Monday, November 24, 2008

വാര്‍ത്തകള്‍; ആഘോഷിക്കപ്പെടുന്നവയും അവഗണിക്കപ്പെടുന്നവയും

മലേഗാവ്‌ സ്ഫോടനങ്ങളുടെ സൂത്രധാരര്‍ പിടിക്കപ്പെട്ടതു മുതല്‍ മുത്തശ്ശി പ്രത്രങ്ങളും മറ്റ്‌ മീഡിയകളും പ്രാധാന്യം കൊടുക്കാതെയും അവഗണിച്ചും വന്നിരുന്ന റിപ്പോര്‍ട്ടുകള്‍ അതിന്റെ ഗൗരവത്തോടെ ജനങ്ങളിലേക്കെത്തിക്കാന്‍ സിറാജ്‌ ദിനപത്രവും മറ്റു ചില പത്രങ്ങളും ശ്രമിച്ചിട്ടുണ്ട്‌. കേരളത്തിന്റെ മണ്ണില്‍ പിറന്ന്‌ വഴിതെറ്റിയ ചിലര്‍ തീവ്രാവാദികളായി ആരോപിക്കപ്പെട്ട്‌ ഏറ്റുമുട്ടലുകളില്‍ (?) കൊല്ലപ്പെട്ടപ്പോഴും വെണ്ടയ്ക്ക നിരത്തിയിരുന്നു സിറാജും, മാധ്യമവും, ചന്ദ്രികയും. മുത്തശ്ശിപത്രങ്ങളുടെ കാര്യം പിന്നെ പറയേണ്ടതുമില്ല. കാരണം പിടിക്കപ്പെട്ടവരും കൊല്ലപ്പെട്ടവരും മുസ്ലിം നാമധാരികളാണല്ലോ. കഥകളും ഉപകഥകളും ചര്‍ച്ചകളും സംവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമായി നല്ല കൊയ്ത്ത്‌ തന്നെയായിരുന്നു. പ്രഭാതം മുതല്‍ പാതിര വരെ നൂറ്റൊന്നാവര്‍ത്തിച്ച വാര്‍ത്തകള്‍ കൊടുത്തു കൊണ്ടിരുന്നു. ഗള്‍ഫില്‍ നിന്നും പുറത്തിറങ്ങുന്ന പത്രങ്ങളും, പ്രക്ഷേപണം ചെയ്യുന്ന റേഡിയോ അടക്കമുള്ള മാധ്യമങ്ങളും. അത്‌ വേണ്ടതുമാണല്ലോ. നമ്മുടെ കൊച്ചു കേരളം തീവ്രവാദികളുടെ താവളമാണെന്ന്‌ വരുത്തി തീര്‍ക്കേണ്ടത്‌ ആരുടെയൊക്കെയോ തീരുമാനമായിരുന്ന പോലെയാണു കാര്യങ്ങള്‍ നീങ്ങികൊണ്ടിരുന്നത്‌. നിശ്പക്ഷമതികളായ, നാട്ടില്‍ സാഹോദര്യവും സമാധാനവും പുലര്‍ന്ന്‌ കാണുവാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന, അതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ജനങ്ങളും സംഘടനകളും ഈ ദുരവസ്ഥയില്‍ നിന്നെങ്ങിനെ കരകയറുമെന്ന്‌ വ്യാകുലപ്പെട്ട നാളുകളായിരുന്നു. ക്രിയാത്മാകമായ പ്രതികരണങ്ങളും നടപടികളും പല കോണുകളില്‍ നിന്നും ഉണ്ടാവുന്നുണ്ടെങ്കിലും അതൊന്നും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക്‌ കണ്ണില്‍ പെടുകയില്ല. കാതിലെത്തുകയുമില്ല. അവര്‍ക്ക്‌ രസം ബഹുഭാര്യത്വവും, പര്‍ദയും തന്നെ. അതവര്‍ ആഘോഷിക്കുക തന്നെ ചെയ്യും. മുസ്ലിം സ്ത്രീകളുടെ ഭാവി തന്നെ ഈ ചാനലുകാരുടെയും റേഡിയൊക്കാരുടെയും പത്രക്കാരുടെയും കയ്യിലാണെന്നു തോന്നും!.

ഒറ്റക്കണ്ണന്മാരായ മാധ്യമക്കാര്‍ പക്ഷെ തീവ്രവാദത്തിനും ഭീകര വാദത്തിനും എതിരെ, നിരപരാധികളെ കേവലം ഒരു സമുദായത്തിന്റെ പേരു പേറിയതിന്റെ പേരില്‍ ക്രൂശിക്കുന്നതിനെതിരെ നാക്കു ചലിപ്പിക്കാന്‍, ചര്‍ച്ച സംഘടിപ്പിക്കാന്‍ ഏറ്റവും ചുരുങ്ങിയത്‌ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളുമായി സമൂഹത്തിലിറങ്ങുന്നവരെ പറ്റി ഒരു വാര്‍ത്ത പ്രൊജക്റ്റ്‌ ചെയ്ത്‌ കൊടുക്കാന്‍ തയ്യാറാവാറില്ല എന്നത്‌ ഒരു ദു:ഖ സത്യമാണ്‌. ഇപ്പോള്‍ കേരളത്തില്‍ നിന്ന്‌ പലപ്പോഴായി ഭീകര മുദ്രകുത്തി പിടിക്കപ്പെട്ടവരില്‍ പലരും കുറ്റവിമുതമാക്കപ്പെടുന്നു. കൊല്ലപ്പെട്ടവര്‍ തന്നെ മതപരമായി ബന്ധമില്ലാതെ ക്രിമിനല്‍ ബന്ധമുള്ളവരാണെന്ന്‌ അധികാരികള്‍ തന്നെ പ്രഖ്യാപിക്കുന്നു. പല ഏറ്റുമുട്ടലുകളും വ്യാജമാണെന്ന്‌ തെഹല്‍ക്കയടക്കമുള്ള മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്‌ വരുന്നു. അതിനിടയ്ക്ക്‌ മാലേഗാവ്‌ സ്ഫോടനങ്ങള്‍ നടത്തിയത്‌ രാജ്യത്തെ കാക്കേണ്ട പട്ടളക്കാര്‍ (പട്ടാള വേഷത്തിലുള്ള ഭീകരര്‍ ) ആണെന്ന്‌ കണ്ടെത്തുക മാത്രമല്ല. വ്യക്ത്മായ തെളിവുകല്‍ വരുന്നു. കേവലം വിരലിലെണ്ണാവുന്നവരുടെ എടുത്തുചാട്ടം കൊണ്ട്‌ ഒരു സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തി പൊരിച്ചിരുന്ന രാഷ്ടീയക്കാരും (മത തീവ്രവാദികളായ രാഷ്ടീയക്കാര്‍ ) അവര്‍ക്കൊപ്പിച്ച്‌ പേനയും നാക്കും ചലിപ്പിക്കുന്ന ഒറ്റക്കണ്ണന്മാരായ മാധ്യമക്കാരും ഉപദേശങ്ങളുമായി രംഗത്ത്‌. തലച്ചോറുള്ള ഒരു മുസ്ലിമോ ക്ര്യസ്ത്യാനിയോ , മതമില്ലാത്തവരോ ചിന്തിക്കുകയില്ല എല്ലാ ഹിന്ദു സഹോദരന്മാരും പ്രഗ്യാ സിംഗിന്റെയും പുരോഹിതിന്റെയും അനുയായികളാണെന്ന്‌. കേവലം ചിലര്‍ ചെയ്ത്‌ കൂട്ടുന്ന അക്രമത്തിനും അനീതിയ്ക്കും ഒരു മഹത്തായ പാരമ്പര്യത്തെയും അതിന്റെ അനുയായികളെയും മൊത്തത്തില്‍ പ്രതിക്കൂട്ടില്‍ കയറ്റാന്‍ ചിന്താ ശേഷി പണയം വെക്കാത്തവര്‍ക്കാവില്ല. ഗുജറാത്തിലും ഒറീസയിലും എല്ലാം ചിലര്‍ക്കെങ്കിലും അഭയസ്ഥാനമായത്‌ ഹൈന്ദവ ഗൃഹങ്ങളായിരുന്നുവെന്നത്‌ ഒരു വസ്ഥുതയാണ്‌. ഹൈന്ദവ സഹോദരങ്ങളുടെ വിശാല മനസ്കതയും സ്നേഹവുമായിരുന്നു മുസ്ലിംങ്ങള്‍ക്കും ക്ര്യത്യാനികള്‍ക്കും അവരുടെ വിശ്വാസാചാര പ്രകാരം മറ്റ്‌ ഏതൊരു രാജ്യത്തും ലഭിക്കുന്നതിനേക്കാള്‍ സ്വാതന്ത്ര്യത്തോടെ ആരാധന-അനുഷ്ടാനങ്ങള്‍ നിര്‍വഹിക്കാനും പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും നാളിതുവരെ കഴിഞ്ഞു വന്നതും അതിനു വിഘാതമവുന്ന ദുശ്ശക്തികളെ എല്ലാവരും മതത്തിനധീതമായി മനസ്സിലാക്കി ചെറുക്കേണ്ടതും എല്ലാ ഇന്ത്യക്കാരന്റെയും കടമയാണ്‌. ഒരു വര്‍ഗീയ ഫാഷിസ്റ്റ്‌ സംഘടനയുടെ അനുയായികള്‍ എന്നതിലുപരി രാജ്യത്തിന്റെ കാവല്‍ക്കാര്‍, നീതി പാലകര്‍, നിയമപാലകര്‍ സാധാരണ ജനങ്ങള്‍ ഇന്നും വിശ്വാസമര്‍പ്പിച്ചു പോരുന്ന സഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ തന്നെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്ത്‌ നടപ്പിലാക്കിയത്‌ മുസ്ലിം, ഹിന്ദു, ക്ര്യസ്ത്യന്‍ , നിര്‍മത നീരീശ്വര വാദി എന്ന വിവേചനമില്ലാതെ ഏവരെയും ഞെട്ടിച്ച കാര്യമാണ്‌'. ആ നഗ്ന സത്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കേണ്ട വിധത്തില്‍ എത്തിക്കാനും അതിലുപരി മുന്നെ രാജ്യത്ത്‌ നടന്ന പല സ്ഫോടന പരമ്പരകളിലും ഇത്തരം ദുശ്ശക്തികളുടെ കറുത്ത കരങ്ങളാണ്‌ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നുള്ള സൂചനകള്‍, ഒരാള്‍ കുറ്റാരോപണ വിധേയനായി പിടിക്കപ്പെടുമ്പോള്‍ അയാളുടെ സമുദായം നോക്കി വാര്‍ത്തകള്‍ മെനയുന്നത്‌ ചുരുക്കിപറന്‍ഞ്ഞാല്‍ അനീതിയാണെന്ന്‌ മനസ്സിലാക്കികൊടുക്കുവാനും സിറാജ്‌ പോലുള്ള പ്രത്രങ്ങള്‍ക്ക്‌ കഴിഞ്ഞുവെന്നത്‌ ഒരു വസ്ഥുതയാണ്‌. കേരളത്തില്‍ നിന്ന്‌ ചിലര്‍ തീവ്രവാദികളുടെ ഇംഗിതത്തിനു വശം വദരായി പ്രവര്‍ത്തിക്കുന്നു എന്നത്‌ ഏവരെയും വ്യാകുലപ്പെടുത്തുന്നതാണ്‌. അതു പോലെ പ്രാധാന്യമുള്ളത്‌ അല്ലെങ്കില്‍ അതിനേക്കാള്‍ പ്രാധാന്യമുള്ളത്‌ തന്നെയല്ലേ മാലേഗാവ്‌ സംഭവങ്ങളും തുടര്‍ വാര്‍ത്തകളും ? അല്ലെന്നാണ്‌ ചില മാധ്യമങ്ങള്‍ പറയുന്നത്‌. ഇവിടെ ഒരു വിഭാഗത്തെ ഒരു സമുദായത്തെ മൊത്തത്തില്‍ ആക്ഷേപിച്ചു കൊണ്ടുള്ള വാര്‍ത്തകള്‍ സിറാജ്‌ കൊടുത്തതായി കണ്ടില്ല. മാത്രവുമല്ല ഈ വാര്‍ത്തകള്‍ക്ക്‌ കേരളത്തിലെ തീവ്രവാദി വാര്‍ത്തകളേക്കാള്‍ പ്രാധാന്യം കൊടുക്കുന്നുവെന്ന്‌ കഴിഞ്ഞാ നാലഞ്ച്‌ ദിവസങ്ങളിലായി വാര്‍ത്ത വായനക്കാര്‍ വിഷമം പറയുന്നത്‌ കേട്ടപ്പോഴാണ്‌ ആ കാര്യം ശ്രദ്ധിയ്ക്കുന്നതും . മറ്റു ചില പ്രത്രങ്ങള്‍ ഈ വാര്‍ത്തകള്‍ പാടെ അവഗണിക്കുന്നതായും കണ്ടു. പിടിക്കപ്പെട്ടവര്‍ക്ക്‌ അവര്‍ ഉദ്ധേശിക്കുന്ന സമുദായത്തിന്റെ ചിഹനങ്ങളുമായി ബന്ധമില്ലാത്തതാവാം കാരണം. കേരളത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ അതിന്റെതായ പ്രാധാന്യത്തോടെ തന്നെ കൊടുത്തിരുന്ന സിറാജ്‌ ഇപ്പോള്‍ മാലേഗാവ്‌ സംഭവങ്ങളും അതിന്റെ പ്രാധാന്യത്തോടെ കൊടുക്കുന്നു എന്ന്‌ മനസ്സിലാക്കാം. എന്നാല്‍ എല്ലാം ചില മുന്‍ ധാരണകളോടെ വീക്ഷിക്കുന്നവര്‍ക്ക്‌ അതിലും സിന്‍-ഇന്‍ഡികേറ്റ്‌ ചെയ്യാന്‍ കഴിയുമെന്ന്‌ ഈ വാര്‍ത്താവലോകനം തെളിയിക്കുന്നു. പകരത്തിനു പകരം എന്ന പ്രത്ര പ്രവര്‍ത്തനം ആരുടെ പക്ഷത്ത്‌ നിന്നായാലും അത്‌ ന്യായീകരിക്കത്തക്കതല്ല. അത്തരമൊരു നീക്കം സിറാജിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന്‌ കരുതുന്നില്ല. കാരണം അതിനെ നയിക്കുന്നവര്‍ വിധ്വംസക ശക്തികളെ പ്രോത്സാഹിപ്പിക്കുന്നവരല്ല.


ഇരകളുടെ പക്ഷത്ത്‌ നിന്ന്‌ സംസാരിക്കുന്നവരാവണം മാധ്യമ പ്രവര്‍ത്തകര്‍. ഇരകള്‍ ഏത്‌ ആശയക്കാരാണെന്ന്‌ നോക്കിയല്ല പ്രതികരിക്കേണ്ടത്‌. ഇപ്പോള്‍ ഉണ്ടായ ബോധോധയം കുറച്ച്‌ മുന്നെ ഈ മാധ്യമങ്ങള്‍ക്കും നേതാക്കള്‍ക്കും ഉണ്ടായിരുന്നെങ്കില്‍ ഒരു സമുദായം മുഴുവന്‍ ഇങ്ങിനെ മുള്‍മുനയില്‍ നില്‍ക്കേണ്ടി വരുമായിരുന്നില്ല എന്ന്‌ തോന്നുന്നു. കുറ്റമാരോപിച്ചത്‌ കൊണ്ട്‌ മാത്രം ഒരാള്‍ കുറ്റവാളിയാവുന്നില്ല എന്ന ഈ തിരിച്ചറിവ്‌ നമുക്ക്‌ മുന്നെ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനേ. വൈകിയെത്തിയതാണെങ്കിലും വിവേകം നില നിര്‍ത്താന്‍ ശ്രമിക്കുമെന്ന്‌ കരുതട്ടെ.

ഏഷ്യാനെറ്റ്‌ റേഡിയോ ന്യൂസ്‌ ഫോക്കസില്‍ വാര്‍ത്ത വായനക്കാര്‍ സിറാജും മാധ്യമവും ചന്ദ്രികയു മംഗളവും കേരളത്തില്‍ നിന്നുള്ള തീവ്രവാദികളുടെ (?) വാര്‍ത്തകള്‍ പ്രൊജക്റ്റ്‌ ചെയ്തില്ല എന്ന്‌ ആവര്‍ത്തിച്ചു പറയുന്നത്‌ കേട്ടു. എന്നാല്‍ ഇതേ വിഷയത്തില്‍ (തീവ്രവാദം ) കേരളത്തിലെ വലിയ ഒരു വിഭാഗം മുസ്ലിംകളെ ആത്മീയമായി നയിക്കുന്ന ആധികാരിക പണ്ഡിത സംഘടനയായ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (സമസ്ത ) കോഴിക്കോട്‌ വെച്ച്‌ ചേരുന്ന തീവ്രവാദ വിരുദ്ധ സമ്മേളനത്തിന്റെ വാര്‍ത്ത വെണ്ടയ്ക്ക അക്ഷരത്തില്‍ കൊടുത്തതിന്റെ തലക്കെട്ട്‌ സ്പര്‍ശിക്കാന്‍ പോലും ഈ വാര്‍ത്താ വായനക്കാര്‍ക്ക്‌ സമയമുണ്ടായില്ല (അതോ മനപ്പൂര്‍വ്വം അവഗണിച്ചതോ ) എന്നത്‌ ഖേദകരമായി. ചില മാധ്യമങ്ങളുടെ ഈ മഞ്ഞ കണ്ണടയാണു ആദ്യം മാറ്റേണ്ടത്‌ . ആരെ തൃപ്തിപ്പെടുത്താനാണു നിങ്ങളീ‍ കരണം മറിച്ചില്‍ നടത്തുന്നതെന്ന്‌ മനസ്സിലാവുന്നില്ല. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ തിരിച്ചറിയുക തന്നെ ചെയ്യും ഈ ആഘോഷവും അവഗണനയും !

published @ siraj news & e-pathram

15 comments:

ബഷീർ said...

ഇരകളുടെ പക്ഷത്ത്‌ നിന്ന്‌ സംസാരിക്കുന്നവരാവണം മാധ്യമ പ്രവര്‍ത്തകര്‍.

കാസിം തങ്ങള്‍ said...

ഇരകളുടെ പക്ഷത്ത് നിന്ന് സംസാരിക്കാനും നെറികേടിനെതിരെ പ്രതികരിക്കാനും ടെഹല്‍‌കയെപ്പോലുള്ള മാധ്യമങ്ങള്‍ കാണിക്കുന്ന ചങ്കൂറ്റം മലയാളപത്രങ്ങള്‍ക്ക് പാഠമാവണം.

Rejeesh Sanathanan said...

ഏത് പത്രത്തെയാണ് ഇവിടെ വെള്ളപൂശുന്നത്.ഏതിനെയാണ് കരിവാരി തേക്കുന്നത്.

പക്ഷം പിടിക്കാതെയും സത്യം സത്യമായി പറയുകയും ചെയ്യുന്ന ഏത് പത്രമാണ് നമുക്കുള്ളത്.ഉറപ്പിച്ച് പറയാമോ ഏതെങ്കിലും ഒരു പേര്?

siva // ശിവ said...

ഹോ! ഇതൊക്കെ വായിച്ച് ഒരു അഭിപ്രായം പറയത്തക്ക അറിവൊന്നും എനിക്ക് ഇല്ല......

ജിജ സുബ്രഹ്മണ്യൻ said...

ഇതു വായിച്ചു.പക്ഷേ ഒരു അഭിപ്രായം പറയാന്‍ ഉള്ള വിവരം ഇല്ല.ജനിച്ചപ്പോളേ ഒരു മന്ദ ബുദ്ധി ആരുന്നു ഞാന്‍

പാവത്താൻ said...

നല്ലവരായ എന്റെ മുസ്ലിം സുഹൃത്തുക്കളുടെ മുൻപിൽ തീവ്രവാദത്തെപ്പറ്റി പറയാൻ എനിക്കു ബുദ്ധിമുട്ട്‌.അവർക്കതേപ്പറ്റി സംസാരിക്കുമ്പോൾ സ്വരത്തിൽ വല്ലാത്തൊരു ക്ഷമാപണത്തിന്റെയോ കുറ്റബോധത്തിന്റെയോ നിഴൽ.കഴിവതും ഞങ്ങൾ ഈ വിഷയം ഒഴിവാക്കാൻ നോക്കുന്നു. എന്തേ ഞങ്ങൾക്കൊക്കെ പറ്റിയത്‌??????????

usman said...

ഈ കുറിപ്പിലൂടെ പ്രകാശിതമായ അഭിപ്രായങ്ങളോട്‌ ഐക്യപ്പെടുന്നു.
അവസരോചിതമാണ്‌ ഈ പോസ്റ്റ്.

അരുണ്‍ കരിമുട്ടം said...

സത്യം പറഞ്ഞാല്‍ മാഷിന്‍റെ മൊഴിമുത്തുകള്‍ എനിക്ക് ദഹിക്കും.ഈ ആര്‍ട്ടിക്കിള്‍ ദഹിച്ചില്ല.വിവരം ഇല്ലാഞ്ഞിട്ടാണേ

ബഷീർ said...

>കാസിം തങ്ങള്‍

ചില മാധ്യമങ്ങളുടെ ഇരട്ട മുഖം പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ മറനീക്കി പുറത്ത്‌ വരുന്നത്‌ കാണാം. അഭിപ്രായത്തിനു നന്ദി.

>മാറുന്ന മലയാളി

എല്ലാവര്‍ക്കും അവരുടെതായ പക്ഷമുണ്ടെന്നത്‌ നേരു തന്നെ. പക്ഷെ ഇവിടെ ആരെയും വെള്ളപൂശാനോ കരിവാരിത്തേക്കാനോ ഉള്ള ശ്രമമല്ല. സത്യങ്ങള്‍ സത്യമായി ജനങ്ങളിലെത്തിക്കേണ്ട ഒരു ബാധ്യത മാധ്യമങ്ങള്‍ നിര്‍വഹിക്കണമെന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം. ഏത്‌ പക്ഷക്കാരായാലും . അഭിപ്രായത്തിനു നന്ദി

>ശിവ

ശിവയുടെ മനസ്സ്‌ മനസ്സിലാക്കുന്നു. അഭിപ്രായത്തിനു നന്ദി

>കാന്താരിക്കുട്ടി

ചിലപ്പോള്‍ തോന്നും ഒരു മന്ദബുദ്ധിയായി ജനിച്ചിരുന്നെങ്കില്‍ എന്ന്. കാന്താരിക്കുട്ടീ. മനസ്സിലായിട്ടോ.. അഭിപ്രായത്തിനു നന്ദി

>പാവത്താന്‍

താങ്കളുടെ മനസ്ഥിതിയുള്ളവരാണു അധികവും എന്ന് മനസ്സിലാക്കുന്നു. നല്ലവരായ ഹിന്ദു മുസ്ലിം കൃസ്ത്യന്‍ സഹോദരങ്ങള്‍ ഏകോദര സഹോദരങ്ങളായി ജീവിച്ചിരുന്ന അവസ്ഥ മാത്രം നെഞ്ചിലേറ്റുന്ന വലിയ വിഭാഗത്തിന്റെ ചെറുത്തു നില്‍പ്പില്‍ സര്‍വ്വ രോഗാണുക്കളും നശിക്കട്ടെ. പരസ്പരം പോരടിപ്പിക്കുന്ന രക്ത ദാഹികളുടെ അജണ്ടയുടെ ഭാഗമായി പരിണമിക്കുന്ന ചില മാധ്യമങ്ങളുടെ ചില ഇടപെടലുകള്‍ വെറുപ്പുളവാക്കിയതിനാല്‍ കുറിച്ചു പോയതാണ്. ക്ഷമിക്കുക. നന്ദി ഈ അഭിപ്രായത്തിന്

>ഉസ്മാന്‍

വായനയ്ക്കും അഭിപ്രായത്തിനും നന്ദി

>അരുണ്‍ കായംകുളം

ക്ഷമിക്കുക. താങ്കള്‍ തെറ്റായ അര്‍ത്ഥത്തില്‍ എടുത്തെന്ന് തോന്നുന്നു. പകരത്തിനും പകരം എന്ന മാധ്യമങ്ങളുടെ സിന്‍-ഇന്‍ ഡിക്കേറ്റ്‌ ചെയ്യാന്‍ ശ്രമിച്ചെന്നേയുള്ളൂ.. അത്‌ ഞാന്‍ ഇവിടെ സൂചിപ്പിച്ച മാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ഏത്‌ ഭാഗത്ത്‌ നിന്നായാലും നാം അതിനെ ചെറുത്ത്‌ തോത്പിക്കേണ്ടിയിരിക്കുന്നു. എരിവും പുളിയും കൂട്ടി വാര്‍ത്തകള്‍ പടച്ചെടുക്കുന്ന ഒരു വിഭാഗം ഉണ്ടെന്നത്‌ നിശേധിക്കാനാവാത്ത കാര്യമാണ്. തെറ്റായ രീതിയില്‍ പ്രതിഫലിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. അഭിപ്രായത്തിനു നന്ദി

ഗീത said...

ബഷീറിന്റെ വേദന നന്നായി മനസ്സിലാവുന്നുണ്ട്. കുറച്ചുപേരുടെ ചെയ്തികള്‍ ഒരു സമൂഹത്തെ ഒന്നാകെ തെറ്റിധരിക്കപ്പെടാന്‍ ഇടയാക്കുന്നു.

എന്നാലും വിവരമുള്ളവര്‍ക്കറിയാം ഏതു സമൂഹത്തിലും സുമനസ്സുകളുണ്ട്.
അതുപോലെ, ചോരകുടിക്കാന്‍ കാത്തു നില്‍ക്കുന്ന ചെന്നായ്ക്കള്‍ ഏതു സമൂഹത്തിലും ഉണ്ടാകാം.

ബഷീർ said...

>ഗീതാഗീതികള്‍

ചേച്ചി, എന്റെ മനസ്സു മനസ്സിലാക്കിയതില്‍ മനസ്സിന്റെ വേദന മനസ്സിലാക്കിയതില്‍ അതിയായ സന്തോഷമുണ്ട്‌. ചിലരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടോ എന്ന സംശയത്താല്‍, തെറ്റിദ്ധാരണയുണ്ടാക്കാനേ ഈ കുറിപ്പ്‌ ഉപകരിക്കുന്നുള്ളൂവെങ്കില്‍ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കരുതിയതായിരുന്നു.

നന്ദി.. ഈ വായനയ്ക്കും അഭിപ്രായത്തിനും

Sureshkumar Punjhayil said...

Basheere.. Valare Manoharam. Abhiprayathodu Yojippo viyojippo ennathalla, thankalude udyamam prashamsaneeyam thanne. Ashamsakal.

yousufpa said...

എന്തു കൊണ്ട് മുസ്ലിം സമൂഹം അല്ലെങ്കില്‍ ഇസ്ലാം മതം വെറുക്കപ്പെടുന്നു എന്ന ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തിയാല്‍ എത്ര നന്നായിരുന്നു. സത്യം പുലര്‍ന്നു കൊണ്ടേയിരിക്കുന്നു.


അല്ലെങ്കിലും തമ്മില്‍ തല്ലുന്ന മുസ്ലിം സമൂഹത്തിന്‌ എന്തു മാതൃകയാണ്‌ കാഴ്ചവെക്കാനുള്ളത്.മുസ്ലിം എന്നുച്ചരിക്കാന്‍ എന്തവകാശം. മുസ്ലിം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന മാധ്യമങ്ങള്‍ എന്ന നിലക്ക് സിറാജും മാധ്യമവും ചന്ദ്രികയും തന്നെയാണ്‌ സ്വന്തം സമൂഹത്തിന്റെ നെറികേട് പുറത്തു കൊണ്ടു വരേണ്ടത്.
ആദ്യം സ്വന്തം നന്നാവുക പിന്നെയല്ലേ കുടുംബത്തേയും സമൂഹത്തേയും .

പരേതന്‍ said...

സ്നേഹം സഹനം എന്നിവ പഠിപ്പിക്കുന്ന ഇസ്ലാമിനെ ആര്‍ക്കും വെറുപ്പില്ല..മുസല്ലം-എ-ഇമാന്‍ എന്നതിന്‍റെ അര്‍ത്ഥം അറിയുന്ന മുസല്‍മാനോടും ആര്‍ക്കും വെറുപ്പില്ല...നിലനില്‍പ്പിനായി ആയുധം എടുക്കുന്ന ഇസ്ലാം മതവിശ്വാസികളെയും ന്യായീകരിക്കാം..

എന്നാല്‍ മതത്തിന്‍റെ പേരില്‍ മറ്റുള്ളവരെ കൊല്ലുന്നതാണ് ജിഹാദ്‌ എന്നും തെറ്റായി വ്യാഖനിച്ചാല്‍ അത് ദഹിക്കില്ല..ഇഹലോകത്തല്ല ജീവിതം പരമമായ ജീവിതം പരലോകത്താണെന്നു വിശ്വസിച്ചോളൂ..പക്ഷെ മറ്റുള്ളവരെ കൊന്നു പരലോകം പൂകിയാന്‍ അവര്‍ അല്ലാഹുവിനെയല്ല ദേജ്ജാലിനെയാവും തമ്പുരാനായി സ്വീകരിക്കുക..

ഖാത്തിം-മുന്‍-നബിയുന്‍ എന്നത് അന്ത്യ പ്രവാചകന്‍ മുഹമ്മദ് ആണെന്ന് സുന്നികളും അതല്ല അതിനര്‍ത്ഥം മുഹമ്മദ് മഹാന്‍ ആണെന്ന് മാത്രം ആണെന്ന് ഷിയാകളോ വിശ്വസിച്ചോട്ടെ..
പക്ഷെ മഹാനായ മുഹമ്മദ് നബി (സല്ലാല്ലാഹു വാലൈഹ സല്ലം) ഈ ലോകംകണ്ട ഏറ്റവും മഹാനായ വ്യെക്തി ആണെന്നതോ അദ്ദേഹത്തോളം സഹനശീലനോ,ദയയും കാരുണ്യവാണോ ആയ മറ്റൊരു പ്രവാചന്‍ ഉണ്ടായിരുന്നോ എന്നത് ഇന്നും ഒരു ചോദ്യചിഹ്നം ആണ്..(ഇതു മിര്‍സ ഗുലാം കാദിയാനിയോ അല്ലെങ്കില്‍ ജമ അത് ഇസ്ലാമിയോ നിഷേധിക്കുന്നില്ല..)
പക്ഷെ അതെ മുഹമ്മദിന്‍റെ (സ) പിന്തുടര്‍ച്ചക്കാര്‍ അത് മറന്നു ആക്രമണവും ജിഹാദുമാണ് എല്ലാം എന്ന് പറഞ്ഞാല്‍ ഇസ്ലാം വിശ്വാസികളെന്നല്ല (വിവരവും വിധ്യാഭാസവും ഉള്ള) ഒരു മനുഷ്യരും വിശ്വസിക്കില്ല.
ദയയും കാരുണ്യവും സഹനശീലവും സ്നേഹവും പഠിപ്പിച്ച ആ മതവും പ്രവാചകനും ആഗ്രഹിച്ചതല്ല കുറെ വിശ്വാസികള്‍ (അങ്ങനെ അവരെ വിളിക്കാമോ എന്നറിയില്ല) ചെയ്തു കൂട്ടുന്നത്‌ എന്നത് ചിന്തിക്കുക..

ഇതെന്‍റെ വെക്തിപരമായ അഭിപ്രായം ആണ്..കാരണം ഞാന്‍ വായിച്ചതിലും വായിക്കുനതിലും ഏറ്റവും മഹത്തായ മത ഗ്രന്ഥം ഖുറാന്‍ ആണ്.. പക്ഷെ ഞാന്‍ മുസല്‍മാനല്ല..

സവിനയം
പരേതന്‍

ബഷീർ said...

>സുരേഷ്‌

വായനയ്ക്കും അഭിപ്രായം പറയാതെ പറഞ്ഞതിലും നന്ദി.

OT : മലയാളം ടൈപ്പ്‌ ചെയ്യാനുള്ള മടി എന്നാണു താങ്കള്‍ മാറ്റുക. വെള്ളറക്കാട്‌ വിട്ടാലും മലയാളം വിടല്ലെ :)


>അത്ക്കന്‍

ഞാന്‍ താങ്കളുടെ കമന്റ്‌ രണ്ട്‌ മൂന്ന് ആവര്‍ത്തി വായിച്ചു. വിഷയം ഒരു ചെറു മറുപടിയില്‍ ഒതുക്കാവുന്നതല്ല. മുസ്ലിം നാമ ധാരികളായ ചിലരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇസ്ലാം എന്ന മതത്തിനെ പ്രതിക്കൂട്ടില്‍ കയറ്റുന്നത്‌ ഇസ്ലാം എന്തെന്ന് പഠിക്കാത്ത മുസ്ലിംകളും സ്വയം അപകഷതാ ബോധവുമായി ജിവിക്കുന്നവരുമാണ്. ആശയത്തില്‍ ഒന്നിക്കാന്‍ എളുപ്പമല്ല. ആമാശയത്തിന്റെ കാര്യത്തില്‍ ഒന്നിച്ചിട്ട്‌ കാര്യമില്ലല്ലോ.. നേരും നെറിയുമുള്ളവര്‍ നയിക്കട്ടെ സമൂഹത്തെ. നെഞ്ചുറപ്പോടെ നില്‍ക്കാന്‍ കഴിയട്ടെ നേരിന്റെ പക്ഷെത്ത്‌. മുന്‍ വിധികളില്ലാതെ പഠിച്ച്‌ നേരിന്റെ പക്ഷത്ത്‌ നിലയുറപ്പിക്കാം. നെറികേട്‌ ആരു ചെയ്താലും അത്‌ വിളിച്ചു പറയാം. നന്ദി അഭിപ്രായത്തിന്

>പരേതന്‍

താങ്കളുടെ വിശദമായ കമന്റിനു നന്ദി..

യഥാര്‍ത്ഥമായ ആദര്‍ശത്തില്‍ നിന്ന് വഴിമാറി അല്ലെങ്കില്‍ അവരെ വഴിമാറ്റി നടത്തിയവര്‍ക്ക്‌ ആശയമോ ആദര്‍ശമോ ഇല്ല. അവര്‍ ഒരിക്കലും മഹത്തായ ആദര്‍ശത്തിന്റെ വക്താക്കളാവുന്നില്ല . മറിച്ച്‌ മൊത്തം സമൂഹത്തിനും സമുദായത്തിനും പുഴുക്കുത്തേല്‍പിക്കുകയും ചെയ്യുന്നു.

Related Posts with Thumbnails