കുറെ നാളുകളായി ഞാൻ ഒരു ഉറച്ച തീരുമാനമെടുക്കാൻ പാടു പെടുകയാണ്. എവിടെ നിൽക്കണം ആർക്ക് വേണ്ടി വാദിക്കണം എന്ന് ഒരു പിടിയും കിട്ടുന്നില്ല. ഒരു ചെറിയ പിടുത്തം കിട്ടിയാൽ തന്നെ അടുത്ത റേഡിയോ, ടെലിവിഷൻ ചർച്ചയോടെ കിട്ടിയ പിടിയും കൈവിടുന്നു.
നായിന്റെ മോൻ എന്ന നിർദ്ദോശമായ തമാശ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനെ എതിർക്കുന്ന അരസികരുടെയും, പ്രാക്റ്റിക്കൽ ലാബിൽ ഹൃദ്രോഗി(ഹി)യായ അധ്യാപക(ഹയ)ന്റെ ഇംഗിതത്തിനു വഴങ്ങാത്ത അനുസരണയില്ലാത്ത വിദ്യാർത്ഥിനികളുള്ള സമൂഹത്തിന്റെയും , ജനങ്ങൾ ചെയ്യുന്ന അപരാധങ്ങൾ ഇവിടെ ചോദ്യം ചെയ്യരുതെന്നും അത് നാളെ ദൈവത്തിന്റെ കോടതിയിൽ ദൈവം കൈകര്യം ചെയ്യുമെന്നും ദൈവമില്ലെന്ന് പകൽ വെളിച്ചത്തിൽ പറയുകയും തലയിൽ മുണ്ടിട്ടും അല്ലാതെയും വൈകുന്നേരത്തോടെ പൂജാരികളാവുകയും പുരോഹിതരാവുകയും ചെയ്യുന്ന അയുക്തിവാദികളുടേയും , തൊഴിലും വേതനവും നൽകിയ സ്ത്രീയെ നിഷ്കരുണം കഴുത്തറുത്ത് കൊന്ന ആരാന്റെ സമ്പത്ത് സ്വന്തം പോക്കറ്റിൽ എളുപ്പം വീഴാൻ ആഗ്രഹിച്ച നികൃഷടനെങ്കിലും, അയാളെ നിയമത്തിനു മുന്നിൽ കൊണ്ടു വരുന്നതിനു മുന്നേ ശിക്ഷ വിധിച്ച് തല്ലിച്ചതച്ച് കൊന്ന നിയമ പാലകർ(?) വാഴുന്ന നാട്ടിൽ ,ആർക്കൊപ്പം നിൽക്കണമെന്ന് ചിന്തിച്ച് അന്തം കിട്ടാതുഴലുകയാണു ഞാൻ
ഇരയുടെ പക്ഷത്ത് നിന്ന് നോക്കി. പിന്നെ മനസിലായി വേട്ടക്കാരാണിപ്പോൾ ഇരകളെന്ന്. അതിനാൽ ഞാൻ വേട്ടക്കാർക്ക് വേണ്ടി എഴുതാമെന്ന് വെച്ചു പേനയെടുത്തപ്പോൾ വീണ്ടും ചർച്ച അവർ രണ്ടുകൂട്ടരുമല്ല കണ്ടും കേട്ടുമിരിക്കുന്ന നമ്മളാണ് ഇരകൾ എന്ന്. എന്നൽ പിന്നെ നമുക്ക് വേണ്ടിയും തൂലിക ചലിപ്പിച്ചാലോ എന്ന ആലോചനയിൽ മുഴുകുന്നതിനിടയിൽ ആരോ പറഞ്ഞു കാഴ്ച്ചക്കാരും കേൾവിക്കാരും ഉരിയാടരുതെന്ന്. അനുസരിക്കാതെ നിവർത്തിയില്ല. കാരണം നമ്മൾ ആരാണെന്ന് എന്ത് പറയണമെന്നും തീരുമാനിക്കുന്നത് അവരെല്ലേ.. ഞാൻ കൂർക്കം വലിക്കാൻ ഉറച്ച തീരുമാനമെടുത്തു. ആ ശ്രമവും വൃഥാവിലായി കാരണം, കൂർക്കം വലിക്കൽ മൌലികാവകശമോ എന്ന വിഷയത്തിൽ ചർച്ച തുടങ്ങിയിരിക്കുന്നു !
തിലകൻ അമ്മയെ കാണുന്നതാണിന്നലത്തെ പ്രധാന വാർത്തയെങ്കിൽ ഇന്ന് സാനിയയും ഷൊയെബും കൂടിക്കാഴ്ച നടത്തിയതായി ഇവിടെ റേഡിയോക്കാർക്ക്! അതിനിടയ്ക്ക് ചില അപ്രധാന വാർത്തകൾ ഇന്ത്യ ഇറാനുമായി മിണ്ടരുതെന്ന് അമേരിക്ക താക്കിത് നൽകിയതും ഡേവിഡ് ഹെഡ്ലിയുടെ ഫോട്ടോ വേണമെങ്കിൽ അയച്ചു തരാമെന്ന് അവരെ കൊണ്ട് സമ്മതിപ്പിക്കാൻ കഴിഞ്ഞതിൽ നമ്മൾ അഭിമാനപൂരിതരായതും എന്തിനീ പത്രക്കാർ മുൻപേജുകളിൽ കൊടുക്കുന്നു എന്ന ചിന്തയ്ക്ക് ഭംഗം വരുത്തി വീണ്ടും ചർച്ച.. സുമുഖരും സുശീലരുമായ മാവോയിസ്റ്റുകൾക്ക് സമാധാനപരമായി അക്രമം നടത്താൻ ഇന്ത്യാ ഗവണ്മെന്റ് സഹായം ചെയ്യുന്നില്ലെന്ന് ! അവരുടെ കഷ്ടപ്പാടിനെ കുറിച്ച് എഴുതാമെന്ന് കരുതി പക്ഷെ ഇന്നത്തെ പത്രം പറയുന്നു. ഇന്നലെ അവർ 9 സൈനികരെ കുഴിബോംബ് പൊട്ടിച്ച് (ആരു പറഞ്ഞു ആ സൈനികരോട് അതിലേ പോകാൻ ?) കൊന്നെന്ന്. അത് കഷ്ടമല്ലേ എന്ന ചിന്ത വന്നു പക്ഷെ ഞാൻ ഇന്നത്തെ ചർച്ച കഴിഞ്ഞ് തീരുമാനമെടുക്കാമെന്ന് കരുതി . തിലകൻ ഇന്ന് അമ്മയെ കാണുമോ അതോ അമ്മയുടെ പിയൂണിനെ കണ്ട് പിണങ്ങിപ്പോകുമോ എന്ന ചർച്ചയിൽ രാജ്യത്തിനു വേണ്ടാത്ത ഈ സൈനികർ കൊല്ലപ്പെട്ട നിസാര സംഭവം ആരു ചർച്ചിക്കാൻ. ആരാണാവോ ഈ മാവോ ? അയാളിങ്ങനെ ആളെ കൊന്ന് പരിവർത്തനമുണ്ടാക്കനാണോ എഴുതിവെച്ചിട്ടുള്ളത് എന്തോ..!! എന്തോ ആവട്ടെ !
ഇന്നത്തെ ചർച്ച കഴിയട്ടെ. എന്നിട്ടൊരു തീരുമാനമെടുക്കാം ..എവിടെ നിൽക്കണമെന്ന്. !
മൊഴിമുത്തുകൾ-48
11 years ago