ഷ തന്നെ നൽകണം. (കുറ്റവാളികൾ മുഴുവനും ശിക്ഷിക്കപ്പെടുന്നുണ്ടോ എന്നതും നിരപരാധികൾ ക്രൂശിക്കപ്പെടുന്നുണ്ടോ എന്നതും മറ്റൊരു വിഷയം) എന്നാൽ വിചാരണ കൂടാതെ തികച്ചും പ്രാകൃതമായി നടന്ന ശിക്ഷാവിധി ഒരു ജനാധിപത്യ വിശ്വാസിക്ക് അനുകൂലിക്കാൻ കഴിയില്ല. അതിനാൽ തന്നെയാണ് പോലീസിന്റെ ക്രൂരമായ നടപടിക്കെതിരെ ശബ്ദമുയർന്നത്.
ജനങ്ങളുടെ അഭിപ്രായങ്ങളിലും ആശയങ്ങളിലും ഉള്ള മാറ്റങ്ങൾക്ക് ചെറുതല്ലാത്ത ഒരു പങ്കാണ് ഇവിടെ ഫോർത്ത് എസ്റ്റേറ്റ് എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന മാധ്യമങ്ങൾ നിർവഹിക്കുന്നത്. അത് ചിലപ്പോൾ ഗുണപരമായും മറ്റ് ചിലപ്പോൾ വളരെ അപകടകരാമായ പ്രവണതയ്ക്കും വഴിവെക്കുന്നുണ്ട്. ഒരു നന്മയെ പരിഹാസ്യമായി ചിത്രീകരിക്കാനും തിന്മയെ വളരെ ലാഘവത്തോടെ ലഘൂകരിച്ച് സമൂഹത്തിന്റെ മനസിലേക്ക് കുത്തിവെക്കാനും പത്ര, റേഡോയോ, ടെലിവിഷൻ മാധ്യമങ്ങൾ സംഘടിതമായും (മാധ്യമ സിൻഡിക്കേറ്റ് എന്നത് ഒരു വസ്തുതയാണെന്ന് തോന്നുന്ന രീതിയിൽ) , അതിലെ അവതാരകരുടെ മനസിലെ ചില അപക്വമായ മനസ്ഥിതിയിലൂടെയും ശ്രമിയ്ക്കുന്നത് ഒരു നഗ്ന സത്യം തന്നെ
കുറ്റങ്ങൾ എത്ര ചെറുതായാലും വലുതായാലും അതിനുള്ള നടപടിക്രമങ്ങളിലൂടെ അർഹമായ ശിക്ഷ നടപ്പിലാക്കപ്പെടട്ടെ മാതൃകാപരമായി തന്നെ. അല്ലാതെ ജനങ്ങൾ കൈകാര്യം ചെയ്യുന്ന രീതി അരാജകത്വത്തിലേക്ക് രാജ്യത്തെ നയിക്കാനേ ഉപകരിക്കൂ. കുറ്റം ചെയ്തവനെ ജനങ്ങൾക്ക് വിട്ടു കൊടുക്കൂ ജനം ശിക്ഷ നടപ്പിലാക്കട്ടെ എന്ന രീതിയിലുള്ള തോന്നലുകൾ ചിലപ്പോൾ സ്വഭാവികമായും(അത് ഒരു പക്ഷെ അസംസ്കൃത മനസിന്റെ വികാരവിക്ഷോപം കൊണ്ടാവാം) നമുക്കുണ്ടാവാം. നമ്മുടെ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രാജ്യത്തെ മൂന്ന് നാൾ മുൾമുനയിൽ നിർത്തിയ ഭീകരരുടെ കാര്യത്തിലും (പിന്നണിയിൽ പ്രവർത്തിച്ചവരെ തിരിച്ചറിഞ്ഞിട്ടും നാവനക്കാൻ വയ്യാത്ത വിനീത വിധേയത്വം പേറുന്ന അടിമത്വത്തിലാണ് രാജ്യം ഭരിക്കുന്നവർ പക്ഷെ ) ഈ ഒരു തോന്നൽ ഉണ്ടാവുക സ്വാഭാവികം. അത് പക്ഷെ ഒരു ജനകീയ മാധ്യമത്തിലൂടെ ഒരു അവതാരകൻ വിളിച്ച് പറയുക എന്നത് മിതമായി പറഞാൽ ഖേദകരം
പുലർകാല വേളയിൽ വേദാന്തങ്ങളും ദർശനങ്ങളും ശ്രോതാക്കൾക്ക് പങ്ക് വെക്കുന്ന ഒരു മാന്യ റേഡിയോ അവതാരകന്റെ അഭിപ്രായ പ്രകടനമാണ് ഈ കുറിപ്പിന് ആധാരം. മുംബൈ ഭീകരാക്രമണത്തിലെ പ്രതി കസബിന്റെ ശിക്ഷ എന്തായിരിക്കണമെന്ന് സഹ അവതാരകയോടുള്ള ചർച്ചയിൽ ,അദ്ദേഹത്തിന്റെ അഭിപ്രായം. ‘കസബിനെ സ്വതന്ത്രനാക്കണം’ എന്നായിരുന്നു. കേട്ടിരിക്കുന്നവരെ പോലെ അവതാരകയും പകച്ചെന്ന് തോന്നുന്നു. ഉടനെ വന്നു വിശദീകരണം. ‘കസബിനെ മുംബെയിലേക്ക് സ്വതന്ത്രമാക്കി വിടണം’ബാക്കി ജനങ്ങൾ ചെയ്തു കൊള്ളുമെന്ന്.!!
ഈ അഭിപ്രായം വ്യക്തിപരമായി അദ്ദേഹത്തെപോലെ പലർക്കും ഉണ്ടായേക്കാം .കാരണം പൊറുക്കാനാവാത്ത പാതകമാണ് നമ്മുടെ രാജ്യത്തോടും ജനങ്ങളോടും ആ ഭീകരനും അവനെ ഭീകരനാക്കി വളർത്തിയവരും ചെയ്തത്. എന്നാൽ ഈ വക അഭിപ്രായ പ്രകടനങ്ങൾ ഒരു ജനകീയ മാധ്യമം വഴി വിളിച്ച് പറയുന്നത് എത്രമേൽ അഭികാമ്യമാണ് ? ജനങ്ങളെല്ലാം ഈ വഴി ചിന്തിച്ചാൽ ,(ഈ ഒരാളുടെ അപക്വമായ അഭിപ്രായം കേട്ട ഉടനെ എല്ലാവരും ആ വഴിക്ക് ചിന്തിക്കും അതിനു വേണ്ടി നിരാഹാര സമരം ആരംഭിയ്ക്കും എന്നൊന്നും ഉള്ള അഭിപ്രായം എനിക്കില്ല പക്ഷെ ഈ പ്രവണത മറ്റുള്ളവരും അനുധാവനം ചെയ്ത് തുടങ്ങിയാൽ !! ) ഇങ്ങിനെ ശിക്ഷ നടപ്പിലാക്കാൻ തുടങ്ങിയാൽ എന്തായിരിക്കും നമ്മുടെ രാജ്യത്തിന്റെ അവസ്ഥ ?!
പ്രിയ അവതാരകരേ, മാധ്യമ പ്രവർത്തകരേ നിങ്ങളുടെ ധർമ്മം നിങ്ങൾക്ക് ഏല്പിക്കപ്പെട്ട ജോലി അതൊക്കെ ആത്മാർത്ഥമായും കൃത്യമായും പക്ഷപാതമില്ലാതെയും നിർവഹിക്കാൻ ശ്രമിയ്ക്കുക. ഇത്തരം ഗിർവാണങ്ങൾ അനുചിതമാണെന്ന് മാത്രം ഉണർത്തട്ടെ. അതല്ല ഈ അഭിപ്രായത്തിൽ തന്നെ ഉറച്ച് നിൽക്കയാണെങ്കിൽ ഒരു കാര്യം ചെയ്യാം .അത് ഈ മാധ്യമങ്ങൾക്ക് അല്പം കാശുണ്ടാക്കാനുള്ള മാർഗവുമാണ്. അത് ഇങ്ങിനെ,
ഒരു കുറ്റവാളി പിടിക്കപ്പെടുന്നു. കുറ്റം തെളിയിക്കപ്പെടുകയോ തെളിയികപ്പെടാതിരിക്കയോ ചെയ്യുന്നു. പിന്നെ ജനങ്ങളുടെ ഊഴമാണ്. എസ്.എം. എസ്. അയക്കാൻ. ഫോമാറ്റ് ഇങ്ങിനെയാവാം ( പിടിക്കപ്പെട്ടവന്റെ പേര് -സ്പേസ്- കൊടുക്കേണ്ട ശിക്ഷ -സ്പേസ്-നടപ്പിലാക്കേണ്ട സ്ഥലം-സ്പേസ്- നിങ്ങളുടെ പേര് )
വേഗമാകട്ടെ സമയം കളയണ്ട !
===============================================
20/11/2010
ഈ പ്രതികരണം മലയാളം.കോമിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഇവിടെ വായിക്കാം.
നന്ദി