Monday, February 1, 2010

സംശയ രോഗം !

ആത്മഹത്യയുടെയും കൊലപാതകങ്ങളുടെയും വാർത്തകൾ കേൾക്കാതെ ,വായിക്കാതെ ,കാണാതെ ഒരു ദിനം ഇന്ന് കടന്ന് പോകുന്നില്ല. അതിൽ സ്ത്രീകൾ ഇരകളാവുന്ന വാർത്തകൾ മുന്നിട്ട് നിൽക്കുകയും ചെയ്യുന്നു. ആദ്യമാദ്യം അതിശയോക്തിയോടെ, അമ്പരപ്പോടെ അതിലേറെ ദു:ഖത്തോടേ നാമൊക്കെ ഏറ്റുവാങ്ങിയിരുന്ന വാർത്തകൾ ഇന്ന് ഒരു നിസംഗതയോടെ വായിച്ച്, ചിലപ്പോൾ ഹെഡ്ഡിംഗ് മാത്രം നോക്കി മാറ്റി വെക്കുന്ന നിലയിലായിരിക്കുന്നു.

കൂട്ടുകുടുംബങ്ങളിൽ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള പറിച്ച് നടലോടെ പല ബന്ധങ്ങളും ബന്ധനങ്ങളായി മാ‍റി. പുറമെ വർണ്ണക്കടലാസുകളിൽ പൊതിഞ്ഞ പലഹാരപ്പൊതിപോലെ തോന്നിക്കുന്ന പല കുടുംബ ബന്ധങ്ങളും അകമെ സദാ എരിഞ്ഞ് കൊണ്ടിരിക്കുന്ന നെരിപ്പോടുകളാണെന്നതാണ് വസ്തുത. ഇവിടെ സാമ്പത്തികമായ ഏറ്റക്കുറച്ചിലുകൾ, തൊഴിലില്ലായ്മ, ഇൻഫെർട്ടിലിറ്റി, സ്ത്രീധനം, കുടുംബങ്ങലിലെ മറ്റ് അംഗങ്ങളുമായുള്ള സ്വരച്ചേർച്ചയില്ലായ്മ തുടങ്ങിയവയൊക്കെ പലപ്പോഴും പല ബന്ധങ്ങളുടെയും കടക്ക് കത്തിവെക്കുന്ന ഏതെങ്കിലും ജീവിതം അവസാനിക്കുന്ന /അവസാനിപ്പിക്കുന്ന അവസ്ഥയിലെക്ക് കാര്യങ്ങൾ എത്തിക്കുന്നു.

എന്നാൽ പലപ്പോഴും ഈ പറഞ്ഞ കാരണങ്ങൾക്കെല്ലാമുപരിയായി കുടുംബ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്ന മാരകമായ വിഷമാണ് സംശയരോഗം. ഭാര്യ ഭർതൃ ബന്ധത്തിന്റെ അടിത്തറയെന്നത് തന്നെ പരസ്പര വിശ്വാസമാണ്. അവിടെ വിള്ളൽ വീണാൽ പിന്നെ അന്ന് വരെ പടുത്തുയർത്തിയ ചുമരുകളെല്ലാം ഇടിഞ്ഞ് പൊളിഞ്ഞ് വീഴാനാരംഭിക്കും. ചിലപ്പോൾ വഴിപിരിയലുകൾക്കും മറ്റ് ചിലപ്പോൾ ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും സംശയ രോഗം എന്ന മഹാവിഷം മനുഷ്യനെ നയിക്കുന്നു.


ആത്മീയതയും ദൈവ ഭയവും പാടെ അവഗണിക്കപ്പെടുന്ന അവസ്ഥയിൽ ഇത്തരം അരുതായ്മകൾ ആവർത്തിക്കപ്പെടുന്നു . സ്വന്തം ഭാര്യയെ പീഢിപ്പിച്ച് കൊലപ്പെടുത്തി /ആത്മഹത്യയിലേക്ക് നയിച്ചതിനു ശേഷം രക്ഷപ്പെട്ട് (?) ഗൾഫിലെത്തിയ ഒരുവനെ സുഹൃത്തുക്കൾ തന്നെ തടഞ്ഞ് വെച്ച് പോലിസിലേല്പീച്ചത് അടുത്ത ദിവസം നാം അറിഞ്ഞു. ഇവരുടെ ജീവിതത്തിൽ വില്ലനായത് സംശയം എന്ന രോഗമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇങ്ങിനെയെത്ര നാം വായിച്ച്, കണ്ട്, കേട്ട് തള്ളുന്നു. നമ്മുടെ അയല്പക്കങ്ങളിൽ ,കുടുംബങ്ങളിൽ എല്ലാം ഇങ്ങിനെ പുറമെ ചിരിച്ച് അകമെ അണപ്പല്ലുകൾകൂട്ടിക്കടിച്ച് ജീവിതം തള്ളിനീക്കുന്ന എത്ര ഹത ഭാഗ്യ ജീവിതങ്ങളുണ്ടായിരിക്കും എന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ?

എന്തൊക്കെ ന്യായാ ന്യായങ്ങൾ നിരത്തിയാലും വിവാഹ ജീവിതത്തിൽ ഏറെ സഹിക്കേണ്ടി വരുന്നത് അല്ലെങ്കിൽ സഹനശീലമുള്ളത് സഹോദരിമാർക്ക് തന്നെയെന്നെതിൽ സംശയമില്ല. മറിച്ച് വളരെ വിരളം. തന്റെ ഭർത്താവിന് എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും അതെല്ലാം മറ്റുള്ളവരിൽ നിന്ന് മറച്ച് വെച്ച് , ഭർത്താവിൽ നിന്നും ഭർതൃഗൃഹത്തിൽ നിന്നും ഏൽക്കേണ്ടി വരുന്ന മാനസികവും പലപ്പോഴും ശാരീരികവുമായ പീഢനങ്ങൾ വരെ സ്വന്തം മാതാവിനോടു പോലും പറയാ‍തെ മറച്ച് വെച്ച് മറ്റുള്ളവരുടെ മുന്നിൽ സന്തോഷവതിയായി ചമയുകയാണവരിൽ ചിലരെങ്കിലും. ഭർത്താവ് എത്ര കൊള്ളരുതാത്തവനായാലും തന്റെ ബന്ധം ഒഴിവാക്കിയാൽ താൻ സമൂഹത്തിൽ ,ജീവിതത്തിൽ ,കുടുംബത്തിൽ ഒറ്റപ്പെടുമോ ! ശിഷ്ട കാലം എങ്ങിനെ കഴിയും എന്നൊക്കെയുള്ള ഭീതിയായിരിക്കാം അവരെ ഒരളവ് വരെ അതിന് പ്രേരിപ്പിക്കുന്നത്.

ഒരു നല്ല സമൂഹത്തിന്റെ സൃഷ്ടിപ്പിന് നല്ല കുടുംബങ്ങൾ ഉണ്ടാവണം. നല്ല കുടുംബങ്ങൾ ഉണ്ടാ‍വാൻ അവിടെ നല്ല ബന്ധങ്ങൾ ഉണ്ടാവേണ്ടിയിരിക്കുന്നു. ഒരു സമൂഹത്തിന്റെ പുരോഗതി ആ സമൂഹം അവിടുത്തെ സ്ത്രീകളോട് എങ്ങിനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പരസ്പരം യോജിപ്പില്ലാത്ത, സംശയാലുക്കളായ മാതാപിതാക്കൾക്കിടയിൽ വളരുന്ന (?)മക്കളുടെ അവസ്ഥ പരമദയനീയമാണ്. അവരിൽ ചിലരെങ്കിലും സമൂഹത്തിനെതിരായ പ്രവർത്തനങ്ങളിലേർപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. തന്റെ ചോരത്തിളപ്പും ഹുങ്കും അവസാനിക്കുന്ന സമയത്ത് താൻ സ്നേഹിച്ച് വളർത്തിയെന്നവകാശപ്പെടുന്ന മക്കൾ തനിക്കെതിരെ വിരൽ ചൂണ്ടുന്ന ഒരു അവസ്ഥ ആലോചിക്കുക.

സംശയ രോഗത്തിനടിമയായ ഒരാൾ സ്വബോധത്താലായിരിക്കില്ല പലപ്പോഴും പ്രവർത്തിക്കുക. സംശയ രോഗികളിൽ പലരും താൻ തന്റെ ഇണയിൽ ആരോപിക്കുന്ന കുറ്റം സ്വജീവിതത്തിൽ ചെയ്തവരായി കാണുന്നു. തന്നെപ്പോലെ തന്നെ മറ്റുള്ളവരെയും കണക്കാക്കുന്നതിനാൽ തന്റെ ഇണയുടെ പ്രവൃത്തിയും പെരുമാറ്റവും മഞ്ഞക്കണ്ണാൽ നോക്കി കണ്ട് അതിനൊക്കെ മറ്റൊരു അർത്ഥം ഇവർ കണ്ടെത്തും. പലപ്പോഴും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളായിരിക്കാം തന്റെ ഭാര്യയിൽ , മകളിൽ ,മകനിൽ എല്ലം ഇവർ ആരോപിക്കുന്നത്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം (ഇന്നും ഒരു പരിധിവരെ ) അവൾക്ക് തന്റെ സ്വഭാവ ശുദ്ധി തന്നെയാണ് ഏറ്റവും വില മതിക്കുന്നത്. അതിൽ സംശയിക്കുകയും അത്തരം കാര്യങ്ങളിൽ അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിക്കുകയും ചെയ്താൽ അതും തന്റെ മക്കളുടെ കൂടി മുന്നിൽ വെച്ചായാൽ പിന്നെ പിന്നീടൊരു കാലത്ത് ഭർത്താവ് തന്റെ തെറ്റുകൾ മനസ്സിലാക്കി പശ്ചാത്തപിച്ചാൽ പോലും പഴയ പടി ഒരു സന്തോഷ ജിവിതം അയാൾക്കൊന്നിച്ച് സാധാരണ ഗതിയിൽ നയിക്കാൻ അവർക്കാവില്ലെന്ന് തന്നെയാണ് കരുതേണ്ടത്. മാതാപിതാക്കളുടെ സ്വരച്ചേർച്ചയില്ലായ്മയിൽ ഏറെ മാനസിക പീഢകളനുഭവിക്കുന്നത് അവരുടെ മക്കളാണ്. പ്രതികരണ ശേഷിയില്ലാത്ത സമയത്ത് അതൊക്കെ നിശബ്ദം സഹിക്കുന്ന അവർ നാളെ ഈ മാതാപിതാക്കൾക്കെതിരെ തിരിയുന്നതിൽ അത്ഭുതപ്പെടാനില്ല. മക്കളെ സ്നേഹിക്കുന്നവർ തീർച്ചയായും തന്റെ ഇണയെയും സ്നേഹിച്ചിരിക്കും. അത് പോലെ തന്റെ ഇണയുടെ മാതാപിതാക്കളെ ബഹുമാനിക്കാനും ആ സ്നേഹം കാരണമാവും. ഗർവ്വും താൻപോരിമയും മനസ്സിൽ കൊണ്ടുനടക്കുന്നവർക്ക് പക്ഷെ അഡ്ജസ്റ്റുമെന്റുകൾ സ്വീകാര്യമായിരിക്കില്ല അവിടെ പൊട്ടിത്തെറികൾ ഉണ്ടാവുക തന്നെ ചെയ്യും.

വിവാഹപ്രായമെത്തിയ പെൺകുട്ടികളുള്ള മാതാപിതാക്കൾക്ക് പ്രത്യേകിച്ച് മാതാവിന് തന്റെ മകളെ ഒരുത്തന്റെ കയ്യിലേൽ‌പ്പിക്കുകയെന്ന കാര്യത്തിൽ ഉണ്ടാവുന്ന ആവശ്യത്തിലധികമുള്ള ഉത്കണ്ഡയാൽ പലപ്പോഴും വരുന്ന ആലോചനകൾ ശരിയായി അന്വേഷിക്കാതെ ഉറപ്പിക്കുന്നത് കൊണ്ട് പലപ്പോഴും അബദ്ധം പിണയുന്നത് സ്വാഭാവികം. അത്തരത്തിൽ ഒന്ന്; അടുത്ത പ്രദേശങ്ങളിലൊന്നും പെണ്ണുകിട്ടാത്തതിനാൽ കുറച്ച് അകലെ നിന്ന് പെണ്ണന്വേഷണം നടത്തുകയും ചെറുക്കന്റെ പിതാവിനെ കണ്ട് വിലയിരുത്തി കാര്യങ്ങൾ നടത്തിക്കൊടുക്കുകയും ചെയ്ത് പിന്നീട് ഭർത്താവിൽ നിന്ന് ശാരീരികവും മാനസികവുമായ പീഢനങ്ങൾ ഈ പാവം സ്ത്രീ ഏറ്റു വാങ്ങേണ്ടി വന്നു. നേരിൽ അറിയാവുന്ന ഈ കാര്യത്തിൽ ആ സ്ത്രീയുടെ ഭർത്താവ് പറയുന്നത് ഇവളെ ഇത്രയും അകലത്തേക്ക് വിവാഹം കഴിച്ച് തന്നത് ഇവളുടെ സ്വഭാ‍വം ശരിയല്ലാത്തതിനാൽ ആരും കെട്ടിക്കൊണ്ട് പോവാത്തതിനാലായിരുന്നു എന്ന്. സംശയ രോഗിയായി മാറിയ ഇയാൾ സ്വന്തം മകളെ കുറിച്ച് വരെ അപവാദങ്ങൾ പറയാൻ മടിക്കുന്നില്ല. താൻ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നു എന്ന് ഇയാൾ ഭംഗിവാക്ക് പറയുകയും ചെയ്യുന്നു. അന്വേഷണത്തിൽ നിന്ന് മനസ്സിലായത് ഇയാൾ ചെറുപ്പം മുതലേ തന്നിഷ്ടക്കാരനും ആരെയും അനുസരിക്കാത്തവനും എല്ലാ വൃത്തികേടിലും ജീവിച്ചവനുമായിരുന്നു എന്ന്. ഇവിടെ ഒരു ബന്ധം വന്നപ്പോൾ കൂടുതൽ ഒന്നും അന്വാഷിക്കാൻ ആ കുടുംബം സാവകാശം കണ്ടെത്തിയില്ല എന്നാണ് മനസ്സിലായത്. വരുന്ന ആലോചനകൾ അകലത്തിന്റെ കാര്യം പറഞ്ഞ തള്ളിയാൽ പിന്നെ ആലോചനകൾ വരാതെ തന്റെ മകൾ കഷ്ടപ്പെടുമോ എന്ന അനാവശ്യമായ ആവലാതി കൊണ്ട് മകളുടെ ജീവിതത്തിന്റെ വെളിച്ചം കെടുത്തുകയല്ലേ ഇവിടെ ഉണ്ടായത്. ഇയാളുടെ തന്നെ കുടുംബത്തിൽ പെട്ടവർ തന്നെയാണ് ഈ സംശയ രോഗിയുടെ മനസ്സിൽ വിഷബീജം കുത്തിവെച്ചതെന്ന് കൂടി മനസിലാക്കാൻ കഴിഞ്ഞു. അങ്ങിനെ എത്രയെത്രെ ജീവിതങ്ങൾ നമുക്ക് ചുറ്റും. !!

പലപ്പോഴും ഇത്തരം കാര്യങ്ങൽ മൂടിവെച്ച് ജീ‍വിച്ച് തീ‍ർക്കുന്നു പലരും എന്നാൽ പല കാരണങ്ങൾ കൊണ്ടും അത് പുറത്ത് വന്നാൽ സ്ത്രീകളുടെ ശക്തീകരണത്തിനെന്നും സമത്വത്തിനെന്നുമൊക്കെ പറഞ്ഞ് നടക്കുന്നവർ പക്ഷെ പ്രശ്ന പരിഹാരത്തിനു ശ്രമിയ്ക്കാതെ കൂടുതൽ വഷളാക്കാനാണ് ശ്രമിക്കാറുള്ളത് പലപ്പോഴും. എത്ര വലിയ പ്രശ്‌നമാണെങ്കിലും ര‌മ്യമായി പരിഹരിക്കാൻ ശ്രമിക്കാതെ നിസാര പ്രശ്നങ്ങൾ വലുതാക്കി വേർപിരിയലിന്റെ പാതയിലേക്ക് നയിക്കുന്നതായിട്ടാണ് അത്തരക്കാരുടെ ഇടപെടലുകൾ പലപ്പോഴും കാരണമാകുന്നത്. വിവഹത്തിനു മുന്നെ അന്വേഷണങ്ങൾ നമ്മുടെ നാട്ടിൽ സാധാരണയായി നടക്കുന്നുവെങ്കിലും മിക്കവാറും വിവാഹത്തിനു ശേഷം ആ ദമ്പതിമാരുടെ പൊരുത്തവും പൊരുത്തക്കേടുകളും അന്വേഷിക്കാൻ ആരും തയ്യാറാവാറില്ല. ഇനി അവരായി എന്ന നിലപാടാണ് മാതാ പിതാക്കൾക്കടക്കം. ഒരു ഭാരം ഇറക്കി വെച്ചു ഇനി അതിനെ പറ്റി എന്താലോചിക്കാൻ എന്ന രീതി മാറേണ്ടിയിരിക്കുന്നു. വിവാഹത്തിലൂടെ രണ്ട് കുടുംബങ്ങൾ തമ്മിലാണ് യഥാർത്ഥത്തിൽ സമ്മേളിക്കുന്നത്. തീർച്ചയായും വിവാഹ ശേഷം പ്രത്യേകിച്ച് വിവാഹ ജീവിതത്തിന്റെ ആദ്യ കാലങ്ങളിൽ ദമ്പതികൾ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് തുറന്ന് പറയാൻ അവർക്കു അവസരമുണ്ടാവണം. അത് പരിഹരിച്ച് മുന്നോട്ട് പോവാനുള്ള വഴികൾ ഉപദേശിക്കാൻ കുടുംബങ്ങളും തയ്യാറാവണം. അല്ലാതെ എല്ലാം മൂടി വെക്കുന്നതിൽ അർത്ഥമില്ല. അങ്ങിനെ മൂടി വെക്കുന്ന കാര്യങ്ങൾ പലപ്പോഴും ഭാവിയിൽ വലിയ കീറമുട്ടികളായി അവസാനം ജീവിതം തന്നെ വഴിമുട്ടുന്ന അവസ്ഥ പല കുടുംബങ്ങളിലും ഉണ്ടാവുന്നു.

ദാമ്പത്യ ജീവിതത്തിൽ സ്വാഭാവികമായുണ്ടാകുന്ന ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം മറ്റുള്ളവരുടെ മുന്നിൽ വിളമ്പി വലുതക്കണം എന്നല്ല അത് തികച്ചും അനഭിലഷണീയവുമാണ്. ദമ്പതികൾക്ക് തന്നെ അത് വിപരീത ഫലം ഉണ്ടാക്കുകയും ചെയ്യും. എന്നാൽ സ്വഭാവ ദൂശ്യം ആരോപിക്കുന്ന രീതിയിലുള്ള സംശയങ്ങൾ, മർദ്ദനങ്ങൾ അതൊക്കെ തുടക്കത്തിൽ തന്നെ അഥവാ മുളയിൽ തന്നെ നുള്ളിക്കളയണം.

നമ്മുടെ അറിവിൽ പെടുന്ന ഇത്തരം കേസുകളിൽ എങ്ങിനെ ഇവരെ സഹായിക്കാം ? കൌൺസിലിംഗ് സെന്ററുകൾ ഇത്തരം വിഷയങ്ങൾ എങ്ങിനെ കൈകാര്യം ചെയ്യുന്നു. നിയമ പരമായുള്ള നടപടികൾ എങ്ങിനെയൊക്കെ സ്വീ‍കരിക്കാം എന്നുള്ളതിനെ കുറിച്ച് അറിവുള്ളവർ പങ്ക് വെക്കണമെന്ന് താത്പര്യപ്പെടുന്നു.


വിവാഹ ജീവിതത്തിൽ എല്ലാ പ്രശ്നങ്ങളും മൂടി വെച്ച് പുറമെ സന്തോഷം നടിച്ച് പുഞ്ചിരിച്ച് സംശയ രോഗിയായ ഭർത്താവിന്റെ പീഢനം സഹിക്കവയ്യാതെ അവസാനം ജീവിതം സ്വയം ഹോമിച്ച , അതോ !? (ജഗന്നിയന്താവിനറിയാം ) ....ഇന്നും ഒരു വേദനയായി ഓർമ്മകളിൽ ജീവിക്കുന്ന ഞങ്ങളുടെ കുടുംബത്തിലെ .......മോൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് .. ഒരു സഹോദരിക്കും അത്തരം ഗതിയുണ്ടാവരുതേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ട്
.

36 comments:

ബഷീർ said...

കുറെ നാളുകൾക്ക് ശേഷം, അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തി, നുറുങ്ങുകളിൽ നിങ്ങളുമായി പങ്ക് വെക്കാൻ ഇപ്പോൾ ഈ ആകുലതയാവട്ടെ ..

chithrakaran:ചിത്രകാരന്‍ said...

വളരെ സുചിന്തിതവും അനുഭവ സംബന്നവുമായ പോസ്റ്റ്.

അരുണ്‍ കരിമുട്ടം said...

കാലങ്ങളായി കാണുന്ന പ്രശ്നങ്ങളും ആകുലതകളും തന്നെ ഇക്കാ

ബഷീർ said...

> ചിത്രകാരൻ,


വായിച്ചതിനും അഭിപ്രായമറിയിച്ചതിലും വളരെ സന്തോഷം.


> അരുൺ കായംകുളം

ഈ ആകുലതകളിൽ നമുക്കെന്തെങ്കിലും ചെയ്യാനാവുമോ എന്നാണെന്റെ അന്വാഷണം


ക്രിയാത്മകമായ പരിഹാര മാർഗങ്ങളും കൂടി ചർച്ച ചെയ്യാം

Unknown said...

ബഷീര്‍ ,ചര്‍ച്ച ചെയ്യപെടെണ്ടാതായ വിഷയം, ഈ പ്രശ്നം പുരുഷന്‍ മാരില്‍ മാത്രല്ല സ്ത്രീകളിലും ഉണ്ട്. എനിക്ക് ഇതിന്റെ ശാസ്ത്രീയ വശങ്ങളൊന്നും അത്ര പിടിപാടില്ല. ഒന്നറിയാം മനുഷ്യന്റെ അത്മവിശ്വാസകുരവ് തന്നെയാണ് പ്രധാനകാരണം പിന്നൊന്ന് അമിതമായ സ്നേഹം (അതിനെ സ്നേഹം എന്നാണോ പറയാ.. അറിയില്ല) ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ എന്റെ മാത്രം സ്വന്തം അല്ലെങ്കില്‍ പ്രോപര്ടി എന്നുള്ള സങ്കുചിതമായ ചിന്ത,അപ്പോള്‍ നോക്കുന്നതും പറയുന്നതും ഒക്കെ സംശയത്തിനു
കാരണമാകും പിന്നെ ജീവിതം നരകം ആയി തീരും. ഇതൊരുതരം മനോരോഗമാണ് നല്ലൊരു കൌന്സിലിങ്ങു നടത്തിയാല്‍ മാറികിട്ടും.

ഇനി ഇതിനെ പറ്റി കൂടുതല്‍ അറിവുള്ളവര്‍ പറയട്ടെ.

ചര്‍ച്ച നടക്കട്ടെ ആശംസകള്‍.
ഷാജി ഖത്തര്‍.

ഖാന്‍പോത്തന്‍കോട്‌ said...
This comment has been removed by the author.
ഖാന്‍പോത്തന്‍കോട്‌ said...

ചിന്തിക്കൂ....!!
ചിന്തിക്കേണ്ട സമയം വൈകിപ്പോയി...!!!

ഇത്തരം പോസ്റ്റിന് ( ബഷീര്‍ പി.ബി.വെള്ളറക്കാട്‌ )നല്ലൊര് അഭിനന്ദനം..!ആശംസകള്‍..!

കാട്ടിപ്പരുത്തി said...

വളരെ ചർച്ച ചെയ്യപ്പെടെണ്ട ഒരു പോസ്റ്റ്- സമയം കിട്ടുകയാണെങ്കിൽ ഈ വിഷയം ഞാനൊന്നു കോപ്പിയടിക്കും

ജിജ സുബ്രഹ്മണ്യൻ said...

സംശയ രോഗം ഒരു മാനസൈക രോഗമാണ്.ചികിത്സ വേണ്ട രോഗം.നിശ്ശബ്ദമായി സഹിക്കാതെ എത്രയും വേഗം ചികിത്സ നല്കണം ഈ രോഗത്തിനു.നല്ല പോസ്റ്റ് ബഷീറിക്ക

anushka said...

സംശയരോഗം ചികില്‍സ ആവശ്യമായ ഒരു മാനസികരോഗമാണ്.പൂര്‍ണ്ണമായും ചികില്‍സിച്ചു മാറ്റാവുന്നതുമാണ്.സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ബാധിക്കുന്നതുമാണ്.താങ്കളുടെ പോസ്റ്റ് പലതും കൂട്ടിക്കുഴച്ച് ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നായിപ്പോയി.

ഷാ said...

ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെ...
പറഞ്ഞു പറഞ്ഞു നീണ്ടു പോയത് കൊണ്ടോ എന്തോ, ഒരു കണ്‍ഫ്യൂഷന്‍ പോലെ തോന്നുന്നു.

".....സ്ത്രീകളുടെ ശക്തീകരണത്തിനെന്നും സമത്വത്തിനെന്നുമൊക്കെ പറഞ്ഞ് നടക്കുന്നവർ പക്ഷെ പ്രശ്ന പരിഹാരത്തിനു ശ്രമിയ്ക്കാതെ കൂടുതൽ വഷളാക്കാനാണ് ശ്രമിക്കാറുള്ളത് പലപ്പോഴും."

ഈ പ്രസ്താവനയോട് യോജിപ്പില്ല.

"........ പിന്നീടൊരു കാലത്ത് ഭർത്താവ് തന്റെ തെറ്റുകൾ മനസ്സിലാക്കി പശ്ചാത്തപിച്ചാൽ പോലും പഴയ പടി ഒരു സന്തോഷ ജിവിതം അയാൾക്കൊന്നിച്ച് സാധാരണ ഗതിയിൽ നയിക്കാൻ അവർക്കാവില്ലെന്ന് തന്നെയാണ് കരുതേണ്ടത്."

അതെ അത് തന്നെയാണ് ശരി. പക്ഷെ പിന്നെയും നമ്മള്‍ അതിനവളെ നിര്‍ബന്ധിക്കും.

"ഭർത്താവ് എത്ര കൊള്ളരുതാത്തവനായാലും തന്റെ ബന്ധം ഒഴിവാക്കിയാൽ താൻ സമൂഹത്തിൽ ,ജീവിതത്തിൽ ,കുടുംബത്തിൽ ഒറ്റപ്പെടുമോ! ശിഷ്ട കാലം എങ്ങിനെ കഴിയും എന്നൊക്കെയുള്ള ഭീതിയായിരിക്കാം അവരെ ഒരളവ് വരെ അതിന് പ്രേരിപ്പിക്കുന്നത്."

ഈ ഭീതി മാറ്റി കൊടുക്കുകയല്ലേ യഥാര്‍ത്തത്തില്‍ നമ്മള്‍ ചെയ്യേണ്ടത്...?

Unknown said...

ചര്‍ച്ച വഴിതെറ്റുന്നോഎന്നൊരു സംശയം ,ഇവിടെ നമ്മള്‍ ചര്‍ച്ച ചെയുന്നത് ഭാര്യ ഭാര്ത്തക്കന്മാര്‍ക്കിടയിലുള്ള സംശയ രോഗത്തെ പറ്റിയാണ് അവിടെ എങ്ങിനെ സ്ത്രീ ശാക്തീകരണവും സമത്വവും വരുന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഈ പോസ്റ്റില്‍ പുരുഷന് മാത്രമേ ഈ രോഗമുള്ളൂ സ്ത്രീകള്‍ മാത്രമേ ഇതിനു ഇരകള്‍ ആകുന്നു
എന്ന തെറ്റായ പറഞ്ഞു വെക്കലും നടത്തിയിട്ടുണ്ട്. ഇത് തികച്ചും വ്യക്തിത്വവുമായി ബന്ധ്ധപെട്ട ഒരു പ്രശ്നമായി കാണണം എന്നാണ് എന്റെ അഭിപ്രായം. ഈ വിഷയത്തെ പറ്റി ശാസ്ത്രീയ മായി പറയാന്‍ പറ്റിയ
ആരെങ്കലും ബാക്കി പറയുമെന്ന് വിശ്വസിക്കുന്നു.

ചര്‍ച്ച തുടരട്ടെ ആശംസകള്‍ .
ഷാജി ഖത്തര്‍.

ബഷീർ said...

> ഷാജി

തീർച്ചയായും ..അതിൽ തർക്കമില്ല. പക്ഷെ പ്രശ്നം പലപ്പോഴും രൂക്ഷമാവുന്നത് പുരുഷന്റെ സംശയം കൊണ്ടാണെന്ന് തോന്നുന്നു. താങ്കൾ സൂചിപ്പിച്ച പോലെ ആത്മ വിശ്വാസ ക്കുറവ് ഒരു കാരണം തന്നെ. അമിത സ്നേഹം കൊണ്ട് ഇങ്ങിനെ സംഭവിക്കുമോ എന്ന് സംശയം .ഒരു പാക്ഷെ അമിത സ്നേഹം കൊണ്ട് തന്റെ ഭാര്യ / ഭർത്താവ് മറ്റുള്ളവരോട് ചിരിക്കുന്നതും സംസാരിക്കുന്നതും അസഹിഷ്ണുതയോടെ നോക്കിക്കാണുന്നതും ഈ രോഗത്തിന്റെ ലക്ഷണമാ‍വാം. അങ്ങിനെയുള്ളത് കൌൺസിലിംഗ് കൊണ്ട് ഭേതപ്പെടുത്താമെന്നും തോന്നുന്നു. താൻ ചെയ്യുന്നത് തികച്ചും അന്യായമാണെന്ന് മനസ്സിലാക്കുകയും എന്നാൽ അത് വകവെച്ച് കൊടുക്കുന്നത് തന്റെ വ്യക്തിത്വത്തിന് കുറവാണെന്നും കരുതുന്നവർ ന്യായങ്ങൾ നിരത്താൻ കാരണങ്ങൾക്കായി കാരണങ്ങൾ ഉണ്ടാക്കുന്നത് എങ്ങിനെ തിരുത്താനാവുമെന്ന് അറിയുന്നില്ല.

നന്ദി

> ഖാൻ പോത്തൻ‌കോട്

അതെ ..ഏറെ വൈകിയിരിക്കുന്നു.എങ്കിലും ആരുടെയെങ്കിലും മനസിൽ ചലനങ്ങൾ ഉണ്ടാക്കാനുതകട്ടെ. നമ്മുടെ ചർച്ച.

നന്ദി

> കാട്ടിപ്പരുത്തി

സ്വാഗതം.. കൂടുതൽ ആളുകളിലേക്ക് ചർച്ച നീങ്ങട്ടെ.. സന്തോഷം


> കാന്താരിക്കുട്ടി

അതെ..സംശയരോഗത്തിനു ചികിത്സിക്കാം. അത് പലപ്പോഴും സ്ത്രീകളിലാണെങ്കിലേ ചികിത്സകൾക്ക് വിധേയരാക്കാൻ എളുപ്പമാവുകയുള്ളൂ. തുടക്കത്തിൽ തന്നെ വേണ്ട ചികിത്സ നൽകുകയാണെങ്കിൽ പരിഹരിക്കാൻ കഴിയുന്നത് തന്നെ .പക്ഷെ കൂടിയ അവസ്ഥയിൽ എന്ത് ചെയ്താലാണതിനു പരിഹാരം കണ്ടെത്താനാവുക എന്നതിലാണ് സംശയം.

അഭിപ്രായമറിയിച്ചതിൽ വളരെ നന്ദി.

ബഷീർ said...

> vrajesh

സംശയരോഗം എന്നത് ചികിത്സ ആവശ്യമായതും അത് ആണിനു പെണ്ണിനും ബാധിക്കുന്നതുമാണെന്നതിൽ തർക്കമില്ല. പക്ഷെ അത് കണ്ടെത്തലാണ് പ്രശ്നം. .പിന്നെ തനിക്ക് സംശയ രോഗമാണെന്ന് സ്ത്രീയോ /പുരുഷനോ സമ്മതിക്കാത്ത അവസ്ഥയും എങ്ങിനെ കൈകാര്യം ചെയ്യുമെന്നതും. എന്റെ പോസ്റ്റ് ആശയക്കുഴപ്പമുണ്ടാക്കിയോ ? ക്ഷമിക്കുക. മനസ്സിന്റെ ആകുലതകൾ എഴുത്തിന്റെ രീതിയെ ബാധിച്ചിരിക്കാം.

> ഷാ

പറഞ്ഞാൽ തീരാത്തത്രയുള്ളത് കൊണ്ടായിരിക്കാം. നീണ്ടു പോയതിൽ ക്ഷമിക്കുക. സ്ത്രീകളാൽ നയിക്കപ്പെടുന്ന പല സംഘടനകളും ഒരു കുടുംബ പ്രശ്നമുണ്ടകുമ്പോൾ അവിടെ പ്രശ്നപരിഹാരം കാണാൻ ശ്രമിയ്ക്കാതെ സ്ത്രീയെയും പുരുഷനെയും രണ്ട് തട്ടിലാക്കി നിർത്താനാണ് ശ്രമിച്ചു കാണുന്നത്. വൈരാഗ്യം വളർത്താനല്ല മറിച്ച് തെറ്റുകൾ മനസിലാക്കി കൊടുത്ത് അടുപ്പിക്കാനാണ് ശ്രമിക്കേണ്ടത് എന്നേ ഉദ്ദേശിച്ചുള്ളൂ.

താങ്കൾ പറഞ്ഞ് വെച്ച പോലെ ഓരോ സഹോദരിമാർക്കും ആ ഭീതി ഇല്ലാതാക്കാൻ എന്ത് ചെയ്യൻ കഴിയുമെന്ന് ആലോചിക്കണം.

> ഷാജി

വീണ്ടും വന്നതിൽ സന്തോഷം

ചർച്ച വഴി തെറ്റാതെ നോക്കാം. സ്ത്രീ ശാക്തീകരണവും സമത്വവും നമുക്ക് മാറ്റി നിർത്താം. പറഞ്ഞു വന്നപ്പോൾ അത് സൂചിപ്പിച്ചെന്നേയുള്ളൂ.

ഇവിടെ ഞാൻ പുരുഷൻ മാത്രമാണ് ഇതിനു അടിമയെന്ന് പറയുന്നില്ല. മറിച്ച് ഇത്തരം കാരണങ്ങൾ കൊണ്ട് നടക്കുന്ന പല വിഷയങ്ങളിലും വില്ലൻ പുരുഷനായി വരുന്നതാണ് കാണുന്നത്. സ്ത്രീകളുടെ സംശയ രോഗം കൊണ്ട് വലയുന്ന പുരുഷന്മാരുമുണ്ടെന്നതിൽ യാതൊരു തർക്കമില്ല. പക്ഷെ തുലോം പരിമിതമാണെന്നാണേ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. ഇനി അഥവാ അങ്ങിനെയുണെങ്കിൽ തന്നെ അത് കേവലം രോഗം കൊണ്ട് മാത്രമാവും മിക്കപ്പോഴും അല്ലാതെ തന്റെ കൊള്ളരുതായ്മകൾ മൂടി വെക്കാൻ വേണ്ടി താൻ ചെയ്യുന്ന അല്ലെങ്കിൽ ചെയ്തിട്ടുള്ള കൊള്ളരുതായ്മകൾ ഭാര്യയിലും മക്കളിലും ആരോപിക്കുന്ന രീതിയിൽ ആയി കാണുന്നില്ല.

OAB/ഒഎബി said...

തന്റെ കഴിവ് കേട് മറച്ച് വക്കാന്‍ മറ്റെയാളില്‍ കുറ്റം ചുമത്തുക. അമിത സ്നേഹം, മദ്യപാനം എന്നിവയാലും ഒരു തെളിവുമില്ലാതെ സ്വന്തം ഭാര്യയുടെ ചാരിത്ര്യത്തെ സംശയാരോപണം നടത്തി ജീവിതം നരക തുല്യമാക്കുന്നു ചിലര്‍.

വീട്ടിനുള്ളില്‍ സംശയ രോഗി ഭര്‍ത്താവ് മാത്രമല്ല.
ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചാല്‍, സ്വന്തം ഇഷ്ടപ്രകാരം ഭക്ഷണം ഉണ്ടാക്കിയാല്‍, അയലോക്കക്കാരനുമായി ഒന്ന് കുശലം പറഞ്ഞാല്‍, ഒന്ന് ഉറക്കെ ചിരിച്ചാല്‍ സംശയത്തോടെ കുറ്റപ്പെടുത്തി സംസാരിക്കുന്ന അമ്മായി അമ്മ / നാത്തൂന്മാര്‍.
മുമ്പത്തെ സ്ത്രീ എല്ലാം സഹിച്ചിരുന്നു. ഇന്ന് ചില സ്ത്രീകള്‍ നീയില്ലെങ്കിലും എനിക്ക് ജീവിക്കമെടോ എന്ന് ചിന്തയാല്‍ ഒരു വിട്ട് വീഴ്ചക്കും തയ്യാറാവാതെ തന്റെ പാട് നോക്കി പോവുന്നു.

മറ്റു പാവങ്ങള്‍ കുടുബത്തിന്റെ/ സമൂഹത്തിന്റെ മുമ്പില്‍ പരിഹാസപാത്രമാവുമ്പോഴുണ്ടാവുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ മുന്നും പിന്നും നോക്കാതെ ആത്മഹത്യ കൊണ്ട് മറ്റെയാളിനെ ജയിക്കാമെന്നും കരുതുന്നു.

എന്നാല്‍ ചില പെണ്ണുങ്ങളുണ്ട്. അവരുടെ സംശയം?
അത് വടക്ക് നോക്കിയന്ത്രം സിനിമയില്‍ ശ്രീനിവാസന്‍ പറഞ്ഞ കഥ നേരെയങ്ങ് മറിച്ച് പറഞ്ഞാല്‍ മതി.

വിഷയം സംശയ രോഗമായിരുന്നെങ്കിലും എഴുതി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴേക്കും വിവാഹ ശേഷം ഭര്‍ത്താവിനുണ്ടാവുന്ന സംശയത്തില്‍ മാത്രം ഒതുങ്ങിയൊ?

എന്നാലും പോസ്റ്റ് എല്ലാവര്‍ക്കും ഇഷ്ടമാവും.

Sabu Kottotty said...

.....സ്ത്രീകളുടെ ശക്തീകരണത്തിനെന്നും സമത്വത്തിനെന്നുമൊക്കെ പറഞ്ഞ് നടക്കുന്നവർ പക്ഷെ പ്രശ്ന പരിഹാരത്തിനു ശ്രമിയ്ക്കാതെ കൂടുതൽ വഷളാക്കാനാണ് ശ്രമിക്കാറുള്ളത് പലപ്പോഴും.
ഇതു പലപ്പോഴും സംഭവിച്ചിട്ടുണ്ട്. സ്ത്രീകളുടെ കാര്യത്തില്‍ മാത്രമല്ല, വസ്തുതകള്‍ മനസ്സിലാക്കാതെ പ്രശ്നത്തിലിടെപെടുന്ന രീതികൊണ്ട് പ്രശ്നങ്ങള്‍ വഷളായ ഒരുകഥ എനിയ്ക്കു നേരിട്ടറിയാം.

Typist | എഴുത്തുകാരി said...

വളരെ പ്രസക്തമായ വിഷയം. അതു ഭംഗിയായി, ആഴത്തില്‍ ചിന്തിച്ചു തന്നെ പറഞ്ഞിരിക്കുന്നു.

സംശയ രോഗം കൊണ്ടാവാം, അതല്ലാത്ത പല കാരണങ്ങള്‍ കൊണ്ടും, നല്ലൊരു പങ്ക് കുടുംബജീവിതവും അത്ര സുഗമമായിട്ടൊന്നുമല്ല കഴിയുന്നതു്. ‍ എല്ലാം മനസ്സിലൊതുക്കി, ഇവിടെ പ്രശ്നങ്ങളൊന്നുമില്ല, ഞങ്ങള്‍ വളരെ ഹാപ്പി ആണ് എന്നു എല്ലാവരേയും ബോദ്ധ്യപ്പെടുത്താന്‍ പാടു പെടുന്നു. സമൂഹത്തിനെ പേടിച്ച്. സ്വന്തം മക്കളുടെ ഭാവിയെ ഓര്‍ത്ത്.

വളരെ കുറച്ചു മാത്രം മറ നീക്കി പുറത്തുവരുന്നു.

ശ്രീ said...

ശരി തന്നെയാണ് ബഷീര്‍ക്കാ.
സംശയരോഗം തന്നെയാണ് കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം. പലപ്പോഴും ഒരുമിച്ചിരുന്ന് പരസ്പരം തുറന്ന് സംസാരിച്ച് ഒത്തു തീര്‍പ്പാക്കാന്‍ പറ്റുന്നത്ര ലളിതമായ സംഭവങ്ങള്‍ പോലും ഊതിപ്പെരുപ്പിച്ച് വിവാഹ മോചനങ്ങളിലെത്തുന്ന കഥകള്‍ നിരവധിയാണ്.

ബഷീർ said...

> OAB/ഒഎബി

അമ്മായി അമ്മ ,നാത്തൂൻ പോരുകൾ അതും വലിയ ഒരു വിഷയം തന്നെ. തന്നെ സ്നേഹിക്കുന്ന മനസ്സിലാക്കുന്ന സ്വാന്തനമേകുന്ന ഒരു ഭർത്താവുണ്ടെങ്കിൽ മറ്റ് എല്ലാ വിഷമങ്ങളും ഒരു സ്ത്രീക്ക് ഒരു വിഷയമേ അല്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. എന്നാൽ തന്റെ എല്ലാമെല്ലാമായ (എന്ന് കരുതിയ) ഭർത്താവ് തനിക്കെതിരെ തിരിഞ്ഞാൽ അതവർക്ക് താങ്ങാൻ കഴിയുന്നതിലപ്പുറമാകും. അതും ചെയ്യാത്ത കുറ്റമാണ് തന്നിൽ ആരോപിക്കുന്നതെങ്കിൽ പിന്നെ പറയേണ്ടതില്ല.

വടക്ക് നോക്കിയന്ത്രം തിരിച്ചിട്ടാലുള്ള അവസ്ഥയിലുള്ള സംഭവങ്ങളും ഉണ്ടെന്ന് തന്നെ എനിക്കുമറിയാം. ഞാൻ നേരിട്ട് തന്നെ അറിയുന്ന ഒരു കാര്യത്തിൽ സംശയ രോഗി ഭാര്യയാണ് .ആ സ്ത്രീയെ നേരിൽ അറിയില്ലെങ്കിലും പാവം ഭർത്താവിനെ വ്യക്തമായി അറിയാം. യാതൊരു ദുശീലങ്ങളുമില്ലാത്ത അധ്വാനിച്ച് കുടുംബം പുലർത്താൻ പാടു പെടുന്ന പാവം മുരളി (പേരൊന്ന് മാറ്റി ). ഭാര്യയിൽ സംശയ രോഗത്തിന്റെ വിത്ത് വിതച്ചത് അയൽ പക്കത്തുള്ള ( മുരളിയെ വലയിൽ കിട്ടാത്തതിനാൽ ) രണ്ടാം കിട പെണ്ണുങ്ങളാണെന്നാണ് അറിവ്. പക്ഷെ ഇവിടെ മുരളി ആത്മഹത്യക്കോ മറ്റ് സാഹസങ്ങൾക്കോ മുതിരുന്നില്ല. ആ സ്ത്രീയെ ചികിത്സയ്ക്ക് കൊണ്ടു നടക്കുന്നു. പുരുഷന് പിടിച്ച് നിൽകാൻ സാധിക്കുന്നു മിക്ക കേസുകളിലും എന്നാൽ പൊതുവേ സ്ത്രീകൾക്ക് അതിനു കഴിയുന്നില്ല എന്നതാണ് വാസ്തവം. അത് കൊണ്ടും ,അധികം കേസുകളിലും സ്ത്രീകൾക്കാണ് ദുരനുഭവം എന്നതിനാലും അത് പ്രൊജക്റ്റ് ചെയ്യപ്പെട്ടു എന്ന് മാത്രം. നന്ദി


> കൊട്ടോട്ടിക്കാരൻ

വളരെ ശരിയാണ്. പ്രശ്നങ്ങൾ ഒതുക്കി തീർക്കാൻ ഇടപെടുന്നവർ പലപ്പോഴും പ്രശ്നം വലുതാക്കിയ ചരിത്രമാണുള്ളത്. എങ്കിലും ആരും അറിയാതെ എരിഞ്ഞടങ്ങുന്നതിനെക്കാൾ വേണ്ടപ്പെട്ടവരെ വേണ്ട സമയത്ത് വേണ്ട പോലെ അറിയിച്ച് ഉചിതമായ നടപടികൾ (ചികിത്സയടക്കം ) സ്വീകരിക്കുക തന്നെ വേണം.



> Typist /എഴുത്തുകാരി


ശരിതന്നെ. മറ്റ് പല വിഷയങ്ങളും ഒരു കുടുംബമാവുമ്പോൾ മറ്റുള്ളവരിൽ നിന്ന് മൂടിവെച്ച് സന്തോഷം നടിച്ച് ,മക്കളുടെ ഭാവി യോർത്തെങ്കിലും ജീവിക്കണം. എന്നാൽ മക്കളുടെ മുന്നിലും മറ്റും തന്റെ അഭിമാനം പിച്ചിച്ചീന്തപ്പെട്ടാൽ പിന്നെ ഒരു സ്ത്രിക്ക് എങ്ങിനെ പിടിച്ച് നിൽക്കാനാവും !

അവിടെ മറനീക്കി പുറത്ത് വരുന്നു .കേൾക്കരുതാത്ത പലതും.

അങ്ങിനെ വരാതിരിക്കാൻ തുടക്കത്തിൽ തന്നെ ചികിത്സ തുടങ്ങണമെന്നാണ് തോന്നുന്നത്

നന്ദി.

> ശ്രീ

തീർച്ചയായും. അതിനാണ് ആദ്യം തയ്യാറാവേണത്. എന്നാൽ താൻ പറയുന്നത് മാത്രമാണ് ന്യായം . മറ്റുള്ളവർ പറയുന്നതൊക്കെ അന്യായം എന്നുള്ള നിലപാട് ആദ്യമേ സ്വീകരിച്ചവർ തമ്മിൽ എങ്ങിനെ ചർച്ച ചെയ്തിട്ടെന്താ ഫലം.

പരസ്പരമുള്ള വ്യക്റ്റിത്വം അംഗീകരിക്കാൻ നമ്മൾ തയ്യാറാവണം. തന്നെപ്പോലെ തന്നെ മജ്ജയും മാംസവും വികാര വിചാരങ്ങളും ഉള്ളതാണ് തന്റെ ഇണ (ഭാര്യയായാലും ഭർത്താ‍വായാലും )എന്ന ഒരു ബോധം എല്ലാവർക്കുമുണ്ടാവണം..


===============
സുഹൃത്തുക്കളെ,


ഞാനിവിടെ സ്ത്രീകളുടെ പക്ഷം പിടിച്ച് എഴുതിയതല്ല. പുരുഷന്മാരുടെ ജീവിതം നരക തുല്യമാക്കുന്ന അനവധി സ്ത്രീകളുണ്ട്. എന്നാൽ പുരുഷൻ പിടിച്ച് നിൽക്കുന്നത് പോലെ തരണം ചെയ്യുന്നത് പോലെ സ്ത്രീക്ക് സാധിക്കുന്നില്ല എന്നതല്ലേ സത്യം. അതിനു കാരണം .എന്തൊക്കെ പറഞാലും ഇന്നും തന്റെ സ്വഭാവശുദ്ധിയിലും അഭിമാനത്തിലും ദുരാരോപണം ഉണ്ടായാൽ (അതും തന്നെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മക്കളുടെ മുന്നിൽ, തന്റെ പ്രിയ മാതാപിതാക്കളുടെ മുന്നിൽ ) അത് അവളെ സംബന്ധിച്ചിടത്തോളം താങ്ങാൻ കഴിയാത്തതായും , തന്റെ ഭാവി ഈ പേരിനൊരു ഭർത്താവില്ലാതായാൽ ഇരുളടയുമെന്നും . തന്നെ തന്റെ വീട്ടുകാരും സമൂഹവും മറ്റൊരു കണ്ണാലെ നോക്കുമെന്നുമുള്ള ഭീതിയാലുമായിരിക്കും

വിചാരം said...

ലേകനത്തിന്റെ ദൈര്‍ഘ്യം ഇത്തിരി കൂടിയോ എന്നൊരു സന്ദേഹം , ഇതിലെ ഒട്ടുമിക്ക അഭിപ്രായങ്ങളോടും യോജിക്കാന്‍ വയ്യ, കുടുംബം കലഹത്തിനും മറ്റും പ്രധാന കാരണം പുരുഷന്റെ മാത്രം സംശയ രോഗമാണന്ന് അഭിപ്രായത്തോട് ഒട്ടും യോജിപ്പില്ല. സ്ത്രീകള്‍ക്കും പുരുഷനോളം പങ്കുണ്ട്, പുരുഷനൊന്ന് വീട്ടിലെത്താന്‍ നേരം വൈകിയാല്‍ പിന്നെ ചിന്തകൊണ്ട് ആകുലരായി മനസ്സില്‍ അനാവശ്യമായി ഭര്‍ത്താവിനെ കുറിച്ച് സങ്കല്പിയ്ക്കുന്ന ഭാര്യമാര്‍ ഒട്ടും കുറവല്ല, വീട്ടില്‍ കയറി വരുന്ന ഭര്‍ത്താവിനോട് കുത്തുവാക്ക് പറയുന്നതിലും ഭാര്യമാര്‍ ഒട്ടും പിറകിലല്ല, ചുമ്മാ വായിലിട്ടിളക്കി ഭര്‍ത്താവിന്റെ ശകാരവും അടിയും വാങ്ങിയ്ക്കുന്നതില്‍ മുന്‍പന്തിയിലാണ് ഒട്ടുമിക്ക ഭാര്യമാരും. എന്റെ കാഴ്ച്കപ്പാടില്‍ പുരുഷന്‍‌മാരേക്കാള്‍ ക്രൂരര്‍ സ്ത്രീകളാണ് (സ്ത്രീകള്‍ ദേഷ്യപ്പെടരുത് ചില സത്യങ്ങള്‍ പറയുന്നുവൊള്ളൂ) നമ്മുടെ നാട്ടില്‍ ഒത്തിരി ആത്മഹത്യകള്‍ നടയ്ക്കുന്നുണ്ട് അതിലേറയും സ്ത്രീകളാണ് , ഇവര്‍ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരമായ പ്രവര്‍വത്തി അവരോടോപ്പം പിഞ്ചുകുഞ്ഞുങ്ങളേയും കൊല്ലുന്നു എന്നതാണ് (ഇന്നത്തെ പത്രത്തില്‍ പോലും അത് നമ്മുക്ക് വായിക്കാം)വളരെ അപൂര്‍വ്വമായേ പിതാക്കന്മാര്‍ കുഞ്ഞുങ്ങളെ കൊല്ലാറൊള്ളൂ, ഇവരതിന് ന്യായം പറയുന്നത് തികച്ചും സ്വാര്‍ത്ഥമായ ചിന്തയാണ് , ഞങ്ങള്‍ മരിച്ചാല്‍ കുഞ്ഞുങ്ങള്‍ അനാഥമാകുന്നു എന്ന ബാലിശമായ വാദം , ഇതു കേള്‍ക്കുമ്പോള്‍ സ്ത്രീകള്‍ മാത്രമാണ് കുഞ്ഞുങ്ങളെ പോറ്റി വളര്‍ത്തുന്നത് എന്നതാണ് (അമ്മയെ പോലെ അച്ഛനും മക്കളെ പോറ്റുന്നതില്‍ തുല്യ സ്ഥാനമുണ്ട്) സത്യത്തില്‍ തനി ക്രൂരമായ ചിന്തയാണ് ഇവരെ സ്വന്തം മക്കളെ കൊല്ലുന്നതിന്റെ ആധാരം, തന്റെ മരണം മൂലം ഭരത്താവിന് മനോവ്യഥ ഉണ്ടാവില്ല കൂടെ മക്കളെ കൊന്നാല്‍ അദ്ദേഹം ജീവിച്ച് മരിച്ചുകൊണ്ടിരിക്കുമെന്ന ക്രൂരമായ ചിന്ത .

കുടുംബ കലത്തിന് പ്രധാന കാരണം സ്ത്രീകളാണെങ്കിലും , അവരെ പൂര്‍ണ്ണമായും കുറ്റം പറയാനൊക്കില്ല, കല്യാണം കഴിച്ച് ഭര്‍ത്താവിന്റെ വീട്ടിലെത്തുന്ന പെണ്ണ് അന്നേവരെ തനിക്കുണ്ടായിരുന്ന എല്ലാ ബന്ധങ്ങളേയും (അച്ഛന്‍ , അമ്മ, സഹോദരങ്ങളെ )ഉപേക്ഷിക്കുന്നുവെങ്കിലും, ഭര്‍ത്താവ് ഇതൊന്നും ഉപേക്ഷിക്കുന്നില്ല(കണ്ണൂര്‍ മുസ്ലിംങ്ങള്‍ ഈ കാര്യത്തില്‍ അപവാദം) ഭാര്യയുടെ ഈ ചിന്തയും സ്വാര്‍ത്ഥമായ കാര്യങ്ങള്‍ക്ക് കാരണമാകുന്നു.

siva // ശിവ said...

സമകാലികം എന്നല്ല എല്ലാകാലത്തും പ്രസക്തിയുള്ള ഒരു വിഷയം.

ഗീത said...

മഞ്ഞക്കണ്ണു കൊണ്ടു നോക്കിയാല്‍ മറ്റുള്ളവര്‍ക്കും മഞ്ഞനിറം തന്നെ. സ്വന്തം ഉള്ളില്‍ ഉറഞ്ഞിരിക്കുന്ന അഴുക്ക് തന്നെയാണ് ഇങ്ങനെ സംശയരോഗമായി ബഹിര്‍ഗമിക്കുന്നത്.

ഒരിക്കല്‍ സംശയിച്ചു കഴിഞ്ഞാല്‍ പിന്നീടൊരു കാലത്ത് ഭർത്താവ് തന്റെ തെറ്റുകൾ മനസ്സിലാക്കി പശ്ചാത്തപിച്ചാൽ പോലും പഴയ പടി ഒരു സന്തോഷ ജിവിതം അയാൾക്കൊന്നിച്ച് നയിക്കാനോ അയാളെ പഴയപോലെ ഉള്ളു തുറന്ന് സ്നേഹിക്കാനോ ഒരു സ്ത്രീക്ക് ആവുകയില്ല തന്നെ. പൊട്ടിയ ഇഴ പൊട്ടിയതു തന്നെ. ഏച്ചു വച്ചാല്‍ മുഴച്ചിരിക്കുകയേ ഉള്ളൂ.

വളരെ നല്ല പോസ്റ്റ് ബഷീര്‍.

ബഷീർ said...

> വിചാ‍രം,

വിശദമായ കമന്റിനു നന്ദി. കുറിപ്പ് നീണ്ടു പോയത് മനപ്പൂർവ്വമല്ല ക്ഷമിക്കുക

താങ്കൾ സൂചിപ്പിച്ച തരത്തിൽ കുടുംബജീവിതം തകർക്കാൻ കാരണക്കാരാവുന്ന സ്ത്രീകളും ഉണ്ടെന്ന് തന്നെ മനസ്സിലാക്കുന്നു. അതിൽ എതിരഭിപ്രായമില്ല. പക്ഷെ അവിടെയൊക്കെ ഞാൻ മുന്നെ സൂചിപ്പിച്ചത് പോലെ പുരുഷന് അത് തരണം ചെയ്യാൻ കഴിയുന്നതായിട്ടാണ് കാണുന്നത്. ചുരുക്കം ചിലതിലൊഴികെ.

കുടുംബ കലഹങ്ങൾക്ക് പ്രധാന കാരണം സ്ത്രീകളാണെന്നതും അംഗീകരിക്കാനാവില്ല.
അത് പോലെ മക്കളെ പരിപാലിക്കുന്ന വിഷയം. രണ്ട് കൂട്ടർക്കും അതിൽ പങ്കാളിത്തമുണ്ടെങ്കിലും നമ്മുടെ സാമൂഹ്യ ചുറ്റുപാടനുസരിച്ച് ഇന്നും സ്ത്രീകൾ തന്നെ ആ കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വം നിർവഹിക്കുന്നത് (സാമ്പത്തികമായ വിഷയമല്ല ഞാനുദ്ദേശിക്കുന്നത്)

സ്ത്രീകളുടെ മനസിലാണ് കൂടുതൽ കാരുണ്യവും ദയയും സഹനവും എന്നത് തർക്കമറ്റ വിഷയമാണ്. ഇളം പ്രായത്തിലുള്ള ഒരു കരയുന്ന കുട്ടിയെ അച്ഛന്റെ കയ്യിൽ കരച്ചിൽ മാറ്റൻ കൊടുത്ത് നോക്കുക എത്ര സമയം ആ കുട്ടിയെയും കൊണ്ട് അയാൾ ക്ഷമയോടെ ഇരിക്കുമെന്ന് മനസിലാക്കാം. :) പിന്നെ എല്ലാ കാര്യങ്ങളിലും ചിലതൊക്കെ ആപേക്ഷികമായി ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം. ചിലരുടെ അനുഭവങ്ങളിലും .അത്തരം അനുഭവങ്ങളിലൂടെ നാം കാര്യങ്ങൾ കാണുമ്പോഴായിരിക്കും നമുക്ക് മറിച്ച് വാദിക്കാൻ തോന്നുന്നത്. (ഞാനടക്കം)

മക്കളെ കൊന്ന് ആത്മഹത്യ ചെയ്യുന്നവരുടെ മനസ്ഥിതിയും പലതായിരിക്കാം. അതിനാൽ മാത്രം സ്ത്രീകളാണ് ക്രൂര മനസുള്ളവർ എന്ന പറയാൻ വയ്യ.

എല്ലാം ക്ഷമിക്കാനും പൊറുക്കാനും പുരുഷന്മാരേക്കാൾ എത്രയോ കഴിവുള്ളവരാണ് സത്രീകൾ എന്നത് കൊണ്ട് മാത്രമാണ് പല കുടുംബങ്ങളും തകരാതെ നിലകൊള്ളുന്നത് എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.

താങ്കൾ സൂചിപ്പിച്ച പോലെ എല്ലാവരെയും വിട്ട് ഒരു പുതിയ ജീവിത സാഹചര്യത്തിലേക്ക് വരുന്നവൾ എന്ത് മാത്രം അഡ്ജസ്റ്റുമെന്റുകൾ ചെയതായിർക്കണം ജീവിക്കുന്നത് എന്നത് തന്നെ അതിനു ഉദാഹരണമാണ്.

വിശദമായ കമന്റിനു നന്ദി. കുറിപ്പ് നീണ്ടു പോയത് മനപ്പൂർവ്വമല്ല ക്ഷമിക്കുക


> siva/ശിവ

വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി


> ഗീത

അതെ, ഏച്ച് കൂട്ടിയാൽ മുഴച്ചിരിക്കും. എന്നാലും മുറിഞ്ഞിടത്ത് വീണ്ടും കത്തിവെക്കാതെ ഏച്ച് കൂട്ടാൻ തന്നെയാണ് ശ്രമിക്കേണ്ടത്. അതിന് താൻ പിടിച്ച് മുയലിന് മൂന്നൂറ് കൊമ്പാണെന്ന വാദത്തിൽ നിന്ന് പിന്തിരിയണം. മറ്റുള്ളവരുടെ വാക്കുകൾ , ഉപദേശങ്ങൾ (അത് ചിലപ്പോൾ നമുക്ക് ദഹിക്കാവുന്നതാവില്ല്ലെങ്കിലും ) കേൾക്കാനെങ്കിലും സന്മനസ്സ് കാണിക്കണം.

തെറ്റ് (ആരുടെ പക്ഷത്തായാലും ) മനസ്സിലാക്കിയാൽ പിന്നെ അതിൽ പശ്ചാത്തപിക്കുക എന്നതാണ് മനുഷ്യന്റെ മഹിമയുയർത്തുന്ന ഘടകം. അല്ലാ‍തെ പറഞ്ഞതും ചെയ്തതുമായ കാര്യങ്ങൾ ശരിയല്ലെന്ന് ബോധ്യപ്പെട്ടിട്ടും ദുരഭിമാനം കയ്യൊഴിയാൻ വിസമ്മതിച്ച് അതിൽ തന്നെ കടിച്ചു തൂങ്ങുന്നത് നല്ലതല്ല

ഉസ്മാന്‍ പള്ളിക്കരയില്‍ said...

സാമ്പത്തികമായ ആശ്രിതത്വമാണ്‌ ഭര്‍ത്താവിന്റെ സംശയരോഗത്തെയും അയാളില്‍നിന്നുള്ള പീഡനങ്ങളെയും നിശ്ശബ്ദം സഹിക്കാന്‍ സ്ത്രീയെ നിര്‍ബ്ബദ്ധയാക്കുന്ന ഒരു ഘടകം.
സ്വന്തം വീട്ടിലേക്കുള്ള ഒരു തിരിച്ചുപോക്ക് സ്വന്തം മാതാപിതാക്കളെ എത്രമേല്‍ ഉല്‍ക്കണ്ടാകുലരാക്കും എന്ന ആധിവിചാരവും അവരെ നിശ്ശബ്ദരാക്കാന്‍ പോന്ന മറ്റൊരു കാരണമാണ്‌.
വിവാഹം കഴിച്ചുകൊടുക്കാന്‍ ആവശ്യമായി വന്ന സ്ത്രീധനമൊരുക്കാന്‍ മാതാപിതാക്കള്‍ പെട്ടപാട് നേരിട്ടറിഞ്ഞിട്ടുള്ള പെണ്‌കുട്ടിയില്‍ എന്തു ത്യാഗം സഹിച്ചും ആ വിവാഹബന്ധം നിലനിര്‍ത്താനുള്ള ബാദ്ധ്യത തനിക്കുണ്ടെന്ന അബദ്ധധാരണയും ആ വിവാഹനാളില്‍ തന്നെ ദൂഡമൂലമാകുന്നുണ്ടാകണം.

വിവാഹത്തോടെ മക്കളുടെ കാര്യത്തില്‍ "അവരായി, അവരുടെ പാടായി" എന്നു ചിന്തിക്കാന്‍ ചുരുങ്ങിയത് മാതാപിതാക്കള്‍ക്കെങ്കിലും അവകാശമില്ല. വിവാഹിതയുടെ കടമകളെപറ്റി മാത്രമല്ല, അവകാശങ്ങളെക്കുറിച്ചുള്ള അവബോധവും മാതാപിതാക്കള്‍ സ്വന്തം പെണ്‌മക്കളില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ത്യാഗത്തിന്റെ മഹത്വത്തെപറ്റിയുള്ള പാഠങ്ങള്‍ മാത്രമല്ല സഹനത്തിന്റെ അതിര്‍വരമ്പും മാതാപിതാക്കള്‍ തന്നെ തങ്ങളുടെ അരുമപ്പെണ്‌കിടാങ്ങള്‍ക്ക് പഠിപ്പിച്ചുകൊടുക്കേണ്ടതുണ്ടെന്നു ചുരുക്കം.

സംശയ ദൃഷ്ടി പലപ്പോഴുംഒരു രോഗം എന്നതിലുപരി ഭാര്യാഭര്‍തൃബന്ധത്തെപ്പറ്റിയുള്ള വികലമായ വീക്ഷണത്തിന്റെ സന്തതികൂടി ആയിരിക്കാം. ഭര്‍ത്താവ് എന്ന പദവി കൈവരുന്നതോടെ തനിക്ക് സ്ത്രീയില്‍ നിരുപാധികമായ ഉടമാവകാശം കിട്ടിയിരിക്കുന്നു എന്നു ചിന്തിക്കുന്നവരില്‍നിന്ന് സ്തീക്ക് സ്വാതന്ത്യവും സമത്വത്തിലധിഷ്ടിതമായ പരിഗണനയും ലഭിച്ചാലേ അല്‍ഭുതപ്പെടേണ്ടതുള്ളു.

വിദ്യാസമ്പന്നരില്‍പോലും ഈ വികലധാരണ നിലനില്‍ക്കുന്നതില്‍ നിന്ന്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌ ഈ വൈകല്യത്തിനു ചികില്‍സ തേടേണ്ടത് മറ്റെവിടെയോ ആണെന്നാണ്‌. സാമൂഹികമായ കാഴ്ചപ്പടിന്റെ ഒരു പൊളിച്ചെഴുതായിരിക്കാം അതിന്റെ പോംവഴി. അതു വളരെ സങ്കീര്‍ണ്ണമായ ഒരു പ്രശ്നമാണ്‌. അതേറ്റെടുക്കല്‍ ആത്മീയ നേതാക്കളും സാംസ്ക്കാരികനായകരും ഉള്‍പ്പെടുന്ന സമൂഹത്തിന്റെ ചാലകശക്തിയായവരുടെ ദൌത്യവുമായിരിക്കും. മറ്റു കുറുക്കുവഴികളില്ല.

ഒരു മനോരോഗം എന്ന അവസ്ഥയിലുള്ള സംശയരോഗി സഹതാപമര്‍ഹിക്കുന്നു. അയാള്‍ക്ക്‌ ചികല്‍സ ആവശ്യമുണ്ട്. ധിക്കാരപരമായ സ്വഭാവരീതിയെയും രോഗാതുരതയേയും വിവേചിച്ച്‌ തിരിച്ചറിയലാണ്‌ മറ്റുള്ളവരുടെ പ്രാഥമിക ചുമതല. രോഗം തന്നെയാണെങ്കില്‍ ചികില്‍സ ലഭ്യമാക്കാനും രോഗാവസ്ഥയില്‍ നിന്ന് അയാളെ കരകയറ്റാനും അങ്ങനെ ദാമ്പത്യത്തകര്‍ച്ച തടയാനും ഇരുകുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ബാദ്ധ്യതയുണ്ട്. (രോഗം പുരുഷനിലായാലും സ്ത്രീയിലായാലും).

ഇത്തരം കാര്യങ്ങളില്‍ ആരോഗ്യകരമായ ഒരു വീക്ഷണം സമൂഹത്തില്‍ വളര്‍ന്നു വരേണ്ടിയിരിക്കുന്നു. അതിനു വഴിയൊരുക്കാനുള്ള എളിയ മാര്‍ഗ്ഗം തന്നെയാണ്‌ ഇത്തരം ചര്‍ച്ചകള്‍.

ഈ വിഷയം ചര്‍ചയ്ക്ക്‌ അവതരിപ്പിച്ചത് സര്‍വഥാ ഉചിതമായ കൃത്യമാണ്‌.

ബഷീറിനു ഈയുള്ളവന്റെ കൃതജ്ഞത അറിയിക്കുന്നു.

ജയരാജ്‌മുരുക്കുംപുഴ said...

ellaa nanmakalum nerunnu.........

ബഷീർ said...

> പള്ളിക്കരയിൽ ,

വിശദമായ കിയത്മകമായ അഭിപ്രായത്തിനു വളരെ നന്ദി.


സാമ്പത്തികമായ ആശ്രിതത്വവും ... സ്വന്തം വീട്ടിലേക്കുള്ള ഒരു തിരിച്ചുപോക്കിനാൽ ഉണ്ടാ‍യേക്കുമെന്ന് സംശയിക്കുന്ന പ്രശ്നങ്ങളും
ആയിരിക്കും എല്ലാം സഹിക്കാൻ നിർബന്ധിപ്പിക്കുന്നത്.


>> വിവാഹത്തോടെ മക്കളുടെ കാര്യത്തില്‍ "അവരായി, അവരുടെ പാടായി" എന്നു ചിന്തിക്കാന്‍ ചുരുങ്ങിയത് മാതാപിതാക്കള്‍ക്കെങ്കിലും അവകാശമില്ല. <<

തികച്ചും ശരിതന്നെ..പൂർണ്ണമായും യോജിക്കുന്നു.


>>> ഭര്‍ത്താവ് എന്ന പദവി കൈവരുന്നതോടെ തനിക്ക് സ്ത്രീയില്‍ നിരുപാധികമായ ഉടമാവകാശം കിട്ടിയിരിക്കുന്നു എന്നു ചിന്തിക്കുന്നവരില്‍നിന്ന് സ്തീക്ക് സ്വാതന്ത്യവും സമത്വത്തിലധിഷ്ടിതമായ പരിഗണനയും ലഭിച്ചാലേ അല്‍ഭുതപ്പെടേണ്ടതുള്ളു. <<


ഈ മനോഭാവമാണ് പല തരത്തിലുള്ള അവഗണനയ്ക്കും അടിച്ചമർത്തലിനും കാരണമാക്കുന്നത്.



>> ധിക്കാരപരമായ സ്വഭാവരീതിയെയും രോഗാതുരതയേയും വിവേചിച്ച്‌ തിരിച്ചറിയലാണ്‌ മറ്റുള്ളവരുടെ പ്രാഥമിക ചുമതല. <<


ഇതാണ് പുറത്തുള്ളവർ തിരിച്ചറിയേണ്ടത്. ഇവിടെയാണ് ചർച്ചയുടെ കാതലായ വശവും ഉള്ളത്. അയാൾ /അവൾ രോഗിയാണോ അതോ ധിക്കാരമോ അഹങ്കാരമോ തന്റെ കുറ്റങ്ങൾ മറ്റുള്ളവരിൽ അടിച്ചേല്പിച്ച് നല്ല പിള്ള ചമയാനുള്ള അഭിനയമാണോ എന്ന കണ്ടെത്തൽ

ഞാനുദ്ദേശിച്ച മിക്ക കാര്യങ്ങളിലേക്കും വിരൽ ചൂണ്ടിയ വിശദമായ അഭിപ്രായത്തിന് ഒരിക്കൽ കൂടി നന്ദി..


> jayarajmurukkumpuzha,

വളരെ നന്ദി.

Anonymous said...

ഈ ആകുലതകള്‍ക്കൊക്കെ എന്നെങ്കിലും..അറുതി ഉണ്ടാകുമോ..എന്നറിയില്ല..എങ്കിലും..അതിനായി..പ്രാര്‍ത്ഥിക്കാം..പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ താങ്കള്‍ക്കു കഴിഞ്ഞിരിക്കുന്നു..ആശംസകള്‍..

Unknown said...

സം ശയരോഗം കുടുമ്പ ജീവിതത്തില്‍ നേരിടുന്ന മഹാവിപത്ത്.അതിലുപരി കുടുമ്പ ജീവിതത്തില്‍ പരോക്ഷമായി നീറിപ്പുകയുന്ന നിരന്തര പ്രശ്നങ്ങളേ അജീവിക്കുന്ന മഹാഭൂരിപക്ഷം .ഇതില്‍ സ്ത്രീ മേധാവിത്ത്വത്തിൽ ചൂളി ജീവിക്കുന്ന പുരുഷവർഗവും, പുരുഷന്റെ തണലിൽ സ്ഫോടനാത്മകമായ നിലയിൽ ഒതുങ്ങി ജീവിക്കേണ്ടിവരുന്ന സ്ത്രീവർഗ്ഗവും ...പുലരുന്ന ഈ സത്യം... വിഭിന്നമായ ചിലതുമുണ്ട്.

ബഷീർ said...

> ബിജ്ലി,

ഇവിടെ വന്നതിലും അഭിപ്രായം അറിയിച്ചതിലും വളരെ സന്തോഷം. ആകുലതകൾ അറുതിയില്ലാതെ നീളകയാണെങ്കിലും എവിടെയെങ്കിലും ഒരു ചെറിയ നുറുങ്ങു വെട്ടം തെളിയാൻ ഉപകരിച്ചെങ്കിൽ എന്ന പ്രത്യാശയോടെ ഈ ആകുലതകൾ ഇനിയും പങ്കുവെക്കപ്പെടേണ്ടതുണ്ട്. .നന്ദി


> പാലക്കുഴി


അതെ, വിഭിന്നമായതുണ്ട്. എങ്കിലും ഇവക്കിടയിൽ രോഗമെന്തെന്നു കണ്ടു പിടിക്കുന്നതിലാണ് മറ്റുള്ളവർ ശ്രദ്ധിയ്ക്കേണ്ടതെന്ന് തോന്നുന്നു. ആരോടും തുറന്ന പറയാതെ വീർപ്പ് മുട്ടി ജിവിക്കുന്ന(?)വരുടെ കാര്യം വളരെ പരിതാപകരം തന്നെ.

അഭിപ്രായം അറിയിച്ചതിനു നന്ദി


=========

പ്രിയരെ,
മൊഴിമുത്തുകളിൽ പുതിയ പോസ്റ്റ്

വാക്കും പ്രവൃത്തിയും പരസ്പര വിരുദ്ധമായാൽ

വായിച്ച് അഭിപ്രായം പങ്കുവെക്കുമല്ലോ
സസ്നേഹം

ഹംസ said...

ഇവിടെ വരാന്‍ അല്‍പ്പം താമസിച്ചു എന്നൊരു “സംശയം“ സംശയ ഒരു രോഗം തന്നെയാണ് കുടുമ്പബന്തങ്ങള്‍ കൂടുതലും തകരുന്നത് സംശയ രോഗങ്ങള്‍ കൊണ്ട് തന്നെ അതില്‍ ആണ്‍ പെണ്‍ വിത്യാസമില്ല. കൂടുതലും ആണുങ്ങളില്‍ കാണുന്ന ഒരു രോഗമാണ് . സ്ത്രീകള്‍ രോഗമുള്ളവരും നിവൃത്തികേടുകൊണ്ട് അതു സഹിക്കുന്നു എന്നു മാത്രം .

ബഷീർ said...

> ഹംസ,

വന്നതിലും അഭിപ്രായമെഴുതിയതിലും വളരെ സന്തോഷം. സംശയ രോഗം മുളയിലെ ചികിത്സിച്ചില്ലെങ്കിൽ / വേണ്ടത് ചെയ്തില്ലെങ്കിൽ പിന്നെ ജീവിതം ദുരന്തപൂർണ്ണമാവുന്ന അവസ്ഥയാണുണ്ടാവുക.നമുക്കെല്ലാം നല്ല കുടുംബ ജീവിതം നയിക്കാൻ സൌഭാവ്യമുണ്ടാവട്ടെ. അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി


ഓ.ടോ:

വീണ്ടും പുണ്യ റസൂലിന്റെ ജന്മദിനം ആഗതവാമുമ്പോൾ ഏവർക്കും നബിദിനാശംസകളോടെ

ചില വരികൾ ഇവിടെ കുറിക്കുന്നു.
അഭിപ്രായം അറിയിക്കുമല്ലോ

ഗൗരിനാഥന്‍ said...

വരാന്‍ വൈകി..എന്നിരുന്നാലൂം പ്രസക്തമായ ഈ പോസ്റ്റ് മിസ്സായില്ല..സംശയം രണ്ട് കൂട്ടരിലും ഉണ്ടാകാം..എങ്കിലും സ്ത്രീകളുടെ അത്ര സഹിക്കേണ്ടി വരുന്നില്ല പുരുഷന്മാര്‍ക്ക്..കാരണം ഒരു ബന്ധം വേണ്ടെന്ന് വെക്കാനുള്ള അവരുടെ തീരുമാനങ്ങളെ സ്ത്രീകളുടെത് പോലുള്ള നിസ്സഹായതകള്‍ വലുതായി നീട്ടി വെക്കാറില്ല..മാത്രമല്ല സ്ത്രീകള്‍ ഭൂമിയോളം ക്ഷമിക്കേണ്ടവരും അല്ലേ????

ബഷീർ said...

> ഗൌരീനാഥൻ

നമ്മുടെ സാമൂഹ്യമായ ചുറ്റുപാടുകളെകൊണ്ടും മറ്റ് പല കാരണങ്ങളെ കൊണ്ടും വിഷയത്തിൽ സ്ത്രീകൾ തന്നെയാണ് കൂടുതൽ നരകിക്കേണ്ടി വരുന്നത്. ഒരു ബന്ധം ഒഴിവാക്കുന്നതിനേക്കാൾ ഒഴിവാക്കാനാവാതെ ഒരുമിച്ച് വീണ്ടും കഴിയേണ്ട അവസ്ഥ അവൾക്ക് ഉണ്ടാകുന്നതാണ് ഏറെ ദുസ്സഹം. സംശയം രോഗത്തിന്റെ ലക്ഷണങ്ങൾ തുടക്കം മുതലേ കണ്ടെത്തി ചികിത്സ ചെയ്യണമെന്നാണ് പറയുന്നത്. “തുടക്കത്തിൽ സ്ത്രീയും പുരുഷനും അത് മറ്റുള്ളവരെ അറിയിക്കാതെ മൂടി വെക്കുമ്പോൾ പിന്നിടത് മൂർച്ഛിക്കുകയും കടുത്ത മാനസികരോഗിയായി ഒരു വേള തന്റെ ഇണയോട് അതിക്രമം (കൊലപാതകം വരെ) പ്രവർത്തിക്കുന്ന നിലയിലേക്ക് എത്തിക്കുന്നുവെന്നാണ് മനസില്ലാക്കുന്നത് “


ഇവിടെ വന്ന് അഭിപ്രായം അറിയിച്ചതിൽ വളരെ നന്ദി

Anonymous said...

സംശയ രോഗം അഹോ വല്ലാത്തൊരു രോഗം

ബഷീർ said...

> Adhila,

ആദ്യമായി സ്വാഗതം.

അതെ, അത് വല്ലാത്തൊരു രോഗം തന്നെ, കേൻസറിനേക്കാൾ മാരകം. തുടക്കത്തിലേ ചികിത്സ ലഭിച്ചാൽ മാറ്റാവുന്നത്. പക്ഷ പലപ്പോഴും രക്തത്തിൽ അലിഞ്ഞ് ചേർന്നതിനു ശേഷമാണ് പുറം ലോകമറിയുക .!


സന്തോഷം ഇവിടെ വന്നതിൽ

Lipi Ranju said...

എന്‍റെ പോസ്റ്റിലെ കമന്റില്‍ കണ്ട ലിങ്ക് വഴി ഇവിടെ വരുമ്പോള്‍ , ഇത്ര സാമ്യമുള്ള ഒരു വിഷയം ആയിരിക്കും എന്ന് വിചാരിച്ചില്ല! ഇങ്ങനെ എത്രയോ കുടുംബങ്ങള്‍ ... ബഷീറിക്ക പോസ്റ്റില്‍ എഴുതിയ ആ മോളുടെ അനുഭവം വായിക്കുമ്പോള്‍ , ഒട്ടും പൊരുത്തപ്പെടാന്‍ കഴിയാത്ത ബന്ധങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നതിനെക്കാള്‍ പിരിയുന്നത് തന്നെയാണ് നല്ലത് എന്ന് തോന്നിപ്പോകുന്നു...

Related Posts with Thumbnails