Sunday, February 16, 2014

എക്സ്ടാ ബിൽ !


സുഹൃത്ത് ബാബുവിന്റെ  ഷോപ്പിൽ പതിവുള്ള  വിസിറ്റ് നടത്താമെന്ന് കരുതിയിറങ്ങിയതായിരുന്നു. ഷോപ്പിനടുത്തെത്തിയപ്പോൾ അവൻ ധൃതിയിൽ പുറത്തേക്ക് വരുന്നത് കണ്ടു.. വാ നമുക്ക് ADDC  (Abu Dhabi Distribution company )ഓഫീസ് വരെയൊന്ന് പോയിവരാം. ഇലക്ട്രിസിറ്റിയുടെ എക്സ്ട്രാ ബിൽ തെറ്റായി വന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഞാൻ കടയുടെ ലൈസൻസ് പുതുക്കുന്നതിനു മുന്നെ എല്ലാ ബാലൻസും ക്‌ളിയറാക്കിയതാ..എന്നിട്ടിപ്പോ എക്സ്ട്രാ ബില്ലടക്കാൻ മെസ്സേജ് വന്നിരിക്കുന്നു.  ഓഫീസിൽ നേരിട്ട് പോയി അന്വേഷിക്കാം. എന്നാൽ അതൊന്ന് അന്വേഷിച്ചിട്ടു തന്നെ ബാക്കി കാര്യം... മുമ്പൊരിക്കൽ കാറിന്റെ രജിസ്ട്രേഷൻ പുതുക്കുന്ന സമയത്ത് ,  ഓവർസ്പ്പിഡിനു 400 ദിർഹം  ഫൈൻ വന്നതും  ഫൈൻ രേഖപ്പെടുത്തിയ ദിവസം ഞാൻ നാട്ടിൽ പോയിരിക്കയായിരുന്നെന്നും മാത്രമല്ല ,കേമറ അടിച്ചതായി പറയുന്ന ‘റാസൽ ഖൈമ‘ യിലേക്ക്  പോവാനുള്ള വഴി തന്നെ എനിക്കറിയില്ലെന്നുമൊക്കെ  പറഞ്ഞ് അവസാനം നാലഞ്ച് ഓഫീസിൽ മാറി മാറി നടന്ന്  അത് കാമറകണ്ണിനു പറ്റിയ തെറ്റാണെന്ന് മനസിലാക്കി എന്റെ ഫൈൻ ഒഴിവാക്കിയതും മറ്റുമായ പൂർവ്വകാല ചരിത്രങ്ങൾ പങ്ക് വെച്ച് ഞങ്ങൾ ഓഫീസിലെത്തി ചേർന്നതറിഞ്ഞില്ല.

റിസപ്ഷനിൽ നിന്നുള്ള നിർദ്ദേശ പ്രകാരം ഒരു കൌണ്ടറിൽ ചെന്ന് വിവരം പറഞ്ഞു. അയാൾ കസ്റ്റമർ നമ്പർ വാങ്ങി സിസ്റ്റത്തിൽ ചെക്ക് ചെയ്ത്. നിങ്ങൾ ബില്ലെല്ലാം രണ്ടാഴ്ചമുന്നെ സെറ്റിൽ ചെയ്തതാ‍ണല്ലോ. എക്സ്ട്രാ ബിൽ ഉള്ളതായോ അങ്ങിനെ ഒരു ബിൽ മെസേജ് അയച്ചതായോ കാണുന്നില്ലല്ലോ ..ചിലപ്പോൾ കസ്റ്റമർ ടെലിഫോൺ നമ്പർ തെറ്റായി വന്നതായിരാക്കാം.  നിങ്ങൾക്ക് വന്ന മെസേജ് ഒന്ന് കാണിക്കാമോ എന്ന് ചോദിച്ചു. സുഹൃത്ത്  ഫോണിൽ മെസേജ്  വന്നത് ഓപ്പൺ ചെയ്ത് കൌണ്ടറിലിരിക്കുന്ന ആൾക്ക് ഫോൺ കൈമാറി അദ്ധേഹം അതൊന്ന് നോക്കി എന്നിട്ട് ഞങ്ങളെ നോക്കി.. എന്നിട്ട് ചിരിച്ച് കൊണ്ട് അടുത്തിരുന്ന ആൾക്ക് ഫോൺ കൈമാറി. ഇവർ ഈ ബില്ലടക്കാൻ വന്നതാണെന്ന് പറഞ്ഞ് വീണ്ടു ചിരിച്ചു.  അയാളും ആ മെസേജൊന്നു നോക്കി പിന്നെ ഞങ്ങളെയും ഫോൺ കൊടുത്ത മറ്റാളേയും നോക്കി. പരസ്പരം ചിരിച്ചു..അതിനിടക്ക് ഒരു അറബി പെണ്ണ് അവർക്കരികിലേക്ക് വന്നു  പിന്നെ അവൾക്കും ആ മെസേജ് കാണിച്ച് ബില്ലടക്കാൻ വന്ന വിവരം പറഞ്ഞു. അവളും അവരുടെകൂടെ  ഞങ്ങള നോക്കി ചിരി തുടങ്ങി. എന്നിട്ടവളുടെ വക ഒരു സർട്ടിഫിക്കറ്റും ‘മിസ്കീൻ’ (പാവങ്ങൾ). ഞങ്ങൾ ചിരിക്കണോ അതോ കരയണോ എന്ന അവസ്ഥയിൽ നിൽക്കുകയാണ്.

 ശെടാ‍ാ ഇവന്മാർക്ക് വട്ടായോ ..എക്സ്ട്രാ ബിൽ മെസേജ് വായിച്ചിട്ട്  ചിരിക്കുന്നവരെ ആദ്യമായി കാണുകയാണല്ലോ ! ഇനി ഇത് വല്ല  തരികിട പറ്റിക്കൽസ് പരിപാടിയുടെ ഭാഗവുമാണോ ? ഞങ്ങളിപ്പോൾ ഓൺ എയറിൽ സം‌പ്രേഷണം ചെയ്യപ്പെട്ടു കൊണ്ടിരിക്കയാണോ.. സംശയങ്ങൾ പലതും മിന്നി മറഞ്ഞു..  സംശയങ്ങൾക്ക് വിരാമമിട്ടു കൊണ്ട് കൌണ്ടറിലിരുന്ന അറബി പറഞ്ഞു..  പ്രിയ സുഹൃത്തുക്കളേ.. ഈ ബില്ലടക്കാനാണോ നിങ്ങളിപ്പോൾ വന്നത് ? ഹ..ഹ. അത് നന്നായി.. എന്തായാലും നിങ്ങളിതുവരെ വന്നതല്ലേ. പുതുവത്സാരാശംസകൾ ഞങ്ങൾ നേരിൽ നേർന്ന് കൊള്ളുന്നു.. നിങ്ങൾക്ക് പോകാം.. അപ്പോൾ ഈ ഈ ബില്ല്‌ തെറ്റായിരുന്നോ ?   ..അത്  ബില്ലടക്കാനുള്ള മെസേജല്ല. .. നിങ്ങൾ ആ മെസേജ് ശരിക്കും നോക്കിയില്ലെന്ന് തോന്നുന്നു എന്ന് പറഞ്ഞ് മൊബൈൽ ഞങ്ങാൾക്ക് തന്നെ തിരിച്ചു തന്ന്നു.

മെല്ലെ ഓഫീസിൽ നിന്ന് സ്കൂട്ടായി പുറത്ത് വന്നു ..പിന്നെ മെസേജ് തുറന്ന്  വിശദമായി നോക്കി..   .. ADDC എന്നും 1435  എന്നും കണ്ടപ്പോൾ ബാക്കി ഒന്നും നോക്കാൻ നിൽക്കാതെ ചാടിപുറപ്പെട്ട  ഞങ്ങൾ  ചാനൽ വാർത്ത കണ്ട് സ്റ്റാറ്റസിട്ടവരെപ്പോലെ ബ്‌ളിങ്കസ്യാ നിന്നു.. പക്ഷെ  ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. .. സൈക്കിളിൽ നിന്ന് വീണ ചിരിയായിരുന്നു എന്ന് മാത്രം .. 
J
  (  മുഹറം 1 , ഇസ്‌ലാമിക് ന്യൂ ഇയർ 1435  പിറന്നതിന്റെ ആശംസകൾ നേർന്ന് കൊണ്ട്  ADDC ഓഫീസിൽ നിന്നും അയച്ച സന്ദേശമായിരുന്നു അത്.. )

21 comments:

ബഷീർ said...

ഞങ്ങൾ ചാനൽ വാർത്ത കണ്ട് സ്റ്റാറ്റസിട്ടവരെപ്പോലെ ബ്‌ളിങ്കസ്യാ നിന്നു.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഇങ്ങിനെയുള്ള അബദ്ധങ്ങള്‍ ആര്‍ക്കും പറ്റും.. പക്ഷെ, എല്ലാവരും അത് സമ്മതിക്കില്ല..

drpmalankot said...

ബ്‌ളിങ്കസ്യാ............ :)

ajith said...

ഹഹഹ
ബ്ലിങ്ങസ്യ!!!!

പട്ടേപ്പാടം റാംജി said...

എല്ലാ അബദ്ധങ്ങളും ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ വക നല്‍കും.

Sidheek Thozhiyoor said...

ഇതിപ്പോ ആദ്യത്തെതൊന്നുമല്ലല്ലോ എന്ന് കരുതി സമാധാനിക്ക്..

OAB/ഒഎബി said...

അതെങ്ങനെ, എന്നെപ്പോലെ നിങ്ങൾക്ക് ഇംഗ്ലീഷും അറബിയും വായിച്ച് അർത്ഥം വക്കാൻ അറിയില്ലൊ. മണ്ടന്മാർ....ഛെ.

അലുമിനിയം ചാനലല്ലാതെ ഞാൻ ടിവി ചാനൽ കണാറും ഇല്ല.

കാസിം തങ്ങള്‍ said...

ഒരു പറ്റൊക്കെ ആര്‍ക്കും തെറ്റും.സാരല്ല്യ.

Manu said...

നാട്ടിലാരുന്നേൽ 1435 രൂപ അടച്ചു രസീത് കിട്ടിയേനെ, മ്മടെ സർക്കാരാപ്പീസ്

ഫൈസല്‍ ബാബു said...

ഒരു തെറ്റ് ഏതു ബഷീറിയനും പറ്റും എന്ന് മനസ്സിലായില്ലേ ??അങ്ങിനെ തന്നെ വേണം :)

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു എക്സ്ട്രാ മെസേജ്
ഒരു എക്സ്ട്രാ ബില്ലാക്കി
ഒരു എക്സ്ട്രാ ചിരി സമ്മാനിച്ചു

kochumol(കുങ്കുമം) said...

ഹി ഹി എനിക്കും പറ്റീട്ടുണ്ടല്ലോ ഇതേപോലുള്ള മണ്ടത്തരങ്ങള്‍ ..:)

ആരും അറിയേണ്ടാ മണ്ടത്തരങ്ങളുടെ ആശാട്ടിയാ ഞാന്‍ ..:)

ബഷീർ said...

@മുഹമ്മദ് ആറങ്ങോട്ട് കര,
അബദ്ധങ്ങളുടെ ഘോഷയാത്രകളിൽ നിന്ന്

അനുഭവങ്ങളുടെ പാഠമുൾകൊള്ളാം അല്ലേ :) വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

@ ഡോ.പി.മാലങ്കോട്, ‌
@ അജിത്,

ബ്‌ളിങ്കസ്യാ ഇഷ്ടായല്ലേ :‌) സന്തോഷം...

@ പട്ടേപാടം റാംജി,

അതെ ..പക്ഷെ ചില അബദ്ധങ്ങൾ അപകടങ്ങൾ ക്ഷണിച്ച് വരുത്തും :(


@ സിദ്ധീഖ് തൊഴിയൂർ, ഉം..

നിങ്ങൾക്കൊക്കെ എപ്പോഴും പറ്റുന്നത് ഞങ്ങൾക്ക് കൊല്ലത്തിലൊരിക്കൽ പറ്റിയത് അത്ര ഇഷ്യൂ ആക്കണ്ട ഇക്കാക്കാ ;)

ബഷീർ said...

@ ഒഎബി,

അതൊക്കെ അറിയുമായിരുന്നെങ്കിൽ പിന്നെ ഇവിടിങ്ങിനെ കടിച്ചു തൂങ്ങി നിൽക്കുമായിരുന്നോ കാക്കാ..:) ഞമ്മളും ഒരു ചാലും അല്ല ചാനലും കാണാറില്ലിപ്പോൾ

@ കാസിം തങ്ങൾ ,

അല്ല പിന്നെ 32 നാവിന്റെ ഇടക്കുള്ള ഒരു പല്ലിനു വരെ തെറ്റു പറ്റുന്നു.. @ മനു, ഹ..ഹ അതുള്ളതാ..എപ്പ കിട്ടിയെന്ന് ചോദിച്ചാ മതി..

@ ഫൈസൽ ബാബു,

നിങ്ങൾക്ക് സന്തോഷായതിനാൽ ഞങ്ങൾക്കും സന്തോഷം..:)

@ബിലാത്തിപട്ടണം ..

ഈ എക്സ്ടാ കമന്റിനു പെരുത്ത് സന്തോഷം ഭായ്,

@ കൊച്ചുമോൾ,

പറ്റീന്ന് പറഞ്ഞാൽ മതി :) ഞാനരോടും പറയുന്നില്ല പോരേ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മലബാരീങ്ങളുടെ ചീത്തപ്പേര് നിലനിര്‍ത്താന്‍ ഇറങ്ങിയിരിക്കുന്നു രണ്ടെണ്ണം :) ....

Aarsha Abhilash said...

ഈ ബ്ലിങ്ക്സ്യയ്ക് ഒരേ ഒരു കമന്റ് മാത്രേ ഉള്ളൂ ബായീ "പ്ലിംഗ്! " :)

ശ്രീ said...

സാരല്യ, നമ്മള്‍ ഇത്രേം പേരല്ലാതെ വേറാരുമറിയണ്ട ;)

ബഷീർ said...

@ഇസ്മായില്‍ കുറുമ്പടി (തണല്‍)

നമ്മളെകൊണ്ട് ആവുന്നപോലെയൊക്കെ ശ്രമിക്കണ്ടേ ഭായ് :)


@Aarsha Sophy Abhilash,

ആയിക്കോട്ടെ.. ഒരു പറ്റല്ലെ തെറ്റിയുള്ളൂ

@ശ്രീ ,

ഇനി ആരോടെങ്കിലും പറയുകയാണെങ്കിൽ അവരോടെ പറയണം വേറെ ആരോടും പറയരുതെന്ന്..

K C G said...

കാള പെറ്റെന്ന് ബാബു പറഞ്ഞു... ഉടനെ കയറും എടുത്തു കൂടെപ്പോയി ബഷീർ... ചക്കിക്ക് ഒത്ത ചങ്കരനെന്നോ ഈനാം‌പേച്ചിക്കു മരപ്പട്ടി കൂട്ടൊന്നൊ ഒക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ....... :)

(റെഫി: ReffY) said...

അത്യാവശ്യത്തിനു അറബിയും തമിഴും ഹിന്ദിയും ഇംഗ്ലീഷും പഠിച്ചില്ലെങ്കില്‍ ഗള്‍ഫില്‍ പെട്ടത് തന്നെ. ഇങ്ങനെ എത്രയെത്ര അബദ്ധങ്ങള്‍! നന്നായിട്ടുണ്ട് ബഷീര്‍

ബഷീർ said...

@ഗീതേച്ചി,

എന്നാലും.. ഞാനാരായി..

@ റെഫി,

അബദ്ധങ്ങളുടെ ഒരു സംസ്ഥാന സമ്മേളനമല്ലേ ജീവിതം :)


All my dear..thank you for your visit and comment ..ആറുമാസത്തിലധികമായി ബ്‌ളോഗെഴുതി ബോറടിപ്പിച്ചിട്ട്. തിരിച്ച് വന്നാലോ എന്നാലോചിക്കാതെയല്ല.. എന്തായാലും എല്ലാവർക്കും സ്നേഹത്തോടെ ഈ ഓണ നുറുങ്ങ് സമർപ്പിക്കുന്നു.. ഓർമ്മകളിലൂടെ വീണ്ടും

Related Posts with Thumbnails