Thursday, June 4, 2009

അക്ഷരം നിഷേധിക്കപ്പെടുന്ന ബാല്യങ്ങൾ

ചിത്രത്തിൽ ക്ലിക് ചെയ്താൽ വലുതായി കാണാൻ സാധിക്കും

2009 ജൂൺ ഒന്നാം തിയ്യതി സിറാജ്‌ ദിനപത്രത്തിൽ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ആതിരയെന്ന ആദിവാസി ബാലികയുടെയും അവളുടെ കുടിലിന്റെയും ചിത്രം ആണ്‌ ഈ കുറിപ്പിനാധാരം

സ്കൂൾ പ്രവേശനോത്സവത്തിന്റെ നിറമേറിയ കാഴ്ചകളായിരുന്നു നമ്മുടെ മുന്നിൽ അടുത്ത ദിനങ്ങളിൽ തെളിഞ്ഞത്‌. പുതിയ ജീവിതത്തിന്റെ തട്ടകത്തിലേക്ക്‌ പിച്ചവെക്കുന്ന പിഞ്ചോമനകളുടെ നിഷ്‌കളങ്കമായ പുഞ്ചിരികളും വിതുമ്പലുകളും നമ്മെ ഗതകാല സ്‌മരണളുണർത്താൻ പര്യാപ്‌തമായതായിരുന്നു. അതൊന്നും നേരിട്ട്‌ അനുഭവിച്ചറിയാൻ കഴിയാത്ത പ്രവാസികൾ അകലങ്ങളിൽ നിന്ന് മക്കളുടെ വിവരങ്ങൾ അന്വേഷിക്കുകയും സന്തോഷവും സന്താപവുമെല്ലാം ശബ്ദവീചികളിലൂടെ നെഞ്ചിലേറ്റി നെടുവീർപ്പിടുകയും ചെയ്യുന്നു. എന്നാൽ ഈ ആഘോഷങ്ങൾക്കും ആരവങ്ങൾക്കുമിടയിൽ ആകുലതകൾക്കുമിടയിൽ അവഗണിക്കപ്പെടുന്ന ഒരു വിഭാഗം നമുക്കിടയിൽ ഇതൊന്നു മറിയാതെ അറിഞ്ഞാൽ തന്നെ അന്നന്നത്തെ അന്നത്തിനോ അന്നമുണ്ടാക്കിയാൽ അടച്ചു വെക്കാൻ നല്ല ഒരു പാത്രമോ ആ പാത്രം സൂക്ഷിക്കാൻ മാത്രം പ്രാപ്തമായ ഒരു വീടോ ഇല്ലാതെ‌ അക്ഷര മുറ്റത്തെത്തുക എന്നത് ഒരു സ്വപനം മാത്രമായി അവശേഷിപ്പിച്ച് കഴിയുന്നു. അക്ഷരങ്ങളേക്കാൾ ഒരു നേരത്തെ അന്നത്തിനായിരിക്കുമോ അവരുടെ തേങ്ങൽ !

കാർമേഘങ്ങളൊഴിഞ്ഞു നിന്ന ആകാശത്തിനു കീഴെ ആരവങ്ങളുയർന്ന അക്ഷരവീടുകൾ പരിഭ്രമത്തിന്റെയും പരിഭവങ്ങളുടെയും പൂങ്കണ്ണീരു കൊണ്ട്‌ നിറഞ്ഞപ്പോൾ അതൊന്നുമറിയാതെ ഇങ്ങിനെ എത്രയോ ബാല്യങ്ങൾ സമൂഹത്തിൽ നിന്നും അകന്ന്, അല്ലെങ്കിൽ സാംസ്കാര സമ്പന്നമായ(?) കേരളീയ സമൂഹത്താൽ അകറ്റപ്പെട്ടോ (?) കഴിയുന്നു എന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഈ ചിത്രം വായനക്കാരെന്റെ മനസ്സിലേക്ക്‌ കുറെ ചോദ്യങ്ങളുയർത്താൻ പര്യാപതമാം വിധം എത്തിച്ച പത്രത്തിനും ഫോട്ടോ ഗ്രാഫർക്കും നന്ദി.. ഇത്‌ പോലെ എത്രയോ നേർക്കാഴ്ചകൾ നാം കണ്ടിരിക്കുന്നു. ഏതാനും നിമിഷ നേരത്തേക്ക്‌ അല്ലെങ്കിൽ ഒരു ദിനം , ഒരു ആഴ്ച.. അത്‌ നമ്മെ അസ്വസ്ഥമാക്കിയേക്കാം പിന്നെ അത്‌ നാം വിസമരിക്കുന്നു.

ആതിരയെന്ന (ഇമ്പമുള്ള പേരുകൾക്ക് ഇപ്പോൾ വിലക്കില്ലെന്നതിൽ കേരളിയന്‌ അഭിമാനം കൊള്ളാം ) ബാലികയുടെ കുടിലും കൂടി നാം കാണുക. എന്നിട്ട്‌ നമുക്ക്‌ ദൈവം നൽകിയ അനുഗ്രഹങ്ങൾ ഓർക്കുക. നമ്മുടെ മക്കളെയും മമ്മുടെ സുഖസൗകര്യങ്ങളുള്ള വീടിനെ ഓർക്കുക. പിന്നെ നമ്മുടെ തീർത്താൽ തീരാത്താ ആഗ്രഹങ്ങളെ /അത്യാഗ്രഹങ്ങളെ നിരത്തിവെക്കുക. എന്നിട്ടതിൽ നിന്ന് ആവശ്യങ്ങൾ മാറ്റി, അത്യാവശ്യങ്ങൾ മാറ്റി, അനാവശ്യങ്ങൾക്ക്‌ നാം എത്ര ചിലവഴിക്കുന്നുവേന്ന് ഒരു കണക്കെടുക്കുക (പ്രായസാമണെന്നറിയാം ) . പിന്നെ അനാവശ്യങ്ങളിൽ ചിലവിടുന്നതിന്റെ ഒരു ചെറിയ ഭാഗം നമുക്ക്‌ ചുറ്റിലുമുള്ള ഇത്തരം ആവശ്യക്കാരെ കണ്ടെത്തി അവർക്ക്‌ വേണ്ട പാർപ്പിടവും വസ്ത്രവും വിദ്യഭ്യാസവും നൽകാൻ തയ്യാറാവേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുക . അല്ലെങ്കിൽ നാളെ നാം നമുക്ക്‌ അനുഗ്രഹമായി കിട്ടിയ സമ്പത്തിനും സൗഭാഗ്യങ്ങൾക്കും ലോകരഷിതാവിന്റെ മുന്നിൽ മറുപടി പറയാനാവാതെ നിൽക്കേണ്ടിവരും എന്ന കാര്യം ഓർക്കുക.

നമ്മുടെ അയൽവാസിയുടെയും ആവശ്യക്കാരന്റെയും മതവും ജാതിയും രാഷ്ടീയവും നോക്കിയുള്ള സഹായങ്ങളേക്കാൾ അനുകമ്പാപൂർണ്ണമായ ഇടപെടലുകൾ നടത്താൻ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളും കൂട്ടായ്മകളും സംഘടനകളും തയ്യാറാവണമെന്ന് കൂടി ഉണർത്തട്ടെ.

സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിന്റെ ആദ്യ ഘട്ടം വളരെ ക്രിയാത്മകമായി ജന പങ്കാളിത്തത്തോടെ നടത്തിയത് സ്മരിയ്ക്കുന്നു. രണ്ടാം ഘട്ടം വെറും പ്രഹസനാമയി മാറി എന്നാണു തോന്നുന്നത്.ഇനിയുള്ള ഒരു യജ്ഞം ഈ ബാല്യങ്ങൾക്ക് ആദ്യം അന്നവും പിന്നെ അക്ഷരവും എത്തിക്കുന്നതിനാവട്ടെ. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾക്ക് ഈ കാര്യങ്ങൾ ശ്രദ്ധിയ്ക്കാൻ സമയമുണ്ടാവുമോ എന്തോ !

മരണപ്പെട്ടവരുടെ ജാതകം പരിശോധിച്ച് ഖബർ മാന്തി‌ ചർച്ചകളും സംവാദങ്ങളും നടത്തുന്ന സമയവും ഊർജ്ജവും മരിക്കാതെ മരിച്ചു ജീവിക്കുന്നവർക്കായി മാറ്റി വെക്കാം.

ആശംസകളോടെ

Related Posts with Thumbnails