Wednesday, March 19, 2008

ഒരു വസന്തം കൂടിഒരു റബീഉല്‍ അവ്വല്‍ കൂടി പിറന്നു .. ഒരു സുപ്രഭാതം വിടര്‍ന്നു.... റബീഉല്‍ അവ്വല്‍ 12 ന്റെ സുപ്രഭാതത്തിന്റെ പ്രസരിപ്പും പ്രസക്തിയും മറ്റൊരു ദിനങ്ങള്‍ക്കും കൈവരിക്കാന്‍ കഴിയില്ല..!1400 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അറേബ്യന്‍ ജനതയുടെ ചരിത്രം, അക്രമവും അനീതിയും നടമാടിയിരുന്ന, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അരങ്ങുതകര്‍ത്താടിയിരുന്ന, കല്ലിനെയും മുള്ളിനെയും കണ്ണില്‍ കണ്ടതിനെയുമൊക്കെ പൂജാ വസ്തുവാക്കി ആരാധിച്ചിരുന്ന ഒരു ഇരുണ്ടയുഗത്തെ നമുക്കു വരച്ചു കാട്ടിത്തരുന്നു...!അറേബ്യയിലെ ഒരോ മണല്‍തരിയും ദാഹിച്ചു കാത്തിരുന്നു ഒരു വേഴാമ്പലിനെ പോലെ... ഒരിറ്റു കനിവിന്റെ നനവിനായി... കാരുണ്യത്തിന്റെ ഒരു ചെറു അരുവിയുടെ ഉറവ തേടി അലഞ്ഞു മര്‍ത്യര്‍... ഒരു നേതാവിനെ കാത്തിരുന്നു ലോകം.. അവസാനം, അവസാനം.. പതിനാലു നൂറ്റാണ്ടുകള്‍ക്ക്‌ മുന്നെ ഒരു സുപ്രഭാതത്തില്‍, ഒരു റബീഉല്‍ അവ്വല്‍ 12 ന്റെ സുവര്‍ണ്ണ ശോഭയില്‍ മക്കയുടെ മണല്‍ തരികളെപോലും പുളകമണിയിച്ചുകൊണ്ട്‌ സത്യ സന്മാര്‍ഗ സംസ്ഥാപനത്തിനായി, അസത്യങ്ങളുടെയും അര്‍ദ്ധസത്യങ്ങളുടെയും നിര്‍മാര്‍ജ്ജനത്തിനായി, ഖുറൈശി ഗോത്രത്തില്‍ ഹാശിം കുടുംബത്തില്‍ അന്ത്യ പ്രവാചകന്‍ ത്വാഹാ റസൂല്‍ (സല്ലല്ലാഹു അലൈഹിവ സല്ലം) ഭൂജാതനായി..
പരിശുദ്ധ ഖുര്‍ആന്‍ നബി(സ)തങ്ങളെ പരിചയപ്പെടുത്തിയത്‌ ഒരു പ്രത്യേക ജനവിഭാഗത്തിന്റെ നേതാവായിട്ടോ, ഒരു യുഗത്തിന്റെ സാരഥിയായിട്ടോ അല്ലെങ്കില്‍ ലോക മുസ്ലിംകളുടെ നേതാവായിട്ടോ അതുമല്ലെങ്കില്‍ മനുഷ്യകുലത്തിന്‌ മാത്രം അനുഗ്രഹമായിട്ടോ അല്ല..! ഖുര്‍ആനില്‍ ജഗന്നിയന്താവ്‌ അരുളുന്നു. 'നബിയേ, താങ്കളെ ഈ ലോകത്തിനു മുഴുവന്‍ അനുഗ്രഹമായിട്ടല്ലാതെ സൃഷ്ടിക്കപ്പെട്ടിട്ടില്ല.' അതെ, അറബിയെന്നോ, അനറബിയെന്നോ, കറുത്തവനെന്നോ, വെളുത്തവനെന്നോ ഭേതമില്ലാതെ മുഴുവന്‍ മനുഷ്യകുലത്തിനും എല്ലാ ജീവജാലങ്ങള്‍ക്കും, സസ്യലതാതികള്‍ക്കും അനുഗ്രഹമായിട്ടായിരുന്നു ദൈവദൂതന്റെ പിറവി.! വെറും ഒരു ആത്മീയ നേതാവ്‌ മാത്രമായിരുി‍ല്ല മുഹമ്മദ്‌ നബി (സ). മനുഷ്യ ജീവിതത്തിന്റെ നാനാ മേഖലകളിലും പ്രാവര്‍ത്തികമാക്കേണ്ട ഒരു പ്രായോഗിക ജീവിത സംഹിത സ്വന്തം ജീവിതചര്യകളിലൂടെ ലോകര്‍ക്ക്‌ പകര്‍ന്ന്‌ കൊടുത്ത, മാനവ രാശിയെ സ്നേഹവും സമാധാനവും സാഹോദര്യവും പഠിപ്പിച്ച ഒരു പരിഷ്കര്‍ത്താവു കൂടിയായിരുന്നു തിരുനബി (സ). വരികളിലോ വാക്കുകളിലോ ഒതുക്കാനാവുന്നതല്ല പ്രവാചക പുംഗവരുടെ മഹത്വം.


ശാസ്ത്ര- സാങ്കേതിക തികവിന്റെ ഉത്തുംഗതയില്‍ എത്തിയെന്നവകാശപ്പെടുന്ന വര്‍ത്തമാനയുഗത്തില്‍ പ്രവാചകന്‍ (സ) യുടെ ഓരോ പ്രവചനങ്ങളും സത്യമായി പുലരുന്നതു നാം കണ്മുന്നില്‍ കണ്ടു കൊണ്ടിരിക്കുന്നു. നിഷ്പക്ഷമതികള്‍ തങ്ങളുടെ മനസ്സിനെയും ചിന്താ ശക്തിയെയും ഉപയോഗപ്പെടുത്തി സത്യമുള്‍ക്കൊള്ളാന്‍ തയ്യാറാവുന്നത്‌ നാം കാണുന്നു.' അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയര്‍ നിറച്ച്‌ ആഹരിക്കുന്നവന്‍ നമ്മില്‍പെട്ടവരല്ല' എന്ന്‌ ഗൌരവത്തോടെ അരുളിയ നബി (സ) മറ്റൊരിക്കല്‍ പറഞ്ഞു 'ഒരു കാലം വരാനിരിക്കുന്നു, അന്ന്‌ മനുഷ്യര്‍ പരസ്പരം കൊന്നോടുക്കും, അയല്‍ വാസികള്‍ കൊല ചെയ്യപ്പെടും, പിതാവ്‌ മകനെയും മകന്‍ പിതാവിനെയും സഹോദരന്‍ സഹോദരിയെയും കൊന്നു കൊലവിളി നടത്തും'. ഈ പ്രവചനം ശ്രവിച്ച സഖാക്കള്‍ തിരുനബിയോടു ചോദിച്ചു. തിരുദൂതരെ, എങ്ങിനെയാണ്‌ മനുഷ്യരില്‍ അത്തരമൊരു അവസ്ഥ സംജാതമാവുക ? നബി(സ) മറുപടി നല്‍കി 'മനുഷ്യന്‌ അല്ലാഹു കനിഞ്ഞു നല്‍കിയിരിക്കുന്ന വിശേഷബുദ്ധി അന്ന്‌ എടുത്തുമാറ്റപ്പെടും' നൂറ്റാണ്ടുകള്‍ക്ക്‌ മുന്നെ റസൂല്‍ (സ) പ്രവചിച്ചത്‌ ഇന്ന്‌ നമ്മുടെ കണ്മുന്നില്‍ അക്ഷരംപ്രതി സത്യമായി ഭവിക്കുന്നത്‌ കാണാതിരിക്കാന്‍ മാത്രം അന്ധത ബാധിച്ചുവോ നമുക്ക്‌ ? ചിന്തിക്കേണ്ട കാലവും സമയവും അതിക്രമിച്ചിരിക്കുന്നു..! കരുണയും, സ്നേഹവും, സഹിഷ്‌ണുതയും, സാഹോദര്യവും ഭൂമുഖത്ത്‌ നിന്ന്‌ അല്‍പാല്‍പമായി അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു...! പകരം നമ്മുടെമനസുകളില്‍ അസൂയയും, പകയും, സ്വാര്‍ത്ഥതയും, വര്‍ഗീയതയും കുടിയേറിക്കൊണ്ടിരിക്കുന്നു. എവിടെയും വര്‍ഗീകരണങ്ങള്‍... എല്ലാവര്‍ക്കും എല്ലാവരോടും പക ! സ്ത്രീക്ക്‌ പുരുഷനോട്‌, പുരുഷനു സ്ത്രീയോടും, ഭാര്യ- ഭര്‍ത്താക്കന്‍മാര്‍ തമ്മില്‍, സഹോദരങ്ങള്‍ തമ്മില്‍, അയല്‍ക്കാര്‍ തമ്മില്‍, കൂട്ടുകാര്‍ തമ്മില്‍, എന്തിനേറെ മാതാപിതാക്കള്‍ക്ക്‌ മക്കളോടും, മക്കള്‍ക്ക്‌ മാതാപിതാക്കളോടും പരസ്പരംപക...!! ചിലയിടത്തൊക്കെ പ്രത്യക്ഷമായും മറ്റിടങ്ങളില്‍ കപട സ്നേഹാവരണത്തിനാല്‍ മറച്ചും മനസില്‍ അസൂയയും പകയും സൂക്ഷിക്കുന്നവരായി ജനസമൂഹം മാറികൊണ്ടിരിക്കുന്നു..!


'നിന്റെ സ്വന്തം ശരീരത്തിനായി നീ ഇഷ്ടപ്പെടുന്നത്‌ ഇതര ജനങ്ങള്‍ക്കായും ഇഷ്ടപ്പെടുക' എന്ന തിരുനബി (സ) യുടെ മൊഴിയിലൂടെ സര്‍വ്വ ജനങ്ങളോടുമുള്ള സഹവര്‍ത്തിത്വത്തിനുള്ള ആഹ്വാനമാണ്‌ മറയില്ലാതെ വെളിവാക്കുത്‌. "സ്നേഹത്തോടു കൂടി തന്റെ സഹോദരനെ നോക്കുന്നതു പോലും പുണ്യം തന്നെ" എന്നു പഠിപ്പിച്ച മഹാനുഭാവന്റെ അനുയായികളില്‍ ചിലരിന്ന്‌ അക്രമത്തിന്റെയും അനീതിയുടെയും അധര്‍മ്മത്തിന്റെയും പാതയിലൂടെ സഞ്ചരിക്കുന്നത്‌ ആ സ്നേഹ ദൂതരുടെ അധ്യാപനങ്ങളില്‍ നിന്ന്‌ അകലുകയും സ്നേഹിക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനും ചിലര്‍ അതിര്‍വര്‍മ്പുകള്‍ തീര്‍ത്തതു കൊണ്ടുമല്ലേ !? ലോകത്തിന്റെ മുക്കിലും മൂലയിലും നിരപരാധികളുടെ നിണം മണക്കുമ്പോള്‍ 'അക്രമത്തെ നിങ്ങള്‍ സൂക്ഷിക്കുവിന്‍! എന്തുകൊണ്ടെന്നാല്‍, അക്രമം അത്‌ അവസാനനാളിലെ അന്ധകാരങ്ങളാകുന്നു' എന്ന താക്കീത്‌ ഉള്‍ക്കൊണ്ട്‌ ഒരു സ്നേഹ സമൂഹത്തിനായി നിലകൊള്ളുവാന്‍ പ്രവാചക പ്രേമികള്‍ക്ക്‌ കഴിയുമെന്നു തന്നെയാണ്‌ പ്രത്യാശ. പ്രവാചകരെ പുകഴ്ത്തി പുണ്യജന്മദിനം അത്യാഹ്ലാദത്തോടെ ആഘോഷിച്ചുകൊണ്ട്‌ ലോകം വീണ്ടും ഒരു റബീഇനെ വരവേല്‍ക്കുമ്പോള്‍, "തന്റെ ജനനവും മരണവും നിങ്ങള്‍ക്ക്‌ അനുഗ്രഹമായിട്ടല്ലാതെയില്ല" എന്നു പ്രഖ്യാപിച്ച സ്നേഹത്തിന്റെ പ്രതീകമായ വിശ്വ പ്രവാചകന്‍ മുഹമ്മദ്‌ നബി (സല്ലല്ലാഹു അലൈഹിവസല്ലം ) യുടെ ജീവിത ചര്യകള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തുവാനുതകുന്ന രീതിയില്‍ ഈ റബീഉല്‍ അവ്‌വലിന്റെ പുണ്യ ദിനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഏവര്‍ക്കും കഴിയട്ടെ.ഏവര്‍ക്കും നബി ദിനാശംസകളോടെ..
=======================
റബീ ഉല്‍ അവ്വല്‍ = ഹിജ്‌ റ കലണ്ടര്‍ പ്രകാരമുള്ള ഒരു മാസം.
റബീഅ്‌ = വസന്തം
അവ്വല്‍ = ആദ്യം
റബീഉല്‍ അവ്വല്‍ = ആദ്യ വസന്തം

16 comments:

സുല്‍ |Sul said...

പുണ്യ റസൂലിന്റെ പാത പിന്‍പറ്റി, നല്ല നാളേക്കു വേണ്ടി പരിശ്രമിക്കാം.

ഏവര്‍ക്കും നബിദിനാശംസകള്‍!!!!

-സുല്‍

ശ്രീ said...

'അക്രമത്തെ നിങ്ങള്‍ സൂക്ഷിക്കുവിന്‍! എന്തുകൊണ്ടെന്നാല്‍, അക്രമം അത്‌ അവസാനനാളിലെ അന്ധകാരങ്ങളാകുന്നു'

ഇതൊക്കെ എല്ലാവരും മനസ്സിലാക്കിയിരുന്നെങ്കില്‍...

Sharu.... said...

നബിദിനാശംസകള്‍....

ബഷീര്‍ വെള്ളറക്കാട്‌ said...

സുല്‍,
ശ്രീ
ശാരു..
കമന്റ്സിനു നന്ദി
എല്ലാവര്‍ ക്കും നബി ദിനാശംസകള്‍

നന്മയുടെ നാമ്പുകള്‍ തളിര്‍ക്കട്ടെ..
തളരട്ടെ യുദ്ധക്കൊതിയരുടെ കൈകള്‍

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

വഴിയില്‍ കാത്തുനിന്നു മുഹമ്മദ്‌ നബി (സ) മുഖത്തേയ്ക്ക്‌ തുപ്പുമായിരുന്ന ജൂതപെണ്‍കുട്ടിയെ ഒരു ദിവസം അവിടെ കാണാന്‍ കഴിയാത്തപ്പോള്‍ എന്തു പറ്റി എന്നന്വോഷിക്കുകയും അസുഖമായി കിടക്കുന്ന ആ കുട്ടിയെ സന്ദര്‍ശിച്ച്‌ വേഗം സുഖമാക്കാന്‍ അള്ളഹുവിനോട്‌ പ്രാര്‍ഥിക്കുകയും ചെയ്ത ആ പുണ്യ പുരുഷന്റെ ചരിത്രത്തെ നാം ചികഞ്ഞു ചെല്ലുംബോള്‍ വിസ്മയം തീര്‍ക്കുന്ന വ്യക്ത്യത്വമായി നന്മയുടെ പൊന്‍ വെളിച്ചമായി ചരിത്ര താളുകളില്‍ കൃത്യമായി രേഖപ്പെട്ടു കിടക്കുന്നത്‌ കാണൂംബോള്‍ ആരുടെ മനസ്സും വിസ്മയഭരിതമായി പോകും അതു കൊണ്ട്‌ തന്നെയാണ്‌ ലോകത്തെ സ്വധിനിച്ച മഹാരഥന്മാരായ നൂറു ചരിത്ര പുരുഷന്മാരെ പരിചയപ്പെടുത്തികൊണ്ട്‌ മൈക്കിള്‍ എച്ച ഹാര്‍ട്ട്‌ എന്ന ലോക പ്രശസ്തനായ കൃസ്ത്യന്‍ ചരിത്രപണ്ഡിതന്‍ ഒന്നാമനായി എണ്ണികൊണ്ട്‌ മുഹമ്മദ്‌ നബിയെ പരിചയപ്പെടുത്തിയത്‌. (The 100 A Ranking the Most Influential Persons In History- Michel H Heart- New york - 1978 )

അതു കൊണ്ട്‌ തന്നെയാണ്‌ ആ പ്രവാചകന്റെ ചര്യയിലേയ്ക്ക്‌ മടങ്ങുക എന്നതു തന്നെയാണ്‌ ലോകത്തിന്റെ സമാധാനത്തിലേയ്ക്കുള്ള വഴി എന്ന് ബര്‍ണാര്‍ഡ്ഷ യെ പോലുള്ള മഹാമനീഷികള്‍ പറഞ്ഞു വെച്ചത്‌. നാളെ ആഖിറത്തില്‍ ആ പുണ്യപ്രവാചകന്റെ വലതുഭാഗത്തായി നിന്നു കൊണ്ട്‌ സ്വര്‍ഗ്ഗ പ്രവേശം ചെയ്യാന്‍ അള്ളാഹു അനുഗ്രഹിക്കുമാറകട്ടെ എന്ന് അത്മാര്‍ഥമായി പ്രാര്‍ഥിച്ചു കൊണ്ട്‌ സമയ പ്രസക്തമായ ഈ പോസ്റ്റിന്‌ നന്മകള്‍ നേര്‍ന്നു കൊണ്ട്‌ നിറുത്തുന്നു.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...
This comment has been removed by the author.
ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

എഴുത്തുകാരന്റെ പേരിലുള്ള അക്ഷരതെറ്റ്‌ തിരുത്തി വായിക്കണം എന്നപേക്ഷിക്കുന്നു.


The 100 A Ranking the Most Influential Persons In History- Michael H. Hart- New york - 1978

for book

http://en.wikipedia.org/wiki/The_100

ബഷീര്‍ വെള്ളറക്കാട്‌ said...

shereeq,

വിശാലമായി കമന്റിയതിനും ലിങ്കിനും സന്തോഷത്തോടെ നന്ദി..

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

നബി ദിനാംശംസക്കള്‍ നേരുന്നു.മനുഷ്യനന്മയും ലോകശാന്തിയും ഉണ്ടാകട്ടേ

THOZHIYOOR said...

Valare nannayittunde mashe...

BISMI said...

ഏവര്‍ക്കും നബിദിനാശംസകള്‍
സല്ലല്ലാഹു അലാ മുഹമ്മദ്‌സല്ല്ലല്ലാഹു അലൈഹി വസല്ലം

welcome to the shadows of life said...

താങ്കളുടെ വിസിടിനായി കാത്തിരിക്കുന്നു............
അഭിപ്രായങ്ങള്ക്കും............

ബഷീര്‍ വെള്ളറക്കാട്‌ said...

അനൂപ്‌..

വന്നതിനും നല്ല വാക്കിനും
പ്രാര്‍ത്ഥനകള്‍ ക്കും നന്ദി..

തൊഴിയൂര്‍
ബിസ്മി

വായിച്ചതിനും അഭിപ്രായപ്പെട്ടതിലും സന്തോഷം

ഷാഡോസ്‌...

വരാം.. അല്‍പം തിരക്കിലാണു..എന്നാലും .

mansoor said...

ഈ ജീവിതമാത്രക നമ്മുടെ ജീവിതത്തിനും
വെളിച്ചവും തെളിച്ചവും നന്മ്മയും വിശുഢിയും നല്‍ക്കടെ

Basheer Vellarakad said...

@mansoor,

Ameen..

ബിലാത്തിപട്ടണം Muralee Mukundan said...

ലോകത്തിന്റെ മുക്കിലും മൂലയിലും നിരപരാധികളുടെ നിണം മണക്കുമ്പോള്‍ 'അക്രമത്തെ നിങ്ങള്‍ സൂക്ഷിക്കുവിന്‍! എന്തുകൊണ്ടെന്നാല്‍, അക്രമം അത്‌ അവസാനനാളിലെ അന്ധകാരങ്ങളാകുന്നു' എന്ന താക്കീത്‌ ഉള്‍ക്കൊണ്ട്‌ ഒരു സ്നേഹ സമൂഹത്തിനായി നിലകൊള്ളുവാന്‍ പ്രവാചക പ്രേമികള്‍ക്ക്‌ കഴിയുമെന്നു തന്നെയാണ്‌ പ്രത്യാശ.

Related Posts with Thumbnails