കുറ്റങ്ങളും കുറവുകളും ഏറെ നിരത്തിയാലും ലോകത്ത് ഇന്ന് നിലവിലുള്ള ജനാധിപത്യ രാജ്യങ്ങളിൽ മഹത്തായ ജനാധിപത്യ രീതി നടപ്പിലാക്കുന്നതിൽ ശ്രദ്ധയുള്ള രാജ്യമെന്ന നിലയ്ക്ക് ഇന്ത്യാമഹാരാജ്യം മറ്റ് രാജ്യങ്ങൾക്ക് എന്നും മാതൃകയാണെന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനാർഹമാണ്. രാജ്യത്തിന്റെ യുവ രക്തത്തിന്റെ പ്രതീകമായിരുന്ന രാജീവ്ഗാന്ധിയുടെ അതിദാരുണമയ അന്ത്യത്തിനു കാരണമായ ചാവേർ ആക്രമണത്തിലെ ഒരു പ്രധാന കുറ്റവാളിയെ വെറുതെ വിടണമെന്ന് വാദിക്കാൻ കൊല്ലപ്പെട്ടവരുടെ ഉറ്റവർ തന്നെ മുന്നോട്ട് വന്ന പാരമ്പര്യമാണ് നമുക്കുള്ളത് (അത് ശരിയോ തെറ്റോ എന്നുള്ളത് കോടതിക്ക് വിടാം). നമ്മുടെ രാജ്യത്ത് ഇന്നും (പല ആരോപണങ്ങൾക്കിടയിലും) സാധാരണക്കാരായ ജനങ്ങൾ അവസാന അഭയമായി കാണുന്നത് ഇന്ത്യൻ നീതിപീഢത്തെതന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഉത്തരേന്ത്യയിലും മറ്റും ജനങ്ങൾ കുറ്റവാളികളെയും കുറ്റവളികളെന്ന് ആരോപിച്ച് നിരപരാധികളെയും നിയമ പാലകരുടെ മുന്നിൽ വെച്ച് പോലും ക്രൂരമായി പീഢിപ്പിച്ച് കൊലപ്പെടുത്തുന്ന സംഭവങ്ങൾ ഇടയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്നത് നാം കേരളിയർ ഞെട്ടലോടെ അറിയുകയും അത്തരം പ്രവണതകൾക്കെതിരെ നില കൊള്ളുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈയടുത്ത നാളുകളിൽ കേരളത്തിന്റെ മണ്ണിൽ അത്തരം ജനകീയ വിചാരണകൾ എന്ന പേരിൽ നടന്ന മനുഷ്യവകാശ ധ്വംസനങ്ങൾ പ്രത്യേകിച്ച സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടന്നതും നമ്മൾ മൂക്കത്ത് വിരൽ വെച്ചും തലയിൽ കൈവെച്ചും കണ്ടു. നിരാശാജനകമെന്ന് പറയട്ടെ അതിനെ അനുകൂലിച്ചുള്ള അഭിപ്രായങ്ങളും ഉയർന്നത്.
അടുത്ത നാളിൽ ഒരു വീട്ടമ്മയെ നിഷ്ഠൂരം കഴുത്തറുത്ത് കൊല ചെയ്ത ആളെ പോലീസ് അതിക്രൂരമായി തന്നെ പീഢിപ്പിച്ച് കൊലപ്പെടുത്തിയ സംഭവമുണ്ടായി. സ്വാഭാവികമായും ഒരു മനുഷ്യ ജീവനെ കോഴിയെ അറുക്കുന്ന ലാഘവത്തോടെ ഇല്ലാതാക്കിയ നരാധമന് സമൂഹത്തിൽ ജീവിക്കാൻ അർഹതയില്ല .അവന് ഇന്ത്യൻ ശിക്ഷാ നിയമം അനുശാസിക്കുന്ന പരാമവധി ശിക്ഷ തന്നെ നൽകണം. (കുറ്റവാളികൾ മുഴുവനും ശിക്ഷിക്കപ്പെടുന്നുണ്ടോ എന്നതും നിരപരാധികൾ ക്രൂശിക്കപ്പെടുന്നുണ്ടോ എന്നതും മറ്റൊരു വിഷയം) എന്നാൽ വിചാരണ കൂടാതെ തികച്ചും പ്രാകൃതമായി നടന്ന ശിക്ഷാവിധി ഒരു ജനാധിപത്യ വിശ്വാസിക്ക് അനുകൂലിക്കാൻ കഴിയില്ല. അതിനാൽ തന്നെയാണ് പോലീസിന്റെ ക്രൂരമായ നടപടിക്കെതിരെ ശബ്ദമുയർന്നത്.
ജനങ്ങളുടെ അഭിപ്രായങ്ങളിലും ആശയങ്ങളിലും ഉള്ള മാറ്റങ്ങൾക്ക് ചെറുതല്ലാത്ത ഒരു പങ്കാണ് ഇവിടെ ഫോർത്ത് എസ്റ്റേറ്റ് എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന മാധ്യമങ്ങൾ നിർവഹിക്കുന്നത്. അത് ചിലപ്പോൾ ഗുണപരമായും മറ്റ് ചിലപ്പോൾ വളരെ അപകടകരാമായ പ്രവണതയ്ക്കും വഴിവെക്കുന്നുണ്ട്. ഒരു നന്മയെ പരിഹാസ്യമായി ചിത്രീകരിക്കാനും തിന്മയെ വളരെ ലാഘവത്തോടെ ലഘൂകരിച്ച് സമൂഹത്തിന്റെ മനസിലേക്ക് കുത്തിവെക്കാനും പത്ര, റേഡോയോ, ടെലിവിഷൻ മാധ്യമങ്ങൾ സംഘടിതമായും (മാധ്യമ സിൻഡിക്കേറ്റ് എന്നത് ഒരു വസ്തുതയാണെന്ന് തോന്നുന്ന രീതിയിൽ) , അതിലെ അവതാരകരുടെ മനസിലെ ചില അപക്വമായ മനസ്ഥിതിയിലൂടെയും ശ്രമിയ്ക്കുന്നത് ഒരു നഗ്ന സത്യം തന്നെ
കുറ്റങ്ങൾ എത്ര ചെറുതായാലും വലുതായാലും അതിനുള്ള നടപടിക്രമങ്ങളിലൂടെ അർഹമായ ശിക്ഷ നടപ്പിലാക്കപ്പെടട്ടെ മാതൃകാപരമായി തന്നെ. അല്ലാതെ ജനങ്ങൾ കൈകാര്യം ചെയ്യുന്ന രീതി അരാജകത്വത്തിലേക്ക് രാജ്യത്തെ നയിക്കാനേ ഉപകരിക്കൂ. കുറ്റം ചെയ്തവനെ ജനങ്ങൾക്ക് വിട്ടു കൊടുക്കൂ ജനം ശിക്ഷ നടപ്പിലാക്കട്ടെ എന്ന രീതിയിലുള്ള തോന്നലുകൾ ചിലപ്പോൾ സ്വഭാവികമായും(അത് ഒരു പക്ഷെ അസംസ്കൃത മനസിന്റെ വികാരവിക്ഷോപം കൊണ്ടാവാം) നമുക്കുണ്ടാവാം. നമ്മുടെ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രാജ്യത്തെ മൂന്ന് നാൾ മുൾമുനയിൽ നിർത്തിയ ഭീകരരുടെ കാര്യത്തിലും (പിന്നണിയിൽ പ്രവർത്തിച്ചവരെ തിരിച്ചറിഞ്ഞിട്ടും നാവനക്കാൻ വയ്യാത്ത വിനീത വിധേയത്വം പേറുന്ന അടിമത്വത്തിലാണ് രാജ്യം ഭരിക്കുന്നവർ പക്ഷെ ) ഈ ഒരു തോന്നൽ ഉണ്ടാവുക സ്വാഭാവികം. അത് പക്ഷെ ഒരു ജനകീയ മാധ്യമത്തിലൂടെ ഒരു അവതാരകൻ വിളിച്ച് പറയുക എന്നത് മിതമായി പറഞാൽ ഖേദകരം
പുലർകാല വേളയിൽ വേദാന്തങ്ങളും ദർശനങ്ങളും ശ്രോതാക്കൾക്ക് പങ്ക് വെക്കുന്ന ഒരു മാന്യ റേഡിയോ അവതാരകന്റെ അഭിപ്രായ പ്രകടനമാണ് ഈ കുറിപ്പിന് ആധാരം. മുംബൈ ഭീകരാക്രമണത്തിലെ പ്രതി കസബിന്റെ ശിക്ഷ എന്തായിരിക്കണമെന്ന് സഹ അവതാരകയോടുള്ള ചർച്ചയിൽ ,അദ്ദേഹത്തിന്റെ അഭിപ്രായം. ‘കസബിനെ സ്വതന്ത്രനാക്കണം’ എന്നായിരുന്നു. കേട്ടിരിക്കുന്നവരെ പോലെ അവതാരകയും പകച്ചെന്ന് തോന്നുന്നു. ഉടനെ വന്നു വിശദീകരണം. ‘കസബിനെ മുംബെയിലേക്ക് സ്വതന്ത്രമാക്കി വിടണം’ബാക്കി ജനങ്ങൾ ചെയ്തു കൊള്ളുമെന്ന്.!!
ഈ അഭിപ്രായം വ്യക്തിപരമായി അദ്ദേഹത്തെപോലെ പലർക്കും ഉണ്ടായേക്കാം .കാരണം പൊറുക്കാനാവാത്ത പാതകമാണ് നമ്മുടെ രാജ്യത്തോടും ജനങ്ങളോടും ആ ഭീകരനും അവനെ ഭീകരനാക്കി വളർത്തിയവരും ചെയ്തത്. എന്നാൽ ഈ വക അഭിപ്രായ പ്രകടനങ്ങൾ ഒരു ജനകീയ മാധ്യമം വഴി വിളിച്ച് പറയുന്നത് എത്രമേൽ അഭികാമ്യമാണ് ? ജനങ്ങളെല്ലാം ഈ വഴി ചിന്തിച്ചാൽ ,(ഈ ഒരാളുടെ അപക്വമായ അഭിപ്രായം കേട്ട ഉടനെ എല്ലാവരും ആ വഴിക്ക് ചിന്തിക്കും അതിനു വേണ്ടി നിരാഹാര സമരം ആരംഭിയ്ക്കും എന്നൊന്നും ഉള്ള അഭിപ്രായം എനിക്കില്ല പക്ഷെ ഈ പ്രവണത മറ്റുള്ളവരും അനുധാവനം ചെയ്ത് തുടങ്ങിയാൽ !! ) ഇങ്ങിനെ ശിക്ഷ നടപ്പിലാക്കാൻ തുടങ്ങിയാൽ എന്തായിരിക്കും നമ്മുടെ രാജ്യത്തിന്റെ അവസ്ഥ ?!
പ്രിയ അവതാരകരേ, മാധ്യമ പ്രവർത്തകരേ നിങ്ങളുടെ ധർമ്മം നിങ്ങൾക്ക് ഏല്പിക്കപ്പെട്ട ജോലി അതൊക്കെ ആത്മാർത്ഥമായും കൃത്യമായും പക്ഷപാതമില്ലാതെയും നിർവഹിക്കാൻ ശ്രമിയ്ക്കുക. ഇത്തരം ഗിർവാണങ്ങൾ അനുചിതമാണെന്ന് മാത്രം ഉണർത്തട്ടെ. അതല്ല ഈ അഭിപ്രായത്തിൽ തന്നെ ഉറച്ച് നിൽക്കയാണെങ്കിൽ ഒരു കാര്യം ചെയ്യാം .അത് ഈ മാധ്യമങ്ങൾക്ക് അല്പം കാശുണ്ടാക്കാനുള്ള മാർഗവുമാണ്. അത് ഇങ്ങിനെ,
ഒരു കുറ്റവാളി പിടിക്കപ്പെടുന്നു. കുറ്റം തെളിയിക്കപ്പെടുകയോ തെളിയികപ്പെടാതിരിക്കയോ ചെയ്യുന്നു. പിന്നെ ജനങ്ങളുടെ ഊഴമാണ്. എസ്.എം. എസ്. അയക്കാൻ. ഫോമാറ്റ് ഇങ്ങിനെയാവാം ( പിടിക്കപ്പെട്ടവന്റെ പേര് -സ്പേസ്- കൊടുക്കേണ്ട ശിക്ഷ -സ്പേസ്-നടപ്പിലാക്കേണ്ട സ്ഥലം-സ്പേസ്- നിങ്ങളുടെ പേര് )
വേഗമാകട്ടെ സമയം കളയണ്ട !
===============================================
20/11/2010
ഈ പ്രതികരണം മലയാളം.കോമിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഇവിടെ വായിക്കാം.
നന്ദി
മൊഴിമുത്തുകൾ-48
11 years ago
35 comments:
കസബിനെ സ്വതന്ത്രനാക്കണം !?
അതിനു മുന്‍പ് ആ വിവരക്കേട് റേഡിയോയിലൂടെ വിളമ്പിയ
ബഹുമാനപ്പെട്ട അവതാരകനെ ആ ജോലിയില്‍ നിന്നും "സ്വതന്ത്രനാക്കണം" !!!
ഹല്ല പിന്നെ !
ശരിയാണ്, കുറ്റങ്ങള്‍ക്കുള്ള ശിക്ഷ നടപ്പിലാക്കാന്‍ ജനങ്ങളെ അനുവദിച്ചാല്‍ അത് ഭാവിയില്‍ ചെന്നെത്തുന്നത് ഭീകരമായ സാഹചര്യങ്ങളിലായിരിയ്ക്കും. കുറ്റവാളികളെ മാതൃകാപരമായി, നിയമപരമായി ശിക്ഷിയ്ക്കുക തന്നെയാണ് വേണ്ടത്.
ഒരുത്തന് നിങ്ങളുടെ ബെഡ് റൂമില്‍ കടന്നു കയറി കത്തികാട്ടി നിങ്ങളുടെ ഭാര്യയെ ബലല്‍ സംഗം ചെയ്യുന്നു കത്തി പേടിച്ചു നിങ്ങള്‍ക്കു ഒന്നും ചെയ്യാന്‍ കഴിയുന്നില്ല അല്ലെങ്കില്‍ നിങ്ങള്‍ ബന്ധിതനാക്കപ്പെടുന്നു അവന് കൂളായി നിങ്ങളുടെ ഭാര്യയെ നിങ്ങളുടെ കണ് മുന്നില്‍ ഇട്ടു ബലാത്സംഗം ചെയ്തു പോകുന്നു, കോടതിയില്‍ ചെല്ലുമ്പോള്‍ അഡ്വക്കേറ്റ് ചോദിക്കുന്ന ക്വസ്റ്റ്യന്‍സ് ഇങ്ങിനെ ഒക്കെയായിരിക്കും
൧) നിങ്ങള്‍ സെക്സ് എന്‍ ജോയ് ചെയ്തോ
൨) ഇതുപോലെ രതിസുഖം നിങ്ങളുടെ ഭര്‍ത്താവിനു താരാന്‍ കഴിഞ്ഞിട്ടുണ്ടോ
കൂടുതല്‍ പറയുന്നില്ല നിങ്ങള്‍ക്കു തത്വം പറയാം പക്ഷെ ഇങ്ങിനെ ഒരു സംഭവം സംഭവിക്കുമ്പോള്‍ നിങ്ങള്‍ അവനെ തട്ടിക്കളയാന്‍ നോക്കും ഇന്ത്യന്‍ കോടതി പണവും പിടിപാടും ഉള്ളവനു ഊരിപോരാന്‍ വേണ്ടി മാത്രം ആണു അല്ലാതെ നീതി നടപ്പാക്കാന്‍ അല്ല
> നൌഷാദ് അകമ്പാടം
ആദ്യ കമന്റിനു ആദ്യമായി നന്ദി :)
നൌഷാദ്, അങ്ങിനെ വിവരക്കേട് വിളമ്പുന്നവരെ സ്വതന്ത്രരാക്കാൻ തുടങ്ങിയാൽ മൊത്തമായി പൂട്ടിപോകേണ്ടി വരുമോ എന്നാ സംശയം :)
> ശ്രീ,
അതെ, അത് തന്നെയാണ് വേണ്ടത്. പക്ഷെ പലപ്പോഴും കുറ്റവാളികൾ പഴുതുകളിലൂടെരക്ഷപ്പെടുകയൊ രക്ഷപ്പെടുത്തുകയോ ചെയ്യപ്പെടുമ്പോൾ അങ്ങിനെയൊക്കെ ചിന്തിക്കൻ വഴിയുണ്ട്.എന്നാൽ നമുക്കതിനെ ന്യായീകരിക്കാൻ പറ്റില്ല. നന്ദി
> ആരുഷിയുടെ ലോകം
താങ്കളുടെ വികാരം മനസിലാക്കുന്നു.
നീതി കിട്ടാതെ വരുമ്പൊൾ പലരും മറ്റ് വഴികൾ തിരഞ്ഞെടുക്കുന്നു .എന്ന് വെച്ച് അതായിരിക്കണം ഇനി രീതി എന്നതിനോട് യോജിക്കാൻ കഴിയില്ല. ഇന്ത്യൻ കോടതികളും ന്യായാധിപരുമെല്ലാം പണത്തിന്റെയും പിടിപാടുകളുടെയും സ്വാധീനത്തിൽ പലപ്പോഴും വിധിപ്രസ്താവം നടത്തുകയും നീതി നിശേധിക്കപ്പെടുകയും ചെയ്യുന്ന സന്ദർഭങ്ങൾ ഉണ്ടാവുന്നു എന്നത് ശരിവെക്കുന്നുവെങ്കിലും മൊത്തത്തിൽ ആക്ഷേപിക്കുന്നത് ശരിയല്ല. അതിനാൽ തന്നെയാണ് ഇന്നും നീതിപീഢങ്ങളിലെക്ക് സാധാരണക്കാർ ഉറ്റു നോക്കുന്നത്.
താങ്കളുടെ അഭിപ്രായത്തിനു നന്ദി
ബഷീർ ഭായ്..
ഈ കസബ് ഒരു അറബ് രാജ്യത്തിനെതിരെയാണ് ഇങ്ങിനെ ചെയ്തതും പിടിക്കപ്പെട്ടതും എന്നു വിചാരിക്കുക. എന്തായിരിക്കും ഇപ്പോൾ കസബിന്റെ അവസ്ഥ..?
കസബ് കുറ്റക്കാരനെന്ന് കോടതി..! ഈ സ്റ്റേറ്റ്മെന്റ് എല്ലാ പത്രത്തിലും. കുറ്റക്കാരനാണെന്നുള്ള കണ്ടെത്തൽ ഭയങ്കര വിഷമം പിടിച്ച പ്രഹേളികയായിരുന്നുവെന്ന് സൂചിപ്പിക്കുന്നു. എന്നെ അത്ഭുതപ്പെടുത്തുന്നത് ഈ കസബ് കുറ്റക്കാരനാണെന്ന് ഏതുകൊച്ചുകുട്ടിക്കും അറിയാം അപ്പോൾ ഇങ്ങിനെയൊരു സ്റ്റേറ്റുമെന്റിന്റെ സാംഗത്യമാണ് പുടികിട്ടാത്തത്..!!!!!
കസബ് കുറ്റക്കാരന്‍ എങ്കില്‍ തീര്‍ച്ചയായു ശിക്ഷിക്കര്ഹനാണ് ആ ശിക്ഷ തീരുമാനിക്കെണ്ടത് കോടതിയും അല്ലാതെ വിവരം കെട്ട “അവതാര“ങ്ങള് ആവരുത്. !
കോടതിയില്‍ നീതി നിഷേധിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും മനുഷ്യര്‍ പ്രകോപനപരമായി സംസാരിക്കുമെങ്കിലും അത് ലക്ഷക്കണക്കിനു ജനങ്ങള്‍ കേള്‍ക്കുന്ന ദൃശ്യ ശൃവണ മാധ്യമങ്ങളില്‍ കൂടി ആവുമ്പോള്‍ അതിന്റെ കോലം മാറും.!
വിവരം കെട്ട അവതാരങ്ങള്‍ തന്നെയാണ് ഇപ്പോള്‍ നമ്മുടെ ഏറ്റവും വലിയ പ്രശ്നവും ( ചില അവതരണങ്ങള്‍ കേള്‍ക്കുമ്പോള്‍ അതിലും നല്ലത് ഭീകരാക്രമണമാണെന്നു തോനിപ്പോയിട്ടുണ്ട്)
അതെ അതെ ഞാനും എസ് എം എസ് അയക്കാം കസബിനെ വെറുതെ വിടണം!!
ഇങ്ങിനത്തെ അവതാരകര്‍ ഉണ്ടെങ്കില്‍ നീതി നടപ്പിലാക്കല്‍ എത്ര എളുപ്പം:)-
മനസ്സുള്ളവരെ നടുക്കുന്ന ക്രൂരതകളും ദയാശൂന്യതയും എന്റെ കാലഘട്ടത്തെ എന്നെന്നേക്കുമായി ഒറ്റപ്പെടുത്തും , ഒരുവേള ചരിത്രത്തിന്റെ ബാലാബലങ്ങള്‍ പരീക്ഷിക്കപ്പെടും നാളില്‍ കുറ്റപത്രങ്ങള്‍ തിരുത്തിയെഴുതപ്പെടുകയും ചെയ്യും . ഒരിക്കല്‍ പതിഞ്ഞുപോയ അനീതിയുടെ നഖപ്പാടുകള്‍ അപ്പോഴും മാഞ്ഞുപോയിരിക്കില്ല . എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു; നമുക്ക് ചെയ്യാനുള്ളത് നാം ചെയ്തു എന്ന ദുര്ബ്ബ്ലന്റെ രീതി അപര്യാപ്തമാവും , ബലവാന്റെ പക്കല്‍നിന്നും നീതി ഇരന്നു വാങ്ങേണ്ട ഗതികേടിലേക്ക് നാം വഴുതി വഴുതി പോകും.
വരാന്‍ പോകുന്ന വിപല്‍ സാധ്യതകളെക്കുറിച്ച് വട്ടം കൂടിയിരുന്ന് ചിന്തിക്കുന്ന സുമനസ്സുകളായ യുവത്വത്തിന്റെ മുമ്പിലിരിക്കുന്ന കിണ്ണത്തിലേക്ക് ഇതാ എന്റെ ആത്മരോഷത്തിന്റെ വീതം കൂടി..
> കുഞ്ഞൻ
>ഈ കസബ് ഒരു അറബ് രാജ്യത്തിനെതിരെയാണ് ഇങ്ങിനെ ചെയ്തതും പിടിക്കപ്പെട്ടതും എന്നു വിചാരിക്കുക. എന്തായിരിക്കും ഇപ്പോൾ കസബിന്റെ അവസ്ഥ..? <<
കുഞ്ഞൻഭായ്, ഈ പോസ്റ്റും ഈ ചോദ്യവും തമ്മിലുള്ള ബന്ധമെന്താണെന്ന് മനസിലാവുന്നില്ല. ഞാനൊരു മുസ്ലിമായത് കോണ്ടാണോ അറബ് രാജ്യത്തിന്റെ കാര്യം ചോദിക്കുന്നത് ?!
അറബ് രാജ്യത്തെ നിയമവും ശിക്ഷാവിധികളും അല്ലല്ലോ നമ്മുടെ രാജ്യം അനുവർത്തിക്കുന്നത്. ഒരു കാര്യം പറയാം. അറബ് രാജ്യത്ത് ശിക്ഷാവിധിയും നടപ്പിലാക്കലും എത്രയോ മുന്നെ കഴിഞ്ഞിട്ടുണ്ടാവണം ഇത്തരം കാര്യങ്ങളിൽ. മുബൈ ആക്രമണത്തിന്റെ വിധി റെക്കോർഡ് വേഗതയിലാണ് പ്രസ്താവിക്കാൻ പോകുന്നത് എന്നത് കൂടി ഓർക്കാം.
കസബിന്റെ അവസ്ഥ എന്താണെന്നോ എന്തായിരിക്കണമെന്നോ എന്ന കാര്യത്തിൽ വേവലാതി എനിക്കില്ല. രാജ്യത്ത് നീതിയും ന്യായവും ഭരണഘടനയനുസരിച്ച് നടപ്പിലാക്കണമെന്നും. കുറ്റം ചെയ്തവർ തക്ക ശിക്ഷക്ക് വിധേയരാവണമെന്നും ആഗ്രഹിക്കുന്നു എന്ന് മാത്രം. അല്ലെങ്കിൽ പിന്നെ നമുക്കെന്തിനീ പോലീസും,കോടതിയും മറ്റ് സംവിധാനങ്ങളും ?
കസബ് കുറ്റക്കാരനാണെന്ന സ്റ്റേറ്റ്മെന്റ് വായിച്ച് ഒരു അമ്പരപ്പ് എനിക്കുമുണ്ടാവാതിരുന്നില്ല :) അതൊക്കെ ചില രിതികളല്ലേ. ശരിയായ സൂത്രധാരനെ കയ്യകലത്തുണ്ടെങ്കിലും തൊടാൻ പറ്റാത്ത അവസ്ഥയും മറ്റൊരു കീഴ്വഴക്കം അല്ലെങ്കിൽ വണക്കം ആകുന്നത് പോലെ.
കസബിനെയെന്നല്ല വേറെ ഏത് കുറ്റവാളിയെയായാലും ജനങ്ങൾക്ക് വിട്ടു കൊടുക്കൂ എന്ന ആഹ്വാനത്തെ താങ്കൾ അനുകൂലിക്കുന്നുവെന്നാണോ മനസിലാക്കേണ്ടത് ? അല്ലെന്ന് കരുതട്ടെ.
നന്ദി അഭിപ്രായത്തിന്
> ഹംസ
അതെ, അത് തന്നെയാണിവിടെ കാര്യം
മാധ്യമ പ്രവർത്തകർ, അവതാരകർ..അവരൊക്കെ മനുഷ്യ ജനുസ്സിൽ നിന്നും വേറിട്ട് മറ്റെന്തൊക്കെയോ ആണെന്ന് കരുതുന്നുണ്ടെന്നാണ് ചില സമയത്തുള്ള അഭിപ്രായ പ്രകടനങ്ങളിലൂടെ മനസിലാവുന്നത്.
എന്ത് വിഡ്ഡിത്തരവും വിളിച്ച് പറഞ്ഞാലു അതിനു താങ്ങി എസ്.എം.എസ് അയക്കാൻ ആളുള്ളിടത്തോളം ഇത് തുടരുകയും ചെയ്യും :(
> Shaji Qatar
ഷാജിഭായ്, ഇതിനും അനവധി എസ്.എം.എസു കൾ കിട്ടും .യാതൊരു സംശയവുമില്ല. വിവരവും വിവേകവും വികാരത്തിനു അടിപ്പെടുന്ന ഇന്നിന്റെ കാലത്ത് ഇത്തരം വിളിച്ച് പറയലുകൾ കൂടിയാവുമ്പോൾ ഇവരൊക്കെ പറയുന്നത് വേദവാക്യമായി കാണുന്ന ആയിരങ്ങൾ ഉള്ളപ്പോൾ ഒരു പഞ്ഞവുമുണ്ടാവില്ല. നന്ദി
>സിദ്ധിഖ് തൊഴിയൂർ
>>ബലവാന്റെ പക്കല്‍നിന്നും നീതി ഇരന്നു വാങ്ങേണ്ട ഗതികേടിലേക്ക് നാം വഴുതി വഴുതി പോകും<<
അതിലെക്കെത്തിയിരിക്കുന്നു എന്നാണ് ചില സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. എങ്കിലും , സിദ്ധിക്ക എഴുതിയ പോലെ, >>വരാന്‍ പോകുന്ന വിപല്‍ സാധ്യതകളെക്കുറിച്ച് വട്ടം കൂടിയിരുന്ന് ചിന്തിക്കുന്ന സുമനസ്സുകളായ യുവത്വത്തിന്റെ മുമ്പിലിരിക്കുന്ന കിണ്ണത്തിലേക്ക് ഇതാ എന്റെ ആത്മരോഷത്തിന്റെ വീതം <<
അത് വെറും രോഷപ്രകടനമാവാതെ ചിന്തകളുടെ കൈമാറ്റങ്ങൾ ആവട്ടെ ,ആത്മരോഷം വെറും വികാരത്തിനു അടിമപ്പെടാത്ത വിധം മൂശയിലിട്ട് പതം വരുത്തേണ്ട കാലമാണിന്ന്. അതിനായുള്ള കൂട്ടായ മുന്നേറ്റം.
വളരെ നന്ദി. അഭിപ്രായങ്ങൾക്ക് ഇടപെടലുകൾക്ക്
ഓടോ :
@ കുഞ്ഞൻ
ഭായ്, ഇത് നമ്മുടെ പഴയ കുഞ്ഞൻ (ബഹറൈൻ ) തന്നെയാണോ അതോ എനിക്ക് തെറ്റിയതോ, പഴയ കുഞ്ഞൻ ആണെങ്കിൽ ആ ബ്ലോഗ് എവിടെ ?
അക്രമങ്ങളും അതിക്രമങ്ങളും തേര്‍വാഴ്ചകളും ഭീകരവാഴ്ച്ചകളും അടിച്ചമര്ത്തപ്പെടെണ്ടതാണ്. തെറ്റ് ചെയ്തവര്‍ രക്ഷപ്പെടരുത്. പക്ഷെ, തെറ്റ് ചെയ്തവരെല്ലാം നമ്മുടെ നാട്ടില്‍ ശിക്ഷിക്കപ്പെടുന്നുണ്ടോ? പണത്തിനു മേലെ കോടതിയും പറക്കുന്നില്ല..
പല കേസുകളിലും ജനം കൈ വെക്കുന്നുണ്ട്. അത് സാധാരണ ജനത്തിന്റെ ഒരു പ്രതിഷേധം മാത്രമായി കരുതിയാല്‍ മതി ബഷീര്‍ക്കാ.
ഇന്ത്യയില്‍ ഒരു 'മുംബൈ'ആക്രമണം മാത്രമാണോ ഉണ്ടായിട്ടുള്ളത്? കസബിനെക്കാള്‍ വലിയ 'ഭീകര' വാദികള്‍ വേരെയില്ലേ?
ജനങ്ങള്‍ ശിക്ഷനടപ്പാക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഇത്തരം അവതാരകരുടെയും കാര്യം ജനങ്ങള്‍ തീരിമാനിക്കും! അതയാള്‍ ഓര്‍ത്തുകാണില്ല!
ബഷീർ ഭായ്..
നാൻ താൻ അവൻ..!
ബഷീർ ഭായി എഴുതിയ പോസ്റ്റുമായി ബന്ധമില്ലാത്ത കാര്യമാണ് ഞാൻ കമന്റിയത്. എന്നാൽ പരോക്ഷമായി ഈ പോസ്റ്റുമായി ബന്ധമുണ്ടുതാനും. അവതാരകൻ കസബിന്റെ കാര്യത്തിൽ പറഞ്ഞ കാര്യത്തിൽ ഞാൻ അനുകൂലിക്കുന്നു, അന്നു മരിച്ചവരിൽ എന്റെ വേണ്ടപ്പെട്ടവർ ഉണ്ടായിരുന്നെങ്കിൽ എന്നു ചിന്തിച്ചാൽ...
താങ്കൾ ഒരു മുസ്ലീമായതുകൊണ്ടല്ല അറബ് എന്ന കാര്യം പ്രസ്താവിച്ചത്. ഇത് ഒരു അറബ് രാജ്യത്തിലൊ അല്ലെങ്കിൽ അമേരിക്കയിലൊ സംഭവിച്ചിരുന്നെങ്കിൽ എത് വിധിയായിരിക്കും കസബിൻ കിട്ടുക എന്നതാണ്. മറ്റൊരു രാജ്യത്തെ പൌരൻ എന്റെ രാജ്യത്തെ നശിപ്പിക്കാൻ വന്നാൽ ഞാനും ഇതേ ഭാഷ പ്രയോഗിച്ചെന്നിരിക്കും. പക്ഷെ നളനിയുടെ(രാജീവ് വധക്കാരി)കാര്യത്തിൽ നമ്മുടെ കോടതിയുടെ,രാഷ്ട്രീയക്കാരുടെ ചിന്തകൾ കൂട്ടീവായിക്കേണ്ടതാണ്. എന്നാൽ എന്റെ രാജ്യത്തിലെ മറ്റു സംഭവങ്ങളുമായി ഈ കസബിനെ താരതമ്യം ചെയ്യുന്നതിനെയാണ് ഞാൻ എതിർക്കുന്നത്. എന്റെ വീട്ടിൽ എന്റെ ചേട്ടന്മാരുമായൊ പെങ്ങളുമായൊ തമ്മിൾ തല്ലുകൂടും വഴക്കുകൂടും എന്നാൽ അടുത്ത വീട്ടിലെ ഒരുത്തൻ വന്ന് എന്റെ വീട്ടിലുള്ളവരെ കയ്യേറ്റം ചെയ്താൽ ഞാൻ നോക്കിയിരിക്കില്ല.
> റെഫി,
പണത്തിനു സ്വാധീനത്തിനും വഴങ്ങുന്ന തരത്തിലുള്ള വിധികൾ വരുന്നുണ്ടാവാം. എങ്കിലും ഇന്നും ഇന്ത്യൻ ജനതയുടെ അവസാന അഭയം കോടതികൾ തന്നെയെന്ന അഭിപ്രായത്തിലാണ്ഞാൻ.
ജനങ്ങൾ പലയിടത്തും നിയമം കൈയ്യിലെടുക്കുന്നത് എല്ലാം സ്വാഭാവികമായ പ്രതികരണം എന്ന ലാഘവത്തോടെ കാണുന്നത് വലിയ ദുരന്തങ്ങൾ ക്ഷണിച്ച് വരുത്തും.
കുഞ്ഞൻഭായ് സൂചിപ്പിച്ച പോലെയുള്ള കാര്യങ്ങളിൽ സ്വഭാവികമായ പ്രതികരണങ്ങൾ ഉണ്ടായേക്കാം. എന്നാൽ എല്ലാം ജനങ്ങൾക്ക് വിട്ടു കൊടുക്കുക എന്നതിനോട് യോജിക്കാൻ കഴിയില്ല.
പിന്നെ കസബ് ഭീകരവാദികളുടെ ഒരു ഉപകരണം. പിന്നണിയിലെ ഭീകരന്മാർ സുഖവാസത്തിലല്ലേ..:
> തെച്ചിക്കോടൻ
ചില അവതാരങ്ങളുടെ കാര്യത്തിൽ തെച്ചിക്കോടൻ പറഞ്ഞത് പോലെ ഒരു തീരുമാനമെടുക്കാൻ ജനങ്ങൾ നിർബന്ധിതരാവുമോ എന്ന് സംശയിക്കുന്നു. ജനങ്ങളും എത്ര കണ്ട ക്ഷമിക്കും അല്ലേ :)
> കുഞ്ഞൻ
ആഹാ അത് ശരി :)
കുഞ്ഞൻ ഭായ്, നമ്മുടെ വേണ്ടപ്പെട്ടവരെ ഒരുത്തൻ ആക്രമിക്കുന്ന അല്ലെങ്കിൽ അപമാനിക്കുന്ന അതും നമ്മുടെ കണ്മുന്നിൽ,ഒരു അവസ്ഥയിൽ സ്വാഭാവികമായി നാം അതിനെ പ്രതിരോധിക്കുന്നതും (വേണ്ടിവന്നാൽ അക്രമിയെ അപായപ്പെടുത്തിയും) രാജ്യത്ത് ശിക്ഷ-രക്ഷകൾ പൊതു ജനം നടപ്പിലാക്കണം എന്ന് പറയുന്നതും തമ്മിൽ അജഗജാന്തരമുണ്ട്. അതിനാൽ തന്നെ അവതാരകന്റെ അഭിപ്രായത്തിൽ (ഒരു പക്ഷെ വ്യക്തിപരമായി ഞാനു പറഞ്ഞേക്കാം, അവനെയിങ്ങു വിട്ടു തരൂ ഞങ്ങൾ ശരിയാക്കാം എന്നൊക്കെ ) അത് പക്ഷെ ഒരു ജനകീയ മാധ്യമത്തിലൂടെ വിളിച്ച് പറയുന്നതിനെ ഒരിക്കലും അനുകൂലിക്കാൻ കഴിയില്ല.
അമേരിക്കയെന്നല്ല മറ്റ് ഏത് രാജ്യത്തിനു മാതൃകയാക്കാവുന്ന തരത്തിൽ തന്നെയാണ് നമ്മുടെ രാജ്യം ഒരു ഭികരന്റെ കാര്യത്തിൽ പോലും വിശദമായ വിചാരണ നടത്തി സുതാര്യമായ രീതിയിൽ വിധി പ്രസ്താവം നടത്തിയത് എന്നതിൽ താങ്കൾക്കും തർക്കമുണ്ടാവാൻ വഴിയില്ല.
രാജ്യത്തിനു ഭീഷണിയാവുന്നവൻ നിരപരാധികളായ ജനങ്ങളെകൊന്നൊടുക്കുന്നവൻ ,രാജ്യത്തിന്റെ രഹസ്യങ്ങൾ മറ്റ് രാജ്യങ്ങൾക്ക് ചോർത്തിക്കൊടുക്കുന്നവർ, അവർ അകത്ത് നിന്നായാലും പുറത്ത് നിന്നായാലും ശിക്ഷിക്കപ്പെടുകതന്നെ വേണം.
അഭിപ്രായങ്ങൾക്ക് വളരെ നന്ദി
ഓ.ടോ:
ആ പ്രൊഫൈലിൽ പഴയ ബ്ലോഗ് കണ്ടില്ല അതിനാൽ സംശയമായി .. ഇപ്പ മാറി :)
എന്നാൽ വിചാരണ കൂടാതെ തികച്ചും പ്രാകൃതമായി നടന്ന ശിക്ഷാവിധി ഒരു ജനാധിപത്യ വിശ്വാസിക്ക് അനുകൂലിക്കാൻ കഴിയില്ല.
അസംസ്കൃതമനസ്സിനു ഉടമ ആയതിനാലാവാം, ആ ശിക്ഷ എനിക്ക് ഇഷ്ടപ്പെട്ടായിരുന്നു, സത്യം!
> അരുൺ കായംകുളം,
താങ്കൾ അനുകൂലിച്ച അന്ന് പോലീസ് തല്ലിക്കൊന്നവന്റെ കാര്യത്തിൽ ഭൂരിഭാഗം ആളുകളും അങ്ങിനെചിന്തിച്ചിരിക്കാനേ വഴിയുള്ളൂ. അത് അമർശത്തിന്റെ പ്രതിഫലനമാണ്. പക്ഷെ എല്ലാ കേസുകളിലും അപരാധികളാണോ ഇവിടെ കുറ്റമാരോപിക്കപ്പെട്ട് പിടിയിലാകുന്നത് ? അല്ലെന്നതാണ് വസ്തുത !
എന്തുകൊണ്ട് കേരളത്തില്‍ മതസൌഹാര്‍ദ്ദം പുലരണമെന്നാഗ്രഹിക്കുന്നവര്‍ ഈ നീചപ്രവര്‍ത്തിക്കെതിരേ പ്രതികരിക്കുന്നില്ല?
സാഹചര്യങ്ങളാണല്ലൊ ഒരു കുറ്റവാളിയെ ജനിപ്പിക്കുന്നത്....
നല്ലൊരു ലേഖനമായിത് കേട്ടൊ ഭായി
പൌരൻ
വായിച്ചു.
ബിലാത്തിപട്ടണം
അഭിപ്രായത്തിനു നന്ദി
എങ്ങിനെയായാലും കുറ്റവാളികൾ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. മാതൃകാപരമായി തന്നെ. നടപ്പിലാക്കേണ്ട വിധത്തിലാവട്ടെ
njan sreeyude abhipraayatthoduyochikkunnu..
മാധ്യമങ്ങളെക്കുറിച്ച് പറയാതിരിക്കുന്നതാണ് ഭംഗി.
അവരാണ് ഇപ്പോള്‍ എല്ലാം തീരുമാനിക്കുന്നവര്‍...!!!
ഇപ്പോള്‍ വായിച്ചു.
തീവ്രവാദം കല്ലിവല്ലി.
രാജ്യത്തെ നടുക്കിയ ഭീകരാക്രമപങ്കാളിയായ കസബിനു തക്ക ശിക്ഷതന്നെ വിധിക്കപ്പെടണം... റേഡിയോ അവതാരകന് പറഞ്ഞപോലെത്തന്നെ നമ്മള് ചിന്തിച്ചുപോകും കാരണം നമ്മുടെ സുരക്ഷയെത്തന്നെ വെല്ലുവിളിക്കുംവിധമുള്ള സംഭവങ്ങളായിരുന്നല്ലൊ അന്നു സംഭവിച്ചത് ....
എങ്കിലും ശ്രീയുടെ കമന്റും ഇവിടെ വളരെ പ്രസക്തമാണ്് കാരണം കുറ്റവാളികളെ ശിക്ഷിക്കാനുള്ള അവകാശം പൊതുജനത്തിനുവിട്ടുകൊടുത്താല് എന്തായിരിക്കും നമ്മുടെ രാജ്യത്തിന്റെ അവസ്ഥ?
റെഫി പറഞ്ഞതു പോലെ ലോകത്ത് വേരെ എത്ര കുറ്റം ചെയ്തിട്ടും അവരെയൊന്നും പിടിക്കാതെ ഈ കാര്യ്ത്തിൽ എന്തൊരു ഉൾഖണ്ഡ ഈ ഉൽഖണ്ഡ മറ്റുള്ള അക്രമണങ്ങളിലും കാണിച്ചെങ്കിൽ.......... ഇപ്പോൾ ഞെളിഞ്ഞു നടക്കുന്ന പലരും അകത്തായേനെ...
പ്രിയ ബഷീറിക്ക താങ്കള്‍ക്ക് നന്മ
ഉണ്ടാകട്ടെ എന്നു
പ്രാര്‍ത്തിക്കുന്നു ...പിന്നെ ഈ ഞാന്‍
താങ്കള്‍ക്ക് വേദന ഉണ്ടാകുന്ന
എന്തെങ്കിലും എന്റെ ബ്ലോഗില്‍
എഴുതിയിട്ടുണ്ടെങ്ങില്‍
പൊരുതപ്പെട്ട് തരണം
> വിജയലക്ഷ്മി
ചേച്ചിയുടെ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
> പട്ടേപാടം റാംജി
അതെ, പറഞ്ഞാൽ എവിടെയുമെത്താത്ത കാര്യമായിരിക്കുന്നു. എവിടെ കൊണ്ട് ചെന്നെത്തിക്കുമെന്ന് അവക്ക് തന്നെ അറിയില്ല.
> കണ്ണൂരാൻ
കല്ലിവല്ലിയാക്കി ചെറുതാക്കാൻ ഞാൻ ശ്രമിച്ചുവോ !
ഓ.ടോ. ഇത് പുതിയ ഒരു കണ്ണൂരാനാണല്ലോ ..സ്വാഗതം :)
മറ്റൊരു ബ്ലോഗർ ഇതേ പേരിൽ ഉണ്ടല്ലോ !
> മരഞ്ചാടി
കുറ്റം ചെയ്തവർക്ക് തക്ക ശിക്ഷ നമ്മുടെ നാട്ടിൽ കിട്ടുന്നുണ്ടോ എന്നത് മറ്റൊരു വിഷയമാണ്. അത് പോലെ നിരപരാധികൾ ക്രൂശിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ ഇതൊക്കെ ജനം കൈകാര്യം ചെയ്യാൻ തുടങ്ങിയാൽ എന്തായിരിക്കും അവസ്ഥ എന്നതിലാണാശങ്ക. നന്ദി
> ഉമ്മു അമ്മാർ
ഉത്കണ്ഡയിൽ വ്യാകുലപ്പെടേണ്ടതില്ല. എല്ലാ വിഷയങ്ങളും അങ്ങിനെതന്നെ ആവുകയും വേണം. ഇവിടെ അതിൽ അല്ല ഉത്കണ്ഡയുള്ളത്. വിധി ആരു നടപ്പിലാക്കണമെന്നതിലാണ്.
> അബിലു
നന്ദി. പ്രാർത്ഥനകൾക്കും വന്നതിനും
ഓ.ടോ
ബ്ലോഗ് നോക്കി
താങ്കൾ എന്നെപറ്റി ഒന്നും എഴുതിയിട്ടില്ലല്ലോ.പിന്നെ താങ്കളുടെവിമർശനത്തിന്റെ രീതി ശരിയല്ല എന്ന അഭിപ്രായം അറിയിക്കട്ടെ.
അഭിപ്രായം അറിയിച്ച എല്ലാവർക്കും വളരെ നന്ദി. ബ്ലോഗിൽ നിന്ന് അല്പം അകലട്ടിലായത് കൊണ്ട് മറുപടിക്ക് വൈകിയതി ക്ഷമിക്കുക
തീവ്രവാദത്തെ നമുക്ക് വെറുക്കാം ; തീവ്രവാദികളെയും.
തീവ്രവാദത്തെ വളർത്തുന്നവരെയും തീവ്രവാദത്തിനു പാത ഒരുക്കുന്നവരെയും നമുക്ക് കണ്ടെത്താൻ ശ്രമിക്കാം. എല്ലാജാതിയിലും പെട്ട നാറികൾ ഇതിലുണ്ട്.
> sm sadique,
തീർച്ചയായും..യോജിക്കുന്നു..തിവ്രവാദം എന്തിന്റെ പേരിലായാലും എതിർത്ത്തോല്പിക്കപ്പെടേണ്ടത് തന്നെ..അവിടെ മറിച്ചൊരഭിപ്രായമില്ല. താങ്കളുടെ സന്ദർശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി.
==============
പ്രിയപ്പെട്ടവരെ,
മൊഴിമുത്തുകളിൽ പുതിയ പോസ്റ്റ് ‘കടബാധ്യത’ വായിക്കുമല്ലോ.
അഭിപ്രായങ്ങളും അറിയിക്കുക..
എല്ലാവർക്കും നന്ദി
ബഷീര്‍-താങ്കളുടെ ലേഖനം കാലിക പ്രസക്തിയുള്ളതാണ്. ബഷീര്‍-താങ്കളുടെ ലേഖനം കാലിക പ്രസക്തിയുള്ളതാണ്. കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയെ പോലീസുകാരന് ഉരുട്ടി കൊന്നത് ന്യായീകരിക്കാനാവില്ല. എന്നാല്‍ കടുത്ത ശിക്ഷ കിട്ടേണ്ട പല കേസുകളിലും പ്രതികള്‍ അനായാസമായി രക്ഷപ്പെടുന്നത് നാം കണ്ടു വരുന്നു.
പൌരന്റെ അവസാനത്തെ ആശ്രയം നീതിന്യായ കോടതിയാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ കേടതികള്‍ നിക്ഷിപ്ത താല്പര്യങ്ങളുടെ നടത്തിപ്പുകാര്‍ മാത്രമാണെന്ന് തോന്നുന്ന വിധം പെരുമാറുന്നത് ജനങ്ങള്‍ക്ക് നിയമ വ്യവസ്ഥിതിയിലുള്ള വിശ്വാസം നഷ്ടപ്പെടാനും രാജ്യത്തെ ആരാജകത്തത്തിലേക്ക് നയിക്കാനും കാരണമാകും.
> അക്ബർ,
താങ്കളുടെ വായനയ്ക്കും വിലയിരുത്തലിനും വളരെ നന്ദി
ഏത് സാചര്യത്തിലും നിയമത്തിനകത്ത് നിന്ന് കൊണ്ടുള്ള പ്രതികരണങ്ങളായിരിക്കും സമൂഹത്തിനു ഗുണം ചെയ്യുക എന്നത് വ്യക്തം
ജനങ്ങൾ കൈകാര്യം ചെയ്യുന്ന രിതി ഒട്ടും അഭികാമ്യമല്ല .
അതാണല്ലോ ഇപ്പോൾ നടന്ന (തൊടുപുഴ) സംഭവവും നമ്മെ ബോധ്യപ്പെടുത്തുന്നത്.
ജനങ്ങള്‍ക്ക് വിട്ടു കൊടുക്കണം പോലും. പിന്നെ ജഡ്ജിമാരെന്നും നിയമപാലകരെന്നും പറഞ്ഞു കുറെ പേരെ തീറ്റിപ്പോറ്റുന്നതെന്തിന്? നിയമം കയിലെക്കുന്നത് ആരായാലും തെറ്റ് തന്നെ. പോലീസ് ഇടപെട്ട ഒരു കാര്യത്തില്‍ പിന്നെ ഒരു കിരാത അജണ്ട നടപ്പാക്കുന്നത് ഭരണ ഘടനാ ലംഘനമാണ്.
ഇത് കൂടി വായിക്കുമല്ലോ...
കൈ വെട്ട് : അധ്യാപകന് ജോസഫിനോട്...........
> Shukoor Cheruvaadi
രാജാവിനേക്കാൾ വലിയ രാജഭക്തി നടിക്കുന്ന ചിലർ .നീതിയും ന്യായവും അവരാണ് തീരുമാനിക്കുന്നതത്രെ..!
മറിച്ച് ചിന്തിക്കുന്നവരാണധികവും എന്നതിൽ ആശ്വസിക്കാം.
ചില അപക്വമനസുകൾ നിയമം കയ്യിലെടുത്തതിന്റെ ഫലം അടുത്ത ദിവസം നമ്മളറിഞ്ഞല്ലോ..
അഭിപ്രായത്തിനു നന്ദി
ഓ.ടോ:
പോസ്റ്റ് വായിച്ചു. അഭിപ്രായവും പറഞ്ഞിട്ടുണ്ട്
പുതിയ പോസ്റ്റ്,വഴിമാറിയ അപകടംവായിക്കുമല്ലോ
ഈ പ്രതികരണം മലയാളം.കോമിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഇവിടെ വായിക്കാം.
നന്ദി
Post a Comment