ഞാൻ ജനിച്ചത് തൊഴിയൂർ എന്ന ഗ്രാമത്തിലാണെങ്കിലും ആറാം വയസിൽ ഒരു പറിച്ചുനടലിലൂടെ വെള്ളറക്കാട് ഗ്രാമവും എനിക്ക് പ്രിയപ്പെട്ടതായി മാറുകയായിരുന്നു. എല്ലാ മതവിശ്വാസികളും വളരെ സൌഹാർദ്ദത്തോടെ കഴിയുന്ന വെള്ളറക്കാട് എന്ന വിശാലമായ ഗ്രാമത്തിലെ ഞങ്ങൾ താമസിക്കുന്ന വെള്ളത്തേരി എന്ന ഏരിയയിൽ ഭൂരിഭാഗവും മുസ്ലിംകളാണുള്ളത്. സാധാരണക്കാരായ ഹൈന്ദവ സഹോദരങ്ങൾ മുസ്ലിം വീടുകൾക്കിടയിൽ ചേരിതിരിവില്ലാതെതന്നെ പരസ്പരം കൊണ്ടും കൊടുത്തും സ്നേഹത്തോടെ കഴിയുന്നതിൽ ഞങ്ങളുടെ അയൽവാസികളായും കുറച്ച് വീടുകൾ ഉണ്ട്. വെള്ളറക്കാട് നൂറുൽഹുദാ മദ്രസയുടെ അടുത്തായി ഒരു കൃസ്ത്യൻ കുടുംബം മാത്രവും. ഏവരും വളരെ സൌഹാർദ്ദപരമയിതന്നെ ഇന്നും കഴിയുന്നു എന്നത് സന്തോഷകരമാണ്. ഓണവും പെരുന്നാളും നബിദിനവും ക്രിസ്തുമസും മറ്റ് ആണ്ടറുതികളും ആഘോഷങ്ങളുമെല്ലാം വരുമ്പോൾ പരസ്പരം വിഭവങ്ങൾ കൈമാറിയും, സഹായ സഹകരണങ്ങൾ ചെയ്ത് സൌഹാർദ്ധം ഊട്ടിയുറപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളും മുൻപന്തിയിൽ തന്നെ ഉണ്ടാവാറുണ്ടെന്നത് ഏറെ സന്തോഷകരമായ ഓർമ്മയാണ്.
മദ്രസയിൽ നിന്ന് ഉസ്താദ് പഠിപ്പിച്ചു തന്ന പുണ്യ റസൂലിന്റെ തിരുമൊഴികൾ ‘ വലിയവരെ ബഹുമാനിക്കുക ,ചെറിയവരോട് കരുണ ചെയ്യുക‘ എന്നത് ചെറുപ്പം മുതൽ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഞങ്ങളെ പരിശീലിപ്പിച്ച പ്രിയപ്പെട്ട ഉമ്മ അവിടെ ഹിന്ദുവെന്നോ മുസൽമാനെന്നോ ക്രിസ്ത്യാനിയെന്നോ ഉള്ള വകഭേതം ഒട്ടും കൂട്ടിച്ചേർത്തിരുന്നില്ല. അത് കൊണ്ട് തന്നെ, ഞങ്ങളുടെ അയൽപകത്തുള്ള , ഞങ്ങളുടെ വീടുകളിൽ നിത്യവൃത്തിക്ക് വേണ്ടി പണിയെടുക്കാൻ വരുന്നവരെ മറ്റ് കുട്ടികൾ പേരെടുത്ത് വിളിക്കുമ്പോൾ എനിക്ക് അവരുടെ പേരിന്റെ കൂടെ ചേച്ചിയും ചേട്ടനും കൂട്ടി വിളിക്കാൻ കഴിഞ്ഞത്. പാടത്ത് നെൽകൃഷി ചെയ്തിരുന്ന സമയത്ത് നാട്ടിലെ കേമന്മാരായ കൃഷിക്കാർക്കിടയിൽ പിടിച്ച് നിൽക്കാൻ ചിലപ്പോഴൊക്കെ അവരെ മറി കടന്ന് ഞങ്ങളുടെ വീട്ടിലെ കൊയ്ത്തും മെതിയുമെല്ലാം ഒരു ദിവസം മുന്നെ കഴിപ്പിക്കാൻ ഉമ്മാക്ക് (ഉപ്പ ഗർഫിലായിരുന്നപ്പോൾ)സാധിച്ചിരുന്നത് അവരോടൊക്കെയുള്ള സമീപനം കൊണ്ടായിരുന്നിരിക്കാമെന്ന് ഇന്നെനിക്ക് ബോധ്യമാവുന്നു.
പാടത്ത് നെല്ല് വിളഞ്ഞ് കൊയ്ത്തിനു പാകമായാൽ കൊയ്ത്തുകാരികളുടെ നേതാവായി വാക്കിനെതിർവാക്കില്ലാതെ നിറഞ്ഞ് നിന്നിരുന്ന എല്ലാവരുടെയും ഏച്ചി (ചേച്ചി)യായ ചീരുകുട്ടി ചേച്ചി. പിന്നീട് താൻ പണിയെടുത്ത നിലം തന്റെതാക്കാൻ (നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ എന്നത് ഇവിടെ പ്രാവർത്തികമാവുന്ന കാഴ്ച)കാലത്തിന്റെ നിലക്കാത്ത കറക്കത്തിനിടയിൽ അവർക്ക് സാധിക്കുകയും ചെറിയ വീട്ടിൽ നിന്ന് രണ്ട് നിലകോൺക്രീറ്റ് സൌദത്തിലേക്ക് താമസം മാറ്റാനും അവർക്ക് കഴിഞ്ഞു അപ്പോഴും അധ്വാനത്തിന്റെ നാൾ വഴികൾ മറക്കാൻ അവർക്കായിരുന്നില്ല എന്നത് പ്രത്യേകം സ്മരണീയമാണ്.
എന്റെ കുട്ടിക്കാലത്തൊക്കെ ഓണത്തിന്റെ ദിനങ്ങളിൽ അഥവാ അത്തം നാൾമുതൽ പൂക്കൂടകളുമായി കുട്ടികൾ ഞങ്ങളുടെയെല്ലാം പറമ്പുകളിലും മറ്റും പൂമ്പാറ്റകളെപ്പോലെ പാറി നടക്കുന്നത് കാണാാമായിരുന്നു. ഓണത്തിനു വിവിധ തരം കളികളും തുമ്പി തുള്ളലുമായി ചേച്ചിമാരുടെ വീടും കുടിയും ഉണരുമ്പോൾ അവിടെയൊക്കെ കാഴ്ചക്കാരായി ഞങ്ങളും ചെന്നെത്തും. ആദ്യമായി തുമ്പി തുള്ളൽ എന്ന ഓണക്കളി കണ്ടത് എന്റെ സഹപാഠിയും കൂട്ടുകാരനുമായ സുനിലിന്റെ വീട്ടുമുറ്റത്ത് നിന്നാണ്. അന്ന് തുമ്പിയായി അരങ്ങ് (മുറ്റം)തകർത്ത അമ്മിണ്യേച്ചിയുടെ ഭാവഭേതങ്ങൾ ഇന്നും മനസിൽ മായാതെ നിൽക്കുന്നു. ഒപ്പം ചീരുകുട്ട്യേച്ചിയും മറ്റ് പരിസരത്തുള്ള എല്ലാവരുമുണ്ട്. ‘കുറെ സ്ത്രീകളുടെ നടുവിലിരിക്കുന്ന തുമ്പിയെ നോക്കി പാടുന്നവർ പിന്നെ തുമ്പി തുള്ളാത്തതിന്റെ കാരണമെന്താണെന്ന് പാട്ടിലൂടെ തന്നെ ചോദിക്കുന്നു.. പൂവ് പോരാഞ്ഞാണോ എന്നൊക്കെ ... അതിന് തുമ്പിയുടെ നോട്ടവും മുടി ചുഴറ്റിയുള്ള മൂളലുകളും മറ്റും വളരെ ഉത്കണ്ഢയോടെയാണ് ഞാനന്ന് നോക്കിനിന്നത്. ഇന്നിപ്പോൾ അത്തരം ജീവനുള്ള കളികളെല്ലാം വേരറ്റുകൊണ്ടിരിക്കയാണ്. വിഡ്ഡിപ്പെട്ടിയിൽ കണ്ണും നട്ടിരുന്ന് ഗ്രാമങ്ങളിൽ പോലും കുട്ടികളുടെ കണ്ണടച്ചില്ലുകളുടെ കനം കൂടിയിരിക്കുന്നു. കഴിഞ്ഞകാലത്തിന്റെ നല്ല നാളുകൾ അയവിറക്കാൻ ഈ കുരുന്നുകൾക്ക് നാളെ ഒരു നല്ല ഒരു ഇന്നലെയുമില്ലാതെപോവുകയാണല്ലോ ! അന്ന് പറമ്പിലൂടെയും വീട്ടു മുറ്റങ്ങളിലൂടെയുമായിരുന്നു ഞങ്ങളുടെ യാത്ര. ചെറിയ മുൾവേലികൾ ഇടയ്ക്കൊക്കെ ഉണ്ടായിരുന്നെങ്കിലും അതൊന്നും ഞങ്ങളുടെ സഞ്ചാരത്തിനു തടസമായിരുന്നില്ല. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. പലയിടത്തും വലിയ മതിലുകൾ കാലഘട്ടത്തിന്റെ ആവശ്യമെന്നോണം വന്നിരിക്കുന്നു. എങ്കിലും മനസിൽ വേലിയോ മതിലോ കെട്ടാതെ കഴിയാൻ ഇനിയും സാധിക്കട്ടെകുറച്ച് ദിവസം മുന്നെ വീട്ടിലേക്ക് ഫോൺചെയ്തപ്പോൾ അറിഞ്ഞു ഇനി ഓണത്തിനു തുമ്പിയെ തുള്ളിക്കാൻ ചിരുകുട്ടി ചേച്ചി ഉണ്ടാവില്ല എന്നകാര്യം. അസുഖം കൂടി അവർ മരണപ്പെട്ടു. മരണപ്പെട്ടതിനോടനുബന്ധിച്ചുള്ള ചില ആചരിണങ്ങൾക്ക് (പുല /ചാവ് ) ശേഷം അമ്മിണ്യച്ചി ജോലിക്ക് പോയി തുടങ്ങിയോ എന്ന് ഉറപ്പില്ല . കഴിഞ്ഞ ദിവസം വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ ഉമ്മയിൽ പറഞ്ഞു. അവരും ചേച്ചിയുടെ പിന്നാലെ പോയ വിവരം. പ്രത്യേകിച്ച് അസുഖമൊന്നും ഉണ്ടായിരുന്നില്ല. ഒരു നെഞ്ച് വേദന.. ആശുപത്രിയിലെത്തും മുന്നെ ആ തുമ്പിയും പറന്ന്പോയി.
ഈ ഓണനാൾ അവരുടെ വീടുകളിൽ ആഘോഷങ്ങൾ ഉണ്ടായിരിക്കില്ല .ആ വീടുകളിലെ, ഗ്രാമത്തിലെ മൂകത ഈ പ്രവാസഭൂമിയിലിരുന്നും അനുഭവിക്കാനാവുന്നത് എല്ലാ വൈജാത്യങ്ങൾക്കുമപ്പുറം ഗ്രാമത്തിനോടും ഗ്രാമവാസികളോടും ഉള്ളിന്റെ ഉള്ളിൽ സൂക്ഷിച്ച അടുപ്പവും സ്നേഹവുമാണെന്നത് തന്നെ സത്യം
കൂട്ടി വായിക്കാൻ >ആഘോഷങ്ങൾ നടക്കട്ടെ ആർഭാടത്തോടെ
ബിലാത്തി മലയാളി യിൽ ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചത് ഇവിടെ കാണാം
ചിത്രത്തിനു കടപ്പാട് : ബിലാത്തി മലയാളി
