Monday, September 15, 2008

ആഘോഷങ്ങള്‍ നടക്കട്ടെ, ആര്‍ഭാടത്തോടെ..


ആഘോഷങ്ങള്‍ നടക്കട്ടെ, ആര്‍ഭാടത്തോടെ..


കാണം വിറ്റും ഓണം ഉണ്ണണമെന്ന്‌, പഴമൊഴി.

വില്‍ക്കാന്‍ കാണമില്ലാത്തവന്‍ ഉണ്ണാനേ പാടില്ലെന്നു, പുതുമൊഴി !


കള്ളവുമില്ല ചതിയുമില്ല..എള്ളോളമില്ല പൊളിവചനം, പഴയ സങ്കല്‍പം.

കള്ളമില്ലാത്ത ചതിയില്ല്ലാത്ത എള്ളുപോലും ഇന്ന്‌ കിട്ടാനില്ല., പുതിയ വാസ്‌തവം..!


പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ കേരളമുണ്ടായെന്ന്‌, ഐതിഹ്യം.

മഴു കൈക്കലാക്കി മുഴുക്കുടിയന്മാര്‍ മനുഷ്യനെ വെട്ടിക്കൊല്ലുന്നത്‌, യാഥാര്‍ത്ഥ്യം..!


ദാനം നല്‍കി ദരിദ്രനായപ്പോള്‍ സ്വന്തം ശിരസ്‌ കുനിച്ച്‌ കൊടുത്തു മാവേലി, ഐതിഹ്യം.

ദാനം ചോദിക്കുന്ന ദരിദ്രന്റെ ശിരസില്‍ ചവിട്ടുന്നു മാനവന്‍, യാഥാര്‍ത്ഥ്യം.!


തൃക്കാക്കരയപ്പന്‌ നേദിക്കാന്‍ മണ്ണപ്പം -പഴയ നടുമുറ്റങ്ങളില്‍

‍മണ്ണ്‌ തിന്ന്‌ മരിക്കുന്നു മണ്ണിന്റെ മക്കള്‍., അയല്‍ വീടുകളിലെ അകത്തളത്തില്‍

‍മനുഷ്യന്‌ തിന്നാനുള്ള മണ്ണും വാരി വില്‍ക്കുന്ന മേലാളര്


‍ആഘോഷങ്ങള്‍ നടക്കട്ടെ.. .ആര്‍ഭാടത്തോടെതത്കാലം നമുക്ക്‌ ഉടുതുണിക്ക്‌ മറുതുണിയില്ലാത്ത കോലങ്ങളെ മറക്കാം..

എന്നിട്ട്‌ സിനിമാറ്റിക്‌ ( തുണിമാറ്റിക്‌ ) ഡാന്‍സ്‌ കൊഴുപ്പിക്കാം.


മഴ നൃത്തങ്ങളില്‍ ( മറയില്ലാ നൃത്തങ്ങളില്‍ ) മഴയുടെ ഗ്ര്യഹാദുരത്വം ദര്‍ശിക്കാം..


ഓണം വന്നാലും കുമ്പിളില്‍ കഞ്ഞികുടിക്കുന്ന കോരന്മാര്‍ക്ക്‌

എക്കാലവും സൂക്ഷിക്കാവുന്ന (പ്ലാസ്റ്റിക്‌ ) കുമ്പിളുകള്‍ വിതരണം ചെയ്യാം..


ആഘോഷങ്ങള്‍ നടക്കട്ടെ.. .ആര്‍ഭാടത്തോടെ


അതിനിടക്ക്‌ വരുന്ന സുനാമിയും കത്രീനയും .!

അതും ആഘോഷിക്കാന്‍ വഴിയൊരുക്കുന്നതല്ലേ !?.

ആര്‍ത്തി മൂത്ത മനുഷ്യന്‌ സുനാമിയും കത്രീനയുമെല്ലാം ആഘോഷം തന്നെ..

ഏത്‌ വിധത്തിലായാലും നാല്‌ കാശുണ്ടാക്കണം...!കഥ കഥയായി നില്‍ക്കട്ടെ..കച്ചവടം നടക്കട്ടെ....

ആഘോഷങ്ങള്‍ നടക്കട്ടെ.. .ആര്‍ഭാടത്തോടെ


21 comments:

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ആഘോഷങ്ങള്‍ നടക്കട്ടെ, ആര്‍ഭാടത്തോടെ..


കാണം വിറ്റും ഓണം ഉണ്ണണമെന്ന്‌, പഴമൊഴി.
വില്‍ക്കാന്‍ കാണമില്ലാത്തവന്‍ ഉണ്ണാനേ പാടില്ലെന്നു, പുതുമൊഴി !

ലുട്ടു said...
This comment has been removed by the author.
ലുട്ടു said...

‍ആഘോഷങ്ങള്‍ നടക്കട്ടെ.. .:)
നല്ല ചിന്ത ,ആശംസകള്‍

Joker said...

പ്രജാ തല്പരനായ മാവേലിയുടെ പേര്‍ ഈരേഴു പതിനാലുലോകവും അറിയപ്പെട്ടു തുടങ്ങി.ദാനശീലനായ രാജാവിനെ എങ്ങനെയും ഒതുക്കണമെന്ന് ദേവ പക്ഷം.ദൈവം തന്നെ വാമനനായി അവതരിക്കുന്നു നന്മ നിറഞ്ഞ ഒരു മനുഷ്യനെ പറ്റിക്കുന്നു. രസകകരമായ ഒന്ന് ആളുകള്‍ ആരാധിക്കുന്നത് മഹാബലിയെയല്ല മഹാ വിഷ്ണുവിനെയാണ്. മഹാ ബലിയുടെ വീക്ക്നെസ്സ് മുതലെടുത്ത് വഞ്ചിക്കുന്ന ദൈവത്തെ ആരാധിക്കുന്ന നാം എങ്ങനെ മുക്തി നേടും.
ഒരു കൊയ്ത്തുത്സവത്തിനപ്പൂറം ഐതിഹ്യത്തിന്റെ നിറങ്ങള്‍ ചാര്‍ത്തിയാല്‍ പിന്നെ ഓണം ഓണമല്ലാതായി മാറും. നാടു നീളെ വാമനന്മാര്‍ നെട്ടോട്ടമോടുന്ന ഇക്കാലത്ത് പ്രത്ത്യേകിച്ചും.

കാന്താരിക്കുട്ടി said...

അതു തന്നെ ബഷീറിക്കാ.. ആഘോഷങ്ങള്‍ നടക്കട്ടെ..ആര്‍ഭാടത്തോടെ തന്നെ..ഒരു വലിയ വിഭാഗത്തിനു മാത്രം ! ഒന്നും ഇല്ലാത്ത പാവങ്ങള്‍ക്കും ഇത് ഓണമായിരുന്നു.

അനില്‍ശ്രീ... said...

ഓണം ഓണമായി തുടരട്ടെ ബഷീര്‍. ഐതിഹ്യങ്ങള്‍ ഐതിഹ്യങ്ങളായും തുടരട്ടെ.

ഉല്‍സവം പണക്കാരുടേത് തന്നെ.പക്ഷേ ഓണം വരുന്നത് കൊണ്ട് കുറച്ച് പാവങ്ങള്‍ക്കെങ്കിലും ഗുണവും കിട്ടുന്നുണ്ട് എന്ന് വേണം കരുതാന്‍. പച്ചക്കറി കച്ചവടക്ക്കാര്‍, വഴിയോര വാണിഭക്കാര്‍, അങ്ങനെ അങ്ങനെ ...പിന്നെ ഇതിന്റെ ഒക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും.

അനില്‍@ബ്ലോഗ് said...

അനില്‍ശ്രീ പറഞ്ഞതാണ് ശരി.
ഈ ആഘോഷങ്ങളുടെ തണലില്‍ കച്ചവടവും മറ്റും ചെയ്തു ഉപജീവനം കഴിക്കുന്ന ആയിരങ്ങളുണ്ടീ നാട്ടില്‍.
അന്യസംസ്ഥാനങ്ങളിലെ കൃഷികള്‍ പോലും നമ്മുടെ ഉത്സവങ്ങളുമായി ബന്ധപ്പെടുത്തി തയ്യാറാക്കുന്നു.
കാശുള്ളവന്റെ കയ്യിലെ കാശും, കാണം വിട്ടു ആഘോഷിക്കുന്നവന്റെ കടം കൊണ്ട കാശും മാര്‍ക്കറ്റിലിറങ്ങി പാവപ്പെട്ടവന്റെ ചോറാകട്ടെ.

അനൂപ് തിരുവല്ല said...

:)

ബഷീര്‍ വെള്ളറക്കാട്‌ / pb said...

>ലുട്ടു,

താങ്കളുടെ വായനയ്ക്കും നല്ല വാക്കിനും നന്ദി.. ആഘോഷങ്ങള്‍ നടക്കട്ടെ..

>ജോക്കര്‍,

ഓണം ആഘോഷിക്കുന്നവര്‍ ഇതിലേക്കൊന്നും കടന്നു ചെല്ലാറില്ല എന്നതാണു വാസ്തവം വാമനന്മാര്‍ അല്ലോ ഇന്ന് നാടു വാണിടുന്നത്‌.. അഭിപ്രായത്തിനു നന്ദി

>കാന്താരിക്കുട്ടി,

അതെ, പാവങ്ങളെ മറന്നുള്ള ആഘോഷങ്ങള്‍ക്ക്‌ അര്‍ത്ഥമില്ല. അവര്‍ക്കും നല്ല നാളുകള്‍ വരട്ടെ..

>അനില്‍ ശ്രീ & അനില്‍@ബ്ലോഗ്‌

ഓണം ഓണമായി തുടരട്ടെ ..
എല്ലാ ആഘോഷങ്ങളിലൂടെയും ഒരു സന്ദേശം പകര്‍ന്ന് നല്‍കാനാവണമെന്ന് കരുതുന്നു. അതില്‍ നിന്നും ഏറെ അകന്നു പോവുകയല്ലേ എല്ലാ ആഘോഷങ്ങളും ആചരണങ്ങളും (ഓണമായാലും ക്രിസ്തുമസ്‌ ആയാലും ഈദ്‌ ആയാലും ) എന്ന ഒരു ആകുലത ബാക്കിയാവുന്നു.
അഭിപ്രായം അറിയിച്ചതില്‍ വളരെ നന്ദി

>അനൂപ്‌ തിരുവല്ല,

ഈ വരവിനും ചിരിക്കും നന്ദി

ശിവ said...

ഞാന്‍ ഇന്നലെ ഒരു പരസ്യത്തില്‍ കണ്ടതാണ്...Others celebrate occasions. I celebrate life.

മുക്കുവന്‍ said...

ആഘോഷങ്ങള്‍ നടക്കട്ടെ, ആര്‍ഭാടത്തോടെ..

ബഷീര്‍ വെള്ളറക്കാട്‌ / pb said...

>ശിവ,

ജീവിതം സെലിബ്രേറ്റ്‌ ചെയ്യാനാണെന്ന ഒരു ധാരണ രൂഢമൂലമാക്കുക എന്നതായിരുന്നല്ലോ ചിലരുടെ ലക്ഷ്യം തന്നെ.. അതിലൂടെ യഥാര്‍ത്ഥ ജീവിത ലക്ഷ്യം മറന്നു പോയ യുവത ജനിക്കപ്പെടുകയും ചെയ്യുന്നു. അഭിപ്രായത്തിനു നന്ദി

>മുക്കുവന്‍

അതെ . നടക്കട്ടെ.. നടക്കട്ടെ. ആര്‍ഭാടത്തോടെ തന്നെ..

Sapna Anu B.George said...

കാണം വിറ്റില്ലെങ്കിലും,, ബഷീറിക്കാ ഓണം ഉണ്ടു എല്ലാവരും ഇവിടെ എന്നു വിശ്വസിക്കുന്നു, അതു പോലെ നാട്ടിലും.

ശ്രീ said...

ചിന്തകള്‍ കൊള്ളാം ബഷീര്‍ക്കാ

രസികന്‍ said...

ആര്‍ത്തി മൂത്ത മനുഷ്യന്‌ സുനാമിയും കത്രീനയുമെല്ലാം ആഘോഷം തന്നെ..
ശരിയാണു ബഷീർജി ... ഇന്നെല്ലാം ബിസിനസ്സായി മാറിയിരിക്കുന്നു ( മാറ്റിയിരിക്കുന്നു)
നല്ലപോസ്റ്റ്
ആശംസകളോടെ സസ്നേഹം രസികൻ

ബഷീര്‍ വെള്ളറക്കാട്‌ / pb said...

>സപ്ന അനു ബി ജോര്‍ജ്‌

കാണം വിറ്റ്‌ കള്ളു കുടിച്ച്‌ ഒരു വഴിക്കായവരാണത്രെ കേരളത്തില്‍ അധികവും.. മദ്യമില്ലാതെ എന്താഘോഷം എന്നാണത്രെ ആപ്ത (ആപത്ത്‌ ) വാക്യം.. ഇവിടെ വന്ന് ആഘോഷിച്ചതില്‍ നന്ദി

>ശ്രീ

വന്നതിലും കൊല്ലും എന്നു സോറി കൊള്ളാം എന്ന് പറഞ്ഞതിലും സന്തോഷം


>രസികന്‍

മരിച്ചു പോയവര്‍ക്ക്‌ സിനിമാപ്പട്ട്‌ ഡെഡിക്കേറ്റ്‌ ചെയ്യുന്ന കാലമല്ലേ.. എസ്‌.എം.എസ്‌. അയക്കാനുള്ള സംവിധാനവും ഉണ്ടത്രെ. നടക്കട്ടെ.. ആഘോഷങ്ങള്‍

കുഞ്ഞിപെണ്ണ് - Kunjipenne said...

കാണം വിറ്റും ഓണം ഉണ്ണണമെന്ന്‌, പഴമൊഴി.
വില്‍ക്കാന്‍ കാണമില്ലാത്തവന്‍ ഉണ്ണാനേ പാടില്ലെന്നു, പുതുമൊഴി !എന്ന് മാത്രമല്ല, മദോന്മത്തരായ മറ്റവന്‍മാര്‍ക്ക് ഓണം ആഘോഷിക്കാന്‍ എല്ലാം ഒരുക്കി കൊടുക്കേണ്‍ടതും ഈ കാണമില്ലാത്തവന്‍ ചിന്തകള്‍ക്ക് നന്ദി.....

ബഷീര്‍ വെള്ളറക്കാട്‌ / pb said...

>കുഞ്ഞിപ്പെണ്ണേ,

കാണമില്ലാത്തവന്റെ കോണം വരെ വിറ്റല്ലേ ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നത്‌.. ഇപ്പോള്‍ ഇരുട്ടത്താണത്രെ കൂടുതല്‍ ആഘോഷങ്ങള്‍.. വെളിച്ചം ദുഖമാണുണ്ണീ എന്നല്ലേ.. thanks

kartoos said...

nice one:)

ബഷീര്‍ വെള്ളറക്കാട്‌ / pb said...

>kartoos,

Thanks for your comment : )

ശ്രദ്ധേയന്‍ | shradheyan said...

കാണമില്ലാത്തവന് കാണം നല്‍കാന്‍ മനസ്സുള്ളവര്‍ പെരുകട്ടെ... വയറു നിറയ്ക്കും മുമ്പ്‌ അയല്‍വാസിയുടെ വിശപ്പ്‌ മാറ്റാന്‍ മനസ്സുള്ളവര്‍ നിറയട്ടെ... ആഘോഷങ്ങള്‍ നടക്കട്ടെ...

Related Posts with Thumbnails