Thursday, June 4, 2009

അക്ഷരം നിഷേധിക്കപ്പെടുന്ന ബാല്യങ്ങൾ

ചിത്രത്തിൽ ക്ലിക് ചെയ്താൽ വലുതായി കാണാൻ സാധിക്കും

2009 ജൂൺ ഒന്നാം തിയ്യതി സിറാജ്‌ ദിനപത്രത്തിൽ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ആതിരയെന്ന ആദിവാസി ബാലികയുടെയും അവളുടെ കുടിലിന്റെയും ചിത്രം ആണ്‌ ഈ കുറിപ്പിനാധാരം

സ്കൂൾ പ്രവേശനോത്സവത്തിന്റെ നിറമേറിയ കാഴ്ചകളായിരുന്നു നമ്മുടെ മുന്നിൽ അടുത്ത ദിനങ്ങളിൽ തെളിഞ്ഞത്‌. പുതിയ ജീവിതത്തിന്റെ തട്ടകത്തിലേക്ക്‌ പിച്ചവെക്കുന്ന പിഞ്ചോമനകളുടെ നിഷ്‌കളങ്കമായ പുഞ്ചിരികളും വിതുമ്പലുകളും നമ്മെ ഗതകാല സ്‌മരണളുണർത്താൻ പര്യാപ്‌തമായതായിരുന്നു. അതൊന്നും നേരിട്ട്‌ അനുഭവിച്ചറിയാൻ കഴിയാത്ത പ്രവാസികൾ അകലങ്ങളിൽ നിന്ന് മക്കളുടെ വിവരങ്ങൾ അന്വേഷിക്കുകയും സന്തോഷവും സന്താപവുമെല്ലാം ശബ്ദവീചികളിലൂടെ നെഞ്ചിലേറ്റി നെടുവീർപ്പിടുകയും ചെയ്യുന്നു. എന്നാൽ ഈ ആഘോഷങ്ങൾക്കും ആരവങ്ങൾക്കുമിടയിൽ ആകുലതകൾക്കുമിടയിൽ അവഗണിക്കപ്പെടുന്ന ഒരു വിഭാഗം നമുക്കിടയിൽ ഇതൊന്നു മറിയാതെ അറിഞ്ഞാൽ തന്നെ അന്നന്നത്തെ അന്നത്തിനോ അന്നമുണ്ടാക്കിയാൽ അടച്ചു വെക്കാൻ നല്ല ഒരു പാത്രമോ ആ പാത്രം സൂക്ഷിക്കാൻ മാത്രം പ്രാപ്തമായ ഒരു വീടോ ഇല്ലാതെ‌ അക്ഷര മുറ്റത്തെത്തുക എന്നത് ഒരു സ്വപനം മാത്രമായി അവശേഷിപ്പിച്ച് കഴിയുന്നു. അക്ഷരങ്ങളേക്കാൾ ഒരു നേരത്തെ അന്നത്തിനായിരിക്കുമോ അവരുടെ തേങ്ങൽ !

കാർമേഘങ്ങളൊഴിഞ്ഞു നിന്ന ആകാശത്തിനു കീഴെ ആരവങ്ങളുയർന്ന അക്ഷരവീടുകൾ പരിഭ്രമത്തിന്റെയും പരിഭവങ്ങളുടെയും പൂങ്കണ്ണീരു കൊണ്ട്‌ നിറഞ്ഞപ്പോൾ അതൊന്നുമറിയാതെ ഇങ്ങിനെ എത്രയോ ബാല്യങ്ങൾ സമൂഹത്തിൽ നിന്നും അകന്ന്, അല്ലെങ്കിൽ സാംസ്കാര സമ്പന്നമായ(?) കേരളീയ സമൂഹത്താൽ അകറ്റപ്പെട്ടോ (?) കഴിയുന്നു എന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഈ ചിത്രം വായനക്കാരെന്റെ മനസ്സിലേക്ക്‌ കുറെ ചോദ്യങ്ങളുയർത്താൻ പര്യാപതമാം വിധം എത്തിച്ച പത്രത്തിനും ഫോട്ടോ ഗ്രാഫർക്കും നന്ദി.. ഇത്‌ പോലെ എത്രയോ നേർക്കാഴ്ചകൾ നാം കണ്ടിരിക്കുന്നു. ഏതാനും നിമിഷ നേരത്തേക്ക്‌ അല്ലെങ്കിൽ ഒരു ദിനം , ഒരു ആഴ്ച.. അത്‌ നമ്മെ അസ്വസ്ഥമാക്കിയേക്കാം പിന്നെ അത്‌ നാം വിസമരിക്കുന്നു.

ആതിരയെന്ന (ഇമ്പമുള്ള പേരുകൾക്ക് ഇപ്പോൾ വിലക്കില്ലെന്നതിൽ കേരളിയന്‌ അഭിമാനം കൊള്ളാം ) ബാലികയുടെ കുടിലും കൂടി നാം കാണുക. എന്നിട്ട്‌ നമുക്ക്‌ ദൈവം നൽകിയ അനുഗ്രഹങ്ങൾ ഓർക്കുക. നമ്മുടെ മക്കളെയും മമ്മുടെ സുഖസൗകര്യങ്ങളുള്ള വീടിനെ ഓർക്കുക. പിന്നെ നമ്മുടെ തീർത്താൽ തീരാത്താ ആഗ്രഹങ്ങളെ /അത്യാഗ്രഹങ്ങളെ നിരത്തിവെക്കുക. എന്നിട്ടതിൽ നിന്ന് ആവശ്യങ്ങൾ മാറ്റി, അത്യാവശ്യങ്ങൾ മാറ്റി, അനാവശ്യങ്ങൾക്ക്‌ നാം എത്ര ചിലവഴിക്കുന്നുവേന്ന് ഒരു കണക്കെടുക്കുക (പ്രായസാമണെന്നറിയാം ) . പിന്നെ അനാവശ്യങ്ങളിൽ ചിലവിടുന്നതിന്റെ ഒരു ചെറിയ ഭാഗം നമുക്ക്‌ ചുറ്റിലുമുള്ള ഇത്തരം ആവശ്യക്കാരെ കണ്ടെത്തി അവർക്ക്‌ വേണ്ട പാർപ്പിടവും വസ്ത്രവും വിദ്യഭ്യാസവും നൽകാൻ തയ്യാറാവേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുക . അല്ലെങ്കിൽ നാളെ നാം നമുക്ക്‌ അനുഗ്രഹമായി കിട്ടിയ സമ്പത്തിനും സൗഭാഗ്യങ്ങൾക്കും ലോകരഷിതാവിന്റെ മുന്നിൽ മറുപടി പറയാനാവാതെ നിൽക്കേണ്ടിവരും എന്ന കാര്യം ഓർക്കുക.

നമ്മുടെ അയൽവാസിയുടെയും ആവശ്യക്കാരന്റെയും മതവും ജാതിയും രാഷ്ടീയവും നോക്കിയുള്ള സഹായങ്ങളേക്കാൾ അനുകമ്പാപൂർണ്ണമായ ഇടപെടലുകൾ നടത്താൻ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളും കൂട്ടായ്മകളും സംഘടനകളും തയ്യാറാവണമെന്ന് കൂടി ഉണർത്തട്ടെ.

സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിന്റെ ആദ്യ ഘട്ടം വളരെ ക്രിയാത്മകമായി ജന പങ്കാളിത്തത്തോടെ നടത്തിയത് സ്മരിയ്ക്കുന്നു. രണ്ടാം ഘട്ടം വെറും പ്രഹസനാമയി മാറി എന്നാണു തോന്നുന്നത്.ഇനിയുള്ള ഒരു യജ്ഞം ഈ ബാല്യങ്ങൾക്ക് ആദ്യം അന്നവും പിന്നെ അക്ഷരവും എത്തിക്കുന്നതിനാവട്ടെ. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾക്ക് ഈ കാര്യങ്ങൾ ശ്രദ്ധിയ്ക്കാൻ സമയമുണ്ടാവുമോ എന്തോ !

മരണപ്പെട്ടവരുടെ ജാതകം പരിശോധിച്ച് ഖബർ മാന്തി‌ ചർച്ചകളും സംവാദങ്ങളും നടത്തുന്ന സമയവും ഊർജ്ജവും മരിക്കാതെ മരിച്ചു ജീവിക്കുന്നവർക്കായി മാറ്റി വെക്കാം.

ആശംസകളോടെ

Monday, April 13, 2009

പ്രതീകാത്മക എസ്‌.എം.എസ്‌. തട്ടിപ്പ് !

ഏതാണു നിങ്ങളുടെ മണ്ഡലം ?
ആരാണു നിങ്ങളുടെ സ്ഥാനാർത്ഥി ?


ഒരു തിരഞ്ഞെടുപ്പ്‌ മാമാങ്കത്തിലൂടെ ഇന്ത്യയിലെ ജനങ്ങൾ പോയികൊണ്ടിരിക്കയാണ്‌ അല്ലെങ്കിൽ അവരെ മാമാങ്കത്തിലേക്ക്‌ വലിച്ചഴച്ച്‌ കൊണ്ട്‌ പോയിക്കൊണ്ടിരിക്കയാണു നേതാക്കളും മാധ്യമങ്ങളും കൂടി. അന്നന്നത്തെ അഷ്ടിക്ക്‌ വകയുണ്ടാക്കാൻ നെട്ടോട്ടമോടുന്നവർ തൊട്ട്‌ അരമനയ്ക്കുള്ളിൽ സുഖശീതളിമായിൽ സുഷുപ്തിയിലാണ്ടവർക്ക്‌ വരെ തിരഞ്ഞെടുപ്പ്‌ കോലാഹല സംഭവ വികാസങ്ങൾ ചൂടോടെ എത്തിച്ച്‌ കൊണ്ടിരിക്കയാണ്‌ ബന്ധപ്പെട്ടവർ (നല്ല കാര്യം ..വേണ്ടത് തന്നെ)

നേതാക്കളൊക്കെ അലക്കിതേച്ച ചിരിയും ഫിറ്റ്‌ ചെയ്ത്‌ തെരുവായ തെരുവൊക്കെ തെണ്ടുകയാണിപ്പോൾ. എന്തൊരു എളിമ. എന്തൊരു വിനയം..! ചില്ലിട്ടു സൂക്ഷിക്കേണ്ട വാഗ്ദാനങ്ങൾ ..
തിരഞ്ഞെടുപ്പ്‌ കാലം ഉത്സവകാലം പോലെ ചൂഷണം ചെയ്ത്‌ കാശുണ്ടാക്കുന്നവരും നൂതന മാർഗങ്ങൾ കണ്ടെത്തുന്നു. മുദ്രാവാക്യം വിളിമുതൽ അപരന്മാർവരെ വിൽപനയ്ക്ക്‌ റെഡി. ആരോപണവും ആഹ്വാനവും പാർസലായി എത്തിച്ചു കൊടുക്കാൻ ഏജൻസികൾ.. അങ്ങിനെ തട്ടിപ്പുകളുടെയും വെട്ടിപ്പുകളുടെയും ഒരു പൂക്കാലം..

നാട്ടിൽ നടക്കുന്ന ഇലയനക്കങ്ങൾ വരെ ലൈവായി കാണുവാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക്‌ പക്ഷെ നാട്ടിലേക്ക്‌ ചവിട്ടാനല്ലാതെ ( പൈസ അയക്കുന്നതിനു പറയുന്ന മലബാറി പ്രയോഗം ) വോട്ട്‌ അയക്കാൻ മാർഗമില്ലത്തതിനാൽ നാട്ടിൽ നിന്ന് വരുന്ന സന്ദേശങ്ങൾ കൈമാറിയും ,മെസ്സിലും ബാർബർ ഷോപ്പിലും ,ഷോപ്പിംഗ്‌ മാളിലെ കൌണ്ടറിൽ വരെ ചൂടുള്ള ചർച്ച സംഘടിപ്പിച്ച്‌ തങ്ങളുടെ സജീവത അറിയിച്ച്‌ കൊണ്ടിരിക്കയാണിപ്പോൾ.


ഏതാണു നിങ്ങളുടെ മണ്ഡലം ?
ആരാണു നിങ്ങളുടെ സ്ഥാനാർത്ഥി ?

യു.എ.ഇ യിൽ നിന്ന് പ്രക്ഷേപണം ചെയ്യുന്ന ഒരു റേഡിയോ ഏപ്രിൽ 16 നു നടത്താനിരിക്കുന്ന പ്രതീകാത്മക (?) എസ്‌.എം.എസ്‌ വോട്ട്‌ (തട്ടിപ്പ്‌ ) പരിപാടിയുടെ പരസ്യത്തിലെ വാചകങ്ങളാണിത്‌. ഈ പരസ്യം കേൾക്കുമ്പോഴൊക്കെ ഞാൻ അറിയാതെ ചോദിക്കും (മനസ്സിൽ ) അല്ല എന്താ നിങ്ങടെ പരിപാടി ? ഉത്തരം കിട്ടിയറ്റ്‌ ഇങ്ങിനെ.
' തിരഞ്ഞെടുപ്പ്‌ മഹാശ്ചര്യം.. ഞങ്ങൾക്കും കിട്ടണം കുറച്ച്‌ പണം' (എസ്‌.എം.എസി ലൂടെ )

അതെ, പ്രതീകാത്മക എസ്‌.എം.എസ്‌. തട്ടിപ്പ് !!

പ്രസവം മുതൽ അടിയന്തിരം വരെ എസ്‌.എം.എസ്‌ അയച്ച്‌ അഭിപ്രായ വോട്ടെടുപ്പ്‌ നടത്തുന്ന ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ തിരഞ്ഞെടുപ്പും തങ്ങൾക്ക്‌ പോക്കറ്റ്‌ വീർപ്പിക്കാനുള്ള ഒരു അവസരമായി കാണുന്നതിൽ അവരെ കുറ്റം പറയാൻ കഴിയില്ല. കേട്ട പാതി കേൾക്കാത്ത പാതി സ്വന്തം മൊബൈൽ ഫോണിലെ ബാലൻസ്‌ തീർത്ത്‌ രോമാഞ്ചം കൊള്ളുന്ന ചിലരുണ്ട്‌ അവരെയാണു ബോധവത്കരിക്കേണ്ടത്‌.

നാട്ടിൽ പോയി വോട്ട്‌ രേഖപ്പെടുത്താൻ കഴിയാത്ത അതിനു അർഹതയില്ലാത്ത പ്രയാസമനുഭവിക്കുന്ന പ്രയാസികളെ ഉദ്ദേശിച്ച്‌ പ്രതീകാത്മക (പറ്റിക്കാത്മകമെന്ന് വിമർശകർ ) വോട്ടെടുപ്പ്‌ ഏപ്രിൽ 16 നു തന്നെ നടത്തുന്നു. ജി.സി.സി. യിൽ എല്ലായിടത്തും നിന്നും എസ്‌.എം.എസ്‌. അയച്ച്‌ കാശു കളയാനുള്ള അവസരമുണ്ട്‌. രണ്ട്‌ മൊബൈൽ കയ്യിൽ പിടിച്ച്‌ വോട്ട്‌ ചെയ്യാൻ മുട്ടി നിൽക്കുന്ന ഹാജ്യാരും (പരസ്യത്തിലെ കഥാപാത്രം) നാട്ടിൽ പോയി വോട്ടേഴ്സ്‌ ലിസ്റ്റിൽ പേരില്ലെന്ന് കണ്ട്‌ വിഷമിച്ച സുഹൃത്തിനെ ഗൾഫിലേക്ക്‌ മടക്കി വിളിക്കുന്ന (തിരികെ വന്നിട്ട്‌ എസ്‌.എം.എസ്‌ അയക്കാൻ ) കൂട്ടുകാരനുമൊക്കെ ഏപ്രിൽ 16 നു തങ്ങളുടെ പോക്കറ്റിലെ പൈസ ഈ വിധത്തിൽ കളയുമെന്ന് ഇവർക്ക്‌ ഉറപ്പുണ്ട്‌. (മുൻകാല അനുഭവം )

ഒരു എസ്‌.എം.എസ്‌ അയക്കാൻ 2 ദിർഹം (ഇന്നത്തെ റേറ്റ്‌ വെച്ച്‌ 28 രൂപയോളം ) ആണു ചാർജ്‌ അതിൽ ചെറിയ ഒരു ശതമാനം ഒഴിച്ച്‌ ബാക്കി തുക ഇവരുടെ പോക്കറ്റിൽ സുരക്ഷിതമായി എത്തുന്നു. കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പിന് നടത്തിയ എസ്.എം.എസ് വോട്ടിംഗിലൂടെ പതിനായിരക്കണക്കിന് എസ്‌.എം.സുകളാണു ( അതിലൂടെ ദിർഹമുകളാണ് ) ഇങ്ങിനെ കൈ നനയാതെ ഇവരുണ്ടാക്കിയത്‌. പരസ്യങ്ങൾ പ്രക്ഷേപണം / സംപ്രേഷണം ചെയ്ത് ലഭിക്കുന്നതിനേക്കാൾ എത്രയോ ഇരട്ടി തുക യാതൊരു റിസ്കുമില്ലാതെ പലവിധ പരിപാടികളിലൂടെയും എസ്.എം.എസ് വഴി റേഡിയോ -ടെലിവിഷൻ മുതലാളിമാർ ഉണ്ടാക്കുന്നു. ഐഡിയ സ്റ്റാർ (കാശുണ്ടാക്കാനുള്ള ഒരോ ഐഡിയ ) സിങ്ങറുകളും മറ്റും ഉദാഹരണം.


പ്രിയ പ്രവാസി വോട്ടർ (വോട്ടില്ലാത്ത ) മാരെ നിങ്ങളുടെ എതിർ കക്ഷി എസ്.എം.എസ്. വിജയം ആഘോഷിക്കുന്നത്‌ തടയണ്ടേ ?. അനുയായികളെ ബോധവത്കരിക്കൂ .. മൊബൈൽ എടുക്കൂ ..തയ്യാറാകൂ.. എസ്‌.എം.എസ്‌. അയച്ച്‌ സ്ഥാനാർത്ഥികളെ വിജയിപ്പിക്കൂ..നഷ്ടപ്പെടാൻ കേവലം ദിർഹം മാത്രം ! കിട്ടാനുള്ളതോ....അത് എസ്.എം.എസിൽ തങ്ങാതെ നോക്കുക

ഈ നുറുങ്ങിനെ അനുകൂലിക്കുന്നവർ ‘നുറുങ്ങ്‌ യെസ്‌’ എന്നും അനുകൂലിക്കാത്തവർ ‘നുറുങ്ങ്‌ നോ’ എന്നും ടൈപ്പ് ചെയ്ത് ,ഒന്നിലും താത്പര്യമില്ലാത്തവർ അഥവാ ആരാന്റെ കയ്യിലെ കാശു പോവുന്നത് കൊണ്ട് നമുക്കെന്ത് നഷ്ടം എന്ന് കരുതുന്നവർ ബ്ലാങ്ക് എസ്.എം.എസും ‌ ഏതെങ്കിലും ഒരു നമ്പറിലേക്ക്‌ മെസേജ്‌ അയക്കുക. വരാനിരിക്കുന്നത്‌ എസ്‌.എം.എസിൽ തങ്ങില്ല എന്നല്ലേ..

Monday, March 9, 2009

നബിദിനാശംസകൾ

വിശ്വ മാനവികതയുടെ പ്രവാചകർ മുഹമ്മദ്‌ നബി (സ) യുടെ 1483 മത്‌ ജന്മദിനം ലോകമൊട്ടാകെ സമുചിതമായി ആഘോഷിക്കുന്ന ഈ ദിനങ്ങളിൽ എല്ലാ സുമനസ്സുകൾക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ നേരുന്നു.

pls click here to read the post and meelad song

thank you
pb

Saturday, January 10, 2009

അമേരിക്കയിലെ പ്രഥമ ലേഡി പൂച്ചയും ബുഷിന്റെ മനോവിഷമവും

White House pet dog Miss Beazley (R) crosses paths with pet cat, India, on the South Lawn at the White House in Washington, in this October 2, 2006 file photo.
http://www.telegraphindia.com/1090106/jsp/foreign/story_10348788.jsp



വൈറ്റ്‌ ഹസിലെ പൂച്ച ചത്തു ! ബുഷിനു മനോവിഷമം !!!


ബുഷ്‌ കുടുംബത്തിലെ അരുമായായ ആ പൂച്ച യുടെ നിര്യാണത്തില്‍ (ഇന്ത്യയെന്നാണു 18 വര്‍ഷത്തോളമായി ബുഷ്‌ കുടുംബത്തിന്റെ സന്തത സഹചാരിയായിരുന്ന ആ പൂച്ചയുടെ പേരത്രെ !! ) ബുഷും കുടുംബവും അഗാധമയ ദു:ഖത്തിലാണെന്ന് വാര്‍ത്ത.

ബുഷ്‌ കുടുംബത്തിനു പൂച്ചയുടെ വിയോഗം നികത്താനാവാത്ത വിടവാണു സൃഷ്ടിച്ചതെന്ന് പ്രസ്‌സെക്രട്ടറി പറഞ്ഞുവെന്ന് റിപ്പോര്‍ട്ട്.



കേവലം ഒരു പൂച്ചയുടെ വില പോലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വവും ശിങ്കിടികളും മനുഷ്യമക്കള്‍ക്ക്‌ നല്‍കുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഈ ദു:ഖ വാര്‍ത്ത കേട്ട്‌ കരയണോ അതോ ചിരിക്കണോ എന്ന സംശയത്തിലാണ്.


അമേരിക്കന്‍ ജാര സന്തതി ഇസ്രാഈല്‍ അതിന്റെ എല്ലാ ക്രൂരതകളോടെയും പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും പ്രത്യേകം ലക്ഷ്യം വെച്ച്‌ കൊന്നൊടുക്കുമ്പോള്‍ അതില്‍ യാതൊരു മനസാക്ഷികുത്തുമില്ലാതെ ന്യായീകരണം കണ്ടെത്തുന്ന പിശാചുക്കള്‍ക്ക്‌ മനസ്സില്‍ ദു:ഖമെന്ന വികാരമോ ?


പൂച്ചേ നിന്നോടെനിക്ക്‌ വിരോധമില്ല. എന്റെ പ്രിയപ്പെട്ട മകള്‍ അവളുടെ പ്രിയ 'ഇന്നു' വിന്റെ അകാല നഷ്ടത്തില്‍ കരയുമ്പോള്‍, 'ഉപ്പാടെ മോളു തന്നെ' എന്ന് പറഞ്ഞ്‌, ഞാന്‍ അന്ന് (ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത്‌ എന്റെ പ്രിയ പൂച്ചക്കുട്ടിയുടെ നഷ്ടത്തില്‍) കുറെ വിതുമ്പിയത്‌ ഉമ്മ ഓര്‍മ്മിപ്പിച്ചു.



പൂച്ചേ, നിന്റെ യജമാനന്‍ ലോക ജനതയ്ക്ക്‌ നേരെ നടത്തിയ , നടത്തികൊണ്ടിരിക്കുന്ന അക്രമങ്ങള്‍ , അനീതികള്‍ എല്ലാന്‍ നിനക്കറിയാമായിരുന്നുവോ ?ഒാ ബുഷ്‌ , നിങ്ങളുടെ മനസ്സിലും ദു:ഖമെന്ന വികാരമുണ്ടാവുമോ! അത്‌ പച്ച മനുഷ്യര്‍ക്കുണ്ടാവുന്നതല്ലേ ?



ഏതെങ്കിലും ഇന്ത്യക്കാരന്‍ അവന്‍ വളര്‍ത്തുന്ന പട്ടിക്കോ പന്നിക്കോ അമേരിക്ക എന്ന് പേരിട്ട്‌ വിളിച്ചാല്‍ ചിലപ്പോള്‍ ആ കാരണം മതിയാവുമായിരിക്കും സാമ്രാജ്യത്വകിങ്കരന്മാര്‍ക്ക്‌ ആക്രമണത്തിനുള്ള ന്യായീകരണം ലോകത്തോട്‌ നാണമില്ലാത വിളിച്ചു പറയാന്‍ !


ബുഷിനെ (സാമ്രാജ്യത്വ ഭീകരരെ ) അളവറ്റ്‌ സ്നേഹിക്കുകയും താലോലിക്കുകയും ചെയ്യുന്നവര്‍ക്ക്‌ ബുഷിന്റെ ഇന്ത്യ എന്ന ഓമന പൂച്ച ചത്തത്‌ ചത്തത്‌ ചില കാര്യങ്ങളിലേക്കുള്ള സൂചനായി കാണാന്‍ കഴിയുമോ ?

ചിത്രത്തിനു കടപ്പാട്‌ : ജയ്ഹൂന്‍


ഫലസ്തീനില്‍ ഇസ്രാ ഈല്‍ ആക്രമണത്തില്‍ തകര്‍ന്ന ഒരു വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു പൂച്ചയുടെ ജഡം.

ഈ പൂച്ചയുടെ മരണത്തില്‍ ദുഖിക്കാന്‍ ഈ വീട്ടില്‍ ആരും അവശേഷിക്കുന്നില്ല !!

Sunday, December 28, 2008

ഹിജ്‌റ വര്‍ഷ (1430)-പുതുവര്‍ഷ(2009) ആശംസകള്‍


‍ഒരു വത്സരം വിണ്ണില്‍ മറഞ്ഞൂ...

നവ വത്സരം മണ്ണില്‍ പിറന്നു..

കാലത്തിന്‍ യവനികക്കുള്ളില്‍ മറയുന്നു,

വേനലും, വര്‍ഷവും, പറവയും, പൂക്കളും.,

ഓര്‍ക്കുക സഹജരേ മറഞ്ഞീടും നമ്മളും.,

കാലത്തിന്‍ കരകാണാ കയത്തിലൊരു ദിനം..!

പഴിക്കല്ലെ കൂട്ടരേ അനന്തമാം കാലത്തെ.

കാലം ! അത്‌ ഞാനെന്നുചൊല്ലി കരുണാമയന്‍.!

അവനില്‍ നിന്നല്ലോ, ക്ഷേമവും, ക്ഷാമവും.

ദിന രാത്രങ്ങള്‍ മറിക്കുന്നതവന്‍ തന്നെ.

കഴിയേണമെന്നും നാം ശുഭ പ്രതീക്ഷയില്‍.,

വിജയം സുനിശ്ചയം, ക്ഷമയുള്ളവര്‍ക്കെന്നും!

വിരിയട്ടെ നന്മയുടെ പൂവാടിയില്‍,

നറുമണം തൂകി, പുതു പൂക്കളെന്നും..

പറിടട്ടെ വെള്ളരി പ്രാവുകള്‍

സ്നേഹഗീതങ്ങള്‍ പാടി പാരിലെങ്ങും..


നീങ്ങിടട്ടെ അശാന്തിതന്‍ പുകമറ..

ഉണരട്ടെ ശാന്തിമന്ത്രം മാനവ ഹൃദയങ്ങളില്‍..

തളരട്ടെ യുദ്ധക്കൊതിയരുടെ കൈകള്‍.,

വിളയട്ടെ ഭൂമിയില്‍ മനുഷ്യസ്നേഹത്തിന്‍ കതിരുകള്‍..

നല്‍വഴി പുല്‍കിടാം, നന്മകള്‍ നേര്‍ന്നിടാം,

നവ വത്സരത്തിന്‍ നറുനിലാവില്‍..
ആശംസകള്‍... .. ആശംസകള്‍.. ..

മനോരമ ഗള്‍ഫ്‌ ഫീച്ചറില്‍ പണ്ടെങ്ങാണ്ടോ അച്ചടിച്ച്‌ വന്നത്‌ !