Tuesday, April 29, 2008

സാറയുടെ ദാരുണ മരണം, റേഡിയോയിലെ ച്യൂയിംഗ്‌ ഗം പരസ്യവും- Sara

കഴിഞ്ഞ ദിവസം യു.എ.ഇ യില്‍ സാറ എന്ന മൂന്നു വയസ്സുകാരി തൊണ്ടയില്‍ ച്യൂയിംഗ്‌ ഗം കുരുങ്ങി മരണപ്പെട്ട വാര്‍ത്ത ഏറെ ദു:ഖത്തോടെയാണു ശ്രവിച്ചത്‌. മരണം അതിന്റെ സമയമാവുമ്പോള്‍ ഓരോ കാരണങ്ങളായി എത്തുന്നു വെന്ന് സമാധാനത്തിനു വേണ്ടി കണ്ടെത്താമെങ്കിലും മറ്റുള്ളവര്‍ക്ക്‌ പാഠമായിരിക്കേണ്ട കാര്യങ്ങള്‍ ശ്രദ്ധിയ്ക്കേണ്ടിയിരിക്കുന്നു.കുട്ടികള്‍ക്ക്‌ ഇത്തരത്തില്‍ അപകടമുണ്ടാക്കിയേക്കാവുന്ന സാധനങ്ങള്‍ വാങ്ങിക്കൊടുക്കുന്നത്‌ നിയന്ത്രിക്കണം. അത്‌ പോലെ മാധ്യമങ്ങള്‍ തെറ്റായ സന്ദേശത്തിലൂടെ കുട്ടികളെ ഇത്തരം സാധനങ്ങളുടെ ഉപ ഭോക്താക്കളാക്കി മാറ്റുന്നതില്‍ നിന്ന് കിട്ടുന്ന വരുമാനത്തില്‍ കണ്ണു വെച്ച്‌ അതിന്റെ പ്രചാരകരായി മാറരുത്‌ എന്ന അഭ്യര്‍ത്ഥന കൂടി വെക്കുന്നു.


ഈ സംഭവം കേട്ടപ്പോള്‍ ഓര്‍മ്മയില്‍ വന്നത്‌ ഏതാനും ദിവസം മുന്നെ യു.എ.ഇ യില്‍ നിന്ന് പ്രക്ഷേപണം ചെയ്യുന്ന ഒരു മലായാള റേഡിയോയിലെ ഒരു പരിപാടിയില്‍ മലയാലം പരയുന്ന ഒരു അവതാരക ചൂയിംഗ്‌ ഗം വിശേഷങ്ങള്‍ അവതരിപ്പിച്ചതാണ്‌. ചൂയിംഗ്‌ ഗം ഓര്‍മ്മ ശക്തി കൂട്ടുമെന്നും അല്‍ ശിമേള്‍സ്‌ രോഗം വരെ കുറക്കുമെന്നുമൊക്കെ തട്ടി വിടുന്നത്‌ കേട്ടു.. ഒരു അടിസ്ഥാനവുമില്ലാതെ (ഉണ്ടെന്ന് വല്ല ചൂയിംഗ്‌ ഗം കമ്പനിക്കരും ഗവേഷണം ചെയ്ത്‌ കണ്ടെത്തിയിട്ടുണ്ടോ എന്നറിയില്ല ) ഒരു വക കാര്യങ്ങള്‍ ഒരു പൊതു മാധ്യമത്തിലൂടെ വിളിച്ച്‌ പറയാന്‍ ഈ അവതാരകക്ക്‌ യാതൊരു മടിയുമില്ല .. ഇതൊക്കെ നിയന്ത്രിക്കാന്‍ ആ പ്രക്ഷേപണ നിലയത്തില്‍ കാര്യ ബോധമുള്ളവര്‍ ആരുമില്ലേ.. അതോ അവരും ചൂയിംഗ്‌ ഗം കഴിച്ച്‌ ഓര്‍മ്മ കൂട്ടുന്ന തിരക്കിലാണോ ആവോ ?


ഈ റേഡിയോ പരസ്യം കേട്ടിട്ടാവില്ല സാറ എന്ന മൂന്നു വയസ്സുകാരി ച്യൂയിംഗ്‌ ഗം കഴിച്ചതെങ്കിലും, തെറ്റായ സന്ദേശം നല്‍കുന്ന ഇത്തരം പരിപാടികളില്‍ നിന്ന് മാധ്യമങ്ങള്‍ ,(പ്രത്യേകിച്ച്‌ റേഡിയോ - ടെലിവിഷന്‍ ) കരുതല്‍ പാലിക്കേണ്ടിയിരിക്കുന്നു..

ഈ ലിങ്ക് കൂടി

Saturday, April 26, 2008

അന്യന്റെ മുതല്‍ ആഗ്രഹിക്കാത്ത മനുഷ്യര്‍

ഒരാളെ കുറിച്ച്‌ ശരിയായി അറിയണെമെങ്കില്‍ അവരുമായി സാമ്പത്തിക ഇടപാട്‌ നടത്തിനോക്കണമെന്ന് മഹത്‌ വചനം. എത്ര മാന്യനായ (നമുക്ക്‌ തോന്നുന്ന ) ,സത്യവാനായ ( പുറമെ തോന്നുന്ന ) ആളാണെങ്കിലും കാശ്‌ കയ്യില്‍ കിട്ടിയാല്‍ അല്ലെങ്കില്‍ കിട്ടാനുള്ള ചാന്‍സ്‌ ഉണ്ടായാല്‍ ശരിയായ സ്വഭാവം ഉയിര്‍ത്തെഴുന്നേല്‍ക്കും. ഏത്‌ മാര്‍ഗമുപയോഗിച്ചും പണമുണ്ടാക്കുക.. സ്വന്തം പെറ്റമ്മയെ കൊന്നിട്ടാണെങ്കിലും പോക്കറ്റ്‌ മണി കണ്ടെത്തുന്ന ഈ കാലത്തും നന്മയുടെ നുറുങ്ങുവെട്ടം മനസ്സില്‍ സൂക്ഷിക്കുന്ന, അന്യന്റെ മുതല്‍ ആഗ്രഹിക്കാത്ത മനുഷ്യര്‍ ഉണ്ടെന്ന് അനുഭവപ്പെടുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നു.. അത്തരത്തില്‍ മനസ്സിനെ സന്തോഷിപ്പിച്ച ഒരു സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി.

അബൂബക്കര്‍ ഓമച്ചപ്പുഴ എന്ന സുഹ്യത്തിന്റെ ലേബര്‍ കാര്‍ഡും , ഡ്രൈവിംഗ്‌ ലൈസന്‍സും, ടെലിഫോണ്‍ ഡയറിയും, രണ്ടായിരത്തോളം ദിര്‍ഹവും അടങ്ങുന്ന പേള്‍സ്‌ ഒരു പരിപാടിയില്‍ പങ്കെടുത്ത്‌ തിരികെ റൂമിലെത്തിയപ്പോഴാണു നഷ്ടമായത്‌ അറിയുന്നത്‌.. അദ്ധേഹം പോയ സ്ഥലങ്ങളിലും കയറിയ കടകളിലും എല്ലാം അപ്പോള്‍ തന്നെ തിരിച്ച്‌ പോയി തിരഞ്ഞെങ്കിലും ഒരു രക്ഷയുമുണ്ടായില്ല..നഷ്ടപ്പെട്ട വിവരം ഏഷ്യാനെറ്റ്‌ റേഡിയോയിലും മറ്റും അറിയിക്കുകയും ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ നല്ല ബുദ്ധി തോന്നി തിരിച്ചേല്‍പിക്കാനും പ്രാര്‍ത്ഥിക്കുകയല്ലാതെ വേറെ എന്താണു വഴി..

പിറ്റെ ദിവസം പോലീസ്‌ സ്റ്റേഷനിലും വിവരം അറിയിച്ചു. ദിവസങ്ങള്‍ നീങ്ങി.. ഒരു വിളിയും ഇല്ല.. വിവരവും ഇല്ല.. വരുന്ന ഏഴാം തിയ്യതി നാട്ടിലേക്ക്‌ പോകാനുള്ള തയ്യാറെടുപ്പിലുമായിരുന്നു അദ്ധേഹം. ലൈസന്‍സിംഗ്‌ ഡിപ്പാര്‍ട്ട്മെന്റില്‍ പോയി 300 ദിര്‍ഹം കൊടുത്ത്‌ പുതിയ ലൈസന്‍സ്‌ വാങ്ങി. ഒരാഴ്ച പിന്നിടുന്നു. പ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങിയ ഒരു വൈകുന്നേരം .. കഴിഞ്ഞ വ്യാഴാഴ്ച അതാ വരുന്നു.. ഒരു ഫോണ്‍.... നഷ്ടമായ സാധനങ്ങള്‍ എനിയ്ക്ക്‌ കിട്ടിയിട്ടുണ്ട്‌.. കിട്ടിയ അന്നു മുതല്‍ ഈ ഡയറിയില്‍ എഴുതിയിട്ടുള്ള നമ്പറില്‍ വിളിക്കുകയാണു.. പക്ഷെ സ്വിച്ച ഓഫ്‌ മെസ്സേജാണു കിട്ടുന്നത്‌.. ഞാന്‍ ഇപ്പോള്‍ ഡ്യൂട്ടിയിലാണു വൈകിട്ട്‌ വന്നാല്‍ സാധനങ്ങള്‍ തരാം.. രവിയാണു വിളിക്കുന്നതെന്നു പറഞ്ഞു.. ടെലിഫോണ്‍ നമ്പറും കൊടുത്തു. വൈകിട്ട്‌ അദ്ധേഹം പറഞ്ഞ സ്ഥലത്ത്‌ അബൂബക്കറും സുഹ്യത്തുക്കളും കൂടി പോയി രവിയെ കണ്ടു.. രവി.. തമിള്‍ നാട്ടുകാരനാണു.. ഇവിടെ ഒരു സെക്യൂരിറ്റി കമ്പനിയില്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്യുന്നു. അദ്ധേഹത്തിനു പേള്‍സും മറ്റും യു.എ.ഇ എക്സേഞ്ചിനു സമീപത്തു നിന്നു പേള്‍സ്‌ നഷ്ടപ്പെട്ടതിന്റെ പിറ്റെ ദിവസമാണു കിട്ടിയത്‌. കിട്ടിയ അന്നു മുതല്‍ ട്രൈ ചെയ്യുന്നുണ്ടെങ്കിലും എന്തുകൊണ്ടോ ലൈന്‍ കിട്ടിയില്ല.. ഒന്നും നഷ്ടമായിരുന്നില്ല.. രവിയുടെ വാക്കുകള്‍.. എനിയ്ക്ക്‌ ഈശ്വരന്‍ നല്ല ജോലിയും തരക്കേടില്ലാത്ത ശമ്പളവും തന്നിട്ടുണ്ട്‌.. ഇനി ഇല്ലെങ്കില്‍ തന്നെ മറ്റുള്ളവരുടെ മനസ്സിനെ വേദനിപ്പിച്ചുള്ള സമ്പാദ്യം വേണ്ട.. മേലേയുള്ളവനോട്‌ ( ഈശ്വരനോട്‌ ) മറുപടി പറയണം ഞാന്‍. നന്ദിപ്രകടനമായി അദ്ധേഹത്തിനു ഒരു കവറില്‍ ഇട്ടു കൊടുത്ത പൈസ തിരിച്ച്‌ കൊടുത്ത്‌ രവി വീണ്ടും പറഞ്ഞു. ഇത്‌ ഞാന്‍ വാങ്ങിയാല്‍ പിന്നെ നിങ്ങളുടെ സാധനങ്ങള്‍ ഞാന്‍ തിരിച്ചു നല്‍കിയതിന്റെ വില പോവും .. അതിനാല്‍ എനിക്കൊതൊന്നും വേണ്ട.. നിങ്ങള്‍ എനിക്കായി പ്രാര്‍ത്ഥിച്ചാല്‍ മതി..

നല്ല നിമിഷങ്ങള്‍.. ഒരു സത്യ സന്തനായ.. അന്യന്റെ മുതല്‍ ആഗ്രഹിക്കാത്ത മനുഷ്യനെ കണ്ടുമുട്ടിയതിന്റെ ആഹ്ലാദം പങ്കുവെക്കാനായിരുന്നു തന്റെ നഷ്ടപ്പെട്ട്‌ സാധനങ്ങള്‍ തിരിച്ചു കിട്ടിയതിലുള്ള സന്തോഷം പങ്കു വെക്കുന്നതിനേക്കാള്‍ താത്പര്യം അബൂബക്കര്‍ ഓമച്ചപ്പുഴയ്ക്കും അദ്ധേഹത്തിന്റെ കൂടെ ശ്രീ രവി ചന്ദ്രനെ കാണാന്‍ പോയ മറ്റുള്ളവര്‍ ക്കും ഉണ്ടായിരുന്നത്‌.

എങ്ങിനെയാണു പേഴ്സ്‌ യു.എ.ഇ എക്സേഞ്ചിന്റെ പരിസരത്ത്‌ എത്തിപ്പെട്ടതെന്ന ദുരൂഹത അവശേഷിക്കുന്നു.

Wednesday, April 23, 2008

സായ്പ്പ്‌, അറബി & മലയാളി

എല്ലാവരും ഉറങ്ങിയിരിക്കുന്നു.. എനിയ്ക്ക്‌ ഉറക്കം വരുന്നില്ല.. കട്ടിലില്‍ നിന്നെഴുന്നേറ്റ്‌ മേശപ്പുറത്ത്‌ വെച്ചിരുന്ന വെള്ളത്തിന്റെ ബോട്ടില്‍ നോക്കി.. അത്‌ അവിടെ തന്നെയുണ്ട്‌.. പക്ഷെ ഒരു തുള്ളി വെള്ളമില്ല.. ബോട്ടിലുമെടുത്ത്‌ ഉറങ്ങുന്നവരെ ഉണര്‍ത്താതെ മെല്ലെ അടുക്കളയില്‍ ചെന്ന് വെള്ളത്തിന്റെ ബോട്ടിലില്‍ നിന്ന് വെള്ള മെടുത്ത്‌ കുടിച്ചു.. ബാല്‍ക്കണിയില്‍ പോയി ഒന്നു പുറം കാഴ്ച കാണാമെന്ന് ഒരു ഉള്‍വിളി.. പുറത്തേക്ക്‌ നോക്കിയപ്പോള്‍ കണ്ട കാഴ്ച..

ഞാന്‍ ഉറങ്ങാന്‍ കിടക്കുന്നത്‌ വരെ വാഹനങ്ങള്‍ ചീറിപ്പാഞ്ഞു പോയിരുന്ന റോഡ്‌ കാണുന്നില്ല.. സര്‍വ്വത്ര വെള്ളം.. നെഞ്ചില്‍ ഒരു ഇടിമിന്നല്‍.. എല്ലാം ഇവിടെ അവസാനിക്കുകയാണോ ? എന്താണു സംഭവിച്ചതെന്ന് അറിയാനുള്ള ആകാംക്ഷയില്‍ സൂക്ഷിച്ച്‌ നോക്കി.. തെളിഞ്ഞു കത്തുന്ന സ്റ്റ്രീറ്റ്‌ ലൈറ്റിന്റെ വെളിച്ചത്തില്‍ ഒരു ചെറിയ വഞ്ചി ഞങ്ങളുടെ ബില്‍ഡിംഗിന്റെ അരികിലായി നിറുത്തിയിട്ടിരിക്കുന്നത്‌ കണ്ടു.. ആരുടെയൊക്കെയൊ സംസാരം കേള്‍ക്കാനുണ്ട്‌.. ഞാന്‍ ബാല്‍ക്കണിയുടെ അറ്റത്ത്‌ നിന്ന് ശ്രദ്ധിച്ചു.. വഞ്ചിയില്‍ മൂന്ന് പേരുണ്ട്‌.. ഒരാള്‍ സൂട്ടും കോട്ടും ടൈയുമൊക്കെ ധരിച്ച്‌ ഒരു ജോര്‍ജ്‌ ബുഷ്‌ സ്റ്റൈല്‍, മറ്റൊരാള്‍ ഒരു ലുങ്കിയും ഷര്‍ട്ടും അണിഞ്ഞ മല്ലു സ്റ്റൈല്‍, മൂന്നാമത്തെയാള്‍ അറബി വേഷത്തിലുമാണ്‌. എന്തോ കാര്യമായ ചര്‍ച്ചയാണെന്ന് തോന്നിയത്‌ കൊണ്ട്‌ എന്താണിവര്‍ പറയുന്നതെന്ന് കേള്‍ക്കാന്‍ കാത്‌ കൂര്‍പ്പിച്ചു.

തങ്ങളുടെ നാട്ടിന്റെ കേമത്തരങ്ങളാണു എല്ലാവരും പറയുന്നത്‌.. ആനയുണ്ട്‌ , മയിലുണ്ട്‌, ഒട്ടകമുണ്ട്‌.. ആനമയിലൊട്ടകണ്ട്‌.. എന്നിങ്ങനെ ഒോരോരുത്തരും കത്തിച്ചു വിടുന്നുണ്ട്‌.. പെട്ടെന്ന് നമ്മുടെ സായ്പ്പ്‌ തന്റെ ബാഗ്‌ തുറന്ന് ഒരു ലാപ്റ്റോപ്‌ കമ്പ്യൂട്ടര്‍ എടുത്ത്‌ വെള്ളത്തിലേക്കിട്ടു.. മറ്റുള്ളവര്‍ അത്ഭുതത്തോടെ നോക്കിയിരുന്നു.. സായ്പ്പ്‌ പറയുകയാണു... ഡോണ്ട്‌ വറി.. ഞങ്ങള്‍ ഒരു ആഴ്ചയേ ഇത്‌ ഉപയോഗിക്കാറുള്ളൂ .. പിന്നെ പുതിയത്‌ വാങ്ങാറാണു പതിവ്‌... ഉടനെ തന്നെ ലുങ്കി മല്ലു തന്റെ ബാഗില്‍ നിന്ന് നാലഞ്ചു തേങ്ങ യെടുത്ത്‌ ആ വെള്ളത്തിലെക്ക്‌ ബ്ലും ബ്ലും ... എന്നിട്ട്‌ സായ്പ്പിനോടും അറബിയോടുമായി പറഞ്ഞു.. ഇത്‌ ഞങ്ങളുടെ നാട്ടില്‍ കുറേയധികമുണ്ട്‌.. ഞങ്ങള്‍ക്കിതിനു യാതൊരു വിലയുമില്ല.. വിലയും കിട്ടുന്നുമില്ല അത്‌ കൊണ്ട്‌ കുറച്ച്‌ ഈ വെള്ളത്തില്‍ കിടന്ന് മുളച്ച്‌ വളരട്ടെ ...ഉപകാരമാവും..അറബി എന്തു ചെയ്യുമെന്ന് കാണാന്‍ ആകാംക്ഷയായി.. ഈത്തപ്പഴമോ , ഒട്ടകപ്പാലോ എടുത്ത്‌ കളയുമെന്ന് കരുതി ഇരുന്ന ഞാന്‍ കണ്ട കാഴ്ച.. അറബി നമ്മുടെ മലയാളിയെ പൊക്കിയെടുത്ത്‌ വെള്ളത്തിലെക്ക്‌ ഇടുന്നതാണു.. അന്തം വിട്ട സായ്പ്പിനോട്‌ .. മാഫി മുഷ്കില്‍ .. ഇത്‌ പോലുള്ളത്‌ ഞങ്ങടെ നാട്ടില്‍ ഒരുപാടുണ്ട്‌.. തേരാ പാര (അറബിയില്‍ അല്‍ തേരാ വല്‍ പാരാ എന്നു പറയും ) എന്ന് പറഞ്ഞ്‌ അറബി ഒന്നും സംഭവിക്കാത്ത മട്ടില്‍ സുലൈമാനി കുടിയ്ക്കാന്‍ ആരംഭിച്ചു.

ഞെട്ടി പുറകോട്ട്‌ മാറിയ എന്റെ തല കട്ടിലിലിന്റെ അടുത്ത്‌ ഇട്ടിട്ടുള്ള മേശയില്‍ ഇടിച്ചു.. എന്റുമ്മാ.. അറിയാതെ വിളിച്ചുപോയി.. ഹെന്താണ്ടാ.. പറ്റീത്‌ ? ഹമീദ്ക്കയാണു ..അടുത്ത കട്ടിലില്‍ നിന്ന്.. ഹേയ്‌.. ഒന്നൂല്ല്യ.. ഞാന്‍ പതുക്കെ പുതപ്പിനുള്ളിലേക്ക്‌ വലിഞ്ഞു.... പാവം മലയാളിയുടെ കാര്യമായിരുന്നു എന്റ്‌ തല വേദനിച്ചതിനെക്കാള്‍ എന്റെ ചിന്തയില്‍ തേങ്ങാക്കുലപോലെ തൂങ്ങി നിന്നത്‌..

ഇത്രയും സഹിച്ചതിനു നന്ദി..കട /കഥപ്പാട്‌ : കെ.കെ.എം.എസ്

Wednesday, April 9, 2008

നിരീക്ഷണം

ഗള്‍ഫ്‌ മലയാളികളുടെ പ്രശ്നങ്ങളില്‍ ക്രിയാത്‌ മകമായി ഇടപെടുകയും പരിഹാരം കാണാന്‍ ശ്രമിക്കുകയും തങ്ങളുടെ സമ്പത്തും സ്വാധീനവും അതിനായി വിനിയോഗിക്കുകയും ചെയ്യുന്ന നിരവധി വ്യവസായ പ്രമുഖര്‍ മലയാളികള്‍ക്ക്‌ എന്നും അഭിമാനമാണ്‌. അത്തരക്കാരില്‍ എന്നും മുന്നില്‍ തന്നെയാണു പത്‌ മശ്രീ എം.എ.യൂസുഫലി സാഹിബ്‌ ‌. ഇപ്പോള്‍ വിലക്കയറ്റം മൂലം കഷ്ടത്തിലായ സാധാരണക്കാരായ ബഹുഭൂരിഭാഗം വരുന്ന പ്രവാസിമലയാളികള്‍ക്ക്‌ വളരെ ആശ്വാസമേകുന്ന രീതിയില്‍ യു.എ.ഇ ഗവണ്‍ മെന്റുമയി സഹകരിച്ച്‌ ഭക്ഷ്യ വസ്തുക്കള്‍ 2007 ലെ വിലയ്ക്ക്‌ നല്‍കുമെന്ന്‌ തീരുമാനിച്ചതിലൂടെ തന്റെ സാമൂഹ്യ ബാധ്യത അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റിയിരിക്കുകയാണ്‌. കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈ നായിഫ്‌ സൂഖിലുണ്ടായ വന്‍ തീപിടുത്തത്തില്‍ എല്ലാം നഷ്ടമായവര്‍ക്ക്‌ സ്വാന്തനമായും യൂസുഫലി സാഹിബ്‌ അവിടെയെത്തി വന്‍ തുക നല്‍ കുകയുണ്ടായി.
ഈ വിഷയത്തില്‍ അദ്ധേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ സിറാജ്‌ ദിനപത്രത്തിന്റെ ദുബൈ എഡിഷനില്‍ 7-04-08 നു ചീഫ്‌ എഡിറ്റര്‍ നിസാര്‍ സൈദിന്റെ നിരീക്ഷണം എന്ന കോളത്തില്‍ പ്രകീര്‍ത്തിച്ചത്‌ അവസരോചിതമായി. സമൂഹ മനസാക്ഷിയെ തൊട്ടുണര്‍ത്തുന്ന രീതിയിലുള്ളതാണു സിറാജിന്റെ മിക്ക നിരീക്ഷണങ്ങളും. 7-04-08 ന്റെ മുത്ത്‌ എന്ന തലക്കെട്ടോടു കൂടിയ നിരീക്ഷണത്തില്‍ .. റേഷന്‍ കാര്‍ഡിലെ പേരും, വോട്ടവകാശവും തുടങ്ങി ഗള്‍ഫ്‌ മലയാളികളുടെ വലിയ വലിയ കാര്യങ്ങളായി /മോഹങ്ങളായി പരിഹാസ രൂപത്തില്‍ വിവരിച്ചതില്‍ വിമാന ടിക്കറ്റ്‌ നിരക്കിന്റെ കാര്യവും ഉള്‍പ്പെടുത്തിയതിനോട്‌ വിയോജിക്കുന്നു. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ കാലങ്ങളായി തുടരുന്ന പകല്‍ കൊള്ളയും പ്രത്യേകിച്ച്‌ ദക്ഷിണേന്ത്യക്കാരോട്‌ കാണിക്കുന്ന അവഗണനയും അവഞ്ജയും അവസാനിപ്പിക്കുക എന്നത്‌ പ്രവാസി മലയാളിയെ സംബന്ധിച്ചിടത്തോളം ഇന്നു വലിയ മോഹങ്ങളായി തന്നെ നിലനില്‍ക്കുന്നു. പാര്‍ലമന്റ്‌ മെമ്പര്‍ക്ക്‌ നേരിട്ട അപമാനത്തിന്റെ അടുത്ത ദിവസത്തെ സംഭവം ഇതിനോട്‌ കൂട്ടി വായിക്കുക. എം.പി.യ്ക്കും എം.എല്‍.എ ക്കും ഇതാണു സ്ഥിതിയെങ്കില്‍ സാധാരണക്കാരന്റെ ഗതി ഊഹിക്കാവുന്നതേയുള്ളൂ..
ഉത്തരേന്ത്യന്‍ ലോബിയുടെ അഹങ്കാരത്തിനും ചട്ടമ്പി സ്വഭാവത്തിനും കൂച്ചു വിലങ്ങിടുകയെന്നത്‌ നാം വിചാരിച്ചാല്‍ നടക്കുന്നതാണെങ്കിലും , കാക്കത്തൊള്ളായിരം സംഘടനകള്‍ ഈ കാര്യത്തില്‍ ഒരു സമവായത്തിലെത്തുക എന്നതായിരിക്കും ഏറ്റവും വലിയ കീറാമുട്ടിയായി വരുന്നത്‌.

Related Posts with Thumbnails