Monday, November 24, 2008

വാര്‍ത്തകള്‍; ആഘോഷിക്കപ്പെടുന്നവയും അവഗണിക്കപ്പെടുന്നവയും

മലേഗാവ്‌ സ്ഫോടനങ്ങളുടെ സൂത്രധാരര്‍ പിടിക്കപ്പെട്ടതു മുതല്‍ മുത്തശ്ശി പ്രത്രങ്ങളും മറ്റ്‌ മീഡിയകളും പ്രാധാന്യം കൊടുക്കാതെയും അവഗണിച്ചും വന്നിരുന്ന റിപ്പോര്‍ട്ടുകള്‍ അതിന്റെ ഗൗരവത്തോടെ ജനങ്ങളിലേക്കെത്തിക്കാന്‍ സിറാജ്‌ ദിനപത്രവും മറ്റു ചില പത്രങ്ങളും ശ്രമിച്ചിട്ടുണ്ട്‌. കേരളത്തിന്റെ മണ്ണില്‍ പിറന്ന്‌ വഴിതെറ്റിയ ചിലര്‍ തീവ്രാവാദികളായി ആരോപിക്കപ്പെട്ട്‌ ഏറ്റുമുട്ടലുകളില്‍ (?) കൊല്ലപ്പെട്ടപ്പോഴും വെണ്ടയ്ക്ക നിരത്തിയിരുന്നു സിറാജും, മാധ്യമവും, ചന്ദ്രികയും. മുത്തശ്ശിപത്രങ്ങളുടെ കാര്യം പിന്നെ പറയേണ്ടതുമില്ല. കാരണം പിടിക്കപ്പെട്ടവരും കൊല്ലപ്പെട്ടവരും മുസ്ലിം നാമധാരികളാണല്ലോ. കഥകളും ഉപകഥകളും ചര്‍ച്ചകളും സംവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമായി നല്ല കൊയ്ത്ത്‌ തന്നെയായിരുന്നു. പ്രഭാതം മുതല്‍ പാതിര വരെ നൂറ്റൊന്നാവര്‍ത്തിച്ച വാര്‍ത്തകള്‍ കൊടുത്തു കൊണ്ടിരുന്നു. ഗള്‍ഫില്‍ നിന്നും പുറത്തിറങ്ങുന്ന പത്രങ്ങളും, പ്രക്ഷേപണം ചെയ്യുന്ന റേഡിയോ അടക്കമുള്ള മാധ്യമങ്ങളും. അത്‌ വേണ്ടതുമാണല്ലോ. നമ്മുടെ കൊച്ചു കേരളം തീവ്രവാദികളുടെ താവളമാണെന്ന്‌ വരുത്തി തീര്‍ക്കേണ്ടത്‌ ആരുടെയൊക്കെയോ തീരുമാനമായിരുന്ന പോലെയാണു കാര്യങ്ങള്‍ നീങ്ങികൊണ്ടിരുന്നത്‌. നിശ്പക്ഷമതികളായ, നാട്ടില്‍ സാഹോദര്യവും സമാധാനവും പുലര്‍ന്ന്‌ കാണുവാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന, അതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ജനങ്ങളും സംഘടനകളും ഈ ദുരവസ്ഥയില്‍ നിന്നെങ്ങിനെ കരകയറുമെന്ന്‌ വ്യാകുലപ്പെട്ട നാളുകളായിരുന്നു. ക്രിയാത്മാകമായ പ്രതികരണങ്ങളും നടപടികളും പല കോണുകളില്‍ നിന്നും ഉണ്ടാവുന്നുണ്ടെങ്കിലും അതൊന്നും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക്‌ കണ്ണില്‍ പെടുകയില്ല. കാതിലെത്തുകയുമില്ല. അവര്‍ക്ക്‌ രസം ബഹുഭാര്യത്വവും, പര്‍ദയും തന്നെ. അതവര്‍ ആഘോഷിക്കുക തന്നെ ചെയ്യും. മുസ്ലിം സ്ത്രീകളുടെ ഭാവി തന്നെ ഈ ചാനലുകാരുടെയും റേഡിയൊക്കാരുടെയും പത്രക്കാരുടെയും കയ്യിലാണെന്നു തോന്നും!.

ഒറ്റക്കണ്ണന്മാരായ മാധ്യമക്കാര്‍ പക്ഷെ തീവ്രവാദത്തിനും ഭീകര വാദത്തിനും എതിരെ, നിരപരാധികളെ കേവലം ഒരു സമുദായത്തിന്റെ പേരു പേറിയതിന്റെ പേരില്‍ ക്രൂശിക്കുന്നതിനെതിരെ നാക്കു ചലിപ്പിക്കാന്‍, ചര്‍ച്ച സംഘടിപ്പിക്കാന്‍ ഏറ്റവും ചുരുങ്ങിയത്‌ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളുമായി സമൂഹത്തിലിറങ്ങുന്നവരെ പറ്റി ഒരു വാര്‍ത്ത പ്രൊജക്റ്റ്‌ ചെയ്ത്‌ കൊടുക്കാന്‍ തയ്യാറാവാറില്ല എന്നത്‌ ഒരു ദു:ഖ സത്യമാണ്‌. ഇപ്പോള്‍ കേരളത്തില്‍ നിന്ന്‌ പലപ്പോഴായി ഭീകര മുദ്രകുത്തി പിടിക്കപ്പെട്ടവരില്‍ പലരും കുറ്റവിമുതമാക്കപ്പെടുന്നു. കൊല്ലപ്പെട്ടവര്‍ തന്നെ മതപരമായി ബന്ധമില്ലാതെ ക്രിമിനല്‍ ബന്ധമുള്ളവരാണെന്ന്‌ അധികാരികള്‍ തന്നെ പ്രഖ്യാപിക്കുന്നു. പല ഏറ്റുമുട്ടലുകളും വ്യാജമാണെന്ന്‌ തെഹല്‍ക്കയടക്കമുള്ള മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്‌ വരുന്നു. അതിനിടയ്ക്ക്‌ മാലേഗാവ്‌ സ്ഫോടനങ്ങള്‍ നടത്തിയത്‌ രാജ്യത്തെ കാക്കേണ്ട പട്ടളക്കാര്‍ (പട്ടാള വേഷത്തിലുള്ള ഭീകരര്‍ ) ആണെന്ന്‌ കണ്ടെത്തുക മാത്രമല്ല. വ്യക്ത്മായ തെളിവുകല്‍ വരുന്നു. കേവലം വിരലിലെണ്ണാവുന്നവരുടെ എടുത്തുചാട്ടം കൊണ്ട്‌ ഒരു സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തി പൊരിച്ചിരുന്ന രാഷ്ടീയക്കാരും (മത തീവ്രവാദികളായ രാഷ്ടീയക്കാര്‍ ) അവര്‍ക്കൊപ്പിച്ച്‌ പേനയും നാക്കും ചലിപ്പിക്കുന്ന ഒറ്റക്കണ്ണന്മാരായ മാധ്യമക്കാരും ഉപദേശങ്ങളുമായി രംഗത്ത്‌. തലച്ചോറുള്ള ഒരു മുസ്ലിമോ ക്ര്യസ്ത്യാനിയോ , മതമില്ലാത്തവരോ ചിന്തിക്കുകയില്ല എല്ലാ ഹിന്ദു സഹോദരന്മാരും പ്രഗ്യാ സിംഗിന്റെയും പുരോഹിതിന്റെയും അനുയായികളാണെന്ന്‌. കേവലം ചിലര്‍ ചെയ്ത്‌ കൂട്ടുന്ന അക്രമത്തിനും അനീതിയ്ക്കും ഒരു മഹത്തായ പാരമ്പര്യത്തെയും അതിന്റെ അനുയായികളെയും മൊത്തത്തില്‍ പ്രതിക്കൂട്ടില്‍ കയറ്റാന്‍ ചിന്താ ശേഷി പണയം വെക്കാത്തവര്‍ക്കാവില്ല. ഗുജറാത്തിലും ഒറീസയിലും എല്ലാം ചിലര്‍ക്കെങ്കിലും അഭയസ്ഥാനമായത്‌ ഹൈന്ദവ ഗൃഹങ്ങളായിരുന്നുവെന്നത്‌ ഒരു വസ്ഥുതയാണ്‌. ഹൈന്ദവ സഹോദരങ്ങളുടെ വിശാല മനസ്കതയും സ്നേഹവുമായിരുന്നു മുസ്ലിംങ്ങള്‍ക്കും ക്ര്യത്യാനികള്‍ക്കും അവരുടെ വിശ്വാസാചാര പ്രകാരം മറ്റ്‌ ഏതൊരു രാജ്യത്തും ലഭിക്കുന്നതിനേക്കാള്‍ സ്വാതന്ത്ര്യത്തോടെ ആരാധന-അനുഷ്ടാനങ്ങള്‍ നിര്‍വഹിക്കാനും പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും നാളിതുവരെ കഴിഞ്ഞു വന്നതും അതിനു വിഘാതമവുന്ന ദുശ്ശക്തികളെ എല്ലാവരും മതത്തിനധീതമായി മനസ്സിലാക്കി ചെറുക്കേണ്ടതും എല്ലാ ഇന്ത്യക്കാരന്റെയും കടമയാണ്‌. ഒരു വര്‍ഗീയ ഫാഷിസ്റ്റ്‌ സംഘടനയുടെ അനുയായികള്‍ എന്നതിലുപരി രാജ്യത്തിന്റെ കാവല്‍ക്കാര്‍, നീതി പാലകര്‍, നിയമപാലകര്‍ സാധാരണ ജനങ്ങള്‍ ഇന്നും വിശ്വാസമര്‍പ്പിച്ചു പോരുന്ന സഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ തന്നെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്ത്‌ നടപ്പിലാക്കിയത്‌ മുസ്ലിം, ഹിന്ദു, ക്ര്യസ്ത്യന്‍ , നിര്‍മത നീരീശ്വര വാദി എന്ന വിവേചനമില്ലാതെ ഏവരെയും ഞെട്ടിച്ച കാര്യമാണ്‌'. ആ നഗ്ന സത്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കേണ്ട വിധത്തില്‍ എത്തിക്കാനും അതിലുപരി മുന്നെ രാജ്യത്ത്‌ നടന്ന പല സ്ഫോടന പരമ്പരകളിലും ഇത്തരം ദുശ്ശക്തികളുടെ കറുത്ത കരങ്ങളാണ്‌ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നുള്ള സൂചനകള്‍, ഒരാള്‍ കുറ്റാരോപണ വിധേയനായി പിടിക്കപ്പെടുമ്പോള്‍ അയാളുടെ സമുദായം നോക്കി വാര്‍ത്തകള്‍ മെനയുന്നത്‌ ചുരുക്കിപറന്‍ഞ്ഞാല്‍ അനീതിയാണെന്ന്‌ മനസ്സിലാക്കികൊടുക്കുവാനും സിറാജ്‌ പോലുള്ള പ്രത്രങ്ങള്‍ക്ക്‌ കഴിഞ്ഞുവെന്നത്‌ ഒരു വസ്ഥുതയാണ്‌. കേരളത്തില്‍ നിന്ന്‌ ചിലര്‍ തീവ്രവാദികളുടെ ഇംഗിതത്തിനു വശം വദരായി പ്രവര്‍ത്തിക്കുന്നു എന്നത്‌ ഏവരെയും വ്യാകുലപ്പെടുത്തുന്നതാണ്‌. അതു പോലെ പ്രാധാന്യമുള്ളത്‌ അല്ലെങ്കില്‍ അതിനേക്കാള്‍ പ്രാധാന്യമുള്ളത്‌ തന്നെയല്ലേ മാലേഗാവ്‌ സംഭവങ്ങളും തുടര്‍ വാര്‍ത്തകളും ? അല്ലെന്നാണ്‌ ചില മാധ്യമങ്ങള്‍ പറയുന്നത്‌. ഇവിടെ ഒരു വിഭാഗത്തെ ഒരു സമുദായത്തെ മൊത്തത്തില്‍ ആക്ഷേപിച്ചു കൊണ്ടുള്ള വാര്‍ത്തകള്‍ സിറാജ്‌ കൊടുത്തതായി കണ്ടില്ല. മാത്രവുമല്ല ഈ വാര്‍ത്തകള്‍ക്ക്‌ കേരളത്തിലെ തീവ്രവാദി വാര്‍ത്തകളേക്കാള്‍ പ്രാധാന്യം കൊടുക്കുന്നുവെന്ന്‌ കഴിഞ്ഞാ നാലഞ്ച്‌ ദിവസങ്ങളിലായി വാര്‍ത്ത വായനക്കാര്‍ വിഷമം പറയുന്നത്‌ കേട്ടപ്പോഴാണ്‌ ആ കാര്യം ശ്രദ്ധിയ്ക്കുന്നതും . മറ്റു ചില പ്രത്രങ്ങള്‍ ഈ വാര്‍ത്തകള്‍ പാടെ അവഗണിക്കുന്നതായും കണ്ടു. പിടിക്കപ്പെട്ടവര്‍ക്ക്‌ അവര്‍ ഉദ്ധേശിക്കുന്ന സമുദായത്തിന്റെ ചിഹനങ്ങളുമായി ബന്ധമില്ലാത്തതാവാം കാരണം. കേരളത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ അതിന്റെതായ പ്രാധാന്യത്തോടെ തന്നെ കൊടുത്തിരുന്ന സിറാജ്‌ ഇപ്പോള്‍ മാലേഗാവ്‌ സംഭവങ്ങളും അതിന്റെ പ്രാധാന്യത്തോടെ കൊടുക്കുന്നു എന്ന്‌ മനസ്സിലാക്കാം. എന്നാല്‍ എല്ലാം ചില മുന്‍ ധാരണകളോടെ വീക്ഷിക്കുന്നവര്‍ക്ക്‌ അതിലും സിന്‍-ഇന്‍ഡികേറ്റ്‌ ചെയ്യാന്‍ കഴിയുമെന്ന്‌ ഈ വാര്‍ത്താവലോകനം തെളിയിക്കുന്നു. പകരത്തിനു പകരം എന്ന പ്രത്ര പ്രവര്‍ത്തനം ആരുടെ പക്ഷത്ത്‌ നിന്നായാലും അത്‌ ന്യായീകരിക്കത്തക്കതല്ല. അത്തരമൊരു നീക്കം സിറാജിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന്‌ കരുതുന്നില്ല. കാരണം അതിനെ നയിക്കുന്നവര്‍ വിധ്വംസക ശക്തികളെ പ്രോത്സാഹിപ്പിക്കുന്നവരല്ല.


ഇരകളുടെ പക്ഷത്ത്‌ നിന്ന്‌ സംസാരിക്കുന്നവരാവണം മാധ്യമ പ്രവര്‍ത്തകര്‍. ഇരകള്‍ ഏത്‌ ആശയക്കാരാണെന്ന്‌ നോക്കിയല്ല പ്രതികരിക്കേണ്ടത്‌. ഇപ്പോള്‍ ഉണ്ടായ ബോധോധയം കുറച്ച്‌ മുന്നെ ഈ മാധ്യമങ്ങള്‍ക്കും നേതാക്കള്‍ക്കും ഉണ്ടായിരുന്നെങ്കില്‍ ഒരു സമുദായം മുഴുവന്‍ ഇങ്ങിനെ മുള്‍മുനയില്‍ നില്‍ക്കേണ്ടി വരുമായിരുന്നില്ല എന്ന്‌ തോന്നുന്നു. കുറ്റമാരോപിച്ചത്‌ കൊണ്ട്‌ മാത്രം ഒരാള്‍ കുറ്റവാളിയാവുന്നില്ല എന്ന ഈ തിരിച്ചറിവ്‌ നമുക്ക്‌ മുന്നെ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനേ. വൈകിയെത്തിയതാണെങ്കിലും വിവേകം നില നിര്‍ത്താന്‍ ശ്രമിക്കുമെന്ന്‌ കരുതട്ടെ.

ഏഷ്യാനെറ്റ്‌ റേഡിയോ ന്യൂസ്‌ ഫോക്കസില്‍ വാര്‍ത്ത വായനക്കാര്‍ സിറാജും മാധ്യമവും ചന്ദ്രികയു മംഗളവും കേരളത്തില്‍ നിന്നുള്ള തീവ്രവാദികളുടെ (?) വാര്‍ത്തകള്‍ പ്രൊജക്റ്റ്‌ ചെയ്തില്ല എന്ന്‌ ആവര്‍ത്തിച്ചു പറയുന്നത്‌ കേട്ടു. എന്നാല്‍ ഇതേ വിഷയത്തില്‍ (തീവ്രവാദം ) കേരളത്തിലെ വലിയ ഒരു വിഭാഗം മുസ്ലിംകളെ ആത്മീയമായി നയിക്കുന്ന ആധികാരിക പണ്ഡിത സംഘടനയായ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (സമസ്ത ) കോഴിക്കോട്‌ വെച്ച്‌ ചേരുന്ന തീവ്രവാദ വിരുദ്ധ സമ്മേളനത്തിന്റെ വാര്‍ത്ത വെണ്ടയ്ക്ക അക്ഷരത്തില്‍ കൊടുത്തതിന്റെ തലക്കെട്ട്‌ സ്പര്‍ശിക്കാന്‍ പോലും ഈ വാര്‍ത്താ വായനക്കാര്‍ക്ക്‌ സമയമുണ്ടായില്ല (അതോ മനപ്പൂര്‍വ്വം അവഗണിച്ചതോ ) എന്നത്‌ ഖേദകരമായി. ചില മാധ്യമങ്ങളുടെ ഈ മഞ്ഞ കണ്ണടയാണു ആദ്യം മാറ്റേണ്ടത്‌ . ആരെ തൃപ്തിപ്പെടുത്താനാണു നിങ്ങളീ‍ കരണം മറിച്ചില്‍ നടത്തുന്നതെന്ന്‌ മനസ്സിലാവുന്നില്ല. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ തിരിച്ചറിയുക തന്നെ ചെയ്യും ഈ ആഘോഷവും അവഗണനയും !

published @ siraj news & e-pathram

Friday, November 7, 2008

ഇന്ന് ഞങ്ങളുടെ പന്ത്രണ്ടാം വിവാഹ വാര്‍ഷികം

12 നാളുകളെന്നപോല്‍ 12 സംവത്സരങ്ങള്‍..
കാലയവനിക മറച്ചിടുമ്പോള്‍,
അകതാരിലാരോ പതം പറഞ്ഞിടുന്നു..
ആശകള്‍ .. അഭിലാശങ്ങള്‍ ..ശിഷ്ടം മനസ്സിലിന്നും !
അളവറ്റ നൊമ്പരങ്ങള്‍ ഹൃത്തിലൊതുക്കി,
അകലമിലാണധികവും ജീവിതമെങ്കിലും,
അരികിലാണെപ്പോഴും മനസ്സുകള്‍..
ഓര്‍ക്കുവാനെന്നും നിറമേഴും നാളുകള്‍ മാത്രം.!

ഒരു നവംബര്‍ 7 കൂടി ..‍ ഞങ്ങള്‍ വിവാഹിതരായിട്ട്‌ 12 വര്‍ഷങ്ങള്‍ പിന്നിടുന്നു.
ഗള്‍ഫ്‌ ജീവിതത്തിനിടയില്‍ 2 തവണ ഇവിടെ ഒരുമിച്ച്‌ ചെറിയ കാലയളവുകളില്‍ ഒരുമിച്ച്‌ താമസിക്കാനും വര്‍ഷത്തില്‍ ശരാശരി 2 മാസമെങ്കിലും ഒരുമിച്ച്‌ താമസിക്കാനും അവസരമുണ്ടായി. അനുഗ്രഹങ്ങള്‍ക്ക്‌ ജഗന്നിയന്താവായ അല്ലാഹുവിനോട്‌ നന്ദി പറയട്ടെ.
അല്‍-ഹംദുലില്ലാഹ്‌. സര്‍വ്വ സ്തുതിയും അവന്നു മാത്രം.

ഞങ്ങളുടെ ജീവിത വഴിത്താരയില്‍ ഒരു കൂട്ടു കൂടിയുണ്ട്‌ സഫമോള്‍ ..രണ്ടാം ക്ലാസില്‍ പഠിക്കുന്നു. ബൂലോക സുഹൃത്തുക്കളായ നിങ്ങള്‍ക്കെല്ലാവര്‍ക്കും വിവാഹ വാര്‍ഷികത്തിനു മധുരം നല്‍കാന്‍ ആഗ്രഹമുണ്ടെങ്കിലും അതിമോഹമാണു മോനേ.. അതിമോഹം എന്ന് ആരോ വിളിച്ച്‌ പറയുന്നു. അതിനാല്‍ ഇവിടെ വന്നവര്‍ക്ക്‌ എല്ലാവര്‍ക്കും നന്ദി.ഞങ്ങളുടെ സന്തോഷവും പങ്കുവെക്കുന്നു.
ഇത്രയും കാലം എന്നെ സഹിച്ച, ഇപ്പോഴും സഹിച്ച്‌ കൊണ്ടിരിക്കുന്ന എന്റെ പ്രിയതമയ്ക്ക്‌ ഈ അവസരത്തില്‍ എന്റെ സ്വന്തം പേരില്‍ നന്ദി രേഖപ്പെടുത്തുന്നു. :)

ഉപ്പാടെം ഉമ്മാടെം കല്ല്യാണത്തിനു എന്റെ ഫോട്ടോ കാണുന്നില്ലാ എന്ന് പരാതിയുമായി നടക്കുന്ന സഫ മോള്‍





വന്നവര്‍ക്കെല്ലാവര്‍ക്കും വേണ്ടി ,ബിരിയായണി റെഡിയാണ് .

പായസം കഴിക്കാന്‍ മറക്കരുത്‌


ചിത്രങ്ങള്‍ക്ക്‌ കടപ്പാട്‌ :ഗൂഗിള്‍ & simpleindianfood

Saturday, October 18, 2008

മനസിനേറ്റ മുറിവ്‌ മായ്ക്കാന്‍ കഴിയുമോ ?

‌അസ്സലാമു അലൈക്കും ബഷിര്‍ ഭായ്‌ ..
മുഖത്തെ സ്ഥിരം പുഞ്ചിരിയുമായി സലാമുക്ക മുന്നില്
വ‍ അലൈക്കുമുസ്സലാം വറഹ്‌ മത്തുല്ലാ.. എന്തൊക്കെയുണ്ട്‌ വിശേഷങ്ങള്‍? ജുമുഅ നിസ്കാരം കഴിഞ്ഞ്‌ പള്ളിയില്‍ നിന്നിറങ്ങി വരുകയായിരുന്ന ഞാന്‍ പ്രതിവചിച്ചു . എന്റെ വിശേഷമൊക്കെ‌ നല്ലത്‌ തന്നെ .. എന്താ ബഷീര്‍ഭായ്ക്ക്‌ പറ്റിയത്‌ ? സലാമുക്ക ഇന്ന് പ്രതിവു അഭിവാദ്യങ്ങള്‍ക്കപ്പുറത്തേക്ക്‌ കടക്കുകയാണല്ലോ.. ഞാന്‍ മനസ്സില്‍ കരുതി.. എന്തേ ചോദിച്ചത്‌ ? ഞാന്‍ തിരിച്ചു ചോദിച്ചു. ഒന്നു‍ല്ല. ഇത്തവണ നിങ്ങള്‍ നാട്ടില്‍ നിന്ന് വന്നതിനു ശേഷം ഞാന്‍ ശ്രദ്ധിയ്ക്കുന്നു. മുഖത്ത്‌ ആ പഴയ ഒരു പ്രസരിപ്പും ഉത്സാഹവും ഇല്ല. ശരീരത്തിനും ക്ഷീണം ബാധിച്ചിട്ടുണ്ട്‌. വല്ല അസുഖവുമാണോ ? ആകെ ഒരു ടെന്‍ഷന്‍പോലെ..! സലാംക്ക പറഞ്ഞു നിര്‍ത്തി. സത്യത്തില്‍ അദ്ദേഹവുമായി എനിക്ക്‌ അടുത്ത്‌ ബന്ധമൊന്നുമില്ല .വല്ലപ്പോഴും കാണുമ്പോഴുള്ള കുശലാന്വേഷണത്തിലും സലാം ചൊല്ലി പിരിയലിലും ഒതുങ്ങുന്നു.. അടുപ്പം. പക്ഷെ സലാംക്ക അത്‌ മനസ്സിലാക്കിയിരിക്കുന്നു. മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് പറയുന്നത്‌ എത്ര ശരിയാണെന്ന് ഒരു വേള നിനച്ചു. ഏയ്‌ ഒന്നൂല്യ സലാംക്ക.. നാട്ടില്‍ പോയി പെട്ടെന്ന് തിരിച്ച്‌ വന്നതിലുള്ള ഒരു സിക്നസ്‌ . അതിന്റെ ഒരു ... ഞാന്‍ പറഞ്ഞൊഴിയാന്‍ ഒരു ശ്രമം നടത്തി.. പക്ഷെ അദ്ദേഹം എന്നെ തടഞ്ഞു നിര്‍ത്തി പറഞ്ഞു. നോക്ക്‌ ബഷീര്‍ ഭായ്‌.. ഞാനും കുറെ അനുഭവിച്ചിട്ടുള്ളതാണിതൊക്കെ. നമ്മള്‍ കരുതുന്നത്‌ പോലെ മറ്റുള്ളവര്‍ നമ്മെ കരുതുകയില്ല. കുടുംബത്തിനു വേണ്ടി എന്റെ ജീവിതം ഉഴിഞ്ഞുവെച്ചവനാ ഞാന്‍ .ഇപ്പോള്‍ ഞാനും എന്റെ കുട്ടികളുമായി ചുരുങ്ങി.. അവര്‍ക്ക്‌ വേണ്ടി ഞാനിവിടെ ജീവിക്കുന്നു. അങ്ങിനെ പച്ചയായ ഒരു മനുഷ്യന്റെ ജീവിത യാത്രയിലെ ചിലതൊക്കെ പറഞ്ഞു നിര്‍ത്തി. ഞാന്‍ പറഞ്ഞു. നമ്മള്‍ നമ്മുടെ കടമ നിറവേറ്റുക അതിനുണ്ടായേക്കാവുന്ന നന്മയും തിന്മയും നിശ്ചയിക്കുന്നത്‌ അല്ലാഹുവല്ലേ.. അവന്‍ അറിയുന്നുണ്ടല്ലോ . ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും നമ്മെ തിരിച്ചറിയും ..സാരമാക്കണ്ടെ.. ഇപ്പോള്‍ ഞാന്‍ തിരിച്ച്‌ ആശ്വസിപ്പിക്കേണ്ട നിലയിലെത്തി.. ഞങ്ങള്‍ സംസാരം തത്കാലം നിര്‍ത്തി സലാം ചൊല്ലി പിരിഞ്ഞു പോകുന്നതിനു മുന്നെ ഒരിക്കല്‍ കൂടി എന്നെ ഓര്‍മ്മിപ്പിക്കാന്‍ മറന്നില്ല. ഒക്കെ ശരിയാവും ബഷീര്‍ ഭായ്‌. ടെന്‍ഷനടിച്ച്‌ ആരോഗ്യം നശിപ്പിക്കരുത്‌.

ഒരു സാധു മനുഷ്യന്‍.. എനിക്ക്‌ കുടുബപരമായി എന്തോ പ്രശ്നങ്ങള്‍ ഉണ്ടെന്ന് കരുതിയിട്ടാവും അദ്ദേഹത്തിന്റെ കുടുംബകാര്യങ്ങള്‍ പങ്കുവെച്ചത്‌..നാം പലപ്പോഴും അറിയാറില്ല. നമ്മളറിയാതെ നമ്മെ ശ്രദ്ധിക്കുന്നവര്‍ ..നമ്മുടെ ചലനങ്ങളിലും സംസാരത്തിലുമുണ്ടാവുന്ന മാറ്റങ്ങള്‍ തിരിച്ചറിയുന്നവര്‍ നമുക്ക്‌ ചുറ്റും ഉണ്ടെന്നുള്ള സത്യം.ഞാന്‍ പറഞ്ഞൊഴിഞ്ഞെങ്കിലും എന്റെ മനസ്സാക്ഷി എന്നോട്‌ ചോദിച്ച്‌ കൊണ്ടിരുന്നു. പിന്നെ എന്തേ ഈ പ്രസരിപ്പില്ലായ്മക്ക്‌ കാരണം ?

ശരീരത്തിന്റെ മുറിവ്‌ കാലത്തിനു മായ്ക്കാന്‍ കഴിയും അതിന്റെ വേദനകളും പാടുകളും മായും പക്ഷെ മനസിനേറ്റ മുറിവ്‌ .. ഉണങ്ങിയാല്‍ തന്നെ പാട്‌ മായുമോ ?അപ്പോള്‍ പിന്നെ ശരീരത്തിനും മനസ്സിനും ഒരുമിച്ച്‌ മുറിവ്‌ പറ്റിയാല്‍.. ! അതും നാം സ്നേഹിക്കുന്ന, നമ്മെ സ്നേഹിക്കുന്നു(?)വെന്ന് കരുതുന്നവരില്‍ നിന്നായാല്‍.. അത്‌ നാം അറിയാതെ തന്നെ നമ്മുടെ മുഖത്ത്‌ നിഴലിക്കും. എത്ര കരുതലെടുത്താലും അത്‌ നമ്മെ ശ്രദ്ധിയ്ക്കുന്നവര്‍ വായിച്ചെടുക്കുകയും ചെയ്യും. ഞാനും കുറച്ച്‌ കൂടി കട്ടിയുള്ള ഒരു മുഖം മൂടി അണിയട്ടെ. എത്രത്തോളം വിജയിക്കുമെന്നറിയില്ല.

Related Posts with Thumbnails